കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -4

//കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -4
//കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -4
ആനുകാലികം

കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -4

സംരക്ഷണത്തിന് രണ്ട് സൈനികവ്യൂഹങ്ങൾ

ഏറെ പേരെ രോഗികളാക്കുകയും ആൾനാശമുണ്ടാക്കുകയും ചെയ്തുകൊണ്ട് കോവിഡ് 19 പകർച്ചവ്യാധി പടർന്നുകൊണ്ടിരിക്കുകയാണ്. മുപ്പത്തിയഞ്ച് ലക്ഷത്തോളം രോഗികൾ! രണ്ടര ലക്ഷത്തോളം മരണങ്ങൾ!! മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാൻ എത്ര കാലമെടുക്കുമെന്നറിയില്ല. ശാസ്ത്രലോകം പ്രതീക്ഷയിലാണെങ്കിലും ഒന്നും ഉറപ്പ് പറയാൻ ആർക്കും കഴിയുന്നില്ല. കൊറോണാ രോഗങ്ങൾക്കൊന്നും ഇതേവരെ മരുന്ന് കണ്ടെത്താൻ ആധുനികവൈദ്യത്തിന് കഴിഞ്ഞിട്ടില്ലെന്നതും സാർസും മാർസുമുണ്ടായി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും വാക്‌സിൻ വികസിപ്പിക്കുവാൻ സാധിച്ചിട്ടില്ലെന്നതും ആ രംഗത്തെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്. ഫലപ്രദമെന്ന് ഘോഷിക്കപ്പെട്ട ‘മാന്ത്രിക’ മരുന്നുകളിൽ പലതും വെറും തോന്നലുകൾ മാത്രമായിരുന്നുവെന്ന് ശാസ്ത്രലോകം തിരിച്ചറിഞ്ഞിരിക്കുന്നു. വിദഗ്ദരിൽ പലരും ഇപ്പോൾ സംസാരിക്കുന്നത് ആൾക്കൂട്ടപ്രതിരോധത്തെ (herd immunity) കുറിച്ചാണ്. രോഗമുക്തി നേടിയവരുടെ പ്ലാസ്മയുപയോഗിച്ചുള്ള ചികിത്സ (plasma therapy)യിലാണ് ഇപ്പോൾ എല്ലാവരുടെയും പ്രതീക്ഷ. പടച്ചവൻ ശരീരത്തിൽ സജ്‌ജമാക്കിയ പ്രതിരോധസംവിധാനങ്ങളിൽ മാത്രമേ താൽക്കാലികമായി നമുക്ക് രക്ഷയ്ക്കുള്ളൂവെന്നാണ് ഹേർഡ് ഇമ്മ്യൂണിറ്റിയിലും പ്ലാസ്മ തെറാപ്പിയിലുമാണ് നമ്മുടെ പ്രതീക്ഷയെന്ന് പറഞ്ഞാൽ അതിനർത്ഥം.

അതിക്രമകാരികളായ ബാക്ടീരിയകളിൽ നിന്നും വൈറസുകളിൽ നിന്നും പരാദങ്ങളിൽ നിന്നുമെല്ലാം ശരീരത്തെ രക്ഷിക്കാനായി പടച്ചവൻ ചെയ്തുവെച്ച നാലാമത്തെ അനുഗ്രഹം അതിശക്തമായ രണ്ട് പ്രതിരോധവ്യവസ്ഥകൾ നമ്മുടെ ശരീരത്തിൽ സംവിധാനിച്ചുവെന്നതാണ്. സാധാരണയായുണ്ടാവുന്ന രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള വ്യവസ്ഥയും അപകടകരമായ രോഗങ്ങളെ പ്രതിരോധിക്കാനും ഒരിക്കൽ വന്നാൽ പിന്നെയൊരിക്കലും അത് വരാതിരിക്കുവാനുള്ള വ്യവസ്ഥയും വളരെ കൃത്യമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് നാം ആരോഗ്യവാന്മാരായി ജീവിക്കുന്നത്. പ്രസ്തുത വ്യവസ്ഥകളെക്കുറിച്ച് മനസ്സിലാക്കുന്നവർക്കൊന്നും പടച്ചവന്റെ അപാരമായ അനുഗ്രഹങ്ങൾക്ക് മുമ്പിൽ നമ്രശിരസ്കരാവാതിരിക്കാൻ കഴിയില്ല, തീർച്ച.

നൈസർഗ്ഗിക പ്രതിരോധവ്യവസ്ഥ(innate immune system), അനുവർത്തിത പ്രതിരോധവ്യവസ്ഥ(adaptive immune system) എന്നിങ്ങനെ രണ്ട് തരം പ്രതിരോധവ്യവസ്ഥകളെയാണ് കോടാനുകോടി സൂക്ഷ്മജീവികളുടെ ഇടയിൽ ജീവിക്കുന്ന നമ്മെ അവയിൽ നിന്ന് സംരക്ഷിച്ച് നിർത്തുന്നതിനായി ശരീരത്തിൽ പടച്ചവൻ സംവിധാനിച്ചിരിക്കുന്നത്. ഇവ രണ്ടും പാരസ്പര്യത്തോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ് ഈ സൂക്ഷ്മജീവീസമുദ്രത്തിൽ സമാധാനത്തോടെ ജീവിക്കുവാൻ നമുക്ക് കഴിയുന്നത്. ഈ സംവിധാനങ്ങളെക്കുറിച്ച് മനസ്സിലാക്കുമ്പോഴാണ് സർവ്വശക്തൻ എത്ര കൃത്യമായ സംവിധാനങ്ങളാണ് നമ്മുടെ സുരക്ഷക്ക് വേണ്ടി ചെയ്തു വെച്ചിരിക്കുന്നതെന്ന് നമുക്ക് അറിയാൻ കഴിയുക. ആസൂത്രിതമായി നിർവ്വഹക്കപ്പെട്ട നമ്മുടെ ശരീരത്തിലെ സംവിധാനങ്ങൾ പൂർണമായും കുറ്റമറ്റതാണെന്ന സത്യം അതേക്കുറിച്ച പഠനങ്ങൾ നമ്മെ ബോധ്യപ്പെടുത്തും; ഒപ്പം തന്നെ അത് സംവിധാനിച്ചവന്റെ വൈഭവം മനസ്സിലാവുകയും അഹങ്കാരമില്ലാത്തവരെല്ലാം അവന്റെ മുന്നിൽ സാഷ്ടാംഗപ്രണാമത്തിൽ വീണുപോവുകയും ചെയ്യും.

ജനിക്കുമ്പോൾ തന്നെ ഉണ്ടാവുകയും അത് മുതൽ മരണം വരെ കാര്യമായ മാറ്റമൊന്നുമില്ലാതെ മനുഷ്യശരീരത്തിൽ നിലനിൽക്കുകയും ചെയ്യുന്ന പ്രതിരോധവ്യൂഹമാണ് നൈസർഗ്ഗിക പ്രതിരോധവ്യവസ്ഥ. ശരീരത്തിലെ പൊതുപടയാളികളായ ഫാഗോസൈറ്റുകളാൽ നയിക്കപ്പെടുന്ന വ്യവസ്ഥയാണിത്. ശരീരത്തിനാവശ്യമായ കോശങ്ങളെയും സൂക്ഷ്മജീവികളെയും അക്രമിക്കാതെ അതിക്രമകാരികളെ മാത്രമായി നശിപ്പിക്കുകയെന്ന വളരെ ശ്രമകരമായ ജോലിയാണ് ഈ പ്രതിരോധവവ്യവസ്ഥ ചെയ്യുന്നത്. അതിന്ന് ആദ്യമായി ശത്രുവിനെ തിരിച്ചറിയണം. രക്തത്തിലൂടെയെത്തുന്ന പ്രോട്ടീനുകളെയും അപായകരമല്ലാത്ത മറ്റു വസ്തുക്കളെയും നമ്മുടെ പ്രതിരോധവ്യവസ്ഥ അവഗണിക്കുന്നത് അതിന്റെ സഹിഷ്ണുത(tolerance) കൊണ്ടാണ്. ശത്രുക്കളോട് ഈ സഹിഷ്ണുതയുണ്ടാവാൻ പാടില്ല. അതിന് സ്വന്തത്തിലുള്ളവയെയും(self) പുറത്തുനിന്നുള്ളവയെയും(nonself) തിരിച്ചറിയാൻ കഴിയണം. ഇങ്ങനെ തിരിച്ചറിയുന്നതിനു വേണ്ടി പടച്ചവൻ തന്നെ പുറത്തുനിന്ന് വരുന്നവരുടെ ശരീരത്തിൽ ചില പ്രത്യേക സംവിധാനങ്ങൾ ചെയ്തുവെച്ചിട്ടുണ്ട്.

ശത്രുക്കളായവയുടെ ബാഹ്യശരീരത്തിലുള്ള രോഗാണു സംബന്ധിത തന്മാത്രാക്രമം (pathogen-associated molecular pattern PAMP) ത്തെ മനസ്സിലാക്കുകയാണ് നൈസർഗ്ഗിക പ്രതിരോധവ്യവസ്ഥയിലെ പടയാളികൾ ശത്രുവിനെ മനസ്സിലാക്കാനായി ചെയ്യുന്നത്. സൂക്ഷ്മജീവികളുടെ ശരീരത്തിലുള്ള ഓരോ തന്മാത്രാക്രമങ്ങളെയും തിരിച്ചറിയാനായി നമ്മുടെ പടയാളീകോശങ്ങളുടെ പക്കൽ ക്രമങ്ങളെ തിരിച്ചറിയൽ സ്വീകരണി(pattern-recognition receptors PRRs)കളുണ്ട്. പ്രസ്തുത സ്വീകരണികളിൽ തന്മാത്രാക്രമങ്ങളിൽ ഏതെങ്കിലുമൊന്ന് പതിച്ചുകഴിഞ്ഞാൽ ഉടനെത്തന്നെ അപകടസൈറൺ മുഴങ്ങും. കോശങ്ങൾ പരസ്പരം ആശയവിനിമയത്തിനുപയോഗിക്കുന്ന രാസസന്ദേശങ്ങളാണ് സൈറ്റോക്കീനുകൾ(cytokines). ഒരു തരം സൈറ്റോക്കീൻ സന്ദേശമായ ഇന്റർഫെറോണുകളാണ് (interferons) ഈ സന്ദർഭത്തിലുള്ള സൈറൺ.

ഇന്റർഫെറോൺസന്ദേശം ലഭിച്ചുകഴിഞ്ഞാൽ അടുത്തുള്ള കോശങ്ങൾക്കെല്ലാം അപകടം അടുത്ത് തന്നെയുണ്ടെന്ന് മനസ്സിലാവും. അവയെല്ലാം പ്രതിരോധത്തിന് തയ്യാറെടുക്കും. അവ സ്വയം തന്നെ RNAയെ പിളർക്കുകയും പ്രോട്ടീൻ സംശ്ലേഷണം കുറയ്ക്കുകയും ചെയ്യും. ഈ സന്ദേശങ്ങൾ ലഭിച്ച അണുബാധിതമായ കോശങ്ങൾ അപ്പോപ്റ്റോസിസ് (apoptosis) എന്ന സ്വയം മരണം വരിക്കും. അതോടൊപ്പം തന്നെ മറ്റൊരു തരം സൈറ്റോക്കിൻ സന്ദേശമായ ഇന്റർലൂക്കിൻസ് (inerleukins) അനുവർത്തിത പ്രതിരോധവ്യവസ്ഥയുമായി യോജിച്ചുകൊണ്ട് ശത്രുവിനെ തുരത്താനുള്ള നിർദേശങ്ങൾ ശ്വേതരക്താണുക്കൾക്ക് നൽകും. ഈ സൈറ്റോക്കിൻ തന്നെയാണ് അണുബാധയേറ്റ സ്ഥലത്ത് പെട്ടെന്ന് തന്നെ വീങ്ങുവാനും ചുവന്ന് വേദനിക്കുവാനുമെല്ലാം നിർദേശങ്ങൾ നൽകുന്നത്. അവിടേക്ക് കൂടുതൽ രക്തപ്രവാഹമുണ്ടാവുകയും കൂടുതൽ ശ്വേതരക്താണുക്കൾ അവിടെയെത്തി രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണിത്.

നൈസർഗ്ഗിക പ്രതിരോധവ്യവസ്ഥയിലെ പടയാളികൾ പ്രധാനമായും ഫാഗോസൈറ്റുകളാണ്. ശത്രുവിനെ നശിപ്പിക്കാൻ ഇവ പ്രയോഗിക്കുന്ന ഫാഗോസൈറ്റോസിസ്, ഡിഗ്രാനുലേഷൻ. എക്സ്ട്രാ സെല്ലുലാർ ട്രാപ്പിങ് എന്നിവയെക്കുറിച്ച് നേരത്തെ നാം മനസ്സിലാക്കിയിട്ടുണ്ട്. ശത്രുവിനെ ഉള്ളിലാക്കി നശിപ്പിക്കുകയെന്ന ഫാഗോസൈറ്റോസിസാണ് നൈസർഗ്ഗിക പ്രതിരോധവ്യവസ്ഥയിൽ കൂടുതലായി നടക്കുന്ന നശീകരണ രീതി. ഇതിന്നായി ഫാഗോസൈറ്റുകളിലെ മോണോസൈറ്റുകളാണ് മുന്നിലുണ്ടാവുക. രക്തത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ മോണോസൈറ്റുകൾ എന്ന് വിളിച്ചിരുന്ന ഇവയെ യുദ്ധത്തിന് സജ്‌ജമായി കോശകലകളിലെത്തുന്നതോടെ പിന്നെ വിളിക്കുക മാക്രോഫേജുകൾ (macrophages) എന്നാണ്. ‘വലിയ തീറ്റക്കാർ’ എന്നാണ് ഈ ഗ്രീക്ക് പദദ്വയത്തിന്റെ അർത്ഥം. രക്തത്തിലൂടെ ഒഴുകുമ്പോൾ ഉള്ളതിന്റെ മൂന്നിരട്ടിയോളം വലിപ്പം പ്രാപിച്ച് ശത്രുവിനെ തിന്നു നശിപ്പിക്കാൻ സജ്ജമാകുകയാണ് കോശകലകളിലെത്തുന്നതോടെ ഇവ ചെയ്യുന്നത്. മാക്രോഫേജ്‌ ആയിക്കഴിഞ്ഞാൽ അത് യുദ്ധത്തിനൊരുങ്ങിക്കഴിഞ്ഞുവെന്നാണ് അർത്ഥം. ഇനി അവയ്ക്ക് ശത്രുവിനെ തിരിച്ചറിഞ്ഞാൽ മതി. അവയെ തിന്നേണ്ടതെങ്ങനെയെന്ന വിവരം അവയുടെ ജനിതകകോഡുകളിൽ പടച്ചവൻ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യത്യസ്തങ്ങളായ ശത്രുക്കളെ തിരിച്ചറിയുന്നതിന് മാക്രോഫേജുകളും മറ്റു ഫാഗോസൈറ്റുകളും വ്യത്യസ്ത രീതികളാണ് പ്രയോഗിക്കുന്നത്. ശത്രുക്കളുടെ പുറത്ത് ഇമ്മ്യൂണോഗ്ലോബുലിൻ ജി (immunoglobulin G) പുരട്ടി അതിനെ തിരിച്ചറിയുന്ന ഒപ്‌സോണൈസേഷൻ (opsonization) ആണ് ഇവയിൽ പ്രധാനപ്പെട്ടത്. തങ്ങൾ ആക്രമിക്കപ്പെടുമ്പോൾ കോശങ്ങൾ നൽകുന്ന രാസസിഗ്നലുകളായ സൈറ്റോക്കിനുകൾ (cytokines) ലഭിച്ചാൽ കീമോടാക്സിസ് (chemotaxis) എന്ന സവിശേഷമായ സഞ്ചാരരീതിയിൽ ഫാഗോസൈറ്റുകൾ അവിടെയെത്തുകയും അതിനെ നശിപ്പിക്കാൻ തുടങ്ങുകയും ചെയ്യും. ഫാഗോസൈറ്റ് അതിന്റെ ശരീരത്തെ അമീബയുടേതുപോലെയാക്കി അതിന്റെ വ്യാജകരങ്ങൾക്കുള്ളിൽ ശത്രുവിനെ പിടിക്കുകയും അതിനെ ഫാഗോസോം(phagosome) എന്ന് വിളിക്കുന്ന ഒരു അറയുണ്ടാക്കി തന്റെ ശരീരത്തിനകത്തേക്ക് സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. പടയാളിയായ ഫാഗോസൈറ്റ് കോശദ്രവ്യത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ ശത്രുവിനെയുൾക്കൊള്ളുന്ന ഫാഗോസോമിനെ കോശമാലിന്യങ്ങളെ നീക്കം ചെയ്യുവാനുള്ള കോശാന്തരകുമിളയായ ലൈസോസോമി(lysosome)ലേക്ക് ആഗിരണം ചെയ്ത് ഫാഗോലൈസോസോം (phagolysosome) ആക്കിത്തീർക്കുകയാണ് അടുത്ത പടി. അതിനകത്തെ pH താഴ്ന്ന് അമ്ലാവസ്ഥയിലാവുന്നതോടെ ശത്രുശരീരം ആസിഡിൽ അലിഞ്ഞു നശിക്കുന്നു. സാധാരണ കോശമാലിന്യങ്ങൾ നീക്കം ചെയ്യുന്നതുപോലേ ശത്രുവിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുന്നതോടെ യുദ്ധം കഴിയുകയും ശരീരം ശത്രുമുക്തമാവുകയും ചെയ്യുന്നു.

ജനിക്കുമ്പോൾ തന്നെ ഉള്ളതും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ മരണം വരെ നിലനിൽക്കുന്നതുമാണ് നൈസർഗ്ഗിക പ്രതിരോധവ്യവസ്ഥയെങ്കിൽ ജനിച്ചതിന് ശേഷം പടിപടിയായി നമ്മുടെ ശരീരത്തിൽ വളർന്നു വരുന്നതാണ് അനുവർത്തിത പ്രതിരോധവ്യവസ്ഥ(adaptive immune system) അഥവാ ആർജ്ജിത പ്രതിരോധവ്യവസ്ഥ(acquired immune system). ശ്വേതരക്താണുക്കളിലെ മുപ്പതു ശതമാനം വരുന്ന സവിശേഷപടയാളികളായ ലിംഫോസൈറ്റുകളാണ് (lymphocytes) ഇവിടുത്തെ താരങ്ങൾ. ഓരോ തരം ശത്രുക്കൾക്കെതിരെയും വ്യത്യസ്തമായ രീതികളിലുള്ള പ്രതിരോധരീതികളുപയോഗിക്കുന്ന ഈ വ്യവസ്ഥയ്ക്ക് പക്ഷെ നൈസർഗ്ഗിക പ്രതിരോധവ്യവസ്ഥയുടെ അത്രതന്നെ വേഗതയുണ്ടാവില്ല. അണുബാധയുണ്ടായി നിമിഷങ്ങൾക്കോ മണിക്കൂറുകൾക്കോ അകം നൈസർഗ്ഗിക വ്യവസ്ഥ പ്രവർത്തനക്ഷമമാകുമെങ്കിൽ അനുവർത്തിത വ്യവസ്ഥക്ക് ഇത് ദിവസങ്ങളെടുത്തേക്കും. ശത്രുക്കളോടെല്ലാം ഏകദേശം ഒരേ നിലപാടെടുത്താൽ മതിയെന്നതിനാലാണ് നൈസർഗ്ഗിക വ്യവസ്ഥക്ക് പെട്ടെന്ന് തന്നെ പ്രവർത്തനക്ഷമമാവാൻ കഴിയുന്നത്. അനുവർത്തിത വ്യവസ്ഥക്ക് ശത്രുവിനെ പഠിക്കുകയും അതിനെ പ്രതിരോധിക്കേണ്ടെതെങ്ങനെയെന്നതിന് തന്ത്രം രൂപീകരിക്കുകയുമെല്ലാം ചെയ്യേണ്ടതുണ്ട്. പ്രവർത്തനക്ഷമമാവാൻ ദിവസങ്ങളെടുക്കുമെങ്കിലും അതിന്റെ പ്രതിഫലനങ്ങൾ ദീർഘകാലത്തേക്ക്, ചിലപ്പോൾ മരണം വരെയും നിലനിൽക്കും. അതുകൊണ്ട് തന്നെ മരുന്നുൽപാദനം ലക്‌ഷ്യം വെച്ചുകൊണ്ടുള്ള ശരീരശാസ്ത്രപഠനങ്ങളുടെ പ്രധാനപ്പെട്ട മേഖല ഈ പ്രതിരോധവ്യൂഹമാണ്.

രക്തചംക്രമണവ്യൂഹത്തിലും(circulatory system) അതിന്ന് സമാന്തരമായി നമ്മുടെ ശരീരത്തിലുള്ള ലസികാവ്യവസ്ഥ(lymphatic system)യിലുമാണ് ലിംഫോസൈറ്റുകളെ കാണാൻ കഴിയുക. ബി കോശങ്ങൾ, ടി കോശങ്ങൾ, എൻകെ കോശങ്ങൾ എന്നിങ്ങനെ മൂന്ന് തരം ലിംഫോസൈറ്റുകളുണ്ടെങ്കിലും അനുവർത്തിത പ്രതിരോധവ്യവസ്ഥയിൽ പ്രധാനമായും പ്രവർത്തിക്കുന്നത് ബി കോശങ്ങളും ടി കോശങ്ങളുമാണ്. എൻകെ കോശങ്ങളെ കിഴിച്ചുള്ള ലിംഫോസൈറ്റുകളിൽ എൺപത് ശതമാനത്തോളം ടി കോശങ്ങളും ഇരുപത് ശതമാനത്തോളം ബി കോശങ്ങളുമാണുണ്ടാവുക. കുറ്റാന്വേഷകരെപ്പോലെ അതിക്രമകാരികളെ കണ്ടെത്തുകയും കെണിയിലാക്കുകയും ചെയ്യുകയാണ് ബി-കോശങ്ങളുടെ ധർമ്മം. ഇങ്ങനെ കണ്ടെത്തിക്കഴിഞ്ഞ അക്രമികളുമായി ഏറ്റുമുട്ടുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്ന ടി-കോശങ്ങളാണ് ഈ വ്യവസ്ഥയിലെ സംഹാരകർ. ശത്രുസംഹാരത്തിന് സഹായികളായി അവയോടൊപ്പം കുറ്റാന്വേഷകരായ ബി-കോശങ്ങളിൽ ചിലരുമുണ്ടാകും.

ഒരിക്കൽ കണ്ടെത്തിയ ശത്രുവിനെക്കുറിച്ച വിവരങ്ങൾ ഓർമ്മയിൽ സൂക്ഷിക്കുകയും പിന്നെ ആ ശത്രുവിന്റെ ആക്രമണത്തിൽ നിന്ന് ശരീരത്തെ സംരക്ഷിച്ചുനിർത്തുകയും ചെയ്യുന്നുവെന്നതാണ് കുറ്റാന്വേഷകരായ ബി-കോശങ്ങളുടെ സവിശേഷത. ചില ടി-കോശങ്ങളും വിവരങ്ങൾ ഓർമ്മയിൽ സൂക്ഷിക്കുന്നുണ്ട്. അനുവർത്തിത പ്രതിരോധവ്യവസ്ഥയെ നൈസർഗ്ഗിക പ്രതിരോധവ്യവസ്ഥയിൽ നിന്ന് വ്യതിരിക്തമാക്കുന്ന പ്രധാനപ്പെട്ട സവിശേഷതയിതാണ്. നൈസർഗ്ഗിക വ്യവസ്ഥ നൽകുന്ന രോഗശമനം താൽക്കാലികമാണ്; ആ രോഗം പിന്നെയും വരാം. എന്നാൽ അനുവർത്തിത വ്യവസ്ഥ നൽകുന്ന രോഗശമനം പലപ്പോഴും സ്ഥിരമാണ്; അത് വഴി മാറിയ രോഗം പിന്നെ വരാറില്ല. കുറെ കാലത്തേക്കെങ്കിലും രോഗി അതിൽ നിന്ന് സുരക്ഷിതതമായിരിക്കും.

മജ്ജയിൽ നിന്ന് ഉത്പാദിപ്പിക്കപ്പെട്ട ശേഷം മൂപ്പെത്തുന്നതിനായി തൈമസിലെത്തുന്ന ടി കോശങ്ങൾ അവിടെ വെച്ച് സഹായി ടി കോശങ്ങൾ (helper T cells), സൈറ്റോടോക്സിക് ടി കോശങ്ങൾ (cytotoxic T cells). അമർച്ചക്കാരൻ ടി കോശങ്ങൾ (suppressor T cells) എന്നിങ്ങനെ മൂന്ന് കൂട്ടങ്ങളായിത്തീരുന്നു. ആദ്യമായി ശത്രുവുണ്ടെന്ന് മനസ്സിലാക്കുന്നത് സഹായി ടി കോശങ്ങളാണ്. ശത്രുവിന്റെ സാന്നിധ്യം മണത്ത് കഴിഞ്ഞാൽ അത് ബി കോശങ്ങളെയും സൈറ്റോടോക്സിക് ടി കോശങ്ങളെയും ഉണർത്തുന്നു. ബി കോശങ്ങൾ ശത്രുവിനെ തിരിച്ചറിയുകയും അതിന്നനുസൃതമായ സംഹാരിയുണ്ടാക്കുകയും ചെയ്യുന്നു; സൈറ്റോടോക്സിക് ടി കോശങ്ങൾ രോഗബാധിതമായ കോശങ്ങളെ അപോപ്റ്റോസിസ് (apoptosis) രീതിയുപയോഗിച്ച് നശിപ്പിക്കുന്നു. പ്രതിരോധപ്രവർത്തങ്ങൾ മറ്റു ജൈവകോശങ്ങൾക്ക് അപകടം വരുത്താതെ സൂക്ഷിക്കുന്നത് അമർച്ചക്കാരൻ ടി കോശങ്ങളാണ്. അവ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ രോഗപ്രതിരോധശേഷി നമുക്ക് തന്നെ വിനയായിത്തീരുന്ന ഓട്ടോഇമ്മ്യൂൺ (autoimmune) രോഗങ്ങൾക്ക് കാരണമാകുമായിരുന്നു.

പുറമെനിന്നുള്ള വസ്തുക്കൾ ഇരകളുടെ ശരീരത്തിലെത്തിക്കഴിഞ്ഞാൽ പുറപ്പെടുവിക്കുന്ന പ്രോട്ടീനുകളോ മറ്റു രാസവസ്തുക്കളോ പരിശോധിച്ചാണ് അനുവർത്തിത പ്രതിരോധവ്യവസ്ഥ അത് മാരകമാണെന്ന് തിരിച്ചറിയുന്നത്. ഇങ്ങനെ പുറപ്പെടുവിക്കുന്ന തന്മാത്രകളെയാണ് ആന്റിജനുകൾ(antigens) എന്ന് വിളിക്കുന്നത്. പ്രതിരോധവ്യവസ്ഥയെ അസഹിഷ്ണുവാക്കുകയും അതുവഴി പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്ന രാസവസ്തുക്കളാണ് ആന്റിജനുകൾ എന്ന് പറയാം. ബാക്ടീരിയയോ വൈറസോ ഫംഗസോ പരാദമോ പാമ്പിൻ വിഷം പോലെയുള്ള മാരകവസ്തുക്കളോ ശരീരത്തിലെത്തിയാൽ അവ ആന്റിജനുകൾ പുറപ്പെടുവിച്ചിരിക്കും. താൻ ശത്രുവാണെന്ന് വ്യക്തമാക്കുന്ന സിഗ്‌നലുകൾ സ്വയം തന്നെ പുറപ്പെടുവിക്കുകയാണ് ഇവിടെ അതിക്രമകാരികൾ ചെയ്യുന്നത്. അത്തരമൊരു സംവിധാനം അവയുടെ ശരീരത്തിലില്ലായിരുന്നുവെങ്കിൽ നമ്മുടെ പടയാളീകോശങ്ങൾക്ക് അവയെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. എത്ര കണിശമായാണ് അല്ലാഹു നമ്മെ ശത്രുക്കളിൽ നിന്ന് രക്ഷയ്ക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്?!!

‘പ്രതിരോധവ്യൂഹത്തെ ആന്റിബോഡി(antibody)കൾ നിർമ്മിക്കാൻ പ്രേരിപ്പിക്കുന്ന വസ്തുക്കൾ’ എന്നാണ് ആന്റിജെനിന്റെ സൂക്ഷ്മാണുജീവശാസ്ത്രപ്രകാരമുള്ള നിർവ്വചനം. ആന്റിജനുകൾ നൽകുന്നത് ചിലപ്പോൾ പൊതുവായ സന്ദേശവും മറ്റു ചിലപ്പോൾ പ്രത്യേകസന്ദേശവുമായിരിക്കും. ‘അപകടകാരിയായ ഞാൻ ഇവിടെയുണ്ട്’ എന്ന രീതിയിലുള്ള സന്ദേശത്തെയാണ് പൊതുവായ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. “താങ്കളുടെ ശ്വസനവ്യവസ്ഥയെ തകർക്കാൻ തയ്യാറായി ഞാൻ ഇവിടെയെത്തിയിട്ടുണ്ട്” എന്ന രീതിയിലുള്ള സന്ദേശമാണ് പ്രത്യേകസന്ദേശം കൊണ്ട് വിവക്ഷിക്കുന്നത്. പൊതുവായ സന്ദേശത്തോടും പ്രത്യേക സന്ദേശങ്ങളോടുമുള്ള പ്രതിരോധ വ്യവസ്ഥയുടെ പ്രതികരണം വ്യത്യസ്തമായിരിക്കും. ശത്രുവിന്റെ ആക്രമണമുണ്ടായാൽ പെട്ടെന്ന് തന്നെ സജ്ജമാവുകയും പ്രതിരോധം തുടങ്ങുകയും ചെയ്യുന്ന നൈസർഗ്ഗിക പ്രതിരോധവ്യവസ്ഥയിൽ നിന്ന് വ്യത്യസ്തമാണിവിടെ അനുവർത്തന വ്യവസ്ഥ. ആരാണെന്നുള്ള നോട്ടമൊന്നുമില്ലാതെ അകത്താക്കിയ ശേഷം ഇടിച്ച് പൊളിച്ച് നശിപ്പിക്കുന്നവർക്ക് അതിന്ന് വലിയ സമയമൊന്നും വേണ്ട. അനുവർത്തിത പ്രതിരോധവ്യവസ്ഥക്ക് അങ്ങനെയാവാൻ കഴിയില്ല. അതിന് സജ്‌ജമാകാൻ അല്പം സമയം വേണം. ശത്രു ആരാണെന്ന് പഠിക്കുകയും അതിനെ എങ്ങനെ തുരത്തണമെന്ന് തീരുമാനിക്കുകയും ചെയ്യുന്നതിനുള്ള സമയം.

മജ്ജയിൽ വെച്ച് നിർമ്മിക്കപ്പെടുന്ന ബി കോശങ്ങൾ അവിടെ വെച്ച് തന്നെ പക്വമായ ശേഷം ലസികാവ്യവസ്ഥയിലേക്ക് കടക്കുകയും ശരീരത്തിൽ ഉടനീളം ഒഴുകുകയും ചെയ്യുന്നതിനിടയ്ക്കാണ് ശത്രുവിനെ സൂചിപ്പിക്കുന്ന ആന്റിജനുകളുമായി കണ്ടുമുട്ടുന്നത്. ഓരോ ആന്റിജനിനുമനുസരിച്ചുള്ള ഓരോ ആന്റിജൻ നിർദ്ദിഷ്ട സ്വീകരണികൾ (antigen-specific receptor) ബി കോശങ്ങളിലെല്ലാമുണ്ടാകും.

ലക്ഷക്കണക്കിനുള്ള സ്വീകരണികളിൽ ഏതാണ് ഉണ്ടാവേണ്ടതെന്ന് തീരുമാനിക്കുന്നത് ജീവിയുടെ ഡിഎൻഎയാണ്. സ്തരബന്ധിത ആന്റിബോഡി (membrane-bound antibody) യെന്നു വിളിക്കാറുള്ള ഓരോ ബി കോശങ്ങളുടെയും ഇത്തരം സ്വീകരണികളിൽ അതിന് അനുയോജ്യമായ ആന്റിജൻ പതിക്കുന്നതോടെ അതിന്റെ ഡിഎൻഎ നിർദേശമെന്താണോ അതിനനുസരിച്ച് ആ കോശം ഒന്നുകിൽ പ്ലാസ്മാ ബി കോശമോ(plasma B cell) അല്ലെങ്കിൽ സ്‌മൃതി ബി കോശമോ (memory B cell) ആയിത്തീരുന്നു. പ്ലാസ്മാ ബി കോശങ്ങൾ ആന്റിജനുകൾക്ക് അനുസൃതമായ ആന്റിബോഡികൾ നിർമ്മിക്കുകയും ശത്രുവിനെ നശിപ്പിക്കുവാൻ ടി കോശങ്ങളെ സഹായിക്കുകയും ചെയ്യുമ്പോൾ സ്‌മൃതി ബി കോശങ്ങൾ ശത്രുവിനെക്കുറിച്ച ഓർമ്മ സൂക്ഷിക്കുകയും ഭാവിയിൽ അത് ശരീരത്തെ അപായപ്പെടുത്തതിരിക്കാനുള്ള അറിവാക്കിത്തീർക്കുകയും ചെയ്യുന്നു.

ഒരു അതിക്രമി നമ്മുടെ ശരീരത്തിലെത്തിയാൽ സംഭവിക്കുന്നത് ഇങ്ങനെയാണ്: ശരീരത്തിലെത്തിയ അക്രമിയുടെ ആന്റിജനെ മനസ്സിലാക്കുന്ന സഹായി ടി കോശങ്ങൾ CD4 (cluster of differentiation 4) എന്ന ഗ്ലൈകോപ്രോട്ടീനിനെ(glycoprotein) പുറപ്പെടുവിക്കുന്നു. അത് ബി കോശങ്ങളെയും സൈറ്റോടോക്സിക് ടി കോശങ്ങളെയും മറ്റു പ്രതിരോധകോശങ്ങളെയും പ്രവർത്തനക്ഷമമാക്കുന്നു. പ്രവർത്തനക്ഷമമായ ബി കോശങ്ങളുടെ സ്വീകരണികളിൽ ആന്റിജൻ എത്തുന്നതോടെ അവ രണ്ടായിത്തിരിയുന്നു. ഒന്നാമത്തെ വിഭാഗമായ പ്ലാസ്മാ കോശങ്ങൾ ആന്റിജൻ അടിസ്ഥാനത്തിൽ ശത്രുവിനെ നശിപ്പിക്കുവാനാവശ്യമായ ആന്റിബോഡികൾ നിർമ്മിക്കുന്നു. Y ആകൃതിയിലുള്ള ഇമ്മ്യൂണോഗ്ലോബിൻ (immunoglobulin) തന്മാത്രകളാണ് ആന്റിബോഡികൾ. ഓരോ ശത്രുവിനും വേണ്ടി നിർമ്മിക്കപ്പെടുക ഓരോ ആന്റിബോഡിയായിരിക്കും. ആന്റിബോഡികൾ ശത്രുവിനെ നശിപ്പിക്കാൻ തുടങ്ങുന്നു. അതോടൊപ്പം തന്നെ സൈറ്റോടോക്സിക് ടി കോശങ്ങൾ CD8 ഗ്ലൈകോപ്രോട്ടീനിനെ പുറപ്പെടുവിക്കുന്നു. ശത്രുക്കളെ പൂർണമായും തുരത്തുകയും അണുബാധയേറ്റ കോശങ്ങളെ നീക്കം ചെയ്യുകയുമാണ് അതിന്റെ ജോലി. ബി കോശങ്ങളിലെ രണ്ടാമത്തെ വിഭാഗമായ സ്‌മൃതി കോശങ്ങൾ ആക്രമിച്ച ശത്രുവെക്കുറിച്ച വിവരങ്ങൾ സൂക്ഷിക്കുന്നു. ഇതോടൊപ്പം തന്നെ ചില ടി കോശങ്ങളും ആന്റിജനുകളെക്കുറിച്ച വിവരങ്ങൾ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇത് നടന്നുകൊണ്ടിരിക്കുമ്പൾ തന്നെ അമർച്ചക്കാരൻ ടി കോശങ്ങൾ CD4, CD25 എന്നീ ഗ്ലൈകോപ്രോട്ടീനുകളെ നിർമ്മിക്കുകയും പടയാളികോശങ്ങൾക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ കോശങ്ങളെ വേർതിരിച്ച് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. രക്ഷകരാവേണ്ട നമ്മുടെ പ്രതിരോധകോശങ്ങൾ ശിക്ഷകരായിത്തീന്ന് നമ്മുടെ തന്നെ കോശങ്ങളെ നശിപ്പിച്ച് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളുണ്ടാകാതെ നിന്ന് ശരീരത്തെ സംരക്ഷിച്ച്‌ നിർത്തുന്നത് അമർച്ചക്കാരൻ കോശങ്ങളാണെന്ന് പറയാം.

അനുവർത്തിത പ്രതിരോധവ്യവസ്ഥയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ പ്രതിരോധവിജ്ഞാനീയ സ്‌മൃതി(Immunological memory)യാണ്. നേരത്തെയുണ്ടായ അറിവിൽ നിന്ന് അതിക്രമകാരികൾ പുറപ്പെടുവിക്കുന്ന ആന്റിജെനിനെ കൃത്യമായും പെട്ടെന്നും തിരിച്ചറിഞ്ഞ് രോഗലക്ഷണമുണ്ടാകുന്നതിന് മുമ്പ് തന്നെ അതിനെ പ്രതിരോധിക്കാനുള്ള കഴിവാണ് പ്രതിരോധവിജ്ഞാനീയ സ്‌മൃതി. ഒരിക്കൽ ആക്രമിച്ച ശത്രുവെക്കുറിച്ച വിവരങ്ങൾ ദീർഘ കാലത്തേക്ക് സൂക്ഷിക്കുവാൻ സ്‌മൃതി ബി കോശങ്ങൾക്കും സ്‌മൃതി ടി കോശങ്ങൾക്കും കഴിയുന്നതുകൊണ്ടാണ് ഒരിക്കൽ ഉണ്ടായ രോഗങ്ങൾ പിന്നീട് ദീർഘ കാലത്തേക്ക് വരാതിരിക്കുന്നത്. ഒരിക്കൽ ഉണ്ടായ ചില സ്‌മൃതികോശങ്ങൾ ജീവിതാവസാനം വരെ നിലനിൽക്കും. അതുകൊണ്ട് തന്നെ ചില രോഗങ്ങൾ ജീവിതത്തിൽ ഒരിക്കലുണ്ടായാൽ പിന്നീട് ഒരിക്കലും ഉണ്ടാവുകയില്ല. വസൂരിയെപ്പോലെയുള്ള രോഗങ്ങൾ ഉദാഹരണം. ചില സ്‌മൃതികോശങ്ങൾക്കാവട്ടെ, ദശാബ്ദങ്ങളുടെ ആയുസ്സേയുള്ളൂ. അത്തരം രോഗങ്ങൾ ഒരിക്കൽ വന്നാലും ഏറെ വർഷങ്ങൾക്ക് ശേഷം വരാൻ സാധ്യതയുണ്ട്. എങ്കിലും രണ്ടാമത് വരുമ്പോൾ അത് തീരെ മാരകമാകാറില്ല.

രോഗപ്രതിരോധത്തിന് നാം കൃത്രിമമായി നിർമിക്കുന്ന വാക്‌സിൻ പടച്ചവൻ സൃഷ്ടിച്ച പ്രതിരോരോധസംവിധാനത്തിന് രോഗകാരിയെ പരിചയപ്പെടുത്തുകയെന്ന കർമ്മം മാത്രമാണ് ചെയ്യുന്നത്. നമ്മുടെ അനുവർത്തിത പ്രതിരോധവ്യവസ്ഥയെ ശാക്തീകരിക്കുകയെന്ന കർമ്മം. അനുവർത്തിത പ്രതിരോധവ്യവസ്ഥയിലെ പ്രതിരോധവിജ്ഞാനീയ സ്‌മൃതിയെ സമർത്ഥമായി ഉപയോഗിച്ച് രോഗപ്രതിരോധത്തിന് ശരീരത്തെ സജ്‌ജമാക്കുകയല്ലാതെ മറ്റൊന്നും വാക്‌സിനുകൾ ചെയ്യുന്നില്ല. പടച്ചവൻ സൃഷ്ടിച്ച പ്രതിരോധവ്യവസ്ഥക്ക് അതിന് പരിചയമില്ലാത്ത ഒരു രോഗകാരിയെ പരിചയപ്പെടുത്തുകയെന്ന കർമ്മം മാത്രം. രോഗത്തെ പ്രതിരോധിക്കുന്നത് പടച്ചവൻ സംവിധാനിച്ച അനുവർത്തിത പ്രതിരോധവ്യവസ്ഥ തന്നെയാണ്.

കോവിഡി19 ന് ഇതേവരെ വാക്‌സിൻ കണ്ടെത്തിയിട്ടില്ല. ഒരു സമൂഹത്തിലെ ഭൂരിപക്ഷം പേർക്കും രോഗമുണ്ടാവുകയും അനുവർത്തിത പ്രതിരോധവ്യവസ്ഥയുടെ പ്രവർത്തനഫലമായി അവർ രോഗവിമുക്തിനേടുകയും ചെയ്‌താൽ സ്വാഭാവികമായിത്തന്നെ സമൂഹത്തിൽ നിന്ന് രോഗം അപ്രത്യക്ഷമാകാറാണ് പതിവ്. അതിനെ കുറിക്കാനാണ് ആൾക്കൂട്ടപ്രതിരോധം (herd immunity) എന്ന് പറയുന്നത്. കോവിഡിന്റെ കാര്യത്തിൽ ഇത് എത്രത്തോളം ഫലപ്രദമാകും എന്ന് പറയാറായിട്ടില്ല. രോഗം ഭേദമായാളുടെ രക്തത്തിലെ പ്ലാസ്മയിലുള്ള ആന്റിബോഡികളെ രോഗിയിലേക്ക് കുത്തിവെക്കുന്നതാണ് പ്ലാസ്മാ തെറാപ്പി. അനുവർത്തിത പ്രതിരോധവ്യവസ്ഥയുണ്ടാക്കിയ ആന്റിബോഡികളെ ചികത്സക്ക് ഉപയോഗിക്കുകയാണ് ഇവിടെ ചെയ്യുന്നത്. വിപരീതഫലമുണ്ടാക്കാൻ സാധ്യതകളുണ്ടെങ്കിലും വിജയിച്ചാൽ ഏറെ ഫലം നൽകാൻ ഇതിന് കഴിയും. ഹേർഡ് ഇമ്മ്യൂണിറ്റിയിലേക്കും പ്ലാസ്മ തെറാപ്പിയിലേക്കും നാം പോകുമ്പോൾ പടച്ചവൻ സൃഷ്ടിച്ച സംവിധാനങ്ങളെ നേർക്കുനേരെ ഉപയോഗിക്കുക മാത്രമാണ് നാം ചെയ്യുന്നത്. ഇത്ര കൃത്യമായി നമ്മുടെ ശരീരത്തിലെ പ്രതിരോധവ്യവസ്ഥയെ സജ്ജമാക്കിയ അവനല്ലോ സർവ്വ സ്തുതികളും.

നൈസർഗ്ഗിക പ്രതിരോധവ്യവസ്ഥയും അനുവർത്തിത പ്രതിരോധവ്യവസ്ഥയും സ്വതന്ത്രമായ രണ്ട് വ്യവസ്ഥകളാണെങ്കിലും അവയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായ പാരസ്പര്യത്തോടെയുള്ളതാണ്. പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും സഹകരിച്ചും നില നിൽക്കുന്ന രണ്ട് വ്യവസ്ഥകളാണവ. നൈസർഗ്ഗിക വ്യവസ്ഥയിലെ ഫാഗോസൈറ്റുകളും അനുവർത്തിത വ്യവസ്ഥയിലെ ലിംഫോസൈറ്റുകളും തങ്ങളുടെ വ്യൂഹത്തിലെ ധർമ്മങ്ങൾ നിർവ്വഹിക്കുന്നതിനോടൊപ്പം തങ്ങളുടേതല്ലാത്ത വ്യൂഹത്തിലെ ജോലികൾ ചെയ്തും തങ്ങൾ ചെയ്യുന്നത് മറ്റവർക്ക് ഉപകാരപ്പെടുത്തിയുമാണ് മുന്നോട്ടുപോകുന്നത്. സൂക്ഷമജീവികളുടെ മഹാസാഗരത്തിൽ ജീവിക്കുന്ന നമ്മുടെ ശരീരത്തെ സംരക്ഷിക്കുവാൻ വേണ്ടി സർവ്വശക്തൻ നൽകിയ ഈ വ്യവസ്ഥകകൾക്കുള്ള പാരസ്പര്യത്തിന്റെ മൂല്യം പ്രകൃതിയുമായി കാത്തുസൂക്ഷിക്കുവാൻ നമുക്ക് കഴിഞ്ഞിരുന്നുവെങ്കിൽ അതിമാരകമായ അപകടങ്ങളിലൊന്നും നാം പതിക്കുകയില്ലായിരുന്നു. പടച്ചവൻ ഉണ്ടാക്കിയ ഈ സംരക്ഷണസംവിധാനങ്ങളെയെല്ലാം തല്ലിത്തകർക്കുന്ന ജീവിതശൈലി സ്വീകരിച്ചും അവൻ സൃഷ്ടിച്ച പ്രതിരോധവ്യവസ്ഥകളെ പരിഗണിക്കാതെയുള്ള ഭക്ഷണക്രമം അനുധാവനം ചെയ്തും ജീവിച്ചുകൊണ്ട് അതിന്റെഎല്ലാം സ്വാഭാവികമായ പരിണതിയായ ദുരിതമുണ്ടാവുമ്പോൾ മാത്രം പടച്ചവനെവിടെയെന്ന് ചോദിക്കുന്നത്തിൽ അർത്ഥമില്ല. ആദ്യം നമ്മുടെ ശരീരത്തിൽ അവനുണ്ടാക്കിയ അനുഗ്രഹങ്ങളെ അറിയാൻ ശ്രമിക്കുക. ആ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുവാൻ പഠിക്കുക. അവൻ സൃഷ്ടിച്ച സംതുലനത്തെ തകർക്കുന്ന നടപടികൾ അവസാനിപ്പിക്കുക. അവന്റെ വിധിവിലക്കുകളോട് പുറംതിരിഞ്ഞു നിൽക്കാതിരിക്കുക. അതിനുശേഷം നമുക്ക് അവനോട് പറയാം, നിന്റെ വ്യവസ്ഥയുടെ സ്വാഭാവികതയായ ദുരിതങ്ങളിൽ നിന്ന് നാഥാ, നീ ഞങ്ങളെ രക്ഷിക്കേണമേയെന്ന്.

മനുഷ്യനിർമ്മിതമായ പ്രതിരോധസംവിധാനങ്ങളെയെല്ലാം വെല്ലുന്ന അതിശക്തമായ രണ്ട് തരം പ്രതോരോധവ്യൂഹങ്ങളെയും അവ മൂലം നമ്മുടെ ശരീരം അനുഭവിക്കുന്ന സുസ്ഥിതിയെയും കുറിച്ച് അറിയാൻ ശ്രമിക്കുമ്പോഴെല്ലാം ഖുർആനിലെ സൂറത്തുർ റഹ്‌മാനിൽ മുപ്പത്തിയൊന്ന് തവണ ആവർത്തിക്കുന്ന ചോദ്യം നമുക്ക് ഓർമ്മ വരും: “അപ്പോള്‍ നിങ്ങള്‍ രണ്ട് പേരുടെയും നാഥൻ ‌ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ക്ക് നിഷേധിക്കാനാവുക? ”

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

3 Comments

  • Very use full

    Abdulsamad chakkalakkal 03.05.2020
  • Science behind god

    Firoz 06.05.2020
  • Good

    Nizar tp mekkunnu 06.05.2020

Leave a comment

Your email address will not be published.