കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -7

//കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -7
//കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -7
ആനുകാലികം

കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -7

കഅ്ബയും പൂട്ടും ! മതം മരിക്കും!!!

7. മക്കയിലും മദീനയിലുമുള്ള ഹറമുകളിൽ അടക്കം ജമാഅത്തുകൾ ഇല്ലാതായതും ഇപ്പോൾ ഹജ്ജ് പരിമിതപ്പെടുത്തിയതുമെല്ലാം ഇസ്‌ലാമും അതിന്റെ ദൈവവിശ്വാസവുമെല്ലാം തകർന്നുകൊണ്ടിരിക്കുന്നുവെന്നതിന്റെ സൂചനകളല്ലേ?

മക്കയിലും മദീനയിലുമെല്ലാം ജുമുഅയും ജമാഅത്തുകളും മുടങ്ങിയാലും ഹജ്ജോ ഉംറയോ മുടങ്ങിയാലും അവിടെയുള്ള പള്ളികൾ നശിച്ചാലുമൊന്നും തകരുന്നതല്ല ഇസ്‌ലാം എന്ന് മനസ്സിലാക്കുവാനുള്ള യുക്തി പോലും യുക്തിവാദികൾ എന്ന സ്വയം വിശേഷിപ്പിക്കുന്നവർക്ക് ഇല്ല. തങ്ങൾക്ക് ഇഷ്ടമില്ലാത്തവയുടെ നാശങ്ങളിലെല്ലാം വന്യമായ സംതൃപ്തി അനുഭവിക്കുന്നത് കൊണ്ടാണിത്. പ്രസ്തുത സംതൃപ്തി മാത്രമാണല്ലോ നാസ്‌തികതക്ക് നൽകാനാവുന്ന ഒരേയൊരു സംഭാവന. മക്കയെയോ മദീനയെയോ മുസ്‌ലിംകളെല്ലാം തിരിഞ്ഞു നമസ്കരിക്കുന്ന മക്കയിലെ കഅ്ബയെയോ ഒന്നുമല്ല മുസ്‌ലിംകൾ ആരാധിക്കുന്നത്, അവയുടെയെല്ലാം സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനെയാണ്. പ്രപഞ്ചം തകരും; ഭൂമിയിലെ എല്ലാം തകരും; അല്ലാഹുവൊഴിച്ച് എല്ലാം നശിക്കും എന്ന് കരുതുന്നവരാണ് മുസ്‌ലിംകൾ. കഅ്ബാലയമടക്കമുള്ള നിർമ്മിതികളുടെയെല്ലാം തകർച്ചയെക്കുറിച്ച് മുഹമ്മദ് നബി (സ) പറഞ്ഞു തന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ അവയുടെ തകർച്ചയെക്കുറിച്ച വിവരങ്ങൾ പോലും വിശ്വാസികളുടെ മതബോധം വർധിപ്പിക്കുക മാത്രമേയുള്ളൂ; നമസ്കാരം നിയന്ത്രിച്ചതും ഹജ്ജ് പരിമിതപ്പെടുത്തിയതുമായ വാർത്തകളും അവരുടെ വിശ്വാസം ഇരട്ടിപ്പിക്കുക മാത്രമേയുള്ളൂ.

ആദം നബി(അ)യുടെ കാലം മുതൽ നില നിൽക്കുന്നതും ഇബ്‌റാഹീം നബി (അ) നിർമ്മിച്ചതുമായ കഅ്ബാലയം പല തവണ തകർന്നിട്ടുണ്ടെന്ന ചരിത്രം മനസ്സിലാക്കുവാനും എന്നിട്ടൊന്നും ഇസ്‌ലാം തകർന്നിട്ടില്ലെന്ന സത്യം ഉൾക്കൊള്ളാനുമെല്ലാം ഇസ്‌ലാംവിരോധത്തിന്റെ കത്തി മൂർച്ചയാക്കുന്നതിനിടയിൽ നാസ്‌തികർക്കെവിടെ നേരം !! കഅ്ബാലയം സന്ദർശിക്കുന്നവർക്കെല്ലാം തന്നെ അത് തകരുന്നത് മതത്തെ ഒരിക്കലും ബാധിക്കാത്തതാണെന്ന് വ്യക്തമാക്കുന്ന അടയാളം അവിടെത്തന്നെ കാണാനാവും. പ്രവാചകന്ന് 35 വയസ്സുള്ള സന്ദർഭത്തിലുണ്ടായ പ്രളയത്തിൽ കഅ്ബ തകർന്നപ്പോൾ ഖുറൈശികൾ അത് പുനർനിർമ്മിച്ചുവെന്നും അപ്പോൾ അവരുടെ പക്കൽ ആവശ്യമായ സമ്പത്ത് ഇല്ലാത്തതിനാൽ നേരത്തേയുണ്ടായിരുന്നതിനേക്കാൾ ചെറുതായാണ് അവർ നിർമ്മിച്ചതെന്നും അപ്പോൾ അവർ ബാക്കിയാക്കിയ സ്ഥലമാണ് ‘ഹത്തീം’ എന്നും ചരിത്രഗ്രന്ഥങ്ങളിൽ കാണാം. ഇക്കാര്യം പ്രവാചകൻ (സ) ശരിവെച്ചതായി അബൂദാവൂദും തിർമിദിയും നസാഇയും ആയിഷ(റ)യിൽ നിന്ന് നിവേദനം ചെയ്ത ഹദീഥിലുമുണ്ട്. കഅ്ബാലയം തകരാം, അത് മുന്നോട്ടുവെക്കുന്ന ആശയം ഒരിക്കലും തകരുകയില്ല എന്ന സന്ദേമാണ് ‘ഹത്തീം’ കഴിഞ്ഞ പതിനാലുനൂറ്റാണ്ടു കാലമായി വിളിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്.

സിറിയൻ പട്ടാളം നശിപ്പിച്ച കഅ്ബാലയം ഹിജ്‌റ 64ൽ അബ്ദുല്ലാഹിബ്നു സുബൈർ പുനർനിർമ്മിച്ചതായും, ഹിജ്‌റ 74ൽ അബ്ദുൽ മലിക്ക് ബ്നു മർവ്വാനിന്റെ കാലത്ത് ഹജ്ജാജ് ബ്നു യൂസഫ് കഅ്ബാലയം പൊളിച്ച് മാറ്റിപ്പണിതതായും ഹിജ്‌റ 1039ലുണ്ടായ ശക്തമായ മഴയിൽ കഅ്ബാലയം തകർന്നപ്പോൾ സുൽത്താൻ മുറാദ് അത് മാറ്റി നിർമ്മിച്ചതായുമെല്ലാം ചരിത്രഗ്രന്ഥങ്ങളിലുണ്ട്. മുറാദിന്റെ കാലത്തെ നിർമ്മാണത്തിന് ശേഷം കഅ്ബാലയത്തിലെ കല്ലുകൾ മാത്രം നിലനിർത്തി ബാക്കിയെല്ലാം മാറ്റിപ്പണിതത് നാന്നൂറ് വർഷങ്ങൾക്ക് ശേഷം 1996 മെയ് മാസത്തിലാണ്. കഅ്ബാലയം തകരുകയും മാറ്റിപ്പണിയുകയുമെല്ലാം ചെയ്തിട്ടും തകരാത്തതാണ് ഇസ്‌ലാമെങ്കിൽ നമസ്കരിക്കാതെ കുറച്ച് കാലത്തേക്ക് കഅ്ബാലയം മൊത്തത്തിൽ പൂട്ടിയിട്ടാൽ പോലും തകരുന്നതല്ല ഇസ്‌ലാമെന്ന സത്യമാണ് വിമർശകർ മനസ്സിലാക്കേണ്ടത്. കാരണം കഅ്ബയെയല്ല, അതടക്കമുള്ള എല്ലാറ്റിന്റെയും സ്രഷ്ടാവും ഒരിക്കലും തകരാത്ത അസ്തിത്വത്തിന്റെ ഉടമയുമായ അല്ലാഹുവിനെയാണ് മുസ്‌ലിംകൾ ആരാധിക്കുന്നത്; അവന്റെ വിധിവിലക്കുകൾ പ്രകാരം ജീവിക്കുവാനാണ് അവർ പരിശ്രമിക്കുന്നത്.

കഅ്ബാലയത്തിലും പുറത്തുമെല്ലാം പല തവണ നമസ്കാരവും മറ്റു ആരാധനകളുമെല്ലാം മുടങ്ങിയ സന്ദർഭങ്ങളുണ്ടായിട്ടുള്ളതായി പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്റ 63 ൽ യസീദിന്റെ സൈന്യം മദീന അക്രമിച്ചു അവിടെ ചോരക്കളം തീർത്തപ്പോൾ ദിവസങ്ങളോളം മസ്ജിദുന്നബവിയിൽ ജമാഅ: നിസ്കാരം മുടങ്ങിയതായി ഖാദി ഇയാദ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്റ 271 ൽ ശീയാക്കളിലെ അലവിവിഭാഗക്കാർ നടത്തിയ ആക്രമണത്തിന് ശേഷം മദീന പള്ളിയിലെ നാല് ജുമുഅഃകൾ ഉൾപ്പടെ ഒരു മാസം നമസ്കാരം നിലച്ചതായി ഇബ്നു കഥീർ എഴുതുന്നുണ്ട്. ഹജ്ജ് കർമ്മങ്ങൾ വിഗ്രഹാരാധനയായി കരുതിയിരുന്ന ഖറാമിത്വ വിഭാഗക്കാരിൽ പെട്ട അബു താഹിർ ഖർമിത്വി ഹിജ്‌റ 317ൽ കഅ്ബ അക്രമിക്കുകയും മുപ്പത്തിനായിരത്തോളം ഹാജിമാരെ കൊന്നൊടുക്കുകയും മൃതശരീരങ്ങൾ കുളിപ്പിക്കാതെയും കഫൻ ചെയ്യാതെയും കുഴിച്ചുമൂടുകയും ഹജറുൽ അസ്‌വദ്‌ പിഴുതെടുത്ത് അവരുടെ ആസ്ഥാനനമായ ബഹ്റൈനിൽ കൊണ്ടുപോവുകയും അതിനുശേഷം പത്ത് വർഷക്കാലം ഹജ്ജ് മുടങ്ങുകയും ചെയ്തതായി ഇമാം ദഹബി തന്റെ താരീഖുൽ ഇസ്‌ലാമിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രാജാക്കന്മാർ തമ്മിലുള്ള കലാപം കാരണം ഹിജ്‌റ 492 ലും ഹജ്ജ് മുടങ്ങിയതായും ദഹബി എഴുതുന്നുണ്ട്. ഹിജ്റ 827 ൽ മക്കയിലുണ്ടായ പകർച്ചവ്യാധി കാരണം പലതവണ അവിടെ ജുമുഅ: ജമാഅത്തുകൾ മുടങ്ങിയതായി ചരിത്രകാരൻ ഇബ്നു ഹജറും രേഖപ്പെടുത്തുന്നുണ്ട്.

ഹിജ്റ 395 ൽ തുനീഷ്യയിലുണ്ടായ മഹാമാരിയിൽ കൈറുവാൻ നഗരത്തിലെ മസ്‌ജിദുകൾ കുറേ കാലത്തിന് അടഞ്ഞു കിടന്നതായി മറാക്കിശിയും ഹിജ്റ 448 സ്പെയിനിൽ ഉണ്ടായ പകർച്ചവ്യാധി കാരണം അന്നാട്ടിലെ പള്ളികൾ മുഴുവൻ അടഞ്ഞുകിടന്നതായി ദഹബിയും 449 ൽ ഏഷ്യാമൈനറിൽ നടന്ന പകർച്ചവ്യാധിയിൽ അവിടെ പള്ളികൾ അടച്ചിട്ടതായി ഇബ്നുൽ ജൗസിയും ഹിജ്റ 647 ൽ ബഗ്‌ദാദിലുണ്ടായ പ്രളയത്തെ തുടർന്ന് ഇറാഖിലെ മൂന്നു പളളികളൊഴിച്ച് ബാക്കിയെല്ലായിടത്തും ജുമുഅ: ജമാഅത്തുകൾ മുടങ്ങുകയും പ്രധാനപ്പെട്ട പല പള്ളികളും തകരുകയും ചെയ്തതായി ഇബ്നുകഥീറും ഹിജ്റ 713 ൽ ലബനാനിൽ ഉണ്ടായ പ്രളയത്തിൽ അവിടെത്തെ നിരവധി പള്ളികൾ തകരുകയും ജുമുഅ: – ജമാഅത്തുകൾ മുടങ്ങുകയും ചെയ്തതായി സഫ്ദിയും എഴുതിയതായി കാണാം. അപ്പോഴൊന്നും തകരാത്ത ഇസ്‌ലാം പകർച്ചവ്യാധി കാരണം പ്രവാചകനിർദേശമനുസരിച്ച് പള്ളികളിലെ സംഘനമസ്കാരങ്ങൾ നിർത്തിവെച്ചതു കാരണമോ ആവശ്യമെങ്കിൽ ഹജ്ജോ ഉംറയോ നിർത്തിവെക്കാൻ തീരുമാനിക്കുന്നതുകൊണ്ടോ ഒരു വർഷം അത് സൗദിയിലുള്ളവർക്ക് വേണ്ടി മാത്രമായി പരിമിതപ്പെടുത്തടുന്നത് കൊണ്ടോ തകരുന്നതല്ലെന്ന് ഇസ്‌ലാമിനെതിരെ ശത്രുത പ്രഖ്യാപിച്ച നാസ്‌തികർക്ക് എങ്ങനെ മനസ്സിലാകാനാണ് !!! മതസ്ഥാപനങ്ങൾ അടച്ചിടുന്നത് വായിച്ച് ആത്മസംതൃപ്തി അനുഭവിക്കുകയല്ലാതെ ചരിത്രം പഠിക്കുകയോ അതിൽ നിന്ന് പാഠമുൾക്കൊള്ളുകയോ ചെയ്യുന്ന പതിവ് അവർക്കില്ലല്ലോ. കോവിഡ് കാലം കഴിയുമ്പോഴേക്ക് മതം തകരുമെന്ന് പ്രതീക്ഷിക്കുന്ന നാസ്‌തികബുദ്ധിജീവികൾ നിരാശപ്പെടേണ്ടി വരും; അതാണ് ചരിത്രം നൽകുന്ന
പാഠം !!!

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.