കപടദേശീയതയുടെ ഉന്മാദത്തിൽ ‘ജിഹാദികളുടെ’ ദേശക്കൂറിനെ ചോദ്യം ചെയ്യുന്നവരോട്

//കപടദേശീയതയുടെ ഉന്മാദത്തിൽ ‘ജിഹാദികളുടെ’ ദേശക്കൂറിനെ ചോദ്യം ചെയ്യുന്നവരോട്
//കപടദേശീയതയുടെ ഉന്മാദത്തിൽ ‘ജിഹാദികളുടെ’ ദേശക്കൂറിനെ ചോദ്യം ചെയ്യുന്നവരോട്
ആനുകാലികം

കപടദേശീയതയുടെ ഉന്മാദത്തിൽ ‘ജിഹാദികളുടെ’ ദേശക്കൂറിനെ ചോദ്യം ചെയ്യുന്നവരോട്

ദേശം കപടദേശീയതയുടെ പനി ബാധിച്ച് വിറയ്ക്കുകയാണ്. ഇന്ത്യയിലെ സവർണ്ണ മേധാവിത്വം ‘മുസ്‌ലിം അപരനു’വേണ്ടിയുള്ള തടങ്കൽപാളയങ്ങൾ പണിയുന്ന തത്രപ്പാടിലാണിപ്പോൾ. കണയേറ്റ കരിമ്പുലി പോലെ ഫാഷിസം ഇൻഡ്യൻ ബഹുസ്വരതയുടെ വർണരാജിയെ കടിച്ചുകീറിക്കൊണ്ട് പിടഞ്ഞോടുന്നു.

മുസ്‌ലിം പ്രബുദ്ധതയുടെ പ്രകടിത രൂപമായ അലിഗർ, ജാമിഅ സർവകലാശാലകളിൽ ആവനാഴിയിലെ സർവ്വായുധങ്ങളുമുപയോഗിച്ച് നരനായാട്ട് നടത്തിയിട്ടും അവരുടെ കലിപ്പ് തീർന്നിട്ടില്ല. പൗരത്വഭേദഗതിബിൽ ചർച്ച വഴി മാറ്റുവാനായി അവസാനം ജവർലാൽ നെഹ്‌റു സർവകലാശാലയും ചോരക്കളമാക്കിയിരിക്കുന്നു.

എന്നാൽ ഇതൊരു മുസ്‌ലിം പ്രശ്നമാക്കി ചുരുക്കിക്കെട്ടാതെ ‘പൊതുശല്യമായി’ കണക്കാക്കി ഇന്ത്യൻ പൊതുസമൂഹം ഏറ്റെടുത്തിരിക്കുന്നു എന്നത് ഫാഷിസത്തിന്റെ മുമ്പിലുള്ള വലിയൊരു മാർഗതടസ്സം തന്നെയാണ്.

വർഗീയതയുടെ തിമിരം ബാധിക്കാത്ത, ആർ എസ് എസ്സിന്റെ വിഷപ്പുക ശ്വസിച്ച് തലച്ചോറ് മലിനമാവാത്ത മുഴുവനാളുകളും ഇൻഡ്യൻ ജനാധിപത്യ – മതനിരപേക്ഷതയുടെ ശവമടക്കിന് കാത്ത് നിൽക്കുന്നവരുടെ മുഖത്തേക്ക് നീട്ടിത്തുപ്പിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇതെല്ലാം കണ്ടിട്ടും വർഗീയതയുടെ വിഷം കലക്കാൻ രണോൽസുക ഹിന്ദുത്വം വീണ്ടും വീണ്ടും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം.

ഉടയാടകൾ നോക്കി സമരക്കാരെ തിരിച്ചറിയുമെന്ന് ദേശീയതലത്തിൽ പ്രധാനമന്ത്രി പറയുമ്പോൾ
കേരളത്തിലെ സംഘ് നേതാക്കൾ ഈ പ്രക്ഷോഭത്തെ ‘ജിഹാദീ സമര’മെന്നാണ് വിളിക്കുന്നത്.
കേരളത്തിലെ സംഘികൾ മുസ്‌ലിംകളെ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കുന്നതിൽ അൽഭുതപ്പെടാനൊന്നുമില്ല. മൂഞ്ചെയും സാവർക്കറും ഗോൾവാൾക്കറും മുൻഗാമികളായ, നരേന്ദ്ര മോഡിയും അമിത് ഷായും യോഗി ആദിത്യനാഥും സമകാലീനരായവരിൽനിന്ന് ഇതല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാൻ?!

തങ്ങളുടെ ഈർഷ്യത മുഴുവൻ അടങ്ങിയ, ശക്തിയോടെ പല്ല്കടിച്ച് വിളിക്കാൻ പറ്റിയ ‘ജിഹാദി’ പ്രയോഗത്തോട് സംഘികൾ കടപ്പെട്ടിരിക്കുന്നത് സാമ്രാജ്യത്വത്തോടാണ്. കാരണം അവരാണല്ലോ ഈ നാമം ആഗോള തലത്തിൽ സംഭാവനചെയ്തത്.
(ഒരു തെറിവാക്കായിട്ടാണ് ആർ എസ് എസ് അടക്കമുള്ള ഇസ്‌ലാം വിരോധികൾ ‘ജിഹാദി’നെ ഉപയോഗിക്കുന്നതെങ്കിലും പവിത്രമായ ഒരു നാമമായിട്ടാണ് മുസ്‌ലിംകൾ അതിനെ കാണുന്നത്. കാരണം ഇസ്‌ലാമികരാഷ്ട്രത്തിന്റെ സൈന്യം ദൈവപ്രീതി കാംക്ഷിച്ച് ത്യാഗമനോഭാവത്തോടെ സമൂഹനന്മക്കു വേണ്ടി നടത്തുന്ന പോരാട്ടമാണ് ഇസ്‌ലാമിക പാരമ്പര്യത്തിൽ ജിഹാദ് എന്ന പ്രയോഗത്തിന്റെ പ്രധാന വിവക്ഷ.)

വിഢിത്തം മാത്രം വിളമ്പാൻ അന്തിചർച്ചകളിൽ വന്നിരിക്കാറുള്ള കേരളത്തിലെ സംഘ് വക്താക്കൾ ആശയ ദാരിദ്ര്യംമൂലം വിഷയത്തിൽ നിന്നും തെന്നിമാറാൻ പ്രസ്തുത ചർച്ചകളിലെ മുസ്‌ലിം പ്രതിനിധികളെ പാക്കിസ്താൻ പ്രേമികൾ, ദേശക്കൂറില്ലാത്തവർ എന്നൊക്കെ വിളിച്ച് വാ കീറാറുണ്ട്. ആരാണീ പറയുന്നതെന്നും ആരെക്കുറിച്ചാണീ പറയുന്നതെന്നും നാം കൃത്യമായി മനസിലാക്കണം. ഇന്ത്യയിലേക്ക് ഇരമ്പിക്കയറിവന്ന ബ്രിട്ടീഷ് അധിനിവേശപ്പടയോട് ഇന്ത്യൻ മുസൽമാൻ നടത്തിയ ചെറുത്തുനിൽപിന്റെ ചെറിയൊരു ഭാഗം മാത്രം ചുരുളഴിക്കുകയാണീ കുറിപ്പിലൂടെ.

മധ്യകാല മുസ്‌ലിം ഭരണകൂടങ്ങളെ കീഴ്‌പ്പെടുത്തിയാണ് ‌പല ഉത്തരേന്ത്യൻ പ്രവിശ്യകളും ബ്രിട്ടീഷുകാർ കീഴടക്കിയത്‌. ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരിൽ സ്വാതന്ത്ര്യസമരജ്വാല ഉയർന്നുവന്നത്‌ ഈ പശ്ചാതലത്തിലായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളുമാകുന്ന ഇന്ത്യക്കാരുടെ വിമോചനത്തിനുവേണ്ടി മുസ്‌ലിം ബുദ്ധിജീവികൾ നടത്തിയ ജിഹാദാഹ്വാനങ്ങളിലൂടെയാണ് ഈ ജ്വാല പടർന്ന് കത്തിയത്.

അല്ലാമാ മുഹമ്മദ് ഇസ്ഹാഖ് ഭട്ടിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടം നടത്തിയത് 121 വര്‍ഷക്കാലം നീണ്ടുനിന്ന ജിഹാദി പ്രസ്ഥാനമാണ്. മുസ്‌ലിം പണ്ഡിതന്മാരുടെ ശക്തമായ മാര്‍ഗനിര്‍ദേശങ്ങളോടെ മാതൃരാജ്യത്തിന്റെ വിമോചനത്തിനു വേണ്ടി ഇന്ത്യയുടെ നാനാ ഭാഗങ്ങളിലായി നടത്തപ്പെട്ട ആദ്യകാല വിമോചന പോരാട്ടങ്ങളെ നിസ്സാരവല്‍ക്കരിക്കുവാനും അതിന്റെ ആഴവും വ്യാപ്തിയും കുറച്ചുകാണിക്കുവാനും ബ്രിട്ടീഷ് പാദസേവകരായ ചരിത്രകാരന്മാരും ഭരണകൂടങ്ങളും എന്നും ശ്രമിച്ചിട്ടുണ്ട്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സിംഹഭാഗവും വ്യക്തമായ വഞ്ചനയിലൂടെ കച്ചവടക്കാരായി വന്ന് കവര്‍ച്ചക്കാരായി മാറിയ ബ്രിട്ടീഷുകാര്‍ അധീനപ്പെടുത്തി എങ്കിലും മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായ ഡല്‍ഹിയെ സ്വന്തമാക്കാന്‍ 1803 വരെ അവര്‍ക്കു കാത്തുനില്‍ക്കേണ്ടി വന്നു. മുഗള്‍ ഭരണത്തോട് ബന്ധവും വിധേയത്വവും പുലര്‍ത്തിയിരുന്ന ഡല്‍ഹി നിവാസികള്‍ക്ക് ഇത് സഹിക്കാനാവാത്ത പ്രഹരമായിരുന്നു. കാരണം ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രീട്ടീഷ് മേല്‍ക്കോയ്മയില്‍ വന്നപ്പോഴും ഡല്‍ഹി മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമാണെന്നും അത് വെളളക്കാര്‍ക്കു കീഴില്‍ വരില്ലെന്നുമുളള ഒരു ആത്മവിശ്വാസം ഡല്‍ഹി നിവാസികള്‍ക്കുണ്ടായിരുന്നു.

ഇവിടെ മുതലാണ് മഹാപണ്ഡിതനും ചിന്തകനും ഇൻഡ്യയിലെ സലഫീ നവജാഗരണത്തിന്റെ ശിൽപികളിലൊരാളും ആയിരുന്ന ഷാവലിയുല്ലാഹിദ്ദഹ്‌ലവിയുടെ പുത്രന്‍ ഷാ അബ്ദുല്‍ അസീസും അനന്തരവനായ ഷാഹ് മുഹമ്മദ് ഇസ്മായിലും തങ്ങളുടെ പിതാവ് കാണിച്ചുവെച്ച പ്രകാശത്തെ കൂടുതല്‍ ശക്തിയോടെ പ്രസരിപ്പിക്കാൻ തുടങ്ങിയത്. ഇരുവരും തങ്ങളുടെ കീഴിലുണ്ടായിരുന്ന ‘വഹ്ഹാബീ’ പ്രസ്ഥാനത്തെ ബ്രീട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ വേദിയാക്കി മാറ്റി. വിശ്വാസപരമായി ജനങ്ങളെ സംശുദ്ധീകരിക്കുന്നതോടൊപ്പം തന്നെ രാജ്യത്തിന്റെ സ്വാതന്ത്യത്തിനു വേണ്ടി ‘ജിഹാദ്’ നടത്തുവാനും അവര്‍ ജനങ്ങളോടാവശ്യപ്പെട്ടു. ഷാഹ് അബ്ദുൽ അസീസ്, സയ്യിദ് അഹ്‌മദ്‌, മൗലവി അബ്ദുല്‍ ഹയ്യ് എന്നിവരുടെ നേതൃത്വത്തിൽ അവരുടെ ബ്രിട്ടീഷ്‌ വിരുദ്ധ ജിഹാദി പ്രസ്ഥാനം രൂപംകൊണ്ടു. ഇസ്‌ലാമിക പ്രമാണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ സ്വാതന്ത്ര്യപ്പോരാട്ടത്തിന്‌ ഇവര്‍ ജനങ്ങളെ ഉല്‍ബുദ്ധരാക്കി. കൂടാതെ വിവിധ നാട്ടുപ്രമാണിമാരില്‍ നിന്നും രാജാക്കന്മാരില്‍ നിന്നും പിന്തുണയും ആവശ്യപ്പെട്ടു.

ബ്രിട്ടീഷുകാരോട്‌ ജിഹാദിനൊരുങ്ങിയ വടക്കേ ഇൻഡ്യൻ മുസ്‌ലിം പണ്ഡിതന്‍മാര്‍ സമൂഹത്തോട് പറഞ്ഞു: ‘നിങ്ങള്‍ ഈ പോരാട്ടത്തില്‍ ഞങ്ങളുടെ കൂടെ നില്‍ക്കണം. നമുക്കിവരെ (ബ്രിട്ടീഷുകാരെ) ഇവിടെ നിന്ന് ആട്ടിപ്പുറത്താക്കണം. ഒറ്റക്കു നിന്നാല്‍ അതിനു സാധിക്കുകയില്ല. മറിച്ച് നമ്മള്‍ ഒന്നിക്കണം’. ഈ ആവശ്യത്തില്‍ ആകൃഷ്ടരായി പല രാജാക്കന്‍മാരും കൂടെ ചേര്‍ന്നു. അവരില്‍ പ്രധാനിയായിരുന്നു പഞ്ചാബിലെ രഞ്ജിംത് സിംഗ്. അദ്ദേഹം ഈ മുസ്‌ലിം പണ്ഡിതന്‍മാരോട് ചോദിച്ചു, ‘ബ്രിട്ടനുമായി പോരാടാന്‍ നിങ്ങളുമായി ഒരുമിച്ചു നിന്നാല്‍, പോരാട്ടത്തിനു ശേഷം പിടിച്ചെടുത്ത രാജ്യങ്ങളും ഭൂമിയും നിങ്ങളുമായി പങ്കുവേക്കേണ്ടി വരില്ലേ? ‘അപ്പോളവര്‍ പറഞ്ഞു: ‘വേണ്ട, ഞങ്ങള്‍ക്ക് അധികാരമോ കിരീടമോ വേണ്ട. ഒന്നുമാത്രം മതി, ബ്രിട്ടീഷുകാരെ ഇവിടെ നിന്ന് പുറത്താക്കണം. അത് ഞങ്ങളുടെ മതപരമായ ബാധ്യതകൂടിയാണ്.’ രഞ്ജിത് സിംഗ് ഇവരില്‍ ആകൃഷ്ടനായി. അദ്ദേഹം ഇവര്‍ക്ക് സൗകര്യത്തിനു വേണ്ടി കുറച്ചു ഭൂമിയും മറ്റു സൗകര്യങ്ങളും നല്‍കിയെങ്കിലും ഈ പണ്ഡിതന്‍മാര്‍ അവ സന്തോഷപൂര്‍വ്വം നിരസിച്ചു. ജിഹാദിന്‌ മുസ്‌ലിം പണ്ഡിതന്മാർക്ക്‌ അമുസ്‌ലിം ഭരണാധികാരികളുടെ വരെ പിന്തുണ ലഭിച്ച സുവർണ കാലമായിരുന്നു അത്‌.

അങ്ങിനെയാണ് 1826 ല്‍ ബ്രിട്ടീഷുകാരുമായി ഡല്‍ഹിയില്‍ സലഫി മുസ്‌ലിംകളുടെ നേതൃത്വത്തില്‍ സായുധ പോരാട്ടം നടന്നത്. ഇതില്‍ ഇന്ത്യക്കാര്‍ പരാജയപ്പെട്ടെങ്കിലും ലക്ഷ്യം നേടിയെടുക്കാനുളള ദൗത്യത്തില്‍ നിന്ന് അവര്‍ പിറകോട്ട് പോയില്ല. ‘ജിഹാദികൾ’ നേതൃത്വം നല്‍കിയ ഈ ബ്രിട്ടീഷ് വിരുദ്ധ കാംപെയ്‌നിന്റെ പൊട്ടിത്തെറിയായി 1857 ലെ ഒന്നാം സ്വാതന്ത്യ സമരപോരാട്ടത്തെ വായിക്കാവുന്നതാണ്. ഇന്ത്യാ ചരിത്രത്തില്‍ ശിപായി ലഹളയെന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിക്കുന്ന 1857 ലെ ഒന്നാം സ്വാതന്ത്യസമരത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ നടേ പറഞ്ഞ മുസ്‌ലിംകൾ അദ്വിതീയമായ പങ്കാണ് വഹിച്ചിട്ടുളളത്. അവസാനത്തെ മുഗള്‍ ഭരണാധികാരിയായ ബഹദൂര്‍ഷ സഫറും വിവിധ മുസ്‌ലിം പണ്ഡിതന്‍മാരും മതമൈത്രിയുടെ സന്ദേശവാഹകരും ബ്രീട്ടീഷ് വിരുദ്ധ വികാരത്തിന്റെ ധ്വജവാഹകരുമായിരുന്നു. ഇന്ത്യന്‍ പട്ടാളത്തിന്റെ ഹൃദയത്തില്‍ ആത്മാഭിമാനത്തിന്റെയും ബ്രിട്ടീഷ് വിരുദ്ധ വികാരത്തിന്റെയും വിത്ത് പാകിയത് ജിഹാദി പ്രസ്ഥാനമാണ്‌.

1857 ല്‍ ഒരേ സമയം നേട്ടവും മുറിവുകളും സമ്മാനിച്ച ഒന്നാം സ്വ്യതന്ത്യ സമരത്തില്‍ ഇന്ത്യക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പോരാട്ടത്തില്‍ പങ്കെടുത്തവരെ നാടു കടത്താനാണ് വെളളക്കാര്‍ തീരുമാനിച്ചത്. ‘കാലാപാനി’യിലേക്കായിരുന്നു നാടുകടത്തിയത്. ‘കാലാപാനി’ എന്ന സംജ്ഞാനാമം കൊണ്ട് വിവക്ഷിക്കുന്നത് ആന്‍ഡമാന്‍ ദ്വീപു സമൂഹത്തെയാണ്. ഒരു രാജ്യത്തിന്റെയും ഭാഗമല്ലാതെ സ്ഥല നാമങ്ങളില്ലാതെ കിടന്ന ദ്വീപുകള്‍. ശരീരവും മനസ്സും ഭൂമിക്കു മുന്നില്‍ തുറന്നുവെച്ച് പച്ച മാംസവും മല്‍സ്യവും കഴിക്കുന്നവരും കാട്ടിലെ മൃഗങ്ങളെപ്പോലെ ആക്രമണകാരികളുമായ കാട്ടാളന്മാരാൽ നിബിഢമായിരുന്ന ആന്‍ഡമാനെ ഒരു നാഗരികതയാക്കി മാറ്റിയെടുക്കുവാൻ ബ്രിട്ടീഷുകാർ പ്രധാനമായും ഉപയോഗിച്ചത് ഇന്ത്യക്കാരായ സ്വാതന്ത്യസമര സേനാനികളുടെ വിയര്‍പ്പും രക്തവുമാണ്.

1858 മാര്‍ച്ച് 10 ന് എസ്. എസ്. സെമിറാസിസ് എന്ന കപ്പൽ തുറമുഖത്ത് നങ്കൂരമിട്ടു. 200 തടവുകാരായിരുന്നു ഈ കപ്പലില്‍. രാജാക്കന്മാര്‍, സാഹിത്യകാരന്മാര്‍, കവികള്‍, അധ്യാപകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, നേതാക്കന്‍മാര്‍, നാട്ടുരാജാക്കന്മാരുടെ സേനാപതികള്‍, ബ്രിട്ടനെതിരെ പോരാടിയ ഇന്ത്യന്‍ ഭടന്മാര്‍, സമുദായ നേതാക്കള്‍… ഇവരില്‍ ഭൂരിപക്ഷവും മുസ്‌ലിംകളായിരുന്നു. മുസ്‌ലിംകളുടെ ബ്രിട്ടീഷ് വിരുദ്ധ കാംപെയിനിനോടുളള കലി തീര്‍ക്കലായിരുന്നു ഈ നാടുകടത്തലില്‍ മുസ്‌ലിംകളുടെ എണ്ണത്തിന് ‘മുന്‍ഗണന’ നല്‍കാനുളള ബ്രിട്ടീഷ് ചോദനം. അങ്ങിനെ ഓരോരുത്തരായി ഇറങ്ങി. പാണ്ഡിത്യവും പ്രവര്‍ത്തനവും കൊണ്ട് എന്നും ബ്രിട്ടീഷ് സര്‍ക്കാരിന് തലവേദനയായിരുന്ന മുസ്‌ലിം നേതാക്കളെ തിരഞ്ഞു പിടിച്ച് തടവിലാക്കാന്‍ അവര്‍ മറന്നില്ല. അവരില്‍ പ്രധാനികളായിരുന്നു ഡല്‍ഹിയില്‍ നിന്നുളള മൗലാന മുഹമ്മദ് ജഅ്ഫര്‍ താനേശാരി, പഞ്ചാബില്‍ നിന്നുളള ഷേര്‍ അലി, മൗലാനാ ഫസലുല്‍ ഹഖ് ഖൈറാബാദി, മൗലവി അഹ്മദുളളാഹ്, അബ്ദുള്‍ ഗഫ്ഫാര്‍, ഖാസി മിയാന്‍ ജാന്‍, മുഹമ്മജ് ഷഫിഖ്, മൗലാനാ അബ്ദുല്‍ റഹീം സാദിഖ് പൂരി, മൗലാനാ നാസിറിദ്ദീന്‍, മൗലവി യഹ്‌യ അലി, അബ്ദുല്‍ ഖാദര്‍ ചൗധരി, ഹുസൈന്‍ മുന്‍ഷി, അജിമുല്ലാ ഖാന്‍ എന്നിവര്‍.

ഒരു മനുഷ്യന്‌ സഹിക്കാവുന്നതിലപ്പുറം ആയിരുന്നു ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ തടവുകാര്‍ അനുഭവിച്ച ശിക്ഷാമുറകള്‍. പിടിക്കപ്പെട്ട തടവുകാരനെ ആദ്യം നിലത്തു കിടത്തും. എന്നിട്ട് ഒരു പട്ടാളക്കാരന്‍ കനലില്‍ ചൂടാക്കിയ സൂചി കൊണ്ടു വരും. മറ്റു പട്ടാളക്കാര്‍ അവന്റെ കൈകാലുകള്‍ പിടിച്ചമര്‍ത്തും. എന്നിട്ട് സൂചി നെറ്റിയിലമര്‍ത്തി അവന്റെ ശിക്ഷാ വിധിയുടെ പകര്‍പ്പ് അവിടെ എഴുതിവെക്കും. പേര്, കോടതിയുടെ ഉത്തരവ് നമ്പര്‍, കുറ്റം ചുമത്തിയ വകുപ്പ്, ശിക്ഷയുടെ കാലാവധി, ശിക്ഷ ആരംഭിക്കുന്ന തീയ്യതി എന്നിവ നെറ്റിയില്‍ എഴുതിവെക്കുന്നതിനു പുറമെ മുന്‍കയ്യിലും കൊത്തിവെക്കും. അവിടം മുതല്‍ അവന്റെ ഔദ്യോഗിക ശിക്ഷ ആരംഭിച്ചു. രാപ്പകലില്ലാത്ത അധ്വാനം, ശരീരത്തില്‍ മുറിവേല്‍പ്പിക്കല്‍, ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ വെളളം, ഭക്ഷണം, വസ്ത്രം എന്നിവയുടെ നിഷേധം തുടങ്ങിയവയാണ് പ്രധാന ശിക്ഷാ രീതികള്‍. പകല്‍ നീണ്ട കൂലിയില്ലാത്ത അധ്വാനത്തിനു ശേഷം അവശനായെത്തുന്ന തടവുകാരന് ഭക്ഷണം വേണമെങ്കില്‍ കൂടുതല്‍ നടപടി ക്രമങ്ങള്‍ ആവശ്യമാണ്. അതിനുശേഷം കിട്ടുന്നതോ, ഒരു നിലക്കും വായില്‍ വെക്കാന്‍ പറ്റാത്ത അത്ര ദുഷിച്ചത്‌. അതും വയറു നിറക്കാന്‍ തികയാത്തത്. ഉറക്കത്തിന്റെ കാര്യത്തിലും അവസ്ഥ തഥൈവ. ആകാശം മേല്‍ക്കൂരയായുളള ഒരു നിരത്തില്‍ പരസ്പരം കാലുകള്‍ ചങ്ങലകള്‍ കൊണ്ട് പൂട്ടിയ നിലയില്‍ നിരത്തികിടത്തുന്നു. കൈകളും പരസ്പരം ബന്ധിക്കപ്പെടുന്നു. രാത്രിയില്‍ ഒരാള്‍ക്ക് എന്തെങ്കിലും ആവശ്യത്തിന് എണിക്കേണ്ടി വന്നാല്‍ മറ്റുളള മുഴുവന്‍ ആളുകള്‍ക്കും കൂടെ എഴുന്നേല്‍ക്കേണ്ടി വരുന്ന വല്ലാത്തൊരു ഭീകരാവസ്ഥ. മരിക്കുന്നുമില്ല, ജീവിക്കുന്നുമില്ല; അങ്ങിനെ ഒരു ജീവിതം. കാലാപാനിയിൽ അതിഭീകരമായി പീഡിപ്പിക്കപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ ജിഹാദികളുടെ കൂടി ചോരയും നീരുമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യം.

അതുകൊണ്ടുതന്നെ ദേശീയതയുടെ ഉന്മാദത്തിൽ മുസ്‌ലിംകളുടെ ദേശക്കൂറിനെ കൂറോമീറ്റർ വെച്ച് അളക്കാൻ ശ്രമിക്കുന്നവർ ആൻഡമാനിലേക്കൊരു യാത്ര പോവണം. അവിടുത്തെ സെല്ലുലാർ ജയിലിന്റെ ഭിത്തികൾ പറഞ്ഞുതരും ജിഹാദികളുടെ ദേശസ്നേഹത്തിന്റെ ആഴം.

അവലംബം

1. കാലാപാനി: അധിനിവേശത്തിന്റെ നാള്‍വഴികള്‍ – (നോവല്‍) – കുണ്ടനി മുഹമ്മദ് – നിളാ ബുക്‌സ്
2. കാലാപാനി: അധിനിവേശത്തിന്റെ നാള്‍വഴികള്‍ എന്ന നോവലിന്റെ രചയിതാവായ മുഹമ്മദ് സാഹിബുമായി ലേഖകന്‍ നടത്തിയ അഭിമുഖം
3. ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ കഥ – എം. ഐ. തങ്ങള്‍ – G C Books തിരൂർ.

print

2 Comments

  • My words wouldn’t be enough !!!!!
    Versatile 😍

    Aj 10.01.2020
  • It’s pleasure to read you
    Excellent note

    Aj 10.01.2020

Leave a comment

Your email address will not be published.