എതിർവർഗ ലൈംഗികത തന്നെയാണ് പ്രകൃതിപരം

//എതിർവർഗ ലൈംഗികത തന്നെയാണ് പ്രകൃതിപരം
//എതിർവർഗ ലൈംഗികത തന്നെയാണ് പ്രകൃതിപരം
ആനുകാലികം

എതിർവർഗ ലൈംഗികത തന്നെയാണ് പ്രകൃതിപരം

ജെൻഡർ ന്യൂട്രാലിറ്റി: അപകടകരമായ സമൂഹനിർമ്മാണത്തിന് -6

മനുഷ്യസമൂഹത്തിൽ സഹസ്രാബ്‌ധങ്ങളായി നിലനിൽക്കുന്ന ഹെറ്റെറോനോർമേറ്റിവിറ്റി പ്രകൃതിപരമല്ലെന്ന ജെൻഡർ തിയറിയും ക്വിയർ തിയറിയും മുന്നോട്ടുവെക്കുന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജെൻഡർ ന്യൂട്രാലിറ്റിയും അതിന്നുവേണ്ടിയുള്ള വസ്ത്രധാരണവുമെല്ലാം ന്യായീകരിക്കപ്പെടുന്നത്. പുരുഷന്മാർ സ്ത്രീകളെയും സ്ത്രീകൾ പുരുഷന്മാരെയും മാത്രമാണ് പ്രണയിക്കുകയും കാമിക്കുകയും രതിയിലേർപ്പെടുകയും ചെയ്യേണ്ടത് എന്ന ഹെറ്റെറോനോർമേറ്റീവ് സങ്കൽപ്പനങ്ങൾ മനുഷ്യപ്രകൃതിക്ക് എതിരാണെന്നാണ് വാദം. സ്വവർഗ്ഗാനുരാഗം പ്രകൃതിപരമാണെങ്കിൽ മനുഷ്യവർഗ്ഗത്തിൽ മാത്രമായി എന്തുകൊണ്ടാണ് അത് പരിമിതപ്പെട്ടതെന്ന പരിണാമവാദികളിൽ നിന്ന് പോലും ഉന്നയിക്കപ്പെട്ടിരുന്ന ചോദ്യം ജെൻഡർ പൊളിറ്റിക്സിന് കടക്കാനുണ്ടായിരുന്ന പ്രധാനപ്പെട്ട കടമ്പകളിലൊന്നായിരുന്നു. ജീവജാതികളിൽ സ്വവർഗ്ഗാനുരാഗം ആരോപിച്ചുകൊണ്ടാണ് എൽജിബിറ്റി ആക്ടിവിസ്റ്റുകൾ ഈ കടമ്പ കടക്കാൻ ശ്രമിക്കുന്നത്.

വ്യത്യസ്ത ജീവിവർഗ്ഗങ്ങളിൽ സ്വവർഗ്ഗാനുരാഗം നിലനിൽക്കുന്നുണ്ടെന്നും പരിണാമവൃക്ഷത്തിൽ മുകളിലുള്ള മനുഷ്യനിൽ തീർച്ചയായും സ്വവർഗ്ഗാനുരാഗം അതിന്റെ എല്ലാവിധ ആസ്വാദനമികവോടെയും കൂടി നില നിൽക്കണമെന്നും അതാണ് യഥാർത്ഥത്തിലുള്ള മനുഷ്യപ്രകൃതിയെന്നുമാണ് ജെൻഡർ പൊളിറ്റിക്സിന്റെ സമർത്ഥനം. പരിണാമവൃക്ഷത്തിലെ ആയിരക്കണക്കിന് ജീവജാതികളിൽ ഹോമോസാപിയൻസ് എന്ന നരവർഗ്ഗത്തിലൊഴിച്ച് മറ്റൊരു വർഗ്ഗത്തിലും സ്വവർഗ്ഗാനുരാഗം നിലനിൽക്കുന്നില്ലെങ്കിൽ മനുഷ്യർ മാത്രം സ്വന്തം താല്പര്യപ്രകാരം തെരെഞ്ഞെടുത്തതാണ് അതെന്നാണ് വന്നുചേരുക. ജന്തുക്കൾക്കിടയിൽ സ്വവർഗ്ഗാനുരാഗം വ്യാപകമാണെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ അതിലെ വർണ്ണവൈവിധ്യങ്ങൾ പ്രകൃതിനിർധാരണം വഴി വന്നുചേർന്നതാണെന്ന് സമർത്ഥിക്കൻ കഴിയും. സ്വവർഗ്ഗാനുരാഗത്തിന്റെ ജീവശാസ്ത്രപരമായ കാര്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തോടൊപ്പം തന്നെ അത് മറ്റു ജീവികളിൽ വ്യാപകമായി നിലനിൽക്കുന്നുണ്ടെന്ന് സ്ഥാപിക്കുവാൻ വേണ്ടിയുള്ള പരിശ്രമങ്ങളും നടന്നതിന് പിന്നിലുള്ള ചോദകമതായിരുന്നു.

1990കളുടെ തുടക്കത്തില്‍ തന്നെ, മൃഗങ്ങള്‍ക്കിടയില്‍ സ്വവര്‍ഗാനുരാഗമുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍ അത് പ്രകൃതിപരമാണെന്നു സ്ഥാപിക്കുവാനും അതുവഴി സ്വവര്‍ഗരതിക്കാര്‍ക്കെതിരെയുള്ള നിലപാടുകളില്‍ മാറ്റമുണ്ടാക്കാനുമാകുമെന്ന് അതിനനുകൂലമായി സംസാരിച്ച പലരും പ്രത്യാശ പുറപ്പെടുവിക്കാന്‍ തുടങ്ങിയിരിന്നു. സ്വവര്‍ഗാനുരാഗികള്‍ക്കനുകൂലമായി മസ്തിഷ്‌കഗവേഷണങ്ങളെ വ്യാഖ്യാനിച്ച് ശ്രദ്ധേയനായിത്തീര്‍ന്ന അമേരിക്കന്‍ ന്യൂറോ സയന്റിസ്റ്റായ സിമോണ്‍ ലി വെ എഴുതി: ‘മൃഗങ്ങള്‍ക്കിടയിലെ, വിശേഷിച്ചും മനുഷ്യരല്ലാത്ത പ്രൈമേറ്റുകള്‍ക്കിടയിലെ ലൈംഗികസ്വഭാവങ്ങളെ കുറിച്ച പഠനം സ്വവര്‍ഗലൈംഗികക്രിയയെയും പുനരുല്‍പാദനപരമല്ലാത്ത മറ്റു ലൈംഗികക്രിയകളെയും സംബന്ധിച്ച മതസമീപനത്തില്‍ അയവുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നു. സ്വവര്‍ഗലൈംഗികസ്വഭാവം പ്രകൃതിവിരുദ്ധമാണെന്ന താത്ത്വികനിലപാടിനെത്തന്നെ ഈ പഠനങ്ങള്‍ വെല്ലുവിളിക്കും; ജ്ഞാനവൃക്ഷത്തില്‍ നിന്നുള്ള ഫലം ഭുജിച്ചതുമൂലം പാപിയായിത്തീര്‍ന്ന ജീവിവര്‍ഗത്തില്‍ മാത്രം നിലനില്‍ക്കുന്നതാണ് ഇതെന്ന സിദ്ധാന്തം അതോടെ തകരും.'(Simon Le Vay: Queer Science: The Use and Abuse of Research in to Homosexuality, Massachusetts, 1996, Page 209)

മൃഗങ്ങളിലുണ്ടെങ്കിലെന്ത് ?

ആയിരത്തിഅഞ്ഞൂറോളം മൃഗജാതികളിൽ സ്വവർഗാനുരാഗം നിലനിൽക്കുന്നുണ്ടെന്നും അത് കൊണ്ട് തന്നെ അത് പ്രകൃതിപരവും അനുവദിക്കപ്പെടേണ്ട ലൈംഗികാഭിനിവേശങ്ങളിൽ ഒന്നുമാണെന്ന ജെൻഡർ പൊളിറ്റിക്സ് വാദത്തിന്റെ സ്വാധീനം സ്വവർഗ്ഗരതി കുററകൃത്യമായി കണ്ടിരുന്ന 377 ആം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിയിലുടനീളം കാണാൻ കഴിയും.

മൃഗലോകത്ത് സ്വവര്‍ഗരതി നിലനില്‍ക്കുന്നതിനാല്‍ മനുഷ്യസമൂഹത്തില്‍ അത് പ്രകൃതിപരമാണെന്ന വാദം തന്നെ അടിസ്ഥാനരിഹിതമാണ്. മൃഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കാര്യങ്ങളല്ല മനുഷ്യസമൂഹത്തില്‍ എന്തെല്ലാമാണ് പ്രകൃതിപരമെന്ന് നിശ്ചയിക്കുന്നത്. മൃഗങ്ങള്‍ ചെയ്യുന്നതെല്ലാം മനുഷ്യര്‍ക്ക് പ്രകൃതിപരമായിത്തീരുമെങ്കില്‍ നരഭോജനവും (cannibalism), അഗമ്യഗമനവു(incest)മെല്ലാം മനുഷ്യപ്രകൃതിക്ക് നിരക്കുന്നതാണെന്ന് പറയേണ്ടിവരും.

അതിബുദ്ധിമാനായ ആൾക്കുരങ്ങു മുതൽ ആളെക്കൊല്ലുന്ന തേളുകൾ വരെ സ്വന്തം ജീവജാതിയില്‍ പെട്ടവരെ ഭക്ഷിക്കുന്ന നൂറ്റിനാല്‍പതോളം ജീവിവര്‍ഗങ്ങളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം ഇണയെ ഭക്ഷിക്കുന്ന എട്ടുകാലികളും തേളുകളുമുണ്ട്. പൂച്ച കുഞ്ഞുങ്ങളെ തിന്നുന്നത് പ്രസിദ്ധമാണ്. സിംഹം, ഉടുമ്പ്, എലി, മുയല്‍, ഗിനിപന്നി, എട്ടുകാലി, ചില തരം പാമ്പുകൾ തുടങ്ങിയ കരജീവികളും മുതല, പലതരം മല്‍സ്യവര്‍ഗങ്ങള്‍, നീരാളി എന്നീ ജലജന്തുക്കളും ചില പക്ഷിവര്‍ഗങ്ങളുമെല്ലാം സ്വന്തം വര്‍ഗത്തിലുള്ള കുഞ്ഞുങ്ങളെ തിന്നുന്നവരാണ്. അവര്‍ തിന്നുന്നത് ബഹുഭൂരിപക്ഷവും സ്വന്തം കുഞ്ഞുങ്ങളെത്തന്നെയാണ്. സ്വന്തം വര്‍ഗത്തിലുള്ളവരെ ഭക്ഷിക്കുന്ന സമ്പ്രദായം നൂറ്റിനാല്‍പതോളം ജീവിവര്‍ഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുവെന്നതിനാല്‍ മനുഷ്യസമൂഹത്തിലും നരഭോജനം പ്രകൃതിപരമാണെന്നും അതിനാല്‍ അത് അനുവദിക്കപ്പെടണമെന്ന് ആരെങ്കിലും വാദിക്കുമോ? സ്വവര്‍ഗലൈംഗികത മൃഗലോകത്ത് നില നില്‍ക്കുന്നുണ്ടെന്നും അതിനാല്‍ അത് പ്രകൃതിപരവും മനുഷ്യലോകത്ത് അനുവദിക്കപ്പെടേണ്ടതുണമാണെന്നുമുള്ള വാദവും ഇതേപോലെതന്നെയാണ്. പ്രാഥമികപരിഗണന പോലും അര്‍ഹിക്കാത്ത വെറുമൊരു വാദം മാത്രം.

അഗമ്യഗമനത്തിന്റെ (incest) അവസ്ഥയും ഇതുതന്നെ. മാതാപിതാക്കളും മക്കളും തമ്മിലോ സഹോദരീ സഹോദരന്മാര്‍ തമ്മിലോ നടക്കുന്ന ലൈംഗികബന്ധമാണ് പ്രധാനമായും അഗമ്യഗമനമായി വ്യവഹരിക്കപ്പെട്ടുപോരുന്നത്. മൃഗങ്ങളുടെ ലോകത്ത് വ്യാപകമായി കണ്ടുവരുന്നതാണിത്. എന്നാല്‍ മനുഷ്യ പ്രകൃതിക്ക് വിരുദ്ധമാണ് അഗമ്യഗമനമെന്ന് ഒരുവിധം എല്ലാ സമൂഹങ്ങളും സമ്മതിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിനെതിരെയുള്ള നിയമങ്ങള്‍ പല രാജ്യങ്ങളിലും നിലനില്‍ക്കുന്നുമുണ്ട്.

അഗമ്യഗമനം പ്രകൃതിവിരുദ്ധമാണെന്നും മനുഷ്യര്‍ക്കിടയില്‍ അനനുവദനീയമാണെന്നുമുള്ള പൊതുധാരണയ്ക്ക് വിരുദ്ധമായി അത് അനുവദിക്കപ്പെടേണ്ട അവകാശമാണെന്ന വാദവും മനുഷ്യര്‍ക്കിടയില്‍ നിന്ന് തന്നെ ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. നാലു മക്കളുടെ മാതാപിതാക്കളായ ജര്‍മന്‍ സഹോദരങ്ങള്‍ പാട്രിക്കിന്റെയും സൂസന്റെയും കേസില്‍ ജര്‍മന്‍ ഹൈക്കോടതി അവര്‍ക്ക് അനുകൂലമായി വിധിക്കുമെന്ന് പ്രത്യാശ പുറപ്പെടുവിക്കുകയും വിധിക്കണമെന്ന് വാദിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരുമുണ്ടായിരുന്നു, ജര്‍മനിയില്‍.(“German High Court Takes a Look at Incest” https://www.spiegel.de). കേസിന്റെ ഫലമായി സഹോദരങ്ങൾ തമ്മിലുള്ള വിവാഹം അനുവദിക്കണമെന്ന തീരുമാനത്തിലാണ് ജർമ്മൻ എത്തിക്സ് കൗൺസിൽ എത്തിച്ചേർന്നത്. (“German Ethics Council votes in favour of allowing incest between siblings” https://www.news.com.au/)

മൃഗങ്ങള്‍ ചെയ്യുന്നുവെന്നതിനാല്‍ അഗമ്യഗമനവും മനുഷ്യപ്രകൃതിക്ക് യോജിക്കുന്നതാണെന്നും അതുകൊണ്ടുതന്നെ അമ്മയും മകനും തമ്മിലും അച്ഛനും മക്കളും തമ്മിലും സഹോദരിയും സഹോദരനും തമ്മിലുള്ള രതിബന്ധങ്ങളെല്ലാം അനുവദിക്കപ്പെടേണ്ടതുമാണെന്ന വാദം അംഗീകരിക്കണമെന്ന് ചിലപ്പോൾ റാഡിക്കൽ എത്തീസ്റ്റുകൾ പറഞ്ഞേക്കും. അവരുടെ വാദം സംസ്കൃതരായ മനുഷ്യസമൂഹങ്ങളൊന്നും ഇന്ന് അംഗീകരിക്കുകയില്ല. മൃഗങ്ങളിൽ നിലനിൽക്കുന്നതിനാൽ അഗമ്യഗമനം അംഗീകരിക്കണമെന്ന് വാദിക്കുന്നത് പോലെ അർത്ഥശൂന്യമാണ് മൃഗങ്ങള്‍ക്കിടയില്‍ സ്വവര്‍ഗരതി നിലനില്‍ക്കുന്നതിനാല്‍ അത് പ്രകൃതിപരമാണെന്നും അത് അനുവദിക്കപ്പെടേണ്ടതാണെന്നമുള്ള വാദവും.

മൃഗങ്ങളിൽ ആരോപിക്കാനുള്ള ശ്രമങ്ങൾ

സ്വവര്‍ഗാനുരാഗീപക്ഷക്കാരായ ശാസ്ത്രജ്ഞന്മാരുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമെന്നോണം പുറത്തുവന്ന പുസ്തകമാണ് ”ജൈവവൈപുല്യം: മൃഗങ്ങളിലെ സ്വവര്‍ഗലൈംഗികതയും പ്രകൃതിയിലെ വൈവിധ്യവും.”(Bruce Bagemihl: Animal Homosexuality and Natural Discovery, New York, 1999) ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലാശാലയില്‍ ഭാഷാശാസ്ത്രഗവേഷകനും അധ്യാപകനുമായ ബ്രൂസ് ബാഗെമില്‍ രചിച്ച പുസ്തകം 1999ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നു മുതല്‍ തന്നെ സ്വവര്‍ഗാനുരാഗം പ്രകൃതിപരമാണെന്ന് സ്ഥാപിക്കുന്നതിനായി ഏറെ എടുത്തുപയോഗിക്കപ്പെടുന്നുണ്ടീ ഗ്രന്ഥം. പ്രസിദ്ധമായ ലോറന്‍സ് vs ടെക്‌സാസ് കേസില്‍ സ്വവര്‍ഗാനുരാഗം പ്രകൃതിപരമാണെന്ന് സ്ഥാപിക്കുന്നതിനായി അമേരിക്കന്‍ സുപ്രീംകോടതി ഈ പുസ്തകത്തെ ഉദ്ധരിച്ചതോടെ പുസ്തകം ഏറെ പ്രസിദ്ധമായി. (Lawrence v. Texas, 539 U.S. 558 (2003)https://supreme.justia.com)

രചയിതാവായ ബ്രൂസ് ബാഗെമില്‍ ഭാഷാ ശാസ്ത്രവിദഗ്ധന്‍ മാത്രമാണെന്നും ജൈവവൈവിധ്യത്തേയും അവയ്ക്കിടയിലെ ലൈംഗികാഭിനിവേശത്തെയും പ്രസ്തുത അഭിനിവേശത്തിന്റെ ചോദനകളെയും കുറിച്ച് ആധികാരികമായി അഭിപ്രായങ്ങള്‍ പറയാന്‍ അനര്‍ഹനാണെന്നുമുള്ള വസ്തുതകളൊന്നും തന്നെ 768 പുറങ്ങളിലായി മൃഗസ്വവര്‍ഗരതിയെകുറിച്ച് വിശദമായി ഉപന്യസിച്ച പുസ്തകത്തിനെതിരെയുള്ള വാദങ്ങളായി ആരും ഉന്നയിച്ചിട്ടില്ല. ഈ പുസ്തകം വഴി ബ്രൂസ് ബാഗെമില്‍ ജീവശാസ്ത്രജ്ഞനായി അറിയപ്പെടാന്‍ തുടങ്ങി; കാര്യമായ ജീവശാസ്ത്ര ബിരുദങ്ങളൊന്നുമില്ലെങ്കിലും സ്വർഗാനുരാഗികൾ ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് വീസ് കോന്‍സിന്‍ സര്‍വ്വകലാശാലയിലെ ജീവശാസ്ത്രജ്ഞനെന്നാണ്. അത് കേട്ട് തെറ്റിദ്ധരിച്ചത് കൊണ്ടാണെന്ന് തോന്നുന്നു നമ്മുടെ മാതൃഭൂമി വാരാന്തപ്പതിപ്പിന് പോലും അദ്ദേഹം ജീവശാസ്ത്രജ്ഞനാണ് !!( മാതൃഭൂമി വാരാന്തപ്പതിപ്പ് 05. 07. 2009)

ജന്തുക്കള്‍ സ്വവര്‍ഗാനുരാഗികളാണെന്ന് പറയുന്നത് ജീവശാസ്ത്രജ്ഞനാവുമ്പോഴാണല്ലോ അത് ആധികാരികമായിത്തീരുക!

സ്വവഗ്ഗരതിയുടെ എക്സിബിഷൻ

ബ്രൂസ് ബാഗെമിലിന്റെ പുസ്തകത്തെ ആസ്പദിച്ച് നോര്‍വെയിലെ ഓസ്‌ലൊ സര്‍വ്വകലാശാല നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം ‘പ്രകൃതിവിരുദ്ധം?’ (against nature?) എന്ന പേരില്‍ ഒരു എക്‌സിബിഷന്‍ ആരംഭിച്ചിട്ടുണ്ട്. 2006 സെപ്തംബറില്‍ തുടങ്ങിയ എക്‌സിബിഷന്‍ ഇപ്പോള്‍ സഞ്ചരിക്കുന്ന പ്രദര്‍ശനശാലയാക്കിയിട്ടുണ്ട്. ആയിരത്തിഅഞ്ഞൂറോളം ജീവിവര്‍ഗങ്ങളില്‍ സ്വവര്‍ഗലൈംഗികത നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അതില്‍ അഞ്ഞൂറെണ്ണത്തിന്റേത് കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നുമാണ് എക്‌സിബിഷന്‍ പറയുന്നത്.(“Oslo gay animal show draws crowds” http://news.bbc.co.uk) ഒരു ആണ്‍ ജിറാഫ് മറ്റൊരു ആണ്‍ ജിറാഫിനു മേല്‍ കയറുന്നതും ഒരേ ലിംഗത്തില്‍ പെട്ട വാനരന്മാര്‍ പരസ്പരം ഉദ്ദീപിപ്പിക്കുന്നതും രണ്ട് ആണ്‍ തിമിംഗലങ്ങള്‍ പരസ്പരം ഉരസുന്നതും പോലെയുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് അഞ്ഞൂറ് മൃഗജാതികളില്‍ സ്വവര്‍ഗലൈംഗികത നിലനില്‍ക്കുന്നതായി തങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എക്‌സിബിഷന്റെ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററായ വെറ്റര്‍ ബോക്മാന്‍ അവകാശപ്പെടുന്നത്.

മൃഗചെയ്തികളെ മനുഷ്യതാല്‍പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിച്ച് അടിസ്ഥാനരഹിതമായ നിഗമനങ്ങളിലെത്തുന്നതിന്റെ ഒന്നാം തരം ഉദാഹരണമാണീ എക്സിബിഷൻ. ആൺമൃഗങ്ങൾ പരസ്പരം ചുംബിക്കുന്നതും ലിംഗങ്ങൾ ഉരസുന്നതുമെല്ലാമാണ് സ്വവർഗ്ഗലൈംഗികതയായി എക്സിബിഷനിലും പുസ്തകത്തിലും വ്യാഖ്യാനിച്ചിരിക്കുന്നത്. ലൈംഗികമെന്ന് വ്യാഖ്യാനിക്കാവുന്ന ലൈംഗികതയുടെ ലാഞ്ചന പോലുമില്ലാത്ത ഇത്തരം ചെയ്തികൾ മനുഷ്യര്‍ക്കിടയിലുമുണ്ട്. ലൈംഗികവൃത്തികളുടെ ഭാഗമായി സാധാരണ ചെയ്യാറുള്ള ആലിംഗനം, ചുംബനം തുടങ്ങിയവയെല്ലാം ലൈംഗികമല്ലാത്ത തലത്തില്‍ മനുഷ്യരും ചെയ്യുന്നുണ്ടല്ലോ. പെരുന്നാൾ ദിവസങ്ങളിലുള്ള മുസ്‌ലിംകളുടെ ആലിംഗനവും സ്നേഹത്തോടെ കുട്ടികളെ ചുംബിക്കുന്നതും വ്യത്യസ്ത ഗോത്രങ്ങളിലുമുള്ള ആളുകൾ ആശംസകൾ കൈമാറിക്കൊണ്ട് നടത്തുന്ന ആലിംഗനവും ചുംബനവുമെല്ലാം ലൈംഗികമെന്ന് വ്യാഖ്യാനിക്കാവുന്ന ചെയ്തികൾക്കുള്ള ഉദാഹരണങ്ങളാണ്. അവയെല്ലാം സ്വവർഗ്ഗലൈംഗികതയായി വ്യാഖ്യാനിക്കുന്നത് എന്തുമാത്രം വലിയ പാതകമാണ്! അഭിവാദ്യം ചെയ്യുന്നതിനായി ആലിംഗനം ചെയ്യുകയും നെറ്റിയിലും കവിളിലുമെല്ലാം ചുംബിക്കുകയും ചെയ്യുന്ന മനുഷ്യസമൂഹങ്ങളിലുള്ളവരെയെല്ലാം ഇവരുപയോഗിച്ച മാനദണ്ഡമനുസരിച്ച് സ്വവർഗ്ഗഭോഗികളാണെന്നാണ് വന്നുചേരുക!

മൃഗപ്രതികരണങ്ങളുടെ രീതി

ജീവികള്‍ക്കിടയിലുണ്ടെന്ന് പറയുന്ന സ്വവര്‍ഗരതിയുടെ യഥാര്‍ഥ്യമെന്താണ്? സ്വവര്‍ഗാനുരാഗികളായ ശാസ്ത്രജ്ഞര്‍ പറയുന്നത് പോലെ അതൊരു സ്വഭാവിക മൃഗചോദനയാണോ? മൃഗങ്ങളിലും സ്വവർഗ്ഗപ്രേമികളും എതിര്‍ലിംഗപ്രണയികളുമുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം മനസ്സിലാക്കണമെങ്കില്‍ മൃഗപ്രവര്‍ത്തനങ്ങളേയും ചോദനകളേയും കുറിച്ച് ചില അടിസ്ഥാന വസ്തുതകള്‍ അറിയേണ്ടതുണ്ട്. മനുഷ്യരെപോലെത്തന്നെ മൃഗങ്ങള്‍ക്കും ജനിതകമായി ലഭിക്കുന്ന ചില സവിശേഷസ്വഭാവങ്ങളുണ്ട്. നായക്ക് മണക്കുവാനും മൂങ്ങക്ക് ഇരുട്ടത്ത് കാണുവാനും വവ്വാലിന് ശബ്ദവീചികള്‍ പിടിച്ചെടുക്കുവാനുമെല്ലാമുള്ള കഴിവുകള്‍ ജനിതകമായി ലഭിക്കുന്നവയാണ്. അതോടൊപ്പം തന്നെ അവയും സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള പ്രതികരണങ്ങള്‍ പുറപ്പെടുവിക്കുന്നുമുണ്ട്; ബാഹ്യവും ആന്തരികവുമായ പ്രചോദനങ്ങള്‍ അനുസരിച്ചുള്ള ചെയ്തികളും അവയ്ക്കുണ്ട്. ജന്തുക്കൾ അവയുടെ പ്രതികരണങ്ങള്‍ ചിന്തിച്ച് അപഗ്രഥിച്ച് മനസ്സിലാക്കിക്കൊണ്ട് പുറപ്പെടുവിക്കുന്നവയല്ല. പ്രതികരണത്തിന് മുമ്പുള്ള ചിന്തയും അപഗ്രഥനവും മനുഷ്യമസ്തിഷ്‌കത്തിന്റെ സവിശേഷതകളാണ്. ഇന്ദ്രിയങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ക്കനുസരിച്ച് പെട്ടെന്നുള്ള പ്രതികരണമാണ് മൃഗമസ്തിഷ്‌കത്തിന്റേത്. ഈ പ്രതികരണത്തിന് കൃത്യതയോ ബൗദ്ധികമായ അടിത്തറയോ ഉണ്ടാവുകയില്ല. ഒരു ഇന്ദ്രിയം നല്‍കുന്ന അറിവും മറ്റൊരു ഇന്ദ്രിയം നല്‍കുന്ന അറിവും തമ്മില്‍ വൈരുധ്യമുണ്ടാവുമ്പോള്‍ മൃഗങ്ങളുടെ പ്രതികരണത്തെയും അത് ബാധിക്കും. ഇങ്ങനെ ബാധിക്കുന്നതുകൊണ്ടാണ് ഒരുമിച്ചുപോകുകയില്ലെന്ന് നമുക്ക് തോന്നുന്ന ചില സ്വഭാവങ്ങള്‍ മൃഗങ്ങളില്‍ കാണപ്പെടുന്നത്.

മക്കളെ കൊന്നുതിന്നുന്ന ജന്തുസ്വഭാവം ഉദാഹരണണം. സ്വന്തം മക്കളെ തിന്നണമെന്നോ സ്വന്തം വര്‍ഗത്തില്‍പെട്ട കുഞ്ഞുങ്ങളെ തിന്നണമെന്നോ മൃഗത്തോട് കല്‍പിക്കുന്ന ജനിതകരേഖകളൊന്നും തന്നെയില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാല്‍ തങ്ങളുടെ ഇരകളെ സംബന്ധിച്ച അവബോധം അവയ്ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. ഈ അവബോധത്തിന്റെ വെളിച്ചത്തിലുള്ള മനസ്സിലാക്കല്‍ പ്രക്രിയയില്‍ സംഭവിക്കുന്ന പാളിച്ചകളാണ് സ്വന്തം കുഞ്ഞുങ്ങളെ കൊന്നുതിന്നുന്നതിലേക്ക് അവരെ നയിക്കുന്നത്.

പൂച്ചകളില്‍ കാണപ്പെടുന്ന മക്കളെ കൊന്നുതിന്നുന്ന ഏര്‍പ്പാടിനെകുറിച്ച് ബ്രിട്ടനിലെ ‘പൂച്ച സുരക്ഷ സമിതി’ (UK’s cat protection)യിലെ സാറാ ഹാര്‍ട്ട് വെല്‍ അപഗ്രഥിച്ചിട്ടുണ്ട്. പൂച്ച തന്റെ മക്കളോടൊപ്പം കളിക്കുന്നതിനിടയിലാണ് വേട്ടക്കു വേണ്ടിയുള്ള ആന്തരികത്വര വര്‍ധിക്കുകയും അവയെ കൊന്നുതിന്നുവാന്‍ തയ്യാറാവുകയും ചെയ്യുന്നതെന്ന് ‘കുഞ്ഞുങ്ങളെ കൊല്ലുന്ന പൂച്ചകള്‍’ (Sarah Hartwell: Cats that kill Kittens, http://messybeast.com) എന്ന ലേഖനത്തില്‍ അവര്‍ സമര്‍ഥിക്കുന്നുണ്ട്. ഇരയുടെ സ്വരവും വലിപ്പവും ചലനവുമെല്ലാം പൂച്ചക്കുഞ്ഞിന്റേതിന് സമാനമാണ് എന്നതിനാലാണ് മക്കളോടൊപ്പം കളിക്കുമ്പോള്‍ വേട്ടയ്ക്കുള്ള ചോദന ഉദ്ദീപിക്കപ്പെടുന്നതെന്നും ആ ഉദ്ദീപനം സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തിലാണ് കുഞ്ഞുപൂച്ചകളെ കൊന്നുതിന്നാന്‍ പൂച്ചകള്‍ സന്നദ്ധമാവുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. സ്വവർഗ്ഗമാംസഭോജനം (cannibalism) ഒരു മാര്‍ജാരസ്വഭാവമല്ല; പ്രത്യുത അതിന് സംഭവിക്കുന്ന അബദ്ധവും അപചയവുമാണ് എന്നര്‍ഥം.

മൃഗങ്ങളില്‍ കാണപ്പെടുന്നു എന്നുപറയുന്ന സ്വവർഗ്ഗലൈംഗികതയെന്ന് ദുർവ്യാഖ്യാനിക്കപ്പെടുന്ന വർത്തനങ്ങളുടെ കാരണങ്ങളെന്തൊക്കെയാണെന്ന് കൃത്യമായി അപഗ്രഥിക്കപ്പെട്ടിട്ടില്ല. ഓരോ മൃഗത്തിന്റേയും കാരണങ്ങള്‍ വ്യത്യസ്തമാവാം. ലൈംഗികപ്രകടനങ്ങളാണെന്ന് മനുഷ്യര്‍ മനസ്സിലാക്കുന്ന ചില വര്‍ത്തനങ്ങള്‍ അവയുടെ ചെയ്തികളില്‍ കാണാമെങ്കിലും അവയുടെ ലക്ഷ്യം ലൈംഗികസംതൃപ്തിയോ തൃഷ്ണയോ ആയിക്കൊള്ളണമെന്നില്ല. ചില ജീവികളില്‍ അത് പൂച്ചകളില്‍ സ്വവർഗ്ഗമാംസഭോജനത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നതുപോലെയുള്ള ആശയക്കുഴപ്പത്തിന്റെ ഫലമായി ഉണ്ടാവുന്നതാവാം; മറ്റു ചില ജീവികളില്‍ ലൈംഗികതയല്ലാത്ത മറ്റു ചില ജീവശാസ്ത്രധര്‍മ്മങ്ങള്‍ അതിന്നുണ്ടാവാം. പശു പശുവിന്റെ മേലെ കയറുമ്പോള്‍ അതിന് പ്രജനനത്തിന് പറ്റിയ സമയമായി എന്ന സൂചനയാണെന്ന് അതിനെ വളര്‍ത്തുന്നവര്‍ക്കറിയാം. ഇത് പശുക്കള്‍ക്കിടയിലെ ലെസ്ബിയനിസമാണെന്ന് വ്യാഖ്യാനിക്കുന്നവര്‍ കഥയറിയാതെ ആട്ടം മാത്രം കാണുകയും ആട്ടത്തിന് അനുസരിച്ച് അവരുടേതായ മറ്റൊരു കഥ രൂപീകരിക്കുന്നവരുമാണ്.

ബോണോബോകളിലെ സ്വവർഗ്ഗാനുരാഗം

മധ്യാഫ്രിക്കയിലെ കോംഗോയിലെ കാടുകളില്‍ ജീവിക്കുന്ന ബോണോബോ കുരങ്ങുകളെയാണ് സ്വവര്‍ഗാനുരാഗികളായ മൃഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി വിലയിരുത്തപ്പെടുന്നത്. ബോണോബോകളുടെ ലൈംഗികമെന്ന് തോന്നിക്കുന്ന പെരുമാറ്റങ്ങള്‍ക്ക് അതിനപ്പുറത്തുള്ള ലക്ഷ്യങ്ങളുണ്ടെന്ന് വാനരന്മാരെ കുറിച്ച ഗവേഷണത്തില്‍ അഗ്രേസരനായ ഫ്രാൻസ് ബി.എം.ഡി വാള്‍ വ്യക്തമാക്കിയിട്ടുണ്ട്. (Frans B. M. de Waal: “Bonobo Sex and Society”, Scientific American, March 1995).

സംഘട്ടനങ്ങള്‍ ഇല്ലായ്മ ചെയ്യുകയാണ് ബോണോബോയുടെ ലൈംഗികമെന്ന് തോന്നിക്കുന്ന വർത്തനങ്ങളുടെ ഒന്നാമത്തെ ലക്ഷ്യം. രണ്ട് ബോണോബോകള്‍ ഒരേ സാധനത്തിന് വേണ്ടി കുതിക്കുകയാണെങ്കില്‍ വസ്തുവിനടുത്തെത്തിയ ശേഷം സംഘര്‍ഷാന്തരീക്ഷമാണ് സംജാതമാവുന്നതെങ്കില്‍ ഒരാള്‍ മറ്റൊരാളുടെ മുകളില്‍ കയറുകയും അതോടെ സംഘഷം ലഘൂകരിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ് ഇതിനുദാഹരണമായി ഡി വാള്‍ ഉദ്ധരിക്കുന്ന സംഭവങ്ങളിലൊന്ന്. തമ്മിൽ പ്രശ്‌നങ്ങളുണ്ടാവുമ്പോൾ അവ രമ്യതയിലെത്തിക്കുന്നതിനുവേണ്ടിയും ഇവ ലൈംഗികമെന്ന് വ്യാഖ്യാനിക്കാവുന്ന വർത്തനങ്ങളെ ഉപയോഗിക്കാറുണ്ട്. ഒരു ആണ്‍ ബോണോബോ പെണ്‍ ബോണോബോയുടെ അടുത്തുനിന്ന് മറ്റൊരു ആണിനെ അസൂയയോടെ ഓടിക്കുകയാണെങ്കില്‍, രണ്ടു പേരുടെയും ലൈംഗികാവയവങ്ങള്‍ ഉരസുകയും പ്രശ്‌നം രമ്യമായി അവസാനിക്കുകയും ചെയ്യുമത്രെ! ചുരുക്കത്തില്‍, ബോണോബോ വാനരന്മാരില്‍ കാണപ്പെടുന്ന ലിംഗം കൊണ്ടുള്ള കളികള്‍ക്ക് യഥാർത്ഥത്തിലുള്ള ലൈംഗികതയല്ലാത്ത മറ്റു ലക്ഷ്യങ്ങളുണ്ട്. അതുമനസ്സിലാക്കാത്തവരാണ് ആ പാവം കുരങ്ങന്മാരെ മൃഗലോകത്തെ തീവ്രസ്വവർഗ്ഗാനുരാഗികളായി വിലയിരുത്തുന്നത്.

ജീവികളില്‍ കാണുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരോ സ്വവർഗ്ഗലൈംഗികതാപ്രകടനങ്ങളിലും ലൈംഗികമല്ലാത്ത ജീവശാസ്ത്രപരമായ മറ്റു ലക്ഷ്യങ്ങളുണ്ടായിരിക്കും. പ്രസ്തുത ലക്ഷ്യങ്ങളില്‍ ചിലത് നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന കാരണത്താല്‍ എങ്ങനെയാണ് അവയെല്ലാം മനുഷ്യരിലെ സ്വവര്‍ഗാനുരാഗികളെ പോലെയാണെന്ന് പറയാന്‍ സാധിക്കുക?!

നായകളിലെ സ്വവർഗ്ഗാനുരാഗം

നായകളില്‍ ആരോപിക്കപ്പെടുന്ന സ്വവര്‍ഗലൈംഗികതയുടെ യാഥാര്‍ഥ്യത്തെ പറ്റി ‘അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദി പ്രിവെന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി റ്റു ആനിമല്‍സി’ന്റെ വെബ്‌സൈറ്റിൽ വിശദീകരിക്കുന്നുണ്ട് (https://www.aspca.org). നായസംരക്ഷണവിദഗ്ധരായ എറിൻ ഒല്ലില എഴുതിയ ‘എന്റെ വളർത്തുമൃഗം സ്വവർഗ്ഗാനുരാഗിയാണോ?’ (Erin Ollila: “Is My Pet Gay?” https://www.hillspet.com/), മെഗ് മാർസ് എഴുതിയ ‘നായയ്ക്ക് സ്വവർഗ്ഗാനുരാഗിയാകാൻ കഴിയുമോ?'(Meg Marrs: “Can Dogs Be Gay? Well, Yes and No…” https://www.k9ofmine.com), ബ്രിയാൻ പാമർ എഴുതിയ ‘സ്വവർഗ്ഗാനുരാഗം പ്രകടിപ്പിക്കുന്നതാണ് നിങ്ങളുടെ നായയെങ്കിൽ അത് അതിനെ സ്വവർഗ്ഗാനുരാഗിയായ നായയാക്കുമോ?’ (Brian Palmer: “If your dog has gay sex, does that make him a gay dog?”) എന്നീ ലേഖനങ്ങളിലും സ്വവർഗ്ഗാനുരാഗം എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന നായവർത്തനങ്ങളുടെ യാഥാർഥ്യമെന്താണെന്ന് വിശദീകരിക്കുന്നുണ്ട്.

സാധാരണയായി നായയുടെ മുകളില്‍ നായ കയറുന്നത് അവന്റെ അധീശത്വം പ്രകടിപ്പിക്കുവാനാണ്. ഞാനാണ് ‘ബോസ്’ എന്ന് മറ്റുള്ളവരെ കാണിക്കുകയാണ് അതിന്റെ ലക്ഷ്യം. ഇടയ്ക്ക് പട്ടികളും ഈ ആവശ്യാര്‍ഥം മറ്റു പട്ടികള്‍ക്കുമേലെ കയറാറുണ്ട്. ഇതേപോലെ തന്നെ ചൂടായിക്കഴിഞ്ഞ പട്ടിയുടെ മണം നായയെ ലൈംഗികദാഹമുള്ളവനാക്കിത്തീര്‍ക്കുകയും അപ്പോള്‍ ആദ്യം കാണുന്നതെന്താണോ അതിന്റെ മേല്‍ കയറുന്ന സ്വഭാവവുമുണ്ട്. പ്രസ്തുത മണം കാറ്റിലൂടെ മൂക്കിലെത്തി കഴിഞ്ഞാല്‍ അടുത്തുള്ളത് പട്ടിയാണോ അതല്ല നായയാണോ എന്നൊന്നും നോക്കാന്‍ നായകളില്‍ ചിലതിന് കഴിയാറില്ല. ഈ സമയത്ത് ചിലപ്പോള്‍ മനുഷ്യര്‍ക്ക് മേലെ വരെ നായ കയറാന്‍ സാധ്യതയുണ്ട്. നായയുടെ സ്വവര്‍ഗസ്‌നേഹമല്ല പ്രത്യുത ചൂടായിക്കഴിഞ്ഞ സ്ത്രീഗന്ധത്തോടുള്ള പ്രതികരണമാണിത്. തികച്ചും ജീവശാസ്ത്രപരമായ ഒരു പ്രതിഭാസം. ഇതിനെ നായകളിലെ സ്വവര്‍ഗാനുരാഗമായി തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുന്നത് വലിയ പാതകം തന്നെയാണ്.

പഠനങ്ങൾ പറയുന്നതെന്ത് ?

മൃഗങ്ങളിലും സ്വവര്‍ഗാനുരാഗം കാണപ്പെടുന്നുണ്ടെന്നും അതിനാല്‍ അത് പ്രകൃതിപരവും ജനിതകവുമാണെന്നും അതുകൊണ്ടുതന്നെ മനുഷ്യസമൂഹത്തിലും അത് അനുവദിക്കപ്പെടണമെന്നുള്ള വാദങ്ങള്‍ക്ക് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്ന് അനുകൂലികളുടെ പഠനങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ബോധ്യമാവും. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്ന സിമോണ്‍ ലി വായ് എഴുതുന്നത് കാണുക: ”മൃഗങ്ങള്‍ക്കിടയില്‍ സ്വവര്‍ഗലൈംഗികത വ്യാപകമാണെങ്കിലും, എതിര്‍വര്‍ഗലൈംഗികതക്ക് പകരമായി സ്വവര്‍ഗലൈംഗികത സ്വീകരിച്ച് ദീര്‍ഘകാലം നിലനില്‍ക്കുന്ന സമ്പ്രദായം അവയ്ക്കിടയില്‍ വിരളമാണെന്നാണ് തോന്നുന്നത്. സ്വവര്‍ഗലൈംഗികാഭിനിവേശം മൃഗങ്ങള്‍ക്കിടയില്‍ തീരെ കാണപ്പെടുന്നില്ലെന്നതാണ് വാസ്തവം.”(Simon Le Vay: Queer Science. Cambridge, 1997, Page 207)

സ്വവര്‍ഗാനുരാഗമായി വ്യാഖ്യാനിക്കപ്പെടുന്ന മൃഗവര്‍ത്തനങ്ങളൊന്നും തന്നെ അവ സ്ഥിരമായി കൊണ്ടുനടക്കുന്നതല്ല, ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അവ അങ്ങനെ പെരുമാറുന്നുവെന്ന് മാത്രമേയുള്ളൂവെന്ന് പറഞ്ഞാല്‍ അതിന്റെ അർത്ഥമെന്താണ്? മൃഗങ്ങളൊന്നും തന്നെ പ്രകൃതിപരമോ ജനിതകമോ ആയി സ്വവര്‍ഗരതിക്കാരല്ല, പ്രത്യുത ചില പ്രത്യേക സന്ദര്‍ഭങ്ങളിലെ ജീവശാസ്ത്രപരമായ ചോദനകള്‍ക്കുള്ള പ്രതികരണമെന്ന നിലയ്ക്കാണ് സ്വവർഗ്ഗലൈംഗികതയെന്ന് തോന്നിക്കുന്ന മൃഗവര്‍ത്തനങ്ങളുണ്ടാവുന്നത് എന്നല്ലാതെ മറ്റൊന്നുല്ല. ഈ വസ്തുത സ്വവര്‍ഗരതിക്കാരായ ശാസ്ത്രജ്ഞര്‍ പോലും അംഗീകരിക്കുവാന്‍ നിര്‍ബന്ധിതാരാവുന്നതാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്. സ്വവര്‍ഗലൈംഗികത മൃഗങ്ങളിൽ നില നിൽക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ പ്രകൃതിപരവും ജനിതകവുമാണെന്നുമുള്ള വാദത്തിന് ഉപോല്‍ബലകമായ തെളിവുകളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്ന സത്യമാണ് ഇവിടെ അനാവൃതമാവുന്നത്.

പ്രകൃതിപരമെന്നാൽ…

നില നിൽക്കുന്ന ഹെറ്റെറോനോർമേറ്റിവിറ്റിയെ തകർക്കുവാൻ നിയമകൂടങ്ങളും ഭരണകൂടങ്ങളും കുഠാരമെടുക്കുന്നത് സ്വവർഗ്ഗലൈംഗികത പ്രകൃതിപരവും ജനിതകവുമാണെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ വാദത്തിന് ഉപോല്‍ബലകമായ തെളിവുകളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്ന വാസ്തവം ചർച്ചക്ക് പോലും പരിഗണിക്കപ്പെടുന്നില്ല.

‘പ്രകൃതിപരം’ എന്നുപറയുമ്പോള്‍ അർത്ഥമാക്കുന്നത് ജീവിയുടെ പ്രകൃതിയില്‍ തന്നെ പ്രസ്തുത കാര്യം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നാണല്ലോ. ജനിതകത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ക്രോമോസോമുകള്‍ക്കകത്ത് ജനിതകകോഡുകളാള്‍ രേഖപ്പെടുത്തപ്പെട്ട സ്വഭാവങ്ങളാണ് പ്രകൃതിപരം. ജീനുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിൽ അതിനനുസൃതമായ ശാരീരികസവിശേഷതകളുമുണ്ടായിരിക്കും. ഭിന്നവര്‍ഗലൈംഗികത പ്രകൃതിപരമായതുകൊണ്ടു തന്നെ സ്ത്രീയുടേയും പുരുഷന്റേയും ശരീരവും മനസ്സും ലൈംഗികാവയവങ്ങളുമെല്ലാം അതിന് പറ്റിയ രീതിയിലാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീശരീരം മൃദുലവും മാംസളവുമാണ്; പുരുഷശരീരം ദൃഢവും പേശീനിര്‍മിതവും. പുരുഷനു കാഴ്ച ഉത്തേജനത്തിന്; പുരുഷനെ ഉത്തേജിപ്പിക്കാന്‍ പോന്ന സൗന്ദര്യം സ്ത്രീക്ക്. പുരുഷനു പെണ്ണിന്റെ സൗന്ദര്യം കാണുമ്പോള്‍ സ്‌നേഹദ്രവത്തിന്റെ ഉല്‍പാദനം; സ്ത്രീക്ക് ഇഷ്ടപ്പെട്ട പുരുഷന്‍ തലോടുമ്പോള്‍ ബര്‍ത്തോലിന്‍ സ്രവത്തിന്റെ പുറപ്പാട്. സ്‌നേഹദ്രവം ശുക്ലത്തിന് വഴിയൊരുക്കുന്നു; ബര്‍ത്തോലിലന്‍ സ്രവം ലിംഗപ്രവേശം എളുപ്പമാക്കുകയും രതിസുഖത്തിന് മാറ്റുകൂട്ടുകയും ചെയ്യുന്നു. ശാരീരികബന്ധം കഴിയുമ്പോള്‍ പുരുഷന് എന്തോ നഷ്ടപ്പെട്ടതുപോലെയുള്ള ശൂന്യത; സ്ത്രീക്ക് എന്തോ ലഭിച്ചതുപോലെയുള്ള നിറവ്. പുരുഷലിംഗത്തെ ഉൾക്കൊള്ളുന്നതാണ് സ്ത്രീലിംഗം;. തുളച്ച് കയറുന്ന പുരുഷലൈംഗികാവയത്തെ സ്വീകരിക്കാൻ പാകത്തിലുള്ള സ്ത്രീയുടെ യോനി. ഇങ്ങനെ എല്ലാ കാര്യങ്ങളും സ്ത്രീ-പുരുഷ ലൈംഗികത പരസ്പര പൂരകമാണ്. ഈ പരസ്പര പൂരകത്വം അത് പ്രകൃതിപരമാണെന്ന് വ്യക്തമാക്കുന്നു.

എന്നാല്‍ സ്വവര്‍ഗലൈംഗികതയോ? അതിന് പറ്റുന്ന രൂപത്തിലാണോ മനുഷ്യന്റെ മനസ്സും ശരീരവും സംവിധാനിക്കപ്പെട്ടിരിക്കുന്നത് എന്ന ചോദ്യത്തിന് ആര്‍ക്കും പറയാനാവുന്ന ഉത്തരം ‘അല്ല’ എന്നു തന്നെയാണ്. അതിന്റെ ആളുകള്‍ അതിന് പറ്റിയ രൂപത്തില്‍ മനസ്സിനേയും ശരീരത്തേയും സജ്ജമാക്കുവാന്‍ കൃത്രിമമായ മാര്‍ഗങ്ങളുപയോഗിക്കുകയാണ് ചെയ്യുന്നത്. ഗുദമൈഥുനത്തിനും (anal sex) തുടമൈഥുനത്തിനും (intercrural sex) ലിംഗത്തിന്റെ സംതൃപ്തമായ ചലനത്തിന് കൃത്രിമ കുഴമ്പുകള്‍ (artificial lubricants) ഉപയോഗിക്കേണ്ടി വരുന്നു. ഗുദമോ തുടയോ ലിംഗത്തെ ഉള്‍ക്കൊള്ളുകയല്ല; ബലാല്‍ക്കാരമായി ഉള്‍ക്കൊള്ളിക്കുകയാണ് എന്നര്‍ഥം. ഇങ്ങനെ ഓരോ കാര്യത്തിനും കൃത്രിമത്വങ്ങളെ കൂട്ടുപിടിക്കേണ്ടതായി വരും, സ്വവര്‍ഗാനുരാഗികള്‍ക്ക്. അത് പ്രകൃതിപരമല്ലെന്ന വസ്തുതയാണ് ഈ കൃത്രിമത്വങ്ങള്‍ വ്യക്തമാക്കുന്നത്.

രോഗങ്ങൾ കാണിക്കുന്നത്

സ്വവര്‍ഗാനുരാഗികള്‍ക്കിടയിലെ മാരകരോഗങ്ങളും അത് പ്രകൃതിവിരുദ്ധമാണെന്ന വസ്തുത വിളിച്ചോതുന്നുണ്ട്. അമേരിക്കയിലെ ‘സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോളി’ന്റെ (CDC) 2015 ലെ കണക്കുകള്‍ പ്രകാരം അമേരിക്കയിലുള്ള പന്ത്രണ്ട് ലക്ഷം എയിഡ്‌സ് രോഗികളിൽ 55 ശതമാനവും സ്വവർഗ്ഗാനുരാഗികളാണ്. അവിടെയുള്ള രണ്ട് ശതമാനം പേർ മാത്രമാണ് തങ്ങൾ സ്വവർഗ്ഗാനുരാഗികളാണെന്ന് പറയുന്നവരായി ഉള്ളൂവെന്ന വസ്തുതയുമായി തട്ടിച്ച് നോക്കുമ്പോൾ ഇത് വളരെ വലിയ ശതമാനമാണ്. ആറ് സ്വവർഗ്ഗാനുരാഗികളിൽ ഒരാളെങ്കിലും എയ്ഡ്സ് രോഗിയാണ്. കറുത്ത വർഗക്കാരായ സ്വവർഗ്ഗാനുരാഗികളിൽ പകുതിയും എയ്ഡ്സ് രോഗികളാണത്രെ. 63 ശതമാനം പുരുഷന്മാര്‍ക്കും എയ്ഡ്സ് രോഗമുണ്ടായിട്ടുള്ളത് സ്വവര്‍ഗരതിയിലൂടെയാണെന്നാണ് കണക്ക്. (HRC Foundation: “How HIV Impacts LGBTQ People” https://www.hrc.org). മറ്റ് ലൈംഗികരോഗങ്ങളുടെ സ്ഥിതിയും തഥൈവ. 2014 ലെ കണക്കുകൾ പ്രകാരം സിഫിലിസ് രോഗികളിൽ 83 ശതമാവും സ്വവർഗ്ഗരതിയിലേർപ്പെടുന്നവരാണ്. അമേരിക്കയില്‍ നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടുവെന്ന് കരുതിയിരുന്ന രോഗമാണ് സിഫിലിസ്. 2000 മുതലാണ് സ്വവര്‍ഗഭോഗികള്‍ക്കിടയില്‍ ഇത് വര്‍ധിച്ചുവന്നത്. ഗൊണോറിയ, ക്ളമിഡിയ, ഹ്യൂമൻ പാപ്പിലോമാ വൈറസ് എന്നിവയുടെയെല്ലാം സ്ഥിതി ഇതേപോലെതന്നെ. ഹ്യൂമൻ പാപ്പിലോമ മൂലം ഗുദത്തിലും ലിംഗത്തിലുമുണ്ടാവുന്ന വ്രണങ്ങളിൽ പലതും പിന്നീട് ക്യാൻസറായി മാറുകയാണ് പതിവ്. സ്വവർഗ്ഗാനുരാഗികൾക്ക് എതിർവർഗ്ഗാനുരാഗികളെക്കാൾ ഗുദക്യാൻസറുണ്ടാകുവാൻ പതിനേഴ് മടങ്ങ് സാധ്യതയുണ്ടെന്നാണ് ‘സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത്. എയ്ഡ്സ് രോഗികൾക്ക് അതോടൊപ്പം തന്നെ ഗുദക്യാൻസറുമുണ്ടാകാൻ കൂടുതൽ സാധ്യതയുണ്ടെന്നും അവർ സൂചിപ്പിക്കുന്നുണ്ട്. (“Sexually Transmitted Diseases”, https://www.cdc.gov).

നിലവിലുള്ള ആന്റിബയോട്ടിക്കുകളെയെല്ലാം നിര്‍വീര്യമാക്കുന്ന തരത്തിലുള്ള സ്റ്റാഫ് ബാക്ടീരിയകള്‍ പരത്തുന്ന പുതിയ ഒരു തരം ത്വക്ക് രോഗം സാന്‍ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചല്‍സിലെ തുടങ്ങിയ സ്ഥലങ്ങളിലെ സ്വവര്‍ഗപ്രണയികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നതായി 2008 ജനുവരി 15ാം തിയ്യതിയിലെ ‘സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്ക്ള്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്റിബയോട്ടിക്കുകള്‍ക്ക് വഴങ്ങാത്ത ബാക്ടീരിയകളാണ് ഈ അസുഖമുണ്ടാക്കുന്നത് എന്നതുകൊണ്ടുതന്നെ ഇതിനെ ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ് അമേരിക്കന്‍ ആരോഗ്യവകുപ്പ്. (Sabin Russell: ” S.F. gay community an epicenter for new strain of virulent staph” https://www.sfgate.com)

സ്വവര്‍ഗഭോഗികള്‍ക്ക് ഗുദത്തിലും വന്‍കുടലിലുമുണ്ടാവുന്ന രോഗങ്ങളെ മൊത്തത്തില്‍ ഗേ ബവല്‍ സിന്‍ഡ്രോം (gay bowel syndromme) എന്നുവിളിക്കുന്ന സമ്പ്രദായം 1976 മുതല്‍ ഭിഷഗ്വരന്മാര്‍ക്കിടയില്‍ വ്യാപകമായിരുന്നു. (Michael Heller, MD: “The gay bowel syndrome: a common problem of homosexual patients in the emergency department”, Annals of Emergency Medicine, 01.09.1980) ശക്തമായ സ്വവര്‍ഗാനുരാഗീ പ്രതിഷേധങ്ങള്‍ വഴി അമേരിക്കയിലും യൂറോപ്പിലുമുള്ളവര്‍ അങ്ങനെ പ്രയോഗിക്കുന്നതില്‍ നിന്നും മാറിനില്‍ക്കുവാന്‍ നിര്‍ബന്ധിതമാവുകയാണുണ്ടായത്.

സ്വവർഗ്ഗലൈംഗികത പ്രകൃതിപരമാണെന്ന് വാദിക്കുന്നവര്‍, പിന്നെ എന്തുകൊണ്ടാണ് സ്വവര്‍ഗാനുരാഗികള്‍ക്കിടിയില്‍ ഇത്രയധികം രോഗങ്ങള്‍ കാണപ്പെടുന്നതെന്ന് വിശദീകരിക്കേണ്ടതാണ്. സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ മാത്രമല്ലല്ലോ ഈ രോഗങ്ങളൊന്നും കാണപ്പെടുന്നതെന്ന് പറഞ്ഞ് സമാധാനമടയുകയാണ് അത്തരക്കാര്‍ ചെയ്യാറുള്ളത്. അസുഖങ്ങളില്‍ മിക്കതിന്റേയും തുടക്കം സ്വവര്‍ഗഭോഗികളില്‍ നിന്നാണെന്നും അത്തരക്കാരുമായി ബന്ധപ്പെടുന്ന മറ്റുള്ളവര്‍ക്ക് പ്രസ്തുത രോഗങ്ങൾ പകരുകയും അവരില്‍ നിന്ന് സാധാരണക്കാരിലേക്ക് പകരുകയുമാണ് ചെയ്യുന്നതെന്നുമുള്ള വസ്തുത ഈ വാദമുന്നയിക്കുന്നവര്‍ ബോധപൂര്‍വ്വം മറച്ചുവെക്കുന്നു. സ്വവർഗാനുരാഗികൾ രോഗികൾ മാത്രമല്ല രോഗവാഹകാർ കൂടിയാണെന്നർത്ഥം.

ഹെറ്റെറോനോർമേറ്റിവിറ്റിയെ തകർക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയിലാണല്ലോ മാനവരാശിയെ ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്ന എയിഡ്‌സ് രോഗത്തിന്റെ ആഗമനമുണ്ടായത്. 1981 ജൂണ്‍ 5ന് ലോസ് ആഞ്ചല്‍സിലെ അഞ്ച് സ്വവര്‍ഗരതിക്കാര്‍ക്കിടയിലാണ് അന്ന് ന്യൂമോസിസ്റ്റിസ് ന്യൂമോണിയ (Pneumocystis Pneumonia) എന്ന് വിളിച്ച എയിഡ്‌സ് രോഗാണുക്കള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാല്പത് വർഷങ്ങൾക്ക് ശേഷം 2020 ലെ കണക്കുകള്‍ പ്രകാരം ലോകത്ത് നാല് കോടിയോളം എയിഡ്‌സ് രോഗികളുണ്ട്. പതിനൊന്ന് കോടിയോളം പേർക്ക് ഇതേവരെയായി എയ്ഡ്സ് ഉണ്ടായിട്ടുണ്ട്. അവരിൽ നാല് കോടിയോളം പേർ മരണപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു കോടിയോളം പേർ 2020 ൽ മാത്രം മരണപ്പെട്ടവരാണ്. (“Global HIV & AIDS statistics — Fact sheet”, https://www.unaids.org) 2018 ലെ കണക്കുകൾ പ്രകാരം പതിനഞ്ച് വയസ്സിന് താഴെയുള്ള പതിനേഴ് ലക്ഷം കുട്ടികളാണ് എയ്ഡ്സ് ബാധിതരായുള്ളത്. അതിൽ ഒരു ലക്ഷത്തോളം പേർ 2018ൽ തന്നെ മരണപ്പെടുകയാണുണ്ടായത്. ഓരോ ദിവസവും അഞ്ഞൂറ് കുട്ടികൾ വീതം എയിഡ്സ് ബാധിതരായിത്തീരുന്നുവെന്നാണ് കണക്ക്. (“UNAIDS data 2019” https://www.unaids.org)

എയിഡ്‌സിന് കാരണക്കാരനായി കരുതപ്പെടുന്ന എച്ച്.ഐ.വി (Human Immunodeficiency Virus) പകരുന്നത് ലൈംഗികാവയവങ്ങളിലൂടെയും രക്തത്തിലൂടേയുമാണ്. അത് ശരീരത്തിലെത്തിക്കഴിഞ്ഞാല്‍ ഏറെ നാള്‍ സുഷുപ്തിയില്‍ കഴിയുകയും അവസരമുണ്ടാവുമ്പോള്‍ രക്തത്തിലെ പ്രതിരോധാണുക്കളായ CDC4+T കോശങ്ങളെ നശിപ്പിക്കുവാന്‍ തുടങ്ങുകയും ചെയ്യും. മനുഷ്യശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ തകര്‍ക്കുകയാണ് എച്ച്.ഐ.വി ചെയ്യുന്നത്. ജലദോഷം പോലും മാരകമാകുന്ന അവസ്ഥയാണ് ഇത് മൂലം ഉണ്ടായിത്തീരുക. മരുന്നുകളൊന്നും ഫലിക്കാതെ തീവ്രമായ വേദനയോടുകൂടി ഇഞ്ചിഞ്ചായി മരിക്കുന്ന അവസ്ഥ.

ജീവികളിലെല്ലാം സ്വവര്‍ഗലൈംഗികത നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ അത് പ്രകൃതിപരവും മനുഷ്യര്‍ക്ക് സ്വീകരിക്കാനാവുന്നതുമാണെന്ന് വാദിക്കുന്നവര്‍ പിന്നെ എന്തുകൊണ്ടാണ് മനുഷ്യരില്‍ കാണപ്പെടുന്ന മാരകമായ ലൈംഗിക രോഗങ്ങള്‍ ജന്തുക്കളിലൊന്നുമില്ലാത്തതെന്ന ചോദ്യത്തിനും തൃപ്തികരമായ ഉത്തരമൊന്നും നല്‍കാറില്ല. വ്യത്യസ്ത രീതികളിലുള്ള ലൈംഗികത ആസ്വദിക്കുന്നവയെന്ന് അരോപിക്കപ്പെടുന്ന ബോണോബോ കുരങ്ങുകള്‍ക്കിടയില്‍ നിന്നുപോലും മാരകമായ എയിഡ്‌സിനെപോലെയുള്ള രോഗങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിവാഹബാഹ്യലൈംഗികത മനുഷ്യരില്‍ മാത്രമെന്തുകൊണ്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒരു വർത്തനമായിത്തീര്‍ന്നുവെന്ന ചോദ്യത്തിന് എൽജിബിറ്റി ആക്ടിവിസ്റ്റുകളുടെ പക്കൽ വ്യക്തമായ ഉത്തരങ്ങളൊന്നുമില്ല. മൃഗങ്ങളടെ ചെയ്തികള്‍ മനുഷ്യപ്രകൃതിക്ക് വിരുദ്ധമായതിനാലാണല്ലോ അത്തരം വൈകൃതങ്ങളിലേര്‍പ്പെടുന്നവര്‍ മാരകരോഗങ്ങള്‍ക്ക് അടിമപ്പെടേണ്ടിവരുന്നത്. ഹെറ്റെറോനോർമേറ്റിവിറ്റിയെ തകർക്കാനായി ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർ ലൈംഗികരോഗങ്ങളെല്ലാം സംഹാര താണ്ഡവമാടുന്ന സാമൂഹ്യസാഹചര്യത്തിലേക്കാണ് നമ്മുടെ നാടിനെ കൊണ്ടുപോവുക. അതുകൊണ്ട് തന്നെയാണ് നാടിനെ സ്നേഹിക്കുന്നവർക്ക് അതിനെതിരെ സംസാരിക്കേണ്ടി വരുന്നത്.

print

No comments yet.

Leave a comment

Your email address will not be published.