ഇസ്‌ലാമിലെ രണ്ട് അടിസ്ഥാന തത്ത്വങ്ങൾ: ഇസ്‌ലാം വിമർശകർ അറിയാനായി…

//ഇസ്‌ലാമിലെ രണ്ട് അടിസ്ഥാന തത്ത്വങ്ങൾ: ഇസ്‌ലാം വിമർശകർ അറിയാനായി…
//ഇസ്‌ലാമിലെ രണ്ട് അടിസ്ഥാന തത്ത്വങ്ങൾ: ഇസ്‌ലാം വിമർശകർ അറിയാനായി…
ആനുകാലികം

ഇസ്‌ലാമിലെ രണ്ട് അടിസ്ഥാന തത്ത്വങ്ങൾ: ഇസ്‌ലാം വിമർശകർ അറിയാനായി…

മാം കുർതുബി എന്ന ഒരു പ്രസിദ്ധനായ മുസ്‌ലിം പണ്ഡിതന്റെ തഫ്സീറിൽ (കുർആൻ വ്യഖ്യാന ഗ്രന്ഥം) വന്ന ഒരു വാചകം ഉദ്ധരിച്ച്, ഇസ്‌ലാമിനേയും ഇസ്‌ലാമിക പ്രബോധകരെയും അവമതിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ഒരു ഭൗതികവാദിയുടെ ക്ലിപ് ഈയടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കേൾക്കാനിടയായി. കുർആൻ അവതരണത്തിനും പ്രവാചക വിയോഗത്തിനും ആറ് നൂറ്റാണ്ടുകൾക്ക് ശേഷം ജനിച്ച കുർതുബിയുടെ ഒരു അഭിപ്രായം ഇസ്‌ലാമിലോ മുസ്‌ലിംകൾക്കൊ പ്രമാണതുല്യമാണ് എന്ന രൂപത്തിലാണ് ടിയാന്റെ വെല്ലുവിളികൾ. മുസ്‌ലിംകളാൽ വിരചിതമാണല്ലൊ, അറബി ഗ്രന്ഥമാണല്ലൊ… വെച്ചു കാച്ചിയേക്കാം എന്ന മട്ടിലാണ് വിമർശകരുടെ നിരൂപണ നീതി.  ഹദീസുകളെ സ്വഹീഹ് (സ്വീകാര്യതയുടെ മാനദണ്ഡങ്ങൾ ഒത്തത്) ദഈഫ് (ദുർബലം) എന്ന് വേർതിരിക്കുന്നതിനെ, ഇസ്‌ലാം വിമർശകരുടെ വിമർശനത്തിനൊത്ത്, പിടിച്ചു നിൽക്കാൻ വേണ്ടി ചില ഹദീസുകൾ സ്വീകാര്യമെന്നും ചിലത് അസ്വീകാര്യമെന്നും പ്രഖ്യാപിക്കുന്ന ഭീരുത്വമായി വ്യാഖ്യാനിച്ച് പരിഹസിക്കുന്ന മറ്റൊരു ഭൗതികവാദിയുടെ ഇസ്‌ലാം വിമർശന പ്രസംഗവും കേൾക്കുകയുണ്ടായി. തങ്ങൾ വിമർശിക്കുന്ന ഒരു മതത്തിന്റെ അടിത്തറയെന്താണെന്നോ പ്രമാണങ്ങൾ എന്താണെന്നോ പ്രാഥമിക വിവരം പോലുമില്ലാത്ത നിഴൽ വേട്ടയാണ് ഭൗതികവാദികളും അവരുടെ താത്വീക ഗുരുക്കളായ ക്രിസ്ത്യൻ മിഷണറികളും നടത്തുന്ന ഇസ്‌ലാം നിരൂപണമെന്നതാണ് ഇത് തെളിയിക്കുന്നത്.
നീതിയുടെ കണികയെങ്കിലും ബാക്കിയുള്ളവർ ഈ വിമർശക കോമരങ്ങൾക്കിടയിലുണ്ടെങ്കിൽ അവർ മനസ്സിലാക്കാനായി, ഇസ്‌ലാമിലെ രണ്ട് അടിസ്ഥാന തത്ത്വങ്ങൾ ഇവിടെ കഴിയുന്നിടത്തോളം ചുരുക്കിയും ലളിതവൽക്കരിച്ചും അവതരിപ്പിക്കുകയാണ്.

1. ഇസ്‌ലാം മതത്തിന്റെ ആധാരം പ്രമാണങ്ങളാണ്; പണ്ഡിതാഭിപ്രായങ്ങളല്ല.

2. സ്വഹീഹായ (സ്വീകാര്യതയുടെ മാനദണ്ഡങ്ങൾ പൂർത്തിയായ) ഹദീസുകൾ മാത്രമാണ് പ്രമാണം. ദഈഫായ (ദുർബലം) ഹദീസുകൾ ഇസ്‌ലാമിൽ പ്രമാണമല്ല.

രണ്ട് അടിസ്ഥാന തത്ത്വങ്ങൾ വിശദമായി:

1. ഇസ്‌ലാം മതത്തിന്റെ ആധാരം പ്രമാണങ്ങളാണ്; പണ്ഡിതാഭിപ്രായങ്ങളല്ല.

ഏതൊരു മതത്തേയും മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും ആ മതത്തിന്റെ പ്രമാണങ്ങളിൽ നിന്നാണ്. അല്ലാതെ മുസ്‌ലിം നാമധാരികളായ പണ്ഡിതന്മാരുടെയൊ പൊതുജനത്തിന്റെയൊ വാക്കുകളിലൂടെയൊ പ്രവർത്തനങ്ങളിലൂടെയൊ ഒന്നുമല്ല. ഏത് മതത്തിന്റെയും ആദർശത്തിന്റെയും അനുയായികളിലും അനുഭാവികളിലും ആ മതത്തിന്റെ ആധാരമായ പ്രമാണങ്ങൾക്കും വേദങ്ങൾക്കും എതിരായി നിലകൊള്ളുന്നവരുണ്ടാകും. പ്രസ്തുത മതത്തെയൊ ആദർശത്തെയൊ  ദുർവ്യാഖ്യാനിച്ച് അതിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്നവർ ഉണ്ടാകാം. മത-ആദർശ വൃന്ദത്തിനുള്ളിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച് ആ മതത്തെ / ആദർശത്തെ ആന്തരികമായി നശിപ്പിക്കാനും ക്ഷയിപ്പിക്കാനും ഉദ്ദേശിക്കുന്ന കപട വിശ്വാസികൾ ഉണ്ടാകാം. മത-ആദർശ പ്രമാണങ്ങളെ സംബന്ധിച്ച് കൃത്യമായ അറിവൊ പരിജ്ഞാനമൊ ഇല്ലാത്ത അനുയായികളുണ്ടാകും. മറ്റൊരു വശത്ത് മത-ആദർശ പ്രമാണങ്ങളെ സംബന്ധിച്ച് കൃത്യമായ അറിവും പരിജ്ഞാനവും ആർജിച്ചവരായ പണ്ഡിതന്മാരിൽ നിന്ന് തന്നെ പല കാരണങ്ങളാലും പ്രമാണ വിരുദ്ധമായ തെറ്റുകളും അനവധാനതകളും സംഭവിച്ചുവെന്നും വരാം. ഒരു മത-ആദർശത്തിന്റെ പേര് സ്വീകരിക്കുന്നുവെങ്കിലും മനപൂർവ്വം ആ മത-ആദർശപദ്ധതിയുടെ വിശ്വാസങ്ങളെയും കർമ്മ പദ്ധതിയെയും അവഗണിക്കുകയും അവയ്ക്ക് എതിർ പ്രവർത്തിക്കുകയും ചെയ്യുന്ന കേവല നാമധാരികളുണ്ടാകും. ഇവയൊന്നും അവലംബിച്ചല്ല ഒരു മതത്തെയൊ ആദർശത്തെയൊ മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും.

ഇസ്‌ലാമിലെ പ്രമാണങ്ങൾ ഖുർആനും സ്വഹീഹായ ഹദീസുകളുമാണ്. മതപരമായ കാര്യങ്ങളിൽ ആത്യന്തികമായ വിധി കർതൃത്വവും ധർമ്മാദ്ധ്യക്ഷതയും ഇസ്‌ലാമിക പ്രമാണങ്ങൾക്ക് മാത്രമാണ്.

“ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും (അവന്റെ) ദൂതനിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.”
(കുർആൻ: 4:59)

“വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍” എന്നതിൽ ‘വല്ല കാര്യം’ എന്നതുകൊണ്ട് ഉദ്ദേശ്യം മതകാര്യമാണ്. അല്ലാഹുവിലേക്ക് മടക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് കുർആനിലേക്ക് മടക്കുക എന്നാണ്. ദൂതനിലേക്ക് മടക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് പ്രവാചക ചര്യയിലേക്ക് മടക്കുക എന്നുമാണ്. മുജാഹിദ്, അഅ്മശ്, കത്താദ തുടങ്ങി മിക്ക കുർആൻ വ്യഖ്യാതാക്കളും ആയത്തിനെ വ്യാഖ്യാനിച്ചത് ഇപ്രകാരമാണ്.
(ജാമിഉ അഹ്കാമിൽ കുർആൻ: കുർതുബി: കുർആൻ: 4:59 ന്റെ വ്യാഖ്യാനം)

പ്രവാചകൻ (സ) പറഞ്ഞു: “ജനങ്ങളേ, നിങ്ങൾക്ക് (രണ്ട് കാര്യങ്ങൾ) വിട്ടേച്ചാണ് ഞാൻ പോകുന്നത്; അവ കൊണ്ട് നിങ്ങൾ സംരക്ഷണം സ്വീകരിച്ചാൽ നിങ്ങൾ ഒരിക്കലും വഴി പിഴച്ചു പോകില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ ചര്യയുമാണത്.”
(അശ്ശരീഅ: ആജുരി: 1704)

പണ്ഡിതന്മാരൊ അവരുടെ ഗ്രന്ഥങ്ങളൊ അധ്യാപനങ്ങളൊ ഇസ്‌ലാമിക പ്രമാണങ്ങളല്ല. പ്രമാണങ്ങളെ പൊതുജനങ്ങൾക്ക് പഠിക്കാനുള്ള ഗൈഡുകൾ മാത്രമാണ്. ഇസ്‌ലാമിലെ പണ്ഡിത സങ്കൽപം തിരുവാക്ക് എതിർവാ ഇല്ലാത്ത പൗരോഹിത്യമല്ല. ഇസ്‌ലാമിക പ്രമാണങ്ങളായ കുർആന്റെയും സ്വഹീഹായ ഹദീസുകളുടേയും അപ്രമാദിത്വവും ആധികാരികതയും പണ്ഡിതന്മാർക്ക് ചാർത്തി കൊടുക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. പ്രമാണങ്ങൾക്ക് വിരുദ്ധമായി പണ്ഡിതന്മാർ പറയുന്നതിനെ പിൻപറ്റുന്നത് ഇസ്‌ലാം ശക്തമായി എതിർക്കുന്നു. പ്രമാണ വിരുദ്ധമായ അഭിപ്രായങ്ങളിലും നിലപാടുകളിലും പണ്ഡിതന്മാർക്ക് അപ്രമാദിത്വവും വിശുദ്ധിയും ചാർത്തി കൊടുക്കുന്നത് ദൈവത്തെ വിട്ട് അവരെ ആരാധിക്കുന്നതിന് തുല്യമാണെന്നും, അത് ബഹുദൈവാരാധനയാകുന്ന ഏറ്റവും വലിയ പാതകമാണെന്നും കുർആനും ഹദീസും പഠിപ്പിക്കുന്നു.

“അവര്‍ (ജൂത കൃസ്ത്യാനികളാകുന്ന വേദക്കാർ) തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും ‎അല്ലാഹുവിനു പുറമെ ദൈവങ്ങളാക്കി സ്വീകരിച്ചു.”
(കുർആൻ: 9:31)

ഈ കുർആനിക വചനം കേട്ട, വേദക്കാരിൽ പെട്ട അദിയ്യിബ്നു ഹാതിം (റ) പ്രവാചകനോട് (സ) ചോദിച്ചു: ഞങ്ങൾ അവരെ (പണ്ഡിതന്മാരെയും പുരോഹിതന്മാരെയും) ആരാധിക്കുന്നില്ലല്ലൊ?! അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: അല്ലാഹു അനുവദനീയമാക്കിയ വല്ല കാര്യവും അവർ (പണ്ഡിത പുരോഹിതന്മാർ) നിഷിദ്ധമാക്കിയാൽ നിങ്ങൾ അവരെ അംഗീകരിക്കില്ലെ? അല്ലാഹു നിഷിദ്ധമാക്കിയ വല്ല കാര്യവും അവർ അനുവദനീയമാക്കിയാലും നിങ്ങൾ അവരെ അംഗീകരിക്കില്ലെ?. അദിയ്യിബ്നു ഹാതിം (റ) പറഞ്ഞു: അതെ. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: അതു തന്നെയാണ് അവരെ (പണ്ഡിത പുരോഹിതന്മാരെ) ആരാധിക്കൽ. (തുർമുദി: 3095, ഹകീകത്തുൽ ഇസ്‌ലാം വൽ ഈമാൻ: 111)

അതുകൊണ്ട് തന്നെ, ഇസ്‌ലാമിലെ പണ്ഡിത സങ്കൽപം തിരുവാക്ക് എതിർവാ ഇല്ലാത്ത പൗരോഹിത്യമല്ല. ഇസ്‌ലാമിലെ പണ്ഡിതന്മാർ ‘റബ്ബാനി’കളാണ്.

“…നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച് കൊണ്ടിരിക്കുന്നതിലൂടെയും ‘റബ്ബാനീ’ങ്ങളാവുക.”
(കുർആൻ: 3:79)

وقال ابن عباس {كونوا ربانيين} حكماء فقهاء ويقال الرباني الذي يربي الناس بصغار العلم قبل كباره.

‘റബ്ബാനീ’ങ്ങൾ എന്നാൽ മതത്തിൽ അഗാധജ്ഞാനം നേടിയവരും യുക്തി ദീക്ഷയുള്ളവരുമാണെന്ന് പ്രവാചക ശിഷ്യൻ ഇബ്നു അബ്ബാസ് (റ) പറയുന്നു. പ്രമാണങ്ങൾ പൊതുജനത്തിന് മനസ്സിലാക്കാനും ഉൾകൊള്ളാനും കഴിയുന്ന രൂപത്തിൽ ഘട്ടം ഘട്ടമായി പഠിപ്പിക്കുന്ന പണ്ഡിതന്മാരാണ് റബ്ബാനി എന്ന് ഹസനുൽ ബസ്വരി പറയുന്നു. (സ്വഹീഹുൽ ബുഖാരി: കിതാബുൽ ഇൽമ്: അദ്ധ്യായം: 11)

ലളിതമായി പറഞ്ഞാൽ ഇസ്‌ലാമിലെ പണ്ഡിതന്മാരുടെ ഉപമ ട്യൂഷൻ ടീച്ചർമാരാണ്. പ്രമാണങ്ങൾ പൊതുജനത്തിന് മനസ്സിലാക്കാനും ഉൾകൊള്ളാനും കഴിയുന്ന രൂപത്തിൽ യുക്തി ദീക്ഷയോടെയും ഘട്ടം ഘട്ടമായും പഠിപ്പിക്കുന്നവർ. അതുകൊണ്ട് തന്നെ ട്യൂഷൻ ടീച്ചർമാരിൽ നിന്നും വല്ല പിഴവും സംഭവിച്ചാൽ സിലബസ് കമ്മിറ്റിയുടെ പേരിൽ ആ തെറ്റാരോപിക്കുന്നതിൽ കാര്യമില്ലല്ലൊ. ഇതു പോലെ പ്രമാണങ്ങൾക്ക് വിരുദ്ധമായി വല്ലതും വല്ല പണ്ഡിതന്മാരാലും എഴുതപ്പെടുകയോ പറയപ്പെടുകയോ ചെയ്തിട്ടുണ്ട് എന്നത് ഇസ്‌ലാം മതത്തിനോ, മുസ്‌ലിംകൾക്കോ ബാധകമല്ല. അവയൊന്നും ഇസ്‌ലാം മതത്തിൽ പ്രമാണമല്ല. തെളിവുകളുടെ പിൻബലമില്ലാത്ത അത്തരം കേവലാഭിപ്രായങ്ങൾ, പ്രമാണ വിരുദ്ധമായ നിലപാടുകൾ യാതൊരു പരിഗണനയും കൂടാതെ തള്ളിക്കളയണമെന്ന് മുസ്‌ലിം പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഉദാഹരണത്തിന് ലോകമുസ്‌ലിംകൾ ഏറ്റവും ആദരവോടെ കാണുകയും പിന്തുടരുകയും ചെയ്യുന്ന നാല് മദ്ഹബുകളുടെ പണ്ഡിതന്മാർ തന്നെ, ഇസ്‌ലാമിൽ പ്രമാണങ്ങളുടെ അപ്രമാദിത്വവും ആധികാരികതയും പ്രഖ്യാപിക്കുന്നത് കാണുക.

إذا قلتُ قولا يخالف كتاب الله تعالى وخبر الرسول صلى الله عليه وسلم فاتركوا قولي

ഇമാം അബൂഹനീഫ പറഞ്ഞു:
അല്ലാഹുവിന്റെ ഗ്രന്ഥത്തോടൊ അല്ലാഹുവിന്റെ ദൂതന്റെ ഹദീസുകളോടൊ എതിരായി ഞാൻ ഒരു അഭിപ്രായം പറഞ്ഞാൽ എന്റെ അഭിപ്രായത്തെ നിങ്ങൾ ഉപേക്ഷിക്കുക.
(ഈകാളു ഹിമമി ഉലിൽ അബ്സ്വാർ: അല്ലാമ ഫുലാനി: 50)

إنما أنا بشر أخطئ وأصيب فانظروا في رأيي فكل ما وافق الكتاب والسنة فخذوه وكل ما لم يوافق الكتاب والسنة فاتركوه…
ليس أحد بعد النبي صلى الله عليه وسلم إلا ويؤخذ من قوله ويترك إلا النبي صلى الله عليه وسلم

ഇമാം മാലിക് പറഞ്ഞു:
ഞാൻ ഒരു സാധാരണ മനുഷ്യനാണ്. എന്റെ അഭിപ്രായങ്ങളിൽ ശരിയും തെറ്റും സംഭവിക്കാം. അതിനാൽ എന്റെ അഭിപ്രായങ്ങളെ നിങ്ങൾ ശരിയായി പരിശോധിക്കണം. എന്നിട്ട് കുർആനോടും ഹദീസിനോടും യോജിക്കുന്നവ മാത്രം സ്വീകരിക്കുക. കുർആനോടും ഹദീസിനോടും യോജിക്കാത്ത അഭിപ്രായങ്ങൾ ഉപേക്ഷിക്കുക… പ്രവാചകന്റേതല്ലാതെ മറ്റാരുടേയും വാചകങ്ങളിൽ തള്ളേണ്ടവയും കൊള്ളേണ്ടവയും ഉണ്ടാകും.
(ജാമിഉ ബയാനിൽ ഇൽമ്: ഇബ്നു അബ്ദുൽ ബിർറ്: 2/32,91)

قلتُ من قول أو أصّلت من أصل فيه عن رسول الله صلى الله عليه وسلم لخلاف ما قلت فالقول ما قال رسول الله صلى الله عليه وسلم وهو قولي…
إذا وجدتم في كتابي خلاف سنة رسول الله صلى الله عليه وسلم فقولوا بسنة رسول الله صلى الله عليه وسلم ودعوا ما قلت

ഇമാം ശാഫിഈ പറഞ്ഞു:
ഞാൻ ഒരു അഭിപ്രായം പറഞ്ഞു. പ്രവാചകനിൽ നിന്ന് അതിന് എതിരായ അഭിപ്രായവും വന്നാൽ പ്രവാചകന്റെ അഭിപ്രായമാണ് എന്റെ അഭിപ്രായം.
(താരീഖു ദിമശ്ക് : ഇബ്നു അസാകിർ: 1/15/3)

അല്ലാഹുവിന്റെ ദൂതന്റെ ഹദീസുകളോട് എതിരായി ഒരു അഭിപ്രായം ഞാൻ പറഞ്ഞതായി എന്റെ ഗ്രന്ഥത്തിൽ നിങ്ങൾ കണ്ടെത്തിയാൽ നിങ്ങൾ അല്ലാഹുവിന്റെ ദൂതന്റെ ഹദീസുകളെ സ്വീകരിക്കുക. എന്റെ അഭിപ്രായത്തെ നിങ്ങൾ ഉപേക്ഷിക്കുക.
(അൽ മജ്മൂഉ: നവവി: 1/63)

لا تقلّدني ولا تقلد مالكا ولا الشافعي ولا الأوزاعي ولا الثوري وخُذ من حيث أخذوا…
من ردّ حديث رسول الله صلى الله عليه وسلم فهو على شفا هلكة

ഇമാം അഹ്മദിബ്നു ഹമ്പൽ പറഞ്ഞു:
നിങ്ങൾ എന്നെ അന്ധമായി അനുകരിക്കരുത്. മാലികിനെയൊ ശാഫിഈയെയൊ ഔസാഈയെയൊ സൗരിയെയൊ അന്ധമായി അനുകരിക്കരുത്. അവരെല്ലാം അവലംബിച്ച പ്രമാണങ്ങളെയാണ് അനുകരിക്കേണ്ടത്.
(ഇഅ്ലാമുൽ മൂകിഈൻ:  2/302)

ആരെങ്കിലും അല്ലാഹുവിന്റെ ദൂതന്റെ വല്ല ഹദീസും തള്ളി കളഞ്ഞാൽ അയാൾ നാശത്തിന്റെ വക്കിലായി.
(അൽ മനാകിബ്: ഇബ്നുൽ ജൗസി: 182)

ഇബ്നു തീമിയ്യ പറഞ്ഞു: “പ്രവാചകനിൽ (സ) നിന്ന് സ്വഹീഹായി വന്ന ഒരു ഹദീസിന് എതിരായി മനുഷ്യരിൽ ഒരാളുടെയും വാക്കിനെയോ അഭിപ്രായത്തെയോ സ്വീകരിക്കാൻ പാടുള്ളതല്ല. ഒരു വിഷയത്തെ സംബന്ധിച്ച് ഒരാൾ പ്രവാചകാനുചരൻ ഇബ്നു അബ്ബാസ്(റ) നോട് ചോദിച്ചപ്പോൾ അദ്ദേഹം പ്രവാചകന്റെ(സ) ഹദീസ് കൊണ്ട് മറുപടി നൽകുകയുണ്ടായി. അപ്പോൾ ചോദ്യകർത്താവ് പറഞ്ഞു: “അബൂബക്കറും ഉമറും (റ) ഇപ്രകാരമാണല്ലോ പറഞ്ഞിരിക്കുന്നത്?” അപ്പോൾ ഇബ്നു അബ്ബാസ് പറഞ്ഞു: “(നിങ്ങൾ ഈ പറഞ്ഞ വാക്കിന്റെ ഗൗരവം മൂലം) ആകാശത്തു നിന്നും നിങ്ങളുടെ മേൽ കല്ല് വർഷിക്കാറായിരിക്കുന്നു, (കാരണം) ഞാൻ ‘അല്ലാഹുവിന്റെ ദൂതർ പറഞ്ഞു’ എന്ന് പറഞ്ഞപ്പോൾ നിങ്ങൾ ‘അബൂബക്കറും ഉമറും പറഞ്ഞു’ എന്ന് പറയുകയാണോ?!” (അഹ്മദ്:1/337)

ഈ നിവേദനത്തിൽ നിന്നും രണ്ട് കാര്യങ്ങൾ മനസ്സിലാക്കാം: ഒന്ന്, പ്രവാചകനിൽ നിന്നുള്ള ഒരു ഹദീസിന് എതിരായി ആര് തന്നെ അഭിപ്രായപ്പെട്ടാലും അത് സ്വീകരിക്കരുത്; അത് (ഈ സമുദായത്തിലെ ഏറ്റവും വലിയ പണ്ഡിതരായ) അബൂബക്കറും ഉമറും(റ) ആയാൽ പോലും.”
(റഫ്ഉൽ മലാം അൻ അഇമ്മത്തിൽ അഅ്ലാം:)

അതുകൊണ്ട് തന്നെ, കർമ്മശാസ്ത്ര ഗ്രന്ഥങ്ങളും അതിൽ പല വിഷയങ്ങളിലുമുള്ള പണ്ഡിതാഭിപ്രായങ്ങളിലെ അന്തരങ്ങളും പ്രദർശിപ്പിച്ച് ഇതാണ് ഇസ്‌ലാം എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നവർ മനസ്സിലാക്കുക. അവയൊന്നും അന്യൂനമായ ഇസ്‌ലാമിക പ്രമാണങ്ങളല്ല; കേവല പണ്ഡിതാഭിപ്രായങ്ങളാണ്. അവയിൽ പ്രമാണങ്ങളായ കുർആനോടും സ്വഹീഹായ ഹദീസിനോടും യോജിച്ചവയാണ് ഇസ്‌ലാമിൽ പരിഗണനീയം. പ്രമാണങ്ങളോട് എതിരായവയെ മുസ്‌ലിംകൾ ആദരപൂർവ്വം തിരസ്കരിക്കുന്നു.

2. സ്വഹീയായ (സ്വീകാര്യതയുടെ മാനദണ്ഡങ്ങൾ പൂർത്തിയായ) ഹദീസുകൾ മാത്രമാണ് പ്രമാണം. ദഈഫായ (ദുർബലം) ഹദീസുകൾ ഇസ്‌ലാമിൽ പ്രമാണമല്ല.

ഇസ്‌ലാമിലെ പ്രമാണങ്ങൾ കുർആനും സ്വഹീഹായ ഹദീസുകളുമാണ്. കുർആൻ മുഴുവനായും പ്രവാചക ശിഷ്യന്മാരുടെ കാലം മുതൽക്കെ തന്നെ ഒരു ഗ്രന്ഥത്തിൽ ക്രോഡീകരിക്കുകയും ആയിരങ്ങൾ മനപാഠമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഹദീസുകളുടെ കാര്യം അങ്ങനെയല്ല. പ്രവാചകൻ (സ) പല സന്ദർഭങ്ങളിലും പല ശ്രോതാക്കൾക്കുമായി നൽകിയ പാഠങ്ങളാണല്ലൊ ഹദീസുകളുടെ ഉള്ളടക്കം. അതുകൊണ്ട് തന്നെ പ്രവാചക ശിഷ്യന്മാർക്ക് പലർക്കും പല നബി പാഠങ്ങളുമാണ് ലഭിച്ചത്. അവ എല്ലാം ഒരുമിച്ച് ഒരു പുസ്തകത്തിൽ ക്രോഡീകരിക്കപ്പെട്ടില്ല, അവ എല്ലാം ഒരുമിച്ച് മനപാഠമാക്കിയ ആയിരങ്ങൾ ഉണ്ടായില്ല. ഓരോ പ്രവാചക ശിഷ്യന്മാരും അവർ പ്രവാചകനിൽ നിന്ന് കേട്ടു പഠിച്ച ഹദീസുകൾ സത്യസന്ധമായി പിൻതലമുറക്ക് പഠിപ്പിച്ചു കൊടുത്തു. ഇസ്‌ലാമിന്റെ വളർച്ച ദ്രുത ഗതിയിലാവുകയും ലക്ഷോപലക്ഷങ്ങൾ ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്യാൻ തുടങ്ങിയപ്പോൾ ദുർബല വിശ്വാസികളും കപട വിശ്വാസികളും ഇസ്‌ലാമിക സമൂഹത്തിൽ സ്ഥാനം പിടിച്ചു. കുർആനിൽ ഒന്നും തിരുകി കയറ്റാൻ കഴിയാത്ത വിധം അതിന് മുസ്‌ലിംകൾക്കിടയിൽ പ്രചുരപ്രചാരം സിദ്ധിച്ചെന്ന് മനസ്സിലാക്കിയ ഇരു വിഭാഗവും പലരിലുമായി, പല രേഖകളിലുമായി വ്യാപിച്ചു കിടക്കുന്ന ഹദീസുകൾക്കിടയിൽ കള്ള കഥകളും വ്യാജ വാർത്തകളും ചേർക്കാൻ തുടങ്ങി. ഇത്തരക്കാരുടെ ലക്ഷ്യങ്ങൾ പലതുമായിരുന്നു. ഇസ്‌ലാമിക സമൂഹത്തിൽ അന്ധവിശ്വാസ അനാചാരങ്ങൾ ഹദീസിലൂടെ കള്ളക്കടത്തു നടത്തി മതത്തെ നശിപ്പിക്കുകയായിരുന്നു ചില കപട വിശ്വാസികളുടെ ലക്ഷ്യം. ഇവരുടെ പ്രവർത്തനങ്ങളുടെ ഫലമായും അല്ലാതെയും ഇസ്‌ലാമിക സമൂഹത്തിൽ ഉടലെടുത്ത അവാന്തര കക്ഷികൾ തങ്ങളുടെ പുത്തൻ വാദങ്ങൾക്ക് പിൻബലമേകാനും മുസ്‌ലിംകൾക്കിടയിൽ സ്വീകാര്യത നേടാനുമായി പല നുണ ഹദീസുകളും ഉണ്ടാക്കാൻ ആരംഭിച്ചു. തീർത്തും സ്വാർത്ഥവും ഐഹികവുമായ വ്യക്തി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാൻ വേണ്ടി വ്യാജഹദീസുകൾ പ്രചരിപ്പിച്ചവരും ഉണ്ട്.

ഈ അപകടം തിരിച്ചറിഞ്ഞ മഹാന്മാരായ മുസ്‌ലിം ഭരണാധികാരികളും ഹദീസ് ശാസ്ത്ര പണ്ഡിതരും ഹദീസുകളിലെ നെല്ലും പതിരും തിരിക്കാനുള്ള പ്രയത്നമാരംഭിച്ചു. അതിനായി മുസ്‌ലിം പണ്ഡിതർ ആവിഷ്കരിച്ച ഏറ്റവും ശക്തമായ ഉപകരണമാണ് സനദ് അഥവാ നിവേദക പരമ്പര. പ്രവാചകൻ (സ) ഒരു കാര്യം പറഞ്ഞു എന്ന് പറഞ്ഞാൽ പോര. പ്രവാചകൻ (സ) പറഞ്ഞ ആ കാര്യം ആര് കേട്ടു. ആ കേട്ടവരിൽ നിന്ന് ആര് കേട്ടു. ആ രണ്ടാം ശ്രോതാക്കളിൽ നിന്ന് കേട്ട ശ്രോതാക്കൾ ആരൊക്കെ? ആ രണ്ടാം ശ്രോതാക്കളിൽ നിന്ന് കേട്ട മൂന്നാം ശ്രോതാക്കൾ ആര്? ഈ സർവ്വ ശ്രോതാക്കളും അവരിൽ നിന്ന് കേട്ട് ഹദീസ് പറയുന്ന വ്യക്തിയും ഉൾപ്പെടെയുള്ള ശ്രോതാക്കളുടെ അല്ലെങ്കിൽ നിവേദകരുടെ പരമ്പരയാണ് സനദ്. ഹദീസുകളും സീറയും (നബി ചരിത്രം) ഇസ്‌ലാമിക ചരിത്രവും ക്രോഡീകരിച്ച പൗരാണികമായ എല്ലാ ഗ്രന്ഥങ്ങളിലും അതിൽ എഴുതപ്പെട്ടിരിക്കുന്ന ഹദീസുകൾക്കും നിവേദനങ്ങൾക്കും ഒപ്പം ഈ സനദുകളും (നിവേദകരുടെ പരമ്പര) നിർബന്ധമായും രേഖപ്പെടുത്തപ്പെട്ടിരിക്കും. അഥവാ അപ്രകാരം സനദുകൾ (നിവേദകരുടെ പരമ്പര) രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിൽ അത് ഇസ്‌ലാമിക പ്രമാണമായി മുസ്‌ലിംകൾ അംഗീകരിക്കില്ല. മറ്റൊന്ന്, ഈ രേഖപ്പെടുത്തപ്പെട്ട സനദുകളിലെ ഓരോ വ്യക്തിയും വിശ്വസ്ഥരും മത ഭക്തരും ഹദീസ് പണ്ഡിതരും നല്ല മനപാഠ ശേഷിയുള്ളവരുമാകണം. എങ്കിൽ ഹദീസ് സ്വഹീഹ് (സ്വീകാര്യതയുടെ മാനദണ്ഡങ്ങൾ പൂർത്തീകരിക്കപ്പെട്ടവ) ആകും. അവ ഇസ്‌ലാമിൽ പ്രമാണമാണ്. ഇനി ഈ രേഖപ്പെടുത്തപ്പെട്ട സനദുകളിലെ ഒരു വ്യക്തിയെങ്കിലും വിശ്വസ്ഥനും മത ഭക്തനും ഹദീസ് പണ്ഡിതനും നല്ല മനപാഠ ശേഷിയുള്ളവനുമല്ലെങ്കിൽ ഹദീസ് ദഈഫ് (ദുർബലം) ആകുന്നു. ഇത്തരം ദഈഫ് (ദുർബലം) ആയ ഹദീസുകൾ ഇസ്‌ലാം അംഗീകരിക്കുന്നില്ല.

കുർആൻ പറഞ്ഞു: “സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിന്റെ നിജസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക.”(ഖുർആൻ: 49:6)*

പ്രവാചകൻ (സ) പറഞ്ഞു:
“നുണയാണെന്ന് മനസ്സിലായിട്ടും എന്റെ പേരിൽ ഒരാൾ ഹദീസ് ഉദ്ധരിച്ചാൽ (ആ കള്ള ഹദീസ് ഉണ്ടാക്കിയവനും അതു പ്രചരിപ്പിച്ചവനുമായ) രണ്ട് നുണയന്മാരിൽ ഒരുവനായി അവൻ പരിണമിക്കുന്നു.”
(മുക്വദ്ദിമത്തു സ്വഹീഹു മുസ്‌ലിം: 1/19 )

പ്രവാചകൻ (സ) പറഞ്ഞു: കേൾക്കുന്നവയെല്ലാം ഉദ്ധരിക്കൽ ഒരാൾ നുണയനാവാൻ മതിയായ കാരണമാണ്.
(മുക്വദ്ദിമത്തു സ്വഹീഹു മുസ്‌ലിം: 6, സ്വഹീഹുൽ ജാമിഅ്: 4482)

പ്രവാചകൻ (സ) പറഞ്ഞു: അവസാന നാളുകളിൽ പെരുങ്കള്ളന്മാരായ ചില നുണയന്മാരുണ്ടാകും. നിങ്ങളൊ നിങ്ങളുടെ പിതാക്കളൊ കേട്ടിട്ടില്ലാത്ത ചില ഹദീസുകളുമായി അവർ നിങ്ങളുടെ അടുക്കൽ വരും. അവരെ നിങ്ങൾ സൂക്ഷിക്കുക. അവർ നിങ്ങളെ വഴികേടിലാക്കാതിരിക്കട്ടെ. അവർ നിങ്ങളെ ( ആശയ) കുഴപ്പത്തിലാക്കാതെയുമിരിക്കട്ടെ.
(മുസ്നദു അഹ്മദ്:8596, അൽ ബിദഅ്: 71)

لم يكونوا يسألون عن الإسناد, فلما وقعت الفتنة قالوا: سَمُّوا لنا رجالكم, فيُنظر إلى أهل السنة فيؤخذ حديثهم, وينظر إلى أهل البدع فلا يؤخذ حديثهم

ഇബ്നു സിരീൻ പറഞ്ഞു: പണ്ഡിതന്മാർ സനദിനെ (നിവേദകരുടെ പരമ്പര) ചോദിച്ചറിയാറില്ലായിരുന്നു. പിന്നീട് (ഇസ്‌ലാമിക സമൂഹത്തിനിടയിൽ) കുഴപ്പങ്ങൾ പൊട്ടി പുറപ്പെട്ടപ്പോൾ പണ്ഡിതന്മാർ നിവേദകരുടെ നാമങ്ങൾ ഉദ്ധരിക്കാനായി ആവശ്യപ്പെടാൻ തുടങ്ങി. അവരിൽ പ്രവാചകചര്യയുടെ ആളുകളായ (വിശ്വാസ്ഥരിൽ) നിന്ന് മാത്രം സ്വീകരിക്കുകയും, (അവാന്തരവിഭാഗങ്ങളായ) പുത്തൻ വാദക്കാർ (നിവേദകരിൽ) ഉണ്ടെങ്കിൽ അവ സ്വീകരിക്കാതിരിക്കുകയും ചെയ്തു.
(മുക്വദ്ദിമത്തു സ്വഹീഹു മുസ്‌ലിം: 8)
 
بَاب بَيَانِ أَنَّ الْإِسْنَادَ مِنْ الدِّينِ، وَأَنَّ الرِّوَايَةَ لَا تَكُونُ إِلَّا عَنْ الثِّقَاتِ، وَأَنَّ جَرْحَ الرُّوَاةِ بِمَا هُوَ فِيهِمْ جَائِزٌ بَلْ وَاجِبٌ، وَأَنَّهُ لَيْسَ مِنْ الْغِيبَةِ الـْمُحَرَّمَةِ بَلْ مِنْ الذَّبِّ عَنْ الشَّرِيعَةِ الْمُكَرَّمَةِ 

ഇമാം മുസ്‌ലിം പറഞ്ഞു:
സനദ് മതത്തിൽ പെട്ടതാണ്. നിവേദനങ്ങൾ വിശ്വസ്ഥരിൽ നിന്ന് മാത്രമെ സ്വീകരിക്കപ്പെടു. നിവേദകരിൽ (അവരുടെ വിശ്വാസ്യതയിൽ) വല്ല ന്യൂനതയുമുണ്ടെങ്കിൽ അത് കണ്ടെത്തൽ നിർബന്ധമാണ്.
(മുക്വദ്ദിമത്തു സ്വഹീഹു മുസ്‌ലിം: 9)

وقال مُحَمَّد ابْنُ سِيرِينَ:  إِنَّ هَذَا الْعِلْمَ دِينٌ فَانْظُرُوا عَمَّنْ تَأْخُذُونَ دِينَكُمْ

ഇബ്നു സിരീൻ പറഞ്ഞു:  ഈ (ഹദീസ്) ശാസ്ത്ര ശാഖ മതമാണ്. അതിനാൽ ആരിൽ നിന്നാണ് നിങ്ങൾ നിങ്ങളുടെ മതം (ആകുന്ന ഹദീസ്) സ്വീകരിക്കുന്നത് എന്ന് സൂക്ഷ്മമായി പഠിക്കണം.
(മുക്വദ്ദിമത്തു സ്വഹീഹു മുസ്‌ലിം: 8)

وعَنْ مِسْعَرٍ قَالَ سَمِعْتُ سَعْدَ بْنَ إِبْرَاهِيمَ يَقُول: لا يُحَدِّثُ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلا الثِّقَاتُ 

സഅ്ദിബ്നു ഇബ്രാഹിം പറയുന്നു: അല്ലാഹുവിന്റെ ദൂതനെ സംബന്ധിച്ച് വിശ്വസ്ഥരിൽ നിന്നല്ലാതെ ഹദീസ് ഉദ്ധരിക്കാവതല്ല.
(മുക്വദ്ദിമത്തു സ്വഹീഹു മുസ്‌ലിം: 8)

وقال ابن المبارك:  الإسناد مِن الدين ولولا الإسنادُ لقال مَنْ شَاءَ مَا شَاءَ…
بيننا وبين القوم القوائم، يعني الأسانيد

അബ്ദുല്ലാഹിബ്നുൽ മുബാറക് പറഞ്ഞു: സനദ് മതത്തിൽ പെട്ടതാണ്. സനദ് ഇല്ലായിരുന്നെങ്കിൽ തോന്നിയവന് തോന്നിയതെല്ലാം പറയാമായിരുന്നു…
നമുക്കും (മുസ്‌ലിംകൾക്കും) മറ്റു സമൂഹങ്ങൾക്കുമിടയിൽ സനദ് എന്ന വ്യത്യാസം നിലനിൽക്കുന്നു.
(ശർഹു ഇലലു തുർമുദി: 1:359, മുക്വദ്ദിമത്തു സ്വഹീഹു മുസ്‌ലിം: 8)

ഹദീസ് ഗ്രന്ഥങ്ങൾക്കു പുറമെ സീറ (നബി ചരിത്ര) ഗ്രന്ഥങ്ങളുടേയും ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളുടേയും കാര്യവും സമാനമാണ്. പൗരാണിക ഹദീസ് – സീറ ഗ്രന്ഥങ്ങളിലെല്ലാം ഓരോ നിവേദനങ്ങൾക്കുമൊപ്പം സനദും കണിശമായി ചേർക്കപ്പെട്ടിരിക്കും. അവയിൽ എഴുതപ്പെട്ട ഹദീസുകളും നിവേദനങ്ങളുമെല്ലാം സ്വീകാര്യമാണെന്ന് ആ ഗ്രന്ഥകാരന്മാരായ പണ്ഡിതർക്കു തന്നെ അഭിപ്രായമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. മറിച്ച് ഏത് നിവേദനങ്ങളുടെ സനദുകളാണോ സ്വഹീഹ് അവ മാത്രമാണ് -പ്രസ്ഥുത ഗ്രന്ഥകർത്താക്കളുടെ അടുക്കൽ തന്നെ – സ്വീകാര്യം, ദഈഫ് ആയ നിവേദനങ്ങൾ അസ്വീകാര്യങ്ങളും. ഈ ഗ്രന്ഥങ്ങളിൽ സ്വഹീഹായ നിവേദനങ്ങൾ മാത്രമല്ല പ്രസ്തുത പണ്ഡിതന്മാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു വിഷയത്തെയൊ കാലഘട്ടത്തെയൊ ചർച്ച ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട് അവർക്കു കിട്ടിയ സർവ്വ നിവേദനങ്ങളും അവർ അവരുടെ ഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ നിവേദനങ്ങളിൽ ഏതൊക്കെയാണ് സത്യസന്ധം ഏതൊക്കെയാണ് വ്യാജം എന്നത് വേർത്തിരിച്ച് മനസ്സിലാക്കൽ ആ ഗ്രന്ഥങ്ങൾ പഠനവിധേയമാക്കുന്നവരുടെ ബാധ്യതയായാണ് ആ ഗ്രന്ഥങ്ങളുടെ രചയിതാക്കൾ മനസ്സിലാക്കിയത്. ഉദാഹരണത്തിന് ഇസ്‌ലാമിക ലോകത്തെ ഏറ്റവും പൗരാണികവും പ്രശസ്തവുമായ ചരിത്ര ഗ്രന്ഥത്തിന് ഉടമയായ ഇമാം ഇബ്നു ജരീർ ത്വബ്‌രി തന്റെ ചരിത്ര ഗ്രന്ഥത്തിന്റെ ആമുഖത്തിൽ പറയുന്നത് കാണുക:

“നമ്മുടെ ഈ ഗ്രന്ഥം വായിക്കുന്നവർ അറിയേണ്ട ഒരു വസ്തുതയുണ്ട്. അതായത് നാമിവിടെ കൊണ്ട് വന്നതും പറഞ്ഞതുമായ കാര്യങ്ങളിൽ എന്റെ അവലംബം, ഞാൻ തന്നെ നേരിട്ട് അറിയുന്ന ചില കാര്യങ്ങളും, നിവേദകന്മാരിലേക്ക് ഞാൻ ചേർത്തി ഉദ്ധരിച്ച സംഭവങ്ങളുമാണ്.

എന്നാൽ, ഭൂതകാലത്തെ പറ്റി നാം സംസാരിക്കവെ, വായനക്കാരന് അപരിചിതമായതോ കേൾക്കുന്നവന് വെറുപ്പുണ്ടാക്കുന്നതോ ആയ എന്തെങ്കിലുമുണ്ടെങ്കിൽ – അഥവാ ഒരു തരത്തിലും സ്വീകാര്യമല്ലാത്തവയോ വസ്തുതകൾക്ക് നിരക്കാത്ത ആശയത്തിലുള്ളതോ ഒക്കെ – അത് നമ്മുടെ അടുക്കൽ നിന്നുള്ളതല്ലെന്നും നിവേദകന്മാരിൽ നിന്നും സംഭവിച്ചതാണെന്നും അറിയണം. (ഏതെങ്കിലും വിഷയാസ്പദമായി) നമുക്ക് ലഭിച്ച നിവേദനങ്ങൾ അപ്പടി ഉദ്ധരിക്കുക മാത്രമാണ് നാം (ഈ ഗ്രന്ഥത്തിൽ) ചെയ്തിരിക്കുന്നത്. (അവയിലെ നെല്ലും പതിരും വ്യവഛേദിക്കൽ ഗ്രന്ഥ പഠിതാക്കളുടെ ബാധ്യതയാണ്)”
(മുഖദ്ദിമ: താരീഖുത്വബ്‌രി: 5)

ഇതൊന്നും മനസ്സിലാക്കാതെയൊ/ മനസ്സിലാക്കിയിട്ടും മനപൂർവ്വമോ ഏതെങ്കിലും ഹദീസ് ഗ്രന്ഥത്തിലൊ സീറയിലൊ എഴുതപ്പെട്ട വ്യാജ നിവേദനങ്ങൾ പൊക്കി പിടിച്ച് ‘ഇതാണ് ഇസ്‌ലാം’ എന്ന് പ്രഖ്യാപിച്ച് അതിന് ഖണ്ഡന പരമ്പരകൾ സംഘടിപ്പിക്കുന്നത് Straw Man Fallacy മാത്രമാണ്.

ഇസ്‌ലാം വിമർശകരുടെ വിമർശനത്തിനൊത്ത്, പിടിച്ചു നിൽക്കാൻ വേണ്ടി ചില ഹദീസുകൾ സ്വീകാര്യമെന്നും ചിലത് അസ്വീകാര്യമെന്നും പ്രഖ്യാപിക്കുകയല്ല മുസ്‌ലിംകൾ ചെയ്യുന്നത്. അങ്ങനെയായിരുന്നു കാര്യമെങ്കിൽ ഇസ്‌ലാം വിമർശകരുടെ വിമർശനത്തിനൊത്ത് കുർആനിലെ ചില ആയത്തുകൾ (വചനങ്ങൾ) സ്വീകാര്യമെന്നും ചില ആയത്തുകൾ അസ്വീകാര്യമെന്നും മുസ്‌ലിംകൾ പ്രഖ്യാപിക്കുമായിരുന്നില്ലേ?!

തോന്നിയത് പോലെ ചിലത് തള്ളുകയും ചിലത് കൊള്ളുകയുമല്ല മുസ്‌ലിംകൾ ചെയ്യുന്നത്. പ്രത്യുത മുസ്‌ലിംകളുടെ അടുക്കൽ ഒരു സനദ് അഥവാ നിവേദക പരമ്പര സ്വഹീഹ് ആവാൻ കൃത്യമായ ചില മാനദണ്ഡങ്ങൾ ഉണ്ട്. അവ അഞ്ചെണ്ണമാണ്:

1. عدالة جميع رواته.

നിവേദക പരമ്പരയിലെ സർവ്വ നിവേദകർക്കും അദാലത്ത് ഉണ്ടാവുക. അഥവാ നിവേദക പരമ്പരയിലെ സർവ്വ നിവേദകരും വിശ്വസ്ഥരും നീതിമാന്മാരും ഭക്തരുമാവുക.

2. تمام ضبط رواته لما يروون .

നിവേദക പരമ്പരയിലെ സർവ്വ നിവേദകരുടേയും ഓർമ്മശക്തി സമ്പൂർണമായിരിക്കുക.

3. اتصال السند من أوله إلى منتهاه ، بحيث يكون كل راوٍ قد سمع الحديث ممن فوقه.

നിവേദക പരമ്പര കണ്ണി ചേർന്നതാവുക; മുറിഞ്ഞതാവാതിരിക്കുക. അഥവാ പരമ്പരയിലെ നിവേദകർ ഏത് നിവേദകരിൽ നിന്നാണോ ഒരു ഹദീസ് ഉദ്ധരിക്കുന്നത്, അവർ പരസ്പരം കണ്ടുമുട്ടുകയും നേരിട്ട് ആ ഹദീസ് കേൾക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉറപ്പുണ്ടാവുക.

4. سلامة الحديث من الشذوذ في سنده ومتنه ، ومعنى الشذوذ : أن يخالف الراوي من هو أرجح منه .

നിവേദനത്തിന്റെ പരമ്പരയും (സനദ്), ഉള്ളടക്കവും (മത്നും) കൂടുതൽ വിശ്വസ്ഥരും ശ്രേഷ്ടരുമായ നിവേദകർക്കോ നിവേദനങ്ങൾക്കോ എതിരാവാതിരിക്കുക.

5. سلامة الحديث من العلة في سنده ومتنه ، والعلة : سبب خفي يقدح في صحة الحديث ، يطّلع عليه الأئمة المتقنون .

നിവേദനം ഇല്ലത്ത് അഥവാ സൂക്ഷ്മമായ ന്യൂനതകളിൽ നിന്ന് മുക്തമാകണം.

ഈ നിബന്ധനകൾ ഒത്ത ഹദീസുകളെയാണ് ‘സ്വഹീഹ്’ എന്ന് മുസ്‌ലിംകൾ വിളിക്കുന്നത്.
മുകളിൽ പ്രസ്ഥാവിച്ച അഞ്ച് നിബന്ധനകളിൽ ഒന്നിൽ ന്യൂനതകൾ ഉള്ളതായ ഹദീസുകൾ ദഈഫ് (ദുർബലം) ആയ ഹദീസുകളാകുന്നു. അവ ഇസ്‌ലാമിൽ പ്രമാണമല്ല. പൗരാണികരും ആധുനികരുമായ ലോക മുസ്‌ലിം പണ്ഡിതന്മാരെല്ലാം അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ സർവാംഗീകൃതമായ നിയമമാണിത്.
(അർരിസാല: ശാഫിഈ: 370-371, നുസ്ഹത്തുന്നളർ: 52, നുഖ്ബത്തുൽ ഫികർ: ഇബ്നു ഹജർ: 30, ഉലൂമുൽ ഹദീസ്: 30, മുഖദ്ദിമത്തു ഇബ്നു സ്വലാഹ്: 8, അൽ മൂകിദ: ദഹബി: 24, തദ്രീബുർ റാവി: സുയൂത്വി: 1/68-75، 155, അൽഫിയ്യ: 19, മൻദൂമത്തുൽ ബൈകൂനി: 30, ഹാശിയത്തുൽ അജ്ഹുരി: 6, ഇഖ്തിസ്വാറു ഉലൂമുൽ ഹദീസ്: ഇബ്നു കസീർ: 22, അൽ മുക്നിഅ്: ഇബ്നു മുലകിൻ: 1/ 42, അൽ ജാമിഅ്: ഖത്തീബുൽ ബഗ്ദാദി: 2/ 295, അൽ ഇക്തിറാഹ്: ഇബ്നു ദകീകുൽ ഈദ്: 215 – 216, മുകദ്ദിമത്തു മുസ്‌ലിം: ഇമാം നവവി, അത്തക്‌രീബ്: 105, മജ്മൂഉൽ ഫതാവാ ഇബ്നു തീമിയ്യ: 1/ 250, മആലിമുസ്സുനൻ: ഖത്താബി: 1/10, ശർഹുൽ അൽഫിയ: ഇറാകി: 1/111, സ്വഹീഹു തർഗീബു വതർഹീബ്: 1/47-67)

സനദുകളിലെ നിവേദകർ വിശ്വസ്ഥരാണോ എന്നും നിവേദകരിൽ സ്വീകാര്യതയുടെ മാനദണ്ഡങ്ങൾ ഒത്തുവരുന്നുണ്ടോ എന്നും അറിയാനായി ഹദീസ് നിദാനശാസ്ത്ര പണ്ഡിതർ ആയിരക്കണക്കിന് വരുന്ന നിവേദകരെ സംബന്ധിച്ച് രാജ്യങ്ങൾ താണ്ടി പതിറ്റാണ്ടുകൾ ദീർഘമായ പഠനങ്ങളും അന്വേഷങ്ങളും നടത്തുകയുണ്ടായി. അങ്ങനെ സനദുകളിലെ നിവേദകരുടെ ചരിത്രം ശേഖരിക്കുകയും സമാഹരിക്കുകയും ചെയ്തു കൊണ്ട് പതിനായിരക്കണക്കിന് പേജുകളുള്ള ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ അവർ രചിച്ചു. നിവേദകരുടെ ചരിത്രത്തെ പഠനവിധേയമാക്കുന്ന ഈ ശാസ്ത്ര ശാഖ ‘താരീഖുർ രിജാൽ’ എന്ന പേരിൽ ഇസ്‌ലാമിക വിജ്ഞാനശാഖകൾക്കിടയിൽ അറിയപ്പെടുന്നു. സനദുകളിലെ നിവേദകരെ സംബന്ധിച്ച ഈ അന്വേഷണ പഠനത്തിന്റെ (investigative research) അടിസ്ഥാനത്തിൽ നിവേദകരുടെ വിശ്വാസ്യതയും ന്യൂനതകളും കൂലങ്കഷ പഠനങ്ങൾക്ക് വിധേയമാക്കുന്ന ശാസ്ത്ര ഗ്രന്ഥങ്ങളെ ‘ജർഹു വതഅ്ദീൽ’ (كتب الجرح والتعديل) ഗ്രന്ഥങ്ങൾ എന്ന് ഇസ്‌ലാമിക ലോകത്ത് അറിയപ്പെടുന്നു.

print

No comments yet.

Leave a comment

Your email address will not be published.