ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -7

//ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -7
//ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -7
ആനുകാലികം

ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -7

ഇസ്‌ലാം

സ്വന്തമായി സാങ്കേതിക പ്രയോഗങ്ങളും പ്രയോഗരീതികളും അവയ്ക്കടിസ്ഥാനമായ തത്ത്വങ്ങളുമില്ലാത്ത ഒരു പ്രസ്ഥാനവും ലോകത്ത് കാണുക സാധ്യമല്ല. ഇസ്‌ലാമിന്റെ കാര്യവും അങ്ങനെ തന്നെ. ഒരു സാങ്കേതിക പ്രയോഗത്തെ ഭാഷാര്‍ത്ഥത്തില്‍ മാത്രം പരിഗണിക്കുന്നത് വൈജ്ഞാനികവും-ബൗദ്ധികവുമായ സത്യസന്ധതയ്ക്ക് വിരുദ്ധമാണ്. ഭാഷാര്‍ത്ഥ പ്രയോഗത്തിലൂടെ മാത്രം സാങ്കേതിക പ്രയോഗം വഴി മനസ്സിലാക്കപ്പെടുന്ന ആശയം ഗ്രഹിക്കാനാവുകയില്ല. സാങ്കേതിക പ്രയോഗത്തെ അങ്ങനെ തന്നെ ഉപയോഗിക്കുന്നതാണ് ശരിയും നീതിയും.

ഇസ്‌ലാം എന്ന പദത്തിന് സമാധാനം, സമര്‍പ്പണം എന്നൊക്കെ ഭാഷയില്‍ അര്‍ത്ഥം പറയും. പക്ഷേ, അതൊരു പ്രത്യയശാസ്ത്രത്തിന്റെയും ജീവിതരീതിയുടെയും പേര് എന്ന നിലയ്ക്ക് അത് അങ്ങനെ തന്നെ പ്രയോഗിച്ചേ പറ്റൂ. സമാധാനമെന്നോ സമര്‍പ്പണമെന്നോ പറഞ്ഞാല്‍ ഇസ്‌ലാം എന്നു പറയുമ്പോഴുള്ള ആശയം മനസ്സിലേക്ക് ഓടിയെത്തുകയില്ല. മറ്റു മതങ്ങളില്‍നിന്നും പ്രത്യയശാസ്ത്രങ്ങളില്‍ നിന്നുമുള്ള അതിന്റെ വ്യതിരിക്തത ഉരുത്തിരിഞ്ഞു കിട്ടുകയുമില്ല. അതിനാല്‍ ഇസ്‌ലാമിനെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ആ പദം തന്നെ വേണം ഉപയോഗിക്കാന്‍. വേറെയും ചില പദങ്ങളുണ്ട്. അതിലൊന്നാണ് അല്ലാഹു.

അല്ലാഹു എന്നത് ഒരു സംജ്ഞയാണ്. അണ്ഠകടാഹത്തിന്റെ വിധാതാവും അതിന്റെ സംവിധായകനും സംരക്ഷകനും സംഹാരകനുമൊക്കെയായിട്ടുള്ള ഏകശക്തിക്ക് പറയുന്ന പേരാണത്. ഈശ്വരന്‍, യഹോവ എന്നിങ്ങനെ ഓരോ ഭാഷയിലും അവനെ സംബോധന ചെയ്യുന്നുണ്ട്. ക്വുര്‍ആന്‍ അറബി ഭാഷയിലായതുകൊണ്ട് ആ ഭാഷയില്‍ അവന് അല്ലാഹു എന്ന പേര് ഉപയോഗിക്കുന്നു എന്നുമാത്രം.

ഇസ്‌ലാം, യഹൂദ, ക്രൈസ്തവ മതങ്ങളില്‍ പ്രപഞ്ചം, സൃഷ്ടി, ലോകം എന്നൊക്കെ പറയുന്നത് ഏറെക്കുറെ ഒന്നുതന്നെയാണ്. ക്രിസ്തുമതത്തിൽ യേശുവിനെയും പരിശുദ്ധാത്മാവിനെയും സംബന്ധിച്ചുള്ള കാഴ്ചപ്പാടാണ് ഒരപവാദമായുള്ളത്. ഇസ്‌ലാമിന്റെയും യഹൂദമതത്തിന്റെയും കാഴ്ചപ്പാടില്‍ യേശു അഥവാ പുത്രനും പരിശുദ്ധാത്മാവുമൊക്കെ പ്രപഞ്ചത്തിന്റെ ഭാഗമാണ്.

ഹിന്ദു മതത്തില്‍ പക്ഷേ, സൃഷ്ടിയുമായി ബന്ധപ്പെട്ട് മറ്റൊരു കാഴ്ചപ്പാടാണുള്ളത്. അവിടെ പരബ്രഹ്മത്തിൽ പ്രത്യേക പ്രവർത്തന രംഗമൊന്നുമില്ല. സൃഷ്ടി നടത്തുന്നത് ബ്രഹ്മാവാണ്. ബ്രഹ്മാവ് വിഷ്ണുവിന്റെ നാഭിയില്‍ നിന്നുണ്ടായതാണ്. ബ്രഹ്മാവിന്റെ ഭൂവില്‍(പുരികത്തി) നിന്ന് ശിവനുണ്ടായി. വിഷ്ണുവോ? പഞ്ചഭൂതനിര്‍മിതമായ പ്രപഞ്ചത്തിലെ വിശാലമായ ജലപ്പരപ്പില്‍ അറിയപ്പെടുന്ന ആദികാലത്ത് വിഷ്ണു ബാലരൂപിയായി ഒരു ആലിലയില്‍ കിടന്ന് ഞാന്‍ ആരാണ്? എങ്ങനെ സൃഷ്ടിക്കപ്പെട്ടു? എന്നെ എന്തിനു സൃഷ്ടിച്ചു? ഞാന്‍ എന്തു പ്രവര്‍ത്തിക്കണം? എന്നെല്ലാം വിചാരിക്കുവാന്‍ തുടങ്ങി. ഉടനെ ആകാശത്തില്‍നിന്നും “എല്ലാം ഞാന്‍ തന്നെ. ഞാനൊഴികെ സനാതനമായിട്ട് യാതൊന്നുമില്ല.” എന്ന ഒരു ശബ്ദം മഹാവിഷ്ണുവിന് കേള്‍ക്കാനായി. മഹാവിഷ്ണു ആ ശബ്ദത്തെപ്പറ്റി ധ്യാനം കൊണ്ടുകിടന്നപ്പോള്‍ മഹാദേവി മഹാവിഷ്ണുവിന്റെ മുമ്പില്‍ പ്രത്യക്ഷയായി ഇങ്ങനെ പറഞ്ഞു. “ഹേ വിഷ്‌ണോ, ലോകത്തിന് സൃഷ്ടിസ്ഥിതിലയങ്ങളുണ്ടാകുന്ന കാലങ്ങളിലെല്ലാം പരാശക്തിയുടെ അഥവാ നിര്‍ഗുണ ബ്രഹ്മത്തിന്റെ പ്രഭാവം നിമിത്തം അങ്ങയും ഉണ്ടായിട്ടുണ്ടല്ലോ! പരാശക്തിയാകട്ടെ, ഗുണാതീതനാണെന്നറിയുക. നമ്മളെല്ലാം ഗുണത്തോടുകൂടിയുള്ളതാണ്. അങ്ങ് സത്വഗുണപ്രധാനനാണ്. അങ്ങയുടെ നാഭിയില്‍നിന്ന് രജോഗുണപ്രധാനനായ ബ്രഹ്മാവുണ്ടാകും. ആ ബ്രഹ്മാവിന്റെ ഭൂമധ്യത്തില്‍നിന്ന് താമസശക്തിയോടുകൂടിയ ശിവനും ജനിക്കും. ബ്രഹ്മാവ് തപോബലം നിമിത്തം സൃഷ്ടിശക്തിയെ സമ്പാദിച്ച് രജോഗുണം കൊണ്ട് രക്തവര്‍ണമായ ലോകത്തെ സൃഷ്ടിക്കും. ആ ജഗത്തിന് അങ്ങു രക്ഷിതാവായിത്തീരും. ആ ജഗത്തിനെ കല്‍പാന്തത്തില്‍ ശിവന്‍ സംഹരിക്കുകയും ചെയ്യും.”

(പുരാണിക്ക് എന്‍സൈക്ലോപീഡിയ വെട്ടം മാണി. സൃഷ്ടി എന്ന ഭാഗം നോക്കുക. പേജ് 1298)

ഇസ്‌ലാമിലെ ഈശ്വര കാഴ്ചപ്പാടുമായി ക്രിസ്തുമതത്തിലേറെ അന്തരമുണ്ട് ഈ കാഴ്ചപപ്പാടിന്. ഇസ്‌ലാമിന്റെ മൗലികാടിത്തറയായ തൗഹീദിന് കടകവിരുദ്ധമാണ് മുകളില്‍ പറഞ്ഞ രണ്ടു -ക്രൈസ്തവ-ഹൈന്ദവ- കാഴ്ചപ്പാടുകളും. അതായത് തൗഹീദിന് കടകവിരുദ്ധമായ ശിര്‍ക്ക്പരമായ കാഴ്ചപ്പാടുകളാണവ. ശിര്‍ക്ക് അല്ലാഹു പൊറുക്കുകയില്ലെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. മറ്റൊന്നു കൂടിയുള്ളത് ഇതാണ്. ഇസ്‌ലാമികാധ്യാപനമനുസരിച്ച് സൃഷ്ടിയും സ്രഷ്ടാവും രണ്ടും രണ്ടാണ്. സ്രഷ്ടാവ് ഒരേഒരുവന്‍ മാത്രം. മറ്റെല്ലാം അവന്റെ സൃഷ്ടിയാണ്. സ്രഷ്ടാവിന് തുടക്കമില്ലാത്തതുപോലെ ഒടുക്കവുമില്ല. ഇവിടെ വിഷ്ണുബ്രഹ്മാശിവന്‍മാര്‍ എല്ലാവരും സൃഷ്ടികളും ജനിച്ചവരുമാണ്. എല്ലാവര്‍ക്കും മരണവുമുണ്ട്. അതായത് മതങ്ങള്‍ എല്ലാം തന്നെ മൗലികതത്ത്വത്തില്‍ തന്നെ ഭിന്ന കാഴ്ചപ്പാട് പുലര്‍ത്തുന്നവയാണ്. ഈ കാഴ്ചപ്പാടില്‍ ഒന്നേ ശരിയാവൂ. ഒരേ ആള്‍ സൃഷ്ടിയും സ്രഷ്ടാവുമാവുക എന്നത് അസംഭവ്യമാണ്. ഈശ്വരന് -അല്ലാഹുവിന്- പുത്രകളത്രങ്ങളോ മാതാപിതാക്കളോ ഇല്ല എന്നത് ഇസ്‌ലാമില്‍ കട്ടായം. ക്രിസ്ത്യാനിറ്റിയില്‍ പിതാവുണ്ട്, പുത്രനുണ്ട്. ഹിന്ദുമതത്തില്‍ നിര്‍ഗുണസമ്പന്നനായ പരബ്രഹ്മത്തെ മാറ്റി നിര്‍ത്തിയാല്‍ എല്ലാ ദൈവങ്ങള്‍ക്കും ഭാര്യാസന്താനങ്ങളുണ്ട്. അവിടെ ദേവന്‍മാര്‍ മാത്രമല്ല, ദേവിമാരുമുണ്ട്. ഈ ദേവന്‍മാര്‍ തന്നെയും കലഹപ്രിയരും അസൂയാലുക്കളുമൊക്കെയാണ്. അതായത് ഇസ്‌ലാമും ഇതരമതങ്ങളും മൗലികമായി തന്നെ ഭിന്നതയുണ്ട്. അപ്പോള്‍ രണ്ടിലൊന്നേ ശരിയാവൂ. ഒന്നുകില്‍ ഇസ്‌ലാമിന്റെ ഏകീശ്വര കാഴ്ചപ്പാട്. അല്ലെങ്കില്‍ മറ്റുമതങ്ങളുടെ ബഹുവീശ്വര കാഴ്ചപ്പാട്. ബഹുവീശ്വര കാഴ്ചപ്പാടിനെ ഇസ്‌ലാം പാടേ തള്ളിക്കളയുന്നു. ഈശ്വരപ്രസാദത്തിന്റെ പ്രഥമോപാധിയായി ഇസ്‌ലാം മുന്നോട്ടുവെക്കുന്നതും ഈ ഏകീശ്വര കാഴ്ചപ്പാടാണ്.

ഈ അടിത്തറയില്‍ നിന്നുകൊണ്ടാണ് ഇസ്‌ലാം, മതങ്ങളെ മാത്രമല്ല ഇസങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയുമൊക്കെ വിലയിരുത്തുന്നത്. വിരുദ്ധാശയങ്ങള്‍ ഒന്നാവുക, എല്ലാം ശരിയാവുക എന്നത് വൈരുദ്ധ്യങ്ങള്‍ ഒന്നിച്ചുപോവുകയില്ലെന്ന തര്‍ക്കശാസ്ത്ര തത്ത്വമനുസരിച്ചും സര്‍വസമ്മതമാണ്. ഇരുളും വെളിച്ചവും രാത്രിയും പകലും ഒരേസമയം ഒരേസ്ഥലത്ത് സമ്മേളിക്കുകയില്ലെന്നത് സുസമ്മത യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് ഇസ്‌ലാം പറയുന്നു: “ഇസ്‌ലാം മാത്രമേ സത്യമുള്ളൂ. മറ്റു മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ഇസങ്ങളുമൊക്കെ അസത്യമാണ്.”

ഇനി ഇതിന്റെ മറുവശമെന്താണ്? മറ്റുമതങ്ങളോ പ്രത്യയശാസ്ത്രങ്ങളോ ഇസങ്ങളോ സത്യമാണെങ്കില്‍ ഇസ്‌ലാം സത്യമല്ലെന്നുമാണ്. അത് തീരുമാനിക്കേണ്ടത് മതങ്ങളെക്കുറിച്ചും പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചും പഠിക്കാനും ചിന്തിക്കാനും തയ്യാറുള്ള നിക്ഷ്പക്ഷനായ മനുഷ്യനാണ്. ക്വുര്‍ആന്‍ പറഞ്ഞുവല്ലോ: “ചോദിക്കുക: ആകാശങ്ങളില്‍ നിന്നും ഭൂമിയില്‍നിന്നും നിങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് ആരാണ്? പറയുക: അല്ലാഹു! നിങ്ങളും ഞങ്ങളും രണ്ടിലൊരു കൂട്ടര്‍ സന്മാര്‍ഗത്തിലാണ്. അല്ലെങ്കില്‍ ദുര്‍മാര്‍ഗത്തിലാണ്!” (34:25) അതായത് ഒരു കൂട്ടരേ സത്യത്തിലുള്ളൂ. മറ്റുള്ളവര്‍ അസത്യത്തിലാണ്. ഈ പറഞ്ഞതില്‍
ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല. എല്ലാത്തിനെയും വെള്ള പൂശുന്ന സ്വഭാവം ഇസ്‌ലാമിനില്ല.

എന്നാല്‍ അപ്പോഴും ഇസ്‌ലാം ഒരു മതത്തിന്റെയും അസ്തിത്വം നിരാകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. കാരണം, എതിര്‍ശബ്ദത്തെ അത് എത്രമേല്‍ നേര്‍ത്തതാണെങ്കിലും അതിനെ അംഗീകരിച്ചുകൊണ്ടേ അതിനെ ചോദ്യം ചെയ്യാനാവൂ, എതിര്‍ക്കാനാവൂ. അസത്യത്തെ അസത്യമാണെന്ന് തുറന്നുപറയണമെങ്കിലും അതിന്റെ അസ്തിത്വത്തെ അംഗീകരിക്കേണ്ടതുണ്ട്. ഇസ്‌ലാം പടവെട്ടുന്നത് നിഴലിനോടല്ല. ശുദ്ധജലം ഏതെന്നറിയണമെങ്കില്‍ അശുദ്ധജലം ഏതെന്നറിയേണ്ടതുണ്ട്. അത് തിരിച്ചറിയാനാവാത്തവന്‍ അശുദ്ധജലം മോന്തി മാരകരോഗം ബാധിച്ച് കഷ്ടപ്പെടേണ്ടി വരും. ഇസ്‌ലാമിന്റെ മുമ്പിലുള്ളത് മനുഷ്യനാണ്. ആ മനുഷ്യന്റെ ഇഹപരക്ഷേമവും രക്ഷയുമാണ്. അതുകൊണ്ടാണ് അവനോട് സ്വര്‍ഗനരകങ്ങളെക്കുറിച്ച് പറയേണ്ടി വരുന്നത്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് മദീനയിലെ ആദ്യനാളുകളില്‍ മുഹമ്മദ് നബി (സ) അവിടെ നിലനിന്നിരുന്ന ബഹുസ്വരങ്ങളെ മുഖവിലക്കെടുത്തത്. ഒരു ഭാഗത്ത് അവയെ വിമര്‍ശിക്കുകയോ ചോദ്യം ചെയ്യുകയോ നിരൂപണവിധേയമാക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ തന്നെ മറുഭാഗത്ത് അവയുമായി കൈകോര്‍ത്ത് മുമ്പോട്ടു നീങ്ങാമെന്നു വെച്ചത്. മക്കയിലും ഇതാഗ്രഹിക്കാതെയല്ല. അതുകൊണ്ടാണല്ലോ ക്വുര്‍ആന്‍ 109-ാം അധ്യായത്തില്‍ അവരോട് ഇങ്ങനെ പറഞ്ഞത്, “നിങ്ങള്‍ക്ക് നിങ്ങളുടെ രീതിയും എനിക്ക് എന്റെ രീതിയും.”

print

No comments yet.

Leave a comment

Your email address will not be published.