കുട്ടികളുടെ നബി (സ)

//കുട്ടികളുടെ നബി (സ)
//കുട്ടികളുടെ നബി (സ)
ചരിത്രം

കുട്ടികളുടെ നബി (സ)

അവർ പാപികളല്ല പരിശുദ്ധർ

അബൂഹുറയ്‌റ (റ) നിവേദനം: നബി(ﷺ) പറഞ്ഞു: എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ശുദ്ധമായ പ്രകൃതിയോടെയാണ്. പിന്നീട് അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനോ ക്രിസ്ത്യാനിയോ അഗ്നിയാരാധകരോ ആക്കിത്തീർക്കുന്നത്….
(ബുഖാരി, മുസ്‌ലിം)

കുഞ്ഞുങ്ങൾ മരിച്ചാൽ സ്വർഗത്തിലാണ്

സമൂറ(റ)നിവേദനം….നബി(ﷺ) പറഞ്ഞു: സ്വർഗ്ഗീയ പൂങ്കാവനത്തിലുണ്ടായിരുന്ന നീണ്ട മനുഷ്യൻ ഇബ്രാഹിം നബി (അ) ആണ്. കൂടെയുണ്ടായിരുന്ന കുഞ്ഞുങ്ങൾ ശുദ്ധ പ്രകൃതിയിൽ മരണപ്പെട്ട ശിശുക്കളാണ്. അപ്പോൾ മുസ്‌ലിംകളിൽ ചിലർ ചോദിച്ചു. ബഹുദൈവാരാധകരുടെ കുഞ്ഞുങ്ങളും? നബി (ﷺ) പറഞ്ഞു: ബഹുദൈവ വിശ്വാസികളുടെ കുഞ്ഞുങ്ങളും (പരിശുദ്ധരാണ്)…
(ബുഖാരി, മുസ്‌ലിം)

കുഞ്ഞുങ്ങളുടെ മരണത്തിൽ ക്ഷമിച്ചാലുള്ള പ്രതിഫലം

അനസ് (റ) നിവേദനം: നബി(ﷺ) പറഞ്ഞു: മുസ്‌ലിമായ ഏതൊരാളുടെയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ മരണപ്പെട്ടാൽ, അല്ലാഹു അവനെ തീർച്ചയായും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. അവരോടുള്ള അവന്റെ ശ്രേഷ്ടമായ കാരുണ്യം കൊണ്ടാണത്.
(ബുഖാരി)

അബൂഹുറയ്‌റ (റ‌) നിവേദനം: നബി (ﷺ) അൻസാറുകളിൽ പെട്ട സ്ത്രീകളോടു പറഞ്ഞു: നിങ്ങളിൽ ഒരാളുടെ മൂന്ന് കുഞ്ഞുങ്ങൾ മരിക്കുകയും അതിന് അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിക്കുകയും ചെയ്താൽ അവൾ സ്വർഗ്ഗത്തിൽ പ്രവേശിക്കും. അപ്പോൾ അവരിൽ ഒരു സ്ത്രീ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! രണ്ടു കുഞ്ഞുങ്ങളാണെങ്കിലോ? നബി(ﷺ) പറഞ്ഞു: രണ്ട് കുഞ്ഞുങ്ങളാണെങ്കിലും…..
(മുസ്‌ലിം)

അരുതേ! കുഞ്ഞുങ്ങളെ കൊല്ലരുതേ

ഇബ്‌നു ഉമർ (റ) നിവേദനം: ഒരു യുദ്ധത്തിൽ ഒരു സ്ത്രീ വധിക്കപെട്ടതായി കാണപ്പെട്ടു. അപ്പോൾ പ്രവാചകൻ (ﷺ) സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നത് നിഷിദ്ധമാക്കി. (ബുഖാരി, മുസ്‌ലിം)
യസീദ്‌ബ്നു ഹുർമുസ് (റ) നിവേദനം: നജ്‌ദത്ത്, ഇബ്‌നു അബ്ബാസ്(റ)നോട് അഞ്ച് കാര്യങ്ങൾ ചോദിച്ചറിയുന്നതിന് കത്തെഴുതി…. നബി (ﷺ) സ്ത്രീകളെയും കൊണ്ട് യുദ്ധം ചെയ്തിരുന്നോ? അവർക്ക് വിഹിതം നിശ്ചയിച്ചിരുന്നോ? അവിടുന്നു കുട്ടികളെ കൊന്നിരുന്നോ? അനാഥയുടെ അനാഥത്വം അവസാനിക്കുന്നതെപ്പോൾ, അഞ്ചിലൊന്ന് ആർക്കുള്ളതാണ്? ഇത്രയും കാര്യങ്ങൾ എനിക്ക് പറഞ്ഞു തരൂ! അപ്പോൽ ഇബ്‌നു അബ്ബാസ് (റ) അദ്ദേഹത്തിന് ഇപ്രകാരം എഴുതി…. റസൂൽ (ﷺ) കുട്ടികളെ കൊന്നിട്ടില്ല. അതിനാൽ നിങ്ങൾ കുട്ടികളെ കൊല്ലരുത്!…
(മുസ്‌ലിം)

ബുറൈദ (റ) പറയുന്നു: നബി(ﷺ) പറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ പേരിൽ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുക. അല്ലാഹുവിനെ നിഷേധിക്കുന്നവരോട് പോരാടുക. യുദ്ധമാവാം, വഞ്ചന, ചതി, അംഗവിച്ഛേദം, ശിശുഹത്യ ഇതൊന്നുമരുത്.
(അബൂദാവൂദ്)

കുഞ്ഞുങ്ങളോട് കാരുണ്യം കാണിക്കുക

അം‌റുബ്‌നു ശുഐബ് (റ) നിവേദനം: നബി (ﷺ) പറഞ്ഞു: ചെറിയവരോട് കരുണ കാണിക്കാത്തവരും വലിയവരുടെ മഹത്വം തിരിച്ചറിയാത്തവരും നമ്മിൽ പെട്ടവനല്ല.
(അബൂദാവൂദ്, തിർമിദി)

കുഞ്ഞുങ്ങളെ ചുംബിച്ചിരുന്നു

അബൂഹുറയ്‌റ (റ) നിവേദനം: അദ്ദേഹം പറഞ്ഞു: “റസൂൽ (ﷺ) ഒരിക്കൽ അലിയുടെ മകൻ ഹസൻ(റ)നെ ചുംബിച്ചു. അപ്പോൾ പ്രവാചകൻ(ﷺ)ന്റെ അടുക്കൽ അഖ്‌റ‌അ്‌ബ്നു ഹാബിസുത്തമീമി ഇരിപ്പുണ്ടായിരുന്നു. അയാൾ പറഞ്ഞു: എനിക്ക് പത്ത് മക്കളുണ്ട്. ഞാനവരിൽ ഒരാളെയും ഇതേവരെ ചുംബിച്ചിട്ടില്ല. അപ്പോൾ പ്രവാചകൻ (ﷺ) അയാളുടെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: മറ്റുള്ളവരോട് കരുണ കാണിക്കാത്തവന് അല്ലാഹുവിൽ നിന്നും കാരുണ്യം ലഭിക്കുകയില്ല. (ബുഖാരി, മുസ്‌ലിം)

അബൂഹു‌റയ്‌റ (റ) നിവേദനം: ഒരു ദിവസം പകൽ നബി (ﷺ) വീട്ടിൽ നിന്നും പുറപ്പെട്ടു. ഞാനും കൂടെ ഉണ്ടായിരുന്നു…..നബി (സ) ഫാത്വിമ(റ)യുടെ മുറ്റത്തിരുന്നു. എന്നിട്ട് കുഞ്ഞുമോൻ ഇവിടെയില്ലേ എന്ന് നബി (ﷺ) വിളിച്ചു ചോദിച്ചു…. അല്പം കഴിഞ്ഞപ്പോൾ കുഞ്ഞ് ഓടി നബി(ﷺ)യുടെ അടുക്കൽ വന്നു. അവിടുന്ന് അവനെ കെട്ടിപിടിച്ച് ചുംബിച്ച് കൊണ്ടിങ്ങനെ പ്രാർത്ഥിച്ചു: ‘അല്ലാഹുവേ നീ ഇവനെ സ്നേഹിക്കേണമേ! ഇവനെ സ്നേഹിക്കുന്നവരെയും നീ സ്നേഹിക്കേണമേ.
(ബുഖാരി, മുസ്‌ലിം)

അനസ് (റ) നിവേദനം:…… നബി (ﷺ) ഇബ്രാഹീമിനെ തന്റെ മടിയിലിരുത്തി മുത്തി മണത്തു. (ബുഖാരി, മുസ്‌ലിം)

കുഞ്ഞുങ്ങളെ മടിയിലിരുത്തി താലോലിച്ചു

ഉസാമത്ത്ബ്‌നു സൈദ് (റ) പറയുന്നു: നബി (ﷺ) എന്നെ എടുത്ത് അവിടുത്തെ തുടമേൽ ഇരുത്തി. ഹസനെ മറ്റെ തുടമേലുമിരുത്തി. എന്നിട്ട് രണ്ട് പേരെയും ചേർത്തു പിടിച്ചിട്ട് പറഞ്ഞു: അല്ലാഹുവേ, ഇവരോട് നീ കരുണ കാണിക്കേണമേ, തീർച്ചയായും ഞാൻ ഇവർ രണ്ടുപേരോടും കരുണ കാണിക്കുന്നു.
(ബുഖാരി)

യൂസുഫ് (റ) നിവേദനം: റസൂൽ (ﷺ) എന്നെ യൂസുഫ് എന്ന് പേർ വിളിക്കുകയും അവിടുത്തെ മടിയിലിരുത്തുകയും എന്നിട്ട് എന്റെ ശിരസ്സ് തടവുകയും ചെയ്തു.
(തിർമിദി)

കുഞ്ഞു മക്കളുടെ കവിളുകളിൽ തലോടി

ജാബിറുബ്‌നു സമുറ (റ) നിവേദനം: നബി(ﷺ)യുടെ കൂടെ ഞാൻ ദുഹ്ർ നമസ്കരിച്ചു. എന്നിട്ട് നബി (ﷺ) തന്റെ വീട്ടുകാരുടെ അടുത്തേക്ക് പുറപ്പെട്ടു. ഞാനും കൂടെ പുറപ്പെട്ടു. അപ്പോൾ നബി(ﷺ)യുടെ മുമ്പിൽ കുറച്ച് കുട്ടികളെ കണ്ടുമുട്ടി. നബി (സ) അവരുടെ ഇരു കവിളുകളിലും ഓരോരുത്തരുടേതായി തടവി; സമുറ (റ) പറയുന്നു. അപ്പോൾ നബി(ﷺ)യുടെ കയ്യിന്റെ തണുപ്പും സുഗന്ധവും എനിക്കനുഭവപെട്ടു. അത് അത്തറ് കച്ചവടക്കാരന്റെ ഡപ്പിയിൽ നിന്ന് പുറത്തെടുത്തത് പോലെ. (മുസ്‌ലിം)

വാഹനത്തിൽ മുന്നിലും പിറകിലുമിരുത്തി

ഇബ്‌നു അബ്ബാസ് (റ) പറയുന്നു: നബി (ﷺ) മക്കയിൽ വന്നപ്പോൾ അബ്ദുൽ മുത്വലിബ് വംശത്തിലെ കൊച്ചു കുട്ടികൾ അദ്ദേഹത്തെ സ്വീകരിച്ചു. അപ്പോൾ അവരിൽ ഒരുവനെ തന്റെ മുമ്പിലും മറ്റൊരുവനെ പിറകിലും (ഒട്ടകപ്പുറത്ത്)ഇരുത്തി. (ബുഖാരി)

ബറാ‌അ് (റ) നിവേദനം: ഹസൻ(റ)നെ തന്റെ ചുമലിരുത്തി ഇങ്ങിനെ പ്രാർത്ഥിക്കുന്ന അവസ്ഥയിൽ ഞാൻ നബി(ﷺ)യെ കണ്ടു. അല്ലാഹുവേ! ഞാൻ അവനെ(ഹസനെ) ഇഷ്ടപ്പെടുന്നു. നീയും അവനെ ഇഷ്ടപ്പെടേണമേ. (ബുഖാരി,മുസ്‌ലിം)

കുഞ്ഞുങ്ങളെ സ്വന്തം പുറത്തിരുത്തി കളിപ്പിച്ചത്

ഇബ്‌നു അബ്ബാസ് (റ) പറയുന്നു: നബി (ﷺ) ഒരിക്കൽ ഹസനിബ്‌നു അലിയെ ചുമലിലേറ്റി പോവുകയായിരുന്നു. അത് ഒരാൾ കാണുകയും ഇങ്ങനെ പറയുകയും ചെയ്തു. കുട്ടി നീ കയറിയിരിക്കുന്ന വാഹനം നല്ല വാഹനം തന്നെ.
നബി (ﷺ) പറഞ്ഞു: യാത്രക്കാരനും നല്ലവൻ. (തിർമിദി)

കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

അബൂ മൂസാ (റ) നിവേദനം: എനിക്ക് ഒരു കുഞ്ഞു ജനിച്ചു. ഞാൻ അവനെയും കൊണ്ട് നബി(ﷺ)യുടെ അടുക്കൽ ചെന്നു. നബി (ﷺ) അവന് ഇബ്രാഹിം എന്ന് പേരിട്ടു. ഈത്തപഴത്തിന്റെ മധുരനീര് അവന്റെ വായിൽ തൊട്ടു കൊടുക്കുകയും അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. അവസാനം കുട്ടിയെ എനിക്ക് തിരിച്ച് നൽകി. (ബുഖാരി, മുസ്‌ലിം)

ആയിശ (റ) നിവേദനം: നബി(ﷺ)യുടെ അടുക്കൽ കുഞ്ഞുങ്ങളെ കൊണ്ടുവരികയും, നബി (ﷺ) അവർക്ക് അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും അവർക്ക് മധുരം നൽകുകയും ചെയ്തിരുന്നു. (മുസ്‌ലിം)

തിരുശരീരത്തിൽ കുഞ്ഞ് മൂത്രമൊഴിച്ചത്

ആയിശ (റ) നിവേദനം: റസൂൽ(ﷺ)യുടെ അടുത്ത് മുലപ്പാൽ കുടിക്കുന്ന ഒരു കുട്ടിയെ കൊണ്ട് വന്നു. അങ്ങനെ നബി(ﷺ)യുടെ മടിത്തട്ടിൽ അവൻ മൂത്രമൊഴിച്ചു. അപ്പോൾ അവിടുന്നു അൽപം വെള്ളം കൊണ്ട് വരാൻ ആവശ്യപ്പെടുകയും ആ വെള്ളം അവിടെ ഒഴിക്കുകയും ചെയ്തു. (മുസ്‌ലിം)

കുഞ്ഞുങ്ങളോടൊപ്പം അവരിലൊരാളായി

മഹ്‌മൂദുബ്‌നു റബീ‌അ് (റ) നിവേദനം: എനിക്ക് അഞ്ച് വയസ്സ് പ്രായമുള്ളപ്പോൾ നബി (ﷺ) ഒരു ബക്കറ്റിലെ വെള്ളം വായിൽ നിറച്ച് എന്റെ മുഖത്തേക്ക് തെറിപ്പിച്ചതായി ഞാനിപ്പോൾ ഓർമ്മിക്കുന്നുണ്ട്. (ബുഖാരി)

ഉമ്മുഖാലിദ് ബിൻത് ഖാലിദ് (റ) പറയുന്നു: ഞാൻ എത്യോപ്യയിൽ നിന്ന് വരുമ്പോൾ ഒരു കൊച്ചു പെൺകുട്ടിയായിരുന്നു. അപ്പോൾ നബി (ﷺ) എന്നെ വരകളുള്ള ഒരു വസ്ത്രം ഉടുപ്പിച്ചു എന്നിട്ട് അല്ലാഹുവിന്റെ റസൂൽ (ﷺ) ആ വരകളിൽ കൈ കൊണ്ട് തടവികൊണ്ടു പറഞ്ഞു: സനാ‌അ്! സനാ‌അ്! വളരെ നല്ലത്, വളരെ നല്ലത് എന്നർത്ഥം.
(ബുഖാരി)

….ഉമ്മുഖാലിദ് (റ) പറയുന്നു: ഞാൻ ഒരു മഞ്ഞകുപ്പായം ധരിച്ചുകൊണ്ട് എന്റെ പിതാവിന്റെ കൂടെ നബി(ﷺ)യുടെ അടുത്തെത്തി. അപ്പോൾ റസൂൽ (ﷺ) സനാ‌അ്, സനാ‌അ്, എന്ന് പറഞ്ഞു; നല്ലത് എന്നാണ് എത്യോപ്യൻ ഭാഷയിൽ അതിന്റെ അർത്ഥം. അവർ പറയുന്നു. ഞാൻ പ്രവാചകന്റെ ശരീരത്തിലുള്ള പ്രവാചകത്വമുദ്രമേൽ പിടിച്ച് കളിക്കാൻ തുടങ്ങി. അപ്പോൾ എന്റെ പിതാവ് എന്നെ പിടിച്ച് മാറ്റി. റസൂൽ (ﷺ) പറഞ്ഞു: അവളെ വിട്ടേക്കൂ..(കളിക്കട്ടേ)….
(ബുഖാരി)

അബൂഹുറയ്‌റ (റ) നിവേദനം: റസൂൽ (ﷺ) തന്റെ തിരുനാവ് പേരകിടാവായ ഹസൻ(റ)ന്റെ മുന്നിൽ നീട്ടും. കുഞ്ഞ് അദ്ദേഹത്തിന്റെ നാവിന്റെ ചുവപ്പു കാണുകയും അതിൽ മേൽ തട്ടുകയും ചെയ്യാറുണ്ടായിരുന്നു. (സിൽസിലത്തു സ്വഹീഹ)

അനസ് (റ) നിവേദനം: റസൂൽ (ﷺ) ഉമ്മുസലമയുടെ മകൾ സൈനബിനെ കളിപ്പിക്കാറുണ്ടായിരുന്നു. കുഞ്ഞു സൈനബേ, കുഞ്ഞു സൈനബേ എന്നദ്ദേഹം ഒരുപാടു തവണ പറയാറുണ്ടായിരുന്നു.
(സ്വഹീഹുൽ ജാമി‌അ് 5025)

കുഞ്ഞുമോനെ എന്നാണ് വിളിച്ചിരുന്നത്

അനസ് (റ) നിവേദനം: എന്നോട് നബി (ﷺ) എന്റെ കുഞ്ഞുമോനേ എന്നു പറഞ്ഞു. (മുസ്‌ലിം)

മുഗീറ (റ) നിവേദനം:….നബി (ﷺ) എന്നോട് പറഞ്ഞു: എന്റെ കുഞ്ഞുമോനേ!…. (മുസ്‌ലിം)

കുഞ്ഞു ഉമൈറുമായി കൊച്ചു വർത്തമാനം

അനസ് (റ) പറയുന്നു: നബി (ﷺ) ഞങ്ങളോട് ഇടകലർന്ന് സഹവസിച്ചിരുന്നു. എത്രത്തോളമെന്നാൽ എന്റെ കുഞ്ഞനിയനോട് ഇങ്ങനെ ചോദിച്ചിരുന്നു: അബൂ ഉമൈർ നിന്റെ കുഞ്ഞിക്കിളി എന്ത് ചെയ്യുന്നു. (ബുഖാരി)

അനസ് (റ) നിവേദനം: നബി (ﷺ) ജനങ്ങളിൽ വെച്ച് ഏറ്റവും നല്ല സ്വഭാവമുള്ള വ്യക്തിയായിരുന്നു. എനിക്ക് അബൂ ഉമൈർ എന്ന് പറയുന്ന ഒരു സഹോദരനുണ്ടായിരുന്നു… അങ്ങനെ നബി(ﷺ)യുടെ അടുക്കൽ ചെന്നാൽ നബി (ﷺ) പറയും. അബൂ ഉമൈർ.. നുഗൈർ എന്തായി. (നുഗൈർ എന്നത് ഒരു കുഞ്ഞു പക്ഷിയുടെ പേരാണ്) നബി (ﷺ) കളിതമാശയായിട്ടാണ് ഇത് പറഞ്ഞിരുന്നത്. (മുസ്‌ലിം)

കുഞ്ഞു അനസും തിരുനബി(ﷺ)യും

അനസ് (റ) നിവേദനം: നബി (ﷺ) ഏറ്റവും ഉത്തമ സ്വഭാവക്കാരനായിരുന്നു. എന്നെ ഒരു ദിവസം ഒരാവശ്യത്തിന് പറഞ്ഞയച്ചു. അപ്പോൾ ഞാൻ പറഞ്ഞു: ‘തീർച്ചയായും ഞാൻ പോവുകയില്ല.’ എന്റെ മനസ്സിൽ നബി (ﷺ) കൽപിച്ചതിന് പോകണമെന്ന് തന്നെയായിരുന്നു. അങ്ങനെ ഞാൻ പുറപ്പെട്ടു. അങ്ങാടിയിൽ കുട്ടികൾ കളിക്കുന്നേടത്ത് കൂടി ഞാൻ നടന്നു. അപ്പോഴതാ എന്റെ പിറകിൽ കൂടി എന്റെ പിരടി റസൂൽ (ﷺ) പിടിച്ചിരിക്കുകയാണ്. എന്നിട്ട് പറഞ്ഞു: ‘കുഞ്ഞു അനസേ ഞാൻ പറഞ്ഞേടത്തേക്ക് നീ പോയോ? ഞാൻ പറഞ്ഞു: ഞാൻ പോവുകയാണ് അല്ലാഹുവിന്റെ റസൂലേ’ (മുസ്‌ലിം)

കുഞ്ഞുങ്ങളോടുള്ള കാരുണ്യത്താൽ നമസ്കാരം ലഘൂകരിക്കുന്നു

അനസ് (റ) പറയുന്നു. നബി (ﷺ) പറഞ്ഞു: ഞാൻ നമസ്കാരം ദീർഘിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ട് നമസ്കാരത്തിൽ പ്രവേശിക്കും. അപ്പോൾ ഞാൻ ശിശുവിന്റെ കരച്ചിൽ കേൾക്കും. ആ കുട്ടിയുടെ കരച്ചിൽ കാരണം അതിന്റെ മാതാവിനുണ്ടാകുന്ന വിഷമം ഞാൻ മനസ്സിലാക്കിയതിനാൽ എന്റെ നമസ്കാരം ഞാൻ ലഘൂകരിക്കും. (ബുഖാരി, മുസ്‌ലിം)

കുഞ്ഞു ഉമാമയുമായി നമസ്കാരത്തിൽ

അബൂഖതാദഃ (റ) നിവേദനം: നബി (ﷺ) അവിടുത്തെ മകളായ സൈനബ്(റ)ന്റെയും അബുൽ ആസ്വി(റ)ന്റെയും മകൾ ഉമാമത്തിനെ തന്റെ ചുമലിലിരുത്തി ജനങ്ങൾക്ക് നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്നത് ഞാൻ കണ്ടു. അവിടുന്ന് റുകൂ‌അ് ചെയ്യുമ്പോ ഉമാമതിനെ താഴെ വെക്കും. സുജൂദിൽ നിന്നുയരുമ്പോൾ വീണ്ടും ചുമലിലിരുത്തും. (മുസ്‌ലിം)

ആദ്യ പഴം കുഞ്ഞുങ്ങൾക്ക്

നബി(ﷺ)യുടെ അടുത്ത് ആദ്യമായി വിളവെടുക്കുന്ന പഴം കൊണ്ട് വന്നാൽ ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു…. പിന്നെ അടുത്ത് വരുന്ന കുട്ടികൾക്ക് അത് നൽകും. (മുസ്‌ലിം)

തെറ്റ് തിരുത്തുന്നു

ഉമറുബ്‌നു അബൂ സലമയിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞാൻ നബി(ﷺ)യുടെ സംരക്ഷണത്തിൽ വളർന്ന് ഒരു ബാലനായിരുന്നു. ആഹരസമയത്ത് എന്റെ കൈ പാത്രത്തിൽ അങ്ങുമിങ്ങും ചലിച്ചുകൊണ്ടിരിക്കും. റസൂൽ (ﷺ) എന്നോട് പറഞ്ഞു: “കുട്ടി! ഭക്ഷണ വേളയിൽ നീ ബിസ്‌മി ചൊല്ലുക. പാത്രത്തിന്റെ അടുത്ത് നിന്ന് ഭക്ഷിക്കുക. വലത് കൈകൊണ്ട് ഭക്ഷിക്കുക. ” അതിനു ശേഷം എന്റെ ആഹാരരീതി ഇതേ രീതിയിലായിരുന്നു.
(ബുഖാരി, മുസ്‌ലിം)

അബൂ ഹുറയ്‌റ (റ) നിവേദനം…. ഒരിക്കൽ ഹസൻ (റ) ഹുസൈൻ (റ) എന്നീ കുട്ടികൾ (സകാത്തിന്റെ) ഈത്തപഴം എടുത്ത് കളിക്കാൻ തുടങ്ങി. അപ്പോൾ അവരിലൊരാൾ ഈത്തപഴമെടുത്തു തന്റെ വായിലിട്ടു. ഉടനെ നബി (ﷺ) അവിനിലേക്ക് നോക്കുകയും അവന്റെ വായിൽ നിന്ന് അത് എടുത്തുകളയുകയും എന്നിട്ട് ഇങ്ങനെ പറയുകയും ചെയ്തു. “മുഹമ്മദിന്റെ കുടുംബങ്ങൾ സകാത്തിന്റെ ധനം തിന്നുകയില്ലെന്ന് നിനക്കറിയില്ലേ?…
(ബുഖാരി, മുസ്‌ലിം)

കുട്ടികൾക്ക് സാരോപദേശങ്ങൾ

അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) നിവേദനം: റസൂൽ(ﷺ)യുടെ പിന്നിലായിരിക്കെ റസൂൽ (ﷺ) പറഞ്ഞു: കുട്ടീ, നിനക്ക് ചില വാചകങ്ങൾ പഠിപ്പിച്ചു തരട്ടെ! നീ അല്ലാഹുവിനെ സൂക്ഷിക്കുക. എന്നാൽ അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ നിനക്ക് അവന്റെ നിന്റെ മുമ്പിൽ കാണാവുന്നതാണ്. നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിണോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക…(തിർമിദി)

നബി(ﷺ)യും ജൂതബാലനും

അനസ് (റ) നിവേദനം: ജൂതനായ ഒരു കുട്ടി നബി(സ)ക്ക് സേവനം ചെയ്തിരുന്നു. അവൻ രോഗിയായപ്പോൾ നബി (ﷺ) അവനെ സന്ദർശിക്കാനായി ചെന്നു. എന്നിട്ട് അവന്റെ തല ഭാഗത്തിരുന്നു. അവനോട് പറഞ്ഞു: ‘നീ ഇസ്‌ലാം സ്വീകരിക്കു’. അപ്പോൾ അവൻ തന്റെ പിതാവിന്റെ നേരെ നോക്കി. അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അദ്ദേഹം അവനോട് പറഞ്ഞു: അബുൽ ഖാസിമിനെ (റസൂൽ) അനുസരിക്കൂ. അങ്ങനെ അവൻ ഇസ്‌ലാം സ്വീകരിച്ചു. പിന്നെ നബി (ﷺ) അവിടെ നിന്ന് ഇങ്ങിനെ പറഞ്ഞുകൊണ്ട് പുറത്തേക്കു വന്നു. നരകത്തിൽ നിന്നവനെ രക്ഷപ്പെടുത്തിയ അല്ലാഹുവിന് സ്തുതി. (ബുഖാരി)

നബിയെ സ്നേഹിച്ച കുട്ടി

സഹ്‌ലുബ്‌നു സ‌അദ് (റ) നിവേദനം: നബി(ﷺ)യുടെ അടുത്തേക്ക് ഒരു കപ്പ് പാനീയം കൊണ്ട് വരപ്പെട്ടു. നബി (ﷺ) അതിൽ നിന്ന് കുടിച്ചു. നബി(ﷺ)യുടെ വലതു ഭാഗത്ത് സദസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയുണ്ടായിരുന്നു. ഇടത് ഭാഗത്ത് പ്രായം കൂടുതലുള്ളവരും. അപ്പോൾ നബി (ﷺ) ചോദിച്ചു: കുട്ടീ, ഇത് പ്രായമുള്ളവർക്ക് കൊടുക്കാൻ നീ എനിക്ക് സമ്മതം തരുമോ? അവൻ പറഞ്ഞു: അങ്ങയിൽ നിന്ന് എനിക്ക് ലഭിക്കുന്ന ബാക്കി മറ്റാർക്കും കൊടുക്കാൻ ഞാൻ തയ്യാറല്ല. അല്ലാഹുവിന്റെ റസൂലേ. അപ്പോൾ നബി (ﷺ) അത് അവന് നൽകി. (ബുഖാരി)

കുഞ്ഞുങ്ങളോടുള്ള കാരുണ്യം വഴി സ്വർഗ പ്രവേശം

ആഇശ (റ)നിവേദനം: അവർ പറഞ്ഞു: എന്റെ അടുത്തേക്ക് ഒരു സാധു സ്ത്രീ തന്റെ പെൺകുഞ്ഞുങ്ങളെയും വഹിച്ച് കൊണ്ട് വന്നു.ഞാൻ അവർക്ക് മൂന്ന് കാരക്ക തിന്നാൻ നൽകി. അവൾ രണ്ട് കുട്ടികൾക്കും ഓരോ കാരക്ക വീതം നൽകി. ഒരു കാരക്ക അവർ തിന്നുവാൻ തന്റെ വായിലേക്ക് ഉയർത്തി. അപ്പോൾ ആ രണ്ട് പെൺകുഞ്ഞുങ്ങൾ ഉമ്മയോട് ആ കാരക്കയും അവർ തിന്നുവാൻ ചോദിച്ചു. അപ്പോൾ ആ ഉമ്മ തിന്നാനുദ്ദേശിച്ച കാരക്ക രണ്ടാക്കി പിളർത്തി അവർകിടയിൽ വീതിച്ചു. അവളുടെ പ്രവർത്തി എന്നെ അൽഭുതപ്പെടുത്തി. അവൾ ചെയ്തത് ഞാൻ അല്ലാഹുവിന്റെ റസൂൽ(ﷺ)യോടു പറഞ്ഞു. അപ്പോൾ നബി (ﷺ) പറഞ്ഞു:
നിശ്ചയം അല്ലാഹു അവൾക്ക് ആ കാരക്ക കൊണ്ട് സ്വർഗം നിർബന്ധമാക്കി. അല്ലെങ്കിൽ അതിനെ കൊണ്ട് അല്ലാഹു അവളെ നരകത്തിൽ നിന്ന്മോചിപ്പിച്ചു !!  (മുസ്‌ലിം)

print

4 Comments

  • Masha alllah .. jazakkallhu khairan

    Ameer 09.04.2019
  • Alhamdulillah jazakAllah Khair

    Samariya 10.04.2019
  • Masha Allah…
    Jazakallah….

    shamsudinq@gmail.com 21.02.2020
  • ഇത് വളരെ ഉപകാരപ്പെടുന്ന അറിവാണ് നമ്മുടെ സമൂഹത്തിൽ കുട്ടികൾക്ക് കിട്ടേണ്ട കാരുണ്യം ശരിയായ രീതിയിൽ കിട്ടുന്നില്ല അതിന് ഈ ഹദീസുകൾ വളരെ ഫലപ്രദമാണ്

    Suhail Nemmara 06.08.2023

Leave a Reply to Samariya Cancel Comment

Your email address will not be published.