ഈസ തന്നെയാണ് യേശുവിന്റെ പേര് !

//ഈസ തന്നെയാണ് യേശുവിന്റെ പേര് !
//ഈസ തന്നെയാണ് യേശുവിന്റെ പേര് !
മതതാരതമ്യ പഠനം

ഈസ തന്നെയാണ് യേശുവിന്റെ പേര് !

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം യേശു അവരുടെ ആരാധൃ പുരുഷനാണ്. ദൈവമാണെന്ന് സംങ്കല്‍പ്പിച്ച് ക്രൈസ്തവലോകം  അദ്ദേഹത്തെ ദേശഭാഷയനുസരിച്ചു വൃതൃസ്ത നാമങ്ങളില്‍ വിളിച്ചു പ്രാര്‍ത്ഥിച്ചുവരുന്നു. യേശുവിന്റെ യഥാര്‍ത്ഥ നാമം എന്താണെന്ന് ബൈബിള്‍ പുതിയനിയമ മൂലത്തിലെവിടെയും വൃക്തമാക്കുന്നില്ല. അത്‌കൊണ്ടാണ് അവര്‍ അദ്ദേഹത്തെ വൃതൃസ്ത പേരുകളില്‍ വിളിച്ചുവരുന്നത്.

പഴയനിയമത്തില്‍ പ്രവാചകന്മാരുടെയും മറ്റു മഹല്‍ വൃക്തിത്വങ്ങളുടെയും പേരുകള്‍ അവരുടെ ജനനവുമായി ബന്ധപ്പെട്ട സംഭവവുമായി ചേര്‍ത്താണ് വിളിക്കപ്പെട്ടിട്ടുള്ളത്. ചില ളദാഹരണങ്ങള്‍ കാണുക:

ആദം: ആദാമിന്റെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ടാണ് ബൈബിളില്‍ അദ്ദേഹത്തിന്റെ പേര് നല്‍കിയിട്ടുള്ളത്. ഉല്‍പ്പത്തി പുസ്തകം 2:7 ല്‍  വ്യക്തമാക്കുന്നുണ്ട്. അത് കാണുക;

”ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ട് മനുഷൃനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ത്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു”.

ഹിബ്രുവില്‍ אדמה (Adamah) എന്ന പദത്തിന്റെ അര്‍ത്ഥം ഭൂമി, നിലം എന്നൊക്കെയാണ്. അത്‌പോലെ אדם (Adam) എന്ന പദത്തിന് to be red എന്നുമാണര്‍ത്ഥം.

നോഹ: ലാമക്കിന്റെ പുത്രനായിട്ടാണ് നോഹയെ ദൈവം ബൈബിളിൽ പരിചയപ്പെടുത്തുന്നത്. ദൈവമാണ് നോഹക്ക് ആ നാമം നല്‍കിയത്. പേരു മായിബന്ധപ്പെട്ട ഭാഗം ഉല്‍പ്പത്തി പുസ്തകം 5:29 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കാണുക:

”കര്‍ത്താവ് ശപിച്ച ഈ ഭൂമിയിലെ ക്ലേശകരമായ അധ്വാനത്തില്‍ അവന്‍ നമുക്ക് ആശ്വാസം നേടിത്തരും എന്നു പറഞ്ഞ് അവനെ നോഹ എന്ന് വിളിച്ചു”.

ഹിബ്രുവില്‍ നോഹ എന്ന പദത്തിന് ‘to rest’ അഥവാ ‘വിശ്രമം’, ‘ആശ്വാസം’ എന്നീ അര്‍ത്ഥങ്ങളുണ്ട്.

അബ്രഹാം: അബ്രഹാമിന്റെ ആദൃ പേര് അബ്രാം എന്നായിരുന്നു. അദ്ദേഹത്തിന് ദൈവം നല്‍കിയ നാമമാണ് അബ്രഹാം എന്നത്. അതുമയി ബന്ധപ്പെട്ട വിവരണം ഉല്‍പ്പത്തി പുസ്തകം 17:3-5ല്‍ കാണാം.

”ദൈവം അവനോട് അരുളിച്ചെയ്തു: ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി; നീ അനവതി ജനതകള്‍ക്ക് പിതാവായിരിക്കും. ഇനിമുതല്‍ നീ അബ്രാം എന്ന് വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രഹാം എന്നായിരിക്കും. ഞാന്‍ നിന്നെ അനവതി ജനതകളുടെ പിതാവാക്കിയിരിക്കുന്നു”.

‘ലോക ജനതയുടെ പിതാവ്’ (father of nations) എന്ന അര്‍ത്ഥത്തിലാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്.

മോശ: മോശയുടെ നാമവുമായി ബന്ധപ്പെട്ട സംഭവം പുറപ്പാട് പുസ്തകം 2:10ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കാണുക:

”ശിശു വളര്‍ന്നപ്പോൾ അവള്‍ അവനെ ഫറവോയുടെ പുത്രിയുടെയടുക്കല്‍ കൊണ്ടുചെന്നു. അവള്‍ അവനെ പുത്രനായി സ്വീകരിച്ചു. ഞാൻ അവനെ വെള്ളത്തില്‍ നിന്നെടുത്തു എന്നു പറഞ്ഞുകൊണ്ട് അവള്‍ അവനു മോശ എന്നു പേരിട്ടു”.

ഹിബ്രുവില്‍ മോശ എന്ന പേരിന്റെ അര്‍ത്ഥം ‘drawn out’ എന്നാണ്.

പ്രവാചകന്മാരുടെ പേരുമായി ബന്ധപ്പെട്ട അര്‍ത്ഥവും സന്ദര്‍ഭവും ഉള്‍ക്കൊള്ളുന്ന വചനങ്ങള്‍ ബൈബിളില്‍ നിന്നും ഇനിയും ഉദ്ധരിക്കാന്‍ കഴിയും. സ്ഥലപരിമിതി കാരണം ആ ഭാഗം ഇവിടെ ചുരുക്കുകയാണ്.

പ്രവാചകന്മാരുടെ പേരുകളുമായിബന്ധപ്പെട്ട കാര്യങ്ങളാണെല്ലൊ മുകളില്‍ സൂചിപ്പിച്ചത്. മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ യേശുവിന്റെ പേരിന്റെ കാര്യത്തിലും ബാധകമാണ്. കാരണം,  അതാണ് ബൈബിളിന്റെ ശൈലി.

യേശുവിന്റെ പേര്!!

ഒന്നാം നൂറ്റാണ്ടിലെ പലസ്തീനില്‍ പ്രചാരത്തിലിരുന്ന ഒരു പേരാണ് യേശു. ഈ പേരുള്ള 18 പേരെ ജോസിഫസിന്റെ രേഖകളില്‍ കണ്ടുവരുന്നു. മറ്റുള്ളവരില്‍നിന്ന് വേര്‍തിരിച്ച് കാണിക്കാന്‍ ‘നസറായനായ യേശു’, ‘ദാവീദിന്റെ പുത്രനായ യേശു’, ‘പ്രവാചകനായ യേശു’ എന്നിങ്ങനെ അറിയപ്പെട്ടിരുന്നു.(ബൈബിള്‍ വിജ്ഞാന കോശം ഏകവാലൃപുസ്തക നിഘണ്ടു. പുറം 809). പുതിയനിയമപുസ്തകത്തില്‍ യേശുവിന്റെ പേര് 935 പ്രാവശ്യം ആവര്‍ത്തിക്കുന്നതായി കാണാം.

യേശുവിനെ സംബന്ധിച്ച് മനസ്സിലാക്കുവാനുള്ള പ്രധാന രണ്ട് സ്രോതസ്സുകളാണ് ബൈബിളിലെ നാല് സുവിശേഷങ്ങളും വിശുദ്ധ ഖുര്‍ആനും. ഖുര്‍ആനെ ഒരു വേദഗ്രന്ഥമായി ക്രൈസ്തവര്‍ അംഗീകരിക്കുന്നില്ല. അത്‌കൊണ്ട് യേശുവിന്റെ പേരുമായി ബന്ധപ്പെട്ട സുവിശഷങ്ങളില്‍നിന്നുള്ള ഉദ്ധരണികളാണ് ഇവിടെ പഠന വിധേയമാക്കുന്നത്.

യേശു ഇസ്രായേല്യരിലേക്ക് മാത്രമായി അയക്കപ്പെട്ട ഒരു പ്രവാചകനായിരുന്നു. (യേശു ദൈവമോ മനുഷൃനോ? Da’wa Books, Vyttila. പുറം 175-194). അദ്ദേഹം ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് തന്റെ ജനതയായ ഇസ്രായേല്യരിലേക്കുവന്നു.

ബൈബിള്‍ പറയുന്നു: ”യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു. അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.” (മാര്‍ക്ക് 1:14).

യേശുവിന്റെ സംസാരഭാഷ അരാമിക്കായിരുന്നു. അത്‌കെണ്ട് അദ്ദേഹം തന്റെ ജനതയായ ഇസ്രായേല്യരോട് സുവിശേഷം പ്രസംഗിച്ചതും പ്രബോധനം നടത്തിയതും അരാമ്യഭാഷയിലായിരിക്കണം. അതിനുള്ള തെളിവാണ് ‘Q’ സ്രോതസ്. മത്തായിയും ലൂക്കോസും സുവിശേഷങ്ങള്‍ രചിക്കുവാന്‍ ഉപയോഗിച്ച പ്രഥമ പ്രമാണ രേഖയാണത്. ജര്‍മൻ   പണ്ഡിതനായ ജൂലിയസ് വെല്‍ഹൗസനാണ് ഈ പ്രമാണ രേഖക്ക് ‘Q’ എന്ന് നാമകരണം ചെയ്തത്. ‘ഉറവിടം’ (Source) എന്നര്‍ത്ഥമുള്ള ‘Quelle’ എന്ന ജര്‍മൻ   പദത്തിന്റെ ആദ്യക്ഷരമാണ് ‘Q’. യേശുവിന്റെ മൊഴികള്‍ മാത്രം ഉണ്ടായിരുന്ന അരാമിയ ഭാഷയില്‍ എഴുതപ്പെട്ട ഈ പ്രമാണ രേഖയുടെ രചയിതാവ് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന മത്തായിയാണെന്നാണ് പണ്ഡിതമതം. ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ക്രൈസ്‌വ പിതാവായിരുന്ന പപ്പിയാസ് അതിന് സാക്ഷിയാണ്.

‘യേശുവിന്റെ തിരുമൊഴികള്‍ മത്തായി അരമായ ഭാഷയിലെഴുതി. ഓരോരുത്തരും തനിക്ക് സാധ്യമായ വിധത്തില്‍ അവ വ്യാഖ്യാനിച്ച് തര്‍ജമ ചെയ്തു’. (Also preserved in Eusebius. H. E. III. 39).

അരമായ ഭാഷയില്‍ നിന്നും ഗ്രീക്ക് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത അടിസ്ഥാന രേഖയേയാണ് ‘Q’ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. നിലവിലുള്ള മത്തായി സുവിശേഷത്തില്‍ ‘Q’ സ്രോതസ്സില്‍ നിന്നും 148 വചനങ്ങളും ലൂക്കോസില്‍ 281 വചനങ്ങളും കടമെടുത്തിട്ടുണ്ട്.

‘Q’ സ്രോതസ്സ് ഒരു കാര്യം ഉറപ്പ് തരുന്നുണ്ട്! അതായത്, മാര്‍ക്കോസ് 1:14 ല്‍ പറഞ്ഞ യേശുവിനവതരിച്ച അരമായ ഭാഷയിലുള്ള ദൈവത്തിന്റെ സുവിശേഷം അക്കാലത്ത് നിലനിന്നിരുന്നുവെന്നത്. എങ്കില്‍, ആ അരമായ സുവിശേഷത്തില്‍ യേശു ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്? നിര്‍ഭാഗ്യമെന്ന് പറയട്ടെ, ആ രേഖ എന്നേ നഷ്‌പ്പെട്ടുപോയി. ഈ വസ്തുത ബൈബിള്‍ പണ്ഡിതന്മാരും അംഗീകരിക്കുന്നു. അത്‌കൊണ്ട് ആ സുവിശേഷ ത്തില്‍ യേശുവിന്റെ പേര് എങ്ങിനെയാണ് ഉച്ഛരിച്ചതെന്ന് നമുക്കറിഞ്ഞുകൂട.

ക്രൈസ്തവ വിശ്വാസപ്രകാരം പുതിയനിയമ പുസ്തകം എഴുതപ്പെട്ടത് ഗ്രീക്ക് ഭാഷയിലാണ്. അത് ദൈവീക പ്രേരണയാല്‍ രചിക്കപ്പെട്ടതാണെന്നും അതിലെ ഓരോ വാചകവും ദൈവീകമാണെന്നും അവര്‍ പാരമ്പര്യമായി  വിശ്വസിച്ചുവരുന്നു. ഗ്രീക്ക് മൂലത്തില്‍ യേശുവിന്റെ പേര് 935 പ്രാവശ്യം ആവര്‍ത്തിക്കുന്നുണ്ട്. അതില്‍ ആ പേര് 566 പ്രാവശ്യവും കണ്ടുവരുന്നത് നാല് സുവിശേഷങ്ങളിലാണ്. അവിടെയെല്ലാം Ιησους (യീസൂസ്) എന്ന ഗ്രീ ക്ക്‌നാമത്തിലാണ് അത് അറിയപ്പെടുന്നത്. പുതിയനിയമത്തിലെ ഓരോ വാക്കും ദൈവത്തിന്റെതാണെന്നാണെല്ലൊ സങ്കൽപം. അത്‌കൊണ്ട് Ιησους (യീസൂസ്) എന്ന പേര് ദൈവം നല്‍കിയതായിരിക്കണം. എങ്കില്‍, യേശുവിന്റെ യഥാര്‍ത്ഥ നാമം Ιησους (യീസൂസ്) എന്നാണൊ? അത് ബൈബിളിന്റെയും ഖുര്‍ആന്റെയും ചരിത്രത്തിന്റെയും അടിത്തറയില്‍ നിന്നുകൊണ്ട് കൂലങ്കശമായി  ചര്‍ച്ചചെയ്യുകയാണിവിടെ.

യേശുവിന്റെ ജനനവും പേരിടലും

പഴയനിയമത്തില്‍ പ്രവാചകന്മാരുടെയും മറ്റു മഹല്‍ വ്യക്തിത്വങ്ങളുടെയും പേരുകള്‍ അവരുടെ ജനനവുമായി ബന്ധപ്പെട്ട സംഭവവുമായി ചേര്‍ത്താണ് വിളിക്കുന്നതെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലൊ. യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട വിവരണം മത്തായി, ലൂക്കോസ് സുവിശേഷങ്ങളില്‍ കാണാം. അവ പരസ്പര വിരുദ്ധവും അബദ്ധവുമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മത്തായി സുവിശേഷത്തില്‍ യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട വാര്‍ത്ത ദൈവത്തിന്റെ ദൂതന്‍  യോസേഫിനോടാണ് പറയുന്നതെങ്കില്‍ ലൂക്കോസില്‍ യേശുവിന്റെ അമ്മയായ മറിയയോടാണ് അത് ധരിപ്പിക്കുന്നത്. മാത്തായി 1:21-23ല്‍ പറയുന്നു:

”കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ യോസേഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്.  അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ  അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു മോചിപ്പിക്കും. കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്ന് കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളി ചെയ്തത് പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്”.

യേശുവിന്റെ ജനന കഥ ലൂക്കേസ് 1:30-33 ല്‍ പറയുന്നു: ”ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം…………..അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തില്‍ അവന്‍ എന്നേക്കും ഭരണം നടത്തും”.

മത്തായിയും ലൂക്കോസും വിവരിച്ച യേശുവിന്റെ ജനനവും പേരിടലുമായി ബന്ധപ്പെട്ട ഭാഗമാണ് മുകളില്‍ സൂചിപ്പിച്ചത്. അവയില്‍ വൈരുദ്ധ്യങ്ങള്‍ മാത്രമല്ല വളരെയേറെ അബദ്ധങ്ങളുമുണ്ടെന്ന് പറഞ്ഞുവല്ലൊ. അത് ചര്‍ച്ചചെയ്ത ശേഷം യേശുവിന്റെ പേരുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കാം. മത്തായിയില്‍ നിന്നും തുടങ്ങാം!

യേശുവിന്റെ ജനന കഥ പറയുന്ന ഭാഗത്ത്, 1:23 ല്‍ മത്തായി പറയുന്നത് കാണുക: ‘കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്ന് കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിചെയ്തത് പൂര്‍ത്തിയാകാൻ   വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്’.

ഒരു പ്രവചനം എന്ന നിലക്കാണ് മേല്‍ സൂചിപ്പിച്ച വചനം മത്തായി എഴുതിയിട്ടുള്ളത്. കാരണം, ‘കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിചെയ്തത് പൂര്‍ത്തിയാകാൻ   വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്’ എന്നാണെല്ലൊ പറയുന്നത്. എന്താണ് പ്രവചനം? ‘ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും’. അഥവാ, യേശുവിനെ ഇമ്മാനുവേല്‍ എന്ന് പേര് വിളിക്കുമെന്ന്. യശയ്യാ പുസ്തകം 7:14 വചനമാണ് മത്തായി ഇവിടെ പ്രവചനമായി ഉദ്ദേശിക്കുന്നത്. എങ്കില്‍ ഈ പ്രവചനം യേശുവില്‍ പൂര്‍ത്തിയായൊ? ഇല്ലായെന്നാണ് പഴയനിയമ പുസ്തകത്തില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.

ഈ പ്രവചനം മത്തായി സുവിശേഷത്തില്‍ മാത്രമേയുള്ളു. സുവിശേഷത്തില്‍ മത്തായിക്ക് പലകാര്യങ്ങളിലും അബദ്ധം പിണഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും പ്രവചനകാര്യത്തില്‍. സുവിശേഷം പരിശോധിച്ചാല്‍ അത് മനസ്സിലാകും. അതിലെ 27-ാം അധ്യായം 8,9 വചനങ്ങള്‍ അതിനൊരു ഉദാഹരണമാണ്. അത് കാണുക:

”ഇസ്രായേല്‍ മക്കള്‍ വിലമതിച്ചവന്റെ വിലയായ മുപ്പത് വെള്ളിക്കാശ് അവര്‍ എടുത്തു. കര്‍ത്താവ് എന്നോട് അരുളി ചെയ്തത്‌പോലെ  കുശവന്റെ നിലത്തിന് വേണ്ടി കൊടുത്തു. എന്ന് യിരമ്യാ പ്രവാചകന്‍ മുഖാന്തരം അരുളിചെയ്തതിനു അന്നു നിവൃത്തിവന്നു”.

യിരമ്യാവിന്റെ പുസ്‌കത്തിൽ   52 അധ്യായങ്ങളാണുള്ളത്. അവ മുഴുവന്‍ പരിശോധിച്ചാലും എവിടേയും അങ്ങനെ ഒരു വചനം കണ്ടെത്താന്‍ കഴിയുകയില്ല. അത് മത്തായി യിരമ്യാവ് പുസ്തകം പരിശോധിക്കാതെ അബദ്ധത്തില്‍ എഴുതിച്ചേര്‍ത്തതായിരിക്കാം. അത്‌പോലെയുള്ള ഒരു അബദ്ധമാണ് യശയ്യ 7:14 വചനം കോര്‍ത്തിണക്കിക്കൊണ്ടുള്ള മത്തായിയുടെ 1:23 വാക്യം. എന്തുകൊണ്ട്?

യഥാര്‍ത്ഥത്തിൽ   7:14 വചനം യേശുവുമായി ബന്ധപ്പെട്ട ഒരു പ്രവചനമല്ല. യശയ്യാപ്രവാചകന്റെ കാലത്തുതന്നെ നടന്ന ഒരു സംഭവമായിട്ടാണ് യശയ്യാ പുസ്തകത്തിലെ 7 ഉം 8 ഉം അധ്യായങ്ങള്‍ നമ്മേ ഉണര്‍ത്തുന്നത്. യശയ്യ 7:14 ഉം തുടര്‍ന്നുള്ള വചനങ്ങളും കാണുക.

  1. ”അതിനാല്‍ കര്‍ത്താവ് തന്നേ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പടും.
  2. തിന്മ ത്യജിക്കാനും നന്മ സ്വീകരിക്കാനും പ്രായമാകുമ്പോള്‍ ബാലന്‍ തൈരും തേനും ഭക്ഷിക്കും
  3. നന്മതിന്മകള്‍ തിരിച്ചറിയാന്‍ ആ ബാലന് പ്രായമാകുന്നതിന്മുമ്പ് നിങ്ങള്‍ ഭയപ്പെടുന്ന രണ്ട് രാജാക്കന്‍മാരുടെയും രാജ്യങ്ങള്‍ നിര്‍ജ്ജനമാകും.
  4. യൂദായില്‍നിന്ന് എഫ്രയീം വേര്‍പിരിഞ്ഞതില്‍പ്പിന്നെ വന്നിട്ടില്ലാത്തതരത്തിലുള്ള ദിനങ്ങള്‍ -അസ്സീറിയാ രാജാവിന്റെ ഭരണം തന്നെ-കര്‍ത്താവ് നിന്റെയും ജനത്തിന്റെയും നിന്റെ പിതൃഭവനത്തിന്റെയും മേല്‍ വരുത്തും”.”

മേല്‍ സൂചിപ്പിച്ച വചനങ്ങളിലെ ഓരോ ഭാഗവും പരിശോധിക്കുക: ‘അവന്‍ ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടും’. പുതിയനിയമം മുഴുവനും ഒരാവര്‍ത്തിവയിക്കുക, യേശുവിനെ ‘ഇമ്മാനുവേല്‍’ എന്ന് വിളിക്കപ്പെട്ടതായി അല്ലെങ്കില്‍ വിളിച്ചതായി എവിടേയും കണ്ടെത്താന്‍ കഴിയുകയില്ല. മത്തായി മാത്രമാണ് ‘ഇമ്മാനുവേല്‍’ എന്ന പദം  ഉപയോഗിച്ചിട്ടുള്ളത്. അതും 1:23 വചനത്തില്‍ മാത്രം. ഈ വസ്തുത മിഷണറിമാര്‍ക്കുമറി യാം. അതുകൊണ്ട് 1:23 വചനം മാത്തായിയുടെ വകയാണ്.

തുടര്‍ന്നുള്ള വചനങ്ങളില്‍ ‘തിന്മ ത്യജിക്കാനും നന്മ സ്വീകരിക്കാനും പ്രായമാകുമ്പോള്‍ ബാലന്‍ തൈരും തേനും ഭക്ഷിക്കും’. 12 വയസ്സായ  യേശു എന്ന ബാലനുമായി ബന്ധപ്പെട്ട സംഭവം ലൂക്കോസ് സുവിശേഷം 2:41-52 വചനങ്ങളിലായി പറയുന്നുണ്ട്. അവിടെവിടേയും യേശു  തൈരും തേനും ഭക്ഷിച്ചതായി പറയുന്നില്ല. അപ്രകാരം ഭക്ഷിച്ചതായി ഒരു രേഖയുമില്ല.

‘ബാലന് പ്രായമാകുന്നതിന്മുമ്പ് നിങ്ങള്‍ ഭയപ്പെടുന്ന രണ്ട് രാജാക്കന്മാരുടെയും രാജ്യങ്ങള്‍ നിര്‍ജ്ജനമാകും’. ഇതും അസംഭവ്യമാണ്. കാരണം, അത് ബൈബിള്‍കൊണ്ടൊ ചരിത്രംകൊണ്ടൊ പണ്ഡിതന്മാര്‍ക്കും മിഷണറിമാര്‍ക്കും തെളിയിക്കാന്‍ കഴിയുകയില്ലായെന്നത് തീര്‍ച്ചയാണ്. യശയ്യ 7:14 വചനത്തെപ്പറ്റി ബൈബിള്‍ വിജ്ഞാന കോശം പറയട്ടെ:

‘യശയ്യാ പ്രവാചകന്‍ ആഹാസ് രാജാവിനോട് പറഞ്ഞ പ്രവചനമാണിത്. ഇസ്രായേല്‍ രാജാവായ പേക്കഹും അരാമ്യരാജാവായ രെസീനും കൂടി യരുശലേം ആക്രമിക്കുന്നു എന്ന വാര്‍ത്തകേട്ട് ആഹാസും ജനവും ആലിലപോലെ വിറച്ചപ്പോള്‍ (7:4) യശയ്യാപ്രവാചകന്‍ രാജാവിനെ ധൈര്യപ്പെടുത്തുവാന്‍ നൽകിയ വാഗ്ധാനമാണിത്. എഫ്രയീം ജനമായിരിക്കാതെവണ്ണം തകര്‍ന്നുപോകും എന്ന് ക്രി.മു 734ല്‍ പറഞ്ഞ പ്രവചനം 722/1ല്‍ നിവൃത്തിയായി, യഫ്രയീം യഹൂദ ജനതയെ ആക്രമിച്ചില്ല.  ആഹാസിനോട് യശയ്യാവ് ഒരടയാളം ചോദിച്ചുകൊള്‍ക എന്നു പറഞ്ഞെങ്കിലും ആഹാസ് ചോദിച്ചില്ല. അപ്പോള്‍ യശയ്യാവ് നൽകിയ  അടയാളമാണ്“”കര്‍ത്താവ് തന്നേ നിങ്ങള്‍ക്കു ഒരു അടയാളം തരും” എന്ന ആമുഖത്തോടുകൂടിയ ഇമ്മാനുവേൽ  പ്രവചനം. ”കന്യകാരാജന്‍ പ്രായമാകുംമുമ്പേ രാജ്യം നശിപ്പിക്കപ്പെടും” എന്ന പ്രവചനം നിവൃത്തി യാകുംവണ്ണം അശ്ശൂര്‍രാജാവ് ശമര്യ നശിപ്പിച്ചു. ഈ പ്രവചനത്തിന് വിദൂര അര്‍ത്ഥമാണ് വി. മത്തായി സഭയ്ക്ക് നല്കിയത് (1:22). ഈ പ്രവചനം യേശു ക്രിസ്തുവിന്റെ കന്യകാജനനത്തില്‍ നിവൃത്തിയായി  എന്നു സഭ വിശ്വസിക്കുന്നു’.(ബൈബിള്‍ വിജ്ഞാനകോശം, ഏകവാല്യവേദപുസ്‌ക നിഘണ്ടു പുറം 111).

ബൈബിള്‍ വിജ്ഞാനകോശത്തില്‍ പറഞ്ഞ ‘യശയ്യാ പ്രവാചകന്‍  രാജാവിനെ ധൈര്യപ്പെടുത്തുവാന്‍ നൽകിയ വാഗ്ദാനമാണിത്. എഫ്രയീം ജനമായിരിക്കാതെവണ്ണം തകര്‍ന്നുപോകും എന്ന് ക്രി.മു 734ല്‍  പറഞ്ഞ പ്രവചനം 722/1ല്‍ നിവൃത്തിയായി’ എന്ന ഭാഗം പരിശോധിക്കുക. യശയ്യ 7:14 പ്രവചനം ക്രിസ്തുവിന് മുമ്പ് 722ല്‍ അല്ലെങ്കില്‍ 721ല്‍ നിവൃത്തിയായി എന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ സമര്‍ത്ഥിക്കുകയാണിവിടെ. മാത്രമല്ല ബൈബിള്‍ വിജ്ഞാനകോശത്തിലെ തുടര്‍ന്നുള്ള ഭാഗം നോക്കുക. ‘ഈ പ്രവചനത്തിന് വിദൂര അര്‍ത്ഥമാണ് വി.മത്തായി സഭയ്ക്ക് നൽകിയത് (1:22). ഈ പ്രവചനം യേശുക്രിസ്തുവിന്റെ കന്യകാജനനത്തില്‍ നിവൃത്തിയായി എന്നു സഭ വിശ്വസിക്കുന്നു’.

യശയ്യ 7:14 പ്രവചനത്തിന് വിദൂര അര്‍ത്ഥമാണ് വി.മത്തായി സഭയ്ക്ക് നല്കിയത് എന്നത് വളരെ ശരിയാണ്. അത് സഭയുടെ കേവലമായ വിശ്വാസം മാത്രമാണ്. കാരണം, യേശുവന്റെ ജനനവും യശയ്യ 7:14   പ്രവചനവുമായി യാതൊരു ബന്ധവുമില്ലായെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ തന്നെ സമര്‍ത്ഥിക്കുന്നു. അതുകൊണ്ട് യേശുവിനും 722 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവമാണത്.

യേശുവിന്റെ ജനന കഥ പറയുന്ന ഭാഗത്ത് ലൂക്കോസിന് പറ്റിയ അബദ്ധം കാണുക: 1:32-33ല്‍ പറയുന്നു: ‘അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തില്‍ അവന്‍ എന്നേക്കും ഭരണം നടത്തും’.

മേല്‍ പറഞ്ഞ ഉദ്ധരണിയും ഒരു പ്രവചനമായിട്ടാണ് ലൂക്കോസ് കൊടുത്തിട്ടുള്ളത്. അതും പുലരാത്ത ഒരു പ്രവചനമാണ്. കാരണം, ‘അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും’. അഥവാ യേശു, പിതാവായ ദവീദിന്റെ സിഹാസനത്തിലിരുന്ന് യിസ്രായേല്യരെ എന്നേക്കും ഭരണം നടത്തും. ഇത് അദ്ദേഹത്തിന്റെ കാലത്ത് സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യമാണ്. എന്ത്‌കൊണ്ടെന്നാൽ യേശുവിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന് ആ രാജ്യത്ത് ആധിപത്യം ഉണ്ടായിരുന്നോ? പിലാത്തോസ് എന്ന രാജാവിന്റെ കീഴിലല്ലെ അദ്ദേഹം ജീവിച്ചത്? അന്ന് ഭരണം അഥവാ ആധിപത്യം പിലാത്തോസിന്റെ തോളിലായിരുന്നു. മാത്രമല്ല, ജൂദന്മാരുടെ നിര്‍ബന്ധത്താൽ   പിലാത്തോസ് യേശുവിനെ കുരിശില്‍ത്തറച്ച് കൊല്ലാന്‍ വിധിക്കുകയാണ് ഉണ്ടായത്. യേശുവിന്റെ ജനന കഥയില്‍ മത്തായിക്കും ലൂക്കോസിനും സംഭവിച്ച അബദ്ധങ്ങളാണ് ഇവിടെ വിവരിച്ചത്. അടുത്തത്, യേശുവിന്റെ പേരുമായി ബന്ധപ്പെട്ട വിഷയമാണ്.

പുതിയനിയമം എഴുതപ്പെട്ടത് ഗ്രീക്ക് ഭാഷയിലാണെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലൊ. അതില്‍  യേശുവിന്റെ നാമം എപ്രകാരമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പരിശോധിക്കാം. മത്തായി 1:21 ല്‍ പറയുന്നു: (ഗ്രീക്ക് മൂലം പൂര്‍ണമായികൊടുക്കാതെ അതില്‍ പറഞ്ഞിട്ടുള്ള നാമത്തിന്റെ ഗ്രീക്ക് മൂലം മാത്രമാണ് ഇവിടെ കൊടുത്തിട്ടുള്ളത്).

”അവള്‍ ഒരു പുത്രനെ പ്രസവിക്കും നീ അവന് ‘Ιησους’ (Iesous-യീസൂസ്) എന്ന് പേരിടണം”.

‘Ιησους’ (യീസൂസ്) എന്നത് ഒരു ഗ്രീക്ക് പദമാണ്. അത്‌കൊണ്ട്തന്നെ അതൊരു ഗ്രീക്ക് നാമവുമാണ്. ആ പദത്തിന് വ്യക്തമായ അര്‍ത്ഥമില്ലായെന്നാണ് പണ്ഡിതപക്ഷം.

യേശുവിന്റെ ജീവിതകാലത്ത് അദ്ദേഹത്തെ ഒരിക്കല്‍പോലും ‘Ιησους’ (യീസൂസ്) എന്ന് പേര് വിളിച്ചിട്ടില്ല എന്ന വസ്തുത ബൈബിള്‍ പണ്ഡിതന്മാരും അംഗീകരിക്കുന്നുണ്ട്. കാരണം, יֵשׁוּעַ (Yeshua-യേശൂഅ)  എന്ന ഹിബ്രു പദത്തില്‍ നിന്നാണ് ‘Ιησους’ (Iesous-യീസൂസ്) എന്ന പേര് രൂപംകൊണ്ടിട്ടുള്ളതെന്നാണ് ക്രൈസ്ത പണ്ഡിതന്മാരുടെ അഭിപ്രായം. എങ്കില്‍,  יֵשׁוּעַ (Yeshua-യേശൂഅ) എന്ന പേര് എങ്ങനെയാണ് രൂപംകൊണ്ടിട്ടുള്ളതെന്ന് പരിശോധിക്കാം.

יְהוֹשֻׁעַ (Yehoshua-യഹോശുഅ) പ്രവാചകന്‍

മോശക്ക് ശേഷം യിസ്രായേല്യരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു നൂനിന്റെ മകനായ יְהוֹשֻׁעַ (Yehoshua-യഹോശുഅ). പഴയനിയമത്തിലെ ആറാമത്തെ പുസ്തകമായ യഹോശുഅ പുസ്തകം എഴുതിയത് അദ്ദേഹമാണെന്ന് യഹൂദരും ക്രൈസ്തവരും പാരമ്പര്യമായി വിശ്വസിച്ചുവരുന്നു. ഇംഗ്ലീഷ് ബൈബിള്‍ വിവര്‍ത്തനങ്ങളിൽ തലവാചകമായി കൊടുത്തിട്ടുള്ളത് Joshua എന്നും മലയാള ബൈബിളുകളിൽ യോശുഅ എന്നുമാണ്. എന്നാൽ അതിന്റെ ശരിയായ പേരും ഉച്ഛാരണവും יְהוֹשֻׁעַ (Yehoshua -യഹോശുഅ) എന്നാണ്. കാരണം, ഹിബ്രുമൂലത്തില്‍ ആ പുസ്തകത്തിന്റെ ശീര്‍ഷകം יְהוֹשֻׁעַ (Yehoshua -യഹോശുഅ) എന്നാണ്. അതാണ് ആ പ്രവാചകന്റെ യഥാര്‍ത്ഥ പേരെന്ന് ഹിബ്രു മൂലത്തിൽ പറയുന്നു.  יְהוֹשֻׁעַ (Yehoshua) യുടെ ആദ്യ പേര് הוֹשֵׁעַ (Hoshea-ഹോശേഅ) എന്നായിരുന്നു. മോശാ പ്രവാചകനാണ് അദ്ദേഹത്തിന് יְהוֹשֻׁעַ (Yehoshua-യഹോശുഅ) എന്ന പേര് നല്‍കിയത്. അത് ഒരു ചരിത്ര സംഭവമായി സംഖ്യാ പുസ്തകം 13: 1-16 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ചുരുക്കം ഇപ്രകാരമാണ്. യഹോവ മോശയോടു പറഞ്ഞു: ഞാന്‍ യിസ്രായേലിന് നല്‍കുന്ന കാനാന്‍ ദേശം ഒറ്റുനോക്കാന്‍ ഓരോ ഗോത്രത്തിലും നിന്ന് ഓരോ നേതാവിനെ അയയ്ക്കുക. അപ്രകാരം മോശ 12 ഗോത്രങ്ങളില്‍ നിന്നും ഓരോ നേതാവിനെ തെരെഞ്ഞെടുത്തു. അതിലെ ഒരു ഗോത്ര നേതാവായിരുന്നു എഫ്രയീം ഗോത്രത്തില്‍ നിന്നുള്ള നൂനിന്റെ മകന്‍ Hoshea-ഹോശേഅ. തുടര്‍ന്ന് 16-ാം വചനത്തില്‍ പറയുന്നു:

”നൂനിന്റെ മകന്‍ הוֹשֵׁעַ (ഹോശേഅ)ക്ക് മോശ יְהוֹשֻׁעַ (യഹോശുഅ) എന്നു പേരു കൊടുത്തു”.

കാനാന്‍ ദേശം ഒറ്റുനോക്കാന്‍വേണ്ടി അയക്കുന്ന സമയത്താണ് മോശ ഹോശേഅക്ക് യഹോശുഅ എന്ന് പേര് നല്‍കുന്നത്. Yehoshua എന്ന നാമത്തിന്റെ ഹൃസ്വരൂപമാണ് (ചുരുക്കപ്പേരാണ്)  יֵשׁוּע (Yeshua). യഹോശുവാക്കും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ആ പേര് ബൈബിളിൽ പ്രത്യക്ഷപ്പെടുന്നത്. അഥവാ, BC അഞ്ചാം നൂറ്റാണ്ടില്‍ രണ്ടാം ദേവാലയ കാലത്താണ് (Second Temple Period) Yehoshua യുടെ ചുരുക്കപ്പേരായ יֵשׁוּע (Yeshua) ബൈബിളില്‍ പ്രത്യക്ഷപ്പെടുന്നത്. ആ പേര് എസ്രാ പുസ്തത്തില്‍ 11 പ്രാവശ്യവും നഹമിയാ പുസ്തകത്തില്‍ 16 പ്രാവശ്യവും ഒന്നും രണ്ടും ദിനവൃത്താന്തങ്ങളില്‍ ഓരോ പ്രാവശ്യവും ആവര്‍ത്തിച്ചുവന്നിട്ടുണ്ട്. ഒരു ഉദാഹരണം കാണുക:

”പ്രവാസത്തില്‍ നിന്നു മടങ്ങിവന്ന ജനം കൂടാരങ്ങള്‍ നിര്‍മ്മിക്കുകയും അതില്‍ വസിക്കുകയും ചെയ്തു. അവര്‍ വളരെ സന്തോഷിച്ചു. കാരണം, നൂനിന്റെ പുത്രന്‍ יֵשׁוּע (Yeshua-യേശൂഅ)യുടെ കാലം മുതല്‍ അന്നു വരെ യിസ്രായീല്‍ജനം ഇപ്രകാരം ചെയ്തിരുന്നില്ല” (നെഹമിയാ 8:17).

Yehoshua യും Yeshua യും ഒരു പൊതുനാമമാണ്. പഴയനിയമത്തില്‍ יְהוֹשֻׁעַ (യെഹോശുഅ) എന്ന പേര് ആ പ്രവാചകനു പുറമെ മറ്റു പലര്‍ക്കും പ്രയോഗിച്ചിട്ടുണ്ട്. 1 സാമുവേൽ 6:18,    2  രാജാക്കന്മാർ 23:8 , ഹഗ്ഗായി 1 :1  തുടങ്ങിയ വചനങ്ങൾ ചില ഉദാഹരങ്ങങ്ങളാണ്.

അത്‌പോലെ יֵשׁוּע (Yeshua-യേശൂഅ) എന്ന നാമവും മറ്റു പലര്‍ക്കും പ്രയോഗിച്ചതായി പഴയനിയമത്തിലും പുതിയനിയമത്തിലും കാണാം. യസ്ര 2:12, നെഹമിയ 3:19, 2 ദിനവൃത്താന്തം 31:15 എന്നീ വചനങ്ങള്‍ അതിനുദാഹരണമാണ്. പുതിയനിയമത്തില്‍ മൂന്ന് സ്ഥലങ്ങളിലായി അപ്പോ 7:45, 13:6 ലും എബ്രായര്‍ 4:8 ലും കാണാം.

യേശുവിന്റെ നാമപരിണാമം

Ιησους (യീസൂസ്) എന്ന നാമത്തിന്റെ ഉത്ഭവം: Ιησους (യീസൂസ്) എന്നത് ഒരു ഗ്രീക്ക് പദമാണെന്ന് സൂചിപ്പിച്ചുവല്ലൊ. יֵשׁוּעַ (Yeshua-യേശൂഅ) എന്ന ഹിബ്രു പദത്തില്‍ നിന്നുമാണ് യീസൂസ് എന്ന പദം രൂപംകൊണ്ടി ട്ടുള്ളതെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. അഥവാ, യേശൂഅ എന്ന നാമത്തെ Translation (വിവര്‍ത്തനം) ചെയ്‌തോ Transliteration (ലിപ്യന്തരണം) ചെയ്‌തോ ആണ് Ιησους (യീസൂസ്) എന്ന നാമം രൂപപ്പെടുത്തിയതെന്നാണ് അവരുടെ അഭിപ്രായം.

രണ്ട് വിധത്തിലാണ് ഹിബ്രു നാമം ഗ്രീക്കിലേക്ക് മൊഴിമാറ്റം നടത്തുന്നത്. ഒന്നാമത്തേത് Translation അഥവാ വിവര്‍ത്തനമാണ്. ഒരു നാമം വിവര്‍ത്തനം ചെയ്യുമ്പോൾ അല്ലെങ്കില്‍ പരിഭാഷപ്പെടുത്തുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ ശബ്ദവും അര്‍ത്ഥവും നഷ്ടപ്പെടുന്നു എന്നതാണ് അതിന്റെ ന്യൂനത. ഉദാഹരണമയി מְשׁיִה (മശീഹ), അത് യേശുവിന്റെ സ്ഥാനപ്പേരാണ്. അത് ഗ്രീക്കിലേക്ക് Χριστος (Christos) എന്നാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. മശീഹ എന്നത് ക്രിസ്‌റ്റോസ് എന്നാക്കിയപ്പോള്‍ മശീഹ എന്ന ശബ്ദം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. മറ്റൊരുദാഹരണം കാണുക:

‘ചന്ദ്രന്‍’ എന്നത് ഒരാളുടെ പേരാണ്. ഹൈന്ദവരായ മലയാളികളികള്‍ ആ പേര് ധരാളമായി ഉപയോഗിച്ചുവരുന്നു.  അമേരിക്കയില്‍ അയാള്‍ ‘Moon’ ആകുകയില്ലല്ലൊ. കാരണം, ‘Moon’ എന്ന ഇഗ്ലീഷ് പദത്തിന്റെ അര്‍ത്ഥം ‘ചന്ദ്രന്‍’ എന്നാണ്. അവിടെ അയാളെ Moon എന്ന് വളിച്ചാല്‍ അത് അദ്ദേഹം ശ്രദ്ധിക്കുകയില്ലായെന്നകാര്യം ഉറപ്പാണ്. ആ വ്യക്തിയോ സമൂഹമോ അതഗീകരിക്കുകയുമില്ല. അത്‌പോലെ ‘ഖമര്‍’ എന്ന അറബി പദത്തിന്റെ അര്‍ത്ഥം ‘ചന്ദ്രന്‍’ എന്നാണ്. ‘ഖമര്‍’ എന്ന പേര് മുസ്‌ലിംകൾ ധാരാളമായി ഉപയോഗിച്ചുവരുന്നു. ‘ചന്ദ്രനെ’, ‘ഖമര്‍’ എന്നൊ ‘ഖമറിനെ’, ‘ചന്ദ്രന്‍’ എന്നോ വിളിക്കാറില്ല. അപ്രകാരം വിളിച്ചാല്‍ത്തന്നെ ഇരുകൂട്ടരും അതഗീകരി ക്കുകയുമില്ല എന്ന കാര്യവും ഉറപ്പുമാണ്. ഇവിടെ പേരുകളുടെ അര്‍ത്ഥത്തിന് മാറ്റമില്ല. എന്നാല്‍ ആ പേരുകളുടെ ശബ്ദത്തിന് അജഗജാന്തര വ്യത്യാസമുണ്ട്.

രണ്ടാമത്തെത് Transliteration അഥവാ ലിപ്യന്തരണം ആണ്. ഹിബ്രു ഒരു സെമറ്റിക്ക് ഭാഷയും ഗ്രീക്ക് പാശ്ചാത്യ ഭാഷയുമാണ്. സെമറ്റിക്ക് ഭാഷ സെമറ്റിക്കിതര ഭാഷകളിലേക്ക് Transliteration ചെയ്യുന്നതിന് അതിന്റെതായ ചില പരിമിധികളുണ്ട്. കാരണം, ഒരു വാചകമോ, നാമമോ ഒരു ഭാഷയില്‍നിന്നും മറ്റൊരു ഭാഷയിലേക്ക് ലിപ്യന്തരണം ചെയ്യുമ്പോള്‍ അതിന്റെ ശബ്ദത്തിനും അര്‍ത്ഥത്തിനും മാറ്റം വന്നേക്കാം; ചിലപ്പോള്‍ അതേ ഉച്ഛാരണവും അര്‍ത്ഥവും കിട്ടിയേക്കാം.

പുതിയനിയമ ഭാഷാന്തരങ്ങളില്‍ യേശുവിന്റെ പേര് വിവര്‍ത്തനം ചെയ്യുകയോ ലിപ്യാന്തരണം നടത്തുകയോ ചെയ്തിട്ടുണ്ടന്ന്, വിവധ ഭഷകളിലുള്ള ബൈബിളുകള്‍ പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയും.  יֵשׁוּעַ (Yeshua-യേശൂഅ) എന്ന ഹിബ്രു നാമത്തെ ഗ്രീക്കിലേക്ക് Transliteration ചെയ്തത്  എങ്ങിനെയാണെന്ന് കാണുക:

יֵשׁוּעַ (Yeshua) എന്ന ഹിബ്രു പദത്തില്‍ നാല് അക്ഷരങ്ങളാണുള്ളത്. (വലത്ത്‌നിന്ന് ഇടത്തോട്ടാണ് ഹിബ്രു വായിക്കുന്നത്). ആദ്യത്തെ അക്ഷരം ‘י‘ (Yodh-യോഥ്) എന്നാണ്. ഇംഗ്ലീഷില്‍ അതിന്റെ ശബ്ദം ‘Ye’ എന്നാണ്. നിര്‍ഭാഗ്യവശാൽ ഗ്രീക്ക് ഭാഷയില്‍ ‘Y’ (Yes എന്ന പോലെ) ശബ്ദം സൂചിപ്പിക്കുന്ന അക്ഷരമില്ല. അത് പരിഹരിക്കുന്നത് ‘Ye’ ക്ക് പകരം ഗ്രീക്ക് അക്ഷരമാലയിലെ ‘Ιη’ (Iota-Eta; ഐയോട്ട-ഈറ്റ) എന്നീ രണ്ട് അക്ഷരങ്ങള്‍ ചേര്‍ത്തുകൊണ്ടാണ്. അപ്പോള്‍ ‘EE-AY’ അഥവാ ‘യീ’ എന്ന ശബ്ദം കിട്ടുന്നു.

יֵשׁוּעַ (Yeshua) എന്ന ഹിബ്രു പദത്തിലെ രണ്ടാമത്തെ അക്ഷരം ‘ש‘ (Shin) ആണ്. ‘Sh’ എന്ന ശബ്ദത്തിലാണ് അത് ഉച്ഛരിക്കുന്നത്. ഗ്രീക്ക് ഭാഷയില്‍ ‘Sh’ എന്ന ശബ്ദത്തെക്കുറിക്കുന്ന അക്ഷരമില്ല. ആ ഭാഷയെ സംബന്ധിച്ചിത്തോളം അതൊരു വലിയ പ്രശ്‌നമാണ്. അത് പരിഹരിക്കുന്നത്, ‘Sh’ന് പകരം ഗ്രീക്കക്ഷര മാലയിലെ ‘S’ എന്ന ശബ്ദം സൂചിപ്പിക്കുന്ന ‘σ’ (Sigma) എന്ന അക്ഷരം കൊണ്ടാണ്.

יֵשׁוּעַ (Yeshua) എന്ന ഹിബ്രു പദത്തിലെ മൂന്നാമത്തെ അക്ഷരം ‘ו‘ (Vav) ആണ്. ഇംഗ്ലീഷില്‍ അതിന് ‘U’ ശബ്ദമാണു കൊടുക്കുന്നത്. ഗ്രീക്കില്‍ ‘ο υ’ (Omicron-Upsilon) എന്നീ അക്ഷരങ്ങള്‍ ചേര്‍ത്ത്‌കൊണ്ട് ‘ou’ എന്ന ശബ്ദത്തില്‍ അല്ലെങ്കില്‍ ‘oo’എന്ന ശബ്ദത്തില്‍ വായിക്കുന്നു. ഗ്രീക്ക് ഭാഷയില്‍ ‘ou’ എന്നത് long vowel ആണ്.

יֵשׁוּעַ (Yeshua) എന്ന ഹിബ്രു പദത്തിലെ നാലാമത്തെ അക്ഷരം ‘ע‘ (Ayin) ആണ്. അത് ‘Rough breathing’ ല്‍ ആണ് ഉച്ഛരിക്കേണ്ടത്. അറബിയില്‍ ‘ع‘ എന്നാണ് അതിന്റെ ഉച്ഛാരണം. സെമറ്റിക്കിതര ഭാഷകളില്‍ അത്തരം ശബ്ദങ്ങളില്ല. അത്‌കൊണ്ട് ഇംഗ്ലീഷില്‍ ‘ע‘ (Ayin) ന് പകരം ‘A’ എന്ന അക്ഷരവും ഗ്രീക്കില്‍, അതിന്റെ അക്ഷരമാലയിലെ ആദ്യക്ഷരമായ ‘α’ (Alpha) യുമാണ് പ്രയോഗി ച്ചുവരുന്നത്.

അപ്രകാരം ഹിബ്രുനാമമായ ‘יֵשׁוּעַ‘ (Yeshua-യേശൂഅ) എന്ന പേരിലെ ഓരോ അക്ഷരങ്ങള്‍ക്കും പകരമായി ഗ്രീക്കിലെ ‘Ι, η, σ, ο, υ, α’ (Iota-Eta, Sigma, Omicron-Upsilon,Alpha) എന്നീ അക്ഷരങ്ങള്‍ ചേര്‍ത്ത് Transliterat ചെയ്ത്  ‘Ιησουα’ (Iesoua-യീസൂഅ) എന്ന ഗ്രീക്ക് നാമം രൂപപ്പെടുത്തി. പക്ഷെ, ഗ്രീക്ക് ഭാഷയെ സംബന്ധിച്ചിടത്തോളം Ιησουα-Iesoua എന്ന നാമോച്ഛാരണത്തിൽ ഒരു വലിയ പ്രശ്നമുണ്ട്. ഗ്രീക്ക് ഗ്രാമറനുസരിച്ച് പുരുഷ നാമം ‘Vowel’ ശബ്ദത്തില്‍ അവസാനിക്കാന്‍ പാടില്ല. ‘Ιησουα’-Iesoua എന്ന നാമത്തിലെ അവസാനക്ഷരം ‘α’-Alpha അല്ലെങ്കില്‍ ‘a’ ആണല്ലൊ. പുരുഷനാമം α എന്ന  വവ്വലില്‍ അവസാനിച്ചാല്‍ ആ വവ്വലിന് പകരം ‘σ’ (Sigma) അഥവാ ‘s’ ചേര്‍ത്ത്‌കെണ്ടാണ് പ്രശ്‌നം പരിഹരിക്കുന്നത്. അപ്രകാരം ‘α’ (a) ക്ക് പകരം ‘σ’ (s) ചേര്‍ത്ത്‌കൊണ്ട് ‘Ιησουα’-Iesoua എന്ന നാമം ‘Ιησους’ (Iesous-യീസൂസ്) ആയി പരിണമിച്ചു.

יֵשׁוּע‘ (യേശുഅ) എന്ന ഹിബ്രു നാമം ഗ്രീക്കിലേക്ക് .’Ιησους’ (യീസൂസ്) എന്ന് ലിപ്യന്തരണം ചെയ്തപ്പോള്‍ ‘יֵשׁוּע‘ (യേശുഅ) എന്ന നാമത്തിന്റെ ശബ്ദവും അര്‍ത്ഥവും നഷ്ടപ്പെട്ടു എന്നതാണ് വസ്തുത. അത്‌കൊണ്ട്, കൃത്യമായ ശബ്ദവും അര്‍ത്ഥവും ഇല്ലാത്ത ഒരു പേരാണ് പരിശുദ്ധ പ്രവാചകനായ യേശുവിന് ക്രൈസ്തവ പണ്ഡിതന്മാര്‍ നല്‍കിയിട്ടുള്ളത്.

ഇവിടെ കുറിച്ചിരിക്കുന്ന ‘Ιησους’-Iesous എന്ന പദം ‘Curcive letter’ അഥവാ ചെറിയക്ഷരത്തിലുള്ള ഗ്രീക്ക് ബൈബിളില്‍നിന്നാണ് എടുത്തിട്ടുള്ളത്. ഒമ്പതാംനൂറ്റാണ്ടോടുകൂടിയാണ് Curcive letter പ്രചാരത്തില്‍ വരുന്നത്. അതിനു മുമ്പുള്ള പുതിയനിയമത്തിന്റെ ഗ്രീക്ക് മൂലങ്ങൾ ‘Uncial letter’ അഥവാ വലിയ ക്ഷരത്തിലാണ് എഴുതപ്പെട്ടത്. കോഡക്‌സ് വത്തിക്കാനസ്, കോഡക്‌സ് സീനായിറ്റിക്കസ് തുടങ്ങിയ ഗ്രീക്ക് മൂലകൃതികളെല്ലാം വിടവില്ലാതെ (Space) ഇല്ലാതെ Uncial letter ലാണ് എഴുതപ്പെട്ടിട്ടുള്ളത്. മേൽപറഞ്ഞ കോഡക്‌സുകളിൽ Ιησους എന്ന നാമം ചുരുക്കി അഥവാ Ιησους (ഈസൂസ്) ന്റെ ആദ്യക്ഷരമായ അയോട്ടയുടെ വലിയക്ഷരവും (‘I’), അവസാനക്ഷരമായ സിഗ്മയുടെ വലിയക്ഷരവും (‘C’) ചേര്‍ത്ത് ‘IC’ -(IC യുടെ മുകളിൽ ‘ബാർ’ ഇട്ടുകൊണ്ടാണ് യീസൂസ് എന്ന് എഴുതിയിരുന്നത്)- എന്ന ‘short form’ ലാണ് Ιησους എന്ന നാമം എഴുതിയിരുന്നത്. ഗ്രീക്കക്ഷരമായ സിഗ്മയുടെ വലിയക്ഷരം ‘Σ’ എന്നാണെങ്കിലും പുരാതനകാലത്ത് ഗ്രീക്കില്‍ ആ അക്ഷരം പ്രയോഗതലത്തില്‍ ഉണ്ടായിരുന്നില്ല എന്നാണ് കോഡക്‌സുകൾ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. കോപ്റ്റിക്ക് ഭാഷയില്‍ ഗ്രീക്കക്ഷരമായ ‘Σ’ യുടെ സ്ഥാനത്ത് ‘C’ ആണ് കണ്ട് വരുന്നത്. ആ ഭാഷയിൽ ‘C’ എന്ന അക്ഷരത്തിന്റെ ഉച്ചാരണം ‘sima’, ‘summa’, ‘sema’, എന്നൊക്കെയാണ്. ഒരു പക്ഷെ, ‘C’ എന്നക്ഷരം കോപ്റ്റിക്ക് ഭാഷയില്‍  നിന്നും കടം കൊണ്ടതാകാം. കോപ്റ്റിക്കിലെ ‘C’ എന്നക്ഷരത്തിന് ഇംഗ്ലീഷില്‍ ‘S’  ന്റെ ശബ്ദമാണുള്ളത്.

Iesous ല്‍ നിന്നും Iesus ലേക്ക്

പുതിയനിയമം എഴുതപ്പെട്ടത് കൊയ്‌നീ ഗ്രീക്കിലാണ്. ഈ ഗ്രീക്ക് മൂലത്തില്‍ നിന്നുമാണ് ആദ്യമായി ബൈബിള്‍ ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത്. അത് നിര്‍വ്വഹിച്ചത് നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സഭാപിതാവായ ജറോം ആണ്. ഈ ലാറ്റിന്‍ പരിഭാഷയെ ‘Vulgate’ എന്ന പേരിലറിയപ്പെടുന്നു. Vulgate ന്റെ അര്‍ത്ഥം ‘common’ എന്നാണ്. ഈ പരിഭാഷയില്‍ Ιησους (Iesous-യീസൂസ്) എന്ന ഗ്രീക്ക്പദം ലാറ്റിനിലേക്ക് Transliteration അഥവാ ലിപ്യന്തരണം ചെയ്തിട്ടുള്ളത് ‘Iesus’ (യീസസ്) എന്നാണ്. വ്യാജ ദേവനുമായി ബന്ധപ്പെട്ട ഒരു പേരാണ് ‘Iesus’ എന്നത്. തുടര്‍ന്നുള്ള ഭാഗത്ത് അത് വിശദീകരിക്കുണ്ട്.

Iesus ല്‍ നിന്നും Jesus ലേക്ക്

‘Iesus’ എന്ന ലാറ്റിന്‍ പദത്തിന്റെ ഇംഗ്ലീഷ് രൂപമാണ് ‘Jesus’. എങ്ങിനെയാണ് ‘Iesus’ എന്ന നാമം ‘Jesus’ ആയിമാറിയത്? ഏകദേശം 500 വര്‍ഷം മുമ്പ് ‘J’ എന്ന അക്ഷരം ഇംഗ്ലീഷ് ഭാഷയില്‍ നിലവിലില്ലായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ‘J’ എന്ന അക്ഷരം Frenchman Pierre Ramus ഇംഗ്ലീഷ് ഭാഷയില്‍ പരിചയ പ്പെടുത്തിയെങ്കിലും പതിനേഴാം നൂറ്റാണ്ട് വരെ അത് ആ ഭാഷയില്‍ പ്രയോഗതലത്തില്‍ വന്നിരുന്നില്ല. 17-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ അത് ഇംഗ്ലീഷ് ഭാഷയില്‍ ഇടംപിടിച്ചു തുടങ്ങി. അക്കാലത്ത്  തന്നെ ഇഗ്ലീഷ് ബൈബിളുകളിലും അത് പ്രയോഗിച്ചുവന്നു.

1384 ല്‍ John Wycliffe ആണ് ആദ്യമായി പുതിയനിയമം ലാറ്റിന്‍ ഭാഷയില്‍നിന്നും ഇംഗ്ലീഷ് ഭാഷയിലേക്ക് വിര്‍ത്തനം ചെയ്യുന്നത്. അതൊരു കൈയെഴുത്ത് രേഖയായിരുന്നു. അതില്‍ അദ്ദേഹം ‘Iesus’ എന്ന ലാറ്റിന്‍ രൂപം നിലനിര്‍ത്തി. പക്ഷെ, ആ പരിഭാഷ വെളിച്ചം കാണാതെപോയി. അത് പോലെ 1525 ല്‍ William Tyndale ആദ്യമായി ഗ്രീക്ക്മൂലത്തില്‍ നിന്നും ഇംഗ്ലീഷ് ഭാഷയിലേക്ക് പുതിയനിയമം പരിഭഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. ലോകത്തിലാദ്യമായി പ്രിന്റ്‌ചെയ്ത ബൈബിള്‍ അതായിരുന്നു. അതില്‍ അദ്ദേഹം Iesous എന്ന ഗ്രീക്ക് നാമം അത് പോലെ നിലനിര്‍ത്തി. ബൈബിള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതിന് അന്നത്തെ ക്രൈസ്തവ സഭയുടെ കീഴിലുള്ള കുപ്രസിദ്ധ ഇന്‍ക്വിസിഷന്‍ കോടതി William Tyndale ന് നല്‍കിയ ശിക്ഷ അതിക്രൂരവും ഭീകരവുമായിരുന്നു. അദ്ദേഹത്തെ അവര്‍ വധസ്തഭ ത്തില്‍ കെട്ടിയിട്ട് ജീവനോടെ ചുട്ടുകൊല്ലുയാണ് ചെയ്തത്.

1611 ല്‍ King James Version English Bible ന്റെ first edition പ്രസിദ്ധീകരിച്ചു. അതിലും Iesous  എന്നഗ്രീക്ക് നാമം തന്നെ നിലനിര്‍ത്തി. 1634 ന് ശേഷമാണ് ഇംഗ്ലീഷ് ബൈബിളുകളില്‍ ‘I’,’Y’ എന്നീ അക്ഷരങ്ങള്‍ക്ക് പകരം ‘J’ എന്ന അക്ഷരം ഉപയോഗിച്ചു തുടങ്ങിയത്.

ഇംഗ്ലീഷ് ഭാഷാ ചരിത്രം പരിശോധിച്ചാല്‍ Iesus (യീസസ്), Jesus (ജീസസ്) ആയതെപ്രകാരമാണെന്ന് കണ്ടെത്താന്‍ കഴിയും. ഏകദേശം 17-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ പരുഷനാമങ്ങള്‍ ‘I’, ‘Y’ എന്നീ ഇംഗ്ലീഷ് അക്ഷരങ്ങള്‍കൊണ്ട് തുടങ്ങുകയാണെങ്കില്‍ അവ ഒഴിവാക്കി ആ സ്ഥാനത്ത് ‘J’ എന്ന അക്ഷരം ചേര്‍ക്കുന്ന സമ്പ്രദായം നിലവില്‍വന്നു. അക്കാലത്താണ് ‘I’, ‘Y’ കൊണ്ട്തുടങ്ങുന്ന പുരുഷനാമങ്ങള്‍ ‘J’ എന്ന അക്ഷരംകൊണ്ട് ആരംഭിക്കാന്‍തുടങ്ങിയത്. അതനുസരിച്ച് Iakob, ‘Jacob’ ആയും Yehowa, ‘Jehowa’ ആയും Iames, ‘James’ ആയും Yoshua, ‘Joshua’ ആയും Iob, ‘Job’ ആയും Yohan, ‘John’ ആയും; അപ്രകാരം Iesus (യീസസ്), ‘Jesus’ (ജീസസ്) ആയി പരിണമിച്ചു. അങ്ങനെയാണ് Iesus, ‘Jesus’ ആയത്.

Iesus അല്ലെങ്കില്‍ Jesus എന്ന നാമം ഗ്രീക്ക്‌ദേവീദേവന്മാരുടെ നാമങ്ങളുമായി നല്ല സാദൃഷ്യമുണ്ട്. ഈ ദേവിദേവന്മാരുടെ പേരുകള്‍ പരിശോധിച്ചാല്‍ അവ ‘sus’, ‘seus’, ‘sous’ എന്നീ അക്ഷരങ്ങളില്‍ അവസാനിക്കന്നതായി കാണാം. പ്രധാന ഗ്രീക്ക് ദേവനായ ‘Zeus’ ന്റെ ഉച്ചാരണവുമായി അവ ബന്ധപ്പെട്ട്കാണുന്നു. അത്‌കൊണ്ട് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം Iesus അല്ലെങ്കില്‍ Jesus എന്ന വാക്ക് pagan മതങ്ങളില്‍ നിന്നും കടംകൊണ്ടതാണെന്നാണ്. Ephesus, Olympus, Mercurius, Cronus തുടങ്ങിയ ദേവീദേവന്മാരുടെ പേരുകള്‍ അതിനുദാഹരണമാണ്.

Jesus എന്ന പേര് യേശുവിന് മാത്രമോ?

יֵשׁוּעַ (Yeshua-യേശുഅ) എന്ന ഹിബ്രു നാമത്തില്‍ നിന്നും Ιησους (Iesous-ഈസൂസ്) എന്ന ഗ്രീക്ക് നാമവും ഈസൂസ് എന്ന ഗ്രീക്ക് നാമത്തില്‍നിന്നും Iesus (ഈസസ്) എന്ന ലാറ്റിന്‍ നാമവും ഈസസ് എന്ന ലാറ്റിന്‍ നാമത്തില്‍ നിന്നും Jesus (ജീസസ്) എന്ന ഇംഗ്ലീഷ് നാമവും രൂപംകൊണ്ടു. അതാണല്ലോ യേശുവിന്റെ പേരിന്റെ പരിണാമചക്രം. യേശുവിന് മാത്രമാണൊ Iesous-ഈസൂസ് എന്ന് നാമകരണം ചെയ്തിട്ടുള്ളത്? പുതിയനിയമ ഗ്രീക്ക് മൂലം പരിശോധിച്ചാല്‍ മൂന്ന് സ്ഥലങ്ങളിലങ്ങളില്‍ രണ്ട് വ്യക്തികള്‍ക്കായി Ιησους (Iesous)  എന്ന് പ്രയോഗിച്ചതായി കാണാം. അപ്പോസ്തല പ്രവൃത്തികള്‍ 7:45, 13:6 വചനങ്ങളിലും എബ്രായര്‍ 4:8 ലുമാണ് അത് കണ്ടുവരുന്നത്. അപ്പോ 7:45ലും എബ്രായര്‍ 4:8 ലും ‘യോശുഅ’ പ്രവാചകനു വേണ്ടിയും അപ്പോ 13:6ല്‍ മന്ത്രവാദിയും വ്യാജപ്രവാചകനുമായ ‘ബര്‍-യേശുവിനു’ വേണ്ടിയുമാണ്  അത് പ്രയോഗിച്ചിട്ടുള്ളത്. അവ ഒരോന്നും പരിശോധിക്കാം.

അപ്പോ 7:45:- ”യോശുവ അവര്‍ക്ക് സ്വസ്ഥതവരുത്തി എങ്കില്‍ മറ്റൊരു ദിവസത്തെക്കുറിച്ച് പിന്നത്തേതില്‍ കല്‍പ്പിക്കയില്ലായിരുന്നു”.

ഈ വചനത്തിലെ ‘യേശുവ’ എന്ന പേര്, ഗ്രീക്ക്, ഹിബ്രു, ഇംഗ്ലീഷ് ഭാഷകളില്‍ എപ്രകാരമാണ് രേഖപ്പെടുത്തിയതെന്ന് നോക്കുക:

ഗ്രീക്ക് ബൈബിളില്‍: ” Ιησους (യീസൂസ്) അവര്‍ക്ക് സ്വസ്ഥതവരുത്തി എങ്കില്‍ മറ്റൊരു ദിവസത്തെക്കുറിച്ച് പിന്നത്തേതില്‍ കല്‍പ്പിക്കയില്ലായിരുന്നു”.

ഗ്രീക്ക് മൂലത്തില്‍ യേശുവിന്റെ നാമമായ ‘യീസൂസ്’ എന്ന പേര് പ്രവാചകനായ യോശുവാക്കും നല്‍കിയിരിക്കുന്നു. യീസൂസിന്റെ ഇംഗ്ലീഷ് രൂപമാണെല്ലൊ Jesus (ജീസസ്). മലയാളബൈബിളില്‍ യോശുവ എന്നാണ്. അപ്പോ 7:45 വചനത്തിലും യേശുവാക്ക് യീസൂസ് എന്നാണ് നല്‍കിയിട്ടുള്ളത്.

ഹിബ്രു ബൈബിളില്‍: ” יֵשׁוּעַ (Yeshua) അവര്‍ക്ക് സ്വസ്ഥതവരുത്തി എങ്കില്‍ മറ്റൊരു ദിവസത്തെക്കുറിച്ച് പിന്നത്തേതില്‍ കല്‍പ്പിക്കയില്ലായിരുന്നു”.

ഹിബ്രു വിര്‍ത്തനത്തില്‍ യീസൂസ്‌ന് പകരം യേശുഅ എന്ന് രേഖപ്പെടുത്തിരിക്കുന്നു. മലയാള ബൈബിളും ഹിബ്രു ബൈബിളും ഏകദേശം യോജിച്ചുപോകുന്നു.

ഇംഗ്ലീഷ് ബൈബിളില്‍: ”Joshua (ജോശുഅ) അവര്‍ക്ക് സ്വസ്ഥതവരുത്തി എങ്കില്‍ മറ്റൊരു ദിവസത്തെ ക്കുറിച്ച് പിന്നത്തേതില്‍ കല്‍പ്പിക്കയില്ലായിരുന്നു”.

ഇംഗ്ലീഷ് ബൈബിളില്‍ ‘യീസൂസ്‌ന്’ പകരം ‘Joshua’ എന്ന് ലിപിമാറ്റിയെഴുതി. വിവര്‍ത്തകര്‍ ഇവിടെ ഒരു കൃതൃമം കാണിച്ചു. അതായത് ഗ്രീക്കില്‍ യേശുവിന്റെ നാമമായ യീസൂസ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ അവര്‍ അത് Jesus എന്നാക്കി. അതനുസരിച്ച് യോശുഅ പ്രവാചകന്റെ പേരും Jesus എന്നാക്കേണ്ടതായിരുന്നു. അല്ലെങ്കില്‍, യേശുവിന്റെ നാമം Jesus ന് പകരം Joshua എന്ന് ലിപിമാറ്റിയെഴു തേണ്ടതായിരുന്നു. കാരണം, ഇരുകൂട്ടരുടെയും പേര് ഗ്രീക്ക്മൂലത്തില്‍ ‘യീസൂസ്’ എന്നാണെല്ലൊ.

ബൈബിള്‍ വിവര്‍ത്തകരും പണ്ഡിതന്മാരും ‘യീസൂസ്’ എന്ന പേരിനെ ‘ലാറ്റിനൈസ്’ ചെയ്ത് ‘Jesus’  എന്നാക്കുമ്പോള്‍ ആ പേര് അസാധാരണമാകുമെന്നാണ് അവരുടെ സങ്കല്‍പ്പം. ‘Jesus’ എന്ന പേര് യേശുവി നല്ലാതെ ബൈബിളില്‍ മറ്റാര്‍ക്കും നല്‍കിയിട്ടില്ലായെന്നും അവര്‍ കരുതുന്നു. എന്നാല്‍ ഈ പേര് യേശുവിനും അദ്ദേഹത്തിന്റെ അനുചരന്മാര്‍ക്കും അപരിചതമാണെന്ന കാര്യം അവര്‍ മറന്നുപോകുന്നു. മാത്രമല്ല, പുതിയനിയമത്തില്‍ ‘Jesus’ എന്ന പേര് വ്യാജപ്രവാചചകന്റെ പിതാവിന് പ്രയോഗിച്ചിട്ടുമുണ്ട്. അത് കാണുക:

അപ്പോ 13:6:- ”അവര്‍ ദ്വീപുമുഴുവന്‍ ചുറ്റിസഞ്ചരിച്ച് പാഫോസിലെത്തിയപ്പോള്‍ ഒരു മന്ത്രവാദിയെ കണ്ടുമുട്ടി. അവന്‍ ബര്‍-യേശു എന്നു പേരുള്ള യഹൂദനായ ഒരു വ്യാജപ്രവാചകനായിരുന്നു”. മലയാള ബൈബിളില്‍ പരിശുദ്ധപ്രവാചകനായ യേശുവിന്റെ പേര് വ്യാജപവാചകന് നല്‍കിയിരിക്കുന്നു.

ഈ വചനത്തിലെ ‘ബര്‍-യേശു’ എന്ന പേര്, ഗ്രീക്ക്, ഹിബ്രു, ഇംഗ്ലീഷ് ഭാഷകളില്‍ എപ്രകാരമാണ് രേഖപ്പെടുത്തിയതെന്ന് നോക്കുക:

ഗ്രീക്ക് ബൈബിളില്‍: ”അവന്‍ Βαρ-Ιησους (ബര്‍-യീസൂസ്) എന്നു പേരുള്ള യഹൂദനായ ഒരു വ്യാജപ്രവാചകനായിരുന്നു”.

ഗ്രീക്ക് മൂലത്തില്‍ യേശുവിന്റെ നാമമായ Ιησους (യീസൂസ്) എന്ന പേര് വ്യജപ്രവാചകന് ചേര്‍ത്ത് പറഞ്ഞിരിക്കുന്നു. Βαρ-Ιησους (ബര്‍-യീസൂസ്) ല്‍ ‘ Βαρ ‘(ബര്‍) എന്നത് ഒരു അരാമിക്ക് പദമാണ്. അതിന്റെ അര്‍ത്ഥം ‘son of’ എന്നുമാണ്. അത്‌കൊണ്ട് ‘ബര്‍യീസൂസ്’ എന്നാല്‍ ‘യേശുവിന്റെ പുത്രന്‍’ എന്നാണര്‍ത്ഥം.

ഹിബ്രു ബൈബിളില്‍: ”അവന്‍ בר־יֵשׁוּעַ (ബര്‍-യേശൂഅ) എന്നു പേരുള്ള യഹൂദനായ ഒരു വ്യാജപ്രവാചകനായിരുന്നു”.

ഇംഗ്ലീഷ് ബൈബിളില്‍: ”അവന്‍ Bar-Jesus എന്നു പേരുള്ള യഹൂദനായ ഒരു വ്യാജപ്രവാചകനായിരുന്നു”.

ഇംഗ്ലീഷ് ബൈബിളില്‍ Βαρ-Ιησους (ബര്‍-യീസൂസ്) എന്ന പേരിനെ ലിപ്യന്തരണം ചെയ്തിരിക്കുന്നത് Bar-Jesus എന്നാണ്. മന്ത്രവാദിയായ വ്യാജപ്രവാചകന്‍ Bar-Jesus ആണ്. അഥവാ Son of Jesus ആണ്. യേശുവിന്റെ പുത്രനാണ്. മുമ്പ് പറഞ്ഞതുപോലെ പരിശുദ്ധനായ യേശുവിന്റെ പേര് ചേര്‍ത്താണ് വ്യാജപ്രവാചകന്‍ Bar-Jesus നെ ബൈബിള്‍ പരിചയപ്പെടുത്തുന്നത്. അത്‌കൊണ്ട് ബൈബിളില്‍ യേശുവിന് മാത്രമല്ല Jesus എന്ന പേരുള്ളത് വ്യാജപ്രവാചകനും ആ പേര് പ്രയേഗിച്ചിട്ടുണ്ടെന്നതാണ് വസ്തുത.

പൗലോസ് ബര്‍-യേശുവിനെ സംബന്ധിച്ച് പറയുന്നു: ”പൗലോസ് എന്നുകൂടിപേരുണ്ടായിരുന്ന സാവൂളാകട്ടെ, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് അവന്റെനേരെ സൂക്ഷിച്ചുനോക്കി പറഞ്ഞു: സാത്താന്റെ സന്താനമേ, സകല നീതിക്കും എതിരായവനെ, ദുഷ്ടതയും വഞ്ചനയും നിറഞ്ഞവനെ, ദൈവത്തിന്റെ നേര്‍വഴികൾ ദുഷിപ്പിക്കുന്നതിൽ നിന്നു വിരമിക്കയില്ലെ?” (അപ്പോ 13:9-10).

ഈ വചനത്തില്‍ പൗലോസ് ബര്‍-യേശുവിനെ സാത്താന്റെ സന്തതിയോടാണ് ഉപമിക്കുന്നത്. അഥവാ ബര്‍-യേശു അല്ലെങ്കില്‍ Bar-Jesus എന്നത് വ്യാജപ്രവാചകന്റെ പേരാണെങ്കിലും പൗലോസ്, യേശുയെന്ന നമത്തെ സാത്താനോടുപമിച്ചു.

യഹോശുവയും യേശുവും

യഹോശുവ എന്ന നാമത്തെ യേശുവിന്റെ നാമവുമായി കൂട്ടിയിണക്കാന്‍ ക്രൈസ്തവ പണ്ഡിതന്മാരും  മിഷണറിമാരും ശ്രമിക്കാറുണ്ട്. Yehoshua എന്നത് Yahweh,  Yasha എന്നീ രണ്ട് പദങ്ങളുടെ സങ്കലനമാണെന്നും അതിന്റെ അര്‍ത്ഥം ‘യഹോവ രക്ഷകനാകുന്നു’ എന്നും അവര്‍ പറയുന്നു. എന്നാല്‍ യേശുവിന്റെ  ജീവിതകാലത്ത് അദ്ദേഹത്തെ ഒരിക്കല്‍പ്പോലും Yehoshua എന്ന് പേര് വിളിച്ചിട്ടില്ല. അത് ചരിത്രംകൊണ്ട് തെളിയിക്കാനും അവര്‍ക്ക് കഴിയുകയുമില്ല. അതൊരു സാധരണ പേരാണ്. ആ പേര് ബൈബിളില്‍ മറ്റു പലര്‍ക്കും പ്രയോഗിച്ചിട്ടുണ്ട്. ചില ഉദ്ധരണികള്‍ കാണുക:

”കര്‍ത്താവിന്റെ പേടകം ഇറക്കിവെച്ച ആ വലിയ കല്ല് ഈ സംഭവത്തിന് സാക്ഷിയായി ഇന്നും ബത് ശെമശുകാരനായ  יְהוֹשֻׁעַ (യഹോശുഅ)യുടെ വലയിലുണ്ട്” (1 സാമുവേല്‍ 6:18).

”നഗരാധിപനായ יְהוֹשֻׁע (യഹോശുഅ)യുടെ പ്രവേശനകവാടത്തില്‍ ഇടത്തുവശത്തുള്ള പൂജാഗിരികള്‍ അവന്‍ തകര്‍ത്തു”                                      (2 രാജാക്കന്മാര്‍ 23:8).

”യൂദായുടെ ദേശാധിപതിയായ ശെയാല്‍ത്തിയേലിന്റെ മകന്‍ സെറുബാബേലിനും, യഹോസദാക്കിന്റെ  മകനും പ്രധാന പുരോഹിതനുമായ יְהוֹשֻׁעַ (യഹോശുഅ)ക്കും ഹഗ്ഗായി പ്രവാചകന്‍ വഴി ലഭിച്ച കര്‍ത്താവിന്റെ അരുളപ്പാട്” (ഹഗ്ഗായി 1:1).  മേൽ പറഞ്ഞ ഹിബ്രു നാമങ്ങൾ  ഹിബ്രു മൂലത്തിൽ നിന്നാണ് എടുത്തിട്ടുള്ളത്.

Yehoshua എന്ന പേരിന്റെ ഉത്ഭവത്തെ സംബന്ധിച്ച് മുമ്പ് സൂചിപ്പിച്ചതാണെല്ലൊ. കാനാന്‍ ദേശം ഒറ്റു നോക്കാന്‍വേണ്ടി അയക്കുന്ന സമയത്ത് മോശ ഹോശേഅക്ക്, യഹോശുഅ എന്ന് പേര് നല്‍കിയെന്ന് സംഖ്യാ പസ്തകം 13:1-16 ല്‍ വിശദീകരിക്കുണ്ട്. 16-ാം വചനത്തിൽ, ”നൂനിന്റെ മകന്‍ הוֹשֵׁעַ (ഹോശേഅ)ക്ക് മോശ יְהוֹשֻׁעַ-Yehoshua യഹോശുഅ എന്നു പേരു കൊടുത്തു” എന്നുകാണാം.

യഹൂദ തോറയായ The Penta teuch and Haftorahs ല്‍ സംഖ്യാ പുസ്തകം 13-ാം അധ്യായം 16-ാം വചനത്തിൻറെ വ്യഖ്യാനം ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്:

”Hoshea signifies, ‘He has helped’. Moses, by -prefixing to it letter of the Divine Name, changed it to Joshua, Heb. Yehoshua, i.e. ‘He will help’, at the same time indicating the Source of salvation”. (The Penta teuch and Haftorahs, Hebrew Text, English Translation and Commentary. page no 624).

ഇവിടെ Hoshea ക്ക്  ‘He has helped’ എന്നും Yehoshua ക്ക് ‘He will help’ അഥവാ ‘അവന്‍ സഹായിക്കും’ എന്നാണര്‍ത്ഥം; അതേസമയം രക്ഷയുടെ ഉറവിടത്തെ സൂചിപ്പിക്കുന്നു എന്നും മേല്‍ കൊടുത്ത വ്യാഖ്യാനത്തില്‍ നിന്നും മനസ്സിലാകുന്നു. നൂനിന്റെ മകനെയാണ് ഇവിടെ Yehoshua എന്ന നാമംകൊണ്ടു ദ്ദേശിക്കുന്നത്. ‘യഹോവ രക്ഷകനാകുന്നു’ എന്നര്‍ത്ഥം യഹൂദരുടെ വ്യാഖ്യാനത്തിലില്ല. അത് ബഹുദൈവ വിശ്വാസത്തിലേക്ക് വിരല്‍ ചൂണ്ടുന്നതുകൊണ്ട് ആ വാദം അവര്‍ അംഗീകരിക്കുകയുമില്ല.

יֵשׁוּעַ (Yeshua-യേശൂഅ) എന്ന നാമത്തിന്റെ പദോല്പത്തി

יֵשׁוּעַ (Yeshua-യേശൂഅ), ഈ പേര് ישע (yesha) എന്ന പദധാതുവില്‍ നിന്നാണ് രൂപംകൊണ്ടിട്ടുള്ളത്. ഹിബ്രുവില്‍ ആ പദധാതുവിന്റെ അര്‍ത്ഥം ‘സുരക്ഷിതത്വം’ (safety) എന്നാണ്. വിവര്‍ത്തകർ പുതിയനിയമ ഹിബ്രു വിവര്‍ത്തനത്തിൽ Ιησους (യീസൂസിന്) പകരമായി יֵשׁוּעַ-Yeshua എന്ന് ലിപിമാറ്റം നടത്തി  ആ പേരിനെ മഹത്വവല്‍ക്കരിച്ച് അതുല്യ നാമമാക്കി അവരുടെ ആദര്‍ശത്തിനൊത്ത് അര്‍ത്ഥം നല്‍കി ‘Salvation’, ‘രക്ഷകന്‍’, ‘യഹോവ രക്ഷകനാകുന്നു/യഹോവ രക്ഷയാകുന്നു’ എന്നൊക്കെയാക്കി മാറ്റി. എന്നാല്‍ ‘യേശുഅ’ എന്ന പേര് മറ്റു പലര്‍ക്കും പ്രയോഗിച്ചതായി പഴയനിയമത്തിലും പുതിയനിയമത്തിലും കാണാം. പഴയനിയമത്തില്‍ നിന്നുള്ള ചില വചനങ്ങള്‍ കാണുക:

”ബാബിലോണ്‍ രാജാവായ നബ്കദ്‌നേസർ ബാബിലോണിലേക്ക് തടവുകാരായി കൊണ്ടുപോയ ജനം പ്രവാസത്തില്‍നിന്ന് തങ്ങളുടെ പട്ടണമായ യരുശലേമിലും യൂദായിലും തിരിച്ചെത്തി. സെരുബാബേല്‍, יֵשׁוּעַ (യേശുഅ), നെഹമിയ എന്നിവരാണ് അവരെ നയിച്ചത്” (എസ്രാ 2:1-2).

”നഗരങ്ങളില്‍ വസിക്കുന്ന പുരോഹിത സഹോദരന്മാര്‍ക്ക് പ്രായഭേദമെന്നിയെ ഗണമനുസരിച്ച് ഓഹരി എത്തിച്ചുകൊടുക്കാന്‍ ഏദെന്‍, മിനിയാമിന്‍, יֵשׁוּעַ (യേശുഅ), ശെമായ, അമരായാ, ശെക്കാനിയാ എന്നിവര്‍ അവനെ സഹായിച്ചു” (2 ദിനവൃത്താന്തം 31:15).

”തുടര്‍ന്ന് മിസ്പായുടെ ഭരണാധികാരിയും יֵשׁוּעַ (യേശൂഅ)യുടെ പുത്രനുമായ ഏസര്‍ മതില്‍ തിരിയുന്നിടത്തെ ആയുധപ്പുരയിലേക്കുള്ള കുന്നിനെതിരെയുള്ള ഭാഗം പണിതു” (നെഹമിയ 3:19).

മേൽ പറഞ്ഞ ബൈബിള്‍ വാക്യങ്ങളിലെ ഹീബ്രു നാമങ്ങൾ  ഹിബ്രുമൂലത്തില്‍ നിന്നുള്ളതാണ്. പുതിയനിയമത്തില്‍ ആ പേര് രണ്ട് വ്യക്തികള്‍ക്കായി മൂന്നു സ്ഥലങ്ങളില്‍ പ്രതിവാതിച്ചിട്ടുണ്ട്. അപ്പോസ്തല പ്രവര്‍ത്തനങ്ങൾ 7:45, 13:6 ലും ഹെബ്രായര്‍ 4:5 ലുമാണത്. മുമ്പ് അത് വിശദീകരിച്ചതാണ്.

മേല്‍ സൂചിപ്പിച്ച ബൈബിള്‍ വാക്യങ്ങളില്‍ വിവിധ വ്യക്തികള്‍ക്ക് നല്‍കിയ ‘യേശുഅ’ എന്ന നാമത്തിനും ‘Salvation’, ‘രക്ഷകന്‍’, യഹോവ രക്ഷകനാകുന്നു/യഹോവ രക്ഷയാകുന്നു എന്നൊക്കെ അര്‍ത്ഥം കൊടുക്കേണ്ടതെല്ലെ? അത്‌കൊണ്ട്, ‘യേശുഅ’ എന്നത് മഹത്വവല്‍ക്കരിക്കപ്പെട്ട ഒരു അതുല്യ നാമമല്ല.  മാത്രമല്ല, മുമ്പ് സൂചിപ്പിച്ചതുപോലെ Yehoshua, Yeshua എന്നീ പരാമര്‍ശങ്ങള്‍ യേശുവിനെക്കുറിച്ചാണെന്നതിന് ചരിത്രപരമായ തെളിവുകളുടെ പിന്‍ബലമില്ല.

യഥാര്‍ത്ഥത്തില്‍ יֵשׁוּעַ (Yeshua-യേശൂഅ) എന്ന പേരിന്റെ അര്‍ത്ഥം ഹിബ്രുഭാഷയില്‍ ‘He is saved’ അഥവാ ‘അവന്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു’ എന്നാണ്. ക്രൈസ്തവ വിശ്വാസപ്രകരം യേശുവിന്റെ ശരിയായ പേര് יֵשׁוּעַ (Yeshua) എന്നാണെങ്കില്‍  അതിന്റ അര്‍ത്ഥം ‘അവന്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു’ എന്നാണെല്ലൊ. അദ്ദേഹം എപ്രകാരമാണ് രക്ഷിക്കപ്പെട്ടിരിക്കുന്നത്? സുവിശേഷങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അത് കണ്ടെത്താന്‍ കഴിയും.

യേശുവിന്റെ ജീവിതകാലത്ത് നിര്‍ണായകഘട്ടത്തിൽ കുരിശ് മരണത്തില്‍നിന്നും രക്ഷപ്പെടുത്തുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ച ഒരു രംഗം ലൂക്കോസ് സുവിശേഷം 22-ാം അദ്ധ്യായം 41 മുതല്‍ 44 വരെയുള്ള വചനങ്ങളില്‍ കാണാം. അതിന്റെ ചുരുക്കം ഇതാണ്: ‘ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റേണമേ’ അതായത് ‘കുരിശു മരണത്തില്‍ നിന്നും’ എന്നെ രക്ഷിക്കേണമേ, എന്ന പ്രാര്‍ത്ഥനയായിരുന്നു അത്. ഈ പ്രാര്‍ത്ഥന അദ്ദേഹത്തിന്റെ ദൈവഭയം മൂലം ദൈവം കേട്ടു എന്നും മരണത്തില്‍ നിന്നും രക്ഷിച്ചുവെന്നും ബൈബിള്‍ തന്നെ സമര്‍ഥിക്കുന്നുണ്ട്. ഹെബ്രായര്‍ 5:7 ല്‍ പറയുന്നു:

”തന്റെ ഐഹിക ജീവിത കാലത്ത് ക്രിസ്തു മരണത്തില്‍ നിന്നും തന്നെ രക്ഷിക്കാന്‍ കഴിവുള്ളവനോട് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്റെ ദൈവഭയം മൂലം അവന്റെ പ്രാര്‍ഥന കേട്ടു”

യേശു നീതിമാനാണല്ലോ. യാക്കോബ് 5:16 വചനത്തില്‍ പറയുന്നു: ”നീതിമാന്റെ ശ്രദ്ധയോട്കൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു”. അത്‌കൊണ്ട് യേശുവിന്റെ ജീവിതകാലത്ത് നിര്‍ണായകഘട്ടത്തിൽ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിവുള്ള ദൈവത്തോട് നടത്തിയ പ്രാര്‍ഥന ദൈവം കേട്ടു. അങ്ങനെ കുരിശ് മരണമെന്ന ശാപത്തില്‍ നിന്നും ദൈവം യേശുവിനെ രക്ഷിച്ചു. എത്ര സ്പഷ്ടമായിട്ടാണ് ബൈബിള്‍  അത് സമര്‍ത്ഥിക്കുന്നത്! ഈ സംഭവം יֵשׁוּעַ (Yeshua-യേശൂഅ) എന്ന പേരിനോട് നീതിപുലര്‍ത്തുന്നു.

വിശുദ്ധ ഖുര്‍ആനും അതംഗീകരിക്കുന്നു! നാലാം അദ്ധ്യായം സൂറത്ത് അന്നിസാഇലെ 184,185 വചനങ്ങളിൽ പറയുന്നു: ”വാസ്തവത്തില്‍ അദ്ദേഹത്തെ (യേശുവിനെ) അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല; ക്രൂശിച്ചിട്ടുമില്ല. പക്ഷെ, അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു”.

യേശുവിന്റെ പേര് യേശുഅ ആണെന്നതിന് ബൈബിളില്‍ തെളിവോ? യേശുവിന്റെ യഥാര്‍ത്ഥ നാമം יֵשׁוּעַ (Yeshua-യേശൂഅ) എന്നാണെന്നും അത് ഹിബ്രു നാമമാണെന്നും അതിന് ബൈബിളില്‍ തെളിവുണ്ടെന്നും ഒരു പക്ഷെ മിഷണറിമാര്‍ വാദിച്ചേക്കാം. ബൈബിളില്‍ നിന്നുള്ള തെളിവ് കാണുക:

”പീലാത്തോസ് ഒരു ശീര്‍ഷകം എഴുതി കുരിശിനു മുകളില്‍ വച്ചു. നസറായനായ യേശു യഹൂദന്മാരുടെ രാജാവ്. യേശുവിനെ ക്രൂശിച്ച സ്ഥലം പട്ടണത്തിനു സമീപമായിരുന്നതിനാല്‍ യഹൂദരില്‍ പലരും ആ ശീര്‍ഷകം വായിച്ചു. അത് എബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു” (യേഹന്നാന്‍ 19:19-20).

മേല്‍ സൂചിപ്പിച്ച ബൈബിള്‍ വചനത്തിലെ അടിവരയിട്ട ‘എബ്രായ’ (ഹിബ്രു) ഭാഷ എന്നതാണ് തെളിവ്. അഥവാ, കുരിശിനു മുകളിലെ ശീര്‍ഷകത്തിൽ ഹിബ്രു ഭാഷയില്‍ യേശുവിന്റെ പേര് എഴുതിവെച്ചു എന്ന് സാരം. എന്നാല്‍ ഈ തെളിവ് അടിസ്ഥാനരഹിതമാണ് എന്നതാണ് വസ്തുത. കാരണം, യേശുവിന്റെ കാലത്തൊ അതിനു മുമ്പോ ശേഷമോ നൂറ്റാണ്ടുകളോളം ഹിബ്രു ഒരു മൃതഭാഷയായിരുന്നു. B C 586 ലെ ബാബേല്‍ പ്രവാസം മുതല്‍ ഏലിയാസര്‍ ബെന്‍ യഹൂദയുടെ ശ്രമഫലമായി ക്രിസ്താബ്ദം 1890 ല്‍ ഹിബ്രുഭാഷാ കൗണ്‍സിൽ രൂപം കൊള്ളുന്നത് വരെ ആ ഭാഷക്ക് തിരോധാനം സംഭവിച്ചിരുന്നു. അതൊരു പണ്ഡിത ഭാഷയായി ഒതുങ്ങിനിന്നിരുന്നു. മറിച്ച് ബാബേല്‍ പ്രവാസം മുതല്‍ ക്രിസ്താബ്ദം 700 വരെ യഹൂദായിലും മറ്റു പ്രദേശങ്ങളിലും നിലനിന്നിരുന്ന ഭാഷ അരാമിക്കായിരുന്നു.

ഇവിടെ സുവിശേഷം എഴുതിയ യോഹന്നാന് 19:20 വചനത്തില്‍ ഭാഷാപരമായി അബദ്ധം സംഭവിച്ചിട്ടുണ്ട്. ഈ വചനത്തില്‍ മാത്രമല്ല, പല വചനങ്ങളിലും അത് വന്നിട്ടുണ്ട്. ചില ഉദ്ധരണികള്‍ കാണുക:

”അവര്‍ യേശുവിനെ കയ്യേറ്റു, അവന്‍ താന്‍തന്നേ കുരിശ് ചുമന്നുകൊണ്ട് എബ്രായ ഭാഷയില്‍ ഗോല്‍ഗോഥാ എന്ന് പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്ക് പോയി” (യോഹന്നാന്‍ 19:17).

അടിവരയിട്ട പദം നോക്കുക: ‘എബ്രായ ഭാഷയില്‍’ അഥവാ ഹിബ്രു ഭാഷയില്‍ എന്ന് എഴുതിയിരിക്കുന്നു. അത് ബൈബിള്‍ എഴുത്തുകാര്‍ക്ക്പറ്റിയ അബദ്ധമാണ്. അവിടെ വേണ്ടിരുന്നത് ‘അരമായ ഭാഷയില്‍’ എന്നായിരുന്നു. കാരണം, ‘ഗോല്‍ഗോഥാ’ എന്നത് അരമായപദമാണ്.

”ജറുസലേമില്‍ അജകവാടത്തിനടുത്ത് ഹെബ്രായ ഭാഷയില്‍ ബേത്‌സഥ എന്ന് വിളിക്കുന്ന ഒരു കുളമുണ്ടായിരുന്നു.” (യോഹന്നാന്‍ 5:2)

അടിവരയിട്ട ഭാഗത്ത് വേണ്ടത് ‘അരമായ ഭാഷയില്‍’ എന്നാണ്. കാരണം, ബേത്‌സഥ എന്നതും അരമായ പദമാണ്. യോഹന്നാന് മാത്രമല്ല, ക്രൈസ്തവതയുടെ സ്ഥാപകനായ പൗലോസിനുപോലും ഈ അബദ്ധം പിടികൂടിയിട്ടുണ്ട്. അത് കാണുക: പൗലോസ് പറയുന്നു:

ഹെബ്രായ ഭാഷയില്‍ എന്നോട് പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു”(അപ്പോ 26:14).

ഇവിടേയും വേണ്ടിയിരുന്നത് ”അരമായ ഭാഷയില്‍’ എന്നായിരുന്നു. അത്‌പോലെയുള്ള ഒരു അബദ്ധമാണ് യേഹന്നാന് 19:20 ലും സംഭവിച്ചിട്ടുള്ളത്. ഇവിടെ, ”അത് എബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു”, എന്നതിന് പകരം ”അത് അരമായയിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു” എന്നായിരുന്നു വേണ്ടിയിരുന്നത്. അത്‌കൊണ്ട് യേശുവിന്റെ യഥാര്‍ത്ഥപേര് യേശുഅ ആയിരുന്നു എന്നതിന് യേഹന്നാന്‍ 19:19-20 വചനം തെളിവല്ല.

യേശുവിന്റെ പേരിലെ ആശയക്കുഴപ്പം

യേശുവിന്റെ പേരിനെ പറ്റി പഠനം നടത്തുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തേളം, അയാള്‍ പഠിക്കുന്തോറും ആശയക്കുഴപ്പത്തിലും ചിന്താക്കുഴപ്പത്തിലും എത്തിച്ചേരുന്നതായി കാണാം. കാരണം, ക്രൈസ്ത വരുടെ അടിസ്ഥാന വേദഗ്രന്ഥമായ പുതിയനിയമം എഴുതപ്പെട്ടത്  പരിശുദ്ധാത്മാവിന്റെ പ്രേരണയാലാണെന്നും അതിലെ ഓരോ വാക്കും ദൈവത്തിന്റെതാണെന്നും ക്രൈസ്തവ പണ്ഡിതന്മാരും മിഷണറിമാരും വാദി ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.  എങ്കില്‍, അതിലെ Ιησους (യീസൂസ്) എന്ന പേര് യേശുവിന് ദൈവം നല്‍കിയതായിരിക്കണം. മത്തായി സുവിശേഷം 1:21 ല്‍ പറയുന്നു: ”നീ അവന് Ιησους യീസൂസ് എന്നുപേരിടണം”. ആയതിനാല്‍ Ιησους (യീസൂസ്) എന്നത് യേശുവിന്റെ യഥാര്‍ത്ഥ നാമമായിരിക്കണം. ക്രൈസ്തവ വിശ്വാസപ്രകാരം സാക്ഷാല്‍ ദൈവമാണെല്ലൊ അത് പറഞ്ഞത്. എന്നാല്‍ ക്രൈസ്തവ പണ്ഡിതന്മാര്‍ പറയുന്നു, Ιησους (യീസൂസ്) എന്നത് ഹിബ്രു നാമമായ יֵשׁוּעַ (യേശുഅ) എന്ന നാമത്തിന്റെ പരിഭാഷയൊ ലിപ്യന്തരണമൊ ആണെന്ന്. ഇത് മുമ്പ് വിശദീകരിച്ചതാണ്. അപ്പോള്‍ ആരുടെവാക്കാണ് യഥാര്‍ത്ഥമായത്? ദൈവത്തിന്റെതോ അതോ ക്രൈസ്തവ പണ്ഡിതന്മാരുടേതോ? ചിന്തിക്കേണ്ട വിഷയമാണ്. അത്‌കൊണ്ടാണ് പഠിതാക്കള്‍ ആശയക്കുഴപ്പത്തിലൊ ചിന്താക്കുഴപ്പത്തിലൊ എത്തിച്ചേരുമെന്ന് പറഞ്ഞത്. മറ്റൊരു ചിന്താക്കുഴപ്പം കാണുക:

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്തിട്ടുള്ള വേദഗ്രന്ഥം ബൈബിളാണ്. അത് ലോകത്തിലെ മിക്കാവറും ഭാഷകളിലേക്ക്  പരിഭഷപ്പെടുത്തിയിട്ടുണ്ടെന്നാണ് ക്രൈസ്തവ ഭാഷ്യം. അതില്‍ യേശുവിന്റെ പേര് അതാത് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയൊ ലിപ്യാന്തരണം നടത്തുകയൊ ചെയ്തിട്ടുണ്ടെന്നാണ് ആ ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. ഒരാളുടെ പേര് പ്രത്യേകിച്ചും ഒരു മഹത് വ്യക്തിയുടെ പേര് വിവര്‍ത്തനമോ ശരിയായ രീതിയിലല്ലാതെ ലിപ്യന്തരണമോ ചെയ്യുന്നത് ആ വ്യക്തിയോടു ചെയ്യുന്ന അക്രമമാണ്. അത് മുമ്പ് വിശദീകരിച്ചതാണ്.

യേശുവിന്റെ പേരിടലുമായി ബന്ധപ്പെട്ട ബൈബിള്‍ വചനം മുമ്പ് സൂചിപ്പിച്ചുവല്ലൊ. അത് ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കട്ടെ! ”അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം”. ഇതര ഭാഷകളില്‍ ആ പേര് എപ്രകാരമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കാണുക: (ഇതര ഭാഷകളില്‍ യേശുവിന് നല്‍കിയ പേരുകള്‍ താഴെയുള്ള വചനത്തില്‍ അടിവരയിട്ട് സൂചിപ്പിച്ചിട്ടുണ്ട്. അവ ശ്രദ്ധാപൂര്‍വ്വം വായിക്കുക).

മലയാള ബൈബിളില്‍: ”അവന് യേശു എന്നുപേരിടണം”.

Greek  ബൈബിളില്‍: ”അവന് Iesous എന്നുപേരിടണം”.

Latin ബൈബിളില്‍: ”അവന് Iesus എന്നുപേരിടണം”.

Hebrew ബൈബിളില്‍: ”അവന് Yeshua എന്നുപേരിടണം”.

Syriac ബൈബിളില്‍: ”അവന് Iesho എന്നുപേരിടണം”.

English ബൈബിളില്‍: ”അവന് Jesus എന്നുപേരിടണം”.

Arabic ബൈബിളില്‍: ”അവന് Yasooa എന്നുപേരിടണം”.

Albanian ബൈബിളില്‍: ”അവന് Jezusi എന്നുപേരിടണം”.

Arberesh ബൈബിളില്‍: ”അവന് Isuthi എന്നുപേരിടണം”.

Armenian ബൈബിളില്‍: ”അവന് Hisus എന്നുപേരിടണം”.

Azerbaijan ബൈബിളില്‍: ”അവന് Isa എന്നുപേരിടണം”.

Dutch ബൈബിളില്‍: ”അവന് Jezus എന്നു പേരിടണം”.

Fijian ബൈബിളില്‍: ”അവന് Jisu എന്നു പേരിടണം”.

Irish ബൈബിളില്‍: ”അവന്  Iosa എന്നുപേരിടണം”.

Italian ബൈബിളില്‍: ”അവന് Gesu എന്നു പേരിടണം”.

Limbargish ബൈബിളില്‍: ”അവന് Zjezus എന്നു പേരിടണം”.

Mangolian ബൈബിളില്‍: ”അവന് Ecyc എന്നു പേരിടണം”.

Swahili ബൈബിളില്‍: ”അവന് Yesu എന്നു പേരിടണം”.

Ukrainian ബൈബിളില്‍: ”അവന് Icyc എന്നു പേരിടണം”.

Usbek ബൈബിളില്‍: ”അവന് Iso എന്നു പേരിടണം”.

Welsh ബൈബിളില്‍: ”അവന് Iesu എന്നു പേരിടണം”.

Zulu ബൈബിളില്‍: ”അവന് uJesu എന്നു പേരിടണം”.

മേല്‍ സൂചിപ്പിച്ച വിവിധ ഭാഷയിലുള്ള ബൈബിളുകളില്‍ യേശുവിന്റെ പേര് എപ്രകാരമാണ് രേഖപ്പെടുത്തിയതെന്ന് നാം കണ്ടു. ഇവിടെ ഒരു ചോദ്യം ഉരുത്തിരിഞ്ഞുവരുന്നു. അവയില്‍ ഏതായിരിക്കും യഥാര്‍ത്ഥ മായത്? പഠിക്കുന്തോറും പ്രശ്നങ്ങളിന്മേൽ പ്രശ്നം നമ്മെ വേട്ടയാടുന്നു! സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവയൊന്നും യഥാര്‍ത്ഥ നാമമല്ലായെന്ന നിഗമനത്തിലെത്തിച്ചേരുമെന്നുള്ള കാര്യം ഉറപ്പാണ്. ഏതായാലും യേശുവിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ പേര് അദ്ദേഹത്തിന്റെ ഭാഷയില്‍ വിളിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. അത് ഏതായിരിക്കും?

ഖുര്‍ആനിൽ യേശുവിനെ എന്ത് പേരിലാണ് വിളിക്കുന്നത്?

വിശുദ്ധ ഖുര്‍ആൻ മറ്റു വേദഗ്രന്ഥങ്ങളില്‍ നിന്നും വളരെയേറെ വ്യത്യസ്തമായി നിലനില്‍ക്കുന്നു. ദൈവീകമാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആൻ. മറ്റു വേദഗ്രന്ഥങ്ങള്‍ ഒന്നും തന്നെ സ്പഷ്ടവും വ്യക്തവുമായി അവ ദൈവീകമാണെന്ന് സ്വയം പ്രഖ്യാപിക്കുന്നില്ല. അത്‌കൊണ്ട് ദൈവീക ഗ്രന്ഥമായ ഖുര്‍ആനിൽ അബദ്ധങ്ങളൊ വൈരുദ്ധ്യങ്ങളൊ ഒന്നും തന്നെ കണ്ടെത്താന്‍ കഴിയുകയില്ല. ഖുര്‍ആൻ പറയുന്നു:

”തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം (ഖുര്‍ആൻ) അവതരിപ്പിച്ചത് തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്” (15:9).

”ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വ്വലോക രക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല” (32:2).

”അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലെ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കിൽ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു” (4:82).

ഖുര്‍ആനെ സംബന്ധിച്ച് പ്രപഞ്ചനാഥന്‍ സാക്ഷ്യപ്പെടുത്തിയ ഏതാനും ചില വചനങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. ഇത് ഇവിടെ കുറിക്കാന്‍ കാരണം, ഒരു ദൈവീകഗ്രന്ഥം എന്നത് സത്യാസത്യ വിവേചനത്തിനുള്ള മാനദണ്ഡമാണ്. അതില്‍ കല്‍പ്പിച്ചതെല്ലാം നന്മയും അതില്‍ വിരോധിച്ചതെല്ലാം തിന്മയുമാണ്.

ഖുര്‍ആനിൽ യേശുവിനെ എന്ത് പേരിലാണ് വളിക്കുന്നത്? എന്നാണെല്ലൊ ചര്‍ച്ചാവിഷയം. യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട വിവരണം, വിശുദ്ധ ഖുര്‍ആൻ പറയുന്നു:

”മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മറിയമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മറിയമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമിപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും” (3:45).

‘മറിയമിന്റെ മകന്‍ മസീഹ് ഈസാ’ എന്നത് ബൈബിളില്‍ പറഞ്ഞ യേശുവിന്റെ പൂര്‍ണ പേരാണ്. ‘മസീഹ് ഈസാ’ എന്നത് സുറിയാനിയില്‍ ‘ഈശോ മിശീഹ’ അല്ലെങ്കില്‍ ‘ഈസോ മസീഹ’ എന്നും ഹിബ്രുവില്‍ ‘യേശുഅ മശീഹ’ എന്നും ഗ്രീക്കില്‍ ‘യീസൂസ് ക്രിസ്‌റ്റോസ്’ എന്നും ഇംഗ്ലീഷില്‍ ‘ജീസസ് ക്രൈസ്റ്റ്’ എന്നും മലയാളത്തില്‍ ‘യേശു ക്രിസ്തു’ എന്നും പറഞ്ഞുവരുന്നു.

യേശുവിന്റെ ജീവിതകാലത്ത് വിളിച്ചിരുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ‘ഈസാ’ എന്നായിരുന്നു എന്ന് വിശുദ്ധ ഖുര്‍ആൻ പറയുന്നു. ‘ഈസാ’ എന്ന ഖുര്‍ആന്റെ പ്രയോഗം ‘യേശു’ എന്നതിനേക്കാള്‍ ചരിത്രപരമായി കൃത്യതയുള്ളതാണ്. ആ പേര് അരാമിക്ക് നാമവുമായി ബന്ധപ്പെട്ട്കിടക്കുന്നു. കാരണം, ഇന്ന് അരാമിക്ക് ഭാഷയുമായി ഏറ്റവുമടുത്ത് ബന്ധപ്പെട്ടു നില്‍ക്കുന്നത് സുറിയാനി ഭാഷയാണ്. സുറിയാനി ബൈബിള്‍ അറിയപ്പെടുന്നത് Aramic/Peshetha (Estrangale Script) Bible എന്ന പേരിലാണ്.  ഈ ബൈബിള്‍ വ്യഞ്ജനാക്ഷരങ്ങളിലാണ് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. അതിലെ ‘ഈശോ മിശീഹ’ എന്നതിനെ ‘ഈസോ മസീഹ’ എന്നും ‘ഈസാ മസീഹ്’ എന്നും ഉച്ഛരിക്കാം.

‘ഈസാ മസീഹ്’ എന്നും ഉച്ഛരിക്കാം എന്നോ? ഈ ചോദ്യം ഒരു പക്ഷെ ക്രൈസ്തവര്‍ ഉന്നയിച്ചേക്കാം. അതിലൊരു വസ്തുതയുണ്ട്. ഹിബ്രു, അരാമിക്ക്, സുരിയാനി ഭാഷകള്‍ സെമെറ്റിക്ക് ഭാഷാ വിഭാഗത്തിലാണ് ഉള്‍കൊള്ളുന്നത്. ക്രിസ്താബ്ദം 1008 വരെ ഹിബ്രു ഭാഷ എഴുതിയിരുന്നത് വ്യഞ്ജനാക്ഷരങ്ങളില്‍ (Consonant letter) ആണ്. 1008 ന് ശേഷമാണ് ഹിബ്രു സ്വരാക്ഷരങ്ങള്‍ (Hebrew vowel points/Nikkud) ആ ഭാഷയില്‍ ഉപയോഗിച്ച് തുടങ്ങുന്നത്.

משה എന്നത് ഹിബ്രു ബൈബിളില്‍ ‘മോശ’ എന്ന പേരിന്റെ വ്യഞ്ജനാക്ഷരങ്ങളാണ്. അതില്‍ ഉചിതമായ സ്വരചിഹ്നങ്ങള്‍ ചേര്‍ത്ത് מֹשֶׁה (മോശ) എന്നും מֻשׂה (മൂസ) എന്നും വായിക്കാം. ഹിബ്രു, അരാമിക്ക്, സുരിയാനി ഭാഷകളില്‍ ‘സ’ ക്കും ‘ശ’ ക്കും ഒരു അക്ഷരമേയുള്ളു. അത് ׳ש׳ (Shin) ആണ്. ׳ש׳ (Shin) ന് ഉചിതമായ സ്വരചിഹ്നം ചേർത്ത് ‘‘-സ എന്നും ‘‘-ശ എന്നും എഴുതാം. സ്വരചിഹ്നങ്ങൾ നോക്കി മനസിലാക്കുക. מֹשֶׁה (മോശ), מֻשׂה (മൂസ) എന്നീ നാമങ്ങളിലെ വ്യഞ്ജനാക്ഷരങ്ങള്‍ക്ക് മാറ്റമില്ല; എന്നാല്‍ അതിലെ സ്വരചിഹ്നങ്ങള്‍ക്ക് മാറ്റമുണ്ട്. מֹשֶׁה (മോശ), מֻשׂה (മൂസ) എന്ന നാമങ്ങള്‍ക്ക് എപ്രകാരമാണ് സ്വരചിഹ്നങ്ങള്‍ ചേര്‍ത്തിരിക്കുന്നതെന്ന് നോക്കുക.

അത്‌പോലെ  אברהם എന്നത് ‘അബ്രഹാം’ എന്ന നാമത്തിന്റെ വ്യഞ്ജനാക്ഷരങ്ങളാണ്. അതില്‍ ഉചിതമായ സ്വരചിഹ്നങ്ങള്‍ ചേര്‍ത്ത് אַבְרָהָם (അബ്രഹാം) എന്നും אִבְרָהִם (ഇബ്രാഹിം) എന്നും വായിക്കാം. ആ നാമങ്ങളിലെ വ്യഞ്ജനാക്ഷരങ്ങള്‍ക്ക് മാറ്റമില്ല; എന്നാല്‍ അതിലെ സ്വരചിഹ്നങ്ങള്‍ക്ക് മാറ്റമുണ്ട്. אַבְרָהָם (അബ്രഹാം),  אִבְרָה (ഇബ്രാഹിം) എന്നീ നാമങ്ങളില്‍ എപ്രകാരമാണ് സ്വരചിഹ്നങ്ങള്‍ ചേര്‍ത്തിരിക്കുന്നതെന്ന് നോക്കുക.

അത്‌പോലെ, സുറിയാനിലെ ‘ഈശോ മിശീഹ’ എന്ന നാമത്തില്‍ ഉചിതമായ സ്വരചിഹ്നങ്ങള്‍ ചേര്‍ത്ത് ‘ഈസാ മസീഹ്’ എന്ന് വായിക്കാം. ‘ഈശോ’ എന്ന പേരില്‍ ഉചിതമായ സ്വരചിഹ്നങ്ങള്‍ ചേര്‍ത്ത് ‘ഈസാ’ എന്നും വായിക്കാം.

ശ്രദ്ധേയമായ ഒരു കാര്യം, ചില ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത ബൈബിളുകളില്‍ യേശുവിന്, ‘ഈസാ’ എന്ന് തന്നെയാണ് പേര് നല്‍കിയിട്ടുള്ളത്. ഈ വിവര്‍ത്തകർ യേശുവിന്റെ നാമത്തെ അതാതു ഭാഷക്കനുസരിച്ച് ലിപിമാറ്റം നടത്തിയില്ല എന്നത് വളരെ ചിന്തനീയമാണ്. താഴെയുള്ള വചനങ്ങള്‍ നോക്കുക:

Hindi ബൈബിളില്‍: ”അവന് Esa എന്നു പേരിടണം”.

Urdu ബൈബിളില്‍: ”അവന് Esa എന്നു പേരിടണം”.

Kurdish ബൈബിളില്‍: ”അവന് Isa എന്നു പേരിടണം”.

Turkish ബൈബിളില്‍: ”അവന് Isa  പേരിടണം”.

Turkmen ബൈബിളില്‍: ”അവന് Isa എന്നു പേരിടണം”.

Azerbaijan ബൈബിളില്‍: ”അവന് Isa എന്നുപേരിടണം”.

ഈ ബൈബിളുകളിലെല്ലാം യേശുവിന്റെ പേര് നല്‍കിയിരിക്കുന്നത് ‘ഈസ’ എന്നാണ്. അത്‌കൊണ്ട് عِيسَ (ഈസാ) എന്നാണ് യേശുവിന്റെ യഥാര്‍ത്ഥ നാമം عِيسَ (ഈസാ) എന്ന ഖുര്‍ആന്റെ പ്രയോഗം ‘യേശു’ എന്നതിനേക്കാള്‍ ചരിത്ര പരമായി കൃത്യതയുള്ളതുമാണ്.

print

2 Comments

  • Very good message

    Salil 06.03.2019
  • Native language ലെ പേരുകൾക്ക് വളരെ പ്രാധാന്യമുണ്ട് എന്ന് ഉദാഹരണ സഹിതം ഈ ലേഖനം സമർത്ഥിക്കുന്നുണ്ട്.

    Hebrew & Arabic ഒരേ language family ൽ പെട്ട ഭാഷകളാണ് എന്നിരിക്കെ Hebrew Bibleൽ നിന്ന് കടമെടുത്ത Native Hebrew പേരുകൾ അറബി ഖുറാനിൽ ചേർത്തപ്പോൾ അവക്കൊന്നും അർത്ഥമില്ലാതായി പോയത് എന്ത് കൊണ്ടാണ് ?

    അബ്രാഹം എന്ന പേരിന് അർത്ഥമുണ്ട്; ഖുറാനിലെ ഇബ്രാഹിം എന്ന പേരിന് എന്തേലും അർത്ഥമുണ്ടോ ?

    എല്ലാം പോട്ടെ, ഖുറാൻ എത്തിച്ച് തന്നു എന്ന് മുസ്ലിങ്ങൾ കരുതുന്ന ജിബ്രീലിന്റെ പേരിന് എന്തേലും അർത്ഥമുണ്ടോ ?

    Truth_Seeker 21.12.2019

Leave a Reply to Salil Cancel Comment

Your email address will not be published.