ഈമാൻ വർദ്ധിപ്പിക്കാൻ പത്ത് കാര്യങ്ങൾ

//ഈമാൻ വർദ്ധിപ്പിക്കാൻ പത്ത് കാര്യങ്ങൾ
//ഈമാൻ വർദ്ധിപ്പിക്കാൻ പത്ത് കാര്യങ്ങൾ
സർഗാത്മക രചനകൾ

ഈമാൻ വർദ്ധിപ്പിക്കാൻ പത്ത് കാര്യങ്ങൾ

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ (റ)  പറഞ്ഞു: ഈമാൻ എന്നാൽ നാവുകൊണ്ട് ഉച്ചരിക്കലും ഹൃദയംകൊണ്ട് സത്യപ്പെടുത്തലും അവയവങ്ങൾ കൊണ്ടുള്ള പ്രവർത്തനവുമാണ്. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക വഴി ഈമാൻ വർദ്ധിക്കുകയും പാപങ്ങൾ ചെയ്യുന്നതിലൂടെ അത് കുറയുകയും ചെയ്യും.

അല്ലാഹുവിനേയും റസൂലിനേയും അനുസരിക്കുന്നതിലൂടെയും പാപങ്ങൾ വർജിക്കുന്നതിലൂടെയും അധികരിക്കുന്ന ഒന്നാണ് ഈമാൻ. ഈമാൻ വർദ്ധിക്കുന്ന ധാരാളം കാര്യങ്ങൾ ഖുർആനും സുന്നത്തും പഠിപ്പിച്ചിട്ടുണ്ട്. അത് നമ്മുടെ ജീവിതത്തിൽ പകർത്തുന്നതോടെ ഈമാനികമായ ജീവിതം കൈവരിക്കാൻ നമുക്ക് സാധിക്കും, അത്തരം ചില കാര്യങ്ങൾ സൂചിപ്പിക്കാം.

  1.  അറിവ് സമ്പാദിക്കുക

ഖുർആനും സുന്നത്തും പഠിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുക. അല്ലാഹുവിനെ കുറിച്ചും അവന്റെ നാമഗുണവിശേഷണങ്ങളെ കുറിച്ചും പഠിക്കുക. അല്ലാഹുവിനെക്കുറിച്ച് പഠിക്കുന്നതോടെ അവനിലുള്ള ഭയഭക്തി വർദ്ധിക്കുകയും അവൻ കല്പിച്ചത് ചെയ്യാനും നിരോധിച്ചത് വെടിയാനും പ്രേരിതമാകും.  ഇത് ഈമാൻ വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണമാണ്.

  1. നബി () യുടെ ചരിത്രം പഠിക്കുക

നബി (സ) യുടെ സ്വഭാവഗുണവിശേഷണങ്ങളും, അവിടുന്ന് ഓരോ മേഖലയിലും ഇടപഴകിയിരുന്ന രീതിയും അടങ്ങിയ നബി (സ) യുടെ ചരിത്രം പഠിക്കുന്നതോടെ അവിടുത്തോടുള്ള  സ്നേഹം വർദ്ധിക്കുകയും അത് നബി (സ) യുടെ കൽപനകൾ പ്രാവർത്തികമാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇത് നമ്മുടെ ഈമാൻ വർദ്ധിക്കാൻ കാരണമാവുകയും ചെയ്യുന്നു.

  1. ഇസ്ലാമിനെക്കുറിച്ച്  യഥാരൂപത്തിൽ പഠിക്കുക

ഇസ്‌ലാം മതവും അതിന്റെ പ്രത്യേകതകളും ശ്രേഷ്ഠതകളും പഠിക്കുന്നത് ഈമാനിക വർദ്ധനവിന് കാരണമാകും. അതായത് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്നതോടെ അതാണ് ശരിയായതും അല്ലാഹു തൃപ്തിപ്പെട്ടതുമായ മതമെന്നും അതല്ലാത്ത ഒരു മതവും അല്ലാഹു സ്വീകരിക്കുകയില്ല എന്നും മനസ്സിലാക്കാൻ സാധിക്കുന്നു. അതുപോലെ ഇസ്‌ലാമിന്റെ നീതിപൂർവ്വമായ വിധികളും നേരായ മതനിയമങ്ങളും അറിയുന്നതോടെ ഒരു വിശ്വാസിയുടെ ഈമാൻ വർധിക്കുകയും അവന്റെ ഈമാനിന് ശക്തി കൂടുകയും ചെയ്യും.

  1. അർത്ഥം മനസ്സിലാക്കി ഖുർആൻ  പാരായണം ചെയ്യുക

ഖുർആൻ അർത്ഥം മനസ്സിലാക്കി പാരായണം ചെയ്യുമ്പോൾ അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ വൈവിധ്യങ്ങളും ആ സ്രഷ്ടാവിന്റെ വിശേഷണങ്ങളും സൃഷ്ടികളുടെ ജീവിതത്തിനാവശ്യമായി അവൻ നൽകിയ കാര്യങ്ങളും അത് ഖുർആനിൽ പ്രതിപാദിച്ച ശൈലിയും ഇങ്ങനെ ഖുർആനിൽ അടങ്ങിയിട്ടുള്ള കാര്യങ്ങൾ ഒരു വിശ്വാസിയെ അത്ഭുതപ്പെടുത്തുന്നതാണ്. ഇത് അവന്റെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും ഈമാൻ വർദ്ധിക്കുന്നതിനും  കാരണമാകുന്നു.

(അല്ലാഹുവെപ്പറ്റി പറയപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങൾ വായിച്ചു കേൾപിക്കപെട്ടാൽ വിശ്വാസം വർധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേൽ ഭരമേൽപിക്കുകയും ചെയ്യുന്നവർ മാത്രമാണ് സത്യവിശ്വാസികൾ.) [സൂറത്തുൽ അൻഫാൽ :2]

  1. സച്ചരിതരായ മുൻഗാമികളുടെ  ചരിത്രം പഠിക്കുക

സ്വഹാബാക്കളുടെയും അവരെ പിന്തുടർന്ന് ജീവിച്ച താബിഉകളുടെയും തബഉതാബിഉകളുടെയും ശ്രേഷ്ടതകളും അവർ ഇസ്‌ലാമിന് വേണ്ടി ചെയ്ത സേവനങ്ങളും അതിന്റെ സംസ്ഥാപനത്തിന് വേണ്ടി സഹിച്ച ത്യാഗങ്ങളും അവരുടെ ചരിത്രങ്ങളിൽ നമുക്ക് കാണാൻ സാധിക്കും. ഇത് പഠിക്കുന്നതിലൂടെ അവരെ പോലെ ജീവിക്കാനും അവർ ചെയ്ത പോലെ ഇസ്‌ലാമിന് സേവനങ്ങൾ ചെയ്യാനും ഒരു വിശ്വാസിക്ക് പ്രചോദനമാകും.

  1. പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുക

അറിവും പ്രവർത്തനവും ഒരുമിച്ചാൽ അത് ഈമാൻ വർധിക്കാനുള്ള കാരണമാകും. അല്ലാഹുവിനേയും റസൂലിനേയും അനുസരിക്കാനും തെറ്റുകളിൽ നിന്ന് വിട്ടുനിൽക്കാനുള്ള പ്രേരകമാകുകയും ചെയ്യും.

  1. നമ്മൾ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവൻ നമ്മെ കാണുന്നുണ്ടെന്ന ബോധം ഊട്ടിയുറപ്പിക്കുക

നമ്മൾ അല്ലാഹുവെ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കാണുന്നുണ്ടെന്ന ബോധമാണ് ഇഹ്‌സാൻ. ഒരു ആരാധനക്ക് അതിൻറെ പൂർണ്ണമായ പ്രതിഫലം ലഭിക്കണമെന്ന താൽപര്യവും, ആരാധനകളിൽ ശ്രദ്ധ തെറ്റി പോകാതെ ഭയഭക്തിയോടെ നിർവഹിക്കാൻ ശ്രമിക്കലും, രഹസ്യത്തിലും പരസ്യത്തിലും അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന ബോധമുണ്ടാകലും, ഒരാളുടെ ഈമാൻ വർദ്ധനവിന് കാരണമാകും.  ഇഹ്സാനിന്റെ ഉന്നതമായ പദവിയിലേക്ക് ഇത് അവനെ എത്തിക്കും

  1. ഗുണകാംക്ഷയോടെ വർത്തിക്കുക

അല്ലാഹുവോടും റസൂലിനോടും മുസ്‌ലിം ഇമാമുമാരോടും മുസ്‌ലിം സമൂഹത്തോടും ഗുണകാംക്ഷയോടെ വർത്തിക്കുക. അതായത് അല്ലാഹുവിന്റെ ദീനിലേക്ക് ആളുകളെ ക്ഷണിക്കലും, പരസ്പരം ഉപദേശിക്കലും, നന്മ കൽപിക്കലും തിന്മ വിരോധിക്കലും, പണ്ഡിതന്മാരുടെ സദസ്സിലിരിക്കലും സ്വാലിഹീങ്ങളുമായി സഹവർത്തിക്കലും ഈമാൻ വർധിക്കാനുള്ള കാരണങ്ങളിലൊന്നാണ്.

  1. ഈമാൻ കുറയുന്നതും മുറിഞ്ഞു പോകുന്നതുമായ കാര്യങ്ങൾ ഉപേക്ഷിക്കുക

ഈമാൻ കുറയാൻ കാരണമാകുന്ന കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് തെറ്റുകളും തിന്മകളും അധികരിക്കുക എന്നുള്ളത്. അതുകൊണ്ട് തന്നെ തിന്മകളും തെറ്റുകളും ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്നതുമായ കാര്യങ്ങളും ഉപേക്ഷിക്കുന്നതിലൂടെ നമ്മുടെ ഈമാൻ വർദ്ധിക്കും. തെറ്റ് ചെയ്താൽ അതിൽ ഖേദിക്കലും അതിൽനിന്ന് തൗബ ചെയ്തു മടങ്ങലും ഈമാൻ വർധിക്കുന്നതിന്റെ അടയാളമാണ്. തൗബ ചെയ്താൽ തെറ്റിൽ തുടരാതിരിക്കാൻ ശ്രമിക്കുക എന്നത് തൗബയുടെ നിബന്ധനകളിൽ പെട്ടതുമാണ്.

  1.  നിഷിദ്ധമായ കാര്യങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുക

സ്വന്തം ശരീരാവയവങ്ങളെ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളിൽനിന്ന് സംരക്ഷിക്കുക എന്നത് വിശ്വാസിയുടെ വിശേഷണങ്ങളിൽ പെട്ടതാണ്. ഉദാഹരണമായി സൂറത്തുൽ മുഅ്മിനൂനിൽ വിശ്വാസിയുടെ വിശേഷണങ്ങൾ പറയുന്നിടത്ത് അല്ലാഹു പറഞ്ഞു:

(തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരത്രെ അവർ) [23:5]

നിഷിദ്ധമായ കാര്യങ്ങളിൽനിന്ന് ശരീരാവയവങ്ങളെ സംരക്ഷിക്കൽ ഈമാനിന്റെ ഭാഗമാണെന്നും അത് ഈമാൻ വർധിക്കുന്നതിന് കാരണമാകുമെന്നും ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

അതുകൊണ്ട് തെറ്റുകളിൽ നിന്നും മുക്തരായി അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ച് ഈമാനിക ജീവിതം നയിക്കുക. അല്ലാഹു തൗഫീഖ് നൽകട്ടെ.

print

8 Comments

  • Subhanallah 😍

    Afsal 15.03.2019
  • Supper

    Navas 15.03.2019
  • തികച്ചും സാധാരണക്കാരനും പണ്ധിതനും മറ്റുള്ള വർക്കും ഒരുപ്പോലെ ഉപകാരപ്രദമായ ഒരു കൊച്ചുപദേശം
    അഭിന്ദങ്ങൾ.👌

    കെ പി വിരാൻകുട്ടി സ്വലാഹി 16.03.2019
  • Very good message

    Salil 16.03.2019
  • alhamdulilah good

    ajmal 17.03.2019
  • very good

    Muneer 18.03.2019
  • جزاك اللهُ خيرًا

    abduljaleel Eriyadan 02.06.2019
  • വളരെ സിംപിളായി പ്രവർത്തനപഥത്തിൽ കൊണ്ടുവരാൻ പ്രേരിപ്പിക്കുന്ന രീതിയിലുള്ള ടിപ്സുകൾ

    Muhammad shafi 31.12.2021

Leave a comment

Your email address will not be published.