ഉല്‍പത്തി വിവരണത്തിലെ ‘സ്ത്രീയുടെ സന്തതി’: വ്യാഖ്യാനങ്ങളിലെ വൈരുധ്യങ്ങള്‍

//ഉല്‍പത്തി വിവരണത്തിലെ ‘സ്ത്രീയുടെ സന്തതി’: വ്യാഖ്യാനങ്ങളിലെ വൈരുധ്യങ്ങള്‍
//ഉല്‍പത്തി വിവരണത്തിലെ ‘സ്ത്രീയുടെ സന്തതി’: വ്യാഖ്യാനങ്ങളിലെ വൈരുധ്യങ്ങള്‍
മതതാരതമ്യ പഠനം

ഉല്‍പത്തി വിവരണത്തിലെ ‘സ്ത്രീയുടെ സന്തതി’: വ്യാഖ്യാനങ്ങളിലെ വൈരുധ്യങ്ങള്‍

ദൈവിക മാര്‍ഗം അനുധാവനം ചെയ്യണമെന്ന ദൈവസന്ദേശം അധ്യാപനം ചെയ്യാനായി ‘വഴിയും വെളിച്ചവും സത്യ’വുമായി വരുന്ന യേശുവിനെ നാം ബൈബിളില്‍ കാണുന്നു. എന്നാല്‍ ദൈവിക മാര്‍ഗം പിന്തുടരാന്‍ മനസ്സില്ലാത്ത യേശുവിന്റെ ജനതയോ, അവര്‍ യേശുവിനെ എതിര്‍ക്കുന്നതായാണ് കാണുന്നത്. അവരെ യേശു യുക്തിപൂര്‍വ്വം ഉപദേശിക്കുകയും എതിര്‍വാദങ്ങളെ ഖണ്ഡിക്കുകയും തിരുത്തുകയും ചെയ്തുകൊണ്ടിരുന്നു. അത്തരം ഒരു സന്ദര്‍ഭത്തില്‍ ഒരു വിശ്വാസിനിയായ സ്ത്രീ വന്നു യേശുവിനോട് പറയുന്നു, ‘നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ.’ അത് കേട്ടപ്പോള്‍ യേശു ഇങ്ങനെ പറഞ്ഞു: ‘ദൈവ വചനം കേട്ട് അതു പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്‍മാര്‍.’ (ലൂക്കാ 11:27)

തന്റെ മാതാവായ മേരിയെ ഭാഗ്യവതി എന്ന് പറയുമ്പോള്‍ യേശു ആ സ്ത്രീയെ ഖണ്ഡിക്കുകയല്ല ഇവിടെ ചെയ്യുന്നത്, മറിച്ച് അതിനേ ക്കാള്‍ ഭാഗ്യവാന്‍മാര്‍ ദൈവവചനം കേട്ട് അവ പാലിക്കുന്നവര്‍ ആണെന്ന് ഉപദേശിക്കുകയാണ്, അതായത് യഥാര്‍ത്ഥ സൗഭാഗ്യം കിട്ടാനുള്ള വഴി ദൈവ വചനങ്ങള്‍ പാലിക്കുകയാണെന്ന പാഠം പഠിപ്പിക്കാനായി ആ സന്ദര്‍ഭം ഉപയോഗിക്കുകയായിരുന്നു യേശു. ഏതായാലും മേരി പുണ്യവതിയാണെന്നതില്‍ ബൈബിളിന് എതിര്‍പ്പ് ഉള്ളതായി തോന്നുന്നില്ല.

ജീവന്റെ വെളിച്ചം കിട്ടണമെങ്കില്‍ യേശുവിനെ അനുഗമിക്കുക എന്നതു യേശുവിന്റെ ഉപദേശമായിരുന്നല്ലോ (യോഹ ന്നാന്‍ 8:12). ‘യേശുവിനെ അനുഗമിക്കുക’ എന്നത് കൊണ്ട് ഉദ്ദേശ്യം യേശു പറഞ്ഞത് അനുസരിക്കുക, യേശുവിനെ മാതൃകയാക്കുക, എന്നൊക്കെയാണ്. ആ യേശു തന്റെ മാതാവായ മറിയത്തെ ‘മാതാവേ/അമ്മേ’ എന്നു വിളിക്കാതെ ‘സ്ത്രീയേ’ എന്ന് വിളിക്കുന്നതായിട്ട് ബൈബിളില്‍ നാം കാണുന്നു. (ജോണ്‍ 19:26). അത് വായിക്കുന്നവര്‍ക്ക്, യേശു അതെന്താണ് മാതാവിനെ ഒരു ബഹുമാനമില്ലാത്ത പോലെ, എന്നു ഒരു സംശയം തോന്നുന്ന അവസ്ഥ ഉണ്ടാവുന്നു… മാതാപിതാക്കളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുകയാണ് ദൈവിക നിര്‍ദേശം എന്നാണല്ലോ മുന്‍കാല പ്രവാചകന്മാര്‍ പഠിപ്പിച്ചിരുന്നത്. എന്നിട്ട് യേശു അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ?  യേശുവിന്റെ അനുയായികളെന്നു സ്വയം വിശേഷിപ്പിക്കുന്ന ക്രിസ്ത്യാനികളോട് അതിനെപ്പറ്റി ചോദിച്ചാല്‍ അവര്‍ ബൈബിള്‍ പഴയ നിയമത്തിലെ ഒരു പ്രവചനത്തിലേക്ക് കൈ ചൂണ്ടിയിട്ട്, അത് കാരണമാണ് യേശു അങ്ങനെ ചെയ്തത് എന്ന് പറയും. ഉല്‍പ്പത്തി 3:15-ാം വചനമാണ് ആ പ്രവചനം. അത് നമുക്ക് പരിശോധിക്കാം.

ഉല്‍പ്പത്തി മൂന്നാം അധ്യായം തുടങ്ങുന്നതു ഇങ്ങനെയാണ്:

  1. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അതു സ്ത്രീയോട്, തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള്‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്‍പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
  2. സ്ത്രീ പാമ്പിനോട്, തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങള്‍ക്കു തിന്നാം;
  3. എന്നാല്‍ നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിനു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുത്, തൊടുകയും അരുത് എന്നു ദൈവം കല്‍പിച്ചിട്ടുണ്ട് എന്നു പറഞ്ഞു.
  4. പാമ്പു സ്ത്രീയോട്, നിങ്ങള്‍ മരിക്കയില്ല നിശ്ചയം;
  5. അതു തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.
  6. ആ വൃക്ഷഫലം തിന്മാന്‍ നല്ലതും കാണ്മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര്‍ത്താവിന്നും കൊടുത്തു; അവനും തിന്നു.

 

14. യഹോവയായ ദൈവം പാമ്പിനോടു കല്‍പിച്ചത്: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്‌കാലമൊക്കെയും പൊടി തിന്നും.

കാട്ടുജന്തുക്കളില്‍ വെച്ച് ഏറ്റവും കൗശലമേറിയ ജന്തുവായ പാമ്പ് സ്ത്രീയെ (ഹവ്വയെ) ദൈവത്തിന്റെ കല്‍പ്പന അനുസരിക്കുന്നതില്‍ നിന്ന് തെറ്റിച്ചതിനാല്‍ പാമ്പിനെ ദൈവം ശപിച്ചതാണു പതിനാലാം വചനത്തില്‍ കാണുന്നത്. പിന്നെയാണ് നാം അന്വേഷിക്കുന്ന പ്രവചന ഭാഗം വരുന്നത്. അതിങ്ങനെയാണ്.

  1. ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല്‍ തകര്‍ക്കും.

ദൈവിക ത്രിത്വത്തിലെ ഒരു ആളത്വമായ യേശു ഭൂമിയിലേക്ക് മനുഷ്യനായി വരികയും മനുഷ്യര്‍ക്ക് രക്ഷപ്പെടാന്‍ കഴിയാത്ത ആദിപാപം എന്ന ഭാരത്തെ തന്റെ മേല്‍ വഹിച്ച് അവയ്ക്ക് പരിഹാരമായി ബലിയാവുകയും ചെയ്യും എന്ന സന്ദേശം ആണ് ബൈബിളിലുടനീളം ഉള്ളത്, അതില്‍ ആദ്യത്തേത് എന്ന അര്‍ത്ഥത്തില്‍ പ്രഥമ മിശിഹാ പ്രവചനം (Protoevangelium) ആണ് ഇത് എന്നൊക്കെയാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. യേശുവിന്റെ ആ ബലിമരണത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം പാപത്തില്‍ നിന്നുള്ള രക്ഷ ലഭിക്കുന്നു, അല്ലാത്തവര്‍ പാപത്തില്‍ തന്നെ കഴിഞ്ഞു കൂടുന്നു എന്നതാണ് െ്രെകസ്തവ മതത്തിന്റെ കാതല്‍ തന്നെ.

ആ ‘പ്രവചന’ത്തിനു ശേഷം സ്ത്രീയെയും പുരുഷനെയും ദൈവം ഇങ്ങനെ ശപിക്കുന്നതായും കാണുന്നു:

  1. സ്ത്രീയോടു കല്‍പിച്ചത്: ഞാന്‍ നിനക്കു കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭര്‍ത്താവിനോടു ആകും; അവന്‍ നിന്നെ ഭരിക്കും.
  2. മനുഷ്യനോടു കല്‍പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാന്‍ കല്‍പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്‌കാലമൊക്കെയും നീ കഷ്ടതയോടെ അതില്‍നിന്നു അഹോവൃത്തി കഴിക്കും.

പാമ്പിനെ ശപിച്ചത് അത് ഉദരത്തില്‍ ഇഴഞ്ഞു നീങ്ങുകയും പൊടി തിന്നുകയും ചെയ്യുമെന്നാണല്ലോ. പാമ്പ് പൊടി തിന്നുന്നതായി എവിടുന്നും നാം കേട്ടിട്ടിട്ടില്ല. ചിലപ്പോള്‍ അത് ‘അപമാനിതനാകും’ എന്ന അര്‍ത്ഥത്തില്‍ ഇംഗ്ലീഷില്‍ പറയാറുള്ള ‘bite the dust’ എന്നത് പോലെയുള്ള ഒരു പ്രയോഗമായിരിക്കാം. പാമ്പ് അപമാനിക്കപ്പെടുന്നുണ്ടോ എന്ന് അറിയില്ല. എന്നാല്‍ ഉദരത്തിലൂടെ ഇഴഞ്ഞു നീങ്ങുന്നുണ്ട് എന്നത് ശരി തന്നെയാണല്ലോ. എന്നാല്‍ പാമ്പ് ഉദരത്തിലൂടെ സഞ്ചരിക്കുന്നത് ദൈവശാപംകാരണമാണെങ്കില്‍ ഉരഗ വര്‍ഗത്തില്‍പ്പെട്ട അരണ, ഓന്ത് മുതലായ മറ്റു ജന്തുക്കള്‍ എന്ത് കൊണ്ടാണ് അങ്ങനെ ഉദരത്തിലൂടെ ഇഴഞ്ഞു നീങ്ങി സഞ്ചരിക്കുന്നത്? പാമ്പിന്റെ ശാപം അവയ്ക്കും ബാധകമായോ? ഇനി, ഒരു ജന്തുവിന് എത്ര തന്നെ ബുദ്ധിയോ കുബുദ്ധിയോ ഉണ്ടായിരുന്നാലും മനുഷ്യനേക്കാളും ബുദ്ധിയും അറിവും ഉണ്ടാകാനിടയില്ല എന്ന് നമ്മുടെ സാമാന്യ ബുദ്ധി പറയുന്നു. ഉല്‍പ്പത്തിയിലെ പാമ്പ് അഥവാ സര്‍പ്പം എന്നത് യഥാര്‍ത്ഥത്തില്‍ പാമ്പല്ല, പിശാചിന്റെ symbol അഥവാ പ്രതീകം  ആണെന്നാണ് പറയപ്പെടുന്നത്. ആയതിനാല്‍ ശപിക്കപ്പെട്ടത് പിശാചാണെന്നര്‍ത്ഥം. അങ്ങനെ വരുമ്പോള്‍ ഒരു പ്രശ്‌നം ഉണ്ടാവുന്നത്, ദൈവം ബൈബിളില്‍ ശപിക്കുന്നതായി കാണുന്നത് പിശാചിനെയല്ല, പാമ്പിനെത്തന്നെയാണ്. അത് കൊണ്ടാണല്ലോ ഒരു കേവല ജന്തുവായ പാമ്പ് ഉദരത്തില്‍ ഇഴയാന്‍ ഇടവന്നത്. അതൊരു അനീതിയല്ലേ? പിശാചിന്റെ പ്രതീകമായി ഞാന്‍ നില്‍ക്കാം എന്ന് പാമ്പ് പറഞ്ഞിരുന്നില്ലല്ലോ. പിന്നെ ഇങ്ങനെ സംഭവിച്ചതിന്റെ ന്യായം എന്താണ്?

ഉല്‍പ്പത്തി 3:15ലെ ‘പ്രഥമ മിശിഹാ പ്രവചന’ത്തിലേക്ക് വരുമ്പോള്‍ അവിടെയും പ്രതിപാദിക്കപ്പെടുന്നത് പാമ്പല്ല, സാത്താനാണെന്നാ ണല്ലോ പറയപ്പെടുന്നത്. അല്ലെങ്കില്‍ മിശിഹായായ യേശുവിനും പാമ്പ് എന്ന മൃഗത്തിനും തമ്മില്‍ ഭയങ്കര ശത്രുതയായിരുന്നു എന്ന് പറയേണ്ടിവരും. അങ്ങനെ ആരും പറയുന്നില്ല. കൂടാതെ വെറും ഒരു സാധാരണ കാട്ടുജന്തുവിന്റെ വാക്ക് (നന്മ തിന്മകള്‍ അറിയും, എന്ന് പറഞ്ഞത്) എങ്ങനെ സത്യമായി? മനുഷ്യന് അറിവ് നല്‍കിയതിനേക്കാള്‍ കൂടുതല്‍ കാട്ടുജന്തുക്കള്‍ക്ക് നല്‍കിക്കാണുമോ? അങ്ങനെ ഉണ്ടാവാന്‍ വഴിയില്ല. അവിടെ ശപിക്കപ്പെട്ടത് പിശാചായിരുന്നു എന്ന് വെക്കുന്നത് തന്നെയാണ് ഉചിതം. പക്ഷെ പിശാചിന്നു കിട്ടിയ ശാപം(ഉദരത്തില്‍ ചലിക്കലും പൊടി തിന്നല്‍/അപമാനിതനാവലും) മൃഗമായ പാമ്പിന് സംഭവിച്ചതെങ്ങനെ എന്നത് അപ്പോഴും ഉത്തരം കിട്ടാചോദ്യമായി നില നില്‍ക്കുന്നു.

ഇനി  സ്ത്രീയെ ശപിച്ചത് നോക്കാം. ‘ഞാന്‍ നിനക്കു കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ദ്ധിപ്പിക്കും;  ‘നിന്റെ ആഗ്രഹം നിന്റെ ഭര്‍ത്താവിനോടു ആകും,’ എന്നാണല്ലോ. ഭര്‍ത്താവിനോട് ആഗ്രഹം തോന്നാന്‍ ശപിച്ചത് നന്നായി എന്നേ പറയാനുള്ളൂ. അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്മാരോട് സ്‌നേഹമില്ലാതെ ആയിപ്പോയേനെ. പക്ഷെ ഒരുപാട് സ്ത്രീകള്‍ ഈ ശാപത്തില്‍ നിന്ന് ഒഴിഞ്ഞു മാറി ഭര്‍ത്താവിനു പകരം വേറെ പുരുഷന്മാരെ ആഗ്രഹിക്കുന്ന പ്രതിഭാസത്തെക്കുറിച്ച് എന്ത് പറയുന്നു? എങ്ങനെയാണവര്‍ ‘ശാപമോചിതരാ’യത്? ഇന്നത്തെ പല സ്ത്രീകളും ഗര്‍ഭധാരണം എന്ന ‘ശാപ’ത്തെ സ്വയം നിരാകരിച്ചു മക്കള്‍ വേണ്ടെന്നു തീരുമാനിച്ചത് എങ്ങനെ?  ദൈവ ശാപത്തെ മനുഷ്യര്‍ക്ക് യഥേഷ്ടം തള്ളാനും കൊള്ളാനും  കഴിയുമോ? കൂടാതെ, മനുഷ്യ സ്ത്രീക്ക് പാപം ചെയ്തതിന്റെ ശിക്ഷയായി ‘കഷ്ടവും ഗര്‍ഭധാരണവും വര്‍ദ്ധിച്ചെ’ങ്കില്‍ പാപം ചെയ്യാത്ത മറ്റു സസ്തനി ജീവികളിലെ സ്ത്രീവര്‍ഗത്തിനു  എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?

അതൊക്കെ അവിടെയിരിക്കട്ടെ. നമുക്ക് നമ്മുടെ വിഷയത്തിലേക്ക് തിരിച്ചു വരാം. ആദ്യ ‘മിശിഹാ പ്രവചന’മായ ഉല്‍പ്പത്തി 3: 15ലെ ‘ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല്‍ തകര്‍ക്കും’ എന്ന വചനം.

ഇതിലെ പാമ്പിന്റെ/പിശാചിന്റെ കുതികാല്‍ തകര്‍ക്കുന്ന ‘സ്ത്രീയുടെ സന്തതി’ യേശു തന്നെയാണെന്ന് അവര്‍ വിശ്വസിക്കുന്നു. അതിനു അവര്‍ പറയുന്ന ന്യായം, സെമിറ്റിക് പാരമ്പര്യത്തില്‍ സന്താനങ്ങളെ പിതാക്കന്മാരോടു ചേര്‍ത്താണ് പറയാറുള്ളത്. ബൈബിളിലെ വംശാവലികള്‍ നോക്കിയാല്‍ അത് മനസ്സിലാകും. എന്നാല്‍ ഇവിടെ പറയുന്നത് സ്ത്രീയുടെ സന്തതി എന്നാണല്ലോ. യേശു കന്യകയില്‍ നിന്ന് ജനിച്ചതാണ്. യേശുവിന്റെ പിതാവ് ദൈവം തന്നെയാണ്. മനുഷ്യനായ ഒരു  പിതാവിലേക്ക് ചേര്‍ത്ത് പറയാന്‍ പറ്റാത്തതിനാലാണ് സ്ത്രീയുടെ സന്തതി എന്ന് പറഞ്ഞിരിക്കുന്നത്. അങ്ങനെ ജനിച്ചവര്‍ യേശുവല്ലാതെ വേറെ ആരുമില്ലല്ലോ. അതിനാല്‍ അത് യേശു തന്നെ എന്നാണവരുടെ വാദം.  യേശുവിന്റെ മാതാവ് മനുഷ്യ സ്ത്രീയായ മേരിയും പിതാവ് ദൈവവും എന്ന് പറയുന്ന അതേ നാവു കൊണ്ട് തന്നെ അവര്‍ യേശു ദാവീദിന്റെ പുത്രന്‍ എന്നും പറയുന്നു. ബൈബിളില്‍ കൊടുത്തിരിക്കുന്ന യേശുവിന്റെ വംശാവലിയില്‍ ദൈവത്തെ ഒന്ന് സൂചിപ്പിക്കുന്നുപോലുമില്ല. മനുഷ്യസന്തതി മാത്രമായിട്ടാണ് അതില്‍ യേശുവിനെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ബൈബിളില്‍ യേശുവിനെ മനുഷ്യപുത്രന്‍ എന്നാണു പറയുന്നത്. സ്ത്രീയുടെ പുത്രന്‍ എന്നല്ല. അപ്പോള്‍ ബൈബിളില്‍, യേശു ‘സ്ത്രീയുടെ പുത്രന്‍’ ആണ് എന്ന ആശയത്തിന് സ്ഥാനമില്ല എന്നല്ലേ ഇതൊക്കെ കാണിക്കുന്നത്?

സര്‍പ്പം അഥവാ പിശാചിനോട് ദൈവം, ‘ഞാന്‍ നിനക്കും സ്ത്രീക്കും ശത്രുത്വം ഉണ്ടാക്കും’ എന്ന് പറയുമ്പോള്‍ അവിടെ ഉണ്ടായിരുന്ന സ്ത്രീ ഹവ്വയാണ്. എന്നാല്‍  ഹവ്വയും പിശാചും തമ്മില്‍ പ്രത്യേകമായ ഒരു ശത്രുതയില്ല. അപ്പോള്‍ അത് മേരിയെക്കുറിച്ചുള്ള പ്രവചനമാവാ നാണ് സാധ്യത.  ‘സ്ത്രീയുടെ സന്തതി’ യേശുവാണെങ്കില്‍ ‘സ്ത്രീ’ മേരി ആവുമല്ലോ എന്ന ഒരു വാദം ഉണ്ടാവുന്നു. എന്നാല്‍  മേരിയും പിശാചും ബദ്ധശത്രുക്കളായിരുന്നോ? അങ്ങനെ ഒരു കാര്യവും ബൈബിളിലോ ഖുര്‍ആനിലോ ഉള്ളതായി കേട്ടിട്ടില്ല.  പിന്നെ എങ്ങനെ ‘സ്ത്രീയുടെ സന്തതി’യായ യേശുവും പിശാചും ശത്രുക്കളായി?

 

print

2 Comments

  • Its such as you learn my mind! You seem to know so much about this,
    like you wrote the book in it or something. I feel that you just could do with a few percent to force the message home a little bit, but other
    than that, that is great blog. A fantastic read.
    I’ll certainly be back. https://gamecemeqq-thanks.kickoffpages.com

    daftar bandar ceme 05.04.2019
  • Hi, just wanted to say, I liked this article.
    It was funny. Keep on posting!

    daftar poker online terbaru 06.04.2019

Leave a comment

Your email address will not be published.