കോവിഡ് 19: തുണയാവേണ്ട ശാസ്ത്രം വിനയാകരുത്

//കോവിഡ് 19: തുണയാവേണ്ട ശാസ്ത്രം വിനയാകരുത്
//കോവിഡ് 19: തുണയാവേണ്ട ശാസ്ത്രം വിനയാകരുത്
ആനുകാലികം

കോവിഡ് 19: തുണയാവേണ്ട ശാസ്ത്രം വിനയാകരുത്

“കോവിഡ് 19 പടർന്നു പിടിച്ചപ്പോൾ ആർക്കും ദൈവങ്ങളെ വേണ്ട; ശാസ്ത്രത്തെ മതി; പ്രാർത്ഥനകൾ കൊണ്ടൊന്നും രക്ഷയില്ലെന്ന് എല്ലാവർക്കും മനസ്സിലായി; ശാസ്ത്രം പറയുന്നതാണ് എല്ലാവരും പിന്തുടരുന്നത്; ശാസ്ത്രം മാത്രമേ ഇപ്പോൾ രക്ഷയ്ക്കുള്ളൂ”

നാസ്തികരുടെ സോഷ്യൽ മീഡിയ പരിഹാസം കേട്ടാൽ ശാസ്ത്രം അവരുടേതാണെന്ന് തോന്നും. മാനവസേവയുടേതാകേണ്ട ശാസ്ത്രത്തെ വഞ്ചനയുടെതും ചൂഷണത്തിന്റേതുമാക്കുകയെന്ന സേവനമല്ലാതെ മറ്റൊന്നും ശാസ്ത്രത്തിനുവേണ്ടി ചെയ്യാത്തവർ. മതത്തെ അടിക്കാനുള്ള വടിയായി മാത്രം ശാസ്ത്രത്തെ ഉപയോഗിച്ച് ശീലിച്ചവർ !!

കോവിഡിൽ നിന്ന് നമ്മെ രക്ഷിക്കുവാൻ ശാസ്ത്രമേയുള്ളൂവെന്ന് പറയുന്നവരോട് ചോദിക്കട്ടെ; ഏത് ശാസ്ത്രത്തെയാണ് നിങ്ങൾ രക്ഷയ്ക്കായി ശരണം വിളിക്കുന്നത്? തങ്ങളെ തീറ്റിപ്പോറ്റുന്നവർക്ക് എതിരാണെന്ന് തോന്നുന്നവരെയെല്ലാം കൊന്നൊടുക്കാനായി തന്ത്രങ്ങൾ മെനയുന്ന ശാസ്ത്രത്തെയോ? യജമാനന്മാർ നൽകുന്ന ചില്ലിക്കാശിനുവേണ്ടി ബയോപ്രിപ്പേറാറ്റുകളിലിരുന്ന് മനുഷ്യരെ നരകിപ്പിക്കാനുള്ള രോഗാണുനിർമ്മാണത്തിനുള്ള ഗവേഷങ്ങളിലേർപ്പെടുന്ന ശാസ്ത്രത്തെയോ? പാലു തരുന്നവരെ സുഖിപ്പിക്കുന്നതിന് മാത്രമായി ഓസോൺ പാളിയെന്ന ഭൗമകവചത്തെ തകർക്കുന്ന രീതിയിലുള്ള കണ്ടുപിടുത്തങ്ങൾ നടത്തി ഭൂമിയെ ജീവരഹിതമാക്കാൻ പണിയെടുക്കുന്ന ശാസ്ത്രത്തെയോ? തലമുറകളിലേക്ക് നീളുന്ന ദുരിതങ്ങൾ സമ്മാനിക്കുന്ന പുതിയ പുതിയ ന്യൂക്ലിയർ ആയുധങ്ങൾ നിർമ്മിക്കാൻ പരീക്ഷണങ്ങളിലേർപ്പെട്ട ശാസ്ത്രത്തെയോ? ആഡംബരങ്ങൾക്കും അഹങ്കാരപ്രകടനങ്ങൾക്കുമായി മാത്രം കടലിനേയും കരയെയും മലിനപ്പെടുത്തുന്ന യന്ത്രങ്ങൾ നിർമ്മിച്ച് നൽകുന്ന ശാസ്ത്രത്തെയോ? ഒരു വശത്തിരുന്ന് രോഗകാരികളെയും മറുവശത്തിരുന്ന് അവയുടെ ഔഷധങ്ങളെയുമുണ്ടാക്കി ജനങ്ങളെ നരകിപ്പിച്ച് കുത്തകകൾക്ക് സമ്പത്തുണ്ടാക്കിക്കൊടുക്കുന്ന ശാസ്ത്രത്തെയോ?

ഇതൊന്നുമല്ല ശാസ്ത്രമെന്ന് കരുതുന്ന നിഷ്കളങ്കരോട് വിനീതമായി പറയാനുള്ളത് പ്രഗൽഭ രാഷ്ട്രീയമനഃശാസ്‌ത്രജ്ഞനും പ്രസിദ്ധ ഭാരതീയ സാമൂഹ്യശാസ്ത്രഗവേഷണ സ്ഥാപനമായ സിഎസ് ഡിഎസിന്റെ (Centre for the Study of Developing Societies- CSDS) മുൻ ഡയറക്ടറുമായ ആശിഷ് നന്ദി എഡിറ്റു ചെയ്ത ‘ശാസ്ത്രം, അധീശത്വം, അതിക്രമം; ആധുനികതക്കൊരു ചരമഗീതം’ (Science, Hegemony and Violence: A Requiem for Modernity) എന്ന പുസ്തകമൊന്നു വായിച്ചുനോക്കൂവെന്ന് മാത്രമാണ്. നമുക്ക് സൗകര്യങ്ങൾ നൽകുന്ന ശാസ്ത്രത്തെ മാത്രമേ നമുക്കറിയൂവെന്നും പ്രസ്തുത സൗകര്യങ്ങളുടെ മറവിൽ ദുരിതങ്ങൾ സമ്മാനിക്കുകയും ചൂഷണം നടത്തുകയും ചെയ്യുന്ന ശാസ്ത്രത്തെ നാം അറിയാനിരിക്കുന്നതേയുള്ളൂവെന്നുമുള്ള വസ്തുത വിവിധ രംഗങ്ങളിൽ പ്രഗത്ഭരായ ഏഴുപേരുടെ ഈ പുസ്തകത്തിലുള്ള എട്ട് ലേഖനങ്ങൾ നിങ്ങളെ ബോധ്യപ്പെടുത്തും. പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ട 1989 നു ശേഷമുള്ള മൂന്നു പതിറ്റാണ്ടുകൾക്കകത്ത് ശാസ്ത്രമെത്ര വളർന്നുവെന്ന് നമുക്കറിയാം; പക്ഷെ ശാസ്ത്രത്തിന്റെ സാങ്കേതികത്വമുപയോഗിച്ചുണ്ടാക്കുന്ന ദുരിതങ്ങളും അതുപയോഗിച്ച് നടത്തുന്ന ചൂഷണങ്ങളും അതിനേക്കാളേറെ വർധിച്ചിട്ടുണ്ടെന്ന സത്യം നമുക്കറിയില്ല. കോവിഡിനെക്കുറിച്ച അമേരിക്കൻ- ചൈന ആരോപണ-പ്രത്യാരോപണങ്ങൾക്കിടയിലെങ്കിലും നമുക്കത് മനസ്സിലാകേണ്ടതാണ്.

ശാസ്ത്രം വേണ്ടെന്നാണോ താങ്കൾ സമർത്ഥിക്കാൻ ശ്രമിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം ‘അല്ലേയല്ല’ എന്നാണ്. സൃഷ്ടിപ്രപഞ്ചത്തെക്കുറിച്ച വസ്തുനിഷ്ഠമായ പഠനവും അതുപയോഗിച്ച് വളർത്തിയെടുക്കുന്ന സാങ്കേതികജ്ഞാനവും വേണ്ടെന്ന് പറയുന്നതെങ്ങനെ?! ചിന്താമണ്ഡലത്തെ വികസിപ്പിക്കുകയും നാഗരികതകളെ പരിപോഷിപ്പിക്കുകയും ജീവിതത്തെ വർണാഭവുമാക്കുന്ന വൈജ്ഞാനികസമ്പത്തിനെ നിഷേധിക്കുവാൻ ആർക്കാണ് കഴിയുക?! ശാസ്ത്രം നൽകിയ പേനയുപയോഗിച്ച് ശാസ്ത്രം തന്നെ നൽകിയ കടലാസിൽ ശാസ്ത്രനിഷേധം കോറിയിടുവാൻ മാത്രം കൃതഘ്നനാവാൻ കഴിയുന്നതെങ്ങനെ?!

ശാസ്ത്രത്തെയല്ല, ‘ദൈവം വേണ്ട; ശാസ്ത്രം മതി’യെന്ന ‘ശാസ്ത്രമാത്രവാദ'(scientism)ത്തെയാണ് ഇവിടെ വിചാരണ ചെയ്യുന്നത്. ശാസ്ത്രം മാത്രം മതിയെന്നുള്ളവർക്ക് ശാസ്ത്രം തന്നെയാണ് മൂല്യവും ധാർമ്മികതയുമെല്ലാം നിർണ്ണയിക്കുന്നത്. മറ്റേതൊരു മാനവികമേഖലകളെയും പോലെ ശാസ്ത്രത്തിനും സ്വന്തമായി മൂല്യമാകാനോ മൂല്യം നിർമിക്കാനോ കഴിയില്ല. ശാസ്ത്രം നിർമ്മിക്കുന്നുവെന്ന് പറയുന്ന മൂല്യങ്ങളാവുക സ്വാഭാവികമായും അതുപയോഗിക്കുന്നവരുടെ മൂല്യങ്ങളായിരിക്കും. സാമ്രാജ്യത്വശാസ്ത്രത്തിന്റെ ധാർമ്മികതയും കമ്മ്യൂണിസ്റ്റ് ശാസ്ത്രത്തിന്റെ ധാർമ്മികതയും രണ്ടാവുന്നത് അതുകൊണ്ടാണ്. ശാസ്ത്രമാത്രവാദം അപകടകരമാവുന്നത് അത് ശാസ്ത്രത്തെ ചൂഷകന്മാർക്ക് വിട്ടുകൊടുക്കുന്നുവെന്നതുകൊണ്ടാണ്. ശാസ്ത്രത്തിന്റെ ജോലി e=mc2 എന്ന സിദ്ധാന്തമുണ്ടാക്കുക മാത്രമാണ്. അതുകൊണ്ട് ബോംബുണ്ടാക്കണമോ വൈദ്യുതി നിർമ്മിക്കണമോയെന്ന് തീരുമാനിക്കുന്നത് അതുപയോഗിക്കുന്നവരാണ്. ശാസ്ത്രമാത്രവാദത്തിന് അവരെ ശരിയിലൂടെ നയിക്കാൻ കഴിയില്ല. കോവിഡി19ന് കാരണഭൂതമായ വൈറസിനെ വളർത്തിയത് ചൈനയായാലും അമേരിക്കയായാലും മൂന്നാമതൊരു കൂട്ടരാണെങ്കിലും യഥാർത്ഥത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത് ശാസ്ത്രമാത്രവാദമാണ്; അതിന്റെ ബീജമായ നാസ്തികതയാണ്.

ശാസ്ത്രമാത്രവാദം എന്ന പ്രത്യയശാസ്ത്രം മാനവികതക്ക് മാത്രമല്ല, ശാസ്ത്രത്തിന് പോലും അപകടകരമാണെന്ന സത്യം അതിന്റെ പ്രചാരകരായിരുന്നവർ തന്നെ തിരിച്ചറിയുകയും അതേക്കുറിച്ച് പറയുകയും ചെയ്തിട്ടുണ്ട്. ഒരു കാലത്ത് ശാസ്ത്രമാത്രവാദത്തിന്റെ വലിയ വക്താവായിരുന്ന പാശ്ചാത്യൻ ശാസ്ത്രദാർശനികനും ബെർക്‌ലി യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ തത്വശാസ്ത്രാധ്യാപകനുമായ പോൾ ഫെയറാബെൻഡ് തന്റെ ‘ക്രമീകരണത്തിനെതിരെ: അറിവിന്റെ അരാജകസിദ്ധാന്തത്തിന് ഒരു രൂപരേഖ’ (Against Method: Outline of an Anarchistic Theory of Knowledge) എന്ന പുസ്തകത്തിലൂടെ നാസ്തികരോടാവശ്യപ്പെടുന്നത് നിങ്ങൾ ദയവുചെയ്ത് ശാസ്ത്രത്തെ നിങ്ങളുടെ പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് മുക്തമാക്കുകയും അതിനെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുകയും ചെയ്യണമെന്നാണ്. പ്രസ്ത്യയശാസ്ത്രങ്ങളിൽ നിന്ന് ശാസ്ത്രം സ്വന്ത്രമാവുകയും അറിവിനുള്ള ഒരേയൊരു മാർഗം എന്നതിന് പകരം അറിവിനുള്ള പല മാർഗങ്ങളിലൊന്നായി ശാസത്രം വ്യവഹിരിക്കപ്പെടുകയും ചെയ്‌താൽ മാത്രമേ അത് സ്വയം വളരുകയുള്ളൂവെന്നും അതിന് അതിന്റെ ധർമ്മം നിർവ്വഹിച്ച് നിലനിൽക്കാനാവൂയെന്നും അദ്ദേഹം സമർത്ഥിക്കുന്നു. ശാസ്ത്രം ശാസ്ത്രത്തിന്റെ പണിയെടുത്താൽ മതി, മതമായിത്തീരേണ്ടതില്ല എന്നർത്ഥം.

ശാസ്ത്രം തന്നെയാണ് ദൈവമെന്ന ശാസ്ത്രമാത്രവാദവും പ്രപഞ്ചസ്രഷ്ടാവിന്റെ സർഗവൈവിധ്യങ്ങളെക്കുറിച്ച അന്വേഷണമായി ശാസ്ത്രത്തെ കാണുന്ന മതവും തമ്മിലാണ്, ശാസ്ത്രവും മതവും തമ്മിലല്ല ദർശനങ്ങളുടെ ലോകത്ത് സംഘട്ടനം നടക്കുന്നതെന്ന് മനസ്സിലാക്കിയാണ് മത-ശാസ്ത്ര ദ്വന്ദത്തെപ്പറ്റി വാചാലരാകുന്നവർ കാര്യങ്ങളെ അപഗ്രഥിക്കേണ്ടത്. ശാസ്ത്രമാത്രവാദം ശാസ്ത്രത്തിന് തന്നെ അപകടകരമാണെന്ന് പോൾ ഫെയറാബെൻഡിനെപ്പോലെയുള്ള ജ്ഞാനശാസ്ത്രപരമായ അരാജകത്വത്തിന്റെ (Epistemological anarchism) വക്താക്കൾ തന്നെ പറയുമ്പോൾ ഈ രംഗത്തെ മതത്തിന്റെ നിലപാടാണ് ശരിയെന്നതിനുള്ള സാക്ഷ്യമാവുകയാണ് അത് ചെയ്യുന്നത്. മതത്തിന് പറയാനുള്ളത് ശാസ്ത്രം ശാസ്ത്രത്തിന്റെ മേഖലയിൽ പരമാവധി മുന്നോട്ടുപോകട്ടെയെന്നും മതം നൽകുന്ന മൂല്യങ്ങൾ ശാസ്ത്രരംഗത്തുള്ളവർ പാലിക്കട്ടെയെന്നുമാണ്. ഇത് പറഞ്ഞാൽ മതവിശ്വാസികൾ മാത്രമല്ല അക്രമണോല്സുക നാസ്തികതയുടെ വക്താക്കളുടെ ഭത്സനം കേൾക്കേണ്ടി വരിക; ശുദ്ധഭൗതികവാദികളെപ്പോലും അവർ വെറുതെ വിടുകയില്ല. മതത്തിന് അതിന്റേതായ മേഖലയും ശാസ്ത്രത്തിന് അതിന്റേതായ മേഖലയുമുണ്ടെന്നു പറഞ്ഞുവെന്ന ഒറ്റക്കാരണത്താൽ പ്രസിദ്ധ പരിണാമവാദിയായ സ്റ്റീഫൻ ജെ ഗോൾഡിനെ അതിശക്തമായി വിമർശിക്കുന്നുണ്ട്, റിച്ചാർഡ് ഡോക്കിൻസ്. പുറത്തത്തുനിന്നുള്ള മൂല്യങ്ങളൊന്നും സ്വീകരിക്കാത്തതാകണം ശാസ്ത്രമെന്ന് ഒരു വശത്തും‘ചില ആശയങ്ങൾ അതിൽ വിശ്വസിക്കുന്നവരെ കൊല്ലുന്നത് ധാർമികമാക്കിത്തീർക്കുവാൻ പോലും പോന്ന രൂപത്തിൽ അപകടകരമായിരിക്കും’ എന്ന് മറുവശത്തും ഉൽബോധിപ്പിക്കുന്നവരല്ലാതെ മറ്റാരാണ് ലാബറട്ടറികളിൽ തയ്യാറായിക്കൊണ്ടിരിക്കുന്ന കോടികൾക്ക് ദുരിതങ്ങൾ മാത്രം നൽകാനാകുന്ന രോഗകാരികൾക്ക് കാരണം!?

മറ്റേതൊരു മാനവികമേഖലകളെയും പോലെ ശാസ്ത്രരംഗവും ദൈവികമായ മൂല്യങ്ങൾ അനുസരിച്ചുകൊണ്ട് മുന്നോട്ടുപോവുമ്പോൾ മാത്രമേ അത് മാനവികമാവൂയെന്നതാണ് മതത്തിന്റെ നിലപാട്. ശാസ്ത്രം ഇന്നുകാണുന്ന രൂപത്തിൽ പണം കായ്ക്കുന്ന വൃക്ഷമായത് മതത്തിന്റെ ഈ നിലപാട് സ്വീകരിച്ചവർ ശാസ്ത്രത്തെ വളർത്തിക്കൊണ്ട് വന്നതുകൊണ്ടാണെന്ന ചരിത്രം മുകളിൽ പറഞ്ഞത് കേവലം ഉട്ടോപ്യയല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ആകാശഭൂമികളെയും ജൈവലോകത്തെയും യഥാരൂപത്തിൽ മനസ്സിലാക്കിക്കൊണ്ട് പടച്ചവനെ അറിഞ്ഞ് ആരാധിക്കുവാൻ ആഹ്വാനം ചെയ്ത ഖുർആനിന്റെയും ഭൂമിയിലുള്ളവരോട് കരുണ കാണിച്ചുകൊണ്ട് പടച്ചവന്റെ കാരുണ്യ നേടിയെടുക്കുവാൻ ശ്രമിക്കണമെന്ന് പഠിപ്പിച്ച മുഹമ്മദ് നബിയുടെയുംﷺ ആഹ്വാനങ്ങളിൽ പ്രചോദിതരായവരാണ് പഠനത്തിനും ഗവേഷണത്തിനുമെല്ലാം ത്യാഗമാവശ്യമായിരുന്ന കാലത്ത് ശാസ്ത്രത്തെ വളർത്തിക്കൊണ്ടു വന്നത്. രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ജാബിർ ബ്നു ഹയ്യാൻ, പ്രകാശികത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹസൻ ബ്നുൽ ഹൈത്തം, ശസ്ത്രക്രിയയുടെ പിതാവായി അറിയപ്പെടുന്ന അബുൽ ഖാസിം അസ്സഹ്റാവി, ഗണിതത്തിൽ അൽഗോരിതം ആദ്യമായി ഉപയോഗിക്കുക വഴി കമ്പ്യൂട്ടർ സയൻസിന്റെ പിതാമഹൻ എന്നും ആൾജിബ്രയുടെ നിർമ്മാണം വഴി ആധുനിക ശാസ്ത്രത്തിലെ സൂത്രവാക്യങ്ങളുടെയെല്ലാം പിതാവ് എന്നും വിശേഷിപ്പിക്കപ്പെടുന്ന മുഹമ്മദ് ബിൻ മൂസ അൽഖവാരിസ്മി, ത്രികോണമിതിയുടെ പിതാവായി അറിയപ്പെടുന്ന നാസിറുദ്ദീനുത്തൂസി, ചരിത്രരചാനാശാസ്ത്രത്തിന്റെ പിതാവായി വ്യവഹരിക്കപ്പെടുന്ന ഇബ്നു ഖൽദൂൻ… ഇങ്ങനെ എത്രയെത്ര ശാസ്ത്രശാഖകളുടെ പിതാക്കൾ. അവർക്കൊന്നും ശാസ്ത്രം പണം കായ്ക്കുന്ന സ്വർണമരമായിരുന്നില്ല; ജനസേവനത്തിനുള്ള ഉപാധിയായിരുന്നു; സഹജീവികളോട് കാരുണ്യം കാണിച്ചുകൊണ്ട് സർവ്വശക്തന്റെ കാരുണ്യം നേടിയെടുക്കുന്നതിനുള്ള മാർഗം.

മതത്താൽ മാനവവൽക്കരിക്കപ്പെട്ട വിജ്ഞാനീയങ്ങളുടെ അധിപതികളായിരുന്ന മധ്യകാല മുസ്‌ലിം ശാസ്ത്രജ്ഞരിൽ നിന്നാണ് യൂറോപ്പ് ശാസ്ത്രം പഠിച്ചത്. രോഗങ്ങളെയും ഔഷധങ്ങളെയും കുറിച്ച് വിവരിക്കുന്ന അന്നത്തെ മെഡിക്കൽ സർവ്വ വിജ്ഞാനകോശം എന്ന് വിശേഷിപ്പിക്കാവുന്ന ഇബ്നു റുശ്ദിന്റെ ‘അൽ കുല്ലിയാത്തു ഫി ത്വിബ്ബ്‌’ എന്ന ഗ്രന്ഥമാണ് ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ട് ‘കൊള്ളിജെറ്റ്’ (Colliget) എന്ന തലക്കെട്ടോടെ പതിനാറാം നൂറ്റാണ്ട് വരെ യൂറോപ്പിലെ സർവ്വകലാശാലകളിൽ പഠിപ്പിച്ചിരുന്നത്. ഗ്രീക്ക്-ഇന്ത്യൻ-ചൈനീസ് ചികിത്സാരീതികളെക്കുറിച്ച് അവഗാഹമായി പഠിച്ച ശേഷം തന്റേതായ ഒരു ചികിത്സാശാസ്ത്രമുണ്ടാക്കിയ ഇബ്നു സീനയുടെ ‘അൽ കാനൂനു ഫി ത്വിബ്ബ്‌’ എന്ന ചികിത്സാ വിജ്ഞാനശാസ്ത്രം ‘കാനോൻ മെഡിസിനായി’ (Canon medicinae) എന്ന പേരിൽ ലാറ്റിനിലേക്കും ‘ദി കാനോൻ ഓഫ് മെഡിസിൻ’ (The Canon of Medicine) എന്ന പേരിൽ ഇംഗ്ലീഷിലേക്കും പിന്നെ ഹിബ്രുവിലേക്കുമെല്ലാം ഭാഷാന്തരം ചെയ്തുകൊണ്ട് ചികിത്സാരംഗത്തെ ചോദ്യം ചെയ്യപ്പെടാത്ത ഗ്രന്ഥമായി പത്തൊമ്പതാം നൂറ്റാണ്ട് വരെ ലോകമെങ്ങും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഗോളശാസ്ത്രരംഗത്തെ ആധുനിക വിപ്ലവത്തിന് തിരികൊളുത്തിയ കോപ്പർ നിക്കസിന്റെ ‘ആകാശഗോളങ്ങളുടെ പരിക്രമണങ്ങളെപ്പറ്റി’ (De revolutionibus orbium coelestium- On the Revolutions of the Heavenly Spheres) എന്ന ഗ്രന്ഥത്തിലെ അബൂ അബ്ദുല്ല അൽബത്താനിയുടെ ‘കിത്താബു സ്സീജി’ൽ നിന്നുള്ള ഇരുപത്തിമൂന്നിൽ കുറയാത്ത ഉദ്ധരണികളിൽ നിന്ന് ആധുനിക ഗോളശാസ്ത്രം മുസ്‌ലിം ഗോളശാസ്ത്രഞ്ജന്മാരോട് എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാവും. നൂറുദ്ദീനുൽ ബിത്തുർജിയുടെ ‘കിത്താബൽ ഹൈഅ’ ലാറ്റിനിലേക്കും പിന്നെ ഇംഗ്ലീഷിലേക്കും Book of Cosmology എന്ന തലക്കെട്ടിൽ പരിഭാഷപ്പെടുത്തിയപ്പോഴാണ് ടോളമിയുടെ പ്രപഞ്ചസങ്കല്പത്തിലെ പിഴവുകൾ യൂറോപ്പിന് മനസ്സിലാകാൻ തുടങ്ങിയത്. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ!!!

കുരിശുയുദ്ധങ്ങളിലൂടെ മുസ്‌ലിംലോകത്തെ തകർത്തതിന് ശേഷം അവിടെയുണ്ടായിരുന്ന വൈജ്ഞാനിക സമ്പത്തുമായി യൂറോപ്പ് ശാസ്ത്രരംഗത്തേക്ക് കടന്നതോടെ പടച്ചവന്റെ മാർഗ്ഗദർശനപ്രകാരം സഹജീവികൾക്ക് ചെയ്യുന്ന സേവനമായിരിക്കണം ശാസ്ത്രമെന്ന മധ്യകാല ശാസ്ത്രജ്ഞരുടെ ദർശനം കാറ്റിൽ പറത്തപ്പെട്ടു. ലോകം തങ്ങൾക്ക് ചൂഷണം ചെയ്യാനുള്ളതാണെന്ന യൂറോപ്പിന്റെ കൊളോണിയൽ മനഃസ്ഥിതി തന്നെയായി ആധുനിക ശാസ്ത്രത്തിന്റെയും ആധാരം. ‘നവോത്ഥാന’ത്തോടെ യൂറോപ്യൻ ശാസ്ത്രത്തിന്റെയും ജീവിതക്രമത്തിന്റെയും നട്ടെല്ലായി നാസ്തികത മാറി. മതവും ധാർമ്മികതയും ദൈവവിശ്വാസവുമെല്ലാം ആവശ്യമെങ്കിൽ ആരാധനാലയങ്ങളിൽ മാത്രം ഒതുങ്ങേണ്ടതാണെന്നും സാമ്പത്തികരംഗത്തേക്കും ശാസ്ത്രരംഗത്തേക്കുമൊന്നും അതിന് പ്രവേശനമില്ലെന്നുമുള്ള മതേതരത്വം ആധുനികജീവിതക്രമത്തിന്റെ ആധാരമായിത്തത്തീർന്നു. അതോട് കൂടിയാണ് ശാസ്ത്രത്തിന് മാനവികത നഷ്ടപ്പെട്ടത്. മാനവികത നഷ്ടപ്പെട്ട ശാസ്ത്രമാണ് മാനവരാശി അനുഭവിക്കുന്ന സകല ദുരിതങ്ങളുടെയും കാരണമെന്ന് കുറ്റപ്പെടുത്തുന്നത് ഏതെങ്കിലും മതമൗലികവാദിയല്ല; ആശിഷ് നന്ദിയെപ്പോലെയുള്ള സാമൂഹ്യവിമർശകരാണ്. മാനവികതയുൾക്കൊള്ളുന്നതാകണം ശാസ്ത്രമെന്ന് പറയുന്നവർ ശാസ്ത്രരംഗത്ത് മൂല്യങ്ങളുണ്ടാവേണ്ടതില്ല എന്ന് കരുതുന്നവരെയാണ് യഥാർത്ഥത്തിൽ കുറ്റപ്പെടുത്തുന്നത്. നാസ്തികത തന്നെയാണ് ഇവിടെ പ്രതിക്കൂട്ടിൽ നിൽക്കുന്നത്.

കോവിഡിന്റെ വ്യാപനത്തെ തടയാനും രോഗികളെ സുഖപ്പെടുത്താനും രോഗം വരാതിരിക്കുവാനുള്ള വാക്‌സിനുകൾ കണ്ടെത്തുവാനുമെല്ലാം ശ്രമിക്കേണ്ടത് ശാസ്ത്രം തന്നെയാണ്; ശാസ്ത്രത്തിന്റെ പണിയതാണ്. രോഗങ്ങൾക്കുള്ള കാരണങ്ങൾ കണ്ടെത്തി അവയ്ക്കുള്ള മരുന്നുണ്ടാക്കാൻ ശ്രമിക്കുക തന്നെയാണ് സൂക്ഷ്മാണുശാസ്ത്രത്തിന്റെ(Microbiology) പ്രധാന ദൗത്യം. അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു വരുന്നുമുണ്ട്. “എല്ലാ രോഗങ്ങൾക്കും ഔഷധമുണ്ട്; അസുഖത്തിനുള്ള മരുന്ന് ഉപയോഗിക്കുമ്പോൾ അല്ലാഹുവിന്റെ അനുമതിയോട് കൂടി അത് സുഖപ്പെടുന്നു” (സ്വഹീഹ് മുസ്‌ലിം) എന്നും “ഒരു രോഗത്തെയും അല്ലാഹു സൃഷ്ടിച്ചിട്ടില്ല; അതിന്റെ ഔഷധത്തെക്കൂടി അവൻ സൃഷ്ടിച്ചിട്ടല്ലാതെ”(സ്വഹീഹുൽ ബുഖാരി) എന്നും പഠിപ്പിച്ച മുഹമ്മദ് നബിയുടെﷺ സത്യതയിൽ വിശ്വസിക്കുന്നവർ കോവിഡി-19 നും മരുന്നുണ്ടാകുമെന്നും അത് കണ്ടുപിടിക്കാൻ ശ്രമിക്കേണ്ടത് ആ രംഗത്ത് കഴിവുള്ളവരുടെ ഉത്തരവാദിത്തമാണെന്നും തന്നെയാണ് വിശ്വസിക്കുന്നത്. “രോഗത്തെയും അതിന്റെ ഔഷധത്തെയും ഇറക്കിയത് അല്ലാഹുവാണ്; രോഗങ്ങൾക്കെല്ലാം അവൻ ഔഷധത്തെയും നിശ്ചയിച്ചിട്ടുണ്ട്; അതിനാൽ രോഗങ്ങളെ നിങ്ങൾ ചികില്സിക്കുക; അനുവദിക്കപ്പെടാത്ത മാർഗങ്ങളെ ഒഴിവാക്കുക” (അബൂദാവൂദ്) എന്ന നബിയുപദേശമാണ് ഇത്തരം സന്നിഗ്ധഘട്ടങ്ങളിൽ വിശ്വാസിയ്ക്ക് മാർഗ്ഗദർശനമാകേണ്ടത്. സർവ്വരോഗചികിത്സകരായി ചമയുന്ന ആൾദൈവങ്ങളും രോഗശാന്തിശുശ്രൂഷകരും ആത്മീയവ്യാപാരികളുമെല്ലാം അടക്കം കൊറോണാഭീതിയിൽ തങ്ങളുടെ പണി നിർത്തുമ്പോൾ പ്രവാചകന്റെﷺ അനുയായികൾ ചികിത്സ പ്രോത്സാഹിപ്പിക്കുകയും മരുന്നന്വേഷിക്കുകയും അത് കണ്ടെത്താൻ ശ്രമിക്കുകയും അങ്ങനെ ശ്രമിക്കുന്നവർക്ക് താങ്ങായി നിൽക്കുകയും ചെയ്യേണ്ടവരാണ്.

മരുന്നിനുവേണ്ടിയുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും നടക്കുന്നതിന്റെ സന്തോഷം പങ്കിടുകയും അതിന്നു ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ തന്നെ മാനവികതക്ക് വേണ്ടിയാകണം ശാസ്ത്രമെന്ന് വാദിക്കുന്നവരെ ഭയപ്പെടുത്തുന്ന ചില കാര്യങ്ങളുമുണ്ട്. ഉണ്ടാക്കാൻ പോകുന്ന മരുന്നുകൾ മൂന്നാം ലോകത്തിന്റെ നട്ടെല്ലൊടിക്കാൻ പോന്നതാകുമോയെന്നതാണ് ഭയം. രോഗത്താൽ സാമ്പത്തികമായി തകർന്നുകിടക്കുന്ന രാജ്യങ്ങളുടെ മേൽ വലിയ സാമ്പത്തികഭാരം കയറ്റിവെച്ച് അവരെ അടിമപ്പെടുത്തുവാനുള്ള പുതിയ തന്ത്രങ്ങൾ മുതലാളിത്തത്തിന്റെ പണിപ്പുരയിൽ നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടോയെന്ന ആശങ്ക. മരുന്നിന് വേണ്ടിയുള്ള ഗവേഷണങ്ങൾക്ക് കൂടിയുള്ള പണം മുഴുവനായും രോഗികളിൽ നിന്ന് ഈടാക്കണമെന്ന സ്വാതന്ത്രവിപണിയുടെ ധാർമ്മികത തന്നെ ഇവിടെയും പ്രയോഗവൽക്കരിക്കുകയാണെങ്കിൽ മഹാസമ്പന്നർക്ക് മാത്രമേ മരുന്ന് കണ്ട് പിടിച്ചാൽ പോലും അത് സ്വീകരിച്ചുകൊണ്ട് രോഗമുക്തി നേടാനാവൂ.

ഹെപ്പറ്റിറ്റിസ് ബി വൈറസിനെ തുരത്താനുള്ള മരുന്നുകൾ ഉദാഹരണം. രണ്ട് മരുന്നുകളാണ് ഇതിന്നായി അമേരിക്കയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. sofosbuvirന്റെയും velpatasvirന്റെയും സംയുക്തമായ Epclusaയും ledipasvirന്റെയും sofosbuvir ന്റെയും സംയുക്തമായ Harvoniയും. കാലിഫോർണിയയിലെ Gilead Sciences നിർമ്മിച്ച ഒന്നാമത്തെ മരുന്ന് പന്ത്രണ്ട് ആഴ്ചയുടെ ഡോസിന് 113,400 ഡോളറും രണ്ടാമത്തെ മരുന്നിന് 89,712 ഡോളറുമാണ് ചെലവ്. 85 ലക്ഷം രൂപയോ 68 ലക്ഷം രൂപയോ മുടക്കാൻ കഴിയുന്നവർക്ക് മാത്രമേ ഹെപ്പറ്റിറ്റിസ് ബി വന്നാൽ മരുന്നിലൂടെ രക്ഷപ്പെടാനാവൂയെന്നർത്ഥം. യഥാർത്ഥത്തിൽ ഇവയുടെ നിർമ്മാണച്ചെലവ് നൂറ് ഡോളറിനും 250 ഡോളറിനുമിടയിലേ വരൂ. മരുന്ന് ഗവേഷണത്തിനും വികസനത്തിനുമുള്ള ചെലവായാണ് ബാക്കി പണമെല്ലാം രോഗിയിൽ നിന്ന് ഈടാക്കുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം. ബൗദ്ധിക സ്വത്തവകാശ നിയമങ്ങളുള്ളതിനാൽ (Intellectual property laws) ഇവ മറ്റാർക്കും നിർമ്മിക്കാനും കഴിയില്ല. രോഗം ചൂഷണത്തിനുള്ള ഉപാധിയായിത്തീരുന്നതാണ് ഇവിടെ നാം കാണുന്നത്. മുതലാളിത്തത്തിന്റെ ഇവ്വിഷയകമായ ന്യായീകരണങ്ങളെല്ലാം ശാസ്ത്രം മാനവവിരുദ്ധമാകുന്നതിനുള്ള ഉദാഹരണങ്ങളാണ്.

ഇതേപോലെയാണ് കോവിഡി19 നും കണ്ടുപിടിക്കുന്ന മരുന്നിന്റെ സ്ഥിതിയെങ്കിൽ അതുകൊണ്ട് സാധാരണക്കാർക്ക് പ്രയോജനങ്ങളൊന്നും ഉണ്ടാകാൻ പോകുന്നില്ല. മൂന്നാം ലോകത്തിന്റെ നട്ടെല്ലൊടിക്കാനുള്ള മറ്റൊരു ഉപാധിയായി മാത്രമായിത്തീരും അപ്പോൾ ആ ഔഷധം. എല്ലാം പണമുണ്ടാക്കാനുള്ളതാണ് എന്ന മുതലാളിത്തത്തിന്റെ ധാർമ്മികത നിലനിൽക്കുന്ന ശാസ്ത്രലോകത്ത് നിന്ന് അതുതന്നെയാണ് ലോകം പ്രതീക്ഷിക്കേണ്ടത്. മാനവവൽക്കരിക്കപ്പെട്ട ശാസ്ത്രത്തിന് മാത്രമേ മനുഷ്യരെ രക്ഷിക്കാനാവൂയെന്ന് പറയുന്നത് അതുകൊണ്ടാണ്. ധാർമ്മികതയുൾക്കൊള്ളുന്ന ശാസ്ത്രം; ആ ശാസ്ത്രത്തിലാണ് ലോകത്തിന്റെ പ്രതീക്ഷ. ശാസ്ത്രമാത്രവാദത്തിൽ നിന്ന് മുക്തമായ ആ ശാസ്ത്രത്തിന് മാത്രമേ ലോകത്തെ സേവിക്കാനാവൂ; ഭൂമിയിലുള്ളവരോട് കരുണ കാണിച്ച് കൊണ്ട് ഉപരിയിലുള്ളവന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരുടെ ശാസ്ത്രത്തിന്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

5 Comments

  • തികഞ്ഞ ബോധ്യത്തോടെയുളള പ്രത്യാക്രമണവും അതിലുപരി കൃത്യമായ നിലപാട് വ്യക്തമാക്കിയുളള പരിസമാപ്തിയും. ലേഖനം ഗംഭീരം

    Muhammed issa 26.03.2020
  • Good article

    Sharafuddin 26.03.2020
  • Good Article

    Jamal TM 27.03.2020
  • ماشاء الله م

    nishad 31.03.2020
  • ബുദ്ധി അടച്ചു പൂട്ടി വെച്ച് ശാസത്രത്തെ
    ദൈവമാക്കി കാണുന്നവരാണ് ശാസ്ത്ര മാത്ര വാദക്കാർ. എന്നാൽ ആ ശാസ്ത്രം വികസിപ്പിച്ചെടുക്കുന്ന ശാസ്ത്രജ്ഞൻമാരിൽ 99 ശതമാനവും ഏതെങ്കിലും മതത്തിലുള്ള വിശ്വാസികളൂം.
    ഫലത്തിൽ വിശ്വാസികളായ ശാസത്രജ്ഞൻ മാർ ഇവരുടെ ആൾദൈവങ്ങളല്ലേ .

    മധ്യകാലഘട്ടത്തിൽ, ഇന്നത്തെ ശാസ്ത്രത്തിന്റെ ആവിർഭാവ ഘട്ടത്തിൽ
    മുസ്ലിംകളായിരുന്നു കണ്ടു പിടിത്തങ്ങളുടെ തലപ്പത്ത് ഉണ്ടായിരുന്നത്. പിന്നീട് അത് നിലച്ചു. എന്തു പറ്റി. ??
    ഇസ്ലാം പള്ളിക്കകത്ത് ഒതുങ്ങേണ്ട ഒന്നാക്കി ആരുടെയൊക്കെ ഒളി അജണ്ട വിജയിപ്പിച്ചെടുത്തതിൽ അക്കാലത്തെ
    മുസ്ലിം ഭരണാധികാരികളും പണ്ഡിതൻമാരും ഭാഗവാക്കായിട്ടില്ലേ. കർമശാസ്ത്രമാണ് ദീനിന്റെ എല്ലാമെല്ലാമാണെന്ന് വരുത്തിത്തീർത്ത് അതിന്റെ നൂലിഴ സസൂക്ഷമം അഴിച്ചുമാറ്റ ലും , പിരിക്കലുമായി മുസ്ലിം സമൂഹം കാലം കഴിച്ചു. വിശ്വാസമടക്കമുള്ള മറ്റ് ജ്ഞാന
    മേഖലകളെ ഇത് സാരമായി ബാധിച്ചു.
    ശത്രു വിന്റെ അജണ്ട ജയിച്ചു. ശാസത്രവും
    ഇസ്ലാമും രണ്ട് ധ്രുവങ്ങലിണാണെന്ന് തെറ്റിധരിപ്പിച്ചു.
    യഥാർത്ഥത്തിൽ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നത് ഇസ്ലാമും, ശാസത്ര മാത്ര
    വാദവുമാണ്.

    അബൂട്ടി മാസ്റ്റർ 01.04.2020

Leave a Reply to Muhammed issa Cancel Comment

Your email address will not be published.