ഇസ്‌ലാമിലെ സ്വർഗം ചാവേർഭീരുക്കൾക്കുള്ളതല്ല !!

//ഇസ്‌ലാമിലെ സ്വർഗം ചാവേർഭീരുക്കൾക്കുള്ളതല്ല !!
//ഇസ്‌ലാമിലെ സ്വർഗം ചാവേർഭീരുക്കൾക്കുള്ളതല്ല !!
ആനുകാലികം

ഇസ്‌ലാമിലെ സ്വർഗം ചാവേർഭീരുക്കൾക്കുള്ളതല്ല !!

“അൻസാരികളെ, മുന്നോട്ട് കുതിക്കുക! മദീനയിലേക്ക് മടങ്ങാമെന്ന വ്യാമോഹം നിങ്ങൾക്കാർക്കും വേണ്ടതില്ല. സ്വന്തം വസതികളിലേക്ക് പോകാൻ നിങ്ങൾക്കവിടെ വസതികളില്ല. നിങ്ങൾക്ക് അല്ലാഹു മാത്രമേയുള്ളൂ; സ്വർഗ്ഗവും”

ബറാഉബ്നു മാലിക് (റ) എന്ന പ്രവാചകശിഷ്യന്റെതാണ് ഈ വരികൾ; മുഹമ്മദ് നബി(സ)യുടെ വിയോഗത്തോടെ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തിന് നേതൃത്വം നൽകിയ, പ്രവാചകനായി സ്വയം അവരോധിച്ച മുസൈലിമക്കെതിരെയുള്ള യുദ്ധമാണ് രംഗം. ഒന്നാം ഖലീഫ അബൂബക്കറിന്റെ (റ) നേതൃത്വത്തിലുള്ള ഇസ്‌ലാമികരാഷ്ടത്തിനെതിരെ നടന്ന കലാപത്തെ അടിച്ചമർത്താതെ നാട്ടിൽ സമാധാനം സാധ്യമല്ലാത്ത അവസ്ഥയിലാണ് യമാമഃ യുദ്ധമുണ്ടാവുന്നത്. നിരവധി പ്രവാചകശിഷ്യന്മാർ രക്തസാക്ഷികളായ ആ യുദ്ധത്തിൽ മുസ്‌ലിം പടയാളികളെ ആവേശം കൊള്ളിച്ചു കൊണ്ടുള്ള അൻസാരിയായ ബറാഇന്റെ ഈ വരികൾ യുദ്ധഭൂമിയിലുള്ള മുസ്‌ലിംകൾ എത്രമാത്രമാണ് രക്തസാക്ഷ്യം കൊതിക്കുകയെന്ന് വ്യക്തമാക്കുന്നതാണ്.

ഇസ്‌ലാമികാദർശത്തിന്റെ നിലനില്പിനുവേണ്ടി ആയുധമെടുക്കുന്നവർ കൊതിക്കുന്നത് രണ്ടേ രണ്ട് കാര്യങ്ങളാണ്. ഒന്ന്, ഭൂമിയിൽ സമാധാനത്തോടെ ഇസ്‌ലാമനുസരിച്ച് ജീവിക്കാനും മറ്റുള്ളവർക്ക് ഇസ്‌ലാമിനെക്കുറിച്ച് പറഞ്ഞുകൊടുക്കുവാനുമുള്ള സ്വാതന്ത്ര്യമാണ്. അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നത് വഴി ലഭിക്കുന്ന അവന്റെ സംതൃപ്തിയും അവൻ തൃപ്തിപ്പെട്ടവർക്ക് മരണാന്തരം സമ്മാനമായി ലഭിക്കുന്ന സ്വർഗവുമാണ്, രണ്ടാമത്തേത്. യുദ്ധത്തിൽ രക്തസക്ഷിയാവുക വഴി സ്വർഗം ലഭിക്കുമെന്ന് പ്രവാചകൻ സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി യുദ്ധത്തിൽ പങ്കെടുക്കുന്ന മുസ്‌ലിംകൾ ആത്യന്തികമായി ആഗ്രഹിക്കുക രക്തസാക്ഷ്യമായിരിക്കും, സംശയമില്ല !

സ്വന്തം ശരീരത്തെ അല്ലാഹുവിന് നൽകിയവരായാണ് ദൈവമാർഗത്തിൽ യുദ്ധം ചെയ്യുന്നവരെ ക്വുർആൻ വിശേഷിപ്പിച്ചിരിക്കുന്നത്.

“തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്‌, അവര്‍ക്ക്‌ സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.” (9: 111)

“ഇഹലോകജീവിതത്തെ പരലോകജീവിതത്തിന്‌ പകരം വില്‍ക്കാന്‍ തയ്യാറുള്ളവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യട്ടെ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലവനും യുദ്ധം ചെയ്തിട്ട്‌ അവന്‍ കൊല്ലപ്പെട്ടാലും വിജയം നേടിയാലും നാമവന്‌ മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌.” (4: 74)

രക്തസാക്ഷികൾ യഥാർത്ഥത്തിൽ മരിക്കുന്നില്ലെന്നും അവർ അല്ലാഹുവിന്റെ അടുക്കൽ ജീവിച്ചിരിക്കുന്നവരാണെന്നും ക്വുർആൻ വ്യക്തമാക്കുന്നു: “അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച്‌ പോയവരായി നീ ഗണിക്കരുത്‌. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്‌. അവര്‍ക്ക്‌ ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു.” (3:169)

ഈ വചനത്തെ വ്യാഖ്യാനിച്ച് കൊണ്ട് പ്രവാചകൻ (സ) പഠിപ്പിച്ചത് ഇങ്ങനെയാണ്: “രക്തസാക്ഷികളുടെ ആത്മാവുകള്‍ ഹരിതവര്‍ണമുള്ള പക്ഷികളുടെ ഉള്ളിലായിരിക്കും. ദൈവികസിംഹാസനത്തിൽ തൂങ്ങിക്കിടക്കുന്ന വര്‍ണ വിളക്കുകള്‍ അവയ്ക്കുണ്ടായിരിക്കും. സ്വർഗീയാരാമത്തില്‍ യഥേഷ്ടം അവ മേഞ്ഞ് നടക്കും. തുടര്‍ന്ന് ആ വിളക്കുകള്‍ക്കടുത്ത് അവ കൂടണയും. അപ്പോള്‍ അവരുടെ നാഥന്‍ അവരെ നോക്കി ചോദിക്കും: ‘നിങ്ങള്‍ എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ?’ അവര്‍ പ്രതിവചിക്കും: ‘സ്വർഗീയാരാമത്തില്‍ ഇഷ്ടമുള്ളിടത്ത് സ്വതന്ത്രമായി പാറിപ്പറന്നുല്ലസിക്കുന്ന ഞങ്ങള്‍ ഇനി എന്ത് മോഹിക്കാനാണ്?’ മൂന്ന് പ്രാവശ്യം അവരോട് ഇതേ ചോദ്യം അവന്‍ ആവര്‍ത്തിക്കും. എന്തെങ്കിലും ആവശ്യപ്പെടാതിരിക്കാനാവില്ലെന്ന് മനസ്സിലാവുമ്പോള്‍ അവര്‍ പറയും: ‘നാഥാ, മറ്റൊരു പ്രാവശ്യംകൂടി നിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിക്കാന്‍ കഴിയുംവിധം ഞങ്ങളുടെ ആത്മാവുകളെ ഞങ്ങളുടെ ശരീരങ്ങളിലേക്ക് നീ മടക്കിത്തരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.” (സ്വഹീഹ് മുസ്‌ലിം)

“സ്വര്‍ഗത്തില്‍ കടക്കുന്ന ആരും തന്നെ ഭൂമിയിലെ എല്ലാ സൗകര്യങ്ങളും ലഭിച്ചാല്‍ പോലും ഇവിടേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുകയില്ല; രക്തസാക്ഷി ഒഴികെ. തങ്ങൾക്ക് കിട്ടുന്ന ആദരവ് കാണുമ്പോള്‍ ഭൂമിയിലേക്ക് മടങ്ങിവരികയും പത്ത് പ്രാവശ്യമെങ്കിലും കൊല്ലപ്പെടുകയും വേണമെന്ന് അവര്‍ ആഗ്രഹിച്ച്‌ പോകും.’ (സ്വഹീഹ് മുസ്‌ലിം)

രക്തസാക്ഷിക്ക് ലഭിക്കുന്ന ദൈവാനുഗ്രഹങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഹദീഥുകളും യുദ്ധരംഗത്തുള്ള വിശ്വാസികളെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ളവയാണ്: “രക്തസാക്ഷിക്ക് അല്ലാഹുവുമായി ആറ് കാര്യങ്ങളുണ്ട്. അയാളുടെ ആദ്യതുള്ളി ചോര ചിന്തുമ്പോള്‍ തന്നെ തന്റെ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നു; അയാള്‍ക്ക് സ്വര്‍ഗത്തിലെ തന്റെ സ്ഥാനം കാണിച്ചുകൊടുക്കുന്നു; ഖബ്‌റിലെ ശിക്ഷയില്‍നിന്ന് അയാള്‍ക്ക് വിടുതലുണ്ടാകുന്നു. മഹാഭീതിയില്‍നിന്ന് അയാള്‍ക്ക് സംരക്ഷണം ലഭിക്കുന്നു; വിശ്വാസത്തിന്റെ വസ്ത്രം അയാളെ അണിയിക്കുന്നു; വിശാലാക്ഷികളായ ഹൂറികള്‍ അയാള്‍ക്ക് ഇണകളായി നല്‍കപ്പെടുന്നു; തന്റെ ബന്ധുക്കളായ എഴുപതു പേര്‍ക്കു വേണ്ടി ശിപാര്‍ശ ചെയ്യാന്‍ അയാള്‍ക്ക് അനുമതി ലഭിക്കുന്നു” (സുനനു ഇബ്നുമാജ; ജാമിഉത്തിർമിദി എന്നിവയിൽ സ്വഹീഹായ പരമ്പരയോടെ നിവേദനം ചെയ്തത് )

രക്തസാക്ഷ്യത്തിന്റെ മഹത്വം മാത്രമല്ല ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്; എന്തിന്, എങ്ങനെ രക്തസാക്ഷിയാകണം എന്ന് കൂടി അത് വ്യക്തമായി നിഷ്കർഷിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ടാവണം യുദ്ധവും രക്തസാക്ഷ്യവുമെല്ലാം എന്ന് പഠിപ്പിക്കുന്ന ഹദീഥുകൾ യോദ്ധാവിന്റെ ലക്‌ഷ്യം മാത്രമല്ല മാർഗവും കുറ്റമറ്റതാകണമെന്ന വലിയ പാഠമാണ് നൽകുന്നത്. യോദ്ധാവിന് ഈ ഭൂമിയിൽ ഒരേയൊരു ലക്ഷ്യമേയുള്ളൂ. അല്ലാഹുവിന്റെ മതത്തിന്റെ നിലനിൽപ്പാണത്; മനുഷ്യരെയൊന്നും ഭയപ്പെടാതെ അല്ലാഹുവിന്റെ മതമനുസരിച്ച് ജീവിക്കുവാൻ എല്ലാവർക്കും കഴിയണം; പ്രതിരോധത്തിനുവേണ്ടിയുള്ള യുദ്ധത്തിലാണെങ്കിലും പ്രത്യാക്രമണസമരത്തിലാണെങ്കിലുമെല്ലാം യോദ്ധാവിന്റെ ലക്‌ഷ്യം അല്ലാഹുവിന്റെ നാമം ഉന്നതമായി നില നിർത്തുകയാണ്. അതല്ലാതെയുള്ള ലക്ഷ്യവുമായി ഒരാൾ പോരാടിയാൽ അയാൾ ദൈവമാർഗത്തിലല്ല പോരാടിയതെന്നും അയാൾക്ക് സ്വർഗമല്ല ലഭിക്കുകയെന്നും മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. ”അബൂഹുറയ്‌റ(റ)യിൽ നിന്ന്: ഒരാള്‍ വന്ന് ദൈവദൂതരോട്‌(സ) ചോദിച്ചു. ‘അല്ലാഹുവിന്റെ ദൂതരേ, ഒരാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നതിനോടൊപ്പം ചില ഭൗതിക നേട്ടങ്ങളും ആഗ്രഹിക്കുന്നുവെങ്കില്‍ അയാളുടെ സ്ഥിതിയെന്താണ്?’ പ്രവാചകന്‍ (സ) മറുപടി പറഞ്ഞു: ‘അയാള്‍ക്ക് യാതൊരുവിധ പ്രതിഫലവുമില്ല’. അയാള്‍ ഇത് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും അല്ലാഹുവിന്റെ ദൂതന്‍ (സ) ഒരേ മറുപടിതന്നെ ആവര്‍ത്തിക്കുകയാണ് ചെയ്തത്.” (സുനനു അബൂദാവൂദിൽ സ്വഹീഹായ പരമ്പരയോടെ നിവേദനം ചെയ്തത് )

ഒരാൾ ചോദിച്ചു: ‘ദൈവദൂതരേ, ഒരാള്‍ സമരാര്‍ജിതസമ്പത്തിനുവേണ്ടി യുദ്ധം ചെയ്യുന്നു. മറ്റൊരാള്‍ കീര്‍ത്തിക്കുവേണ്ടി യുദ്ധം ചെയ്യുന്നു. വേറൊരാള്‍ തന്റെ സ്ഥാനവും ധൈര്യവും മറ്റുള്ളവരെ കാണിക്കാനായി യുദ്ധം ചെയ്യുന്നു. ഇവരില്‍ ആരാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍? പ്രവാചകന്‍ (സ) പ്രതിവചിച്ചു: ‘അല്ലാഹുവിന്റെ വചനം അത്യുന്നതമായിത്തീരാന്‍ യുദ്ധം ചെയ്യുന്നവൻ മാത്രമാണ് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ളവൻ” (സ്വഹീഹ് മുസ്‌ലിം)

വർഗീയതക്കുവേണ്ടിയുള്ള യുദ്ധത്തിൽ മരണപ്പെടുന്നതിനെ പ്രവാചകൻ (സ) താരതമ്യം ചെയ്തത് അജ്ഞാനകാലത്തെ മരണത്തോടാണ്. ഇസ്‌ലാമിനെക്കുറിച്ച് വിവരമില്ലാത്ത കാലത്ത് അറബികൾ നടത്തിയിരുന്ന ഗോത്രവർഗീയതക്കുവേണ്ടിയുള്ള സമരങ്ങളെ ഇസ്‌ലാം അംഗീകരിക്കാത്തത് പോലെത്തന്നെ മുസ്‌ലിം വർഗീയതക്കു വേണ്ടിയുള്ള രക്തച്ചൊരിച്ചിലുകളെയും അതിന്നു വേണ്ടിയുള്ള മരണത്തെയുമൊന്നും ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്ന് പ്രവാചകൻ (സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. “വർഗീയതയ്ക്കുവേണ്ടി കോപിക്കുകയോ വർഗീയതയിലേക്ക് ക്ഷണിക്കുകയോ വർഗീയതയെ സഹായിക്കുകയോ ചെയ്തുകൊണ്ട് അന്ധമായ പതാകയ്ക്ക് പിന്നിൽ യുദ്ധം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്യുന്നവർ അജ്ഞാനകാലത്തെ മരണമാണ് വരിച്ചിരിക്കുന്നത്” (സ്വഹീഹ് മുസ്‌ലിം)

അല്ലാഹുവിന്റെ മാർഗത്തിലുള്ള രക്തസാക്ഷ്യം സ്വർഗപ്രവേശത്തിന് കാരണമാകുന്ന പുണ്യപ്രവൃത്തിയാണെന്ന് പഠിപ്പിച്ചതു പോലെത്തന്നെ പ്രസ്തുത രക്തസക്ഷ്യത്തിന്റെ ലക്ഷ്യവും മാർഗവും ശരിയല്ലെങ്കിൽ അത് നരകത്തിനാണ് നിമിത്തമാവുകയെന്നു കൂടി പഠിപ്പിച്ചിട്ടുണ്ട് പ്രവാചകൻ (സ). ഈ സത്യം മനസ്സിലാക്കാത്തത് കൊണ്ടോ മനസ്സിലായിട്ടും തമസ്കരിക്കണമെന്ന താല്പര്യമുള്ളതു കൊണ്ടോ ആണ് രക്തസാക്ഷ്യത്തിന് പ്രചോദനം നൽകുന്ന ഇസ്‌ലാമികാധ്യാപനങ്ങളാണ് ചാവേറുകളെ സൃഷ്ടിക്കുന്നതെന്ന വിമർശനമുണ്ടാവുന്നത്. പ്രതിഫലനാളിൽ വിചാരണ ചെയ്യപ്പെടുന്ന ഒരു രക്തസാക്ഷിയെക്കുറിച്ച് പ്രവാചകൻ (സ) നൽകിയ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “അന്ത്യദിനത്തില്‍ ആദ്യമായി വിധി കല്‍പിക്കപ്പെടുക രക്തസാക്ഷിത്വം വരിച്ച ഒരാളുടെ കാര്യത്തിലാണ്. അയാളെ കൊണ്ടുവന്ന് അയാള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ അയാളെ ഓര്‍മിപ്പിക്കുകയും അയാളത് മനസ്സിലാക്കുകയും ചെയ്യും. അപ്പോള്‍ അല്ലാഹു ചോദിക്കും: ‘അത് നീ എങ്ങനെ വിനിയോഗിച്ചു?’ രക്തസാക്ഷിത്വം വരിക്കുവോളം നിന്റെ മാര്‍ഗത്തില്‍ ഞാന്‍ യുദ്ധം ചെയ്തുവെന്ന് അയാള്‍ പറയും. ഉടനെ അല്ലാഹു പറയും: ‘നീ കളവ് പറയുകയാണ്. ധീരനെന്ന് പറയപ്പെടാന്‍ വേണ്ടിയാണ് നീ യുദ്ധം ചെയ്തത്. അത് പറയപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ’. പിന്നീട് അയാള്‍ക്ക് ശിക്ഷ വിധിക്കുകയും മുഖം നിലത്തിട്ട് വലിച്ചിഴച്ച് നരകത്തില്‍ എറിയപ്പെടുകയും ചെയ്യും.”(സ്വഹീഹു മുസ്‍ലിം)

അല്ലാഹുവിന്റെ മാർഗത്തിലുള്ള ധർമ്മസമരത്തിൽ രക്തസാക്ഷ്യമുണ്ടാവുക ശത്രുവിന്റെ കരങ്ങളാൽ വധിക്കപ്പെടുമ്പോഴാണ്. സ്വന്തം കൈകളാൽ വധിക്കപ്പെടുന്ന വ്യക്തി യുദ്ധക്കളത്തിലാണ് മരിച്ചു വീഴുന്നതെങ്കിലും അയാൾക്ക് നരകമാണ് ലഭിക്കുകയെന്ന് പഠിപ്പിച്ചയാളാണ് മുഹമ്മദ് നബി (സ). തങ്ങളോടൊപ്പം നിന്ന് ഒരു യുദ്ധത്തിൽ സധീരം പോരാടിയ ഒരാളെക്കുറിച്ച് അയാൾ നരകക്കാരിൽ പെട്ടയാളാണെന്ന് മുഹമ്മദ് നബി (സ) പറഞ്ഞതായി നബിശിഷ്യനായ അബൂഹുറൈറയിൽ (റ) നിന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹിൽ നിവേദനം ചെയ്യുന്നുണ്ട്. മുസ്‌ലിംകളോടൊപ്പം നിന്ന് ധീരവീരശൂരപരാക്രമിയായി പോരാടുകയും അവസാനം മരണം വരിക്കുകയും ചെയ്തയാളെക്കുറിച്ചാണോ നരകക്കാരിൽ പെട്ടവനാണെന്ന് പറയുന്നവനെന്ന് ചോദിച്ച അനുയായികളോട് അയാൾ നരകക്കാരിൽ പെട്ടവൻ തന്നെയാണെന്ന് ആവർത്തിച്ച് പറയുകയാണ് പ്രവാചകൻ (സ) ചെയ്തത്. യുദ്ധത്തിൽ സാരമായി പരിക്ക് പറ്റിയ അയാൾ ഇനിയും മരണപ്പെട്ടിട്ടില്ലെന്നും മരണാസന്നനായി കിടക്കുകയാണെന്നും അറിഞ്ഞ സ്വഹാബിമാർ അയാൾക്കടുത്തെത്തി. യുദ്ധത്തിലേറ്റ പരിക്കുകളുടെ വേദന സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്ന പോരാളിയെയാണ് അവർ കണ്ടത്. അയാൾ നരകക്കാരനാണെന്ന പ്രവാചകപ്രസ്താവന ദൈവിക വെളിപാടുകളുടെ വെളിച്ചത്തിലുള്ളതാണെന്ന് മനസ്സിലാക്കിയ നബിശിഷ്യന്മാരുടെ മുന്നിൽ വെച്ച് താൻ ദൈവദൂതൻ തന്നെയാണെന്ന സാക്ഷ്യം ഉറക്കെ പ്രഖ്യാപിക്കുകയാണ് മുഹമ്മദ് നബി (സ) ചെയ്തതെന്ന് കൂടി ഹദീഥിലുണ്ട്. (സ്വഹീഹുൽ ബുഖാരി)

ആത്മഹത്യ പാപമാണെന്ന ഇസ്‌ലാമിന്റെ പൊതുതത്ത്വത്തിൽ നിന്ന് യുദ്ധരംഗവും ഒഴിവല്ലെന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഈ ഹദീഥ്. ആത്മഹത്യയെ വിശ്വാസം നഷ്ടപ്പെടുത്തുന്ന തിന്മയായും നരകത്തിൽ കഠിനമായ പീഡനങ്ങൾ അനുഭവിക്കേണ്ടി വരാവുന്ന പാപമായും പഠിപ്പിച്ച ആദർശമാണ് ഇസ്‌ലാം. ക്വുര്‍ആന്‍ പറയുന്നു: ”നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു. ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്ന പക്ഷം നാമവനെ നരകാഗ്‌നിയിലിട്ട് കരിക്കുന്നതാണ്. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു.” (4:29, 30)

ആത്മഹത്യ ചെയ്യുന്നവര്‍ക്ക് സ്വര്‍ഗം നിഷിദ്ധമാണെന്ന് മുഹമ്മദ് നബി (സ) പഠിപ്പിച്ചു: ജുന്‍ദബ്‌നു അബ്ദില്ലയില്‍ (റ) നിന്ന് : നബി (സ) പറഞ്ഞു: നിങ്ങളുടെ ഒരു മുന്‍ഗാമിക്ക് മുറിവ് പറ്റി. അക്ഷമനായ അദ്ദേഹം കത്തിയെടുത്ത് തന്റെ കൈമുറിച്ചു. മരിക്കുംവരെ അയാളുടെ രക്തം നിലച്ചില്ല. അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ മരണത്തിലേക്ക് ധൃതി കാണിച്ചു. അവന്ന് ഞാന്‍ സ്വര്‍ഗം നിഷിദ്ധമാക്കി. (സ്വഹീഹുൽ ബുഖാരി)

അബൂഹുറയ്‌റയില്‍ (റ) നിന്ന്: നബി പറഞ്ഞു: ഒരാള്‍ മലമുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്താല്‍, അവന്‍ നരകത്തില്‍ വെച്ചും അപ്രകാരം നിത്യവും വീണുകൊണ്ടേയിരിക്കും. വിഷം കഴിച്ച് ആത്മഹത്യ ചെയ്തവന്‍ നരകത്തില്‍ എന്നെന്നും വിഷം കഴിച്ചുകൊണ്ടേയിരിക്കും. അവന്റെ കയ്യില്‍ വിഷം എപ്പോഴും ഉണ്ടായിരിക്കും. ഒരാള്‍ ആയുധം ഉപയോഗിച്ച് സ്വശരീരത്തെ വധിച്ചാല്‍ അവന്‍ കാലാകാലവും നരകത്തില്‍ വെച്ച് ആയുധംകൊണ്ട് തന്റെ വയറ് കുത്തിക്കീറികൊണ്ടേയിരിക്കും. ആ ആയുധം അവന്റെ കയ്യില്‍ എപ്പോഴും ഉണ്ടായിരിക്കും. (സ്വഹീഹുൽ ബുഖാരി)

ആത്മഹത്യയെ സ്വർഗം നിഷിദ്ധമാക്കുന്ന പാപമായി പഠിപ്പിക്കപ്പെട്ടതുകൊണ്ട് തന്നെ സ്വയം മരിച്ചുകൊണ്ടുള്ള ഒരു യുദ്ധതന്ത്രവും പതിനാലു നൂറ്റാണ്ടുകളായി മുസ്‌ലിംകളൊന്നും സ്വീകരിച്ചതായി കാണാനാവില്ല. മരിക്കുവോളം യുദ്ധം ചെയ്യാനുള്ള തീരുമാനമെടുത്ത മുസ്‌ലിം യോദ്ധാക്കളുടെ ധീരതയെ ചൂണ്ടിക്കാട്ടി ഇസ്‌ലാം ചാവേറുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല. മരിക്കാൻ ഒരുങ്ങിത്തന്നെയാണ് ഒരാൾ യുദ്ധരംഗത്തെത്തുന്നത്. പോരാളിയുടെ മനസ്സിൽ സ്വന്തം ജീവൻ വെടിഞ്ഞും തനിക്ക് ശരിയാണെന്ന് ഉറപ്പുള്ള ആദർശം നില നിൽക്കണമെന്ന ചിന്ത മാത്രമേയുണ്ടാവൂ. അതിന് അയാൾ സ്വീകരിക്കുന്ന മാർഗങ്ങളിൽ ചിലത് സ്വന്തത്തിന് മരണം തീർച്ചയാക്കുന്ന രീതിയിലുള്ളതായിരിക്കും. പക്ഷെ അയാളുടെ മരണം ഒരിക്കലും സ്വന്തം ആയുധമുപയോഗിച്ചാവുകയില്ല; ശത്രുവിന്റെ ആയുധത്താലായിരിക്കും. രക്തസാക്ഷ്യം ഉറപ്പിക്കുന്ന ധീരപ്രവർത്തനങ്ങൾ ആത്മഹത്യയല്ല. രക്ഷപ്പെടാനുള്ള ചെറിയൊരു പഴുതെങ്കിലും നില നിർത്തിക്കൊണ്ടുള്ള ധീരമായ പോരാട്ടതന്ത്രമാണത്. മരണത്തിലേക്കാണ് താൻ എടുത്ത് ചാടുന്നതെന്ന് പോരാളിക്കറിയാം. എന്നാൽ അല്ലാഹുവിന്റെ അനുഗ്രഹമുണ്ടായാൽ അത്ഭുതകരമായി താൻ രക്ഷപ്പെടാമെന്നും അയാൾ മനസ്സിലാക്കുന്നു. സ്വന്തം ശരീരത്തിൽ കെട്ടിവെച്ച സ്ഫോടകങ്ങൾ പൊട്ടിത്തെറിപ്പിച്ച് സ്വയം മരിച്ചുകൊണ്ട് ശത്രുക്കളെന്ന് താൻ കരുതുന്നവരെ വകവരുത്തുന്ന ചാവേർഭീരുത്വവുമായി യാതൊരു ബന്ധവുമില്ലാത്തതാണ് ധീരമായ ഈ പോരാട്ട തന്ത്രം. ഒന്ന് ധീരതയാണ്. പോരാടി മരിക്കാനുള്ള ധീരത. രണ്ടാമത്തേത് ഭീരുത്വമാണ്. പോരാടാൻ കഴിയാത്തതിനാൽ സ്വയം മരിച്ച് മറ്റുള്ളവരെ കൊല്ലുന്ന ഭീരുത്വം. എത്ര സുന്ദരമായ പേരുകളാൽ വിശേഷിപ്പിക്കപ്പെട്ടാലും ഇസ്‌ലാം ഈ ഭീരുത്വത്തെ അംഗീകരിക്കുന്നില്ല. അത് സ്വർഗത്തിലേക്കുള്ള വാതായനമാണെന്ന് പഠിപ്പിക്കുന്നുമില്ല.

ആദർശത്തിന്റെ സംരക്ഷണത്തിന് വേണ്ടി അവസാന ശ്വാസം വരെ പോരാടുകയും ആ പോരാട്ടത്തിൽ സ്വന്തം ജീവൻ തൃണവൽഗണിച്ച് ശത്രുവിനെതിരെ ശൂരമായി നിലനിൽക്കുകയും ചെയ്ത പ്രവാചകാനുചരന്മാരുടെ ധീരതയെ നേർക്കുനേരെ ശത്രുവിനെതിരെ പോരാടാൻ കഴിയാത്ത ആരുടെയോ മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയമായി അവർ ശത്രുക്കളായി പ്രഖ്യാപിക്കുന്നവർക്ക് നടുവിൽ പോയി പൊട്ടിത്തെറിക്കുന്നവരുടെ ഭീരുത്വവുമായി താരതമ്യം ചെയ്യുന്നത് പോലും മഹാപാതകമാണ്. ജീവൻ വെടിയാനൊരുങ്ങി യുദ്ധരംഗത്തേക്ക് എടുത്ത് ചാടുന്ന ധീരതയ്ക്ക് ഇസ്‌ലാമിക ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്; ചാവേർഭീരുത്വത്തിനാവട്ടെ ഒരൊറ്റ ഉദാഹരണം പോലും ഇസ്‌ലാമികചരിത്രത്തിലെവിടെയുമില്ല. . തുടക്കത്തിൽ പരാമർശിച്ച ബറാഉ ബ്നു മാലിക്കിന്റെ (റ) യമാമഃ യുദ്ധത്തിലെ പോരാട്ടവീര്യം ഏറെ പ്രസിദ്ധമാണ്. സ്വയം പ്രവാചകനെന്ന വ്യാജവാദമുന്നയിച്ച മുസൈലിമക്കെതിരെ ഒന്നാം ഖലീഫ അബൂബക്കർ (റ) പറഞ്ഞയച്ച ഇക്‌രിമ(റ)യുടെ നേതൃത്വത്തിലുള്ള സൈന്യം പരാജയപ്പെട്ട് പിൻവാങ്ങിയ ശേഷം നിയോഗിക്കപ്പെട്ട ഖാലിദ് ബ്നു വലീദിന്റെ (റ) നേത്ര്വത്വത്തിലുള്ള രണ്ടാമത്തെ സൈന്യത്തിലെ അംഗമായിരുന്നു ബറാഉ ബ്നു മാലിക്ക് (റ). പതാക വാഹകനായിരുന്ന ഥാബിത്ത് ബ്നു ഖൈസ് (റ) യുദ്ധം എത്ര മൂർഛിച്ചാലും പിന്തിരിഞ്ഞോടാതിരിക്കാനായി ചെറിയൊരു കുഴി കുഴിച്ച് അതിൽ സ്വയം കുഴിച്ചിട്ട് ശത്രുക്കൾക്കെതിരെ പോരാടി മരിച്ചത് അദ്ദേഹത്തിന് അടുത്ത് വെച്ചായിരുന്നു. ‘മുസൈലിമയെ പരാജയപ്പെടുത്തുകയോ തന്നെക്കൊണ്ടാവുന്നതെല്ലാം താൻ ചെയ്തിട്ടുണ്ടെന്ന് അല്ലാഹുവിനോട് പറയാൻ പറ്റുന്ന രീതിയിൽ പോരാടി മരിക്കുകയോ ചെയ്യുന്നത് വരെ താൻ ആരോടും ഒന്നും മിണ്ടുകയില്ല’ എന്ന് പ്രതിജ്ഞയെടുത്ത് യുദ്ധരംഗത്തേക്ക് എടുത്ത് ചാടിയ സൈദ് ബ്നുൽ ഖത്താബ് (റ) നിരവധി പേരെ കൊന്നതിനു ശേഷം വീരമൃത്യു വരിച്ചതും ബറാഇന്റെ (റ) മുന്നിൽ വെച്ച് തന്നെ. അതൊന്നും അദ്ദേഹത്തെയോ കൂടെയുള്ള പോരാളികളെയോ തളർത്തിയില്ല. ശക്തമായ പോരാട്ടത്തിന്റെ മൂർധന്യത്തിൽ മുസൈലിമയും സംഘവും മതിൽ കെട്ടി ഭദ്രമാക്കിയ ഒരു തോട്ടത്തിനകത്തേക്ക് പിൻവാങ്ങി. കോട്ടയെപ്പോലെയുള്ള ഉയർന്ന മതിലിന്റെ വാതിലടച്ച് അതിന് പിന്നിലെ വിശാലമായ തോട്ടത്തിൽ സുരക്ഷിതരായി നിന്ന് അവിടെ വെച്ച് അവർ മുസ്‌ലിംകൾക്ക് നേരെ അമ്പുകൾ തൊടുത്തു വിടാൻ തുടങ്ങി. പ്രതിരോധിക്കാനോ പ്രത്യാക്രമണം നടത്താനോ പറ്റാത്ത അവസ്ഥ! പിൽക്കാലചരിത്രകാരന്മാർ മരണത്തിന്റെ തോട്ടമെന്ന് വിളിച്ച അതിന്നകത്ത് സുരക്ഷിതരായ മുസൈലിമയുടെ സൈന്യം അമ്പെയ്ത്തിലൂടെ മുസ്‌ലിംകളെ കൊന്നുകൊണ്ടിരുന്നു. തിരിച്ച് ഒന്നും ചെയ്യാൻ കഴിയുന്നുമില്ല. പരിഹാര നിർദേശവുമായി വന്നത് ബറാആയിരുന്നു. സ്വതവേ മെലിഞ്ഞ പ്രകൃതക്കാരനായ അദ്ദേഹം മുസ്‌ലിം പടയാളികളോടായി പറഞ്ഞു. “നിങ്ങൾ ഒരു പരിചയിന്മേൽ എന്നെ ബന്ധിക്കുക. കുന്തങ്ങളുപയോഗിച്ച് പരിച പൊക്കി മതിലിനു മുകളിലൂടെ എന്നെ തോട്ടത്തിന്റെ വാതിലിനടുത്തേക്ക് എറിയുക; ഒന്നുകിൽ ഞാൻ നിങ്ങൾക്ക് ആ വാതിൽ തുറന്നു തരും; അല്ലെങ്കിൽ അല്ലാഹുവിന്റെ മാർഗത്തിൽ ഞാൻ രക്തസാക്ഷിയാവും” പടയാളികൾ അങ്ങനെത്തന്നെ ചെയ്തു. മരണത്തിന്റെ തോട്ടത്തിലെത്തിയ തന്റെ നേരെ പാഞ്ഞടുത്ത പത്ത് ശത്രുക്കളെ അദ്ദേഹം വധിച്ചു. അതിന് ശേഷം ഏറെ പ്രയാസപ്പെട്ടാണെങ്കിലും തോട്ടവാതിൽ തുറക്കാൻ ബറാഇന് (റ) കഴിഞ്ഞു. അതിലൂടെ മുസ്‌ലിം സൈന്യം ഇരമ്പിക്കയറി. വ്യാജവാദിയായ മുസൈലിമ കൊല്ലപ്പെട്ടതോടെയാണ് യുദ്ധം അവസാനിച്ചത്. ശക്തമായ പോരാട്ടത്തിൽ ബറാഇന് (റ) മാരകമായ പരിക്കുകൾ പറ്റിയെങ്കിലും അദ്ദേഹം രക്തസാക്ഷിയായില്ല. എൺപതോളം വെട്ടുകളും അമ്പടയാളങ്ങളുമായി രക്ഷപ്പെട്ട അദ്ദേഹത്തെ സൈന്യനായകനായ ഖാലിദ് ബിനു വലീദ് (റ) തന്നെ നേരിട്ട് ഒരു മാസത്തോളം പരിചരിച്ചാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്.

ഥാബിത്ത് ബ്നു ഖൈസിന്റെയും (റ) സൈദ് ബ്നുൽ ഖത്താബിന്റെയും (റ) ബറാഉ ബ്നു മാലിക്കിന്റെയുമെല്ലാം (റ) ധീരമായ പോരാട്ട നടപടികൾ സ്വന്തം ജീവൻ പണയം വെച്ചുകൊണ്ടുള്ള മുസ്‌ലിം പോരാളികളുടെ ചെയ്തികൾക്ക് ഉദാഹരണങ്ങളാണ്. മരണം അല്ലെങ്കിൽ വിജയം എന്ന് പ്രഖ്യാപിച്ചുകൊണ്ട് മുന്നേറിയ അവരിൽ ചിലർ യുദ്ധത്തിൽ കൊല്ലപ്പെട്ടു; മറ്റുചിലർ രക്ഷപ്പെട്ടു. ജീവൻ പണയം വെച്ചുകൊണ്ടുള്ള അവരുടെ പോരാട്ടങ്ങളിൽ കൊല്ലപ്പെട്ടവരൊന്നും തന്നെ തങ്ങളുടെ ആയുധങ്ങൾ കൊണ്ടല്ല കൊല്ലപ്പെട്ടത്; പ്രത്യുത ശത്രുക്കളുടെ ആയുധങ്ങൾ കൊണ്ടാണ്. പോരാട്ടത്തിൽ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ധീരമായ മുന്നേറ്റങ്ങളാണ് അവർ നടത്തിയതെങ്കിലും രക്ഷപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. ശത്രുവിന് നേരെ സ്വന്തം ജീവൻ തൃണവൽഗണിച്ച് നടത്തുന്ന ഈ ധീരതയെ സ്വയം പൊട്ടിത്തെറിക്കുന്ന ചാവേറുകളുടെ ഭീരുത്വവുമായി താരതമ്യം ചെയ്യുന്നതെങ്ങനെ? മരിക്കാനായി തയാർ ചെയ്യപ്പെട്ട സ്വന്തം ആയുധങ്ങൾ കൊണ്ട് കൊല്ലപ്പെടുന്നത്, എത്രയധികം ശത്രുക്കളെ വകവരുത്തിയതിന് ശേഷമാണെങ്കിലും അത് ആത്മഹത്യയാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ആത്മഹത്യയെ ആർ എത്ര വിഗ്രഹവൽക്കരിക്കാൻ ശ്രമിച്ചാലും അത് ഭീരുത്വം തന്നെയാണ്. ആ ഭീരുത്വം ഒരിക്കലും ഇസ്‌ലാം അംഗീകരിച്ചിട്ടില്ല. പതിനാലു നൂറ്റാണ്ടുകളായുള്ള ഇസ്‌ലാമിക ചരിത്രത്തിലൊന്നും ഈ ചാവേർഭീരുത്വത്തിന് ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയാത്തത് അത് കൊണ്ടാണ്.

രക്തസാക്ഷ്യം ആഗ്രഹിക്കുന്നവരാണ് യുദ്ധരംഗത്തുള്ള വിശ്വാസികൾ എന്നത് നേരാണ്. പക്ഷെ ആ രക്തസാക്ഷ്യം ശത്രുവിന്റെ കരങ്ങളാൽ യുദ്ധത്തിൽ സംഭവിക്കുന്ന മരണമാണ്. രക്തസാക്ഷ്യം എന്ന ഉയർന്ന പദവി ലഭിക്കാത്തതിൽ ഖിന്നരായിരുന്ന പ്രവാഹാചാകാനുചരന്മാരെ ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്. അവരൊന്നും തന്നെ രക്തസാക്ഷിയാകാനായി യുദ്ധത്തിലോ അല്ലാത്തപ്പോഴോ ആത്മാഹുതിയുടെ പാത തെരെഞ്ഞെടുക്കാൻ തയ്യാറാകാതിരുന്നത് മുഹമ്മദ് നബി (സ) പഠിപ്പിച്ച ഇസ്‌ലാമിന് അത് അന്യമായതിനാലാണ്. ചെറുതും വലുതുമായ ഇരുന്നൂറോളം പോരാട്ടങ്ങളിൽ പങ്കെടുത്ത, ഇസ്‌ലാമിന്റെ ഖഡ്ഗം എന്ന് വിളിക്കപ്പെട്ട ഖാലിദ് ബിൻ വലീദിന്റെ (റ) മരണസമയത്തെ മൊഴി ഏറെ പ്രസിദ്ധമാണ്. തന്റെ സുഹൃത്തിനോട് അദ്ദേഹം പറഞ്ഞതായി ഇബ്നു ഖുതൈബയുടെ ‘ഉയൂനുൽ അഖ്ബാർ’ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്: “മരണം ആഗ്രഹിച്ചുകൊണ്ട് നിരവധി യുദ്ധങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്; വാളു കൊണ്ടോ കുന്തം കൊണ്ടോ പരിക്ക് പറ്റാത്ത ഇടങ്ങളൊന്നും തന്നെ എന്റെ ശരീരത്തിലില്ല. എന്നിട്ടും ഞാനിതാ ഇവിടെ, ഒരു വയസ്സൻ ഒട്ടകത്തെപ്പോലെ മരിക്കാൻ കിടക്കുന്നു. ഭീരുക്കളുടെ കണ്ണുകൾ വിശ്രമിക്കാതിരിക്കട്ടെ!” മരണത്തെ വരവേൽക്കാൻ ആവേശം കാണിച്ചിരുന്ന ഖാലിദിനെപ്പോലെയുള്ളവർക്ക് സ്വർഗം ലഭിക്കാനായി ആത്മാഹുതിയുടെ മാർഗം തിരഞ്ഞെടുക്കാൻ തോന്നിയിട്ടില്ലെങ്കിൽ പ്രവാചകൻ (സ) പൂർത്തീകരിച്ച ഇസ്‌ലാമിൽ വിശ്വസിക്കുന്നവർക്കൊന്നും അങ്ങനെ തോന്നിക്കൂടാത്തതാണ്. ആത്മഹത്യ വഴി രക്തസാക്ഷിയാകാൻ വല്ല പഴുതുമുണ്ടായിരുന്നെങ്കിൽ ഖാലിദും (റ) അദ്ദേഹത്തെപ്പോലെ രക്തസാക്ഷ്യമാഗ്രഹിച്ചിരുന്ന പ്രവാചകാനുചരന്മാരും അത് ഉപയോഗിക്കുമായിരുന്നുവെന്നുറപ്പാണ്.. പ്രവാചകശിഷ്യന്മാർക്കൊന്നും മനസ്സിലാകാത്ത ഇസ്‌ലാം മലനിരകളിൽ ഒളിഞ്ഞിരുന്ന് സാമ്രാജ്യത്വമാഗ്രഹിക്കുന്ന രാഷ്ട്രീയക്രമത്തിന് അനുഗുണമായ രീതിയിൽ മതത്തെ ദുർവ്യാഖ്യാനിക്കുന്നവർക്കാണ് മനസ്സിലായതെങ്കിൽ അവരുടേത് ഞങ്ങളുടെ മതമല്ലെന്ന് ഉറക്കെപറയാൻ മുഹമ്മദ് നബി(സ)യെ പിൻപറ്റുന്നവർക്ക് യാതൊരു മടിയുമില്ല. ക്വുർആനിൽ നിന്നും തിരുസുന്നത്തിൽ നിന്നും മതം പഠിച്ച സ്വഹാബികൾക്കൊന്നും വേണ്ടാത്ത ചാവേർമതം അവരുടെ പാത പിൻപറ്റി അവർ പോയ സ്വർഗ്ഗത്തിലെത്താൻ ആഗ്രഹിക്കുന്നവർക്കൊന്നും വേണ്ടെന്നു തന്നെയാണ് ലോകത്തുള്ള മുസ്‌ലിംകൾക്കെല്ലാം ഒറ്റക്കെട്ടായി പറയാനുള്ളത്.

ശരിയാണ്! രക്തസാക്ഷികൾക്ക് സ്വർഗ്ഗമുണ്ടെന്ന് ക്വുർആനും ഹദീഥുകളും പഠിപ്പിക്കുന്നുണ്ട്. ഇസ്‌ലാമികമായ ലക്ഷ്യങ്ങൾക്കുവേണ്ടി ഇസ്‌ലാമികരാഷ്ട്രം ആഹ്വാനം ചെയ്യുന്ന യുദ്ധത്തിൽ പങ്കെടുത്ത് ജീവൻ വെടിയുന്നവർക്കുള്ളതാണ് അത്. സ്വർഗം ആഗ്രഹിച്ചുകൊണ്ട് പോരാട്ടവീഥിയിലേക്ക് എടുത്തുചാടിയ നിരവധി പേരെ ഇസ്‌ലാമികചരിത്രം പരിചയപ്പെടുത്തുന്നുമുണ്ട്. ഇസ്‌ലാമികരാഷ്ട്രത്തിന് കീഴിൽ തങ്ങളുടെ ഭരണാധികാരിയുടെ നിർദേശാനുസരണം യുദ്ധത്തിനൊരുങ്ങിയവരാണവർ; ഏതെങ്കിലും നാടിനോ നാട്ടുകാർക്കോ എതിരെ ആരുടെയെങ്കിലും നേതൃത്വത്തിൽ കലാപം അഴിച്ചുവിട്ടവരല്ല അവരൊന്നും തന്നെ. അവരിൽ പലരും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നാമാവശേഷമാക്കണമെന്ന ലക്ഷ്യവുമായി വന്നവർക്കെതിരെയാണ് മരണം വരെ പോരാടിയത്. മരണം ആഗ്രഹിച്ചുകൊണ്ട് തന്നെ പോരാടിയവരായിരുന്നുവെങ്കിലും യുദ്ധരംഗത്ത് നിന്ന് വിജയശ്രീലാളിതരായി മടങ്ങിയവരും അവരിലുണ്ട്. തങ്ങളുടെ പോരാട്ടത്തിന്റെ ലക്ഷ്യവും മാർഗവും ദൈവികവെളിപാടുകളാൽ സ്ഥിരീകരിക്കപ്പെട്ടതാകണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ സ്ഥിരീകരിക്കപ്പെട്ടതാകുമ്പോൾ മാത്രമേ തങ്ങളുടെ പോരാട്ടവും രക്തസാക്ഷ്യവുമെല്ലാം അല്ലാഹു സ്വീകരിക്കുകയുള്ളൂവെന്നും അവന്റെ സമ്മാനമായ സ്വർഗത്തിന് തങ്ങൾ അർഹരാവുകയുള്ളൂവെന്നും പഠിപ്പിക്കപ്പെട്ടവരായിരുന്നു അവർ. ഏതെങ്കിലും രാജ്യങ്ങളെ തകർക്കുകയോ സമുദായങ്ങളെ നശിപ്പിക്കുകയോ ആയിരുന്നില്ല അവരുടെ ലക്‌ഷ്യം. അല്ലാഹുവിന്റെ വചനങ്ങൾ പ്രഘോഷിക്കുവാൻ ആരുടെയും സമ്മതമാവശ്യമില്ലാത്ത സ്ഥിതിയുണ്ടാക്കാനാണ് അവർ ആയുധമെടുത്തത്. തങ്ങളെ നയിക്കുന്നതാരാണെന്നും അവരുടെ ലക്ഷ്യമെന്താണെന്നും കൃത്യമായി അറിയുന്നവരായിരുന്നു അവർ. പോരാട്ടത്തിൽ തങ്ങളോടൊപ്പമോ തങ്ങളൂടെ മുന്നിലോ പിന്നിലോ ആയി തങ്ങളെ നയിച്ചുകൊണ്ട് ധീരന്മാരായ തങ്ങളുടെ നേതാക്കളുമുണ്ടെന്ന് അവർക്കറിയാമായിരുന്നു. സ്വന്തം ശരീരത്തിൽ കെട്ടിവെച്ച ആയുധം പൊട്ടിത്തെറിച്ച് സ്വയം മരിച്ചുകൊണ്ട് ശത്രുക്കളെന്ന് എവിടെയോ മറഞ്ഞിരിക്കുന്ന നേതാക്കൾ പറഞ്ഞു തരുന്നവരെ കൊന്നൊടുക്കുകയെന്ന ഭീരുത്വം അവർക്കൊന്നും പരിചയമില്ലാത്തതാണ്.

സ്വർഗമാഗ്രഹിച്ചു തന്നെയാണ് ഇസ്‌ലാമികരാഷ്ട്രത്തിന് കീഴിൽ ഇസ്‌ലാമികമായ ലക്ഷ്യങ്ങൾക്കുവേണ്ടി വ്യത്യസ്ത കാലങ്ങളിൽ ജീവിച്ച മുസ്‌ലിം പോരാളികൾ ആയുധമെടുത്തത്; അവരെക്കുറിച്ചാണ് സ്വർഗത്തിന് പകരമായി അല്ലാഹുവിന്റെ മാർഗത്തിൽ സ്വന്തം ജീവൻ നൽകിയവരെന്ന് ക്വുർആൻ വിശേഷിപ്പിച്ചത്; മരിച്ചവരെന്നല്ല, അല്ലാഹുവിങ്കൽ ജീവിച്ചിരിക്കുന്നവരെന്നാണ് അവരെക്കുറിച്ച് പറയേണ്ടതെന്നാണ് അല്ലാഹുവിന്റെ നിർദേശം. അവരെയാണ് സ്വർഗത്തിൽ ഇണകൾ കാത്തിരിക്കുന്നുണ്ടെന്ന് പ്രവാചകൻ (സ) സന്തോഷവാർത്തയറിയിച്ചത്. അവരിൽ നിന്നും കൊല്ലപ്പെട്ടവരുടെ ആത്മാക്കളാണ് സ്വർഗീയാരാമങ്ങളിൽ പച്ചക്കിളികളായി അന്ത്യനാളുവരെ തത്തിക്കളിച്ചുകൊണ്ടിരിക്കുമെന്ന് ഹദീഥുകളിലുള്ളത്. അല്ലാഹുവിന്റെ മാത്രം പ്രീതിയാഗ്രഹിച്ച് അല്ലാഹുവിന്റെ വചനത്തിന്റെ മഹത്വമുൽഘോഷിക്കാനായി അല്ലാഹു പഠിപ്പിച്ച പാതയിൽ ശത്രുക്കളോട് ഏറ്റുമുട്ടി അല്ലാഹുവിന്റെ ശത്രുക്കളുടെ ആയുധങ്ങളാൽ കൊല്ലപ്പെടുന്നവർക്കുള്ളതാണ് അല്ലാഹു വാഗ്ദാനം നൽകിയ സ്വർഗം. ആരുടെയോ ആശയങ്ങളിൽ ആകൃഷ്ടരായി അവർ നിശ്ചയിച്ച ശത്രുക്കളെ കൊന്നൊടുക്കാനായി സ്വയം പൊട്ടിത്തെറിക്കുന്നവർക്കുള്ളതല്ല. തങ്ങൾ രാക്ഷസാക്ഷികളാണെന്ന് സ്വയം കരുതിയവരിൽ ചിലർ, അവരുടെ ലക്‌ഷ്യം ശരിയല്ലാത്തതിനാൽ നരകത്തിലേക്കാണ് വലിച്ചിഴക്കപ്പെടുകയെന്ന് മുന്നറിയിപ്പ് നൽകിയ മുഹമ്മദ് നബി(സ)യെയാണ് മുസ്‌ലിംകൾ അന്തിമപ്രവാചകനായി അംഗീകരിക്കുന്നത്; യുദ്ധങ്ങളെ മുന്നിൽ നിന്ന് നയിച്ച ധീരനായ ആ പ്രവാചകനാണ് മുസ്‌ലിംകളുടെ മാർഗദർശി; അവർ മതം പഠിച്ചിരിക്കുന്നത്‌ മലനിരകൾക്കിടയിൽ ഒളിച്ചിരുന്ന് തങ്ങളുടെ രാഷ്ട്രീയശത്രുക്കളെ ഭയപ്പെടുത്താനായി സ്വയം പൊട്ടിത്തെറിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്യുന്ന ഭീരുക്കളിൽ നിന്നല്ല. ആ ഭീരുക്കളിൽ നിന്ന് മതം പഠിച്ചവർക്ക് അവർ ആഗ്രഹിക്കുന്ന രീതിയൽ മരണപ്പെടാൻ തീരുമാനിക്കാം. ക്വുർആനും മുഹമ്മദ് നബി(സ)യും വാഗ്ദാനം ചെയ്ത സ്വർഗം അവർക്കുള്ളതല്ലെന്ന് മാത്രം!!

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

2 Comments

  • ജിഹാദ്‌, രക്തസാക്ഷിത്വം തുടങ്ങിയ പദങ്ങൾ തെറ്റായി പ്രസരണം ചെയ്യപ്പെടുന്ന കാലത്ത് ഈ എഴുത്തും സംസാരവും ഒരടിസ്ഥാന ധർമ്മമാണ്.
    അല്ലാഹു അനുഗ്രഹിക്കട്ടെ.

    MT Manaf 13.06.2019
  • തങ്ങൾക്ക് ഒരുക്കി വെക്കപ്പെട്ട സ്വർഗീയ സൗകര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് സൃഷ്ടാവിന്റെ നാമം പ്രചരിപ്പിക്കുന്നവരുടെ ശത്രുക്കൾക്കെതിരെ പടക്കളത്തിൽ ചാടിവീഴുന്നത് ധീരത! അവർ രക്തസാക്ഷികളാകുന്നത് ശത്രുക്കളുടെ ആയുധം കൊണ്ടായിരിക്കും, എന്നാൽ ധീരതയോടെ പോരാടാൻ ധൈര്യമില്ലാത്തവൻ സ്വന്തം ആയുധം കൊണ്ട് സ്വയം പൊട്ടിത്തെറിക്കുന്നു.
    ഇസ്ലാമിലെ രക്തസാക്ഷിത്വവും ചാവേർ ഭീരുത്വവും ലളിതമായ ശൈലിയിൽ വിശദീകരിക്കുന്നു.

    Ashmil mk 30.06.2019

Leave a comment

Your email address will not be published.