ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -15

//ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -15
//ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -15
ആനുകാലികം

ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -15

ഖന്‍ദഖില്‍ നബി (സ) കള്ളം പറഞ്ഞുവോ ?

ഹിജ്‌റ അഞ്ചാം വര്‍ഷം ഖൈബറിലേക്ക് നാടുകടത്തപ്പെട്ട യഹൂദര്‍ -ബനൂ നദീര്‍- പകപോക്കലിനൊരുങ്ങി. അവരിലെ നേതൃനിരയിലെ ഇരുപതംഗ സംഘം ഖുറൈശികളെയും ഗത്ഫാന്‍ തുടങ്ങി മറ്റു അറബി ഗോത്രങ്ങളെയും കണ്ടു. മുസ്‌ലിംകളുമായുള്ള ഏറ്റുമുട്ടലിന് അവരെയൊക്കെ പ്രേരിപ്പിച്ചു. അങ്ങനെയാണ് അബൂ സുഫ്‌യാന്റെ നേതൃത്വത്തില്‍ ഒരു പതിനായിരം പട മദീനയെ ലക്ഷ്യംവച്ചു നീങ്ങിയത്. മദീനയിലെ ആബാലവൃദ്ധം ജനങ്ങള്‍ സ്ത്രീകളും പുരുഷന്‍മാരുമടക്കം കൂടിയാലും അതിന്റെ പകുതിപോലുമെത്തുമായിരുന്നില്ല. അതിനുപുറമെയാണ് മദീനയിലെ തന്നെ അവസരവാദികളുടെ നിസ്സഹകരണവും പാരവെപ്പും. എല്ലാം കൊണ്ടും ക്വുര്‍ആന്‍ വിവരിച്ചപോലെ കൊടുംഭീതിയുടെ കാലം. ഹൃദയം തൊണ്ടക്കുഴിയിലേക്കിരച്ചുകയറുന്ന, കണ്ണുകള്‍ തുറിച്ചുനില്‍ക്കുന്ന സാഹചര്യം. ബനൂ നദീറുകാര്‍ അതുകൊണ്ടും മതിയാക്കിയില്ല. മദീനയില്‍ അവശേഷിച്ച ബനൂ ഖുറൈളയെന്ന യഹൂദകുടുംബത്തെക്കൂടി കരാര്‍ ലംഘനത്തിന്, അതുവഴി ശത്രുപക്ഷത്തുചേരാന്‍ അവര്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ബനൂ നദീര്‍ നേതാവ് ഹുയയ്യബ്‌നു അഖ്തബാണ് ഈ ക്രൂരവിനോദത്തിന് മുന്നിട്ടിറങ്ങിയത്. അയാള്‍ ബനൂ ഖുറൈളയുടെ നായകനായ കഅ്ബുബ്‌നു അസദിന്റെ വാതില്‍മുട്ടി. കഅബ് വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. വിപല്‍ഘട്ടങ്ങളില്‍ പരസ്പരം സഹായിക്കുമെന്നതാണ് പ്രവാചകനുമായി അവരുണ്ടാക്കിയ കരാര്‍. കരാറനുസരിച്ച് അവര്‍ മുസ്‌ലിംകളെ സഹായിക്കേണ്ട സമയമാണിത്. ഈ ഘട്ടത്തിലാണ് ഹുയയ്യ് ചെന്നു വാതിലില്‍ മുട്ടിയത്. കഅബ് വാതില്‍ തുറക്കാതിരിക്കാന്‍ കാരണവും മറ്റൊന്നല്ല. പക്ഷേ, ഹുയയ്യ് പിന്‍വാങ്ങിയില്ല. അയാള്‍ വാതില്‍പടിയില്‍ കുത്തിയിരുന്നു. അയാള്‍ കഅ്ബിനെ വിളിച്ചുപറഞ്ഞു:

”കഅബ്, കാലഘട്ടത്തിന്റെ പ്രതാപവുമായാണ് ഞാന്‍ വന്നിരിക്കുന്നത്. ഇളകിമറിയുന്ന ഒരു സമുദ്രവുമായി. ഖുറൈശികളെ അവരുടെ മുഴുവന്‍ നേതാക്കളുമായി. പിന്നെ ഗത്ഫാന്‍ തുടങ്ങിയ മറ്റു ഗോത്രങ്ങളും. മുഹമ്മദിനെയും അനുയായികളെയും അടിയോടെ പിഴുതെറിഞ്ഞേ തങ്ങള്‍ തിരിച്ചുപോവൂ എന്ന് ശപഥം ചെയ്താണ് അവര്‍ വന്നിരിക്കുന്നത്.”

കഅബ് പറഞ്ഞു: ”അല്ലാഹുവില്‍ സത്യം, ഈ കാലത്ത് കയ്യേല്‍ക്കേണ്ടി വരുന്ന പ്രതാവുമായല്ല, നിന്ദ്യതയുമായാണ് താങ്കള്‍ വന്നിരിക്കുന്നത്. പെയ്‌തൊഴിഞ്ഞ വെളുത്ത മേഘവുമായും. മിന്നെറിയുന്നുണ്ട്. ഇടിവെട്ടുന്നുണ്ട്. അതില്‍ നേട്ടം യാതൊന്നുമില്ല. ഹുയയ്യ്, എന്നെ വിട്ടേക്കുക. ഞാനായി, എന്റെ പാടായി. മുഹമ്മദിന്റെ ഭാഗത്തുനിന്ന് സത്യസന്ധതയും കരാര്‍ പാലനവും മാത്രമേ എനിക്കനുഭവപ്പെട്ടിട്ടുള്ളൂ.”

ഹുയയ്യ് ഉദ്യമമുപേക്ഷിച്ചില്ല. അയാള്‍ കഅബിന്റെ സമീപത്ത് ഇരിപ്പുറപ്പിച്ചു. പറഞ്ഞ്പറഞ്ഞ് കഅബിനെ മാറ്റിയെടുത്തു. ”അഥവാ ഖുറൈശികളും ഗത്ഫാന്‍ ഗോത്രവും മുഹമ്മദിനെ നശിപ്പിക്കാതെ തിരിച്ചുപോയാല്‍ താന്‍ കൂടെയുണ്ടാകും. കഅബിന് ഏറ്റുവാങ്ങേണ്ടിവരുന്ന ഏതുശിക്ഷയും താനും ഏറ്റുവാങ്ങും.” ഹുയയ്യ് കഅബിനു വാക്കുകൊടുത്തു. അതോടെ കഅബ് പ്രവാചകനുമായുള്ള കരാര്‍ ലംഘിച്ചു.

ബനൂ ഖുറൈള കരാര്‍ ലംഘിക്കുക മാത്രമല്ല ചെയ്തത്. അവര്‍ യുദ്ധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക കൂടി ചെയ്തു. സ്ത്രീകളും കുട്ടികളും കഴിഞ്ഞുകൂടുകയായിരുന്ന കോട്ടയുടെ ഭാഗത്ത് അവരിലൊരാള്‍ ചുറ്റിക്കറങ്ങാന്‍ തുടങ്ങി. കോട്ടയുടെ ഉത്തരവാദിത്തം ഹസ്സാനുബ്‌നു ഥാബിതിനായിരുന്നു. പ്രവാചകന്റെ(സ) പിതൃസഹോദരി സ്വഫിയ്യയുമുണ്ടായിരുന്നു സ്ത്രീകളുടെ കൂട്ടത്തില്‍. അവര്‍ ഹസ്സാനോട് പറഞ്ഞു: ”ഹസ്സാന്‍, ഇതാ ഒരു യഹൂദന്‍, ഇതിലെ നടക്കുന്നുണ്ട്. അയാളെ നമ്പാന്‍ കൊള്ളുമെന്ന് തോന്നുന്നില്ല. അയാള്‍ ഒറ്റുകാരനാവും. അയാള്‍ മറ്റു യഹൂദര്‍ക്ക് നമ്മുടെ രഹസ്യം ചോര്‍ത്തിക്കൊടുത്തേക്കും. പ്രവാചകനും മുസ്‌ലിംകളും ശത്രുക്കളുടെ ഭാഗത്താണുള്ളത്. അവര്‍ക്ക് നമ്മെ ശ്രദ്ധിക്കാനാവുകയില്ല. അതിനാല്‍ ഇറങ്ങിച്ചെന്ന് അയാളെ വകവരുത്തിയേക്ക്.”

ഹസ്സാന്‍ അത്രയ്ക്ക് ധീരനല്ലായിരുന്നു. അദ്ദേഹം പറഞ്ഞു: ”അല്ലാഹുവില്‍ സത്യം. ഞാന്‍ അതിന്റെ ആളല്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ!”

തുടര്‍ന്ന് സ്വഫിയ്യ (റ) വസ്ത്രം മുറുക്കിയുടുത്തു. ഒരു മരക്കൊള്ളിയെടുത്ത് പുറത്തിറങ്ങി. ആ യഹൂദനെ അടിച്ചുകൊന്നു. അവര്‍ തിരിച്ചുചെന്നു ഹസ്സാനോട് പറഞ്ഞു: ”ഹസ്സാന്‍, ചെന്ന് അയാളുടെ ശരീരത്തിലെ ആയുധങ്ങളും മറ്റും എടുത്തുമാറ്റിയേക്ക്. അയാള്‍ പുരുഷനായതുകൊണ്ട് എനിക്കത് എടുക്കാനാവുകയില്ല.”

ഹസ്സാന്‍ പറഞ്ഞു: ”എനിക്കതിന്റെ ആവശ്യമില്ല.”

സ്വഫിയ്യയുടെ(റ) ധീരമായ നീക്കം ഫലം കണ്ടു. പിന്നെ യഹൂദരാരും അതുവഴി വരാന്‍ ധൈര്യപ്പെട്ടില്ല. എന്നുവച്ച് യഹൂദര്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചില്ല. അവര്‍ ശത്രുസൈന്യത്തിന് സഹായം എത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സഹായം എത്തിച്ചുകൊടുക്കാന്‍ അവര്‍ ഉപയോഗപ്പെടുത്തിയ ഇരുപത് ഒട്ടകങ്ങളെയാണ് മുസ്‌ലിംകള്‍ പിടികൂടിയത്.

യഹൂദഗോത്രം കരാല്‍ ലംഘിച്ചതും ശത്രുവിന് സഹായമെത്തിച്ചു കൊടുക്കുന്നതുമായ വിവരം പ്രവാചകന്റെ(സ) അടുത്തെത്തുന്നത് ഈ സമയത്താണ്. അറിയാനിടയായ വിവരം ശരിയാണോ എന്നറിയണം. അതിനുള്ള വഴിയൊരുക്കി. സഅ്ദുബ്‌നുമുആദ് (റ), സഅ്ദുബ്‌നു ഉബാദ (റ), അബ്ദുല്ലാഹിബ്‌നു റവാഹ (റ), ഖവാതുബ്‌നു ജൂബൈര്‍ (റ) എന്നിവരെ വിളിച്ചു പ്രവാചകന്‍ (സ). അവിടുന്ന് അവരോട് പറഞ്ഞു:

”നിങ്ങള്‍ പോവണം. എനിക്ക് ലഭിച്ച വിവരം ശരിയോ എന്നറിയണം. അത് സത്യമെങ്കില്‍ എനിക്കത് തിരിച്ചറിയാനാവുംവിധം സൂചന നല്‍കണം. അവര്‍ കരാര്‍പാലനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ അത് ജനങ്ങള്‍ക്കിടയില്‍ പരസ്യപ്പെടുത്തുക.”

അന്വേഷകസംഘം ബനൂ ഖുറൈളക്കാരെ സമീപിച്ചു. വളരെ മോശം സമീപനമാണ് അവരില്‍നിന്ന് സംഘത്തിന് അനുഭവപ്പെട്ടത്. അവര്‍ അന്വേഷണസംഘത്തെ അസഭ്യവര്‍ഷം കൊണ്ടാണ് എതിരേറ്റത്. അതുകൊണ്ടും മതിയാക്കിയില്ല. അവര്‍ പ്രവാചകനെ(സ) മോശം രീതിയില്‍ അധിക്ഷേപിച്ചു സംസാരിച്ചു. അവര്‍ ചോദിച്ചു: ”ആരാണ് ഈ അല്ലാഹുവിന്റെ ദൂതന്‍? ഞങ്ങള്‍ക്കും മുഹമ്മദിനുമിടയ്ക്ക് യാതൊരു കരാറുമില്ല. പരിചയം പോലുമില്ല.”

അന്വേഷക സംഘം തിരിച്ചുപോന്നു. അവര്‍ വന്നു പ്രവാചകന്(സ) സൂചന നല്‍കി. അവര്‍ പറഞ്ഞു: ”അദ്‌ലും ഖാറയും.”

ബിഅ്ര്‍ മഈന സംഭവത്തില്‍ എഴുപതോളം മുസ്‌ലിം പ്രമുഖരെ വകവരുത്തിയവരാണ് അദ്‌ലും ഖാറയും. ബനൂ ഖുറൈളയും ശത്രുപക്ഷത്താണുള്ളത് എന്നര്‍ത്ഥം.

അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനുമിടയിലകപ്പെട്ട പ്രതീതി. പ്രവാചകനും(സ) വല്ലാതെ പ്രയാസപ്പെട്ടു. ആ പ്രയാസം പുറത്തു കാണിക്കാതിരിക്കാനാവണം അവിടുന്ന് കുറേനേരം മൂടിപ്പുതച്ചു കിടന്നു. പിന്നെ പരിഹാരം കണ്ടെത്തിയതുപോലെ എഴുന്നേറ്റുവന്നു തക്ബീര്‍ ചൊല്ലി. ”അല്ലാഹു അക്ബര്‍, മുസ്‌ലിംകളെ സന്തോഷിച്ചുകൊള്ളുക. അല്ലാഹുവിന്റെ സഹായവും വിജയവും ആസന്നമായിരിക്കുന്നു.” അവിടുന്ന് പറഞ്ഞു.

അതിനിടയ്ക്ക് ശത്രുക്കളെ പരസ്പരം അകറ്റാനുള്ള തന്ത്രങ്ങളെപ്പറ്റിയും നബി (സ) ആലോചിക്കുന്നുണ്ടായിരുന്നു. ഖുറൈശികളുടെ കൂടെ ശത്രുപക്ഷത്തുള്ള ഒരു പ്രബല വിഭാഗമാണല്ലോ ഗത്ഫാന്‍ ഗോത്രം. അവരുമായി ഒരു കരാറിലെത്തുക. മദീനയിലെ കാര്‍ഷിക വിളവിന്റെ മൂന്നിലൊന്ന് വര്‍ഷാവര്‍ഷം നല്‍കാമെന്ന വ്യവസ്ഥയില്‍ അവരുമായി ഒരു കരാറുണ്ടാക്കുക. അങ്ങനെ ശത്രുപക്ഷത്തുനിന്ന് അവരെ അടര്‍ത്തിമാറ്റുക. പ്രവാചകന്‍ (സ) അങ്ങനെയാണ് ചിന്തിച്ചത്.

എന്നാല്‍ ചിന്തയിലുദിച്ച ഈ കാര്യം അധികാരമുപയോഗിച്ച് നടപ്പാക്കാനല്ല അവിടുന്ന് ശ്രമിച്ചത്. മദീനക്കാരുമായി വിഷയം ചര്‍ച്ച ചെയ്താവാം തീരുമാനം. അവിടുന്ന് സഅദുബ്‌നു മുആദിനെയും സഅദുബ്‌നു ഇബാദയെയും വിളിച്ചുവരുത്തി വിഷയം ചര്‍ച്ച ചെയ്തു. അവര്‍ പറഞ്ഞു:

”അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ കല്‍പനയെങ്കില്‍ കേള്‍ക്കാനും അനുസരിക്കാനും ഞങ്ങള്‍ തയ്യാറാണ്. മറിച്ച് ഞങ്ങളുടെ നന്മയോര്‍ത്ത് അങ്ങ് ആവിഷ്‌കരിച്ച ഒരു പരിഹാരം എന്ന നിലക്കാണെങ്കില്‍ ഞങ്ങള്‍ക്കതില്‍ താല്‍പര്യമില്ല. ശിര്‍ക്കിലും വിഗ്രഹപൂജയിലും ഞങ്ങള്‍ രണ്ടുകൂട്ടരും ഒന്നിച്ചിരുന്ന കാലത്തുപോലും ആഥിത്യം, കച്ചവടം എന്നീ മാര്‍ഗങ്ങളിലൂടെ മാത്രമേ അവര്‍ മദീനയിലെ ഒരു ഈന്തപ്പഴമെങ്കിലും തിന്നിട്ടുള്ളൂ. ഇനിയിപ്പോള്‍ ഇസ്‌ലാം വഴി അല്ലാഹു ഞങ്ങളെ സന്മാര്‍ഗികളാക്കുകയും അങ്ങയിലൂടെ ഞങ്ങളെ പ്രതാപികളാക്കുകയും ചെയ്തശേഷം അവര്‍ക്ക് ഞങ്ങള്‍ സമ്പത്ത് നല്‍കണമോ? അല്ലാഹുവില്‍ സത്യം, വാള്‍ മാത്രമാകും ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നത്.”

പ്രവാചകന്‍ (സ) അവരുടെ അഭിപ്രായം ശരിവെച്ചു. അവിടുന്ന് പറഞ്ഞു: ”കുലച്ച ഒറ്റ വില്ലുവഴി അറബികള്‍ ഒറ്റക്കെട്ടായി നിങ്ങള്‍ക്കെതിരെ എയ്യാനൊരുങ്ങിയപ്പോള്‍ നിങ്ങളുടെ നന്മയോര്‍ത്ത് എനിക്ക് തോന്നിയ കാര്യം; അത്രമാത്രം.”

ഈ സന്നിഗ്ധ ഘട്ടത്തിലാണ് ശത്രുവിഭാഗമായ ഗത്ഫാന്‍ ഗോത്രത്തിലെ ഒരംഗം ശത്രുക്കളില്‍ ആരുമറിയാതെ പ്രവാചകനെ(സ) സമീപിക്കുന്നത്. നുഐമുബ്‌നു മസ്ഊദ്. അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ ഇസ്‌ലാമാശ്ലേഷിച്ചിരിക്കുന്നു. എന്റെ ആളുകള്‍ ആരും അതറിയുകയില്ല. അതിനാല്‍ വല്ലതും കല്‍പ്പിച്ചാലും!.”

പ്രവാചകന്‍ (സ) പ്രതികരിച്ചു: ”താങ്കള്‍ ഒരു വ്യക്തിയാണ്. അതിനാല്‍ അവരെ നമ്മില്‍നിന്ന് തിരിച്ചുവിടാന്‍ പറ്റിയ വല്ലതും സാധ്യമായ രീതിയില്‍ ചെയ്യുക. യുദ്ധം തന്ത്രമാണ്.”

അദ്ദേഹം നേരെ പോയത് ബനൂ ഖുറൈളക്കാരുടെ അടുത്തേക്കാണ്. ഇസ്‌ലാമിനുമുമ്പ് അവരുമായി സൗഹൃദം പുലര്‍ത്തിയിരുന്ന ആളായിരുന്നു അദ്ദേഹം. അദ്ദേഹം അവരോട് പറഞ്ഞു:

”നിങ്ങളോടുള്ള എന്റെ സ്‌നേഹബന്ധവും സൗഹൃദവുമൊക്കെ നിങ്ങള്‍ക്കറിയാം. നമ്മള്‍ തമ്മിലുള്ള പ്രത്യേകബന്ധവും.”

അവര്‍: ”അതെ, ശരിയാണ് താങ്കള്‍ പറഞ്ഞത്!”

നുഐം: ”ഖുറൈശികള്‍ നിങ്ങളെപ്പോലെയല്ല. ഈ നാട് നിങ്ങളുടേതു കൂടിയാണ്. ഇവിടെയാണ് നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ഭാര്യമാരുമൊക്കെയുള്ളത്. ഇവിടംവിട്ട് മറ്റൊരിടത്തേക്കും പോകാന്‍ നിങ്ങള്‍ക്ക് സാധ്യമാവുകയില്ല. ഖുറൈശികളും ഗത്ഫാനും വന്നിരിക്കുന്നത് മുഹമ്മദിനോട് യുദ്ധം ചെയ്യാനാണ്. നിങ്ങളിപ്പോള്‍ മുഹമ്മദിനെതിരില്‍ അവരെ പിന്തുണച്ചിരിക്കുകയാണ്. അവരുടെ നാടും മക്കളും ഭാര്യമാരുമൊക്കെ വേറെയാണ്. സാഹചര്യം ഒത്തുവന്നാല്‍ അവര്‍ അത് പ്രയോജനപ്പെടുത്തിയെന്നു വരും. ഇല്ലെങ്കിലോ അവര്‍ നാടുപിടിക്കും. നിങ്ങളെ ഉപേക്ഷിക്കും. പിന്നെ മുഹമ്മദ് നിങ്ങളോട് പ്രതികാരം ചെയ്യും.”

അവര്‍ ചോദിച്ചു: ”നുഐം, ഇനി എന്താണ് ചെയ്യേണ്ടത്?”

നുഐം: ”അവരില്‍നിന്ന് പണയം വാങ്ങിയല്ലാതെ നിങ്ങള്‍ അവരോടൊപ്പം യുദ്ധത്തിനൊരുങ്ങി പുറപ്പെടരുത്.”

അവര്‍: ”നല്ല അഭിപ്രായം.”

നുഐം ഖുറൈശികളെ ചെന്നുകണ്ടു: ”നിങ്ങളോടുള്ള എന്റെ സൗഹൃദവും നിങ്ങളുടെ കാര്യത്തിലുള്ള എന്റെ താല്‍പര്യവുമൊക്കെ നിങ്ങള്‍ക്കറിയാമല്ലോ.”

അവര്‍: ”അതെ.”

നുഐം: ”മുഹമ്മദുമായുണ്ടാക്കിയ കരാര്‍ ലംഘിക്കേണ്ടി വന്നതിനെച്ചൊല്ലി യഹൂദര്‍ വലിയ ഖേദത്തിലാണ്. അവര്‍ മുഹമ്മദുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങളെ പണയമായി സ്വീകരിച്ച് മുഹമ്മദിന് നല്‍കി സന്ധി ചെയ്യാനാണവര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ അവര്‍ പണയം ചോദിച്ചാല്‍ നല്‍കിയേക്കരുത്.”

തുടര്‍ന്ന് സ്വന്തം ഗോത്രമായ ഗത്ഫാനികളെ സമീപിച്ചു അവരോടും ഇതുതന്നെ പറഞ്ഞു.

അടുത്ത ശനിയാഴ്ച രാത്രി ശത്രുക്കള്‍ ബനൂ ഖുളൈറയുടെ അടുത്തേക്ക് ദൂതനെ അയച്ചു:

”ഞങ്ങള്‍ സുരക്ഷിത പ്രദേശത്തല്ല നിലകൊള്ളുന്നത്. വാഹനവും പാദരക്ഷയുമടക്കം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ മുഹമ്മദിനെ എതിരിടാന്‍ തയ്യാറാവുക.”

”ഇന്നു സബ്ബത്താണ്. സബ്ബത്തില്‍ അരുതാത്തത് ചെയ്തതിനാല്‍ ഞങ്ങളുടെ പൂര്‍വികരെ ശിക്ഷ ബാധിച്ചത് നിങ്ങള്‍ക്കറിയാമല്ലോ. അതോടൊപ്പം നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ യുദ്ധം ചെയ്യണമെങ്കില്‍ ചിലരെ പണയമായി ഞങ്ങള്‍ക്ക് നല്‍കുകയും വേണം.”

ദൂതന്‍മാര്‍ തിരിച്ചുവന്നു പുതിയ വൃത്താന്തമറിയിച്ചപ്പോള്‍ നുഐം പറഞ്ഞത് ശരി തന്നെ എന്നായി ശത്രുക്കള്‍. അവര്‍ യഹൂദരെ അറിയിച്ചു: ”പണയമായി ആരെയും തരാന്‍ സാധ്യമല്ല. പറ്റുമെങ്കില്‍ മുഹമ്മദിനെ നേരിടാന്‍ തയ്യാറാവുക.”

”നുഐം പറഞ്ഞത് എത്രമേല്‍ ശരിയായിരുന്നു.” യഹൂദരും പരസ്പരം കുശുകുശുത്തു.

പിന്നെ യഹൂദര്‍ക്കും ശത്രുക്കള്‍ക്കും പരസ്പരം സംശയമായി. ഇരുപക്ഷവും പരസ്പരം കൈയ്യൊഴിഞ്ഞു. അതോടെ ശത്രുവിന് കാലുറപ്പിക്കാതായി. കൊടുംഭീതി. ഒപ്പം അവരുടെ തമ്പുകളും ചട്ടിയും കലവും ഉപകരണങ്ങളത്രയും എടുത്തെറിയുംവിധമുള്ള ശീതക്കാറ്റും. എത്രയുംവേഗം സ്ഥലംവിട്ടുകൊള്ളാന്‍ ശത്രുനായകന്‍ അബൂ സുഫ്‌യാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കി. രായ്ക്കുരാമാനം അവര്‍ സ്ഥലംവിട്ടു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മലപോലെ വന്നത് മഞ്ഞുപോലെ ഉരുകിയില്ലാതായ പ്രതീതി. അവര്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു.

നുഐമിന്റെ തന്ത്രപ്രയോഗത്തെപ്പറ്റിയാണ് ശത്രുക്കള്‍ പറയുന്നത്; മുഹമ്മദ് കള്ളം പറയാന്‍ അനുവാദം നല്‍കി എന്ന്. ജീവിതത്തിന് ചട്ടവട്ടങ്ങളോ തത്ത്വങ്ങളോ സമര്‍പ്പിക്കാനില്ലാത്ത അരാജകത്വവാദികളും അരാഷ്ട്രീയക്കാരുമായ ഈ വിഡ്ഡികള്‍ക്കുണ്ടോ യുദ്ധത്തിന്റെ തന്ത്രമറിയുന്നു!

ശത്രുക്കളുടെ കാര്യത്തില്‍ നടത്തിയ പ്രവാചകന്റെ(സ) പ്രാര്‍ത്ഥനയുടെ ഫലം കൂടിയായിരുന്നു അവരുടെ ഈ പിന്തിരിഞ്ഞോട്ടം. അവിടുന്ന് പ്രാര്‍ത്ഥിച്ചു:

”അല്ലാഹുവേ, ഞങ്ങളുടെ നഗ്നത മറക്കേണമേ! ഞങ്ങളുടെ ഭീതിയകറ്റി നിര്‍ഭയത്വം നല്‍കേണമേ! വേദം അവതരിപ്പിച്ച, അതിവേഗം വിചാരണ നടത്തുന്ന അല്ലാഹുവേ, സഖ്യസൈന്യത്തെ പരാജയപ്പെടുത്തേണമേ! അല്ലാഹുവേ, അവരെ പരാജയപ്പെടുത്തുകയും അവരെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്യേണമേ!”

അപ്പോഴേക്കും ശവ്വാല്‍ കഴിഞ്ഞിരുന്നു. ശത്രുവിന്റെ ഒളിച്ചോട്ടത്തിനുശേഷം അടുത്ത മാസം ദുല്‍ ഖഅദഃയിലാണ് പ്രവാചകനും(സ) മുസ്‌ലിംകളും ഖന്‍ദഖില്‍ നിന്ന് തിരിച്ചുപോന്നത്.

print

No comments yet.

Leave a comment

Your email address will not be published.