ഇസ്‌ലാമിന്റെ യുദ്ധഭൂമിക -3

//ഇസ്‌ലാമിന്റെ യുദ്ധഭൂമിക -3
//ഇസ്‌ലാമിന്റെ യുദ്ധഭൂമിക -3
ആനുകാലികം

ഇസ്‌ലാമിന്റെ യുദ്ധഭൂമിക -3

ഇസ്‌ലാമിലെ യുദ്ധങ്ങൾ:

ഇസ്‌ലാം ഒരു പ്രാവർത്തിക മതമായത് കൊണ്ട് തന്നെ ഇത്തരം ഉട്ടോപിയൻ ആശയങ്ങൾ പറയാൻ സമയം കളഞ്ഞിട്ടില്ല. അടിസ്ഥാനപരമായി, ഒരു ദോഷവും നാശവുമായാണ് ഇസ്‌ലാം യുദ്ധത്തെ കണ്ടിട്ടുള്ളത് എങ്കിലും നിർബന്ധിത ഘട്ടങ്ങളിലും അനിവാര്യ സാഹചര്യങ്ങളിലും ഇസ്‌ലാം യുദ്ധം അനുവദിച്ചു.

ഇന്ന് ലോകത്ത്, ഇസ്‌ലാമിന്റെ ലേബലിൽ നടത്തപ്പെടുന്ന ഭീകര താണ്ഡവങ്ങളൊക്കെ ഇസ്‌ലാമോഫോബിയ പരത്താനുള്ള അധിനിവേശ ശക്തികളുടെ കുത്സിത ശ്രമങ്ങളുടെ ഭാഗമാണ്. ഇസ്‌ലാമിക സമൂഹങ്ങളിലെ ചില ഉഗ്രവാദികളായ അവാന്തരവിഭാഗങ്ങൾക്ക് ആയുധ സഹായ സഹകരണങ്ങൾ നൽകിയും, വ്യാപനത്തിനും അധികാര സ്വാധീനത്തിനുമുള്ള സാഹചര്യവും തരപ്പെടുത്തി കൊടുത്തും സാമ്രാജ്യത്വ ശക്തികൾ നടത്തുന്ന ഒത്തുകളിയിലെ കളിക്കാരാണ് ഐ.എസ് പോലെയുള്ള ഭീകര സംഘടനകൾ എന്ന് അമേരിക്കയുടെ മുൻ സി.ഐ.എ ഓഫീസറായ ക്ലേയർ ലോപസിനെ പോലെയുള്ളവർ വെളിപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. മിഡിൽ ഈസ്റ്റ് കത്തി നിൽക്കണമെന്നത് സാമ്രാജ്യത്വ ശക്തികളുടെ ആവശ്യമാണ്. ഭീകര രാക്ഷസന്മാരായി മധ്യ പൗരസ്ഥ്യ രാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങളെ ലോകത്തിന് മുമ്പിൽ ചിത്രീകരിച്ചാൽ മാത്രമേ ആരുടേയും എതിർപ്പില്ലാതെ, നായകരായി ചമഞ്ഞ് ഏത് ക്രൂരതകളിലൂടെയും നരനായാട്ടിലൂടെയും പെട്രോളും കഞ്ചാവുമൊക്കെ പിടിച്ചു പറിക്കാൻ സാമ്രാജ്യത്വത്തിന് സാധിക്കൂ. സുഭദ്രവും സമാധാനപരവുമായ അന്തരീക്ഷം ഉടലെടുക്കാനുള്ള സാധ്യത മണക്കുമ്പോളെല്ലാം ‘വാടക ഭീകരവാദികളെ’ ഇറക്കുന്ന നാടകം ആവർത്തിക്കപ്പെടുന്നു; ഇടക്ക് താലിബാനായും ഇടക്ക് അൽ ക്വാഇദയായും… പിന്നെ ഐ.എസ്സായുമൊക്കെ. വർഗീയതയുടെ തിമിരം ബാധിക്കാത്തവർക്ക് ഇത് മനസ്സിലാവാതിരിക്കാൻ പ്രയാസപ്പെടേണ്ടിവരും.

ഏതായിരുന്നാലും, ഇസ്‌ലാമിന്റെ യുദ്ധവീക്ഷണത്തേയും പ്രവാചക യുദ്ധങ്ങളുടെ ഭൂമികയേയും മനസ്സിലാക്കുന്നത് ഈ സാമ്രാജ്യത്വ വാടക ഭീകരവാദികളുലൂടെയാവരുത്; ഇസ്‌ലാമിക പ്രമാണങ്ങളിലൂടെയാവണം. ഇസ്‌ലാം സമാധാനത്തിന്റേയും മാനവികതയുടേയും സന്ദേശമാണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവുകളാണ് യുദ്ധവുമായി ബന്ധപ്പെട്ട ഇസ്‌ലാമിലെ നിയമങ്ങൾ. മനുഷ്യ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ സ്പർശിക്കുന്ന ഇസ്‌ലാം ഒരു പ്രാവർത്തിക മതമായത് കൊണ്ട് തന്നെ അനിവാര്യ ഘട്ടങ്ങളിൽ യുദ്ധത്തിന് അനുവാദം നൽകി. മുമ്പ് സൂചിപ്പിച്ചത് പോലെ സമ്പൂർണ അഹിംസയെന്നത് പ്രാവർത്തിക ആശയമല്ല. പ്രതിരോധത്തിനും മത സ്വാതന്ത്ര്യത്തിനും വേണ്ടി യുദ്ധം അനുവദിക്കപ്പെട്ടേ തീരു. ഈ ലക്ഷ്യങ്ങളോടെ മാത്രമാണ് ഇസ്‌ലാമിക യുദ്ധങ്ങൾ മുഴുവനും നടന്നത്.
അനിവാര്യമായ ഘട്ടങ്ങളിലല്ലാതെ ഇസ്‌ലാം യുദ്ധം അനുവദിക്കുന്നില്ല. രണ്ടേ രണ്ട് തരം യുദ്ധങ്ങളെ ഇസ്‌ലാം അനുവദിച്ചിട്ടുള്ളു:

1. പ്രതിരോധ സമരങ്ങൾ/ യുദ്ധങ്ങൾ:

“നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്‌. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ.” (ഖുർആൻ: 2:190)

“യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്‌, അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.” (ഖുർആൻ: 22:39, 40)

عن ابن عباس كان المشركون على منزلتين من النبي صلى الله عليه وسلم والمؤمنين كانوا مشركي أهل حرب يقاتلهم ويقاتلونه ومشركي أهل عهد لا يقاتلهم ولا يقاتلونه

പ്രവാചക ശിഷ്യൻ ഇബ്നു അബ്ബാസ് (റ) പറയുന്നു: പ്രവാചകനോടും വിശ്വാസികളോടും സ്വീകരിച്ച നിലപാടുകൾക്ക് അനുസൃതമായി, ബഹുദൈവാരാധകർ രണ്ടു വിഭാഗക്കാരായിരുന്നു. യുദ്ധക്കാരായ ബഹുദൈവാരാധകർ; അവർ അദ്ദേഹത്തോടും അദ്ദേഹം അവരോടും യുദ്ധം ചെയ്തു. സമാധാന സന്ധിയിലുള്ള ബഹുദൈവാരാധകർ; അവർ അദ്ദേഹത്തോടും അദ്ദേഹം അവരോടും യുദ്ധം ചെയ്തില്ല.
(സ്വഹീഹുൽ ബുഖാരി: 4982)

2. സ്വാതന്ത്ര്യ സമരങ്ങൾ/യുദ്ധങ്ങൾ:

പ്രതിരോധ യുദ്ധങ്ങളല്ലാത്ത ഇസ്‌ലാമിക യുദ്ധങ്ങൾ തന്നെയും നിർബന്ധിത മതപരിവർത്തനത്തിനു വേണ്ടിയോ, ഇസ്‌ലാമിക പ്രവിശ്യയുടെ വിശാല വൽക്കരണത്തിന് വേണ്ടിയോ അല്ല നടന്നത്. മറിച്ച് സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്; മത സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടി. ഇസ്‌ലാം സ്വീകരിക്കാനും, ജീവിതത്തിൽ പ്രാവർത്തികമാക്കുവാനും, വസ്ത്രധാരണ രീതി, ബാങ്ക്, പള്ളി അഥവാ ആരാധനാലയങ്ങൾ മതപഠനം, ആഘോഷങ്ങൾ തുടങ്ങിയ ഇസ്‌ലാമിക ചിഹ്നങ്ങൾ ആചരിക്കാനും, ഇസ്‌ലാം പ്രബോധനം ചെയ്യാനുമുള്ള അവകാശങ്ങൾ ഭൂമിയിൽ എവിടേയും, ഏത് രാജ്യത്തും ലഭ്യമാവുക എന്നത് മനുഷ്യാവകാശത്തിന്റേയും വ്യക്തിസ്വാതന്ത്ര്യത്തിന്റേയും അനിഷേധ്യ ഘടകങ്ങളാണ്. ഈ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടിരുന്ന രാഷ്ട്ര-സാമൂഹിക വ്യവസ്ഥ ലോകത്ത് – പ്രത്യേകിച്ച് അറേബ്യയിൽ- നിലനിന്നിരുന്ന കാലഘട്ടത്തിലാണ് അവ നിഷേധിച്ച ശത്രു രാജ്യങ്ങളോട്, പ്രതിരോധത്തിന് വേണ്ടിയല്ലാതെ (ശത്രുക്കളോട് അങ്ങോട്ട് ചെന്ന്) യുദ്ധങ്ങൾ നടത്താൻ മുസ്‌ലീംകൾ നിർബന്ധിതരാകുന്നത്.
അഥവാ, ഇസ്‌ലാം സ്വീകരിക്കുകയോ ആചരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും അവയുടെ പേരിൽ മർദ്ദനങ്ങളും പീഢനങ്ങളും അനുഭവിക്കേണ്ടി വരുകയും ചെയ്യുന്ന ദുരവസ്ഥ ഇല്ലാതാകുവാനും ഇസ്‌ലാം മതം പൂർണമായും ഉൾക്കൊണ്ട് ജീവിക്കാനും പരസ്യമായി പ്രബോധനം ചെയ്യാനും കഴിയുന്ന ഒരു സാമൂഹിക വ്യവസ്ഥ നിലവിൽ വരുന്നതിനും വേണ്ടി ഓട്ടോക്രാറ്റിക് രാജ്യങ്ങളോട് ഒരു ഇസ്‌ലാമിക രാഷ്ട്രം നടത്തുന്ന യുദ്ധങ്ങളാണ് സ്വാതന്ത്ര്യ യുദ്ധങ്ങൾ. (മതസ്വാതന്ത്ര്യം നിലനിൽക്കുന്ന ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന രാഷ്ട്രങ്ങളോടല്ല ഈ യുദ്ധങ്ങൾ എന്ന് നാം സംശയലേശമന്യേ മനസ്സിലാക്കിയിരിക്കണം.)

അതുകൊണ്ട് തന്നെ ഇത്തരം യുദ്ധങ്ങളെ സ്വാതന്ത്ര്യ സമരങ്ങൾ എന്നാണ് വിളിക്കപ്പെടേണ്ടത്. ചില മുസ്‌ലിം പണ്ഡിതർ ഈ ഇനം യുദ്ധങ്ങളെ ‘ജിഹാദുൽ ഫത്ഹ്’ അല്ലെങ്കിൽ ‘ജിഹാദു ത്വലബ്’ എന്ന് വിളിക്കുന്നു. പ്രവാചക ശിഷ്യന്മാരുടെ കാലഘട്ടത്തിലെ ‘അൽ ഫുതൂഹാത്ത് ‘ അഥവാ ഇസ്‌ലാമിക ദിഗ്വിജയങ്ങളും (الفتوحات الإسلامية) ഈ വിഭാഗത്തിൽ പെടുന്നു.

മതേതരത്വവും (Secularism) ഉദാരതാവാദവും (Liberalism) രാഷ്ട്രങ്ങളുടെ ചട്ടക്കൂടും രാഷ്ട്രമീമാംസയുടെ അടിസ്ഥാന ശിലയുമായ, ആധുനിക ലോക വ്യവസ്ഥയല്ല ഈ യുദ്ധങ്ങളുടെ ഭൂമിക. ആദർശ സഹവർത്തിത്വമോ ജനാധിപത്യ മൂല്യങ്ങളോ തൊട്ടു തീണ്ടിയിട്ടില്ലാത്ത തീവ്ര മത വികാരത്തിലും അന്ധമായ മൗലികവാദത്തിലും വേരുറച്ച മതാധിഷ്‌ഠിത ഏകാധിപത്യ ഭരണങ്ങളായിരുന്നു (Theocratic Autocracy) സർവ്വ രാഷ്ട്രങ്ങളും. പ്രത്യേകിച്ചും അറബ് ഉപഭൂഖണ്ഡത്തിലെ ഗോത്ര വ്യവസ്ഥയിൽ അധിഷ്ഠിതമായ നാടുകളിൽ മതസ്വാതന്ത്ര്യവും സഹസ്ഥിതിയും വിവിധ പ്രത്യയശാസ്‌ത്രങ്ങളുടെ സമാധാനപരമായ സഹവർത്തിത്വവുമൊക്കെ തീർത്തും അസംഭവ്യങ്ങളായിരുന്നു. ഇത്തരം ഒരു പശ്ചാത്തലത്തിൽ നിന്നു കൊണ്ട് വേണം ഇസ്‌ലാമിലെ ‘സ്വാതന്ത്ര്യ സമരങ്ങളെ’ മനസ്സിലാക്കാൻ. വിശുദ്ധ ഖുർആനിലെ താഴെ വരുന്ന വചനങ്ങൾ ‘സ്വാതന്ത്ര്യ സമരങ്ങളുടെ’ ഈ പശ്ചാത്തലത്തെ അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്.

“കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌.” (ഖുർആൻ: 8:39)

“മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്‌) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.” (ഖുർആൻ: 2:193)

ഇസ്‌ലാം സ്വീകരിക്കുകയോ ആചരിക്കുകയോ അതിന്റെ ചിഹ്നങ്ങൾ പ്രകടിപ്പിക്കുകയോ, ഇസ്‌ലാം പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും അവയുടെ പേരിൽ മർദ്ദനങ്ങളും പീഢനങ്ങളും അനുഭവിക്കുകയും ചെയ്യേണ്ടിവരുന്ന അവസ്ഥ ഇസ്‌ലാമികേതര രാജ്യങ്ങളിൽ ഇല്ലാതാവുകയും ഇസ്‌ലാം മതം പൂർണമായും ഉൾക്കൊണ്ട് ജീവിക്കാൻ കഴിയുന്ന അവസ്ഥ സംജാതമാവുകയും ചെയ്യുന്നത് വരെയാണ് ഈ യുദ്ധങ്ങൾ.

“ഫിത്‌ന ഇല്ലാതാകുന്നതുവരെ യുദ്ധം നടത്തി കൊള്ളുക ” ( وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ ) എന്ന ഖുർആൻ വചനത്തിന് പ്രവാചക ശിഷ്യൻ ഇബ്നു ഉമർ (റ) നൽകിയ വ്യാഖ്യാനം കാണുക:

ﻓﻌﻠﻨﺎ ﻋﻠﻰ ﻋﻬﺪ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﻛﺎﻥ اﻹﺳﻼﻡ قليلا، ﻓﻜﺎﻥ اﻟﺮﺟﻞ ﻳﻔﺘﻦ ﻓﻲ ﺩﻳﻨﻪ: ﺇﻣﺎ ﻗﺘﻠﻮﻩ، ﻭﺇﻣﺎ ﻳﻌﺬﺑﻮﻧﻪ، ﺣﺘﻰ ﻛﺜﺮ اﻹﺳﻼﻡ ﻓﻠﻢ ﺗﻜﻦ ﻓﺘﻨﺔ

“അല്ലാഹുവിന്റെ തിരുദൂതരുടെ (സ) കാലത്ത് ഞങ്ങള്‍ അങ്ങനെ (ഫിത്‌ന ഇല്ലാതാകുന്നതുവരെ യുദ്ധം നടത്തുക എന്ന പ്രവർത്തനം) ചെയ്തിട്ടുണ്ട്. അന്ന് ഇസ്‌ലാം (മുസ്‌ലിംകള്‍) അല്‍പമായിരുന്നു. അതിനാല്‍, ഒരു മുസ്‌ലിം തന്‍റെ മത കാര്യത്തില്‍ ഫിത്‌നക്ക് (പരീക്ഷണത്തിന്/ കുഴപ്പത്തിന്) വിധേയനാകുമായിരുന്നു. ഒന്നുകില്‍ അവിശ്വാസികൾ അവനെ വധിക്കുമായിരുന്നു, അല്ലെങ്കില്‍ അവിശ്വാസികൾ അവനെ മര്‍ദ്ദനങ്ങൾക്കും പീഢനങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ, ഇസ്‌ലാം (മുസ്‌ലിംകള്‍) വര്‍ദ്ധിച്ചു, അപ്പോള്‍ ഈ ഫിത്‌ന ഇല്ലാതായി….’ (സ്വഹീഹുൽ ബുഖാരി: 4514)

‘ഫിത്‌ന’ എന്ന പദത്തിന് ശിർക്ക് അഥവാ ബഹുദൈവാരാധന എന്ന ഭാഷാപരമായ – നേരിട്ടുള്ളതല്ലാത്ത – വ്യാഖ്യാനം ചില പണ്ഡിതർ നൽകാറുണ്ടെങ്കിലും ആ അർത്ഥവും പ്രവാചക ശിഷ്യൻ ഇബ്നു ഉമർ (റ) പറഞ്ഞതിന് എതിരല്ല. ബഹുദൈവാരാധനക്ക് നിർബന്ധിക്കപ്പെടുന്ന അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. പല പ്രവാചക ശിഷ്യന്മാരും ഇത്തരം നിർബന്ധിത ബഹുദൈവാരാധനക്ക് വിധേയമായിട്ടുണ്ട്. ബിലാൽ, അമ്മാർ എന്നിവരെ അതിക്രൂരമായ പീഢനങ്ങൾക്ക് വിധേയമാക്കി കൊണ്ട് ലാത്ത്, ഹുബൽ തുടങ്ങിയ ദൈവങ്ങളെ വിളിക്കാൻ നിർബന്ധിച്ച സംഭവങ്ങൾ ഉദാഹരണം. ഇത്തരം ഒരു സാമൂഹിക സ്ഥിതിയെയാണ് താഴെ പറയുന്ന ഖുർആനിക വചനങ്ങൾ സൂചിപ്പിക്കുന്നത്:

“നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല? മര്‍ദ്ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരാണ്: “ഞങ്ങളുടെ നാഥാ; മര്‍ദ്ദകരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍ നിന്ന് ഞങ്ങള്‍ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നിന്റെ ഭാഗത്തു നിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ.” (ഖുർആൻ: 4:75)

“…പ്രയാസങ്ങളും ദുരിതങ്ങളും അവരെ (മുമ്പ് കഴിഞ്ഞുപോയ വിശ്വാസികളെ) ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു…” (ഖുർആൻ: 2: 214 )

“മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ…” (ഖുർആൻ: 2:193) എന്ന് പറഞ്ഞതിലെ ‘മതം’ (الدين The Religion) എന്നാൽ ഇസ്‌ലാം മതമാണ്. ഇസ്‌ലാം മതം മുഴുവൻ അല്ലാഹുവിന് വേണ്ടിയാവുന്നത് വരെ അഥവാ ഇസ്‌ലാം മത അനുഷ്ഠാനത്തിൽ മറ്റാർക്കും വിധേയമാകേണ്ടി വരാത്ത മത സ്വാതന്ത്ര്യം ലഭ്യമാകുന്നത് വരെ എന്നർത്ഥം.

നിർഭയത്വവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട സാഹചര്യങ്ങളിൽ നടന്ന യുദ്ധങ്ങളിൽ പോലും ധാർമികതയും നീതിയും കാത്തുസൂക്ഷിക്കൽ അനിവാര്യമാണെന്ന് പഠിപ്പിക്കുകയും അക്രമവും അനീതിയും യുദ്ധ സന്ദർഭങ്ങളിൽ പോലും വിരോധിക്കപ്പെട്ടതാണെന്ന് മനുഷ്യരെ ഉൽബോധിപ്പിക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം. യുദ്ധത്തിൽ പങ്കെടുക്കാതെ മാറി നിൽക്കുന്ന പുരോഹിതന്മാർ, മത ഭക്തർ, വൃദ്ധർ, സ്ത്രീകൾ, കുട്ടികൾ എന്നിവരെ വധിക്കരുതെന്നും അനാവശ്യമായി കെട്ടിടങ്ങൾ തകർക്കുകയോ വൃക്ഷങ്ങൾ മുറിക്കുകയോ നാട് നശിപ്പിക്കുകയോ ചെയ്യരുത് എന്നും ഇസ്‌ലാം കൽപ്പിച്ചതിന് കാരണമിതാണ്. അതു വഴി മനുഷ്യത്വവും നീതിയും ശത്രുക്കൾക്ക് പോലും വകവെച്ച് കൊടുത്ത വ്യക്തിത്വമാണ് മുഹമ്മദ് നബി (സ). ഇസ്‌ലാമിന്റെ, ഇത്തരം യുദ്ധ നിയമങ്ങൾ ഭീകരതയായി ചിത്രീകരിക്കുക എന്നത് എത്രമാത്രം അനീതിയാണ് !

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.