‘ഉര്‍ദുവിമുക്ത’ ഇന്‍ഡ്യക്കുവേണ്ടി പണിയെടുക്കുന്നവരോട്

//‘ഉര്‍ദുവിമുക്ത’ ഇന്‍ഡ്യക്കുവേണ്ടി പണിയെടുക്കുന്നവരോട്
//‘ഉര്‍ദുവിമുക്ത’ ഇന്‍ഡ്യക്കുവേണ്ടി പണിയെടുക്കുന്നവരോട്
ആനുകാലികം

‘ഉര്‍ദുവിമുക്ത’ ഇന്‍ഡ്യക്കുവേണ്ടി പണിയെടുക്കുന്നവരോട്

ന്‍ഡ്യ എന്ന രാജ്യം ഇന്ന് ധാരാളം മാറ്റങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുകയാണ്. മാറ്റങ്ങള്‍ തങ്ങള്‍ക്ക് മാത്രം അനുകൂലമായിരിക്കണമെന്നു നിര്‍ബന്ധബുദ്ധിയുള്ള ഭരണനേതൃത്വവും അവരുടെ ആജ്ഞകള്‍ ശിരസ്സാവഹിക്കുന്ന മാധ്യമശിങ്കിടികളും ധനാഢ്യരും നമ്മുടെ രാജ്യത്തിന്റെ ഭാവിതന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

ആര്‍ഷഭാരതസംസ്‌കാരത്തെ ഹിന്ദുമതരാഷ്ട്ര സംസ്ഥാപനത്തിനുള്ള മുദ്രാവാക്യമായി സ്വീകരിച്ച് സാംസ്‌കാരിക അധിനിവേശം നടത്തുകയാണ് ഇവര്‍. വൈദേശികാധിപത്യം ഭാരതാംബയുടെ പവിത്രതയ്ക്ക് ഏറ്റ കളങ്കമായിരുന്നെന്നും ഭാരതത്തില്‍ നിലകൊള്ളുന്നതും എന്നാല്‍ വൈദേശികരുടെ സംസ്‌കാരത്തിന്റെ ഭാഗമായതുമായ ചരിത്രവും സംസ്‌കാരവും നിര്‍മിതികളും ശേഷിപ്പുകളും ഭാരതാംബയുടെ ഹൃദയഭിത്തികളിലാഴ്ന്നിറങ്ങിയ വിഷമുള്ളുകളാണെന്നും അവര്‍ പ്രചരിപ്പിക്കുന്നു. കേവലം ഓര്‍മകളായിട്ടുപോലും ഒന്നും അവശേഷിപ്പിക്കാത്ത രീതിയില്‍ എല്ലാം നശിപ്പിച്ച് ശുദ്ധികലശം നടത്തുമ്പോഴാണ് യഥാര്‍ത്ഥ ഭാരതസംസ്‌കാരവും പൈതൃകവും സംരക്ഷിക്കപ്പെടുക എന്ന് ഉറച്ചുവിശ്വസിക്കുന്നവരുമാണവര്‍.

ഇന്‍ഡ്യയുടെ അറബ് ബന്ധവും മുസ്‌ലിം ഭരണം സമ്മാനിച്ച ഉജ്ജ്വലമായ ചരിത്രവും ശേഷിപ്പുകളും ഈ പ്രചാരകരെ ഉറക്കം കെടുത്തുന്ന കാര്യങ്ങളാണ്. ഇന്‍ഡ്യയും അറേബ്യന്‍ ഉപഭൂഖണ്ഡവുമായി സിന്ധൂനദീതട സംസ്‌കാരത്തോളം പഴക്കമുള്ള ബന്ധമാണുള്ളത്. മുസ്‌ലിംകളുടെ കീഴിലെ ഇന്‍ഡ്യ നൂറ്റാണ്ടുകളുടെ ചരിത്രം വഹിക്കുന്നുണ്ട്. ഇന്‍ഡ്യയുടേതല്ല പാക്കിസ്ഥാന്റെ ഭാഗമാണ് മുസ്‌ലിംകള്‍ കൂടുതല്‍ ഭരിച്ചത് എന്നും അതിനാല്‍ സഹസ്രാബ്ദത്തിന്റെ കണക്കുകളില്‍ അര്‍ത്ഥമില്ല എന്നും വാദിക്കുന്ന പുതുതലമുറയിലെ ചരിത്രകാരന്‍മാര്‍ മുസ്‌ലിം വിരോധത്തിന്റെ അച്ചില്‍ വാര്‍ത്തെടുത്ത കേവല ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ് എന്നതില്‍ സംശയമില്ല.

മുസ്‌ലിം ഭരണകാലത്തിന്റെ മഹത്തായ അടയാളങ്ങള്‍ ഇന്നും നിലനില്‍ക്കുന്ന ചരിത്രസ്മാരകങ്ങളാണ്. അവ ഒരുപാട് കാലങ്ങളുടെ അതുല്യമായ ചരിത്രം പഠിപ്പിക്കുന്ന വിജ്ഞാനസ്രോതസ്സുകളാണ്. എന്നാല്‍ ഇന്‍ഡ്യയിലെ മുസ്‌ലിം അവശേഷിപ്പുകള്‍, അത് നിര്‍മിതികളാണെങ്കിലും സംസ്‌കാരമാണെങ്കിലും ഭാഷയാണെങ്കിലും ഉന്മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നു എന്നതാണ് ഇന്‍ഡ്യയുടെ സമീപകാലചിരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്.
ബാബരി മസ്ജിദ് രാമക്ഷേത്രമായിരുന്നുവെന്ന വാദമുന്നയിച്ച് പൊളിച്ചടുക്കിയതും ലോകഭൂപടത്തില്‍ ഇന്‍ഡ്യയുടെ അഭിമാനമായ താജ്മഹല്‍ തേജോ മഹാലയ എന്ന ഹൈന്ദവക്ഷേത്രമായിരുന്നെന്നും, അത് തിരികെ പിടിക്കണമെന്നും നേതാക്കള്‍ അടക്കം സന്ദേശം കൈമാറുന്നതും നാം കാണുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിന് മുന്നില്‍ 1960ല്‍ ദേവീവിഗ്രഹം പ്രതിഷ്ഠിക്കുകയും പതിയെ പതിയെ നിത്യപൂജ നടക്കുന്ന വലിയ ക്ഷേത്രമാക്കി മാറ്റുന്നതും നാം നേരില്‍ കണ്ട മാറ്റങ്ങളാണ്.

മുസ്‌ലിമെന്ന് കേള്‍ക്കുമ്പോള്‍, അവന്റെ സംസ്‌കാരവും പാരമ്പര്യവുമായി ബന്ധമുള്ള വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍, സാധാരണ ഹിന്ദുവിന്റെ മുഖം ചുളിയുകയും സന്തോഷം മരവിച്ചുപോവുകയും ചെയ്യുന്നു. ദുഷ്പ്രചരണങ്ങളുടെ അനന്തരഫലങ്ങള്‍ ഒരു ജനതയെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാവുന്നതിലും അപ്പുറമായി പരിണമിച്ചിരിക്കുകയാണ്.

ഇന്‍ഡ്യയുടെ സ്വാതന്ത്ര്യപോരാട്ടത്തോളം പഴക്കമുള്ള ഒരു ചര്‍ച്ചാവിഷയമാണ് ഇന്‍ഡ്യന്‍ യൂണിയന്റെ ഔദ്യോഗികഭാഷ ഏതാണ് എന്നത്. ഭൂരിപക്ഷം ആളുകളും ഹിന്ദി സംസാരിക്കുന്നവരോ അറിയുന്നവരോ ആണ് എന്നതിനാല്‍ ഹിന്ദി രാഷ്ട്രഭാഷയാകണം എന്നു വാദിക്കുന്നവര്‍ ഉണ്ടായിരുന്നു. ആര്‍ഷഭാരത പാരമ്പര്യത്തിന്റെ ഉല്‍കൃഷ്ട സംസ്‌കാരം പേറുന്ന ഭാഷയാണ് ഹിന്ദിയെന്നും വൈദേശിക ഭാഷകള്‍ ഒഴിവാക്കി അഖില ഭാരതം മുഴുവന്‍ വ്യാപിക്കുന്ന അഖണ്ഡതയുടെ ഘടകമായി ഹിന്ദി മാറണമെന്നും അവര്‍ ആഗ്രഹിക്കുന്നു. പൊതുചര്‍ച്ചകളിലും സെമിനാറുകളിലും സഭകളിലുമടക്കം ശുദ്ധമായ ഹിന്ദിഭാഷ മാത്രം സംസാരിക്കുക എന്നത് ഇതിനാല്‍ അവര്‍ ഉള്‍കൊണ്ട പ്രത്യേകതയായിരുന്നു. തദ്‌വിഷയത്തില്‍ ധാരാളം ചര്‍ച്ചകളും അഭിപ്രായഭിന്നതകളും പ്രക്ഷോഭങ്ങളും രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നടക്കുകയാണ്. അടുത്ത കുറച്ചു വര്‍ഷങ്ങളായി ഹിന്ദിയേതര ഭാഷകളോടുള്ള അസഹിഷ്ണുത ക്രമാതീതമായി വര്‍ധിക്കുകയുണ്ടായി. പ്രത്യേകിച്ചും ഫാഷിസ്റ്റ് ശക്തികള്‍ അധികാരത്തിലെത്തിയതുമുതല്‍. ഏറ്റവും കൂടുതല്‍ വെറുപ്പോടെ ഫാഷിസ്റ്റുകള്‍ കാണുന്ന ഭാഷ ഉര്‍ദു തന്നെയാണ്. ഹിന്ദി എന്ന ഭാഷയുമായി വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും മുസല്‍മാനുമായി ബന്ധമുള്ളതാണ് ഉര്‍ദുവിനെ ഇത്ര അവജ്ഞയോടെ കാണാന്‍ കാരണം. 2017 ഡിസംബര്‍ മാസം ഉര്‍ദു ഭാഷയില്‍ സത്യപ്രതിജ്ഞ ചൊല്ലിയതിന് ഉത്തര്‍പ്രദേശില്‍ ഒരു മുനിസിപ്പല്‍ കൗണ്‍സിലര്‍ക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുകയുണ്ടായി. മായാവതിയുടെ ബഹുജന്‍ സമാജ്പാര്‍ട്ടിയുടെ കൗണ്‍സിലറായ മുശറഫ് ഹുസൈനാണ് ഐ.പി.സി സെക്ഷന്‍ 295എ പ്രകാരം, മതവികാരം വ്രണപ്പെടുത്തുക, വിശ്വാസത്തെ അപമാനിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയ ആളായി ചിത്രീകരിക്കപ്പെട്ടത്. ഇന്‍ഡ്യന്‍ ഭരണഘടനയുടെ 22 ഔദ്യോഗിക ഭാഷകളില്‍ ഒന്നായ ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചൊല്ലല്‍ മതവികാരം വ്രണപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനമാവുകയും പോലീസ് യാതൊരു നിസംഗതയുമില്ലാതെ കേസ് റജിസ്റ്റര്‍ ചെയ്യുകയും ഉണ്ടായി എന്നത് അപലപനീയമാണ്. ഒരു ജനാധിപത്യരാജ്യത്ത് ജീവിക്കുന്ന സാധാരണ പൗരന്റെ മേലുള്ള ഭരണകൂട ഭീകരതയുടെ ഉത്തമ ഉദാഹരണമാണിത്.

ആര്‍.എസ്.എസ് നേതാവ് ദിനാനാഥ് ബത്ര എന്‍.സി.ഇ.ആര്‍.ടിക്ക് അയച്ച കത്തില്‍ പാഠപുസ്തകത്തില്‍ നിന്ന് എം.എഫ് ഹുസൈന്റെ ജീവചരിത്രവും രബീന്ദ്രനാഥടാഗോറിന്റെ രചനകളും ഒഴിവാക്കണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കുകയുണ്ടായി. പാഠപുസ്തകങ്ങളില്‍ നിന്ന് ഇംഗ്ലീഷ്, അറബിക്, ഉര്‍ദു ഭാഷയിലെ മുഴുവന്‍ പദങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുമതത്തെയും ഹിന്ദി ഭാഷയെയും മാത്രം പരിപോഷിപ്പിക്കുകയും ബാക്കിയെല്ലാം നശിപ്പിക്കുകയും ചെയ്യുക എന്ന തരത്തിലാണ് കത്തിന്റെ ഘടന.

മുസ്‌ലിം സ്മരണകള്‍ ഉണര്‍ത്തുന്നതോ ഉര്‍ദു ഭാഷയിലുള്ളതോ ആയ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി ഹിന്ദുത്വനാമങ്ങളാക്കാനുള്ള ശ്രമം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഫാഷിസ്റ്റ് ശക്തികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. യു.പിയില്‍ 1998 മുതല്‍ തന്നെ യോഗി ആദിത്യനാഥ് അതിനുള്ള ശ്രമം തുടങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉര്‍ദു ബാസാര്‍ ഹിന്ദി ബാസാറായി, അലി നഗര്‍ ആര്യ നഗറും, മിയ ബാസാര്‍ മായാ ബാസാറും ഇസ്‌ലാംപൂര്‍ ഈശ്വര്‍പൂറും, ഹൂമയൂണ്‍നഗര്‍ ഹനുമാന്‍ നഗറുമായി. മുഗള്‍ സാരയ് റെയില്‍വേ സ്റ്റേഷന്‍ ദീന്‍ദയാല്‍ ഉപാധ്യായ സ്റ്റേഷനായി. കാണ്‍പൂര്‍ എയര്‍പോര്‍ട്ട് ഗണേശ് ശങ്കര്‍ വിദ്യാര്‍ത്ഥി എയര്‍പോര്‍ട്ടായി. ആഗ്ര എയര്‍പോര്‍ട്ട് ഉപാധ്യായ എയര്‍പോര്‍ട്ട് ആക്കാനുള്ള ശ്രമം നടക്കുന്നു. ഹരിഭക്ത് എന്ന ഒരു ഓൺലൈൻ മാധ്യമം മാറ്റം വരുത്താനുള്ള സ്ഥലനാമങ്ങളും അതിനുള്ള കാരണങ്ങളും ഉൾകൊള്ളിച്ചുള്ള ഒരു വലിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഹമ്മദാബാദ് (കർണാവതി), ഔറംഗാബാദ്(സാംഭാജി നഗർ), ഭോപാൽ(ഭോജ്പാൽ), ഹൈദരാബാദ്(ഭാഗ്യനഗരം), ഒസ്മാനാബാദ്(ധാരാശിവ്), നിസമാബാദ്(ഇന്ദ്രപുരി) എന്നിങ്ങനെയാണ് ചില മാറ്റങ്ങൾ നിർദ്ദേശിക്കുന്നത്.

താജ്മഹല്‍പോലും ഇന്ന് പേര് മാറ്റലിന്റെ ഭീഷണി നേരിടുകയാണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരസ്യമായി ഇക്കാര്യം വെളിപ്പെടുത്തിയതുമാണ്. പല ഭരണാധികാരികളും സ്ഥലനാമങ്ങളും പദ്ധതി നാമങ്ങളും മാറ്റാറുണ്ടെങ്കിലും ഇത്ര തീവ്രമായ വര്‍ഗീയ ഹിന്ദുത്വപ്രവണത അതിലുണ്ടായിരുന്നില്ല. ഹജ്ജ് ഹൗസിനുപോലും കാവിനിറം പൂശുന്ന ഈ കാലത്ത് മുസ്‌ലിംകള്‍ക്ക് റഷ്യയിലും ചൈനയിലും സംഭവിച്ചതുപോലെ പേരിന്റെ ആദ്യമോ അവസാനമോ അമുസ്‌ലിം നാമങ്ങള്‍കൂടി ചേര്‍ക്കേണ്ടി വരുമോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. റഷ്യയില്‍ ഇബ്രാഹീം ഇബ്രാഹിമോവിച്ച് ആയതുപോലെ ഇന്‍ഡ്യയില്‍ ഇബ്രാഹീം ഇബ്രാഹീംനാഥ് എന്നറിയപ്പെടാനും സാധ്യതയുണ്ട്. ഈയൊരു അവസ്ഥയിലേക്കാണ് ഫാഷിസം വളരുന്നത്.

ഡല്‍ഹിയില്‍ ഉര്‍ദു നാമമുള്ള മുസ്‌ലിം ചുവയുള്ള റോഡുകളുടെ പേര് മാറ്റാന്‍ ധാരാളം കത്തുകളാണ് ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ മുമ്പാകെ എത്തിയിട്ടുള്ളത്. പാര്‍ലമെന്റിലെ പ്രശസ്തമായ മുഗള്‍ ഗാഡന്‍ ഡോ.രാജേന്ദ്രപ്രസാദ് ഉദ്യാന്‍ എന്നുമാറ്റാനും റേസ് കോഴ്‌സ് റോഡ് ലോക് കല്യാണ്‍ റോഡ് ആക്കുവാനും ഉത്തരവായിട്ടുണ്ട്. പ്രധാനമന്ത്രി അടക്കം പല നേതാക്കളും നിരന്തരം സഞ്ചരിക്കുന്ന റോഡുകള്‍ക്ക് അഖണ്ഡഭാരതത്തിന്റെ ‘ശത്രുക്കളുടെ’ നാമമാണ് എന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നതാണ് സത്യം. അക്ബര്‍ റോഡ്, തുഗ്ലക്ക് റോഡ്, ഔറംഗസീബ് റോഡ് ഒക്കെ വരുംകാലങ്ങളില്‍ സെക്യുലര്‍ നാമങ്ങളുള്ളതോ ഹിന്ദുത്വനാമങ്ങളുള്ളതോ ആയി വഴിമാറാനും സാധ്യതയുണ്ട്.

‘Delhi I love you” കേമ്പയിനുമായി ബന്ധപ്പെട്ട് തെരുവുകളില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു ചിത്രകാരന്‍മാരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡല്‍ഹി ജല്‍ ബോര്‍ഡ് പമ്പിംഗ് സ്റ്റേഷനുസമീപം ജി.ടി റോഡില്‍ കേമ്പയിനുമായി ബന്ധപ്പെട്ട് തെരഞ്ഞെടുത്ത 40 രചനകളില്‍ ഉര്‍ദു ഈരടികള്‍ രേഖപ്പെടുത്തിയതാണ് അവര്‍ ചെയ്ത അപരാധം. ഉര്‍ദു എഴുതാന്‍ പാക്കിസ്ഥാനില്‍ പോകണമെന്ന് പറഞ്ഞുവെന്നും ഫ്രഞ്ചുകാരനായ കലാകാരനെ അടക്കം ലാഹോറികള്‍ എന്നുവിളിച്ച് അധിക്ഷേപിച്ചുവെന്നും ഉര്‍ദു വരികള്‍ക്ക് പകരം ‘സ്വച്ഛ് ഭാരത്’ എന്നും ‘നരേന്ദ്ര മോദി’ എന്നും ഹിന്ദിയില്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു എന്നും പരാതിയില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ ഉത്തരേന്ത്യ ഒട്ടാകെ ഉര്‍ദു ഭാഷയെയും ആ ഭാഷയുടെ പൈതൃകത്തെയും നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുകയാണ്.

എ.ഡി ആറാം നൂറ്റാണ്ടുമുതല്‍ 12-ാം നൂറ്റാണ്ടുവരെയുള്ള കാലയളവില്‍ ഇന്‍ഡ്യയില്‍ പിറന്ന ഭാഷയാണ് ഉര്‍ദു. ഹിന്ദിയുടെ മാതൃഭാഷയായ ഹിന്ദുസ്ഥാനി തന്നെയാണ് ഉര്‍ദുവിന്റെയും മാതൃഭാഷ. ഹിന്ദുസ്ഥാനി ഭാഷ ദേവനാഗിരി ലിപിയില്‍ സംസ്‌കൃതവചനങ്ങള്‍ കലര്‍ത്തി എഴുതുമ്പോള്‍ ഹിന്ദിയും, ഹിന്ദുസ്ഥാനി ഭാഷ പേര്‍ഷ്യന്‍ നസ്തലിഖ് ലിപിയില്‍ അറബ്-പേര്‍ഷ്യന്‍ വചനങ്ങള്‍ കലര്‍ത്തി എഴുതുമ്പോള്‍ ഉര്‍ദുവും ഉണ്ടാകുന്നു. എ.ഡി 13-ാം നൂറ്റാണ്ടുമുതല്‍ 16-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടങ്ങളില്‍ ഹിന്ദുക്കളും മുസ്‌ലിംകളും പഠിച്ചിരുന്നതും എഴുതിയിരുന്നതും ഹിന്ദി എന്നറിയപ്പെട്ടിരുന്നതും പേര്‍ഷ്യന്‍ ലിപിയില്‍ എഴുതിയിരുന്ന ഈ വകഭേദമായിരുന്നു. ഇതേരീതിക്ക് 1780ല്‍ ഗുലാം ഹുദവി മുഷാഫി എന്ന കവിയാണ് ആദ്യമായി ഉര്‍ദു എന്ന് പേര്‍ വിളിക്കുന്നത്. ഹിന്ദവി, ദഹ്‌ലവി എന്നിങ്ങനെ പലപേരുകളിലും അന്ന് ഈ ഭാഷ അറിയപ്പെട്ടിരുന്നു. അബ്രാഹ്മണരും ഇതരമതസ്ഥരും വേദഭാഷയായ സംസ്‌കൃതം പഠിച്ചിരുന്നില്ല. അതിനുശ്രമിച്ചാല്‍ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കുക തുടങ്ങിയ കൊടിയ ശിക്ഷകള്‍ അവര്‍ അനുഭവിക്കേണ്ടിവന്നിരുന്നു. അതിനാല്‍ സംസ്‌കൃതഭാഷയുടെ ലിപിയായ ദേവനാഗിരി ലിപി സര്‍വ്വര്‍ക്കും അജ്ഞമായിരുന്നു. തദവസരത്തില്‍ മുസ്‌ലിം ഭരണാധികാരികള്‍ പ്രജകളെ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അറിയിക്കാനും മറ്റുമായി അവര്‍ സംസാരിച്ചിരുന്ന ഭാഷയ്ക്ക് പേര്‍ഷ്യന്‍ ലിപി നല്‍കുകയും രാജ്യത്തെ പൗരന്‍മാര്‍ അത് പഠിക്കുകയും ചെയ്തു. ഉര്‍ദു ഭാഷയുടെ ഉല്‍പത്തിയെപ്പറ്റിയുള്ള പ്രബലമായ അഭിപ്രായം ഇതുതന്നെയാണ്.

ബ്രിട്ടീഷ് ഭരണകാലത്ത് ഈ ഭാഷാരീതി തുടരുകയും 1837ല്‍ പേര്‍ഷ്യന്‍ ഭാഷയെ സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷയായി തെരഞ്ഞെടുക്കുകയും ചെയ്തു. ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്ന പല സ്ഥലങ്ങളിലും ഉര്‍ദു ഔദ്യോഗിക ഭാഷയായിതന്നെ തുടര്‍ന്നു. 1867ല്‍ ആഗ്ര, ഔദ് പ്രവിശ്യകളിലെ ചില ബ്രാഹ്മണന്‍മാരാണ് പേര്‍ഷ്യന്‍ ലിപി അംഗീകരിക്കാന്‍ കഴിയില്ലെന്നും ദേവനാഗിരി ലിപിയിലുള്ള ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്നും ആവശ്യപ്പെട്ട് ആദ്യമായി രംഗത്തുവരുന്നത്. 1868ല്‍ ബനാറസ് സ്വദേശി ശിവപ്രസാദ് തദ്‌വിഷയത്തില്‍ ഒരു മെമ്മോറാണ്ടം ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. 1897ല്‍ മദന്‍ മോഹന്‍ മാളവ്യ ഈ വിഷയത്തില്‍ മുന്നിട്ടിറങ്ങുകയും ഇതുമായി ബന്ധപ്പെട്ട് ധാരാളം രേഖകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരു ഡസനോളം ഹിന്ദി ഭാഷാവാദ സംഘടനകള്‍ പ്രത്യക്ഷപ്പെടുകയും അവരുടെ സമ്മര്‍ദ്ദത്തില്‍ 1881ല്‍ ബിഹാര്‍ പ്രവിശ്യ അതിന്റെ ഔദ്യോഗിക ഭാഷ ഹിന്ദിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

വര്‍ഗീയ ആക്രമണം നടക്കുമെന്ന ഘട്ടത്തിലാണ് സര്‍ സയ്യിദ് അഹ്മദ് ഖാന്‍ ഈ വിഷയത്തില്‍ ഇടപെടുന്നത്. ഉര്‍ദു ഭാഷയെ അനുകൂലിച്ചുകൊണ്ടും വര്‍ഗീയതയെ വിമര്‍ശിച്ചും അദ്ദേഹം വ്യത്യസ്ത യോഗങ്ങളില്‍ സംസാരിച്ചു. മാത്രമല്ല ഉര്‍ദു ഭാഷയുടെ സംരക്ഷണത്തിനായി സ്ഥാപനങ്ങള്‍ നിര്‍മിക്കാനും അദ്ദേഹം പദ്ധതിയിട്ടു. തദ്ഫലമായാണ് പിന്നീട് അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി സ്ഥാപിക്കപ്പെടുന്നത്. തുടര്‍ന്ന് മഹാത്മാഗാന്ധി ഈ വിഷയത്തില്‍ ഇടപെടുകയും ഹിന്ദിയും ഉര്‍ദുവും ഒഴിവാക്കി രണ്ട് ലിപികളിലെഴുതുന്ന ഹിന്ദുസ്ഥാനി ഭാഷ എന്ന ആശയം മുന്നോട്ടുവെക്കുകയും ചെയ്തു. കഠിനമായ പരിശ്രമം നടത്തിയെങ്കിലും ഗാന്ധിജിക്ക് തികഞ്ഞ പരാജയമാണ് ഈ വിഷയത്തില്‍ സംഭവിച്ചത്. അല്‍പമെങ്കിലും ആശ്വാസം 1916 മുതല്‍ 1920 വരെ കോണ്‍ഗ്രസ് ഔദ്യോഗിക ഭാഷയായി ഹിന്ദുസ്ഥാനി ഭാഷയെ സ്വീകരിക്കുകയും 1934ല്‍ ഇന്‍ഡ്യന്‍ ഭരണഘടനയില്‍ ഔദ്യോഗിക ഭാഷയായി ഹിന്ദുസ്ഥാനി ഭാഷയെ പ്രഖ്യാപിക്കുകയും ചെയ്തു എന്നതാണ്.

1950ല്‍ ഇന്‍ഡ്യ സ്വതന്ത്രയാകുമ്പോള്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 15 വര്‍ഷത്തേക്ക് രാഷ്ട്രത്തിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇംഗ്ലീഷും ദേവനാഗിരി ലിപിയുള്ള ഹിന്ദിയും നിശ്ചയിച്ചു. 1963ല്‍ ഔദ്യോഗിക ഭാഷ അമന്‍ഡ്‌മെന്റ് ആക്റ്റ് പ്രകാരം പ്രഥമസ്ഥാനത്തേക്ക് ഹിന്ദിയും പിന്നീട് ഇംഗ്ലീഷും എത്തി. 1967ല്‍ വീണ്ടും ഭേദഗതി വരികയും ത്രിഭാഷാ ഫോര്‍മുല രൂപീകരിക്കുകയും ചെയ്തു. ഈ ബില്ലിന്റെ അടിസ്ഥാനത്തില്‍ 1) പ്രാദേശികഭാഷ അല്ലെങ്കില്‍ മാതൃഭാഷ, 2) ഹിന്ദി അല്ലെങ്കില്‍ മറ്റൊരു ഇന്‍ഡ്യന്‍ ഭാഷ, 3) ഇംഗ്ലീഷ് അല്ലെങ്കില്‍ മറ്റൊരു ആധുനിക യൂറോപ്യന്‍ ഭാഷ എന്നിങ്ങനെ മൂന്നു ഭാഷകള്‍ ഒരു സംസ്ഥാനം സ്വീകരിക്കണം എന്ന് ഭരണഘടനാ ഭേദഗതിയുണ്ടായി.

ഇന്‍ഡ്യാ-പാക് വിഭജനത്തിനുശേഷം വര്‍ഗീയത ശക്തിപ്രാപിക്കുകയും പല സ്ഥലങ്ങളിലും ഉര്‍ദു വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു. ആയിരത്തോളം ഉര്‍ദു വിദ്യാലയങ്ങളുണ്ടായിരുന്ന യു.പിയില്‍ അലിഗര്‍ മുസ്‌ലിം സര്‍വകലാശാലയുടെ കീഴിലെ രണ്ട് ഉര്‍ദു മീഡിയം സ്‌കൂളുകള്‍ മാത്രമായി എണ്ണം ചുരുക്കി. 1967ലെ നിയമം യു.പി.യില്‍ തികഞ്ഞ പരാജയവും ഭരണഘടനയോടുള്ള വെല്ലുവിളിയുമായി പരിണമിച്ചു. അന്നത്തെ പ്രസിഡന്റ് ഡോ.സാക്കിര്‍ ഹുസൈന്‍ യു.പി വിദ്യാഭ്യാസമന്ത്രിയോട് വിശദീകരണം തേടി ഏഴംഗ സമിതിയെ അയച്ചു. എന്നാല്‍ ഇന്‍ഡ്യയില്‍ ഉര്‍ദു അടക്കം മറ്റ് ഭാഷകള്‍ക്ക് അംഗീകാരം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 347 പോലും അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഉര്‍ദു മാതൃഭാഷയായുള്ള ലക്ഷക്കണക്കിന് ആളുകളെ അവഗണിക്കുകയും നിയമസഭയില്‍ ഉര്‍ദു ഭാഷയെ പ്രാദേശിക ഭാഷയായി പോലും അംഗീകരിക്കാന്‍ തയ്യാറാവാതിരിക്കുകയും ചെയ്തത് രാജ്യത്തിന്റെ സമാധാനപരമായ വികസനത്തിന് പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു.

ഇന്‍ഡ്യാ-പാക് വിഭജനത്തിനുശേഷം ഹിന്ദു-ഹിന്ദി-ഹിന്ദുസ്ഥാന്‍ എന്നും മുസ്‌ലിം-ഉര്‍ദു-പാക്കിസ്ഥാന്‍ എന്നും രണ്ടു മുദ്രാവാക്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പിന്നീട് ഇന്‍ഡ്യന്‍ മുസ്‌ലിംകളെയും അവരുടെ ഭാഷ മാത്രമാക്കി മാറ്റിയ ഉര്‍ദുവിനെയും കൂടി പാക്കിസ്ഥാനിലെത്തിച്ച് ഭാരതമണ്ണിനെ ‘ശുചിയാക്കുക’ എന്നതായിരുന്നു വര്‍ഗീയശക്തികളുടെ സ്വപ്‌നം. ഏറെ താമസിയാതെ പാര്‍ശ്വവല്‍കരിക്കപ്പെട്ട വിഭാഗമായി മുസ്‌ലിംകളും അവരുടെ ഭാഷയായി ഉര്‍ദുവും കൊടിയ വിവേചനങ്ങള്‍ക്കിരയായി.

പ്രശസ്ത ഇന്‍ഡ്യന്‍ നോവലിസ്റ്റായ അനിതാ ദേശായിയുടെ 1984ലെ ബുക്കര്‍ പ്രൈസ് ചുരുക്കപട്ടികയില്‍ ഇടംനേടിയ കൃതിയാണ് ‘In Custody’. ഉര്‍ദു ഭാഷയെയും സാഹിത്യത്തെയും അങ്ങേയറ്റം സ്‌നേഹിക്കുന്ന ദേവന്‍ എന്ന ഹിന്ദി കോളേജ് അധ്യാപകന്റെ ജീവിതമാണ് പ്രസ്തുത നോവലിന്റെ ഇതിവൃത്തം. പ്രശസ്ത ഉര്‍ദു കവിയായ നൂര്‍ജഹാനാബാദിയെ അഭിമുഖം നടത്താനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കുന്നു. വിശ്വവിഖ്യാതമായ ധാരാളം ഉര്‍ദു കവിതകള്‍ പിറവികൊണ്ട പഴയ ഡല്‍ഹിയെ ഇഷ്ടപ്പെടുന്ന ദേവന്‍ അവിടെ താമസിക്കുന്ന ഉര്‍ദു കവിയെ പരിചയപ്പെടാന്‍ ലഭിച്ച ഈ അവസരം തന്റെ ജീവിതത്തിലെ അതുല്യനിമിഷങ്ങളാകുമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും എല്ലാ സ്വപ്‌നങ്ങളും നശിച്ച് അന്ത്യശ്വാസം വലിക്കുന്ന ഭാഷയാണ് ഉര്‍ദു എന്ന തലത്തില്‍ അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ അവിടെ അസ്തമിക്കുകയായിരുന്നു. കവി നൂറിനെ അഭിമുഖം നടത്താന്‍ ലീവ് ആവശ്യപ്പെട്ടുകൊണ്ട് ദേവന്‍ ഹിന്ദി വിഭാഗം മേധാവിയെ സമീപിക്കുമ്പോള്‍ അദ്ദേഹം പറയുന്ന വാക്കുകള്‍ ഏറെ ചിന്തനീയമാണ്. “ഞാന്‍ നിന്നെ നിന്റെ പ്രിയപ്പെട്ട ഉര്‍ദു ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. മുസ്‌ലിം മാക്രികളെയൊന്നും എന്റെ ഡിപ്പാര്‍ട്ടമെന്റില്‍ ആവശ്യമില്ല. നിന്റെ മുസ്‌ലിം ചിന്തകളും ഉര്‍ദു പ്രേമവും എന്റെ കുട്ടികളുടെ ഭാവി തന്നെ നശിപ്പിക്കും. ഞാൻ പ്രിന്‍സിപ്പളിനും ആര്‍.എസ്.എസിനും നീയൊരു മുസ്‌ലിം ചാരനാണെന്ന സന്ദേശം നല്‍കാന്‍ പോവുകയാണ്.” ഇദ്ദേഹത്തിന്റെ വചനങ്ങള്‍ ആര്‍.എസ്.എസിന്റെ അജണ്ടകള്‍ വ്യക്തമാക്കുകയും ഹിന്ദി ഭാഷയുടെ ശത്രു തന്നെയാണ് ഉര്‍ദു എന്നും ഒരു ഹിന്ദു ഒരിക്കലും ഉര്‍ദു ഭാഷയെ ഇഷ്ടപ്പെടാനോ പഠിക്കാനോ മുതിരരുത് എന്നും വ്യക്തമാക്കുന്നു.

ലോകം അറിയുന്ന മഹത്തുക്കളായ കവികളെ സമ്മാനിച്ച ഭാഷയാണ് ഉര്‍ദു. മുസ്‌ലിംകളായിരുന്ന അമീര്‍ കുസറുവിന്റെയും അല്ലാമാ ഇക്ബാലിന്റെയും കാവ്യഭാവനയെ താലോലിച്ച ഭാഷ മാത്രമായിരുന്നില്ല, അമുസ്‌ലിംകളായിരുന്ന മീരാ ഭായിയുടെയും ദയാ ശങ്കറിന്റെയും ഭാഷയും ഉര്‍ദു തന്നെയായിരുന്നു. ബ്രാഹ്മണനായ ഉപേന്ദ്രനാഥ് അഷ്‌കിന്റെ നൂറുകണക്കിന് രചനകളുടെ, രാജീന്ദര്‍ സിംഗ് ബേദിയുടെ, മുന്‍ഷി പ്രേംചന്ദിന്റെ, പ്രേംനാഥിന്റെ, കിഷോര്‍ ചന്ദറുടെ, ഗോപീചന്ദ് നാരംഗിന്റെ, ഗുല്‍സാറിന്റെ, ആനന്ദ് നാരായണന്‍ മുല്ലയുടെ അങ്ങനെ എണ്ണിയാല്‍ തീരാത്ത അനേകം അമുസ്‌ലിംകളുടെ കൂടി ഭാഷയാണ് ഉര്‍ദു.

ഒരു ഭാഷയെ ചരിത്രകാരന്‍മാര്‍ കാണുന്നത് അമൂല്യങ്ങളായ വിജ്ഞാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹത്തായ പാരമ്പര്യത്തിന്റെ ശേഷിപ്പായിട്ടാണ്. ഒരു ഭാഷ ഇല്ലാതെയാകുന്നു എന്നതിന്റെ അര്‍ത്ഥം ആ ഭാഷ ഉപയോഗിച്ചിരുന്ന ഒരു സമൂഹവും അവരുടെ സംസ്‌കാരവും ഇല്ലാതാകുന്നു എന്നതാണ്. ഇന്‍ഡ്യന്‍ ജനതയെ മുഴുവന്‍ ബന്ധിപ്പിക്കുന്ന അഖണ്ഡതയുടെ പ്രതീകമായി ഹിന്ദി ഒരിക്കലും എത്തില്ല. ഏവരെയും ബന്ധിപ്പിക്കുന്ന ഭാഷ ഇന്ന് ഇംഗ്ലീഷ് ഭാഷയാണ്. കേന്ദ്രസര്‍ക്കാര്‍ സ്‌കൂളുകളില്‍ നിര്‍ബന്ധിത ഹിന്ദി പഠനം വഴി ഹിന്ദി ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരെ ഒന്നാംകിട പൗരന്‍മാരും അല്ലാത്തവര്‍ രണ്ടാം സ്ഥാനത്തേക്കും പിന്‍തള്ളപ്പെടുന്നവരുമായി മാറാന്‍ പാടില്ല. മത്സരപരീക്ഷകളില്‍ ഹിന്ദി നിര്‍ബന്ധവിഷയമായി മാറ്റാനുള്ള ശ്രമങ്ങള്‍ ഹിന്ദി മാതൃഭാഷയല്ലാത്ത ഒരു വലിയ വിഭാഗം ജനങ്ങളെ പാര്‍ശ്വവല്‍ക്കരിക്കാന്‍ മാത്രമേ ഉപകരിക്കൂ.

ഇന്‍ഡ്യ സ്വതന്ത്രമായതുമുതല്‍ ഇത്ര കാലമായിട്ടും ഹിന്ദി ഭാഷ രാഷ്ട്രപുരോഗതിക്ക് പ്രത്യേകിച്ച് സംഭാവനകള്‍ ഒന്നും നല്‍കിയിട്ടില്ല. 2010ല്‍ ഗുജറാത്ത് ഹൈക്കോടതി പറഞ്ഞതുപോലെ ഇന്‍ഡ്യന്‍ ഭരണഘടന അംഗീകൃത ഭാഷയായി മറ്റു ഭാഷകളെ അംഗീകരിച്ചിട്ടുണ്ട്. പക്ഷേ രാഷ്ട്രഭാഷയായി ഹിന്ദിയെ സ്വീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ ഹിന്ദി ഭാഷയിലധിഷ്ഠിതമായ വര്‍ഗീയ ധ്രുവീകരണം അനുവദിക്കാന്‍ പാടില്ല. മറ്റു ഭാഷ പഠിക്കുന്നു എന്നത് സ്വന്തം ഭാഷയെ അപമാനിക്കുകയാണ് എന്ന ചിന്ത തെറ്റാണ്. ഭാഷകള്‍ പഠിക്കുക, മാതൃഭാഷയെ കൂടുതല്‍ സ്‌നേഹിക്കുക എന്നാണ് മഹാത്മാഗാന്ധി നമ്മോടു പറഞ്ഞത്. ഒരു ഭാഷ പഠിക്കുമ്പോള്‍ ഒരു സംസ്‌കാരത്തെകൂടിയാണ് നാം പഠിക്കുന്നത്. അത് നമുക്ക് ധാരാളം അനുഭവങ്ങള്‍ നേടിത്തരാന്‍ പ്രാപ്തമായ വിശാലലോകത്തേക്കുള്ള വാതായനമാണ്.

മുസ്‌ലിമിന്റെ പേര് പറഞ്ഞിട്ടാണ് ഉര്‍ദുവിനെയും താജ് മഹലിനെയും വെറുക്കുന്നത് എങ്കില്‍ അത്തരക്കാര്‍ മനസ്സിലാക്കേണ്ടത് മുസ്‌ലിമിന് മതപരമായ പ്രത്യേകതയുള്ളത് അറബി ഭാഷക്കാണ്. ചക്രവര്‍ത്തിമാര്‍ പണികഴിപ്പിച്ച സൗധങ്ങള്‍ ഒരു മുസ്‌ലിമിന് മതപരമായി വലിയപ്രാധാന്യമൊന്നുമുള്ളതല്ല. എന്നാല്‍ അവ ഈ നാടിന്റെ മഹത്തായ നാഗരിക പൈതൃകങ്ങളാണ്. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള കുത്സിതപ്രവര്‍ത്തനങ്ങള്‍ കൊണ്ട് മുസ്‌ലിമിന്റെ വായടിപ്പിക്കുവാന്‍ സാധിക്കുമെന്നുള്ള ഫാഷിസ്റ്റുകളുടെ ആഗ്രഹം വെറും തോന്നലുകള്‍ മാത്രമാണ്. 476 ഭാഷകളുള്ള ഈ രാജ്യത്ത് ഒരു ഭാഷ മാത്രം പ്രോത്സാഹിപ്പിക്കപ്പെടുന്നത് ഒരു തരത്തിലും ശാശ്വത വികസനം നേടിത്തരില്ല എന്നുമാത്രമല്ല രാജ്യത്ത് ഭാഷാടിസ്ഥാനത്തിലും മറ്റും വലിയ വിഭാഗീയത വളരുകയും രാജ്യപുരോഗതി തടസ്സപ്പെടുകയും ചെയ്യും.

print

1 Comment

  • ഇരയെ ലക്ഷ്യം വെച്ച്,അകലം പാലിച്ചു,പതുങ്ങി പതുങ്ങി പയ്യേ, പയ്യേ വെച്ച് തുടങ്ങിയ തന്റെ കാലടികളുടെ സ്പീഡ് ക്രമേണ കൂട്ടുന്ന പിടിമൃഗത്തെ പോലെയാണ് ഫാസിസത്തിന്റെയും വരവ്. ലക്ഷ്യം അതൊന്നു മാത്രവും.ചില, അധികാര,വരേണ്യ വർഗ്ഗത്തിന്റെ തോന്ന്യാസങ്ങളെ വിപ്ലവ വീര്യത്തോടെ ചോദ്യം ചെയ്യാൻ കെല്പുള്ള ലോകത്തെ ഏക സത്യമത പ്രസ്ഥാനമായ ഇസ്ലാമിനേയും, യഥാർത്ഥ മുസ്ലിംകളേയും അവരുടെ ഒരു അടയാളം പോലും അവശേഷിപ്പിക്കാതെ ഇവിടെ നിന്നും നിഷ്കാസനം ചെയ്യുക, അതിനു അവശ്യം വേണ്ടത് ആദ്യം ചെയ്യുക. ഉർദു ലിപിയുടെ അറബിക് ശൈലിയോടാണ് അവർക്കുമെതിർപ്പ്, അറബി ഭാഷയോട് അഭിരുചി തോന്നാൻ, അതു വഴി അറബിക് ഭാഷ പഠിക്കാൻ, ക്രമേണ ഇസ്ലാമിക പ്രമാണങ്ങൾ വായിക്കാനത് പ്രചോദനമായാൽ, ഒടുവിലത് ധാർമിക വിപ്ളവത്തിനു ഹേതുവായാൽ അതു തന്നെയാണ് അല്ല അതു മാത്രമാണ് ഈ ഇരുട്ടിന്റെ ശക്തികളെ അലട്ടുന്ന പ്രശ്നവും, അതിനു പരിഹാരമാണവർ അതിലൂടെ തേടുന്നതും, പണ്ട് ഫറോവ ചെയ്തതിന്റെ ആധുനിക വേർഷൻ. തന്റെ ഘാതകൻ ഇസ്രായേൽ ജനതയിൽ അവതരിക്കാനിരിക്കുന്നു എന്നു കേട്ട മാത്രയിൽ അവരിൽ ജനിക്കുന്ന സകല ആൺകുഞ്ഞുങ്ങളേയും കൊന്നൊടുക്കിയ ഭീരുത്വം, അതിന്റെ ഏറ്റവും പുതിയ വേർഷനിതാ അഭിനവ ഫറോവമാരും പരീക്ഷിക്കാനൊരുമ്പെടുന്നു, പക്ഷേ ഇരുട്ട് കൊണ്ട് ഓട്ടയടയില്ല, പ്രകാശം ഊതിക്കെടുത്താനും..

    മുഹമ്മദ് കുഞ്ഞി, 19.09.2019

Leave a Reply to മുഹമ്മദ് കുഞ്ഞി, Cancel Comment

Your email address will not be published.