ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -11

//ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -11
//ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -11
ആനുകാലികം

ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -11

”ഇസ്‌ലാം അല്ലാത്തവരെ വെറുക്കുകയും സത്യനിഷേധികള്‍ എന്നു വിളിച്ച് കഴുത്തറുത്ത് കൊല്ലാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു….”
യുക്തിവാദിയുടെ മറ്റൊരു ദുരാരോപണമാണിത്.

ഇസ്‌ലാം അല്ലാത്തവര്‍ എന്ന പരാമര്‍ശം തന്നെ തെറ്റാണ്. ഇസ്‌ലാം എന്നത് ഒരാദര്‍ശാധിഷ്ടിത വ്യവസ്ഥയുടെ പേരാണ്. ഒരു വ്യവസ്ഥയെ വ്യക്തിയോ വ്യക്തികളോ ആയി കാണുന്നത് ഭീമാബദ്ധമാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമല്ലാത്തവര്‍ മുസ്‌ലിമല്ലാത്തവര്‍ എന്നിങ്ങനെ പറയാവതല്ല. ഇസ്‌ലാമല്ലാത്തതിനെ എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇസ്‌ലാമല്ലാത്തതിനെ എന്നാണ് പറയാനുദ്ദേശിച്ചത് എന്നു പറയാനും സാധ്യമല്ല. കാരണം തുടര്‍ന്നു പറയുന്നത് സത്യനിഷേധികള്‍ എന്നുവിളിച്ച് കഴുത്തറുത്തു കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നു എന്നാണ്.

ഒരു ആശയത്തെ ശരിയായ പ്രയോഗം വഴി പ്രകാശിപ്പിക്കാന്‍ പോലും കഴിയാത്ത ഇവരാണ് ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ)യെയുമൊക്കെ വിമര്‍ശിക്കാനും അവഹേളിക്കാനും വരുന്നത് എന്നത് തമാശക്ക് വക നല്‍കുന്ന കാര്യമാണ്.

ഇനി ആരോപണത്തിലേക്കു വരാം. ഇവര്‍ ഈ ആരോപണത്തിനു തെളിവുദ്ധരിക്കുന്നത് സ്വന്തം മനസ്സിലുദിച്ച അബദ്ധധാരണകളാണോ അതോ ക്വുര്‍ആനും പ്രവാചകചര്യയുമാണോ? സ്വന്തം മനസ്സിലുദിച്ച വിദ്വേഷത്തിന്റെ പ്രത്യുല്‍പന്നമായ വികാരമാണ് തെളിവെങ്കില്‍ ക്വുര്‍ആന്‍ പറഞ്ഞതേ അവരോട് നമുക്കും പറയാനുള്ളൂ, ”ദേഷ്യമുണ്ടെങ്കില്‍ പോയി ചത്തുകള.” (3:119)

മറിച്ച് ക്വുര്‍ആനും പ്രവാചകചര്യയുമാണെങ്കില്‍ അത് വെച്ചുകെട്ടലും പ്രമാണത്തിന്റെ തെറ്റായും സന്ദര്‍ഭത്തില്‍നിന്നടര്‍ത്തിയെടുത്തുമുള്ള വായനയാണ്. ക്വുര്‍ആന്‍ ഒരിടത്തുപോലും ഇസ്‌ലാം സ്വീകരിക്കാത്തതിന്റെ പേരില്‍ ഒരാളെയും വധിക്കാന്‍ പറഞ്ഞിട്ടില്ലെന്നു മാത്രമല്ല ഇസ്‌ലാം സ്വീകരിക്കാന്‍ ഒരാളെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്നു കൂടിയാണ് അത് പറഞ്ഞിട്ടുള്ളത്. തെളിവുകളിതാ:

”ഈ ദീന്‍ സ്വീകരിക്കാന്‍ ബലം പ്രയോഗിക്കാവതല്ല.” (2:256)
”നിന്റെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ള എല്ലാവരും തന്നെ വിശ്വാസികളായിട്ടുണ്ടാവുമായിരുന്നു. വിശ്വാസികളാകാന്‍ നീ മനുഷ്യരെ നിര്‍ബന്ധിക്കുമെന്നോ?” (10:99)
”ഉദ്‌ബോധനം ചെയ്തുകൊള്ളുക. ഉദ്‌ബോധകന്‍ മാത്രമാണു നീ. അവര്‍ക്കുമേല്‍ ആധിപത്യം ചെലുത്തുന്നവനല്ല നീ.” (88:21,22)

ഇനി കൊല്ലുന്ന കാര്യമാണെങ്കില്‍ അതുസംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്:
ഒരു വ്യക്തിയെ കൊന്നതിന്റെ പേരിലോ, നാട്ടില്‍ കുഴപ്പം കുത്തിപ്പൊക്കിയതിന്റെ പേരിലോ അല്ലാതെ വല്ല വ്യക്തിയെയും കൊന്നുകളഞ്ഞവന്‍ മനുഷ്യരെ മൊത്തം കൊന്നവനെപ്പോലെയാണെന്നും ഒരു വ്യക്തിക്ക് ജീവിക്കാന്‍ സൗകര്യമൊരുക്കിയവന്‍ മനുഷ്യര്‍ക്കു മുഴുവന്‍ ജീവിക്കാന്‍ സൗകര്യമൊരുക്കിയവനെപ്പോലെയാണെന്നും അക്കാരണത്താല്‍ നാം ഇസ്രയേല്‍ മക്കള്‍ക്ക് വ്യവസ്ഥ നല്‍കുകയുണ്ടായിട്ടുണ്ട്.” (5:32)
”അല്ലാഹു പവിത്രത നല്‍കിയ ഒരു വ്യക്തിയെ അന്യായമായി കൊല്ലാവതല്ല.” (6:151, 17:33)
”ദാരിദ്ര്യം ഭയന്ന് നിങ്ങള്‍ കുട്ടികളെ കൊന്നുകളയരുത്.” (6:151, 17:31)
”നിങ്ങള്‍ ആത്മഹത്യ ചെയ്യരുത്.” (4:29)

കഴുത്തറുത്ത് കൊല്ലാന്‍ ആഹ്വാനം ചെയ്തു എന്നത് തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചും സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്തും ആരോപിക്കുന്നതാണ്. യുദ്ധസാഹചര്യത്തില്‍ വാളോങ്ങി വരുന്ന ശത്രുവിന്റെ കഴുത്തിന് വെട്ടുക എന്ന നിര്‍ദേശത്തെയാണ് കഴുത്തറുത്തു കൊല്ലുക എന്നാക്കി മാറ്റിയത്. രണ്ടും തമ്മിലുള്ള വ്യത്യാസം വളരെ വ്യക്തമാണ്. അക്കാര്യം മുമ്പ് വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്.

സത്യനിഷേധികള്‍ എന്നു വിളിച്ചുകളയുന്നു എന്നതാണ് മറ്റൊരു പരാതി.

ക്വുര്‍ആനിന്റെ കാഴ്ചപ്പാടില്‍ ആശയം രണ്ടു തരമാണ്. സത്യം, അസത്യം എന്നിങ്ങനെ. ”സത്യത്തിനുശേഷം ദുര്‍മാര്‍ഗമല്ലാതെ മറ്റെന്താണുള്ളത്?” (10:32) എന്നു ക്വുര്‍ആന്‍ ചോദിക്കുന്നത്. അതുകൊണ്ടാണ്.

സത്യം അംഗീകരിച്ചവന്‍ സത്യവിശ്വാസി, സത്യം നിരാകരിച്ചവന്‍ സത്യനിഷേധിയും. ഇങ്ങനെയല്ലാതെ അവരെ വിശേഷിപ്പിക്കാന്‍ മറ്റൊരു പ്രയോഗം സാധ്യമല്ല. ഇത് ഇസ്‌ലാമിന്റെ മാത്രം രീതിയുമല്ല. ലോകത്ത് ഏതുപ്രസ്ഥാനവും എതിരാളികളെ പരിചയപ്പെടുത്താന്‍ ചില പ്രത്യേക സംജ്ഞകള്‍ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. യുക്തിവാദികള്‍ എതിരാളികളെ അന്ധവിശ്വാസികള്‍ എന്നു വിശേഷിപ്പിക്കും. ക്രിസ്ത്യാനികള്‍ മറ്റുള്ളവരെ അവിശ്വാസികള്‍ എന്നുപറയും. കമ്മ്യൂണിസ്റ്റുകാരന്‍ മറ്റുള്ളവരെ ബൂര്‍ഷ്വാ എന്നോ വര്‍ഗവിരോധി എന്നോ പറയും. സംഘികള്‍ അവരെ ദേശവിരുദ്ധര്‍ എന്നുപറയും. ഇങ്ങനെ ഏതൊരു വിഭാഗവും എതിര്‍ചേരിയിലുള്ളവരെ വിവേചിക്കാന്‍ ചില പദങ്ങള്‍ പ്രയോഗിക്കും. അത് ആര്‍ക്കും ബോധ്യം വരാത്ത കാര്യമല്ല.

”തന്നെ നിന്ദിച്ചു എന്ന്പറഞ്ഞ് അനേകം ആളുകളെ വധിച്ച മുഹമ്മദ്…” മറ്റൊരാരോപണമാണിത്.

ബുഖാരി 56:369 ഈ ആരോപണത്തിന് തെളിവുദ്ധരിച്ചത് ഈ നമ്പര്‍ ബുഖാരിയുടെ സ്വഹീഹിലെ 56-ാം അധ്യായം കിതാബുല്‍ ജിഹാദ് വസ്സിയര്‍ എന്നതാണ്. അതില്‍ 280നടുത്താണ് ഹദീഥുള്ളത്. മേല്‍ ഉദ്ധരണിയില്‍ കൊടുത്തിട്ടുള്ളതാകട്ടെ 369 എന്നും. മറ്റൊരു കാര്യം, ജീവിതത്തില്‍ ഒരിക്കല്‍പോലും തന്നെ നിന്ദിച്ചവരുടെ കാര്യത്തില്‍ ഒരു പ്രതികാര നടപടിയും, വാക്കാല്‍പോലും സ്വീകരിക്കാന്‍ ശ്രമിച്ചിട്ടില്ലാത്ത അത്രയക്ക് ഉദാത്തസ്വഭാവത്തിന്റെ ഉടമയാണ് മുഹമ്മദ്(സ). അത്തരമൊരു വ്യക്തി പ്രവാചകനായതില്‍പിന്നെ ഇവര്‍ പറഞ്ഞത് പോലൊരു സംഭവത്തിനൊരുമ്പെട്ടുവെന്ന് പറയുന്നത് വെറും അസംബന്ധമാണ്.

”അവിശ്വാസികളുടെ സമ്പത്ത് കൊള്ളയടിച്ച് പങ്കുവെക്കാന്‍ പറഞ്ഞ മുഹമ്മദ്…”

മറ്റൊരസംബന്ധമാണ് ഈ ആരോപണം. ഒരു മനുഷ്യന്റെയും ഒരു ചില്ലിക്കാശുപോലും തമാശയായി പോലും അനാവശ്യമായി കൈവശപ്പെടുത്തിയിട്ടില്ലാത്ത, അങ്ങനെ ചെയ്യുന്നത് അനീതിയും അക്രമവുമാണെന്നും മരണാനന്തര ജീവിതത്തില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ കാരണമായേക്കാവുന്ന കടുത്ത പാതകമാണെന്നും പഠിപ്പിച്ച മാതൃകായോഗ്യനായ ഒരു വ്യക്തി, അതിനുപുറമെ ഈശ്വരന്റെ ദൂതന്‍ കൂടിയായ ഒരു മഹാനെപ്പറ്റിയാണ് ഈ ഗുരുതര ആരോപണമുന്നയിച്ചിരിക്കുന്നത്. ഇത് തെളിയിക്കേണ്ട ബാധ്യത ആരോപകര്‍ക്കുണ്ട് എന്നുമാത്രം പറയട്ടെ! കൊള്ള എന്താണെന്നു പോലുമറിയാത്ത പാവങ്ങള്‍ എന്നുവേണം ഇവരെപ്പറ്റി പറയാന്‍.

print

No comments yet.

Leave a comment

Your email address will not be published.