കോവിഡ് 19 – ചില പോസിറ്റീവ് ചിന്തകൾ

//കോവിഡ് 19 – ചില പോസിറ്റീവ് ചിന്തകൾ
//കോവിഡ് 19 – ചില പോസിറ്റീവ് ചിന്തകൾ
ആനുകാലികം

കോവിഡ് 19 – ചില പോസിറ്റീവ് ചിന്തകൾ

ഥാർത്ഥ ലോകത്ത് നിന്നും യാതൊരു ബന്ധവുമില്ലാത്ത മാസ്മരികതയുടെ, സ്വപ്ന ലോകത്തിൽ കടിഞ്ഞാണില്ലാതെ പാഞ്ഞപ്പോൾ മനുഷ്യർ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇങ്ങനെയെല്ലാം വന്നു ഭവിക്കുമെന്ന്. കുതിച്ചു പായുന്ന ഒരു വാഹനം പെട്ടെന്ന് നിർത്തുമ്പോൾ അതിലുള്ള യാത്രക്കാർ ആടിയുലയാറുണ്ട്, അത് പോലെ അവനിന്ന് ആടിയുലയുകയാണ്. അവന്റെ എല്ലാ അഹങ്കാരങ്ങളും എത്ര പെട്ടെന്നാണ് ഈ ഇത്തിരി കുഞ്ഞൻ കൊറോണ വൈറസ് നിർത്തലാക്കിയത്.

കഅ്ബ പൊളിക്കാൻ ആനപ്പടയുമായി അലറി വിളിച്ചു വന്ന അബ്രഹത്തിനെയും കൂട്ടരെയും അബാബീൽ എന്ന ചെറിയ പക്ഷികളെ കൊണ്ട് നാമാവശേഷമാക്കിയ സർവ്വ ശക്തന് ഇതെല്ലാം നിസ്സാരം. പർവ്വതങ്ങളെ തങ്ങളുടെ ചൊൽപ്പിടിയിലൊതുക്കി വീടുകൾ നിർമ്മിച്ചിരുന്ന സമൂദ് ഗോത്രത്തെ അവരുടെ അഹങ്കാരം നിമിത്തം ഒരു ഘോര ശബ്ദം കൊണ്ട് ഒന്നുമല്ലാതാക്കി തീർത്ത സൃഷ്‌ടി കർത്താവിന് തങ്ങളെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് വിശ്വസിച്ച് ആർമാദിച്ചു നടന്നിരുന്ന ഇന്നിന്റെ മർത്യൻ എത്ര വിഡ്ഢിയായിരുന്നു.

ഒരിക്കലെങ്കിലും ആരെങ്കിലും വിചാരിച്ചിരുന്നുവോ ഈ രൂപത്തിൽ ഈ ലോകം ആയിത്തീരുമെന്ന്..?
മനുഷ്യന്റെ എല്ലാ ആർഭാടങ്ങളും, പേക്കൂത്തുകളും ഇങ്ങനെ നിലച്ചു പോവുമെന്ന് സ്വപ്നത്തിൽ പോലും ആരും നിരീക്ഷിച്ചിട്ടുണ്ടാവില്ല.

ഒരു വേള ഈ മഹാമാരിക്ക് സമ്പന്നരെ തൊടാൻ സാധിച്ചില്ലായിരുന്നുവെങ്കിൽ ഇത് കുറേ പട്ടിണി പാവങ്ങളുടെ അസുഖമായി ചരിത്രത്തിൽ രേഖപ്പെടുത്തുമായിരുന്നു.

ലക്ഷക്കണക്കിന് ആളുകൾക്ക് പിടിപെട്ടു കൊണ്ടിരിക്കുന്ന ഈ മഹാമാരിക്ക് ചില നല്ല വശങ്ങളും നാം കാണേണ്ടതുണ്ട്. ആർത്തി പൂണ്ട മനുഷ്യർ തങ്ങളുടെ ആവാസങ്ങളിൽ വരാത്തതിനാൽ കാട്ടിലുള്ള പക്ഷി, മൃഗാതികൾ സ്വൈര്യ വിഹാരം നടത്തുകയാണ്. മാലിന്യങ്ങൾ നിക്ഷേപിക്കാത്തതിനാൽ നദികളും, പുഴകളും മാലിന്യമില്ലാതെ കള കളം ഒഴുകിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് വാഹങ്ങളിൽ നിന്നും, വ്യവസായ ശാലകളിൽ നിന്നും വമിക്കുന്ന പുക കൊണ്ട് മലിനമായ അന്തരീക്ഷം ഇന്ന് ഈ ലോക്ക് ഡൌൺ കാരണമായി ശുദ്ധമായി കൊണ്ടിരിക്കുന്നു. കമ്പ്യൂട്ടർ ഹാങ്ങ് ആവുമ്പോൾ റിഫ്രഷ് ചെയ്യുന്നത് പോലെ ഈ പ്രകൃതിയെ അതിന്റെ ഏകനായ സ്രഷ്ടാവ് ശുദ്ധീകരിച്ചു കൊണ്ടിരിക്കയാണ്. ശുദ്ധമായ പ്രകൃതിയെ അവൻ തിരിച്ചു നൽകുന്ന കാലം വിദൂരമല്ല എന്ന ശുഭ പ്രതീക്ഷയാണ് ഇത്തരുണത്തിൽ വേണ്ടത്.

കഴിഞ്ഞ വർഷങ്ങളിൽ ലക്ഷക്കണക്കിന് വാഹന അപകടങ്ങളിൽ ജീവൻ പൊലിയുകയോ, ജീവച്ഛവമായി ജീവിക്കുകയോ ചെയ്തിരുന്നവരുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ അടച്ചു പൂട്ടൽ പലരുടെയും ജീവിതമാണ് രക്ഷപ്പെടുത്തിയതെന്ന് മനസ്സിലാക്കാനാവും. മക്കളും, പേര മക്കളും ഉണ്ടായിട്ടും വൃദ്ധസദനകളിൽ അനാഥരായി കഴിഞ്ഞിരുന്ന പല മാതാ പിതാക്കൾക്കും ഈ ലോക്ക് ഡൌൺ തങ്ങളുടെ ഭവനങ്ങളിലേക്കുള്ള മടക്ക യാത്രയായിരുന്നു. മാതാവും, പിതാവും ജോലിക്കാരായപ്പോൾ നഷ്ട്ടപ്പെട്ട സ്നേഹവും, കരുതലും പല മക്കൾക്കും ഇന്ന് തിരിച്ചു കിട്ടിയിരിക്കുന്നു. പല മാതാ പിതാക്കളും തങ്ങളുടെ അടുത്തിരിക്കാൻ പോലും സമയം കിട്ടാത്ത തന്റെ പ്രിയപ്പെട്ട മക്കളെ തലോടുകയാണ്.

ഒരു ലോക്ക് ഡൗണിനും അവധി ലഭിക്കാത്ത, ആരും ശമ്പളം നൽകാത്ത വീട്ടു ജോലികൾ വല്ലാത്തൊരു കടമ്പയാണെന്ന് ഭർത്താക്കന്മാർക്ക് മനസ്സിലാക്കി കൊടുത്ത ദിവസങ്ങളാണ് കഴിഞ്ഞു പോയത്.

കല്യാണ ആർഭാടങ്ങൾ വർദ്ധിച്ചതും, ഫാസ്റ്റ് ഫുഡ്ഡ് സംസ്ക്കാരം തന്റെ സ്റ്റാറ്റസ് ആക്കിയതും മനുഷ്യർക്ക് ആശുപത്രികൾ തന്റെ വിശ്രമകേന്ദ്രങ്ങളാക്കേണ്ടി വന്നു. ഇന്ന് ആശുപത്രികൾ കാലിയാണ്. പ്രകൃതിയിലെ വിഭവങ്ങൾ തന്റെ തീന്മേശയിൽ സ്ഥാനം പിടിച്ചപ്പോൾ എല്ലാവരും ആരോഗ്യവാന്മാരായി. തങ്ങളുടെ പറമ്പിലെ ചക്കയും, മുരിങ്ങയും തന്റെ അയൽ വീട്ടിലും നൽകി അവൻ ഇന്ന് സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും മാധുര്യമറിയുന്നു. വിശക്കുന്നവന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ പലരും ഇന്ന് മറ്റുള്ളവരുടെ പശിയടക്കാനുള്ള ഓട്ടത്തിലാണ്. “നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക! ആകാശത്തിലുള്ളവൻ നിങ്ങളോട് കരുണ കാണിക്കും” എന്ന പ്രവാചകാദ്ധ്യാപനങ്ങളെ നെഞ്ചേറ്റിയ ദിനങ്ങൾ.

ഇനി വരാനുള്ളത് റമദാനാണ്. പുണ്യങ്ങളുടെ പൂക്കാലം. വീടുകളിൽ തറാവീഹ് നിർവഹിക്കാൻ ഏവരും നിർബന്ധിതരാണ്. ഓരോ വീട്ടിലും ഡോക്ടർമാരും, എൻജിനീയർമാരും മാത്രമല്ല ഒരു ഹാഫിദ് കൂടി ഉണ്ടാവേണ്ടതുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണോ, അതോ ഓരോരുത്തരുടെയും ഖുർആനിലുള്ള അവഗാഹം എത്രത്തോളമുണ്ടെന്ന് സ്വയം വിലയിരുത്തണമെന്ന് പറയാതെ പറയുകയാണോ ഈ കാലഘട്ടം.
പുണ്യ റമദാനിൽ തങ്ങളുടെ ജോലി ഭാരം കൊണ്ട് ആരാധനകളിൽ മുഴുകാൻ സാധിക്കാത്തവർക്ക് കൂടി ഈ വർഷത്തെ റമദാൻ അസുലഭ നിമിഷങ്ങളാണ് സമ്മാനിക്കാൻ പോവുന്നത്.

‎وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ

എന്നാൽ ഗുണകരമായ കാര്യം നിങ്ങൾക്ക് അനിഷ്ടകരമായേക്കാം, ദോഷകരമായത് ഇഷ്ടകരവുമായേക്കാം, അള്ളാഹു അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല.
(സൂറ:അൽ ബഖറ:216)

മനുഷ്യരെ നിന്റെ ഓരോ ശ്വാസവും മരണത്തിലേക്കുള്ള അടുക്കലാണ്. ഇനിയും പശ്ചാത്തപിക്കാൻ വൈകിയാൽ വലിയ വില നൽകേണ്ടി വരുമെന്ന് ഓർമ്മപ്പെടുത്തുന്ന കാലവും നമ്മിൽ നിന്നും കടന്നു പോവുക തന്നെ ചെയ്യും.

print

4 Comments

  • “മനുഷ്യരെ നിന്റെ ഓരോ ശ്വാസവും മരണത്തിലേക്കുള്ള അടുക്കലാണ്. ഇനിയും പശ്ചാത്തപിക്കാൻ വൈകിയാൽ വലിയ വില നൽകേണ്ടി വരുമെന്ന് ഓർമ്മപ്പെടുത്തുന്ന കാലവും നമ്മിൽ നിന്നും കടന്നു പോവുക തന്നെ ചെയ്യും.”

    നന്നായിട്ടുണ്ട് , ജസല്ലള്ളാഹ് ഖൈർ .

    Shafi 21.04.2020
  • مشاءالله

    Abdul jaleel 21.04.2020
  • മാഷാ അല്ലാഹ്..
    സുഹൃത്ത് ആഷിക്കിന്റെ..
    നല്ലൊരു ലേഖനം..
    “വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന് ഒരു ദോഷം ബാധിച്ചാൽ അവൻ ക്ഷമിക്കുന്നു. പ്രാർത്ഥിക്കുന്നു. അവന് ഒരു ഗുണം ലഭിച്ചാൽ അവൻ നന്ദി കാണിക്കുന്നു. അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. രണ്ടായാലും വിശ്വാസിക്ക് ഗുണം തന്നെ.” (മുഹമ്മദ്‌ നബി. സ്വ.)

    mansoor/manoj kalathil 21.04.2020
  • ചിന്താവഹം
    അള്ളാഹുവിന്റെ പരീക്ഷണത്തിന്റെ രണ്ട് വശങ്ങൾ .

    safwan Ibn Abbas 21.04.2020

Leave a comment

Your email address will not be published.