ഇസ്‌ലാമിന്റെ യുദ്ധഭൂമിക -1

//ഇസ്‌ലാമിന്റെ യുദ്ധഭൂമിക -1
//ഇസ്‌ലാമിന്റെ യുദ്ധഭൂമിക -1
ആനുകാലികം

ഇസ്‌ലാമിന്റെ യുദ്ധഭൂമിക -1

“നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: ‎‎”ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ ‎നിയോഗിക്കുകയാണ്.” അവരന്വേഷിച്ചു: “ഭൂമിയില്‍ ‎കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ‎ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്? ഞങ്ങളോ ‎നിന്റെ മഹത്വം കീര്‍ത്തിക്കുന്നു. നിന്റെ വിശുദ്ധി ‎വാഴ്ത്തുകയും ചെയ്യുന്നു.” അല്ലാഹു പറഞ്ഞു: ‎‎”നിങ്ങളറിയാത്തവയും ഞാനറിയുന്നു.” ‎(ഖുർആൻ: 2: 30-33)

ഭൂമിയിലേക്ക് മനുഷ്യരാശിയെ നിയോഗിക്കാൻ പോകുന്നുവെന്ന് മനസ്സിലാക്കിയ ഉടനെ, മനുഷ്യ പ്രകൃതിയെ സംബന്ധിച്ച് മുമ്പ് തന്നെ അറിവ് നൽകപ്പെട്ടിരുന്ന മലക്കുകൾ ചോദിക്കുന്നത് “കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ‎ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്?” എന്നാണ്. മനുഷ്യന്റെ വൈജ്ഞാനിക വ്യാപ്തിയും സർഗ വൈഭവവും മറ്റേതു സൃഷ്ടിയേക്കാളും ഭൂമിയെന്ന പരീക്ഷണ വേദിയിലേക്ക് നിയോഗിക്കപ്പെടാൻ അവനെ അർഹനാക്കുന്നു എന്ന് മലക്കുകളുടെ ചോദ്യത്തിന് അല്ലാഹു മറുപടി നൽകുന്നതായി ഖുർആൻ തുടർന്നു വിശദീകരിക്കുന്നുണ്ട്.

പക്ഷെ, മലക്കുകൾ ചൂണ്ടികാണിച്ച, മനുഷ്യരിലെ കലഹപ്രിയത്തെ അല്ലാഹു നിഷേധിച്ചില്ല. അഥവാ ഹിംസയോടുള്ള അഭിനിവേശം പരീക്ഷണാർത്ഥം മനുഷ്യ ചോദനകളുടെ ഭാഗമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. പരസ്പരം ഹിംസിക്കാനുള്ള മനുഷ്യന്റെ ദേഹേച്‌ഛയെ ശക്തിപ്പെടുത്തുന്ന കാരണങ്ങൾ പലതുമാകാം. കോപം, വെറുപ്പ്, അസൂയ, അഹങ്കാരം, സ്വാർത്ഥത, ഭയം, അത്യാഗ്രഹം എന്നിങ്ങനെ പല വികാരങ്ങളുമാണ് അഹിംസയുടെ അടിത്തറ. തന്നിലെ ഹിംസാത്മകത പച്ചയായി ആവിഷ്ക്കരിക്കാൻ കഴിയാത്തതു കൊണ്ട് തന്നെ പലതിനേയും കാരണമായി മനുഷ്യർ വ്യാഖ്യാനിക്കുന്നു. ഭാഷ, വർണം, വംശം, കുടുംബം, ദേശം, മതം, ജാതി തുടങ്ങി… ആദർശങ്ങൾ… പ്രത്യയ ശാസ്ത്രങ്ങൾ…
എന്നിങ്ങനെ പലതും പറഞ്ഞ് മനുഷ്യർ മനുഷ്യരെ കൊന്നു കൊണ്ടിരിക്കുന്നു. മതമാണ് എല്ലാ യുദ്ധങ്ങൾക്കും കൊലപാതങ്ങൾക്കും കാരണമെന്ന ഭൗതിക വാദികളുടെ ആരോപണത്തിന് ചരിത്രപരതയില്ലെന്നത് അൽപമെങ്കിലും ചിന്താശേഷിയുള്ളവന് മനസ്സിലാക്കാവുന്നതേയുള്ളു. മതമില്ലെങ്കിൽ അതിന്റെ സ്ഥാനത്ത് മതനിരാസത്തെ പരസ്പര ഹിംസക്ക് മനുഷ്യൻ കാരണമായി സ്വീകരിക്കും. ഒരു കോടി മനുഷ്യരെയാണ് ഭൗതികവാദിയായ മാവോ കൊന്നത്. (https://www.chinafile.com/library/nyrb-china-archive/who-killed-more-hitler-stalin-or-mao)

ഒരു കോടിയിലധികം മനുഷ്യരെ സോഷ്യലിസത്തിന്റെ പേരിൽ ഇടതുപക്ഷ ഭൗതികവാദികൾ യു.എസ്.എസ്.ആറിൽ പട്ടിണിക്കിട്ട് കൊന്നിട്ടുണ്ട്.
(https://holodomormuseum.org.ua/en/recognition-of-holodomor-as-genocide-in-the-world/ )

ഇടക്കാലത്ത് നിരീശ്വരവാദ രാഷ്ട്രമായി മാറിയിരുന്ന അൽബേനിയയിൽ നടമാടിയ ധ്വംസനങ്ങളുടേയും പീഢനങ്ങളുടേയും ക്രൂരമായ കഥകൾ (https://youtu.be/U8Vl5I08fIw )
ലോകം മുഴുവൻ പാട്ടാണെങ്കിലും യുക്തിവാദികൾ ഇതൊന്നും അറിയാത്ത മട്ടാണ് !

ഏതായിരുന്നാലും മത ഹിംസകൾക്ക് പരിഹാരമായി മത നിഷേധത്തെ അവതരിപ്പിക്കുന്നത് വിരലിലെ മുറിവിന്റെ വേദനമാറാൻ വിരൽ മുറിച്ചു മാറ്റാൻ നിർദേശിക്കുന്നത് പോലെ മണ്ടത്തരമാണ്. വേദന അസഹ്യവും നിയന്ത്രണാതീതവുമാകലാണ് ഫലം.
മതത്തെ മനുഷ്യൻ ഹിംസക്ക് കാരണമായി സ്വീകരിക്കുന്നു എന്നത് ശരിയാണ്. പക്ഷെ മതമില്ലായ്മ കൂടുതൽ ആപൽക്കരമായ ഹിംസാത്മകതയിലേക്കേ നയിക്കൂ എന്നത് ഒരു ചരിത്ര വസ്തുതയാണ്. മാത്രമല്ല, മതമല്ലാത്ത മറ്റെന്തെല്ലാം കാരണങ്ങൾക്ക് മനുഷ്യർ പരസ്പരം ഹിംസിക്കുന്നു. അപ്പോൾ മതമെന്നത് ഹിംസകർക്ക് ഒരു മുഖം മൂടി മാത്രമാണ്. അടിസ്ഥാനപരമായ പ്രശ്നം മനുഷ്യരിലെ കലഹപ്രിയമാണ്.

യുദ്ധവും സംഘട്ടനങ്ങളും ഇല്ലാത്ത ഒരു ലോകം ആരാണ് സ്വപ്നം കാണാത്തത്?! പക്ഷെ ലോകത്ത് ഒരു പ്രത്യയശാസ്ത്രത്തിനും, ഒരു ദർശനത്തിനും, ഒരു നിയമ വ്യവസ്ഥക്കും യുദ്ധം തുടച്ചു മാറ്റാൻ സാധിക്കുന്നില്ല. കാരണം, ഹിംസ മനുഷ്യരുടെ ദേഹേച്ഛയുടെ ഭാഗമാണ്.
കോപകാരണമായവയെ അല്ലെങ്കിൽ വെറുപ്പുളവാക്കുന്നവയെ – അത് സഹജീവികളായ മനുഷ്യരാണെങ്കിൽ പോലും – നശിപ്പിക്കുകയും നിഗ്രഹിക്കുകയും ചെയ്യുക എന്ന പ്രലോഭനം (temptation) -മറ്റു പാപങ്ങളോട് തോന്നുന്നത് പോലെ തന്നെ- മനുഷ്യേച്ഛകളുടെ പ്രാകൃത രൂപത്തിന്റെ ഒരു ഭാഗമാണ്. ആരൊക്കെ ഈ പ്രലോഭനത്തിന് വശം വദരായി, ദേഹേഛക്കനുസരിച്ചു കൊലയും നിഗ്രഹവും നടപ്പിലാക്കും. എന്നും തന്റെ മനസ്സിലെ ഇത്തരം പ്രലോഭനങ്ങളെ തിരസ്ക്കരിക്കാനുള്ള മാനസികമായ നന്മയും സഹജീവികളോട് സഹാനുഭൂതിയും ആർക്കൊക്കെയുണ്ട് എന്നും പരീക്ഷിക്കുകയാണ് ഈ ദേഹേഛയെ മനുഷ്യന് നൽകപ്പെട്ടതിലെ ലക്ഷ്യം.

മനുഷ്യാസ്തിത്വം ഭൂമിയിൽ നില നിൽക്കുന്ന കാലത്തോളം കൊലയും യുദ്ധവും നിലനിൽക്കുമെന്ന കൈപ്പുറ്റ യാഥാർത്ഥ്യം അംഗീകരിച്ചേ തീരൂ. കൊലപാതങ്ങളേയും യുദ്ധങ്ങളേയും ‘അഹ്‌ലാസ്’ (الْأَحْلَاسِ) അഥവാ മനുഷ്യരാശിയെ വിടാതെ പിന്തുടരുന്ന ഒരു കുഴപ്പമായി/ മഹാ പരീക്ഷണമായി പ്രവാചകൻ (സ) തന്റെ ശിഷ്യരെ പഠിപ്പിച്ചതായി ഹദീസുകളിൽ കാണാം:

عَبْدَ اللَّهِ بْنَ عُمَرَ ، يَقُولُ : كُنَّا قُعُودًا عِنْدَ رَسُولِ اللَّهِ ، فَذَكَرَ الْفِتَنَ فَأَكْثَرَ فِي ذِكْرِهَا حَتَّى ذَكَرَ فِتْنَةَ الْأَحْلَاسِ ، فَقَالَ قَائِلٌ : يَا رَسُولَ اللَّهِ وَمَا فِتْنَةُ الْأَحْلَاسِ ؟ قَالَ : هِيَ هَرَبٌ وَحَرْبٌ
അബ്ദുല്ലാഹിബ്നു ഉമർ (റ) പറയുന്നു: “ഞങ്ങൾ അല്ലാഹുവിന്റെ ദൂതനോടൊപ്പം(സ) ഇരിക്കുകയായിരുന്നു. അപ്പോൾ (ജനങ്ങൾക്കിടയിൽ സംഭവിക്കാൻ പോകുന്ന) കുഴപ്പങ്ങളെ പറ്റി അദ്ദേഹം ദീർഘമായി ഞങ്ങളോട് സംസാരിച്ചു. അഹ്‌ലാസ് (വിടാതെ കൂടുന്ന) പരീക്ഷണത്തെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞപ്പോൾ ഒരാൾ ചോദിച്ചു: എന്താണ് അഹ്‌ലാസ് (വിടാതെ കൂടുന്ന) പരീക്ഷണം ? അദ്ദേഹം പറഞ്ഞു: യുദ്ധങ്ങളും നാശനഷ്ടങ്ങളുമാണ്”.
(സുനനു അബൂദാവൂദ്: 3761)

രണ്ടു കാര്യങ്ങൾ ഹദീസിൽ നിന്നും മനസ്സിലാക്കാം. ഒന്ന്, യുദ്ധങ്ങളും നാശനഷ്ടങ്ങളും പരീക്ഷണവും കുഴപ്പവുമായാണ് പ്രവാചകൻ (സ) തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത്. അവക്ക് സ്തുതി പാടുന്ന മതമല്ല ഇസ്‌ലാം.

രണ്ട്, യുദ്ധവും കൊലപാതകങ്ങളും മനുഷ്യന്റെ ദേഹേച്ഛയുടെ ഭാഗമായതു കൊണ്ടു തന്നെ മനുഷ്യാവസാനം വരെ ഈ സമസ്യ -ഇസ്‌ലാമിന്റെ ഭാഷയിൽ അഹ്‌ലാസ്- പരിഹാരമില്ലാതെ തുടരുക തന്നെ ചെയ്യും. അപ്പോൾ, ഹിംസാത്മകതയിലേക്കുള്ള ചോദന മനുഷ്യന്റെ ദേഹേച്ചയിൽ അന്തർലീനമാണ് എന്നിരിക്കെ സമ്പൂർണ അഹിംസയെന്നത് അസാധ്യവും അപ്രായോഗികവുമാണ്. ഹിംസകരായ ഭൂരിപക്ഷത്തിനിടയിൽ സമാധാനവും സമഷ്ടി സ്നേഹവും തിരഞ്ഞെടുത്തവരുടെ ഗതി എന്തായിരിക്കും? ഒരു പക്ഷം ഏകപക്ഷീയമായി സമ്പൂർണ്ണ അഹിംസ പ്രഖ്യാപിക്കുന്നത് ആത്മഹത്യാപരവും നീതി വിരുദ്ധവുമാണ്. മറ്റൊരു വാചകത്തിൽ പറഞ്ഞാൽ യുദ്ധത്തിലെ എല്ലാ പക്ഷവും തെറ്റുകാരും കുറ്റക്കാരുമാണ് എന്ന് വിധിയെഴുതുന്നത് അബദ്ധജഢിലവും അനീതിയുമാണ്. യുദ്ധത്തിൽ നീതിയുടെ പക്ഷത്തായിരിക്കുക എന്നതായിരിക്കണം യുദ്ധത്തിലെ ഘടക കക്ഷികളെ വിലയിരുത്താനുള്ള മാനദണ്ഡം. അല്ലാതെ യുദ്ധത്തിലെ പങ്കാളിത്തമാകരുത്. ഒരു യുദ്ധ കക്ഷി നല്ലവരോ മോശക്കാരോ എന്നതിനുള്ള ഉത്തരം ഏത് നൂറ്റാണ്ടിൽ, ഏത് ഭൂമികയിൽ നിന്നുകൊണ്ടാണ് അവരെ വിലയിരുത്തുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ചരിത്ര പ്രസിദ്ധമായ പല യുദ്ധങ്ങളേയും സമരങ്ങളേയും യോദ്ധാക്കളേയും സമര പുരുഷരേയും നൂറ്റാണ്ടുകൾക്കപ്പുറം, തീർത്തും വ്യത്യസ്ഥമായ ഒരു ഭൂമികയിൽ നിന്ന്, അവരെ യുദ്ധത്തിലേക്ക് നയിച്ച സാമൂഹികാന്തരീക്ഷവും പ്രേരണകളും ഒന്നും പരിഗണിക്കാതെ നല്ലവരോ ചീത്തവരോ എന്ന് വിധി എഴുതുമ്പോൾ സംഭവിക്കുന്നത് ചരിത്രപരമായ കൃത്യവിലോപമാണ്.

ഇത്തരത്തിലുള്ള ചരിത്ര നിഗ്രഹത്തിന് വിധേയമായ ഒന്നാണ് മുഹമ്മദ് നബി (സ) നയിച്ച ധർമ്മ സമരങ്ങൾ. ആയിരത്തിനാന്നൂറ്റി ചില്ല്വാനും വർഷങ്ങൾക്ക് മുമ്പ്, ലോകത്ത് നിലനിന്നിരുന്ന രാഷ്ട്രവ്യവസ്ഥക്കുള്ളിൽ, പ്രവാചകനും അനുചരന്മാരും എതിരിട്ട രാഷ്ട്രീയ സംപീഡനങ്ങളോ സാമൂഹിക സമ്മർദ്ദങ്ങളോ, യുദ്ധ പ്രചോദനങ്ങളോ ആധുനിക ലോക വ്യവസ്ഥയിൽ നിന്ന് കൊണ്ട്, ഇസ്‌ലാമിക ചരിത്രത്തിന്റെ കേവല അക്ഷരവായനയിലൂടെ മാത്രം വായനക്കാർക്കോ വിമർശകർക്കോ മനസ്സിലാക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല. മറിച്ച്, പ്രവാചകയുദ്ധങ്ങളെ യുദ്ധഭൂമികയിൽ നിന്ന് തന്നെ വായിക്കണം. അതിനായി പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് അറേബ്യയിലും പരിസര രാജ്യങ്ങളിലും നിലനിന്നിരുന്ന രാഷ്ട്ര വ്യവസ്ഥയും മനസ്സിലാക്കേണ്ടതുണ്ട്.

ഇസ്‌ലാം യുദ്ധങ്ങളെ വീക്ഷിക്കുന്നതെങ്ങനെ?

അടിസ്ഥാനപരമായി, യുദ്ധത്തെ ഒരു തിന്മയും നാശവുമായാണ് ഇസ്‌ലാം കണ്ടിട്ടുള്ളത്. പ്രവാചകൻ (സ) പറഞ്ഞു:
وشر الأسماء حرب ومرة

“നാമങ്ങളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവ യുദ്ധം, കൈപ്പ് എന്നിവയാകുന്നു.”
(അൽ ജാമിഅ്: ഇബ്നു വഹബ്: 7)

കൊലപാതകത്തെ സംബന്ധിച്ച് ഇസ്‌ലാമിക വീക്ഷണമിതാണ്:

“അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്രായീല്യരുടെ) അടുത്ത് ചെന്നിട്ടുണ്ട്‌. എന്നിട്ട് അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌.”
(ഖുർആൻ: 5:32)

അപ്പോൾ പിന്നെ എന്തുകൊണ്ടാണ് ഇസ്‌ലാം യുദ്ധം അനുവദിച്ചത്? എന്നതാണ് അടുത്ത ചോദ്യം. അതിനുള്ള ഉത്തരം ഖുർആൻ തന്നെ പറയുന്നുണ്ട്:

“യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.”
(ഖുർആൻ: 22: 39, 40)

ഈ രണ്ട് വചനത്തിലൂടെ മാത്രം ഇസ്‌ലാം എന്തുകൊണ്ട് യുദ്ധം അനുവദിച്ചു എന്ന് വ്യക്തമാകുന്നു. അനീതിക്കും അക്രമത്തിനും സ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ മാത്രമാണ് ഇസ്‌ലാമിക യുദ്ധങ്ങൾ. രാജ്യങ്ങൾ വെട്ടിപ്പിടിക്കാനോ, നിർബന്ധിത മതപരിവർത്തനത്തിനോ, മാലോകരെ അടിമകളാക്കാനോ, മനുഷ്യ ധ്വംസനങ്ങളിൽ ആഹ്‌ളാദിക്കാനോ ഒന്നുമല്ലായിരുന്നു പ്രവാചക യുദ്ധങ്ങൾ.

(തുടരും)

print

1 Comment

  • അഥവാ അഹിംസയോടുള്ള അഭിനിവേശം??? ഹിംസയോടുള്ള എന്നല്ലേ വേണ്ടത്.

    Abdul latheef 21.10.2020

Leave a comment

Your email address will not be published.