കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -5

//കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -5
//കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -5
ആനുകാലികം

കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -5

സൂക്ഷ്മജീവികളുമായുള്ള സഹവർത്തിത്തം

കോവിഡ് 19നെതിരെ മൂലകോശ ചികിത്സ വികസിപ്പിച്ചതായി അബുദാബിയിൽ നിന്നുള്ള വാർത്തയാണ് കോവിഡ് രോഗവിഷയത്തിലെ സന്തോഷം നൽകുന്ന ഏറ്റവും പുതിയ വിവരം. രോഗികളുടെ രക്തത്തില്‍ നിന്നും മൂലകോശം വേര്‍തിരിച്ച് അതില്‍ പരീക്ഷണം നടത്തി വീണ്ടും രോഗിയുടെ ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന ചികിത്സാ രീതിയാണ് സ്റ്റം സെൽ ചികിത്സ(stem cell therapy).

മൂലകോശ ചികിത്സ വഴി പ്രതിരോധ ശേഷിയും ശ്വാസകോശ കോശങ്ങളുടെ കേടുപാടുകളും പരിഹരിക്കപ്പെടുമെന്ന് തങ്ങൾ കണ്ടെത്തിയിരിക്കുന്നുവെന്നാണ് അബുദാബി സ്റ്റെം സെല്‍ സെന്ററിലെ ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഈ ചികിത്സ വഴി 73 പേര്‍ക്ക് രോഗം ഭേദമായതായി അവകാശപ്പെട്ട യുഎഇ ഇതിനുള്ള പേറ്റന്റും നേടിയിട്ടുണ്ടെന്നാണ് വാർത്ത. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് പകരം മൂലകോശമാറ്റശസ്ത്രക്രിയയുണ്ടാവുമെന്ന് പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സ്റ്റം സെല്ലുകളുപയോഗിച്ചുകൊണ്ടുള്ള ചികിത്സക്ക് വൈറസ് ബാധയെ ചികിൽസിക്കാൻ കഴിയുമെന്ന് കണ്ടെത്തുന്നത്. ഇത് ശരിയായണെങ്കിൽ നമ്മുടെ ശരീരത്തിന്റെ സമസ്ഥിതിയെ സമർത്ഥമായി ഉപയോഗിച്ചാൽ ഒരുവിധം എല്ലാ രോഗങ്ങൾക്കുമുള്ള പരിഹാരമാകുമെന്നാണ് അതിന്നർഥം.

സൂക്ഷ്മജീവികളുടെ അക്രമത്തിൽ നിന്ന് മനുഷ്യരെ രക്ഷിക്കാൻ സർവ്വശക്തനായ ദൈവം എന്ത് ചെയ്തുവെന്ന ചോദ്യത്തിനുള്ള അഞ്ചാമത്തെ ഉത്തരം നമ്മുടെ ശരീരത്തിന്റെ സമസ്ഥാപനം (homeostatis) സംരക്ഷിക്കുന്ന രീതിയിൽ സൂക്ഷ്മജീവികളെ മെരുക്കുകയും അവ നമുക്ക് രോഗമോ കുഴപ്പമോ ഉണ്ടാക്കാതിരിക്കുന്നതിനായി അവയും നമ്മുടെ ശരീരവും തമ്മിൽ ഒരു സഹജീവനം (symbiosis) സൃഷ്ടിക്കുകയും ചെയ്തുവെന്നതാണ്. നമ്മുടെ ശാരീരികവ്യവസ്ഥകളുടെ പാരസ്പര്യമായ സമസ്ഥാപനം നില നിൽക്കുന്നതുകൊണ്ടാണ് നമുക്ക് രോഗങ്ങളില്ലാത്തത്. അത് നിലനിർത്തുന്നതിൽ നമുക്കകത്തുള്ള സൂക്ഷ്മജീവികൾക്ക് പങ്കുണ്ട്. നമുക്കകത്തും പുറത്തുമുള്ള സൂക്ഷ്മജീവികളുമായി നമ്മുടെ ശരീരം സഹജീവനത്തിലാണ്. അത് കൊണ്ടാണ് അപകടകാരികൾ പോലും നമുക്ക് എപ്പോഴും രോഗങ്ങളുണ്ടാക്കാത്തത്. ഇവ രണ്ടും അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളാണ്. ഈ സംതുലനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ നാം എപ്പോഴും രോഗികളാവുമായിരുന്നു; അഥവാ ആരോഗ്യമില്ലാത്തവരായി ജീവിക്കേണ്ടി വരുമായിരുന്നു.

‘രോഗത്തിന്റേയോ വൈകല്യത്തിന്റേയോ അഭാവം മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹ്യവുമായ പൂർണമായ ക്ഷേമമാണ് ആരോഗ്യം’ എന്ന 61 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത 1946ലെ അന്താരാഷ്‌ട്ര ആരോഗ്യ സമ്മേളനം അംഗീകരിച്ച നിർവ്വചനമാണ് ലോകാരോഗ്യ സംഘടന അതിന്റെ ഭരണഘടനയുടെ ആമുഖത്തിൽ ആരോഗ്യത്തിനുള്ള നിർവ്വചനമായി നൽകിയിരിക്കുന്നത്. ആരോഗ്യമില്ലാതാവുന്ന വ്യത്യസ്തമായ അവസ്ഥകളിൽ ഒന്ന് മാത്രമാണ് രോഗം എന്നാണ് ഈ നിർവ്വചനം വ്യക്തമാക്കുന്നത്. “ശാരീരികപ്രവർത്തനങ്ങൾക്കുണ്ടാവുന്ന ക്ഷയമാണ്” പ്രഗൽഭ റോമൻ ഭിഷഗ്വരനായിരുന്ന ഗാലന്റെ വീക്ഷണത്തിൽ രോഗം. ശരീരിക പ്രശ്നങ്ങളാലുണ്ടാകുന്നത് (physiological), പരമ്പരാഗതമായുണ്ടാവുന്നത് (hereditary), പോഷകങ്ങളുടെ അപര്യാപ്തത മൂലമുണ്ടാകുന്നത് (deficiency), അണുബാധമൂലമുണ്ടാകുന്നത് (infectious) എന്നിങ്ങനെ അടിസ്ഥാനപരമായി നാല് തരം രോഗങ്ങളാണുള്ളത്. പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ മൂലമുണ്ടാവുന്ന പ്രമേഹം ഒന്നാമത്തെ വിഭാഗത്തിനും മൈറ്റോകോൺഡ്രിയൽ ജീനുകളിലൂടെ കൈമാറുന്ന മെലാസ് സിൻഡ്രോം രണ്ടാമത്തെ വിഭാഗത്തിനും അയോഡിന്റെ കുറവുകൊണ്ടുണ്ടാവുന്ന ഗോയ്റ്റർ മൂന്നാമത്തെ വിഭാഗത്തിനും ഇപ്പോൾ ചർച്ച ചെയ്യുന്ന വൈറസ് ബാധകൊണ്ടുണ്ടാവുന്ന കോവിഡ്19 നാലാമത്തെ വിഭാഗത്തിനുമുള്ള ഉദാഹരണങ്ങളാണ്.

രണ്ട് തരം സംതുലനങ്ങളാണ് നമ്മുടെ ശരീരത്തെ സുസ്ഥിതിയോട് കൂടി നില നിർത്തുന്നതിനായി സർവ്വശക്തൻ സംവിധാനിച്ചിരിക്കുന്നത്. ഒന്ന് നമ്മുടെ ശാരീരിക വ്യവസ്ഥിതികൾ തമ്മിലുള്ള സംതുലനമാണ്. സമസ്ഥാപനം (homeostasis) എന്ന് നമുക്ക് അതിനെ വിളിക്കാം. സഹജീവനം (symbiosis) എന്ന് വിളിക്കുന്ന നമ്മളും മറ്റു ജൈവവസ്തുക്കളും തമ്മിലുള്ള സംതുലനമാണ് രണ്ടാമത്തേത്. ഈ രണ്ട് സംതുലനങ്ങളും (equillibrium) കൃത്യമായി പാലിക്കപ്പെടുമ്പോഴാണ് ആരോഗ്യമുള്ളവരായി ജീവിക്കുക്കുവാൻ ഓരോരുത്തർക്കും കഴിയുക. അവയിലേതിലെങ്കിലും തകരാറുകൾ സംഭവിക്കുമ്പോഴാണ് നാം രോഗികളായിത്തീരുകയെന്ന് പറയാം.

കോടിക്കണക്കിന് കോശങ്ങൾ ഒരേ താളക്രമത്തിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ് നമ്മുടെ ശരീരം നിലനിൽക്കുന്നത്. വ്യത്യസ്തമായ അവയവങ്ങളിലുള്ള കോശങ്ങൾ നിർവ്വഹിക്കുന്ന ദൗത്യങ്ങൾ വ്യസ്ത്യസ്തമാണെങ്കിലും അവയുടെയെല്ലാം ഘടനയൊന്നാണ്; അവയ്ക്കാവശ്യമായ പ്രവർത്തന സാഹചര്യം സമാനമാണ്. ശരീരത്തിനകത്ത് മാറ്റമില്ലാത്ത ചുറ്റുപാടുകൾ ഉണ്ടെങ്കിൽ മാത്രമേ അവയ്ക്ക് പാരസ്പര്യത്തോടെ പണിയെടുക്കാൻ കഴിയൂ. പുറത്തെ സാഹചര്യം എന്ത് തന്നെയായിരുന്നാലും ശരീരത്തിനകം മാറ്റമില്ലാതെ സംരക്ഷിക്കുന്നതിനാണ് സമസ്ഥാപനം എന്ന് പറയുക. ഒരുദാഹരണം: ശരീരത്തിന്റെ താപനില 37 ഡിഗ്രി സെൽസ്യസ് (98.6 ഡിഗ്രി ഫാരൻഹീറ്റ്‌) ആണ്. വ്യക്തിപരമായ വ്യത്യാസത്തിനനുസരിച്ച് ഇതിൽ നിന്ന് അര ഡിഗ്രി സെൽഷ്യസ് കൂടുകയോ കുറയുകയോ ചെയ്യാം. അതിനേക്കാൾ കൂടിയാലും കുറഞ്ഞാലും ശരീരത്തിന്റെ ഉപാപചയപ്രവർത്തനങ്ങളെ മാരകമായി ബാധിക്കും. 35 ഡിഗ്രിയെക്കാൾ കുറയുകയോ 41.7 ഡിഗ്രിയെക്കാൾ കൂടുകയോ ചെയ്‌താൽ മരണം വരെ സംഭവിക്കാം. അതില്ലാതിരിക്കാൻ ശരീരത്തിലെ വ്യത്യസ്ത വ്യവസ്ഥകൾ പരസ്പരസഹകരണത്തോടെ പ്രവർത്തിക്കുന്നു. അങ്ങനെ ശരീരത്തിന്നുണ്ടാവേണ്ട ചൂട് സ്ഥിരമായി നിലനിർത്തുന്ന പ്രക്രിയകൾ സമസ്ഥാപനത്തിനുള്ള ഒരു ഉദാഹരണമാണ്. ചൂട് കാലത്ത് ശരീരം വിയർക്കുന്നതും തണുപ്പ് കാലത്ത് ശരീരം വിറയ്ക്കുന്നതുമെല്ലാം സമസ്ഥാപനപ്രകാരമുള്ള ശരീരത്തിന്റെ പ്രതികരണങ്ങളാണ്. വലിയ മാറ്റമില്ലാതെ നിലനിർത്തേണ്ട രക്തത്തിലെ സോഡിയം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ വ്യത്യസ്ത അയോണുകളുടെ സാന്ദ്രത, കോശബാഹ്യസ്രവങ്ങളുടെ pH മൂല്യം, പഞ്ചസാരയുടെ അളവ് എന്നിവയെല്ലാം പ്രത്യേകമായ തോതിൽ ശരീരത്തിൽ നില നിൽക്കുന്നത് സമസ്ഥാപനം വഴിയാണ് എന്ന് പറയാം.

പുറത്തെ സാഹചര്യമാറ്റങ്ങളെകുറിച്ച വിവരങ്ങളെ കൈപ്പറ്റുന്ന സ്വീകാരി (receptor)യും അത് നൽകുന്ന വിവരങ്ങൾക്കനുസരിച്ച് എങ്ങനെയാവണം സമസ്ഥാപനം നിർവ്വഹിക്കേണ്ടതെന്ന് തീരുമാനിക്കുന്ന നിയന്ത്രണകേന്ദ്ര (control center)വും അതിന്റെ നിർദേശങ്ങൾക്കനുസരിച്ച് ഉണ്ടാക്കേണ്ട മാറ്റങ്ങൾ വരുത്തുന്ന പ്രായോജകനു(effector)മെന്ന മൂന്ന് ഘടകങ്ങളാണ് സമസ്ഥാപനത്തിനുണ്ടാവുക. നേരത്തെ പറഞ്ഞ ഊഷ്മക്രമീകരണത്തിന്റെ കാര്യമെടുക്കുക. അന്തരീക്ഷോഷ്മാവിൽ സാരമായ വ്യതിയാനമുണ്ടാവുമ്പോൾ നമ്മുടെ ത്വക്കിലെ ഊഷ്മസ്വീകാരികൾ(സ്വീകാരി) മസ്തിഷ്കത്തിലെ ഊഷ്മക്രമീകരണത്തിനുള്ള കേന്ദ്രത്തിൽ(നിയന്ത്രണ കേന്ദ്രം) വിവരമെത്തിക്കുന്നു. അത് ത്വക്കിലെ രക്തധമനികൾക്കും സ്വേദഗ്രന്ഥികൾക്കും(പ്രായോജകർ) നിർദേശം നൽകുന്നു. കിട്ടുന്ന നിർദേശപ്രകാരം അവ പ്രവർത്തിക്കുമ്പോൾ വിയർപ്പ് ഉത്പാദിപ്പിക്കപ്പെടുകയും ശരീരം തണുക്കുകയും ചെയ്യുന്നു. ചൂട് കൂടുന്നുവെന്ന ഉദ്ദീപന(stimulus)ത്തിന് വിരുദ്ധമായ പ്രതികരണ(negative feedback)മാണ് പ്രായോജകനായ സ്വേദഗ്രന്ഥികൾ നൽകുന്നത്. ചൂട് കുറയുന്നുവെന്ന ഉദ്ദീപനത്തിന് വിരുദ്ധമായ പ്രതികരണം പ്രയോജകരായ രക്തധമനികൾ നൽകുമ്പോഴാണ് ശരീരം വിറക്കുന്നത്. ഇത്തരം വിരുദ്ധപ്രതികരണവളയങ്ങളാണ് (negative feedback loops) ശരീരത്തിന്റെ സമസ്ഥാപനം നിലനിർത്തുന്നത്. രക്തം കട്ടപിടിക്കലിനെയും പ്രസവത്തെയും പോലെയുള്ള വളരെ പരിമിതമായ സന്ദർഭങ്ങളിൽ മാത്രമേ അനുകൂലപ്രതികരണവളയങ്ങൾ (positive feedback loops) സമസ്ഥാപനത്തിന് ഉപകാരപ്പെടുകയുള്ളൂ. നാഡീവ്യവസ്ഥയും അന്തസ്രാവവ്യവസ്ഥയുമാണ് സമസ്ഥാപനത്തിൽ നേരിട്ട് പങ്കെടുക്കുന്നതെങ്കിലും ശരീരത്തിലെ വ്യവസ്ഥകളെല്ലാം ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ അതിൽ ഭാഗഭാക്കാവുന്നുണ്ട്. അവയിലെല്ലാമുള്ള സൂക്ഷ്മജീവികൾക്കും സമസ്ഥാപനത്തിൽ അവയോടെതായ ഭാഗധേയങ്ങളുണ്ട്.

ശരീരത്തിന്റെ സമസ്ഥാപനം തകരാറിലാകുമ്പോഴാണ് രോഗമുണ്ടാവുന്നത് എന്ന് പറയാം. അങ്ങനെ തകരാറിലാവുന്നതിന്റെ പല കാരണങ്ങളിലൊന്ന് മാത്രമാണ് രോഗാണുക്കളുടെ ആക്രമണം. ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്തത് കൊണ്ടാവാം ചിലപ്പോൾ സമസ്ഥാപനം തകരാറിലാകുന്നത്. ആന്തരികമോ ബാഹ്യമോ ആയ അവയവങ്ങൾക്ക് സംഭവിക്കുന്ന തകരാറുകൾ കാരണമാവാം മറ്റു ചിലപ്പോൾ. പാരമ്പര്യമായി ലഭിച്ച ജീനുകളിലെ പ്രശ്നങ്ങൾ സമസ്ഥാപനത്തെ തകരാറിലാക്കുന്നത് വഴിയുണ്ടാവുന്ന രോഗങ്ങളുമുണ്ട്.

അതിക്രമകാരികളായി നാം കരുതുന്ന സൂക്ഷ്മജീവിലോകത്തെ അംഗങ്ങളിൽ പലരും നമ്മുടെയുള്ളിൽ ജീവിക്കുന്നവയാണ്; പുറത്തുള്ളവയാകട്ടെ, നമ്മെ ശല്യം ചെയ്യാതെ അടങ്ങിയൊതുങ്ങി ജീവിക്കുന്നവയും അവയ്ക്കായി നിശ്ചയിക്കപ്പെട്ട ഉപകാരങ്ങൾ നമുക്ക് ചെയ്യുന്നവയുമാണ്. എന്നിട്ടും എന്തുകൊണ്ടാണ് അവ ചിലപ്പോൾ അപകടകാരികളായിത്തീരുന്നത്. ഈ ചോദ്യത്തിനുള്ള ഉത്തരം അവയും നാമും തമ്മിലുള്ള സഹജീവന(symbiosis)ത്തിന് കുഴപ്പമുണ്ടാവുന്നതുകൊണ്ട് എന്നാണ്.

എന്താണ് സഹജീവനം? ഏകനായ അല്ലാഹു ഒന്നിനെയും ഏകമായി പടച്ചിട്ടില്ല. എല്ലാം പലരൂപത്തിൽ ബഹുത്വമുൾക്കൊള്ളുന്നവയാണ്. ആരുടെയും ആശ്രയമാവശ്യമില്ലാത്തവനായ അവൻ സൃഷ്ടിച്ചവയെല്ലാം ഒന്ന് ഒന്നിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഭൂമിയിലെ ജീവജാലങ്ങളെല്ലാം പരസ്പരം ആശ്രയിച്ചാണ് നിലനിൽക്കുന്നത്. രണ്ട് ജൈവരൂപങ്ങളുടെ പരസ്പരാശ്രിതത്വത്തെയാണ് സഹജീവനം(symbiosis) എന്ന് പറയുന്നത്. ഒരു ജീവിക്കും ഞാൻ മാത്രം മതി എന്ന് കരുതാൻ കഴിയാത്ത രൂപത്തിൽ ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനായ പടച്ചവൻ ഈ ഭൂമിയിൽ സംവിധാനിച്ചതാണ് സഹജീവനം എന്ന് പറയുന്നതാവും ശരി.

സൗരയൂഥത്തിൽ ഒരൊറ്റ ഊർജസ്രോതസ്സ് മാത്രമേയുള്ളൂ. സൂര്യനാണത്. ഭൂമിയിലെ ജീവജാലങ്ങളെല്ലാം അവയുടെ ഉപാപചയപ്രവർത്തങ്ങൾക്ക് ഉപയോഗിക്കുന്ന ഊർജ്ജം മുഴുവൻ സൂര്യനിൽ നിന്നുള്ളതാണ്. സൂര്യനിൽ നിന്നുള്ള ഊർജ്ജം ജീവജാലങ്ങളിൽ എല്ലാറ്റിനും നേരിട്ട് ഉപയോഗിക്കാൻ കഴിയില്ല. അതിന് കഴിയുന്നത് ഹരിതസസ്യങ്ങൾക്കാണ്. അവയുടെ ഇലകളിലുള്ള ഹരിതകം (chlorophyll) എന്ന അതിസങ്കീർണമായ രാസവസ്തുവാണ് സൂര്യപ്രകാശത്തിലെ ഊർജ്ജത്തെ ജീവജാലങ്ങൾക്കെല്ലാം ഉപയോഗിക്കാൻ പറ്റുന്ന ഗ്ളൂക്കോസ് ആക്കിത്തതീർക്കുന്നത്. അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡും ഭൂമിയിലെ വെള്ളവും മറ്റ് മൂലകങ്ങളും വലിച്ചെടുത്ത് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ഇലകളിലെ ഹരിതകം ഗ്ലൂക്കോസ് നിർമ്മിക്കുന്ന പ്രകാശസംശ്ലേഷണം(photosynthesis) എന്ന പ്രക്രിയ വഴിയാണ് നമുക്കും മറ്റു ജീവജാലങ്ങൾക്കുമെല്ലാം ഊർജ്ജം ലഭിക്കുന്നത്.

സസ്യങ്ങളാണ് ഭൂമിയിലെ ഉത്പാദകർ(producers). അവ ഉത്പാദിപ്പിക്കുന്ന ഊർജ്ജപാക്കറ്റായ ഗ്ലുക്കോസിന്റെ ഉപഭോക്താക്കളാണ് (consumers) ജന്തുക്കളെല്ലാം. സസ്യങ്ങളെ നേരിട്ട് ആശ്രയിക്കുന്ന ജീവികൾ പ്രാഥമിക ഉപഭോക്താക്കളും (primary consumers) നേരിട്ടല്ലാതെ ആശ്രയിക്കുന്ന ജീവികൾ ദ്വിതീയ ഉപഭോക്താക്കളു(secondary consumers) മാണ്. പുല്ലു തിന്നുന്ന മാൻ പ്രാഥമിക ഉപഭോക്താവും മാനിനെ തിന്നുന്ന സിംഹം ദ്വിതീയ ഉപഭോക്താവുമാണ് എന്നർത്ഥം. ജന്തുക്കളുടെയും സസ്യങ്ങളുടെയുമെല്ലാം മൃതശരീരങ്ങൾ ഭൂമിയിൽ അലിയുമ്പോൾ ഉണ്ടാവുന്ന പോഷകങ്ങൾ വലിച്ചെടുത്തു കൊണ്ടാണ് സസ്യങ്ങൾ ഭക്ഷണം നിർമ്മിക്കുന്നത്. ഈ മൃതശരീരങ്ങളെ സസ്യങ്ങൾക്ക് വലിച്ചെടുക്കാൻ തക്ക രൂപത്തിൽ മണ്ണിൽ അലിയിക്കുന്നത് മണ്ണിലെ സൂക്ഷ്മജീവികളാണ്. അതിനാൽ അവർ വിഘാടകരാണ് (decomposers). ജന്തുക്കൾ സസ്യങ്ങളെയും സസ്യങ്ങൾ സൂക്ഷ്മജീവികളെയും സൂക്ഷ്മജീവികൾ സസ്യങ്ങളെയും ജന്തുക്കളെയും ആശ്രയിച്ച് നില നിൽക്കുന്ന രീതിയിലുള്ള ഒരു ഭക്ഷണചക്രം (food cycle) ഭൂമിയിൽ നിലനിൽക്കുന്നുണ്ട്. ഇതാണ് സഹജീവനത്തിന്റെ അടിത്തറ.

പരസ്പരയോഗം (mutualism), സഹജീവിതം (commensalism), പരാദജീവിതം (parasitism) എന്നിങ്ങനെ പ്രധാനമായും മൂന്ന് തരം സഹജീവനങ്ങളാണുള്ളത്. ഒന്നാമത്തേത് രണ്ട് കൂട്ടർക്കും ഉപകാരപ്രദമാണ്. രണ്ടാമത്തേത് ഒരാൾക്ക് മാത്രമേ ഉപകാരമുണ്ടാവുകയുള്ളൂവെങ്കിലും മറ്റെയാളെ ദ്രോഹിക്കാത്തതാണ്. മറ്റേയാൾക്ക് ദ്രോഹമുണ്ടാക്കിക്കൊണ്ട് ഒരാൾ ഉപകാരമെടുക്കുന്നതാണ് മൂന്നാമത്തേത്. ഈ മൂന്ന് തരത്തിലുള്ള സഹജീവനങ്ങളും നിലനിൽക്കേണ്ടത് പ്രകൃതിക്ക് അനിവാര്യമാണ്. അവ വഴിയാണ് പ്രകൃതിയുടെ സംതുലനം നിലനിൽക്കുന്നത്.

പരാദജീവിതം വഴിയുണ്ടാകുന്ന ദ്രോഹം അത് സഹിക്കേണ്ടിവരുന്ന ജീവിക്ക് നേർക്ക് നേരെ ദ്രോഹമാണെന്ന് തോന്നാമെങ്കിലും അതിന്ന് തന്നെ ചില ഉപകാരങ്ങളും അതുവഴിയുണ്ടാവുന്നുണ്ട് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. നോർത്ത് അമേരിക്കൻ കുരുവികളുടെ (North American Passerines) രക്തത്തിൽ ഒരു തരം പരാദങ്ങളുണ്ടെങ്കിൽ അവ ഇണകളെ ആകർഷിക്കാൻ മിടുക്കരാവുന്നതായി തങ്ങൾ മനസ്സിലാക്കുന്നതായി വിശദീകരിച്ചുകൊണ്ടുള്ള രണ്ട് ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞന്മാരുടെ ഒരു പഠനം “Heritable true fitness and bright birds: a role for parasites?” എന്ന തലക്കെട്ടിൽ 1982 ഒക്ടോബർ 22 ന് പുറത്തിറങ്ങിയ സയൻസ് (Science) മാഗസിൻ പ്രസിദ്ധീകരിച്ചിരുന്നു. ചില ജീവികൾക്ക് ദ്രോഹമായി അനുഭവപ്പെടുന്ന പരാദബന്ധങ്ങൾ പോലും മൊത്തത്തിൽ ഭൂമിക്ക് ഉപകാരപ്രദമാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കടൽ പാരിസ്ഥിതികവ്യൂഹത്തിലെ ഉത്പാദകരായ സമുദ്രോപരിതലത്തിലുള്ള ഹരിത ആൽഗകളുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന വൈറസുകൾ അവയുടെ വളർച്ച നിയന്ത്രിച്ചില്ലായിരുന്നുവെങ്കിൽ അവ അമിതമായി വളരുകയും സമുദ്രത്തിന്റെ പാരിസ്ഥിതിക സംതുലനം തന്നെ തകരുകയും ചെയ്യുമായിരുന്നുവെന്ന വാഷിങ്ടൺ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞൻ ലൂയി സമാനിന്റെ അഭിപ്രായം 2015 ജനുവരി 28 ന് പുറത്തിറങ്ങിയ ബിബിസി എർത്ത് (BBC Earth )മാഗസിനിലെ “what would happen if all parasites disappeared?” എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ട്.

മനുഷ്യശരീരത്തിനകത്ത് വസിക്കുന്ന നമ്മുടെ കോശങ്ങളെക്കാൾ അധികമുള്ള ബാക്ടീരിയകളും മറ്റു സൂക്ഷ്മജീവികളുമെല്ലാം നമ്മുടെ ശരീരവുമായി പരസ്പരയോഗത്തിലാണ് ജീവിക്കുന്നത്. അവകൊണ്ട് നമുക്കും നമ്മെക്കൊണ്ട് അവയ്ക്കും ഉപകാരങ്ങളുണ്ടെന്നർത്ഥം. നമ്മുടെ പല ഉപാപചയ പ്രവർത്തത്തനങ്ങളും അവയില്ലെങ്കിൽ യഥാരൂപത്തിൽ നടക്കുകയില്ല. വായയുടെ അറ്റമായ ചുണ്ട് മുതൽ ചെറുകുടലിന്റെ അങ്ങേയറ്റം വരെ നീളുന്ന നമ്മുടെ ദഹനവ്യൂഹത്തിൽ മാത്രം ബാക്ടീരിയകളും വൈറസുകളും ആർക്കിയകളും യൂക്കാരിയോട്ടുകളുമെല്ലാം കൂടി പത്ത് ലക്ഷം കോടി സൂക്ഷ്മജീവികളെങ്കിലുമുണ്ട്. നമ്മുടെ ശരീരത്തിൽ നിന്നാണ് അവയുടെ പോഷണം. പകരമായി നമ്മുടെ ഭക്ഷണത്തിലെ നാരുകളെ വിഘടിപ്പിക്കാനും വിറ്റാമിനുകൾ A, B2, B3, B5, B12, C, D, K എന്നിവയുടെ നിർമ്മാണത്തിനും സഹായിക്കുകയെന്ന സേവനമാണ് അവ നിർവ്വഹിക്കുന്നത്. അവയുടെ സേവനമില്ലെങ്കിൽ നമ്മുടെ ശരീരത്തിന് നിലനിൽക്കാനാവില്ല എന്നർത്ഥം.

സൂക്ഷ്മജൈവലോകം നമ്മുടെ പ്രതിരോധവ്യൂഹത്തിന് ചെയ്യന്ന സേവനത്തെക്കുറിച്ച് നാം പഠിച്ച് വരുന്നതേയുള്ളൂ. അതിക്രമകാരികളായ ശത്രുക്കളുടെ അക്രമണമുണ്ടാകുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അവ എത്തുന്നതിന് മുൻപ് തന്നെയെത്തി അവയെ അങ്ങോട്ട് കടക്കാൻ സമ്മതിക്കാതിരിക്കുകയാണ് ഇവ ചെയ്യുന്ന ഒന്നാമത്തെ സേവനം. നമ്മുടെ പ്രതിരോധവ്യവസ്ഥയെ ശാക്തീകരിക്കുന്നുവെന്നതാണ് ഇവ ചെയ്യുന്ന രണ്ടാമത്തെ സേവനം. പ്രതിരോധകോശങ്ങളെ ഉദ്ദീപിപ്പിച്ച് അവയുടെ വിഭജനത്തിന്റെയും പ്രത്യുത്പാദനത്തിന്റെയും തോത് വർധിപ്പിക്കുന്നത് ഇവയാണ്. നമ്മുടെ പ്രതിരോധകോശങ്ങൾ തന്നെ ശരീരത്തിനെതിരായി മാറുന്ന ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിച്ച് നിർത്തുന്നതിലും ഈ സൂക്ഷ്മജീവികൾക്ക് പങ്കുണ്ട്. ശരീരത്തിനകത്ത് നടക്കുന്ന ഉപാപചയപ്രവർത്തനങ്ങളെ ഉദ്ദീപിപ്പിച്ചുകൊണ്ട് അമിതവണ്ണത്തിൽ നിന്ന് രക്ഷിച്ച് ശരീരത്തിന്റെ ആകൃതി സംരക്ഷിക്കുന്നതിലും ഇവ കാര്യമായ പങ്കു വഹിക്കുന്നു. നമ്മുടെ മാനസികനിലകളെപ്പോലും ഗുണപരമായി സ്വാധീനിക്കുന്നുണ്ട് ഈ സൂക്ഷ്മജീവികൾ എന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. ശരീരത്തിലെ സൂക്ഷ്മജീവികളുടെ എണ്ണക്കുറവ് മനസ്സംഘർഷത്തിന് കാരണമാകുമെന്ന പഠനം കാണിക്കുന്നത് ഇതാണ്. ജനിക്കുന്ന സമയത്ത് മാതാവിന്റെ ജനനേന്ദ്രിയഭാഗത്തുള്ള സൂക്ഷ്മജീവിക്കൂട്ടം കുഞ്ഞിനാവശ്യമായ പ്രതിരോധങ്ങൾ നല്കുവാനുള്ളതാണെന്ന പഠനം ശ്രദ്ധേയമാണ്. 2013 ഫെബ്രുവരിയിൽ സാൻ ആന്റോണിയോയിൽ വെച്ച് നടന്ന അമേരിക്കൻ അക്കാദമി ഓഫ് അല്ലർജി, ആസ്മ ആന്റ് ഇമ്മ്യൂണോളജിയിൽ അവതരിപ്പിക്കപ്പെട്ട ഒരു പ്രബന്ധത്തെക്കുറിച്ച് മെഡിക്കൽ ന്യൂസ് ടുഡേയുടെ റിപ്പോട്ടിന്റെ തലക്കെട്ട് C-Section Babies 5 Times More Likely To Develop Allergies എന്നായിരുന്നു. മാതാവിന്റെ ജനനേന്ദ്രിയത്തിലൂടെ നടക്കുന്ന സുഖപ്രസവസമയത്ത് അവിടെയുള്ള സൂക്ഷ്മജീവികളാണ് കുഞ്ഞിന് ജനിച്ച ശേഷമുണ്ടാവുന്ന അലർജികളിൽ നിന്നുള്ള പ്രതിരോധം നൽകുന്നത് എന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.

നമ്മുടെ പ്രതിരോധവ്യവസ്ഥയെ പുറത്തുനിന്നുള്ള വൈറസുകളാണ് പരിശീലിപ്പിക്കുന്നത്. ചെറുപ്പത്തിലുണ്ടാവുന്ന സാധാരണ പനിയും ജലദോഷവും ഈ പരിശീലനത്തിന്റെ ഭാഗമായുണ്ടാവുന്നതാണ്. ഇത്തരം പരിശീലകന്മാരായ ഒരുന്നൂറോളം വൈറസ് ജാതികളുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവ ബാധിക്കുന്ന കോശങ്ങളുണ്ടാക്കുന്ന രാസസന്ദേശങ്ങളായ സൈറ്റോക്കിനുകളോടുള്ള പ്രതിരോധമെന്ന നിലയിലാണ് തൊണ്ടവീക്കം, വേദന, മൂക്കൊലിപ്പ്, കഫം എന്നിവയെല്ലാം ഉണ്ടാകുന്നത്. ഏതാനും ദിവസങ്ങൾ കൊണ്ട് മാറിപ്പോകുന്ന ഈ വൈറസ് ബാധ വഴി നമ്മുടെ ശരീരം കൂടുതൽ അപകടകരമായ വൈറസുകളെ തോൽപ്പിക്കുവാനുള്ള പരിശീലനം നേടുകയാണ് ചെയ്യുന്നത്.

സമസ്ഥാപനവും സഹജീവനവും നമ്മുടെ ശരീരത്തെ രോഗങ്ങളിൽ നിന്ന് മുക്തമാക്കി സുസ്ഥിതിയോട് കൂടി നില നിർത്തുന്നതിനായി സർവ്വശക്തൻ സംവിധാനിച്ചിരിക്കുന്നതാണ്. ഈ രണ്ട് സംതുലനങ്ങളും കൃത്യമാവുമ്പോൾ നല്ല ആരോഗ്യമുള്ളവരായി ജീവിക്കുക്കുന്നവരായിരിക്കും നമ്മളെല്ലാം. അവയിലേതിലെങ്കിലും തകരാറുകൾ സംഭവിക്കുമ്പോഴാണ് നാം രോഗികളായിത്തീരുന്നത്. ഇവ രണ്ടും യഥാരൂപത്തിൽ നില നിർത്തുന്നതിൽ സൂക്ഷ്മജീവികൾക്ക് കാര്യമായ പങ്കുണ്ട്. സമസ്ഥാപനവും സഹജീവനവും തകരാറിലാക്കുന്നത് പലപ്പോഴും മനുഷ്യരുടെ തന്നെ വർത്തനങ്ങളാണ്. രോഗമുണ്ടാകുന്നതിന് പ്രധാനകാരണം മനുഷ്യകരങ്ങളുടെ പ്രവർത്തങ്ങൾ തന്നെയാണെന്നർത്ഥം.

നാം ചിന്തിച്ചു നോക്കുക. മനുഷ്യരെ കൊല്ലാൻ മാത്രം ശേഷിയുള്ള വൈറസുകളെ നമ്മുടെ ശരീരത്തിനകത്തും പുറത്തും വിന്യസിക്കുകയും അവയെ നമുക്ക് കീഴ്‌പ്പെടുത്തിത്തരുകയും ചെയ്തതാരാണ്? പരിണാമവാദപ്രകാരമുള്ള അന്ധമായ പ്രകൃതിനിർധാരണത്തിന് വിശദീകരിക്കാൻ കഴിയുന്നതല്ല ഈ പരസ്പരസഹകരണം. സമസ്ഥാപനത്തെയും സഹജീവനത്തെയും കുറിച്ച് മനസ്സിലാക്കുമ്പോൾ അതിന്റെ ഓരോ ഘട്ടങ്ങളിലും പടച്ചവന്റെ ആസൂത്രണം ഏതൊരാൾക്കും ബോധ്യപ്പെടും. അപ്പോൾ നമുക്കകത്തും പുറത്തുമുള്ള അപകടകരമായ ജൈവവസ്തുക്കളെ നമുക്ക് കീഴ്‌പ്പെടുത്തിത്തന്ന സർവ്വശക്തനെ സ്തുതിക്കാതിരിക്കാൻ ആർക്കാണ് കഴിയുക? രോഗകാരികളായ ബാക്ടീരിയകളെയും വൈറസുകളെയും പരാദങ്ങളെയുമെല്ലാം നമുക്ക് കീഴ്‌പ്പെടുത്തിത്തന്ന പടച്ചവന്റെ ഓരോ സംവിധാങ്ങങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴും ഖുർആനിലെ സൂറത്തുർ റഹ്‌മാനിൽ മുപ്പത്തിയൊന്ന് തവണ ആവർത്തിക്കുന്ന ചോദ്യം നമുക്ക് ഓർമ്മ വരും: “അപ്പോള്‍ നിങ്ങള്‍ രണ്ട് പേരുടെയും നാഥൻ ‌ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ക്ക് നിഷേധിക്കാനാവുക? ”

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.