ഇസ്‌ലാമിന്റെ യുദ്ധഭൂമിക -2

//ഇസ്‌ലാമിന്റെ യുദ്ധഭൂമിക -2
//ഇസ്‌ലാമിന്റെ യുദ്ധഭൂമിക -2
ആനുകാലികം

ഇസ്‌ലാമിന്റെ യുദ്ധഭൂമിക -2

“ദുഷ്ടനെ എതിർക്കരുത്; നിന്നെ വലത്തെ കരണത്ത് അടിക്കുന്നവന് മറ്റേ കരണവും തിരിച്ചുകാണിക്ക. നിന്നോട് വ്യവഹരിച്ച് നിന്റെ വസ്ത്രം എടുക്കുവാൻ ഇച്ഛിക്കുന്നവന് നിന്റെ മേൽ കുപ്പായവും കൂടി വിട്ടുകൊടുക്കുക. ഒരുവൻ നിന്നെ ഒരു മൈൽ ദൂരം പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക”.
(ബൈബിൾ: മത്തായി: 5: 39-41)

ഒരു സമൂഹമോ, രാഷ്ട്രമോ ഈ കൽപ്പനകൾ രാഷ്ട്രീയ നയമായി സ്വീകരിച്ചാൽ ആ സമൂഹത്തിലെ/രാജ്യത്തെ ജനങ്ങളുടെ ദുരവസ്ഥ എത്ര ഭയാനകരമായിരിക്കും എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ ! ഒരു സമൂഹം പോയിട്ട് ഒരു വ്യക്തിക്ക് സ്വീകരിക്കാനും ആചരിക്കാനും കഴിയുന്ന പ്രാവർത്തികമായ കൽപ്പനകളാണോ ഇത് ?! ഈ കൽപ്പനകൾ രേഖപ്പെടുത്തപ്പെട്ട ബൈബിളിൽ തന്നെ യഹോവ യുദ്ധങ്ങളും ശിക്ഷാ നടപടികളും വിധിക്കുന്നത് നാം വായിക്കുന്നു. (ബൈബിൾ: ജോഷ്വാ: 10, 12, 13 അദ്ധ്യായങ്ങൾ, നിയമാവർത്തനം: 2, 20 അദ്ധ്യായങ്ങൾ എന്നിവ ചില ഉദാഹരണങ്ങൾ മാത്രം)

ഈ കൽപ്പനകൾ അരുളിയ യേശുവിന് തന്നെ അവ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ബൈബിൾ തെളിയിക്കുന്നുണ്ട്:
“അവൻ (യേശു) ദേവാലയത്തില്‍ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്‍പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു”.
(ബൈബിൾ: മത്തായി: 21:12)

“ഇതിനുശേഷം അവന്‍ തന്റെ അമ്മയോടും സഹോദരന്‍മാരോടും ശിഷ്യന്‍മാരോടുംകൂടി കഫര്‍ണാമിലേക്കു പോയി. അവര്‍ അവിടെ ഏതാനും ദിവസം താമസിച്ചു. യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറൂസലെമിലേക്കു പോയി. കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന്‍ കണ്ടു. അവന്‍ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ ദേവാലയത്തില്‍നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു.”
(ബൈബിൾ: യോഹന്നാൻ: 2:12-15)

“പ്രഭാതത്തില്‍ നഗരത്തിലേക്കു പോകുമ്പോള്‍ അവനു വിശന്നു. വഴിയരികില്‍ ഒരു അത്തിവൃക്ഷം കണ്ട് അവന്‍ അതിന്റെ അടുത്തെത്തി. എന്നാല്‍, അതില്‍ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവന്‍ അതിനോടു പറഞ്ഞു: ഇനി ഒരിക്കലും നിന്നില്‍ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി”.
(ബൈബിൾ: മത്തായി: 21:18,19)

“അവന്‍ പറഞ്ഞു: എന്നാല്‍, ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതെടുക്കട്ടെ; അതുപോലെതന്നെ ഭാണ്ഡവും. വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ. ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ നിയമലംഘകരോടുകൂടെ എണ്ണപ്പെട്ടു എന്നെഴുതപ്പെട്ടിരിക്കുന്നത് എന്നില്‍ നിവൃത്തിയാകേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, എന്നെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതു പൂര്‍ത്തിയാകേണ്ടതാണ്. അവര്‍ പറഞ്ഞു: കര്‍ത്താവേ, ഇതാ, ഇവിടെ രണ്ടു വാളുണ്ട്. അവന്‍ പറഞ്ഞു: മതി.”
(ബൈബിൾ: ലൂക്കാ: 22: 36-38)

“ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”
(ബൈബിൾ: ലൂക്കാ: 22: 51-53)

“ഭൂമിയില്‍ സമാധാനമാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത് എന്നു നിങ്ങള്‍ വിചാരിക്കരുത്; സമാധാനമല്ല, വാളാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്. എന്തെന്നാല്‍, ഒരുവനെ തന്റെ പിതാവിനെതിരായും മകളെ അമ്മയ്‌ക്കെതിരായും മരുമകളെ അമ്മായിയമ്മയ്‌ക്കെതിരായും ഭിന്നിപ്പിക്കാനാണു ഞാന്‍ വന്നിരിക്കുന്നത്. സ്വന്തം കുടുംബത്തില്‍പ്പെട്ടവര്‍ തന്നെയായിരിക്കും ഒരുവന്റെ ശത്രുക്കള്‍. എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല. സ്വന്തം ജീവന്‍ കണ്ടെത്തുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നെ പ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും”.
(ബൈബിൾ: മത്തായി: 10: 34-39)

അപ്പോൾ, ദുഷ്ടനെ എതിർക്കരുത്; നിന്നെ വലത്തെ കരണത്ത് അടിക്കുന്നവന് മറ്റേ കരണവും തിരിച്ചുകാണിക്കുക എന്നതൊക്കെ ഫ്രെയിം ചെയ്ത് ചില്ലിട്ടു വെക്കാൻ മാത്രം കൊള്ളാവുന്ന കേവല ഭംഗി വാക്കുകളാണെന്ന് ബൈബിൾ തന്നെ തെളിയിക്കുന്നു.

ഇന്ന്, മാവേലിക്കര ടൗണിൽ ബുദ്ധ ജംഗ്ഷനിൽ, കൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിലായി സ്ഥാപിച്ചിരിക്കുന്ന പുരാതന ബുദ്ധ പ്രതിമ, 1900-കളുടെ തുടക്കത്തിൽ കണ്ടിയൂർ ക്ഷേത്രത്തിനടുത്തുള്ള ഒരു നെൽവയലിൽ നിന്ന് ആകസ്മികമായി ഖനനം ചെയ്തെടുക്കപ്പെട്ടതാണ്. ഓടനാട്ടിൽ നിന്നും അപ്രത്യക്ഷമായ ബുദ്ധമത നാഗരികതയുടെ മറവുചെയ്യപ്പെട്ട ചരിത്ര മഞ്ഞുമലയുടെ അഗ്രമാണ് ഈ വിഗ്രഹം.
ഓടനാട് പ്രദേശത്തെ ഗ്രാമങ്ങളുടേയും പട്ടണങ്ങളുടേയും പേരുകൾ ബുദ്ധമതവുമായിട്ടുള്ള പ്രദേശത്തിന്റെ നിസ്തുലമായ ബന്ധത്തെ സൂചിപ്പിക്കുന്നു. ക്ഷേത്രോത്സവങ്ങളുടെ ആചാരങ്ങളായ ചെട്ടികുളങ്ങ കുത്തിയോട്ടം, കെട്ടുകാഴ്ച്ച എന്നിവ ബുദ്ധമത ആചാരങ്ങളിൽ നിന്നും ഉത്ഭവിച്ചതാണെന്ന് കണക്കാക്കപ്പെടുന്നു. കണ്ടിയൂർ മഹാദേവർ ക്ഷേത്രം പോലുള്ള വലിയ ക്ഷേത്രങ്ങളും ആദ്യകാലങ്ങളിൽ ബുദ്ധവിഹാരങ്ങളാണെന്നതിന് ധാരാളം തെളിവുകളുണ്ട്.
(http://www.mavelikkara.in/attractions/buddah-temple.php)

അപ്പോൾ, ഒരു കാലത്ത് ഇന്ത്യ മുഴുവൻ പ്രചുര പ്രചാരം നേടിയ ബുദ്ധജൈന മതങ്ങൾക്ക് എന്ത് സംഭവിച്ചു? ഇന്ത്യയുടനീളം സ്ഥാപിക്കപ്പെട്ടിരുന്ന ബുദ്ധവിഹാരങ്ങൾ എവിടെ പോയി? എന്ന ചോദ്യങ്ങൾക്ക് ഒരു മറുപടിയേ ഉള്ളു.

ഹിംസാത്മകമായ ആര്യ പോരാട്ടങ്ങളുടെ കുത്തൊഴുക്കിൽ, ഏതോ ചരിത്രദശയിൽ സംഘടിതമായി ഉന്മൂലനം ചെയ്യപ്പെടുകയും ബോധപൂർവ്വം മായ്ച്ചുകളയപ്പെടുകയും ചെയ്ത ഒരു ബുദ്ധമത സംസ്കാരത്തിന്റെയും നാഗരികതയുടെയും കഥ പറയുന്നുണ്ട് ഭാരതീയ ചരിത്രം.

ഇന്ത്യയിൽ നിന്നും ബുദ്ധ ജൈന മതങ്ങൾ നിഷ്ക്കാസനം ചെയ്യപ്പെടാൻ അല്ലെങ്കിൽ ദുർബലപ്പെടാനുള്ള കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്, ആര്യ-ബ്രാഹ്മണ ഹിംസാത്മകതയും ബുദ്ധജൈന മതക്കാരുടെ കണിശവും അചേതനവുമായ അഥവാ സാഹചര്യബോധമില്ലാത്ത അഹിംസാ ആചരണവുമാണ്.

ബുദ്ധമതത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ് അഷ്ടമാർഗങ്ങൾ. ജീവിതത്തെ ദുഖഃവിമുക്തമാക്കി നിർവാണത്തിൽ പരിലയിപ്പിക്കുന്നതിനുള്ള എട്ട് വഴികളാണ് ഇവ.
ഥേരാവാദ ബുദ്ധവിഭാഗത്തിനടുക്കൽ അഷ്ടമാർഗ്ഗങ്ങളിൽ ഒന്നായ ‘സദ്‌ചിന്ത’ യുടെ മൂന്ന് അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് അഹിംസ.
(https://encyclopediaofbuddhism.org/wiki/Ahimsa)

അഹിംസയുടെ ഏറ്റവും ‘ഉഗ്രരൂപ’മാണ് നാം ജൈന മതത്തിൽ കാണുന്നത്. ജൈന മതത്തിൽ, സന്യാസികളും സാധാരണക്കാരും കണിശമായി അനുഷ്ഠിക്കേണ്ട അഞ്ച് വ്രതങ്ങളിൽ ഒന്നാണ് അഹിംസ. ജൈനമതത്തിൽ ചേരുന്ന ഒരു വ്യക്തി സർവ്വപ്രധാനമായും പിന്തുടരേണ്ട നേർച്ചയാണ് അഹിംസ. അഹിംസ രണ്ടു വിധമുണ്ട്: മറ്റുള്ളവർക്ക് ഉപദ്രവമേൽപ്പിക്കുന്നതിനെ സംബന്ധിച്ച ചിന്തയും ഭാവനയും തന്നെ ഉന്മൂലനം ചെയ്യുന്നതിനെ ‘ഭാവ് അഹിംസ’യെന്നും വാചികമോ കർമ്മപരമോ ആയ ഉപദ്രവങ്ങളെ വർജിക്കുന്നതിന് ‘കർമ അഹിംസ’യെന്നും CE പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ജൈന മഹർഷി ശ്രീ അമൃത ചന്ദ്ര സൂരി രചിച്ച ‘പുരുഷാർത്ഥ സുദ്ധ്യുപായ’യിൽ വിവരിക്കുന്നുണ്ട്. നടന്നു പോകുന്ന വഴിയിൽ ഒരു ഉറുമ്പിനെ ചവിട്ടി പോകുന്നത് മുതൽ സ്ത്രീ പുരുഷന്മാർ തമ്മിലുള്ള പരസ്പര ആകർഷണം പോലും – അതിലൂടെ സ്വന്തത്തിനും മറ്റുള്ളവർക്കും സംഭവിക്കാവുന്ന ഉപദ്രവങ്ങളെ മാനിച്ച് – ജൈന മതത്തിന്റെ ആത്മീയ വീക്ഷണകോണിൽ അഹിംസയാണ്.(!)

അഭിമാനം, ഭയം, വെറുപ്പ്, അനിഷ്ടം, കോപം, വിഷാദം, ചിരി, ലൈംഗിക വികാരം എന്നിവയെല്ലാം മദ്യം പോലെ അഹിംസയിലേക്കുള്ള മാർഗങ്ങളാണ് (!!)

പശു കാള തുടങ്ങിയ ഏതു മൃഗവും താനെ ചത്താൽ പോലും അവയുടെ മാംസം ഭക്ഷിക്കാനോ തൊടാനോ പോലും പാടില്ല. കാരണം, അതു മൂലം ആ മൃഗങ്ങളുടെ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങളിൽ സ്വതസിദ്ധമായി ജന്മം കൊള്ളുമായിരുന്ന സൂക്ഷ്മ ജീവികളെ അവൻ ഉന്മൂലനാശം വരുത്തുകയാണ്.

‘ഒരുപാട് മനുഷ്യരെ കൊന്നൊടുക്കുന്ന ഒരുവന് വധശിക്ഷ നൽകുന്നതിലൂടെ ധാരാളം ജീവൻ രക്ഷപ്പെടുന്നു’ എന്ന ന്യായം വിശ്വസിക്കാൻ പാടില്ല. അന്യരെ കൂട്ടകുരുതിക്ക് ഇരയാക്കുന്നവനേയും വധിക്കരുത്. (!!!)

‘മനുഷ്യരെ ധാരാളമായി കൊല്ലുന്നവരെ വെറുതെ വിട്ടാൽ അവർ കൂടുതൽ ഭയാനകരമായ പാപങ്ങളിലേക്ക് വളർന്നേക്കും’ എന്ന തെറ്റായ വാദം ഒരാളെ വധിക്കാൻ നമ്മെ പ്രേരിപ്പിക്കരുത്. ശീലത്തിലൂടെയോ പ്രകൃതിപരമോ ആയി കൊലപാതം ചെയ്യുന്നവരെയും, ഏതു കാരണത്താലായാലും ആരെയും ഒരിക്കലും വധിക്കാവതല്ല (!!!!) എന്നൊക്കെയാണ് ജൈന മതാനുശാസനകൾ.
(Purusarthasidhyupaya: shri amritchandra suri: pages: 33,36,45,46,48,57: English translation by: Vijay k jain)

സാഹചര്യത്തേയും കാരണങ്ങളേയും പരിഗണിക്കാത്ത ഇത്തരം അപ്രായോഗിക അഹിംസാ ആചരണം പരമമായ ധർമ്മമായി സ്വീകരിച്ചതു കൊണ്ട് തന്നെ, ബുദ്ധ-ജൈന മതങ്ങൾക്ക് ഭാരത മണ്ണിൽ നേരിടേണ്ടി വന്ന ആര്യ ബ്രാഹ്‌മണ ആക്രമണങ്ങളെ അതിജീവിക്കാൻ ഒരു നിലക്കും സാധിച്ചില്ല.

D.N. Jha യുടെ ‘Against the Grain: notes on identity,intolerence and history’ എന്ന പുസ്തകത്തിലെ ‘ബുദ്ധ സ്മാരകങ്ങൾക്ക് എന്താണ് സംഭവിച്ചത്?’ (Whatever happened to budhist monuments) എന്ന അദ്ധ്യായത്തിൽ ഉള്ളടങ്ങിയ ചില ശ്രദ്ധേയമായ വിവരങ്ങൾ ചുവടെ ചേർക്കട്ടെ:

“മുസ്‌ലിം ഭരണാധികാരികൾ വിഭജന ഭേദമെന്യേ ഹിന്ദു ആരാധനാലയങ്ങൾ നശിപ്പിക്കുകയും ഹൈന്ദവ പ്രതിഷ്ഠകളെ തകർക്കുകയും ചെയ്തു എന്നാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രക്കാരുടെ വിശ്വാസത്തിന്റെ കേന്ദ്രബിന്ദു. 60000 ഹിന്ദു അമ്പലങ്ങൾ മുസ്‌ലിംകൾ തകർത്തുവെന്ന കള്ളക്കഥകൾ ഇടതടവില്ലാതെ പ്രചരിപ്പിക്കുക എന്നത് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്, പക്ഷെ 80 ൽ ഏറെ അമ്പലങ്ങൾ തകർക്കപ്പെട്ടു എന്നതിന് യാതൊരു തെളിവും നിലനിൽക്കുന്നില്ല. അതേസമയം ചരിത്ര വസ്തുതകളിലൂടെ ഒരു ത്വരിത സഞ്ചാരം നടത്തിയാൽ പോലും എതിർ മതങ്ങളുടെ നിർമിതികളും സമ്പ്രദായങ്ങളും പ്രതിഷ്‌ഠകളും നശിപ്പിക്കുകയും നിന്ദിക്കുകയും അപഹരിക്കുകയും ചെയ്യുക എന്ന സമ്പ്രദായം ഇന്ത്യയിൽ ഇസ്‌ലാമിന്റെ ആവിർഭാവത്തിനു മുൻപ് തന്നെ നിർബാധം നടമാടിയിരുന്നു”.

പുരാതന ഇന്ത്യയിൽ ബ്രാഹ്മണ മതങ്ങളും ബ്രാഹ്മണേതര മതങ്ങളും നിലനിന്നിരുന്നു. അവയുടെ അനുഭാവികൾ പരസ്പരം ശണ്ഠയിലും ശത്രുതയിലും മുഴുകിക്കൊണ്ടേയിരുന്നു, ബ്രാഹ്മണ മതങ്ങൾ രണ്ടു ചേരിയായിരുന്നു: വൈഷ്ണവരും ശൈവരും. അവർ പരസ്പരം മല്ലിടുന്നതിനു പുറമെ ബ്രാഹ്മണേതര -അഥവാ ശ്രാമണിക്- മതങ്ങളായ ബുദ്ധ-ജൈന മതങ്ങളോട് പോർ വെട്ടുകയും ചെയ്തു കൊണ്ടിരുന്നു. മൗര്യ ചക്രവർത്തിയായ ജാലുകൻ ഒരു ശൈവ മതക്കാരനായിരുന്നു എന്നും ധാരാളം ബുദ്ധ വിഹാരങ്ങൾ അയാൾ തകർത്തുവെന്നും പതിനൊന്നാം നൂറ്റാണ്ടിലെ സംസ്‌കൃത പണ്ഡിതനും കവിയുമായിരുന്ന കൽഹനൻ തന്റെ രാജ തരംഗിണി എന്ന ചരിത്രകാവ്യത്തിൽ രേഖപ്പെടുത്തുന്നു.

മൂന്നാം നൂറ്റാണ്ടിലെ ബുദ്ധ മതക്കാരുടെ സംസ്‌കൃത പ്രമാണങ്ങളിൽ ഒന്നായ ദിവ്യവദനയിൽ ബ്രാഹ്മണ ഭരണാധികാരിയായിരുന്ന പുഷ്യമിത്ര ശുംഗയെ(185-148 ബി.സി) ബുദ്ധമതക്കാരുടെ വേട്ടക്കാരനായാണ് രേഖപ്പെടുത്തുന്നത്. പുഷ്യമിത്ര തന്റെ വൻസൈന്യവുമായി ബുദ്ധ നഗരങ്ങളെ തുടർച്ചയായി ആക്രമിക്കുകയും സ്തൂപങ്ങൾ തകർക്കുകയും വിഹാരങ്ങൾ അഗ്നിക്കിരയാക്കുകയും ബുദ്ധ ഭിക്ഷുക്കളെയും മുനികളെയും കൊന്നൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു. ശ്രമണന്മാരുടെ ഒരു തലയ്ക്ക് 100 ദീനാർ പാരിതോഷികമായി വിളംബരം ചെയ്യുകയും ഉണ്ടായി. ബ്രാഹ്മണന്മാരും ശ്രമണന്മാരും പാമ്പും കീരിയും പോലെ നിത്യശത്രുക്കളാണെന്ന് പൗരാണിക വ്യാകരണ പണ്ഡിതനായ പതഞ്ജലിയുടെ (150 ബി.സി.) മഹാഭാഷ്യയിൽ (2.4.9)വിശേഷിപ്പിക്കുന്നു.

ശുംഗ കാലഘട്ടത്തിൽ റായിസൻ ജില്ലയിലെ സാഞ്ചിയിലും കാട്നി ജില്ലയിലെ സത്ധാരയിലും റേവ ജില്ലയിലെ ദേഓർ കോഠാറിലും ധാരാളം ബുദ്ധ മതസ്ഥാപനങ്ങൾ തകർക്കപ്പെട്ടതിന് ഒരുപാട് തെളിവുകൾ ലഭ്യമാണ്.

ഹൂണന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരിയായിരുന്ന മിഹിരകുലൻ (502-30 സി.ഈ) ഒരു ശൈവ ഭക്തനായിരുന്നുവെന്നും 1600 ബുദ്ധവിഹാരങ്ങളും സ്തൂപങ്ങളും അദ്ദേഹം തകർക്കുകയും ആയിരക്കണക്കിന് ബുദ്ധമത സന്യാസിമാരെയും സാമാന്യ ജനങ്ങളെയും കശാപ്പു ചെയ്യുകയും ചെയ്തുവെന്ന് ഹർഷവർധനന്റെ ഭരണ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ചൈനക്കാരനായ ബുദ്ധ മത തീർഥാടനകനും സഞ്ചാരിയുമായ ഹ്യുവാൻ സാങ് പ്രസ്താവിക്കുന്നു. കൂടാതെ ഗാന്ധാരയിലെ 1000 സംഗ്രാമങ്ങളിൽ നിന്ന് ബുദ്ധ മതക്കാരെ ആട്ടിയോടിക്കുകയും ഉദ്യാനയിലെ 1400 സംഗ്രാമങ്ങൾ നശിപ്പിക്കുകയും ചെയ്തു. കാശ്മീരിലെ ഭരണാധികാരികളിൽ ഒരാളായ നര ആയിരക്കണക്കിന് ബുദ്ധവിഹാരങ്ങൾ കത്തിച്ചു നശിപ്പിച്ചുവെന്നും പത്താം നൂറ്റാണ്ടിലെ ക്ഷേമ ഗുപ്ത രാജാവ് (950) ശ്രീനഗറിലെ ബുദ്ധ വിഹാരമായ ജയേന്ദ്ര വിഹാരം തകർക്കുകയും അവയിലെ ഇഷ്ടികകൾ ഉപയോഗിച്ച് ക്ഷേമ ഗൗരീശ്വര അമ്പലം പണിയുകയും ചെയ്തു എന്ന് കൽഹനൻ വിവരിക്കുന്നുണ്ട്. ബോധ്ഗയയിലും നളന്ദയിലും പല ബുദ്ധമതവിഹാരങ്ങളും തകർക്കപ്പെടുകയും തൽസ്ഥാനത്ത് ബ്രാഹ്മണ മത അമ്പലങ്ങൾ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തതായി ഹ്യുവാൻ സാങ് അക്കമിട്ട് തെളിയിക്കുന്നുണ്ട്.
കർണാടകയിലെ കദ്രിക വിഹാരങ്ങൾ 1068 ൽ ശിവ അമ്പലങ്ങളായി പരിവർത്തിക്കപ്പെട്ടുവെന്ന് പി.എസ് ജൈനി (Collected papers on Bhuddhist Studies) വിവരിക്കുന്നു. കാഞ്ചിപുരം നൂറു കണക്കിന് സംഗ്രാമങ്ങളുടെ ആസ്ഥാനവും പതിനായിരം ബുദ്ധസന്യാസിമാരുടെ സങ്കേതവുമായിരുന്നു. കാമാക്ഷി അമ്പലത്തിന് ചുറ്റുമായി കണ്ടെടുത്ത ഒട്ടനവധി ബുദ്ധവിഗ്രഹങ്ങൾ സൂചിപ്പിക്കുന്നത് അമ്പലം ബുദ്ധമത സ്ഥാപനങ്ങളുടെ മുകളിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എന്നാണെന്ന് ടി.എ. ഗോപിനാഥറാവു (‘Bauddha Vestiges in Kanchipura’, Indian Antiquary, vol. 44 (1915),pp.127-9) പറയുന്നു. ഭഗവാൻ വിഷ്ണുവിന്റെ കൽപ്പന പ്രകാരം നാഗപട്ടണത്തിലെ സ്വർണത്തിൽ നിർമ്മിക്കപ്പെട്ട ബുദ്ധ സ്തൂപം അപഹരിക്കുകയും അത് ഉരുക്കി വിഷ്ണു പ്രതിഷ്ഠ ആക്കുകയും ചെയ്ത അനുഭവം പങ്കു വെക്കുന്നുണ്ട് വൈഷ്ണവ കവിയും സന്യാസിയുമായ തിരുമൻകയ് മന്നൻ. (Lives of Indian Images, Richard H. Davis: P: 83)

ഗൗഡ രാജവംശജനായ ശാശങ്ക, ഗയയിലെ ബോധി മരം മുറിക്കുകയം സ്ഥലത്തെ ക്ഷേത്രത്തിൽ നിന്ന് ബുദ്ധ പ്രതിമ എടുത്തു മാറ്റുകയും ചെയ്തു. കുശാനരുടെ രാജവാഴ്ച്ചയുടെ കാലഘട്ടത്തിൽ ഉത്തർപ്രദേശിൽ ഉന്നതി പ്രാപിച്ച മധുര പട്ടണത്തിൽ ഇന്ന് നിലനിൽക്കുന്ന ബുദ്ദേശ്വര ഗോകർണേശ്വര ശിവ അമ്പലങ്ങൾ പൗരാണിക ബുദ്ധമത ആസ്ഥാനങ്ങളായിരുന്നു. മധുരയുടെ കാട്രാ, അലഹബാദിനടുത്ത കൗശമ്പി, വാരണസിക്കടുത്ത സർനാഥ് തുടങ്ങിയിടങ്ങളിൽ പടർന്നു പന്തലിച്ചിരുന്ന ബുദ്ധ നാഗരികതയും വിഹാരങ്ങളും സ്ഥാപനങ്ങളുമെല്ലാം ബ്രാഹ്മ ഹിന്ദുത്വ ആക്രമണങ്ങൾക്ക് വിധേയമാവുകയും അഗ്നിക്കിരയാക്കപ്പെടുകയും തൽസ്ഥാനത്ത് ശൈവ-വൈഷ്ണവ അമ്പലങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും സ്ഥാപിതമാവുകയും ചെയ്യപ്പെട്ടു. വിക്രമശില മഹാവിഹാരങ്ങൾ തകർത്തത് ബംഗാളിലെ ബ്രഹ്മ-ക്ഷത്രിയരായ സേന രാജവംശമാണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. കൽചുരി രാജവംശ ഭരണാധികാരിയായ കർണൻ, മഗധയിലെ അനവധി ബുദ്ധ വിഹാരങ്ങളും അമ്പലങ്ങളും തകർത്തു. ഈ പ്രവിശ്യയിൽ നളന്ദ ഉൾപ്പെടെ 84 ബുദ്ധവിഹാരങ്ങൾ തകർക്കപ്പെട്ടു. ബാങ്കുരയിലെ സിദ്ദേശ്വര അമ്പലം ബുദ്ധ സ്തൂപത്തിനു മേൽ നിർമാണം കഴിക്കപ്പെട്ടതാണ്. ബംഗ്ലാദേശിലെ ഗോകുൽമേദ്, ബീരാംപൂർ എന്നിവിടങ്ങളിലെ ബുദ്ധവിഹാരങ്ങൾ പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടുകളിൽ ബ്രാഹ്മ‌ണിക അമ്പലങ്ങളും ക്ഷേത്രങ്ങളുമായി പരിവർത്തിക്കപ്പെട്ടു. ബസുദേവ്പൂർ, ബോചഗഞ്ച്, ദിനാജ്പൂർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ധാരാളം ബുദ്ധ അമ്പലങ്ങളെ ബ്രാഹ്മണീയമാക്കി മാറ്റുവാൻ നടന്ന കുത്സിത ശ്രമങ്ങളുടെ രഹസ്യ ചരിത്രങ്ങൾ കഴിഞ്ഞ വർഷം ചുരുളഴിയുകയുണ്ടായി. ഒഡീഷയിലെ പൂരി ജില്ലയിലെ പൂർണേശ്വര, കേദ രേശ്വര, കാണ്ടേശ്വര, സോമേശ്വര, അംഗേശ്വര ക്ഷേത്രങ്ങളെല്ലാം സംശയലേശ്യമന്യേ ബുദ്ധവിഹാരങ്ങൾ തകർത്ത് അവയുടെ ശേഷിപ്പുകൾ കൊണ്ട് നിർമ്മിക്കപ്പെട്ടവയാണ്. ബഗൽപൂരിനടുത്ത ദക്ഷിണേശ്വര അമ്പലം, മാഥവക്കടുത്ത തൈലമദ് ക്ഷേത്രം തുടങ്ങി അഗിക്കിയ മദ്, കന്തെയ് മദ്, കോപരി ശിവക്ഷേത്രം എന്നിങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ ഇനിയും!
(Against the Grain : notes on identity,intolerence and history : D.N. Jha : Pages: 95-107: Manohar Publishers: 2020)

ബ്രാഹ്മണ ആക്രമണം ഭയന്ന് ജൈന മതസന്യാസികൾ പകൽ സമയം ഒളിവിൽ താമസിക്കുകയും രാത്രി സഞ്ചരിക്കുകയും ചെയ്യുമായിരുന്നുവെന്ന് ജൈന മതപ്രമാണങ്ങളിൽ പെട്ട ആചാരംഗ സൂത്രത്തിൽ വിവരിക്കുന്നു.

മധുരയിലെ പാണ്ഡ്യൻ രാജാവിനെ ശൈവ സന്യാസിമാർ ജൈന മതത്തിൽ നിന്നും ശൈവമതത്തിലേക്ക് പരിവർത്തിപ്പിക്കുകയും അയാൾ എട്ടായിരം ജൈന മതസന്യാസിമാരെ ശൂലത്തിലേറ്റി ക്രൂരമായി കൊന്നതുമെല്ലാം ഒരു ഇതിഹാസമെന്നോണം, പുണ്യാത്മാക്കളുടെ ചരിത്രം വിവരിക്കുന്ന ‘പെരിയപുരാണ’ത്തിൽ വർണിക്കുന്നുണ്ട്.

കാഞ്ചിപുരത്തെ കൈലാസനാഥ ക്ഷേത്രത്തിലും മധുരയിലെ മീനാക്ഷി ക്ഷേത്രത്തിലും ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ഹിംസാത്മകമായ ചിത്രങ്ങൾ തമിഴ് നാട്ടിൽ ജൈനമതക്കാർക്ക് ബ്രാഹ്മണ ഹിന്ദുത്വ ശക്തികളിൽ നിന്നും അനുഭവിക്കേണ്ടി വന്ന അക്രമങ്ങളുടേയും പീഢനങ്ങളുടേയും ആഴം വ്യക്തമാക്കി തരുന്നുണ്ട്.

തമിഴ്‌നാട്ടിലെ തുരുനെൽവേലി ജില്ലയിലെ ജൈനമതക്കാരുടെ ഗുഹാ അമ്പലങ്ങൾ ഏഴാം നൂറ്റാണ്ടിൽ ശിവ ക്ഷേത്രങ്ങളാക്കി മാറ്റപ്പെട്ടു. വീരശൈവരുടെ പ്രധാന ആചാര്യനായിരുന്നു പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബാസവേശ്വരൻ. അദ്ദേഹത്തിന്റെ ആരാധകരും അനുഭാവികളുമായിരുന്ന ദാസിമയ്യ, ഏകന്ധത രാമയ്യ എന്നിവർ എഴുന്നൂറും എണ്ണൂറും വീതം ജൈന അമ്പലങ്ങൾ തകർത്തുവെന്ന് പറയപ്പെടുന്നു. ദക്ഷിണേന്ത്യയിലെ ഏകദേശം പകുതിയോളം ജൈന ആശ്രമങ്ങൾ ഈ കാലഘട്ടത്തിൽ പൂർണമായും തകർക്കപ്പെടുകയും രണ്ടായിരത്തോളം ക്ഷേത്രങ്ങൾ ഭാഗികമായും നശിപ്പിക്കപ്പെടുകയും ചെയ്തു.
(Against the Grain: notes on identity,intolerence and history: D.N. Jha: Pages: 85-88: Manohar Publishers: 2020)

മുമ്പ് സൂചിപ്പിച്ചതു പോലെ, സാഹചര്യത്തേയും കാരണങ്ങളേയും പരിഗണിക്കാത്ത അപ്രായോഗിക അഹിംസ തത്ത്വങ്ങൾക്ക് ആശയ രൂപത്തിനപ്പുറം മനുഷ്യ യാഥാർത്ഥ്യങ്ങളിലേക്ക് കടന്നുചെല്ലാനാകില്ല എന്നാണ് ഇന്ത്യയിലെ ബുദ്ധ-ജൈന മതധ്വംസനങ്ങളുടെ ചരിത്രം തെളിയിക്കുന്നത്. കാരണം, മാനവ ചരിത്രത്തിന്റെ ഒരു ദശയിലും, യുദ്ധവും ഹിംസയും കയ്യൊഴിഞ്ഞ് ലോകമൊന്നടങ്കം സമാധാനമാഘോഷിച്ചതായി നാം കാണുന്നില്ല. മനുഷ്യ പ്രകൃതിയുടെ കയ്പ്പുറ്റ യാഥാർത്ഥ്യങ്ങളെ വിസ്മരിച്ച് അവതരിപ്പിക്കപ്പെടുന്ന ഇത്തരം ഉപരിപ്ലവ ആശയങ്ങൾ അൽപായുസ്സുള്ളവയും ആത്മഹത്യാപരവുമാണ്.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.