ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -9

//ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -9
//ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -9
ആനുകാലികം

ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -9

മുസ്‌ലിമും കാഫിറും

മുസ്‌ലിം, മുഅ്മിന്‍, കാഫിര്‍, മുശ്‌രിക് ആദിയായവ സാങ്കേതിക പദങ്ങളാണ്. സാങ്കേതിക പദങ്ങളെ ബുദ്ധിയുള്ളവരാരും ഭാഷാര്‍ത്ഥത്തിലെടുക്കാറില്ല.

മുസ്‌ലിം എന്നാല്‍ അനുസരണയുള്ളവന്‍, സമര്‍പ്പിതന്‍ എന്നൊക്കെയാണ് ഭാഷയില്‍ അര്‍ത്ഥം. സാങ്കേതികമായി ഇസ്‌ലാം എന്ന ആശയ-പ്രയോഗങ്ങള്‍ കൈക്കൊണ്ടവനാണ് മുസ്‌ലിം. മുഅ്മിന്‍ എന്നാല്‍ വിശ്വസിച്ചവന്‍ എന്നോ നിര്‍ഭയത്വം നല്‍കിയവന്‍ എന്നോ ഒക്കെ അര്‍ത്ഥം പറയാം. സാങ്കേതികമായി ചില കാര്യങ്ങള്‍ സത്യമാണെന്ന് സര്‍വാത്മനാ അംഗീകരിക്കുകയും അതിനൊത്ത് ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്യുന്നവനാണ് മുഅ്മിന്‍. മുഅ്മിനും മുസ്‌ലിമും പരസ്പരപൂരകങ്ങളാണ്. ഒരേ ആശയത്തില്‍ ക്വുര്‍ആന്‍ തന്നെ പലപ്പോഴും ആ രണ്ടു പദങ്ങളും പ്രയോഗിച്ചിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാം എന്നത് അതിന്റെ ഭാഷാര്‍ത്ഥത്തിലും ഉപയോഗിച്ചിട്ടുണ്ട്. ഇസ്‌ലാം അംഗീകരിച്ചു ഉള്‍ക്കൊണ്ട ആള്‍ എന്ന അര്‍ത്ഥത്തില്‍ ഇസ്‌ലാം എന്നും തന്നെയാണ് ക്വുര്‍ആന്‍ സാങ്കേതികമായി പ്രയോഗിച്ചിട്ടുള്ളത്. മുസ്‌ലിംകളും പ്രവാചകകാലം തൊട്ട് ഇന്നോളം പ്രയോഗിച്ചിട്ടുള്ളതും മുസ്‌ലിം എന്ന പദം തന്നെയാണ്. മറ്റു മതങ്ങളില്‍നിന്നും പ്രത്യയശാസ്ത്രങ്ങളില്‍നിന്നുമൊക്കെ പ്രവാചകന്‍മാര്‍ പൊതുവിലും മുഹമ്മദ് നബി (സ) അവസാനമായും പ്രതിനിദാനം ചെയ്ത വ്യവസ്ഥിതിയെയും ആശയത്തെയും ദ്യോതിപ്പിക്കാന്‍ പ്രയോഗിച്ചിട്ടുള്ളതും ഇസ്‌ലാം എന്ന പദമാണ്. അതുകൊണ്ട് തന്നെ ഇസ്‌ലാം എന്നു കേള്‍ക്കുമ്പോള്‍ ഏതൊരു മനുഷ്യന്റെയും മനസ്സില്‍ ഓടിയെത്തുക അതിന്റെ ഭാഷാര്‍ത്ഥമല്ല; അത് പ്രതിനിദാനം ചെയ്യുന്ന പ്രത്യയശാസ്ത്രമാണ്.

ഇത് തന്നെയാണ് കാഫിര്‍, മുശ്‌രിക് എന്ന പദങ്ങളുടെയും അവസ്ഥ. ഇസ്‌ലാമിനെ നിരാകരിച്ചവനാണ് കാഫിര്‍. ഇസ്‌ലാം മുമ്പോട്ടുവെക്കുന്ന ഏകീശ്വര കാഴ്ചപ്പാടിനെ നിരാകരിച്ചു, ഈശ്വരന്‍മാരെ സങ്കല്‍പ്പിക്കുന്നവരെയാണ് മുശ്‌രിക് എന്ന പദം കൊണ്ടര്‍ത്ഥമാക്കുന്നത്. ശിര്‍ക്ക് എന്ന പദത്തിന് പങ്കുചേര്‍ക്കുക എന്നേ ഭാഷയില്‍ അര്‍ത്ഥമുള്ളൂ. അത് ഏതുതരം പങ്കുചേര്‍ക്കലുമാകാം. അതുകൊണ്ടാണ് കൂട്ടുസംരംഭങ്ങള്‍ക്ക് ശിര്‍ക്കത്-കമ്പനി- എന്നുപറയുന്നത്. എന്നാല്‍ ക്വുര്‍ആന്‍ ശിര്‍ക്ക് എന്നുപറയുന്നത് ഇത്തരം പങ്കാളിത്തങ്ങളെക്കുറിച്ചല്ല. അതൊരു സാങ്കേതിക പ്രയോഗമാണ്. ബഹുവീശ്വരത്വം മാത്രമല്ല, ഈശ്വരന് ഭാര്യയെ, മക്കളെ, അച്ഛനെ, അമ്മയെ, കൂട്ടുകുടുംബങ്ങളെ ഒക്കെ സങ്കല്‍പ്പിക്കുന്നതടക്കം ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ശിര്‍ക്കാണ്. അതുകൊണ്ടാണ് ക്രിസ്തുമതത്തിലെ ത്രിത്വവും ഹിന്ദുമതത്തിലെ ദേവലോക കാഴ്ചപ്പാടുമൊക്കെ ഇസ്‌ലാമിന്റെ ഭാഷയില്‍ ശിര്‍ക്കാവുന്നത്. അപ്പോള്‍ മുസ്‌ലിമും കാഫിറും ഭിന്നാശയപദങ്ങളാണ്.

എന്നാല്‍ ഈ ഭിന്നാശയങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ കാഫിര്‍ എന്ന പദത്തെ ക്വുര്‍ആന്‍ വ്യത്യസ്ത അര്‍ത്ഥതലങ്ങള്‍ നല്‍കി ഉപയോഗിച്ചിട്ടുണ്ട്. അത് വ്യക്തമായി മനസ്സിലാക്കാതെ ഉപയോഗിക്കുന്നത് മുസ്‌ലിംകളുടെ കാര്യത്തിലായാലും അമുസ്‌ലിംകളുടെ കാര്യത്തിലായാലും വലിയ തെറ്റിദ്ധാരണയിലാണ് കൊണ്ടെത്തിക്കുക.

കുഫ്ര്‍ എന്നതാണ് കാഫിറിന്റെ അടിസ്ഥാനപദം. കുഫ്‌റിന് മറച്ചുവെക്കുക എന്നതാണ് ഭാഷാര്‍ത്ഥം. ഒളിപ്പിച്ചുവെക്കുക എന്നും അര്‍ത്ഥം പറയാം. കഫറ ഒളിപ്പിച്ചുവെച്ചു, അല്ലെങ്കില്‍ മറച്ചുവെച്ചു എന്നര്‍ത്ഥമാണ്. കാഫിര്‍ എന്നാല്‍ ഒളിപ്പിച്ചുവെച്ചവന്‍, മറച്ചുവെച്ചവന്‍ എന്നിങ്ങനെയും. കഫറയുടെ കര്‍തൃനാമരൂപമാണ് കാഫിര്‍. അതിന്റെ ബഹുവചനമായി കാഫിറൂന്‍ എന്നും കുഫ്ഫാര്‍, കഫാത് എന്നീ പദങ്ങളും ക്വുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്.

ഒളിപ്പിച്ചുവെക്കുക, മറച്ചുവെക്കുക എന്നീ അര്‍ത്ഥങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ക്വുര്‍ആന്‍ കര്‍ഷകരെ കുഫ്ഫാര്‍ എന്നുപറഞ്ഞിട്ടുള്ളത്. ക്വുര്‍ആന്‍ 57:20ല്‍ ഇപ്രകാരം പറയുന്നുണ്ട്.

”അറിയുക: ഭൗതികജീവിതം കളിയും വിനോദവുമാണ്. നിങ്ങള്‍ പരസ്പരമുള്ള ആഭിജാത്യ പ്രകടനവും സമ്പത്തും സന്തതിയും സംബന്ധിച്ചുള്ള പെരുമ പറച്ചിലുമാണ്. ഒരു കൃഷിക്ക് സമാനം. അതിലെ സസ്യം കുഫ്ഫാറി -കര്‍ഷകരെ- ഹരം കൊള്ളിക്കുന്നവല്ലോ…”

കാഫിര്‍ എന്ന പദം ശത്രു എന്ന അര്‍ത്ഥത്തിലും ക്വുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്.
ചില ഉദാഹരണങ്ങള്‍:

”മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്. അദ്ദേഹത്തോടൊപ്പമുള്ളവര്‍ കുഫ്ഫാറിനോട് -ശത്രുക്കളോട്- കര്‍ക്കശമായി പെരുമാറുന്നവരും പരസ്പരം കാരുണ്യത്തോടുകൂടി വര്‍ത്തിക്കുന്നരുമത്രെ.” (48:29)
”അവര്‍ വിശ്വാസിനികളെന്ന് ബോധ്യമായാല്‍ അവരെ കുഫ്ഫാറിന്റെ -ശത്രുക്കളുടെ- അടുത്തേക്ക് തിരിച്ചയക്കരുത്.” (60:10)

ശത്രുക്കള്‍ക്ക് കുഫ്ഫാര്‍ എന്നു പ്രയോഗിക്കുന്നത് അവര്‍ ശരീരത്തെ ആയുധത്തിനുള്ളില്‍ ഒളിപ്പിച്ചുവെക്കുന്നതുകൊണ്ടാണ്. രാത്രിക്കുപോലും അറബി ഭാഷയില്‍ കാഫിര്‍ എന്നുപറയും. ഇരുള്‍കൊണ്ട് ലോകത്തെ മറക്കുന്നു എന്നതാണ് അങ്ങനെ പറയാന്‍ കാരണം.

സത്യത്തെ നിഷേധിക്കുന്നവന്‍ എന്ന അര്‍ത്ഥത്തിലും ക്വുര്‍ആന്‍ കാഫിര്‍ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. ഒരാള്‍ കാഫിറാവുന്നത് സത്യം അറിഞ്ഞു നിഷേധിക്കുമ്പോഴാണ്. ഇസ്‌ലാമിനെക്കുറിച്ച് അതിന്റെ അടിസ്ഥാനാശയങ്ങളും ആദര്‍ശങ്ങളും സാമാന്യം മനസ്സിലാക്കിയിട്ടും അത് അംഗീകരിക്കാന്‍ കൂട്ടാക്കാത്തവനാണ് കാഫിര്‍. അത്തരം ആളുകള്‍ സത്യം വെടിഞ്ഞവരാണെന്നത്രെ ഇസ്‌ലാം പറയുന്നത്. സത്യത്തെ നിരാകരിച്ചവന്‍ എങ്ങനെയാണ് സത്യവാദിയാവുക! മുസ്‌ലിംകള്‍ മാത്രമാണ് സത്യത്തില്‍ മറ്റുള്ളവര്‍ അസത്യത്തിലാണ് എന്നുപറയുന്നതിന്റെ പൊരുളും മറ്റൊന്നല്ല.

സര്‍വാത്മനാ ഇസ്‌ലാം അംഗീകരിച്ചവന്‍ മുസ്‌ലിം. അതംഗീകരിക്കാത്തവന്‍ കാഫിര്‍. ഇതാണ് മുസ്‌ലിം എന്നും കാഫിര്‍ എന്നും പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത്. അവിടെയാണ് മുസ്‌ലിംകളേ സ്വര്‍ഗത്തില്‍ പ്രവേശിക്കൂ, കാഫിറിനു നരകമാണ് ലഭിക്കാന്‍ പോകുന്നത് എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്. അല്ലാതെ മുസ്‌ലിം കുടുംബത്തില്‍ പിറന്നവര്‍ അല്ലെങ്കില്‍ അറബി പേരുള്ളവര്‍ എല്ലാവരും മുസ്‌ലിംകള്‍ എന്നതല്ല. സ്വര്‍ഗലബ്ദിയുടെയോ നരകപ്രവേശത്തിന്റെയോ മാനദണ്ഡം അറബിപ്പേരും മുസ്‌ലിം കുടുംബത്തില്‍ ജനിക്കലുമല്ല.

ഇസ്‌ലാമിക സന്ദേശമെത്തിയിട്ടില്ലാത്ത അത് മനസ്സിലാക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്തവരെ അല്ലാഹു ശിക്ഷിക്കുമോ? ഇല്ലെന്നാണ് ക്വുര്‍ആന്‍ പറയുന്നത്. ”ഒരു ദൂതനെ നിയോഗിച്ചല്ലാതെ നാം ശിക്ഷിക്കുന്നവനല്ല.” (17:15)

പിന്നെ സ്വര്‍ഗനരകങ്ങള്‍ അവ രണ്ടിന്റെയും സ്രഷ്ടാവും സംവിധായകനും അല്ലാഹുവാണ്. അവന്‍ മാത്രം. ഒരാള്‍ നിര്‍മിച്ച വീട്ടിലേക്ക് ആര്‍ക്കൊക്കെ പ്രവേശനം നല്‍കാം, നല്‍കിക്കൂടാ എന്നു തീരുമാനിക്കുന്നതിനുള്ള അധികാരവും അയാള്‍ക്കാണ്. ഇതംഗീകരിക്കാത്ത ഒരു യുക്തിവാദിയുമുണ്ടാവുകയില്ല. ഉപാധി പാലിച്ചവര്‍ക്ക് വീട്ടില്‍ വരാം. അല്ലാത്തവര്‍ക്ക് പറ്റില്ല. ഭവനത്തില്‍ വസിക്കാന്‍ അനുവാദമുള്ളവരും ഇല്ലാത്തവരുമുണ്ടാകും. ഉപാധി പാലിക്കാത്തവര്‍ക്കും അവിടെ പ്രവേശനം അനുവദിക്കണമെന്ന് പറയുന്നത് യുക്തിയല്ല. കുയുക്തിയാണ്. സ്വര്‍ഗ-നരകങ്ങളുടെ സ്രഷ്ടാവ് അതുരണ്ടിലുമുള്ള പ്രവേശനത്തിന് നിശ്ചയിച്ച ഉപാധികളാണ് ഇസ്‌ലാമും കുഫുറും. ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം. കുഫ്ര്‍ സ്വീകരിച്ചവര്‍ക്ക് നരകത്തിലും സത്യം കൈക്കൊണ്ടവനാണ് മുസ്‌ലിം. സത്യത്തെ നിരാകരിച്ചവന്‍ കാഫിറും. പരലോകത്ത് രണ്ടു ഭവനമേ ഉള്ളൂ. സ്വര്‍ഗവും നരകവും. മനുഷ്യരില്‍ രണ്ടു വിഭാഗം, മൂന്നാമതൊന്നില്ല. മുസ്‌ലിമും കാഫിറും. മുസ്‌ലിമിന് സ്വര്‍ഗം ലഭിക്കും. കാഫിറിന് നരകവും.

ഈ പറച്ചില്‍ തത്ത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് വ്യക്തിയെയോ വംശത്തെയോ അടിസ്ഥാനപ്പെടുത്തിയല്ല എന്നുകൂടി മനസ്സിലാക്കണം. മുസ്‌ലിമായാലും കാഫിറായാലും ഈ വ്യക്തി സ്വര്‍ഗത്തിലാണ്, ഇന്ന വ്യക്തി നരകത്തിലാണ് എന്നു വിധിയെഴുതാന്‍ ആര്‍ക്കും അധികാരമില്ല. അതേയവസരം മുസ്‌ലിം സ്വര്‍ഗത്തിലാണ് കാഫിര്‍ നരകത്തിലാണ് എന്നുപറയാം. അത് തത്ത്വാധിഷ്ഠിതമാണ്.

അല്ലെങ്കിലും ഈ പരാമര്‍ശത്തില്‍ ആശ്ചര്യപപ്പെടാന്‍ എന്താണുള്ളത്. ഒരു മുസ്‌ലിമിന് അല്ലെങ്കില്‍ ഹിന്ദുവിന് ക്രിസ്ത്യാനിയുടെ വിശ്വാസിപ്രയോഗം സാധകമാവുമോ? അവര്‍ വിഭാവനം ചെയ്യുന്ന സ്വര്‍ഗരാജ്യം ആര്‍ക്കുള്ളതാണ്? ത്രിത്വസിദ്ധാന്തം അംഗീകരിക്കാത്തവര്‍ക്കും അവിടെ സ്ഥാനലബ്ദി സാധ്യമാണോ? ഹിന്ദുവിന്റെ മോക്ഷസിദ്ധാന്തത്തില്‍ ആര്‍ക്കൊക്കെയാണ് പ്രവേശനമുള്ളത്. യഹൂദന്റെ ദൈവജനത്തിൽ ക്രിസ്ത്യാനിക്കുപോലും പ്രവേശനമില്ല. എന്തിന് മതത്തിന്റെ മാത്രം കാര്യം പറയണം. ലോകത്തെങ്ങുമുള്ള പ്രസ്ഥാനങ്ങളെ ഏതും എടുത്തുനോക്കുക. ഏതൊരു പ്രസ്ഥാനമാണ് എതിര്‍ചേരിയിലുള്ളവര്‍ക്ക് ആ പ്രസ്ഥാനത്തില്‍ അംഗങ്ങളായിരിക്കെ ഈ പ്രസ്ഥാനത്തില്‍കൂടി അംഗത്വം നല്‍കാന്‍ തയ്യാറുള്ളത്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ലോകത്ത് രണ്ടേ രണ്ടു പാര്‍ട്ടികളേ ഉള്ളൂ. അല്ലാഹുവിന്റെ പാര്‍ട്ടിയും ചെകുത്താന്റെ പാര്‍ട്ടിയും. അല്ലാഹുവിന്റെ പാര്‍ട്ടി ഇസ്‌ലാം ആണെങ്കില്‍ ചെകുത്താന്റെ പാര്‍ട്ടി കുഫ്‌റാണ്. ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മറ്റേ പാര്‍ട്ടിയില്‍ നിന്നും സ്വാഭാവികമായും പുറത്താകും. അല്ലാഹുവിന്റെ പാര്‍ട്ടിയില്‍ അണിചേര്‍ന്നുകഴിഞ്ഞാല്‍ അയാള്‍ക്ക് സ്വര്‍ഗം നല്‍കാമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. ചെകുത്താന്റെ ചേരിയില്‍ ചേര്‍ന്നാല്‍ അതായത് കുഫ്ര്‍ കൈക്കൊണ്ടാല്‍ നരകമാവും ഫലമെന്നത് അവന്റെ തന്നെ താക്കീതുമാണ്. അതില്‍ യുക്തിവിരുദ്ധമായി ഒന്നുമില്ല.

print

No comments yet.

Leave a comment

Your email address will not be published.