കേരള സ്റ്റോറിയും കേരളത്തിന്റെ ട്രൂ സ്റ്റോറിയും ..!

//കേരള സ്റ്റോറിയും കേരളത്തിന്റെ ട്രൂ സ്റ്റോറിയും ..!
//കേരള സ്റ്റോറിയും കേരളത്തിന്റെ ട്രൂ സ്റ്റോറിയും ..!
ആനുകാലികം

കേരള സ്റ്റോറിയും കേരളത്തിന്റെ ട്രൂ സ്റ്റോറിയും ..!

ഹിന്ദുത്വ സർക്കാർ അധികാരത്തിലേറിയതിനുശേഷം മുസ്‌ലിം അപരവൽക്കരണത്തിന്റെ കേന്ദ്ര പ്രവിശ്യയായി ഇന്ത്യ മഹാരാജ്യം പരിവർത്തനം ചെയ്യപ്പെട്ടു. നാനാത്വത്തിൽ ഏകത്വം എന്ന അവസ്ഥാ വിശേഷത്തിൽ നിന്ന് ഇന്ത്യൻ ബഹുസ്വരത തച്ചുടയ്ക്കപ്പെടുന്ന കാഴ്ചയാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. സംഘപരിവാറിന്റെ രാഷ്ട്രീയ കുതന്ത്രങ്ങൾ വേരുറയ്ക്കാതെ പോയ ഒരേയൊരു സംസ്ഥാനം കേരളമായിരുന്നു. മലയാളികളുടെ മതസൗഹാർദ്ദ മനോഭാവത്തിൽ വർഗീയ മനസ്സുകൾ തീർത്തും അസ്വസ്ഥരാണ്.

കേരളത്തിന്റെ മത സാംസ്‌കാരിക പാരമ്പര്യത്തെ തകർത്തു കൊണ്ട് പ്രതിസന്ധികൾ സൃഷ്ടിക്കാൻ വേണ്ടിയുള്ള വിഷലിപ്ത പ്രയത്നങ്ങൾ രാജ്യവ്യാപകമായി അരങ്ങേറുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉത്പന്നമാണ് സുധിപ്തോ സെന്നിന്റെ ‘കേരള സ്റ്റോറി’. സംഘപരിവാർ രാഷ്ട്രീയത്തിന്റെ മുസ്‌ലിം വിരോധവും, വിദ്വേഷവും പുറത്ത് കാണിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങിയത് നവംബറിലാണ്. ഏപ്രിൽ 26ന് ഒഫീഷ്യൽ ട്രൈലെറും വന്നു. 12 മില്യൺ ആളുകളാണ് ഇതിനോടകം ട്രൈലെർ കണ്ടത്. എത്രത്തോളം മുസ്ലിം വിരുദ്ധത ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ പടർന്നിരിക്കുന്നൂവെന്ന് ട്രെയിലറിന് ലഭിച്ച കമന്റുകളിൽ നിന്നും വ്യക്തം!

സിനിമ ഉന്നം വയ്ക്കുന്നത് ഇന്ത്യയിലെ മുസ്ലിംങ്ങളെയും കേരളത്തിലെ മതേതര മനസുകളെയുമാണെന്ന് സ്പഷ്ടം. കേരള സ്റ്റോറി എന്ന ചലച്ചിത്രത്തെ സംവിധായകന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യമെന്ന് പറഞ്ഞു മാറ്റി നിർത്താൻ കഴിയില്ല, കാരണം മുസ്‌ലിം മത വിഭാഗത്തെ ഭീതിയുടെയും സംശയത്തിന്റെയും മറവിൽ നിർത്തി മതസ്പർദ്ധ വളർത്തിയെടുക്കുക എന്നതാണ് സിനിമയുടെ അടിസ്ഥാന ലക്ഷ്യം. കേരളത്തിൽ നിന്ന് മാത്രമായി 32,000 സ്ത്രീകളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടുവെന്ന നട്ടാൽ കുരുക്കാത്ത നുണയാണ് ചിത്രത്തിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. ഈ പരാമർശത്തിലൂടെ കേരളം തീവ്രവാദത്തിന്റെയും വിധ്വംസക പ്രവർത്തനങ്ങളുടെയും കേന്ദ്രമാണെന്ന് അവകാശപ്പെടുകയാണ് സംവിധായകൻ സുധിപ്തോ സെന്നും നിർമാതാവ് വിപുൽ അമൃത ലാൽ ഷായും. കേരളത്തെ ഭിന്നിപ്പിച്ച് വർഗീയ ദ്രുവീകരണം നടത്താൻ ശ്രമിക്കുന്ന സിനിമയ്ക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. കേരള സ്റ്റോറിക്കെതിരെ തമിഴ് മാധ്യമപ്രവർത്തകൻ ബി. ആർ അരവിന്ദാക്ഷൻ കേരള മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കേസെടുക്കാൻ ഡി.ജി.പി. സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശവും കൊടുത്തിരുന്നു. പക്ഷെ നടപടി സ്വീകരിച്ചതായി ഇത് വരെയും അറിവില്ല. ജോൺ ബ്രിട്ടാസും ചലച്ചിത്രത്തിനെതിരെ പരാതി നൽകിയിരുന്നു. ബിജെപി ഒഴിച്ചുള്ള സർവ്വ രാഷ്ട്രീയ കക്ഷികളും സംസ്ഥാന വ്യാപകമായി പ്രതിഷേധ നിലപാട് ഉയർത്തുന്നുണ്ട്. കാരണം ഒരു സംസ്ഥാനത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് സിനിമ മുന്നോട്ട് വക്കുന്നത്. വിവിധ മതങ്ങളിലുള്ള പെൺകുട്ടികളെ പ്രണയം നടിച്ച്, വിവാഹം കഴിച്ച് ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യുകയും ശേഷം സിറിയയിലേക്ക് അവരെ നാടുകടത്തുകയും ചെയ്യുന്ന ലവ് ജിഹാദിന്റെ കേന്ദ്രമാണ് കേരളമെന്ന വസ്തുതാ വിരുദ്ധമായ കല്ലുവെച്ച നുണ പ്രചരണമാണ് സിനിമ സമർഥിക്കാൻ ശ്രമിക്കുന്നത്. ഇല്ലാത്തൊരു സംഭവത്തെ പർവ്വതീകരിച്ച് അത് യഥാർത്ഥ സംഭവമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഉത്തരേന്ത്യയിൽ മാത്രമൊതുങ്ങിയിരുന്ന സിനിമകൾ കേരളത്തിൽ കൂടി വ്യാപിപ്പിക്കാനുള്ള തന്ത്രമാണിത്. “20 വർഷം കൊണ്ട് കേരളമൊരു ഇസ്ലാമിക രാജ്യമായി മാറു” മെന്ന കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുടെ ഒരു പരസ്യ പ്രസ്താവനയാണ് ലൗ ജിഹാദിന് തെളിവായി കൊടുത്തിരിക്കുന്നത്. കേരളത്തിലെ ഒരുപാട് രാഷ്ട്രീയ നേതാക്കളുടെ ഇത്തരം പരസ്യ പ്രസ്താവനകൾ കേരളത്തിന്റെ മതസൗഹാർദ്ദ വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ട് എന്നതാണ് സത്യം. അവർക്കൊക്കെയും തിരുത്തി പറയാൻ ലഭിക്കുന്ന ഒരു അവസരം കൂടിയാണിത്.

കേരള സ്റ്റോറി

ശാലിനി ഉണ്ണികൃഷ്ണനെന്ന മലയാളി പെൺകുട്ടിയാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രം. ഇസ്‌ലാം മത വിശ്വാസിയായ സുഹൃത്തിന്റെ വാക്കുകളിലും ചെയ്തികളിലും അവൾ ആകൃഷ്ടയാകുന്നു. ഒരു മുസ്‌ലിം യുവാവുമായി അവൾ അടുക്കുകയും പിന്നീട് അവനെ വിവാഹം കഴിച്ചു മുസ്ലിമാവുകയും ചെയ്യുന്നു. ശേഷം അവൾ ഐസിസ് എന്ന ഭീകരവാദ സംഘടനയിൽ അംഗമായി മാറുകയും ചെയ്യുന്ന കഥയാണ് കേരള സ്റ്റോറി കുതന്ത്രപൂർവ്വം പറയുന്നത്. ശാലിനിയുടെ മാത്രം ഒറ്റപ്പെട്ട സംഭവമല്ല ഇത്, കേരളത്തിന്റെ മുഴുവൻ ട്രൂ സ്റ്റോറി ആണ് ഇതെന്ന് അഭിപ്രായപ്പെടുന്നവർ കേരള മണ്ണിൽ ഒരിക്കൽ പോലും കാൽ
കുത്തിയിട്ടില്ലാത്തവരാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ലവ് ജിഹാദ് ആരോപണങ്ങളുടെ തുടക്കം

2007 ൽ ഹിന്ദു ജാഗ്രതാ സമിതിയുടെ വെബ്സൈറ്റിലാണ് ലൗ ജിഹാദ് എന്ന പദം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമത്തിൽ ഈ പദം ഉപയോഗിക്കുന്നത് 2009 ൽ കേരളകൗമുദിയിലാണ്. രണ്ടു മുസ്ലിം യുവാക്കളുമായി പ്രണയത്തിലായ പെൺകുട്ടികളുടെ കേസിൽ, അന്നത്തെ ഹൈക്കോടതി ജഡ്ജിയായിരുന്നു കെ.പി ശങ്കരനാണ് ലൗ ജിഹാദ് എന്ന പദമുപയോഗിച്ച ആദ്യത്തെ ന്യായാധിപൻ. 2019ൽ ഹാദിയ കേസ് പരിഗണിക്കുന്ന സമയം എൻ. ഐ. എ. ക്ക് അന്വേഷണ ചുമതല നൽകി. പക്ഷെ എൻ. ഐ. എ.യും ലവ് ജിഹാദിനെ നിഷേധിച്ചു. ‘ലൗ ജിഹാദ് പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നതിന്‌ സംസ്ഥാന ഡി.ജി.പി യോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടത് പ്രകാരം, കേരള സംസ്ഥാന ഡി.ജി.പി ജേക്കബ് പുന്നൂസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ, സംസ്ഥാനത്തോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ ലൗ ജിഹാദ് പ്രവർത്തിക്കുന്നില്ലെന്ന് വ്യക്തമാക്കി. ലൗജിഹാദ് നിർവ്വചിക്കപ്പെടുകയോ ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾ അത് ഇതുവരെ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലന്ന് ബെന്നി ബെഹ്നാന്റെ ചോദ്യത്തിനു ഉത്തരമായി കേന്ദ്ര മന്ത്രി കിഷൻ റെഡ്ഡി 2020 ഫെബ്രുവരി 4 ന് പാർലമെന്റിൽ മറുപടി നൽകി.’

കണക്കും കളവും

ഇനി ഈ 32,000 ഐസിസിലേക്ക് ചേർന്ന മലയാളി പെൺകുട്ടികളുടെ കണക്കുകളൊന്ന് പരിശോധിച്ചു നോക്കാം. ഇസ്ലാമിക് സ്റ്റേറ്റ്സായ ഇറാഖിലും സിറിയയിലും ഇന്ത്യയിൽ നിന്നും 32000 സ്ത്രീകൾ ചേർന്നു എന്ന കണക്കിൽ നിരവധി പ്രശ്നങ്ങളുണ്ട്. ലോകമെമ്പാടുമുള്ള 110 രാജ്യങ്ങളിൽ നിന്നും ISIS ൽ ചേർന്ന വിദേശികളുടെ എണ്ണം 40,000 ത്തോളം മാത്രമാണ്. യൂറോപ്യൻ യൂണിയൻ, റഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ. ലിസ്റ്റിൽ ഇന്ത്യ വളരെ താഴെയാണ്. ഇന്ത്യൻ സർക്കാറിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്നും ചേർന്നവരുടെ എണ്ണം 180-200 നും ഇടയിലാണ്. ഈ കണക്കുകളിൽ ഏകദേശം 20- 25% മാത്രമാണ് കേരളീയർ.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിന്റെ 2020 ലെ സ്റ്റേറ്റ് കൺട്രി റിപ്പോർട്ട്‌ ഓൺ ടെററിസം അനുസരിച് ഐഎസുമായി 66 ഇന്ത്യൻ വംശജരുണ്ടായിരുന്നു. ഹിന്ദുസ്ഥാൻ ടൈംസും ദി ഇന്ത്യൻ എക്സ്പ്രസും ഉൾപ്പെടെ നിരവധി മുഖ്യധാരാ മാധ്യമങ്ങൾ ഈ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചതുമാണ്. സെപ്റ്റംബർ അവസാനത്തോടെ എൻ.ഐ.എ. അന്വേഷണത്തിൽ 34 കേസുകളിലായി 160 പേരെ അറസ്റ്റ് ചെയ്തു.

2006 മുതൽ സംസ്ഥാനത്ത് 2667 യുവതികൾ ഇസ്ലാം മതം സ്വീകരിച്ചതായി കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ അറിയിച്ചു. ഇത് 2012 ൽ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ISIS ൽ സ്ത്രീകൾ ചേരുന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനത്തിന് തെളിവില്ലെന്നും ലൗ ജിഹാദിനെക്കുറിച്ചുള്ള ആശങ്ക അടിസ്ഥാനരഹിതമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. സെൻ അവകാശപ്പെടുന്നത് പോലെ മുൻ മുഖ്യമന്ത്രി ഉദ്ധരിച്ച ഒരു വാർഷിക കണക്കിനെ കുറിച്ചും റിപ്പോർട്ടുകളൊന്നും പറഞ്ഞിട്ടില്ല. ഭീകരവാദവും പ്രണയ നാടകങ്ങളും ചതിക്കെണികളും ഇസ്ലാമിന് പരിചിതമല്ല. ഇവയെല്ലാം മതവിരുദ്ധമായ ആശയധാരകൾ മാത്രമാണ്.

നാല് വർഷത്തോളം നീണ്ട റിസർച്ചിന് ശേഷമാണ് സിനിമ സംവിധാനം ചെയ്തത് എന്ന സംവിധായകന്റെ പ്രസ്താവന തന്നെ പച്ച കള്ളമാണെന്ന് സാമാന്യബോധമുള്ള ഏതൊരു മനുഷ്യനും തിരിച്ചറിയാനാകും. മെയ്‌ 5 ന് റിലീസ് ചെയ്യാനിരുന്ന സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒത്തിരി രാഷ്ട്രീയകക്ഷികൾ മുന്നോട്ടുവന്നിട്ടുണ്ട്. മന്ത്രി സജി ചെറിയാനും, പ്രതിപക്ഷനേതാവ് വി. ഡി സതീശനും ഡി. വൈ. എഫ്. ഐയും യൂത്ത് ലീഗുമുൾപ്പടെ സിനിമ നിരോധിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. മലയാളി മാതാപിതാക്കളുടെ മനസ്സിൽ ഭീതിയുടേയും ആശങ്കകളുടേയും കനൽ വിത്തുകൾ പാകാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഇത്തരം വിഷലിപ്ത പ്രയത്നങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കേണ്ടത് മതേതര കേരളത്തിന്റെ ആവശ്യകതയാണ്. അതേ ഈ കേരള സ്റ്റോറി, ഞങ്ങളുടേതല്ല, ഇത് വർഗീയ മനസ്സുകളുടെ ഭാവനയിൽ വിരിഞ്ഞൊരു കുതന്ത്രം മാത്രമാണ്!..

Reference

1. The Soufan Center
https://thesoufancenter.org › …PDF
Beyond the Caliphate: Foreign Fighters and the Threat of Returnees

2. Observer Research Foundation
https://www.orfonline.org › research
The ISIS phenomenon: South Asia and beyond | ORF

3. https://www.bbc.com/news/world-asia-india-63580042

4. https://www.altnews.in/32000-kerala-women-in-isis-misquotes-flawed-math-imaginary-figures-behind-filmmakers-claim/

5. Orfonline.org
www.orfonline.org
The Islamic State in India’s Keraking-hindus-to-entrap-muslim-girls-viralking-hindus-to-entrap-muslim-girls-viral

6. Out of Focus, Media one

print

No comments yet.

Leave a comment

Your email address will not be published.