ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -10

//ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -10
//ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -10
ആനുകാലികം

ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -10

നി നമുക്ക് മറ്റൊരാരോപണം പരിശോധിക്കാം. അത് ഇങ്ങനെയാണ്. ”മുസ്‌ലിമല്ലാത്തവരെ പിരടിക്ക് വെട്ടിക്കൊല്ലാന്‍ മറ്റൊരു മതവും പറയുന്നില്ല. മറ്റൊരു ഗ്രന്ഥത്തിലും സ്വന്തം മതത്തിലല്ലാത്തവനെ ഉറ്റമിത്രമാക്കരുതെന്ന് പറഞ്ഞിട്ടില്ല. ഉപനിഷത്തുകള്‍, വേദങ്ങള്‍, ബൈബിള്‍…. ഇവയിലൊന്നും അന്യന്റെ കഴുത്തില്‍ കത്തിവെക്കാന്‍ പറയുന്നില്ല. കൊല്ലാനും കൊല്ലിക്കാനും വേണ്ടി സ്വന്തം സൃഷ്ടികളെ തെരഞ്ഞെടുക്കുന്ന ഒരു സ്രഷ്ടാവ് ഇസ്‌ലാമിലും ക്വുര്‍ആനിലും മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ.”

ഉദ്ധരണിയുടെ ഉള്ളടക്കം:
1. മറ്റുമതസ്ഥരെ വെട്ടിക്കൊല്ലാനാണ് ഇസ്‌ലാം അതിന്റെ അനുയായികളെ പഠിപ്പിക്കുന്നത്.
2. മുസ്‍ലിമല്ലാത്തവനെ വെട്ടിക്കൊല്ലാന്‍ മറ്റുമതങ്ങള്‍ പറയുന്നില്ല.
3. മറ്റു മതസ്ഥരെ ഉറ്റമിത്രങ്ങളാക്കരുതെന്ന് ക്വുര്‍ആനില്‍ മാത്രമേ കാണൂ.
4. അന്യന്റെ കഴുത്തില്‍ കത്തി വെക്കാനാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്.
5. സ്രഷ്ടാവ് തന്നെ സൃഷ്ടികളെ കൊല്ലുന്നവരും കൊല്ലിക്കുന്നവരുമായി തെരഞ്ഞെടുക്കുന്നു.

ഈ ആരോപണങ്ങളില്‍ മുസ്‌ലിമല്ലാത്തവരെ വെട്ടിക്കൊല്ലാന്‍ മറ്റുമതങ്ങള്‍ പഠിപ്പിക്കുന്നില്ല എന്നു പറഞ്ഞത് തങ്ങള്‍ പറയുന്നത് എന്താണെന്നു ചിന്തിക്കാനുള്ള പക്വത പോലും ഇവര്‍ക്കില്ല എന്നതിന്റെ തെളിവാണ്. മുസ്‌ലിംകളല്ലാത്തവരെ വെട്ടിക്കൊല്ലാന്‍ ഇസ്‌ലാം കല്‍പ്പിക്കുന്നു എന്നാണല്ലോ അവരുടെ വാദം തന്നെയും. പിന്നെയെങ്ങനെയാണാവോ മറ്റു മതങ്ങള്‍ തതനുയായികളെ വെട്ടിക്കൊല്ലാന്‍ കല്‍പ്പിക്കുക!

ഇസ്‌ലാം മറ്റുമതാനുയായികളെ, അവര്‍ മുസ്‌ലിംകളല്ലാത്തതുകൊണ്ട്, അഥവാ മറ്റു മതങ്ങളുടെ അനുയായികളായതുകൊണ്ട് കൊല്ലാന്‍ കല്‍പ്പിക്കുന്നു എന്ന വാദം തന്നെ ബാലിശമാണ്. ക്വുര്‍ആനിലോ പ്രവാചക വചനങ്ങളിലോ എവിടെയാണ് അത്തരമൊരു പരാമര്‍ശമുള്ളത്? അത് കാണിക്കാന്‍ ശത്രുക്കള്‍ക്ക് സാധ്യമേയല്ല. അങ്ങനെ ഒരു നിര്‍ദേശം ക്വുര്‍ആനിലുണ്ടായിരുന്നുവെങ്കില്‍ പതിനാലുനൂറ്റാണ്ട് കഴിഞ്ഞുള്ള കാലം വരെ മുസ്‌ലിമായില്ല എന്നതിന്റെ പേരില്‍ മുസ്‌ലിംകള്‍ മറ്റുള്ളവരെ വെട്ടിക്കൊന്നതിന്റെ കണക്ക് ഇവരുടെ കയ്യിലുണ്ടാവുമല്ലോ. അതവര്‍ കൊണ്ടുവരട്ടെ!

വെട്ടിക്കൊല്ലാന്‍ പറഞ്ഞത് ആരെയാണ്? ഏതു സാഹചര്യത്തിലാണ്? സത്യസന്ധമായി ആ കാര്യം വ്യക്തമാക്കാന്‍ ഇവര്‍ തയ്യാറാണോ? തയ്യാറാവുകയില്ലെന്നുറപ്പ്.

മേല്‍പ്രസ്താവം വഴി അവരുദ്ദേശിക്കുന്നത് സൂറഃ അന്‍ഫാലിലെ 12-ാം വചനമാണെങ്കില്‍ (8:12) ആ അധ്യായം മൊത്തം യുദ്ധവുമായി ബന്ധപ്പെട്ട് അവതരിച്ചതാണ്. വചനത്തില്‍ പ്രയോഗിച്ച അവരുടെ കഴുത്തിനുമുകളില്‍ വെട്ടുക (ഫദ്‌രിബൂ ഫൗഖല്‍ അഅ്നാഖി) എന്ന ഭാഗമാണ് ശത്രുവിന്റെ തുറുപ്പ്ചീട്ട്. വചനത്തിന്റെ പൂര്‍ണരൂപം ഇതാണ്:

”നിന്റെ നാഥന്‍ മാലാഖമാര്‍ക്ക് സന്ദേശം നല്‍കിയ സന്ദര്‍ഭം; ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. അതിനാല്‍ വിശ്വാസികള്‍ക്ക് സ്ഥൈര്യം നല്‍കുവിന്‍. ശത്രുക്കളുടെ ഹൃദയത്തില്‍ ഞാന്‍ ഭീതി നിറക്കുന്നതായിരിക്കും. അതിനാല്‍ നിങ്ങള്‍ കഴുത്തിനുമുകളില്‍ വെട്ടുക. അവരില്‍നിന്ന് വിരല്‍കൊടികള്‍ അറുത്തുമാറ്റുകയും ചെയ്യുക.”

വചനത്തില്‍ പ്രയോഗിച്ച ‘അല്ലദീന കഫറൂ’ എന്നതിലെ കഫറൂ എന്ന പദത്തിനാണ് ഇവര്‍ അമുസ്‌ലിംകള്‍ എന്ന് അര്‍ത്ഥം നല്‍കിയിരിക്കുന്നത്. ഈ ചര്‍ച്ചയില്‍ കുഫ്‌റിന്റെ ഭാഷാര്‍ത്ഥവും അത് ഏതൊക്കെ ആശയത്തില്‍ ക്വുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ടെന്ന കാര്യവും വിവരിച്ചിട്ടുണ്ട്. കാഫിര്‍ എന്ന പദം ശത്രു എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ച ഒന്നിലധികം സന്ദര്‍ഭങ്ങളും എടുത്തുകൊടുത്തതാണ്. ഇവിടെ 8:12ല്‍ കഫറൂ എന്നതിന് ശത്രുത പുലര്‍ത്തി എന്നാണര്‍ത്ഥം. ‘അല്ലദീന കഫറൂ’ എന്നാല്‍ ശത്രുത പുലര്‍ത്തിയവര്‍ എന്നര്‍ത്ഥമാണ്. യുദ്ധരംഗതത്ത് മിത്രങ്ങളല്ല, ശത്രുക്കളാവും അണിനിരക്കുക എന്നത് ഗ്രഹിക്കാന്‍ യുക്തിവാദികള്‍ പോലെയുള്ള ശത്രുക്കള്‍ക്കാവുകയില്ലെങ്കിലും ഏതു സാധാരണക്കാരനം ഗ്രഹിക്കാന്‍ കഴിയുന്ന കാര്യമാണത്. ശത്രുവിനെ യുദ്ധമുഖത്ത് സ്വീകരിക്കുക ലഡുവും ജിലേബിയും പാല്‍പായസവുമൊക്കെ നല്‍കിയായിരിക്കില്ലെന്നും ശത്രു ഉപയോഗിക്കുന്ന അതേ ആയുധമുപയോഗിച്ചാവുമെന്നും സാമാന്യബോധമുള്ളവര്‍ക്കൊക്കെ ബോധ്യപ്പെടുന്ന കാര്യമാണ്. ക്വുര്‍ആന്‍ അവതരിച്ച കാലത്ത് വാളും കുന്തവും ചാട്ടുളിയുമൊക്കെയായിരുന്നു യുദ്ധത്തിനുപയോഗിച്ചിരുന്നത്. അതുകൊണ്ട് ശത്രുവിന്റെ കഴുത്തില്‍ വെട്ടാന്‍ പറഞ്ഞു. ശത്രുവും വെട്ടുകയാണ് ചെയ്യുക. ഇന്നാണ് ക്വുര്‍ആന്‍ അവതരിക്കുന്നതെങ്കില്‍ അവന്റെ നെറുകയില്‍ ബോംബിടുക എന്നാവും പറയുക. യുദ്ധമുഖത്ത് സമാനരീതി സ്വീകരിക്കാത്ത ഒരു മതവുമില്ല, പ്രത്യയശാസ്ത്രവുമില്ല. ഇസ്‌ലാമും അതിന് അപവാദമല്ലെന്നുമാത്രം. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലല്ലോ.

പിരടിക്ക് വെട്ടാന്‍ പറഞ്ഞ മറ്റൊരു വചനം കൂടിയുണ്ട് ക്വുര്‍ആനില്‍, 47:4ലാണത്. അതും യുദ്ധവുമായി ബന്ധപ്പെടുത്തിയാണ്. അത് ഇങ്ങനെ വായിക്കാം:

”ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടി വന്നാല്‍ കഴുത്തിനുവെട്ടുക. അങ്ങനെ അവരെ ഒതുക്കിക്കഴിഞ്ഞാല്‍ ബന്ധനം മുറുക്കുക. തുടര്‍ന്ന് ഔദാര്യപൂര്‍വം വിട്ടയക്കാം. മോചനദ്രവ്യം വാങ്ങിയും വിട്ടയക്കാം. യുദ്ധം അതിന്റെ ഭാരം ഇറക്കിവെക്കും വരെയുളള നിലപാടാവും ഇത്.”

യുദ്ധസാഹചര്യവുമായി ബന്ധപ്പെട്ട ഒരു നിര്‍ദേശം പൊക്കിയെടുത്താണ് ഇസ്‌ലാം അന്യമതസ്ഥരുടെ കഴുത്തിനുവെട്ടാന്‍ ആജ്ഞാപിക്കുന്നുവെന്ന് നിര്‍ലജ്ജം വിളിച്ചുകൂവുന്നത്. അങ്ങനെയായിരുന്നെങ്കില്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക് നന്മ ചെയ്യാനും അവരോട് നീതിപൂര്‍വം വര്‍ത്തിക്കാനും ഇസ്‌ലാം തദനുയായികളോട് നിര്‍ദേശിക്കുമായിരുന്നുവോ? ക്വുര്‍ആന്‍ പറയുന്നതുനോക്കൂ:

”ആദര്‍ശതലത്തില്‍ നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പ്പെടുകയോ നിങ്ങളുടെ ഭവനങ്ങളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയോ പുറത്താക്കാന്‍ ശത്രുക്കളെ സഹായിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ക്ക് നന്മ ചെയ്യുന്നതും അവരോട് നീതിപൂര്‍വം വര്‍ത്തിക്കുന്നതുമല്ല അല്ലാഹു നിങ്ങള്‍ക്ക് വിലക്കിയിട്ടുള്ളത്. നീതിപൂര്‍വം വര്‍ത്തിക്കുന്നവരെയത്രെ അല്ലാഹു ഇഷ്ടപ്പെടുന്നത്. ആദര്‍ശതലത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ ഭവനങ്ങളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കാന്‍ ശത്രുക്കളെ സഹായിക്കുകയും ചെയ്യുന്നവരെ ആത്മമിത്രങ്ങളും നേതാക്കളുമൊക്കെയാക്കുന്നതാണ് അല്ലാഹു നിങ്ങള്‍ക്ക് തടഞ്ഞിരിക്കുന്നത്. അത്തരക്കാരെ ആത്മമിത്രങ്ങളോ നേതാക്കളോ ആക്കുന്നവര്‍, അവര്‍ അക്രമകാരികളായിരിക്കും.” (60: 8,9)

ഇസ്‌ലാമിന് എന്നല്ല ഏതൊരാദര്‍ശ പ്രസ്ഥാനത്തെ സംബന്ധിച്ചും അംഗീകരിക്കപ്പെടുന്ന തത്ത്വം മാത്രമേ ഇവിടെ ക്വുര്‍ആന്‍ അതിന്റെ അനുയായികളോട് നിര്‍ദേശിച്ചിട്ടുള്ളൂ. ആദര്‍ശ ശത്രുക്കളെ ആത്മമിത്രങ്ങളും നേതാക്കളുമാക്കാവതല്ല എന്ന തത്ത്വം. ലോകത്തെ ഏതു മതമാണ് അല്ലെങ്കില്‍ ഏതു പ്രസ്ഥാനമാണ് ശത്രുവിനെ മിത്രമാക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളത്. ശത്രുവിനെ മിത്രവും നേതാവുമൊക്കെയായി കാണുന്ന പ്രവര്‍ത്തകര്‍ക്കെതിരില്‍ നടപടിയെടുക്കാത്ത ഏതു പ്രസ്ഥാനമാണ്, മതരംഗത്തായാലും മറ്റു രംഗത്തായാലും ലോകത്തുള്ളത്.

ക്വുര്‍ആനിക വചനത്തില്‍ ആത്മമിത്രമാക്കുക, നേതാവാക്കുക എന്നൊക്കെ അര്‍ത്ഥം പറയാവുന്ന ‘തവല്ലി’ എന്ന പദമാണ് പ്രയോഗിച്ചിരിക്കുന്നത്. ഇതിന്റെ മൂലപദം ‘വൽയ്’ എന്നതാണ്. അതിന്റെ ഭൂത-ഭാവികാല രൂപങ്ങള്‍ രണ്ടുവിധം വരാം. വലാ, യലീ എന്നതാണ് ഒന്ന്. ഇത് അപൂര്‍വമായേ പ്രയോഗിക്കാറുള്ളൂ. വലിയ, യലീ എന്നതാണ് രണ്ടാമത്തെ രൂപം. ഇതാണ് സാധാരണയായി പ്രയോഗിക്കാറുള്ളത്. രണ്ടിനും അര്‍ത്ഥം ഒന്നുതന്നെ. അടുത്തു, സാമിപ്യം നേടി എന്നിങ്ങനെ. അതിന്റെ കര്‍തൃനാമരൂപം വാലി എന്നാണ്. കൈകാര്യകര്‍ത്താവ്, രക്ഷകന്‍, സംരക്ഷണോത്തരവാദിത്തം ഏറ്റെടുത്തവന്‍ എന്നെല്ലാമാണ് അതിന്റെ അര്‍ത്ഥം. അതിന്റെ തന്നെ കര്‍തൃനാമമായും കര്‍മനാമമായും ഉപയോഗിക്കാവുന്ന മറ്റൊരു പദമാണ് വലിയ്യ് എന്നത്. വലിയ്യിന്റെ ബഹുവചനമാണ് ഔലിയാഅ് എന്നത്. അമുസ്‌ലിമുമായി സൗഹൃദം പങ്കിടുന്നത് മാത്രമല്ല, ചെങ്ങാത്തം സ്ഥാപിക്കുന്നതും ഇസ്‌ലാം എതിര്‍ത്തിട്ടില്ലെന്നു മാത്രമല്ല, അവര്‍ ഇങ്ങോട്ട് അനീതി ചെയ്താല്‍ പോലും പരമാവധി അങ്ങോട്ട് സൗഹൃദം പ്രകടിപ്പിച്ചും നീതിപൂര്‍വം വര്‍ത്തിച്ചും ശത്രുത മാറ്റിയെടുക്കാനാണ് ക്വുര്‍ആന്‍ അതിന്റെ അനുയായികളോട് നിര്‍ദേശിച്ചിട്ടുള്ളത്. ക്വുര്‍ആന്‍ പറയുന്നു:
”നന്മയും തിന്മയും തുല്യമാവുകയില്ല. ഏറ്റവും സുന്ദരമായ രീതിയേതോ അതുവഴി പ്രതിരോധിക്കുക. എങ്കില്‍ നിനക്കും ആര്‍ക്കും തമ്മിലാണോ ശത്രുതയുള്ളത് അവന്‍ ഉറ്റമിത്രമായി മാറിയെന്നു വരാം.” (41:34)

ഈ വചനത്തിലും വലിയ്യ് (മിത്രം) എന്ന പദമാണ് ക്വുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത്. വലിയ്യിന്റെ വിശേഷണമായി ആ വചനത്തില്‍ പ്രയോഗിച്ചിരിക്കുന്നത് ‘ഹമീം’ എന്ന പദമാണ്. മറ്റുള്ളയാളുകളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്നയാള്‍ എന്നതാണ് ഹമീം എന്ന പദത്തിന്റെ അര്‍ത്ഥം. വലിയ്യുന്‍ ഹമീം എന്നാണ് ക്വുര്‍ആനിന്റെ പ്രയോഗം. ഊഷ്മളസ്‌നേഹം പുലര്‍ത്തുന്നവന്‍ എന്നര്‍ത്ഥം. ശത്രുവിനെപ്പോലും അവ്വിധം മാറ്റിയെടുക്കാന്‍ ശ്രമിക്കണമെന്നാണ് ക്വുര്‍ആന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എത്രയൊക്കെ അടുക്കാന്‍ ശ്രമിച്ചാലും അകന്നകന്നു പോകുന്നവനാണ് ശത്രുവെങ്കിലോ? അത്തരക്കാരെ കരുതിയിരിക്കണമെന്നല്ലാതെ അത്തരക്കാരെ തോളേറ്റി താലോലിക്കണമെന്നു പറയുന്ന ഏതുപ്രസ്ഥാനമാണ് ലോകത്തുള്ളത്! അത് സംബന്ധിച്ച് ക്വുര്‍ആന്‍ ആവര്‍ത്തിച്ചു നിര്‍ദേശം നല്‍കിയിട്ടുണ്ട്; അത്തരം ശത്രുക്കളെ ആത്മമിത്രങ്ങളോ നേതാക്കളോ ഉപദേശകരോ ആക്കരുതെന്ന്. അവരെ കരുതിയിരിക്കണമെന്ന് അവര്‍ നിങ്ങളുടെ തല മാത്രമല്ല, ചിലപ്പോള്‍ നിങ്ങളുടെ ആദര്‍ശവും അപഹരിച്ചിരിക്കുമെന്ന്. അത്തരം സന്ദര്‍ഭങ്ങളിലാണ് കാഫിറിനെ (ശത്രുവിനെ, കേവല അമുസ്‌ലിമിനെയല്ല) മിത്രമോ നേതാവോ (വലിയ്യ്) ആക്കരുതെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. 3:28, 4:139,144, 5:51,57, 60:1 എന്നീ വചനങ്ങളിലും മറ്റു വചനങ്ങളിലുമൊക്കെ ക്വുര്‍ആന്‍ പറഞ്ഞത് അതാണ്. 60:1ല്‍ എന്റെ ശത്രുക്കളെ, നിങ്ങളുടെയും ശത്രുക്കളെ/അദുവ്വീ വഅദുവ്വകും എന്നുതന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നു.

ഇനി യുദ്ധത്തിന്റെ കാര്യമാണെങ്കില്‍ അത് നമുക്ക് വഴിയേ ചര്‍ച്ച ചെയ്യാം.

സൃഷ്ടികളെ തന്നെ കൊല്ലുന്നവരും കൊല്ലിക്കുന്നവരുമാക്കി മാറ്റുന്ന സ്രഷ്ടാവ് എന്ന ഒരു പരിഹാസവും കൂടിയുണ്ട് ഇവരുടെയൊക്കെ വകയായി.

യുക്തിവാദികള്‍ക്ക് യുക്തിവാദം മാത്രമേ ഉള്ളൂ, യുക്തിബോധമോ യാഥാര്‍ത്ഥ്യബോധമോ ഇല്ല. തങ്ങള്‍ പടുവിഡ്ഡികളാണ് എന്നതിന്റെയൊക്കെ ഒന്നാന്തരം ഉദാഹരണമാണ് ഈ പരിഹാസോക്തി. എന്തുകൊണ്ടെന്നാല്‍ സ്രഷടാവ് സ്രഷ്ടാവും സൃഷ്ടി സൃഷ്ടിയും തന്നെയാണ് എല്ലായ്‌പ്പോഴും. സ്ഥാനം വച്ചുമാറുന്ന പ്രശ്‌നമില്ല. സൃഷ്ടികര്‍മം സൃഷ്ടിയുമായി നടത്തിയ ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥയാല്‍ നടത്തുന്ന ഒന്നല്ല. സ്രഷ്ടാവ് അവിടെ സര്‍വ്വതന്ത്ര സ്വതന്ത്രനാണ്. ”അവന്‍ ചെയ്യുന്നതു സംബന്ധിച്ച് ചോദ്യമില്ല. സൃഷ്ടികളാണ് ചോദ്യം ചെയ്യുന്നത്.” (21:23) അതിനാല്‍ സ്രഷ്ടാവിന് സൃഷ്ടികളെ തമ്മില്‍ തല്ലിക്കുകയോ കൊല്ലിക്കുകയോ ഒക്കെ ചെയ്യാം. അവരെ മുച്ചൂടും നശിപ്പിക്കാം. അത് സ്രഷ്ടാവിന്റെ ഇഷ്ടമാണ്. കാരണം സ്രഷ്ടാവ് അജയ്യനാണ്, പ്രതാപവാനാണ്, യുക്തിജ്ഞനാണ്.

ഇനി ചിന്തിക്കാനുള്ളത് സ്രഷ്ടാവ് സൃഷ്ടികളെ പരസ്പരം കൊല്ലിക്കുന്നുണ്ടോ എന്നതാണ്. സൃഷ്ടി സ്രഷ്ടാവിനെ അംഗീകരിക്കുകയും അവനു കീഴ്‌പ്പെട്ടു ജീവിക്കുകയും വേണമെന്നത് സ്രഷ്ടാവിന്റെ ആജ്ഞയാണ്. അവന്റെ താല്‍പര്യമാണ്. സൃഷ്ടി അത് അംഗീകരിച്ചേ പറ്റൂ. പക്ഷേ അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനും സൃഷ്ടിക്ക് സ്വാതന്ത്ര്യമുണ്ട്. സൃഷ്ടി എന്നതിന്റെ ഇവിടുത്തെ വിവക്ഷ മനുഷ്യനാണ് എന്നതും ഓര്‍ക്കുക. തന്നെ അംഗീകരിക്കുകയും തന്റെ ആജ്ഞ ശിരസാവഹിക്കുകയും ചെയ്ത സൃഷ്ടിയെ സ്രഷ്ടാവ് തന്റെ മിത്രമായും മറിച്ചാണെങ്കില്‍ ശത്രുവായും പരിഗണിക്കും. സൃഷ്ടിയായാലും സ്രഷ്ടാവായാലും ശത്രുവിനോടും മിത്രത്തോടും ഒരേ സമീപനമല്ല കൈക്കൊള്ളുക. ശത്രുവിനും അയാളുടെ ഇംഗിതമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം സ്രഷ്ടാവ് നല്‍കുന്നുണ്ട്. വീണ്ടുവിചാരം നടത്തി മിത്രമായി മാറാനുളള സാവകാശവും. പക്ഷേ ഒരു നിബന്ധനയുണ്ട്, തന്റെ മിത്രത്തെ ശല്യം ചെയ്യരുത്. മിത്രത്തെ അയാളുടെ ആദര്‍ശത്തിന്റെയും ജീവിതരീതിയുടെയും പേരില്‍ ദ്രോഹിക്കുകയും മര്‍ദിക്കുകയുമൊന്നും ചെയ്യരുത്. അതും സ്രഷ്ടാവിന്റെ കര്‍ക്കശ നിര്‍ദേശമാണ്. അയാള്‍ മര്‍ദനമുറ സ്വീകരിക്കുന്നുവെങ്കില്‍ മിത്രത്തോടുള്ള സ്രഷ്ടാവിന്റെ നിര്‍ദേശം പരമാവധി ക്ഷമിക്കാനാണ്. ക്ഷമയെ ശത്രു ദൗര്‍ബല്യമായി കാണുകയും പിന്നെയും പിന്നെയും മര്‍ദനം അഴിച്ചുവിടുകയും ചെയ്യുന്നുവെങ്കില്‍ മിത്രത്തിന് പ്രതിരോധിക്കാനും ഉപരോധിക്കാനുമൊക്കെ തുടര്‍ന്ന് സ്രഷ്ടാവ് അനുവാദം നല്‍കുന്നു. ചിലപ്പോള്‍ ഈ പ്രതിരോധ-ഉപരോധ സംരംഭങ്ങള്‍ മിത്രത്തിന്റെ ബാധ്യതയായും നിശ്ചയിക്കുന്നു. ഇവിടെ ശത്രുവാണ് കൊല്ലിനും കൊലക്കുമൊക്കെ വഴിമരുന്നിട്ടിരിക്കുന്നത്. അയാള്‍ മിത്രത്തെ ശല്യം ചെയ്യാതെ സ്വതന്ത്രമായി വിട്ടിരുന്നെങ്കില്‍ ഈ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടാവുമായിരുന്നില്ല. മിത്രത്തെ ശത്രുവിന്റെ ശല്യത്തില്‍നിന്ന് രക്ഷിക്കുക സൃഷ്ടി തന്നെയും ചെയ്യുന്ന കാര്യമാണ്. സൃഷ്ടിക്ക് സ്വാതന്ത്ര്യമുണ്ട്. സ്രഷ്ടാവിന് സ്വാതന്ത്ര്യമില്ല എന്ന തിട്ടൂരം പുറപ്പെടുവിക്കുന്ന സൃഷ്ടി പമ്പരവിഡ്ഡിയാണ്. ഇവിടെ സ്രഷ്ടാവ് സൃഷ്ടികളെ തമ്മില്‍ കൊല്ലിക്കുന്നില്ല. സൃഷ്ടി അരുതാത്തത് ചെയ്തപ്പോള്‍ പരിധിവിട്ടാല്‍ തിരിച്ചടിച്ചുകൊള്ളാന്‍ മിത്രമായ സൃഷ്ടിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുക മാത്രമാണ് സ്രഷ്ടാവ് ചെയ്തത്. അളമുട്ടിയാല്‍ ചേരയും കടിക്കും.

print

No comments yet.

Leave a comment

Your email address will not be published.