കാരുണ്യത്തിന്റെ 101 നബിപാഠങ്ങൾ -3

//കാരുണ്യത്തിന്റെ 101 നബിപാഠങ്ങൾ -3
//കാരുണ്യത്തിന്റെ 101 നബിപാഠങ്ങൾ -3
ആനുകാലികം

കാരുണ്യത്തിന്റെ 101 നബിപാഠങ്ങൾ -3

61. മുഹമ്മദ് നബി ﷺ പറഞ്ഞു:

.إن الله عزَّ وجلَّ رفيق يحب الرِّفق، ويعطي عليه ما لا يعطي على العنف

“നിശ്ചയം അല്ലാഹു സൗമ്യനാണ്, സൗമ്യതയെ അവൻ ഇഷ്ടപ്പെടുന്നു. പാരുഷ്യത്തിന് നൽകാത്ത (പ്രതിഫലം) അവൻ സൗമ്യതക്ക് നൽകുന്നു.”

(മുസ്നദു അഹ്‌മദ്: 4/ 87, സുനനു അബൂദാവൂദ്: 4807)

62. ركبَتْ عائشةُ بعيراً، فكانت فيه صعوبةٌ، فجعلَتْ تُرَدِّدُه، فقال لها رسول الله صلى الله عليه وسلم
(عليكِ بالرفق، فإن الرِّفق إنَّ الرِّفْقَ لا يكونُ في شيءٍ إلا زانَهُ، ولا يُنْزَعُ من شيءٍ إلا شانَهُ)

ആഇശ (റ) ഒരു ഒട്ടകപുറത്ത് കയറി സഞ്ചരിച്ചു. ഒട്ടകത്തിന് മെരുക്കം കുറവായിരുന്നു. ആഇശ (റ) അതിനെ ശക്തമായി വലിക്കാൻ തുടങ്ങി. അപ്പോൾ അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: “നീ അലിവ് കാണിക്കുക. തീർച്ചയായും അല്ലാഹു ദയാലുവാണ്/ സൗമ്യനാണ്. സൗമ്യത ഏതൊന്നിലുണ്ടോ അതിനെ അത് അലംകൃതമാക്കും. ഏതൊന്നിൽ നിന്ന് സൗമ്യത ഉന്മൂലനം ചെയ്യപ്പെടുന്നോ അതിനെ സൗമ്യതയുടെ അഭാവം നിന്ദ്യമാക്കും.
(സ്വഹീഹു മുസ്‌ലിം: 2594)

63. فعن جرير رضي الله عنه، عن النبي صلى الله عليه وسلم قال: مَنْ يُحْرَمِ الرِّفْقَ يُحْرَمِ الْخَيْرَ.

ജാബിറിൽ(റ) നിന്ന്: പ്രവാചകൻ ﷺ പറഞ്ഞു:
“അലിവില്ലാത്തവന് നന്മകളെല്ലാം നിരോധിക്കപ്പെട്ടിരിക്കുന്നു.”

(സ്വഹീഹു മുസ്‌ലിം: 2592, അദബുൽ മുഫ്റദ് ബുഖാരി: 463)

الرِّفق فيه الزيادة والبركة، ومن يُحرم الرِّفق يحرم الخير.

“അലിവ് വർധനവും അനുഗ്രഹവുമാകുന്നു. അലിവില്ലാത്തവന് നന്മകളെല്ലാം നിരോധിക്കപ്പെട്ടു.”
(അൽ മുഅ്ജമുൽ കബീർ: ത്വബ്റാനി: 2458)

64. ഖൈബറിൽ ബന്ദിയാക്കപ്പെട്ടിരുന്ന സ്വഫിയ്യയോട് പ്രവാചകൻ ﷺ ഇപ്രകാരം പറയുകയുണ്ടായി:

.ﺇﻥْ ﺃَﻗَﻤْﺖ ﻋﻠﻰ ﺩﻳﻨﻚ ﻟَﻢْ ﺃُﻛْﺮِﻫْﻚ، ﻭَﺇِﻥْ اﺧْﺘَﺮْﺕ اﻟﻠﻪَ ﻭَﺭَﺳُﻮﻟَﻪُ ﻓَﻬُﻮَ ﺧَﻴْﺮٌ ﻟَﻚ

‘നിന്റെ പഴയ മതത്തില്‍ തന്നെ നില്‍ക്കാനാണ് തീരുമാനമെങ്കില്‍ അതുപേക്ഷിക്കാന്‍ ഞാന്‍ നിന്നെ നിര്‍ബന്ധിക്കുകയില്ല.’
(അൽ മഗാസി: വാഖിദി: 2/675, താരീഖു മദീനത്തുദിമശ്ക്: ഇബ്നു അസാകിർ: 3/222)

65. മുഹമ്മദ് നബി ﷺ പറഞ്ഞു:

إنه من أُعطي حظَّه من الرِّفق فقد أُعطي حظَّه من خير الدنيا الآخرة، وصلةُ الرَّحِم وحسنُ الخُلُقِ وحُسْنُ الجِوار، يعمران الديار، ويزيدان في الأعمار

“ആർക്ക് സൗമ്യതയെന്ന ഭാഗ്യം ലഭിച്ചുവോ ഇഹലോകത്തേയും പരലോകത്തേയും നന്മകൾ അവന് നൽകപ്പെട്ടു കഴിഞ്ഞു. കുടുംബബന്ധം ചേർക്കൽ, സൽസ്വഭാവം, നല്ല സഹവാസം എന്നിവ നാടിനെ നാഗരികമാക്കുകയും
സ്നേഹ സ്മരണകൾ വർധിപ്പിക്കുകയും ചെയ്യും.”

(മുസ്നദു അഹ്‌മദ്: 6/159)

66. മുഹമ്മദ് നബി ﷺ പറഞ്ഞു:

إذا أحبَّ الله عبداً أعطاه الرِّفق

“അല്ലാഹു ഒരു ദാസനെ ഇഷ്ടപ്പെട്ടാൽ അവന് സൗമ്യമായ പ്രകൃതം നൽകും”

(അൽ മുഅ്ജമുൽകബീർ: ത്വബ്റാനി: 2274, മജ്മഉ സവാഇദ്: 8/18)

67. عَنْ أَنَسٍ، أَنَّ الْبَرَاءَ بْنَ مَالِكٍ كَانَ يَحْدُو بِالرِّجَالِ، وَكَانَ أَنْجَشَةُ يَحْدُو بِالنِّسَاءِ، وَكَانَ حَسَنَ الصَّوْتِ، فَقَالَ النَّبِيُّ صلى الله عليه وسلم‏:‏ يَا أَنْجَشَةُ، رُوَيْدَكَ سَوْقَكَ بِالْقَوَارِيرِ‏.‏

അനസ് (റ) പറയുന്നു: പുരുഷന്മാരുടെ ഒട്ടകങ്ങളെ പാട്ട് പാടി ആട്ടി തെളിച്ചു നയിക്കുന്നതിന്റെ നേതൃത്വം ബറാഅ് ഇബ്നു മാലികിനും സ്ത്രീകളുടെ ഒട്ടകങ്ങളെ പാട്ട് പാടി ആട്ടി തെളിച്ചു നയിച്ചു കൊണ്ട് പോകുന്നതിന്റെ നേതൃത്വം അഞ്ചശക്കുമായിരുന്നു; അദ്ദേഹം നല്ല സ്വരമുള്ള വ്യക്തിയായിരുന്നു. (അദ്ദേഹം ഒട്ടകത്തെ വേഗത്തിൽ തെളിക്കാൻ തുടങ്ങിയപ്പോൾ) പ്രവാചകൻ ﷺ – സ്ത്രീകളോടുള്ള കാരുണ്യം കൊണ്ട് – അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “ഓ അഞ്ചശാ, (സ്ത്രീകളാകുന്ന) പളുങ്കുപാത്രങ്ങൾക്കൊണ്ട് സാവകാശം സഞ്ചരിക്കുക.”
(അദബുൽ മുഫ്റദ്: 1264)

68. മുഹമ്മദ് നബി ﷺ പറഞ്ഞു:

الوالِدُ أوسطُ أبوابِ الجنَّةِ، فإنَّ شئتَ فأضِع ذلك البابَ أو احفَظْه

“സ്വർഗത്തിന്റെ വാതിലുകളിൽ ഏറ്റവും ശ്രേഷ്ടം മാതാപിതാക്കളാണ്. ആ വാതിൽ പാഴാക്കണോ കാത്തുസൂക്ഷിക്കണോ എന്നത് നിന്റെ ഇഷ്ടം പോലെയാണ്.”

(ജാമിഉ തുർമുദി: 1900, മുസ്നദു അഹ്‌മദ്: 27551)

69. (عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ :قِيلَ يَا رَسُولَ اللَّهِ ، ادْعُ عَلَى الْمُشْرِكِينَ ! قَالَ : (إِنِّي لَمْ أُبْعَثْ لَعَّانًا ، وَإِنَّمَا بُعِثْتُ رَحْمَةً

അബൂഹുറയ്റ (റ) പറയുന്നു: “അല്ലാഹുവിന്റെ ദൂതരേ, ബഹുദൈവാരാധകർക്ക് എതിരായി താങ്കൾ പ്രാർത്ഥിച്ചാലും” എന്ന് പ്രവാചകനോട് ﷺ പറയപ്പെട്ടു. അപ്പോൾ പ്രവാചകൻ ﷺ പ്രതിവചിച്ചു: “നിരന്തരം ശപിക്കുന്നവനായല്ല ഞാൻ നിയോഗിതനായിരിക്കുന്നത്. (ലോകത്തിന്) കാരുണ്യമായി മാത്രമാണ് ഞാൻ നിയോഗിതനായിട്ടുള്ളത്.”
(സ്വഹീഹു മുസ്‌ലിം: 2599)

70. ،ﺃﻥ ﻗﻴﺲ ﺑﻦ ﺳﻌﺪ، ﻭﺳﻬﻞ ﺑﻦ ﺣﻨﻴﻒ، ﻛﺎﻧﺎ ﺑﺎﻟﻘﺎﺩﺳﻴﺔ ﻓﻤﺮﺕ ﺑﻬﻤﺎ ﺟﻨﺎﺯﺓ ﻓﻘﺎﻣﺎ، ﻓﻘﻴﻞ ﻟﻬﻤﺎ: ﺇﻧﻬﺎ ﻣﻦ ﺃﻫﻞ اﻷﺭﺽ، ﻓﻘﺎﻻ: ﺇﻥ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻣﺮﺕ ﺑﻪ ﺟﻨﺎﺯﺓ
.ﻓﻘﺎﻡ ﻓﻘﻴﻞ: ﺇﻧﻪ ﻳﻬﻮﺩﻱ، ﻓﻘﺎﻝ: ﺃﻟﻴﺴﺖ ﻧﻔﺴﺎ

കൈസ് ഇബ്നു സഅ്ദ്, സഹ്ൽ ഇബ്നു ഹുനൈഫ് (റ) എന്നീ പ്രവാചക ശിഷ്യർ കാദിസിയ്യയിലായിരിക്കെ അവരുടെ അടുത്തു കൂടെ ഒരു മൃതശരീരം കൊണ്ട് പോവപ്പെട്ടു. അപ്പോൾ അവർ രണ്ടു പേരും ആദര സൂചകമായി എഴുന്നേറ്റു നിന്നു. അത് “ഈ നാട്ടുകാരുടെ മൃതദേഹമാണ്,” (മുസ്‌ലിമിന്റെ മൃതദേഹമല്ല) എന്ന് അവരോട് പറയപ്പെട്ടപ്പോൾ അവർ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരുടെ അടുത്തു കൂടെ ഒരു മൃതദേഹം കൊണ്ട് പോയപ്പോൾ അദ്ദേഹം എഴുന്നേറ്റ് നിൽക്കുകയുണ്ടായി. അതൊരു ജൂതന്റെ മൃതശരീരമാണ് എന്ന് പറഞ്ഞവരോട് പ്രവാചകൻ തിരിച്ചു ചോദിച്ചു: “അതൊരു മനുഷ്യ ശരീരം അല്ലേ ?!”
(സ്വഹീഹു മുസ്‌ലിം: 961, സുനനു നസാഈ: 2059, ഇബ്നു അബീ ശൈബ: 11918, മുസ്നദു അഹ്‌മദ്: 23842)

71. മുഹമ്മദ് നബി ﷺ പറഞ്ഞു:

اعدلوا بين أولادكم، اعدلوا بين أولادكم، اعدلوا بين أولادكم

“നിങ്ങളുടെ സന്താനങ്ങൾക്കിടയിൽ നിങ്ങൾ നീതി പാലിക്കുക, നിങ്ങളുടെ സന്താനങ്ങൾക്കിടയിൽ നിങ്ങൾ നീതി പാലിക്കുക, നിങ്ങളുടെ സന്താനങ്ങൾക്കിടയിൽ നിങ്ങൾ നീതി പാലിക്കുക…”
(താരീഖുൽ കബീർ: ബുഖാരി: 2/1/73, അബൂദാവൂദ്: 2/110, നസാഈ: 2/132)

72. وعن مجاهد أنَّ عبدالله بن عمرو ذُبحت له شاة في أهله، فلمَّا جاء قال: أهديتم لجارنا اليهودي؟ أهديتم لجارنا اليهودي؟
سمعتُ النبي صلى الله عليه وسلم يقول: (ما زال جبريل يوصيني بالجار، حتى ظننتُ أنَّه سيورثه

പ്രവാചക ശിഷ്യൻ അബ്ദുല്ലാഹിബ്നു അംറിന്റെ (റ) വീട്ടിൽ അദ്ദേഹത്തിന് (കഴിക്കാനായി) ഒരു ആടിനെ അറുക്കപ്പെടുകയുണ്ടായി. അദ്ദേഹം വീട്ടിൽ വന്നപ്പോൾ (മാംസം കണ്ടയുടനെ) പറഞ്ഞു: നമ്മുടെ അയൽവാസിയായ യഹൂദിക്ക് നിങ്ങൾ (ഈ മാംസത്തിൽ നിന്ന്) സമ്മാനിച്ചില്ലേ ? (പറയൂ) നിങ്ങൾ സമ്മാനിച്ചില്ലേ ? പ്രാവാചകൻ ﷺ ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് : “അയൽവാസി നമ്മുടെ സ്വത്ത് അനന്തരമെടുക്കുമോ എന്നെനിക്ക് തോന്നും വരെ അയൽവാസിയുടെ (അവകാശങ്ങളെ സംബന്ധിച്ച്) ജിബ്രീൽ എന്നെ ഉപദേശിച്ചു കൊണ്ടേയിരുന്നു.”
(സുനനു തുർമുദി: 1943)

73. قال الرسول صلى الله عليه وسلم: (والله لا يؤمن، والله لا يؤمن، والله لا يؤمن، قيل: من يا رسول الله؟ قال: الذي لا يأمن جارُه بوائقَه)؛

മുഹമ്മദ് നബി ﷺ പറഞ്ഞു: “അല്ലാഹുവാണേ, വിശ്വാസിയായിട്ടില്ല… അല്ലാഹുവാണേ, വിശ്വാസിയായിട്ടില്ല… അല്ലാഹുവാണേ, വിശ്വാസിയായിട്ടില്ല…” “അല്ലാഹുവിന്റെ ദൂതരേ, ആർ വിശ്വാസിയായിട്ടില്ല ?” എന്ന് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: “ആരുടെ ഉപദ്രവങ്ങളിൽ നിന്ന് അയൽക്കാരൻ നിർഭയനായിട്ടില്ലയോ അവൻ (വിശ്വസിയായിട്ടില്ല).”
(സ്വഹീഹുൽ ബുഖാരി: 6016)

74. أَنَّ حُذَيْفَةَ ، حَدَّثَهُمْ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : تَلَقَّتِ الْمَلَائِكَةُ رُوحَ رَجُلٍ مِمَّنْ كَانَ قَبْلَكُمْ ، فَقَالُوا : أَعَمِلْتَ مِنَ الْخَيْرِ شَيْئًا ؟
. قَالَ : لَا ، قَالُوا : تَذَكَّرْ، قَالَ : كُنْتُ أُدَايِنُ النَّاسَ فَآمُرُ فِتْيَانِي أَنْ يُنْظِرُوا الْمُعْسِرَ ، وَيَتَجَوَّزُوا عَنِ الْمُوسِرِ ، قَالَ : قَالَ اللَّهُ عَزَّ وَجَلَّ : تَجَوَّزُوا عَنْهُ

ഹുദൈഫ (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതൻ ﷺ പറയുകയുണ്ടായി: “നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഒരു സമുദായത്തിലെ ഒരാളുടെ ആത്മാവിനെ (മരണ വേളയിൽ) മലക്കുകൾ ഏറ്റെടുത്തു: അവർ അയാളോട് ചോദിച്ചു: “നീ വല്ല നന്മയും ചെയ്തിട്ടുണ്ടോ?” അയാൾ “ഇല്ല” എന്ന് പറഞ്ഞു. മലക്കുകൾ പറഞ്ഞു: “ഒന്ന് ഓർത്തു നോക്കുക.” (അപ്പോൾ കുറച്ച് ചിന്തിച്ചതിന് ശേഷം) അയാൾ പറഞ്ഞു: “ഞാൻ ജനങ്ങൾക്ക് കടം കൊടുക്കുമായിരുന്നു. എന്റെ (ഭൃത്യനായ) പയ്യനോട് (കടക്കാരെ സംബന്ധിച്ച്) ഞാൻ ഇപ്രകാരം കൽപ്പിക്കുമായിരുന്നു: നീ പ്രയാസമനുഭവിക്കുന്ന (പാവപ്പെട്ടവന് കടം തിരിച്ചു വീട്ടാൻ) സാവകാശം കൊടുക്കുക. പണക്കാരനാണെങ്കിൽ (സമയത്തിന് കടം വീട്ടാത്ത തെറ്റ്) പൊറുക്കുകയും ചെയ്യുക.”
(അയാളുടെ ഈ നടപടി കരുണയിൽ അധിഷ്ടിതവും അയാൾ പറയുന്നത് സത്യവുമാണെന്ന് അല്ലാഹുവിന് അറിയാവുന്നത് കൊണ്ട്) അല്ലാഹു അയാൾക്ക് (അയാളുടെ നന്മകളുടെ കുറവ്) മാപ്പു നൽകാൻ മലക്കുകളോട് കൽപ്പിച്ചു.
(സ്വഹീഹു മുസ്‌ലിം : 3017)

75. മുഹമ്മദ് നബി ﷺ പറഞ്ഞു:

كُلُّ مَوْلُودٍ يُولَدُ عَلَى الفِطْرَةِ

“എല്ലാ കുഞ്ഞുങ്ങളും ശുദ്ധ പ്രകൃതിയിലായിട്ടാണ് ജനിക്കുന്നത്… ”
(സ്വഹീഹുൽ ബുഖാരി: 1385, സ്വഹീഹു മുസ്‌ലിം: 2658)

76. .كانَ النبيُّ صَلَّى اللهُ عليه وسلَّمَ أحْسَنَ النَّاسِ خُلُقًا، وكانَ لي أخٌ يُقَالُ له أبو عُمَيْرٍ – قالَ: أحْسِبُهُ – فَطِيمًا، وكانَ إذَا جَاءَ قالَ

പ്രവാചകന്റെ ഭൃത്യൻ അനസ് (റ) പറഞ്ഞു: പ്രവാചകൻ ﷺ ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ള വ്യക്തിയായിരുന്നു. എനിക്ക് മുലകുടി കഴിഞ്ഞ ഒരു കുഞ്ഞു സഹോദരൻ ഉണ്ടായിരുന്നു.
(സ്വഹീഹുൽ ബുഖാരി: 6203)

كان يقال له أبو عمير وكان له نغير وكان رسول الله صلى الله عليه وسلم إذا دخل عليه ضاحكه فرآه حزينا فقال ما بال أبي عمير قالوا يا رسول الله مات نغيره قال فجعل يقول يا أبا عمير ما فعل النغير

അവന്റെ പേര് അബൂഉമൈർ എന്നായിരുന്നു. അവന് ഒരു കുഞ്ഞു കുരുവിയുണ്ടായിരുന്നു. പ്രവാചകൻ ﷺ അവന്റെ അടുത്ത് ചെന്നാൽ തമാശകൾ പറഞ്ഞ് അവനെ ചിരിപ്പിക്കുമായിരുന്നു. അങ്ങനെ (ഒരിക്കൽ) അവനെ ദുഖിതനായി അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: “അബൂഉമൈറിന് എന്ത് പറ്റി ?” “അല്ലാഹുവിന്റെ ദൂതരേ, അവന്റെ കുഞ്ഞു കുരുവി ചത്തുപോയി” എന്ന് വീട്ടുകാർ പറഞ്ഞു. അപ്പോൾ പ്രവാചകൻ ﷺ (കുട്ടിയുടെ ദുഖത്തിൽ പങ്കു കൊണ്ട് സമാധാനിപ്പിക്കാനായി) പറഞ്ഞു: “അബൂഉമൈർ, (നിന്റെ) കുരുവിക്ക് എന്ത് സംഭവിച്ചു.?!”
(മുസ്നദു അഹ്‌മദ്: 12664)

77. :وعن أَبي هُرَيْرَةَ قَالَ: قبَّل النَّبِيُّ ﷺ الْحسنَ بنَ عَليٍّ رضي اللَّه عنهما، وَعِنْدَهُ الأَقْرعُ بْنُ حَابِسٍ، فَقَالَ الأَقْرَعُ
إِنَّ لِي عَشرةً مِنَ الْولَدِ مَا قَبَّلتُ مِنْهُمْ أَحدًا، فنَظَر إِلَيْهِ رسولُ اللَّه ﷺ فقَالَ: مَن لا يَرْحَمْ لَا يُرْحَمْ

അബൂഹുറയ്റ (റ) പറഞ്ഞു: പ്രവാചകൻ ﷺ (തന്റെ പേര കിടാവ്) ഹസൻ ബിൻ അലിയെ ചുംബിച്ചു. അപ്പോൾ അദ്ദേഹത്തിനടുത്ത് അക്റഅ് ഇബ്നു ഹാബിസ് ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: “എനിക്ക് പത്ത് (ചെറിയ) മക്കളുണ്ട്, അവരിൽ ആരേയും ഞാൻ ചുംബിച്ചിട്ടില്ല.” അപ്പോൾ പ്രവാചകൻ അദ്ദേഹത്തെ നോക്കി, എന്നിട്ട് പറഞ്ഞു: “ആർ കാരുണ്യം കാണിക്കുന്നില്ലയോ, അവന് കാരുണ്യം ലഭിക്കുകയും ഇല്ല.”
(സ്വഹീഹു മുസ്‌ലിം: 4406)

78. മുഹമ്മദ് നബി ﷺ പറഞ്ഞു:

إِنِّي لَأَدْخُلُ فِي الصَّلاَةِ وَأَنَا أُرِيدُ إِطَالَتَهَا ، فَأَسْمَعُ بُكَاءَ الصَّبِيِّ ، فَأَتَجَوَّزُ فِي صَلاَتِي مِمَّا أَعْلَمُ مِنْ شِدَّةِ وَجْدِ أُمِّهِ مِنْ بُكَائِهِ

“നമസ്ക്കാരം ദീർഘിപ്പിക്കണമെന്ന ഉദ്ദേശത്തോടെ (ചിലപ്പോൾ) ഞാൻ നമസ്ക്കാരത്തിൽ പ്രവേശിക്കും. അപ്പോൾ കുഞ്ഞുങ്ങളുടെ കരച്ചിൽ ഞാൻ കേൾക്കും. അപ്പോൾ അവരുടെ കരച്ചിലു കൊണ്ട് (എന്റെ പിന്നിൽ നമസ്ക്കരിക്കുന്ന) മാതാക്കളുടെ വിഷമം മനസ്സിലാക്കി ഞാൻ നമസ്ക്കാരം ചുരുക്കും.”
(സ്വഹീഹുൽ ബുഖാരി: 688)

മറ്റൊരിക്കൽ അദ്ദേഹം ﷺ ഇങ്ങനെ പറഞ്ഞു:

إِذا صَلَّى أَحدُكُمْ للنَّاسِ فَلْيُخَفِّفْ، فَإِنَّ فِيهِم الضَّعِيفَ وَالسَّقيمَ والْكَبِيرَ، وإِذَا صَلَّى أَحَدُكُمْ لِنَفْسِهِ فَلْيُطَوِّل مَا شَاءَ

“നിങ്ങളിൽ ആരെങ്കിലും ജനങ്ങൾക്ക് നമസ്ക്കാരത്തിന് നേതൃത്വം വഹിച്ചാൽ അവൻ (നമസ്ക്കാരം ദൈർഘ്യം കുറച്ച്) എളുപ്പമുള്ളതാക്കട്ടെ. കാരണം ജനങ്ങളിൽ ദുർബലരും രോഗികളും വൃദ്ധരുമെല്ലാം ഉണ്ട്. ഒറ്റക്കാണ് നമസ്ക്കരിക്കുന്നതെങ്കിൽ ഒരോരുത്തരുടേയും ഇഷ്ടാനുസരണം ദീർഘിപ്പിച്ച് നമസ്ക്കരിക്കാം.”
(സ്വഹീഹുൽ ബുഖാരി: 682)

79. ،عن الإمام الأوزاعي قَالَ : سَأَلْتُ الزُّهْرِي أَي أَزْوَاجِ النَّبِي صلى الله عليه وسلم اسْتَعَاذَتْ مِنْهُ ؟ قَالَ : أَخْبَرَنِي عُرْوَةُ
عَنْ عَائِشَةَ رضي الله عنها: أَنَّ ابْنَةَ الْجَوْنِ لَمَّا أُدْخِلَتْ عَلَى رَسُولِ اللَّهِ صلى الله عليه وسلم وَدَنَا مِنْهَا قَالَتْ: أَعُوذُ بِاللَّهِ مِنْكَ. فَقَالَ لَهَا: لَقَدْ عُذْتِ بِعَظِيمٍ ، الْحَقِى بِأَهْلِكِ)

ഇമാം ഔസാഇ പറഞ്ഞു: ഞാന്‍ ഇമാം സുഹ്‌രിയോട് ചോദിച്ചു: പ്രവാചകന്റെ ﷺ ഭാര്യമാരില്‍ ആരാണ് അദ്ദേഹത്തില്‍ നിന്നും ശരണം തേടിയത്? അദ്ദേഹം പറഞ്ഞു: എന്നോട്, ഉര്‍വ ആഇശ(റ)യില്‍ നിന്നും ഹദീസ് ഉദ്ധരിക്കുകയുണ്ടായി: ജൗനിന്റെ മകളെ പ്രവാചകന്റെ ﷺ അടുക്കലേക്ക് കൊണ്ട് ചെന്നപ്പോൾ അദ്ദേഹം അവളുടെ അരികിലേക്ക് ചെന്നു. അപ്പോൾ അവള്‍ പറഞ്ഞു: “ഞാന്‍ താങ്കളില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു”. അപ്പോള്‍ അദ്ദേഹം ﷺ പറഞ്ഞു: “അതിമഹത്വത്തിനുടമയിലാണ് നീ രക്ഷ തേടിയിരിക്കുന്നത്. നീ നിന്റെ കുടുംബത്തിലേക്ക് പൊയ്കൊള്ളുക.”
(സ്വഹീഹുൽ ബുഖാരി: 5254).

(സ്വന്തം ഭാര്യയായിരുന്നിട്ടും തന്റെ കൂടെ ജീവിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയ ഉമൈമയെ നിർബന്ധിച്ച് കൂടെ താമസിപ്പിക്കാതേ വീട്ടിലേക്ക് മടക്കി അയച്ചു കാരുണ്യവാനായ പ്രവാചകൻ ﷺ.)
കൂടാതെ വീട്ടിലേക്ക് തിരികെപ്പോകാനുള്ള യാത്രാ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാനും, രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കാനും പ്രവാചകൻ ﷺ അനുചരൻ അബൂ ഉസൈദിനോട് കല്പിക്കുകയും ചെയ്തു.
(സ്വഹീഹുൽ ബുഖാരി: 5256)

80. عن أبي مسعود البدري قال: كنت أضرب غلاماً لي بسوط، فسمعت صوتاً من خلفي: “اعلم أبا مسعود” فلم أفهم الصوت من الغضب، قال: فلما دنا مني إذا هو رسول الله صلى الله عليه وسلم فإذا هو يقول: “اعلم أبا مسعود، اعلم أبا مسعود” قال: فألقيت السوط من يدي، فقال: “اعلم أبا مسعود أن الله أقدر عليك منك على هذا الغلام” قال: فقلت: لا أضرب مملوكاً بعده أبداً

അബൂ മസ്ഊദ് (റ) പറഞ്ഞു: ഞാൻ എന്റെ അടിമയെ ചാട്ടവാർ കൊണ്ട് അടിക്കുകയായിരുന്നു. അപ്പോൾ എന്റെ പിറകിൽ നിന്ന് ഒരു ശബ്ദം ഞാൻ കേട്ടു:
“അബൂ മസ്ഊദേ, നീ അറിയണം… “കോപത്താൽ ആ ശബ്ദം എനിക്ക് വ്യക്തമായി മനസ്സിലായില്ല. എന്റെ അടുത്തേക്ക് വന്നപ്പോൾ (എനിക്ക് ആ ശബ്ദം മനസ്സിലായി) അല്ലാഹുവിന്റെ ദൂതനതാ ﷺ പറയുന്നു: “അബൂ മസ്ഊദേ, നീ അറിയണം… “. എന്റെ കൈകളിൽ നിന്നും ചാട്ടവാർ നിലത്ത് വീണു. “അബൂ മസ്ഊദേ, നീ അറിയണം… ഈ പയ്യനു മേൽ നിനക്കുള്ള അധികാരത്തേക്കാൾ നിന്റെ മേൽ അല്ലാഹുവിന് അധികാരമുണ്ട്.” ഞാൻ പറഞ്ഞു: ഇനിമേൽ ഒരു അടിമയേയും ഞാൻ തല്ലില്ല.”
(സ്വഹീഹു മുസ്‌ലിം: 4396)

81. മുഹമ്മദ് നബി ﷺ പറഞ്ഞു:

أثقلُ شيءٍ في ميزان المؤمن يوم القيامة حسن الخلق، وإنَّ الله لَيُبْغِضُ الفاحشَ البذيء

“അന്ത്യനാളിൽ വിശ്വാസിയുടെ (നന്മയുടെ) തുലാസിൽ ഏറ്റവും ഘനം തൂങ്ങുന്ന നന്മ സൽസ്വഭാവമാണ്. അശ്ലീലനും ദുസ്വഭാവിയുമായവനെ അല്ലാഹു വെറുക്കുക തന്നെ ചെയ്യുന്നു.”
(അൽ അദബുൽ മുഫ്റദ്: ബുഖാരി: 464)

82. :عَنْ أَبِي عَزِيزِ بْنِ عُمَيْرِ ابْنِ أَخِي مُصْعَبِ بْنِ عُمَيْرٍ قَالَ: كُنْتُ فِي الأُسَارَى يَوْمَ بَدْرٍ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ
((اسْتَوْصُوا بِالأُسَارَى خَيْرًا))، وَكُنْتُ فِي نَفَرٍ مِنَ الأَنْصَارِ، فَكَانُوا إِذَا قَدِمُوا غَدَاءَهُمْ، أَوْ عَشَاءَهُمْ أَكَلُوا التَّمْرَ، وَأَطْعَمُونِي الْخُبْزَ بِوَصِيَّةِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِيَّاهُمْ)

അബൂ അസീസ് ഇബ്നു ഉമൈർ (റ) പറഞ്ഞു: ബദ്ർ യുദ്ധാനന്തരം (ശത്രു പക്ഷത്ത് നിന്ന്) ബന്ദികളാക്കപ്പെട്ടവരിൽ ഞാനും ഉണ്ടായിരുന്നു. (അദ്ദേഹം പിന്നീടാണ് ഇസ്‌ലാം സ്വീകരിക്കുന്നത്) അപ്പോൾ അല്ലാഹുവിന്റെ ദൂതർ മുസ്‌ലിംകളോട് കൽപ്പിച്ചു : “ബന്ദികളോട് നന്മ ചെയ്യാൻ ഞാൻ നിങ്ങളോട് അനുശാസനം നല്‍കുന്നു”. ഞാൻ അൻസ്വാരികളുടെ ഒരു കൂട്ടത്തിലാണ് (ബന്ധനസ്ഥനായ നിലക്ക്) ഉണ്ടായിരുന്നത്. രാവിലേയും വൈകുന്നേരവും അവരുടെ അടുക്കൽ ഭക്ഷണം കൊണ്ടു വരപ്പെടുമ്പോഴെല്ലാം -ബന്ദികളോട് നന്മ ചെയ്യാനുള്ള പ്രവാചകന്റെ അനുശാസനം പരിഗണിച്ച് – അവർ ഈത്തപഴം ഭക്ഷിക്കുകയും എനിക്ക് റൊട്ടി നൽകുകയും ചെയ്യുമായിരുന്നു.
(ത്വബ്റാനി: മുഅ്ജമു സ്വഗീർ: 409, അൽ ഖബീർ: 977, മജ്മഉ സവാഇദ്: 10007)

83. മുഹമ്മദ് നബി ﷺ പറഞ്ഞു:

إذا طبختم اللحم فأكثروا المرق أو الماء، فإنه أوسع، أو أبلغ للجيران

“നിങ്ങൾ മാംസം പാകം ചെയ്താൽ ചാറോ വെള്ളമോ വർദ്ധിപ്പിക്കുക. കാരണം (അതിലൂടെ) അയൽവാസിക്കു കൂടി (ഭക്ഷണം) എത്തുമല്ലോ.”
(മുസ്നദു അഹ്‌മദ്: 3/377)

84. മുഹമ്മദ് നബി ﷺ പറഞ്ഞു:

أطعموهن مما تأكلون واكسوهن مما تكتسون ولا تضربوهن ولا تقبحوهن

“നിങ്ങൾ ഭക്ഷിക്കുന്നതിൽ നിന്ന് തന്നെ നിങ്ങളുടെ ഭാര്യമാർക്കും ഭക്ഷിക്കാൻ നൽകണം. നിങ്ങൾ ധരിക്കുന്ന (നിലവാരത്തിലുള്ള) വസ്ത്രങ്ങൾ തന്നെ അവർക്കും ധരിക്കാൻ നൽകണം. അവരെ തല്ലരുത്. അവരെ അപമാനിക്കരുത്.”
(സുനനു അബൂദാവൂദ്: 2144)

85. മുഹമ്മദ് നബി ﷺ പറഞ്ഞു:

إِنَّ اللَّهَ كَرِيمٌ يُحِبُّ الْكَرَمَ

“നിശ്ചയം, അല്ലാഹു ഉദാരനാണ്. ഉദാരത (എന്ന സൃഷ്ടികളിലെ വിശിഷ്ട സ്വഭാവത്തെ) അവൻ ഇഷ്ടപ്പെടുന്നു.”
(ഹാകിം:1/48, അൽഹിൽയ: അബൂനുഐം: 3/255)

86. മുഹമ്മദ് നബി ﷺ പറഞ്ഞു:
عن عقبة بن عامر قال لقيت رسول الله صلى الله عليه وسلم فقال لي يا عقبة بن عامر صل من قطعك وأعط من حرمك واعف عمن ظلمك

ഉക്ബത്തിബ്നു ആമിർ (റ) പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ ദൂതനെ ഒരിക്കൽ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം എന്നെ ഇപ്രകാരം ഉപദേശിച്ചു: “ഓ ഉക്ബ, നിന്നോട് ബന്ധം മുറിക്കുന്നരോട് നീ അങ്ങോട്ട് ബന്ധം ചേർക്കുക. നിനക്ക് (വല്ലതും) നിഷേധിച്ചവർക്ക് പോലും നീ ദാനം ചെയ്യുക. നിന്നെ ദ്രോഹിച്ചവർക്ക് നീ മാപ്പു നൽകുക.”
(മുസ്നദു അഹ്‌മദ്‌: 16999)

87. മുഹമ്മദ് നബി ﷺ പറഞ്ഞു:

أَحَبُّ الناسِ إلى اللهِ أنفعُهم للناسِ

“ജനങ്ങൾക്ക് ഏറ്റവും ഉപകാര ശീലരായവരാണ് ജനങ്ങളിൽ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവർ.”
(അൽ മുഅ്ജമുൽ ഔസത്ത്: ത്വബ്റാനി: 6026)

88. മുഹമ്മദ് നബി ﷺ പറഞ്ഞു:

يخرج رجال من هذه الأمة في آخر الزمان معهم سياط كأنها أذناب البقر يغدون في سخط الله ويروحون في غضبه

“അവസാന നാളിൽ ചില പുരുഷന്മാർ പുറപ്പെടും; അവരോടൊപ്പം (ജനങ്ങളെ അടിക്കുവാനും ശക്തമായി ശിക്ഷിക്കുവാനും വേണ്ടി) പശുവിന്റെ വാലു പോലെയുള്ള ചാട്ടവാറുകൾ ഉണ്ടാകും. അത്തരക്കാർ രാവിലെ (ജനങ്ങളെ ശിക്ഷിക്കാനായി) പുറപ്പെടുന്നത് അല്ലാഹുവിന്റെ കോപത്തിലായി കൊണ്ടും വൈകുന്നേരം മടങ്ങിവരുന്നത് അല്ലാഹുവിന്റെ വെറുപ്പിലായി കൊണ്ടുമായിരിക്കും.”
(മജ്മഉ സവാഇദ്: 9181)

89. മുഹമ്മദ് നബി ﷺ പറഞ്ഞു:

اسْمَحْ يُسْمَحْ لكَ

“നീ (മറ്റുള്ളവരോട്) സഹിഷ്ണുത കാണിക്കുക. എങ്കിൽ നിന്നോടും സഹിഷ്ണുത കാണിക്കപ്പെടും.”
(മുസ്നദു അഹ്‌മദ്: 2233, മുസ്നദുൽ ഹാരിസ്: 1081, മുഅ്ജമുൽ ഔസത്ത്: ത്വബ്റാനി: 5112)

90. മുഹമ്മദ് നബി ﷺ പറഞ്ഞു:

الإِيمانُ : الصَّبرُ و السَّماحَةُ

“വിശ്വാസം എന്നാൽ സഹനവും സഹിഷ്ണുതയുമാകുന്നു.”
(മകാരിമുൻ അഖ്‌ലാക്: ത്വബ്റാനി: 31)

91. മുഹമ്മദ് നബി ﷺ പറഞ്ഞു:

كَسِّرُوا فِيهَا قَسِيَّكُمْ، وَقَطِّعُوا فِيهَا أَوْتَارَكُمْ، وَالزَمُوا فِيهَا أَجْوَافَ بُيُوتِكُمْ، وَكُونُوا كَابْنِ آدَمَ

(കലാപങ്ങളുടേയും കുഴപ്പങ്ങളുടേയും കാലഘട്ടത്തിൽ അവയിലൊന്നും പങ്കാളിയാവാതെ) നിങ്ങളുടെ വില്ലുകൾ ഒടിച്ചു കളയുകയും, നിങ്ങളുടെ (വില്ലുകളുടെ) വള്ളികൾ മുറിച്ചു കളയുകയും നിങ്ങളുടെ വീടുകളുടെ ഉള്ളറകളിൽ തന്നെ കഴിഞ്ഞു കൂടുകയും ചെയ്യുക. ആദം സന്തതികളിൽ ഏറ്റവും നല്ലവനായി മാറുക.”
(സുനനു തുർമുദി: 3/222, ശുഅബുൽ ഈമാൻ: ബൈഹകി: 2/113/2, താരീഖു ഇബ്നു അസാകിർ: 17/491/1)

92. മുഹമ്മദ് നബി ﷺ പറഞ്ഞു:

:عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: كُنْت خَلْفَ رَسُولِ اللَّهِ صلى الله عليه و سلم يَوْمًا، فَقَالَ
…وَاعْلَمْ أَنَّ فِي الصَّبْرِ عَلَى مَا تَكْرَهُ خَيْرًا كَثِيرًا ، وَأَنَّ النَّصْرَ مَعَ الصَّبْرِ ، وَأَنَّ الْفَرَجَ مَعَ الْكَرْبِ ، وَأَنَّ مَعَ الْعُسْرِ يُسْرًا

” …അറിയുക, നീ വെറുക്കുന്ന ഒരു കാര്യത്തിനുമേൽ ക്ഷമ കൈകൊള്ളുന്നതിൽ ധാരാളം നൻമകൾ (അല്ലാഹു നിശ്ചയിച്ചിരിക്കുന്നു). തീർച്ചയായും വിജയം സഹനത്തോടൊപ്പമാണ്. ദുരിതത്തോടൊപ്പം ആശ്വാസവും ഞെരുക്കത്തോടൊപ്പം ഒരു എളുപ്പമുണ്ടായിരിക്കും.”
(മുസ്നദ് അഹ്‌മദ്: 7260)

93. മുഹമ്മദ് നബി ﷺ പറഞ്ഞു:

إنَّ اللَّه عز وجل قَالَ:إِذَا ابْتَلَيْتُ عَبدِي بحبيبتَيْهِ فَصبَرَ عَوَّضْتُهُ مِنْهُمَا الْجنَّةَ

“ഉന്നതനും പ്രതാപിയുമായ അല്ലാഹു ഇപ്രകാരം അരുളിയിരിക്കുന്നു: ‘ഞാൻ എന്റെ അടിമയെ അവന്റെ രണ്ട് (നയനങ്ങളാകുന്ന) പ്രിയങ്കര വസ്തുക്കൾ കൊണ്ട് പരീക്ഷിക്കുകയും എന്നിട്ട് അവൻ ക്ഷമ കൈക്കൊള്ളുകയും ചെയ്താൽ അവ രണ്ടിനും പകരമായി അവനു ഞാൻ സ്വർഗം നൽകുന്നതാണ്. ”
(ഫത്ഹുൽ ബാരി: 5329)

94. عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ ، فِيمَا رَوَى عَنِ اللهِ تَبَارَكَ وَتَعَالَى أَنَّهُ قَالَ: يَا عِبَادِي إِنِّي حَرَّمْتُ الظُّلْمَ عَلَى نَفْسِي ، وَجَعَلْتُهُ بَيْنَكُمْ مُحَرَّمًا

പ്രവാചകൻ ﷺ, അനുഗ്രഹീതനും ഉന്നതനുമായ അല്ലാഹുവിൽ നിന്നും ഉദ്ധരിക്കുന്നു. അല്ലാഹു പറഞ്ഞു: “എന്റെ അടിമകളേ, ഞാൻ എന്റെ മേൽ അക്രമം (സ്വമേധയാൽ) നിഷിദ്ധമാക്കിയിരിക്കുന്നു. ആക്രമം നിങ്ങൾക്കിടയിലും നിഷിദ്ധമാക്കിയിരിക്കുന്നു.”
(സ്വഹീഹു മുസ്‌ലിം: 2577)

95. فَنَادَانِي مَلَكُ الْجِبَالِ، فَسَلَّمَ عَلَىَّ ثُمَّ قَالَ يَا مُحَمَّدُ، فَقَالَ ذَلِكَ فِيمَا شِئْتَ، إِنْ شِئْتَ أَنْ أُطْبِقَ عَلَيْهِمِ الأَخْشَبَيْنِ، فَقَالَ النَّبِيُّ صلى الله عليه وسلم بَلْ أَرْجُو أَنْ يُخْرِجَ اللَّهُ مِنْ
أَصْلاَبِهِمْ مَنْ يَعْبُدُ اللَّهَ وَحْدَهُ لاَ يُشْرِكُ بِهِ شَيْئًا ‏”‏‏

പ്രവാചകനെ ﷺ സ്വസമൂഹം മാനസികമായും ശാരീരികമായും ഉപദ്രവിച്ച ഒരു സന്ദർഭത്തിൽ പർവ്വതങ്ങളുടെ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ട മലക്ക് വന്നു കൊണ്ട് അദ്ദേഹത്തോട് പറഞ്ഞു: “താങ്കൾ ഇഷ്ടമുള്ളത് കൽപ്പിക്കുക. താങ്കൾ ഉദ്ദേശിക്കുകയാണെങ്കിൽ രണ്ട് പർവ്വതങ്ങൾ അവരുടെ മേൽ പതിച്ചു കൊണ്ട് ഞാൻ ശിക്ഷ നടപ്പാക്കാം.” അപ്പോൾ പ്രവാചകന്റെ ﷺ മറുപടി ഇപ്രകാരമായിരുന്നു:
“അരുത്, അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, അവനിൽ ഒന്നിനേയും പങ്കു ചേർക്കാത്ത സന്താനങ്ങളെ അവരിൽ നിന്നും അല്ലാഹു ജനിപ്പിച്ചിരുന്നെങ്കിൽ എന്നതാണ് എന്റെ പ്രത്യാശ.”
(സ്വഹീഹുൽ ബുഖാരി: 3231, സ്വഹീഹു മുസ്‌ലിം: 1795)

96. :عن عبد الله بن مسعود رضي الله عنه قال: ((كأنِّي أنظر إلى النَّبيِّ صلى الله عليه وسلم يحكي نبيًّا مِن الأنبياء ضربه قومه فأدموه، فهو يمسح الدَّم عن وجهه، ويقول
(ربِّ اغفر لقومي فإنَّهم لا يعلمون

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: പ്രവാചകൻ ﷺ ഒരു പ്രവാചകന്റെ കഥ പറയുന്നത് ഞാൻ നേരിൽ കാണുന്നത് പോലെ (ഓർക്കുന്നു.) ആ പ്രവാചകന്റെ സമൂഹം അദ്ദേഹത്തെ മർദ്ദിച്ചു, (ശരീരത്തിൽ നിന്ന്) രക്തമൊഴുക്കി. അദ്ദേഹം തന്റെ മുഖത്തു നിന്ന് രക്തം തുടച്ചു കൊണ്ട് ഇപ്രകാരം പ്രാർത്ഥിച്ചു: “എന്റെ നാഥാ, എന്റെ സമൂഹത്തിന് നീ പൊറുത്തു കൊടുക്കേണമേ. കാരണം അവർ അറിവില്ലാത്തവരാണ്.”
(സ്വഹീഹുൽ ബുഖാരി: 3477)

97. മുഹമ്മദ് നബി ﷺ പറഞ്ഞു:

السلامُ اسمٌ من أسماءِ اللهِ وضَعَهُ اللهُ في الأرضِ ، فأفْشُوهُ بينَكمْ
“‘സമാധാനം’ എന്നത് അല്ലാഹുവിന്റെ നാമങ്ങളിൽ ഒന്നാണ്; അല്ലാഹു അതിനെ ഭൂമിയിൽ നിക്ഷേപിച്ചിരിക്കുന്നു. അതുകൊണ്ട് സമാധാനത്തെ നിങ്ങൾ, നിങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക.”
(അദബുൽ മുഫ്റദ്: 1039, മുസ്നദുൽ ബസ്സാർ: 1771)

98. മുഹമ്മദ് നബി ﷺ പറഞ്ഞു:

أطعِموا الطَّعامَ، وصِلوا الأرحامَ، وصلُّوا باللَّيلِ، والنَّاسُ نيامٌ، تدخلوا الجنَّةَ بسَلامٍ

“നിങ്ങൾ (വിശക്കുന്നവന്) ഭക്ഷണം നൽകുക, കുടുംബ ബന്ധങ്ങൾ ചേർക്കുക. ജനങ്ങൾ ഉറങ്ങവെ രാത്രി നമസ്ക്കരിക്കുക. (എങ്കിൽ) നിങ്ങൾ സമാധാനത്തോടെ സ്വർഗത്തിൽ പ്രവേശിക്കും.”

(സ്വഹീഹു ഇബ്നുമാജ: 2648)

99. عَنِ الْبَرَاءِ بْنِ عَازِبٍ قَالَ : جَاءَ أَعْرَابِيٌّ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , فَقَالَ : عَلِّمْنِي عَمَلًا يُدْخِلُنِي الْجَنَّةَ , فَقَالَ : …أَعْتِقِ النَّسَمَةَ وَفُكَّ الرَّقَبَةَ
…فَإِنْ لَمْ تُطِقْ ذَلِكَ فَأَطْعِمِ الْجَائِعَ , وَاسْقِ الظَّمْآنَ ، وَأْمُرْ بِالْمَعْرُوفِ ، وَانْهَ عَنِ الْمُنْكَرِ

ബറാഅ് ഇബ്നു ആസിം (റ) പറഞ്ഞു: ഒരു ഗ്രാമീണ അറബി അല്ലാഹുവിന്റെ ദൂതന്റെ ﷺ അടുത്തു വന്ന് പറഞ്ഞു: “എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന വല്ല പുണ്യകർമ്മവും എനിക്ക് താങ്കൾ പഠിപ്പിച്ചു തന്നാലും ” അപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: “…നീ അടിമയെ മോചിപ്പിക്കുകയും, മോചനത്തിനായി സാമ്പത്തികമായി സഹായിക്കുകയും ചെയ്യുക… അതിന് നിനക്കു കഴിയില്ലെങ്കിൽ നീ വിശക്കുന്നവനെ ഊട്ടുകയും ദാഹിക്കുന്നവനെ കുടിപ്പിക്കുകയും ചെയ്യുക. നീ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക…”
(മുശ്കിലുൽ ആസാർ: ത്വഹ്ഹാവി : 2302)

100. മുഹമ്മദ് നബി ﷺ പറഞ്ഞു:

خيرُكُمْ مَنْ أَطْعَمَ الطعامَ

“നിങ്ങളിൽ ഉത്തമൻ (ജനങ്ങൾക്ക്) ഭക്ഷണം ഊട്ടുന്നവനാണ്.”

(മുസ്നദു അഹ്‌മദ്: 23971, ത്വബകാത്തുൽ കുബ്റാ: ഇബ്നു സഅ്ദ്: 3614)

101. ആദ്യമായി ദിവ്യ ബോധനവും കൊണ്ട് ഹിറാ ഗുഹയിൽ വന്ന മലക്ക് ജിബ്രീലിനെ കണ്ട് ഭയചകിതനായ പ്രവാചകൻ ﷺ, തനിക്ക് വല്ല ദോഷവും ബാധിക്കുമോ എന്ന് ഭയപ്പെട്ടപ്പോൾ പത്നി ഖദീജ (റ) അദ്ദേഹത്തെ ഇപ്രകാരം സമാശ്വസിപ്പിച്ചു:

كَلَّا أَبْشِرْ، فَوَاللَّهِ لَا يُخْزِيكَ اللَّهُ أَبَدًا؛ وَاللَّهِ إِنَّكَ لَتَصِلُ الرَّحِمَ، وَتَصْدُقُ الْحَدِيثَ، وَتَحْمِلُ الْكَلَّ، وَتَكْسِبُ الْمَعْدُومَ، وَتَقْرِي الضَّيْفَ، وَتُعِينُ عَلَى نَوَائِبِ الْحَقِّ

“ഇല്ല, താങ്കൾ സന്തോഷിക്കുക. അല്ലാഹുവാണെ സത്യം, അല്ലാഹു താങ്കളെ ഒരിക്കലും കൈവെടിയില്ല. അല്ലാഹുവാണെ, താങ്കൾ കുടുംബ ബന്ധം ചേർക്കുകയും, സത്യം സംസാരിക്കുകയും (മറ്റുള്ളവരുടെ) ഭാരങ്ങൾ വഹിക്കുകയും, ഒന്നുമില്ലാത്തവർക്ക് (വേണ്ടത്) സമ്പാദിച്ച് നൽകുകയും, അതിഥിയെ ആദരിക്കുകയും, ആവശ്യക്കാരെ സഹായിക്കുകയും ചെയ്യുന്നു…”
(സ്വഹീഹുൽ ബുഖാരി: 3)

(അവസാനിച്ചു)

print

No comments yet.

Leave a comment

Your email address will not be published.