ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -6

//ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -6
//ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -6
ആനുകാലികം

ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -6

പ്രവാചകചര്യ

പ്രവാചകചര്യയ്ക്ക് സുന്നത്ത് എന്നുപറയുന്നു. സുന്നത്ത് പിന്‍പറ്റണമെന്നത് മുസ്‌ലിമിനോടുള്ള ശാസനയാണ്. അതിനാല്‍ അതംഗീകരിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്.

എന്നാല്‍ പ്രവാചക സമീപനങ്ങളത്രയും പിന്‍പറ്റേണ്ട മാതൃകയാണോ? ഈ രംഗത്തെ കരുതലോടെ സമീപിച്ചില്ലെങ്കില്‍ അബദ്ധത്തില്‍ അല്ല ഭീമാബദ്ധത്തില്‍ തന്നെ ചെന്നു പെട്ടെന്നു വരും. പിന്നെ രക്ഷപെടുക ദുഷ്‌കരമാകും.

അപ്പോള്‍ പ്രവാചകജീവിതത്തെ വ്യത്യസ്ത കോണിലൂടെ വേണം നോക്കിക്കാണാന്‍. അതായത് അവിടെ ജീവിതസമ്പ്രദായം കാണാം. പിന്തുടരേണ്ട മാതൃക കാണാം. നയങ്ങള്‍ കാണാം. തന്ത്രം കാണാം. താത്കാലികവും എന്നാല്‍ ഒഴിച്ചുകൂടാന്‍ പറ്റുമായിരുന്നില്ലാത്തുമായ നടപടികള്‍ (ഓപ്പറേഷന്‍) കാണാം. ഓരോന്നും അതതിന്റെ സ്ഥാനത്തുവെച്ചുവേണം പരിഗണിക്കാന്‍. ഇല്ലെങ്കില്‍ സ്ഥലജലഭ്രമമാവും ഫലം. ഇവിടെയാണ് പ്രവാചകന്റെ വിവിധ രംഗങ്ങള്‍ പരിഗണിക്കേണ്ടി വരുന്നത്. ഇസ്‌ലാമിന്റെ ശത്രുക്കളും വിമര്‍ശകരും അടിതെറ്റുന്നതും ഇവിടെയാണ്. ചിലപ്പോഴൊക്കെ മുസ്‌ലിംകള്‍ തന്നെയും ഇവിടെ അടിതെറ്റുന്നുണ്ട്.

ഇത്രയും അടിസ്ഥാനങ്ങള്‍ മുമ്പില്‍വെച്ച് പരിശോധിച്ചാല്‍ ഇസ്‌ലാമിനും പ്രവാചകനുമെതിരില്‍ ശത്രുക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വെറും മരീചികയാണെന്ന് ബോധ്യപ്പെടാന്‍ ഒരു പ്രയാസവുമില്ല.
ഇനി നമുക്ക് ആക്ഷേപങ്ങള്‍ ഓരോന്നായി ചര്‍ച്ച ചെയ്യാം. ആക്ഷേപം ഒന്ന്:

“ലോകത്തുള്ള മുഴുവന്‍ മതങ്ങളും തെറ്റാണെന്നും തങ്ങളുടെ മതം മാത്രമാണ് സ്രഷ്ടാവ് തൃപ്തിപ്പെട്ടതെന്നും അതുകൊണ്ട് തങ്ങള്‍ മാത്രമാണ് സ്വര്‍ഗത്തില്‍ പോകുന്നത് എന്നും വാദിക്കുന്നു. മറ്റൊരു മതത്തിനും അവകാശവാദമില്ല.”

ഈ വരികളുടെ ഉള്ളടക്കം ഇതാണ്:
1. ഇസ്‌ലാമല്ലാത്ത ലോകത്തുള്ള മറ്റു മതങ്ങളത്രയും തെറ്റാണെന്ന് മുസ്‌ലിംകള്‍ വാദിക്കുന്നു.
2. ഇസ്‌ലാം മാത്രമാണ് ശരിയും സ്രഷ്ടാവ് തൃപ്തിപ്പെട്ടതുമായ മതം എന്നവര്‍ പറയുന്നു.
3. മുസ്‌ലിംകള്‍ മാത്രമേ സ്വര്‍ഗത്തില്‍ പോവൂ മറ്റാരും സ്വര്‍ഗത്തില്‍ പോവുകയില്ല എന്നും അവര്‍ വാദിക്കുന്നു.
4. ഇങ്ങനെ ഒരവകാശവാദം മറ്റു മതങ്ങള്‍ക്കില്ല അഥവാ മറ്റുമതസ്തര്‍ക്കില്ല.

ചില വസ്തുതകള്‍

ഏതുകാര്യം ചര്‍ച്ച ചെയ്യുമ്പോഴും അതുമായി ബന്ധപ്പെട്ടതും അതിലുള്‍പ്പെട്ടതുമായ വസ്തുതകള്‍ അംഗീകരിച്ചേ മതിയാവൂ. അപ്പോള്‍ മാത്രമേ ആ ചര്‍ച്ച ഫലപ്രദവും വിഷയസ്പര്‍ശിയുമാവൂ. അത് അംഗീകരിക്കാന്‍ ശത്രുക്കള്‍ തയ്യാറല്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ഇസ്‌ലാമുമായി ബന്ധപ്പെട്ട് അവര്‍ നടത്തുന്ന ഏതു ചര്‍ച്ചയും തൊലിപ്പുറമേയുള്ളതായി പരിണമിക്കുകയാണ് ചെയ്യുക. അത്തരം മൗലികപ്രാധാന്യമുള്ള വസ്തുതകള്‍ എന്താണെന്നു നോക്കാം.

മതം: എന്താണ് മതം?

മതം എന്ന പദത്തിന് ശബ്ദതാരാവലിയില്‍ ഇപ്രകാരമാണ് അര്‍ത്ഥം പറഞ്ഞുകാണുന്നത്. 1) ധര്‍മം, 2) അഭിപ്രായം, 3) ഇഷ്ടം, 4) അറിവ്, 5) വിശ്വാസം, 6) സമ്മതം, 7) നിരപ്പാക്കല്‍, 8) സിദ്ധാന്തം. പര്യായമായി സിദ്ധാന്തം, ദര്‍ശനം എന്നിങ്ങനെയും പറയുന്നുണ്ട്. ഇതില്‍ അഭിപ്രായം, ഇഷ്ടം, അറിവ്, സമ്മതം, നിരപ്പാക്കല്‍ എന്നിവ പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെടേണ്ടതാണ്. പിന്നെയുള്ളത് ധര്‍മം, വിശ്വാസം, സിദ്ധാന്തം എന്നിവയാണ്.

സമൂഹം അംഗീകരിച്ചിട്ടുള്ള ആചാരമര്യാദകള്‍ കീഴ്‌വഴക്കം മൂലമോ ആചാര്യന്‍മാരുടെ നിര്‍ദേശപ്രകാരമോ ശരിയെന്നു കരുതപ്പെടുന്നത് എന്നൊക്കെയാണ് ധര്‍മം എന്നതിന്റെ ഒരു വിവക്ഷ. മതത്തിന്റെ അഥവാ ധര്‍മത്തിന്റെ ഈ വിവക്ഷ ഇസ്‌ലാമിനു സ്വീകാര്യമല്ല. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ സമൂഹം അംഗീകരിച്ചു എന്നതോ അങ്ങനെയാണ് കീഴ്‌വഴക്കം എന്നതോ ഒരു കാര്യം അംഗീകാരയോഗ്യമാകാനുള്ള തെളിവല്ല. വിശ്വാസാനുഷ്ഠാനങ്ങളില്‍ ഈശ്വരനും പ്രവാചകനുമാണ് സര്‍വ്വാവലംബം. ഈശ്വരനിര്‍ദേശങ്ങള്‍ക്കും പ്രവാചക മാതൃകയ്ക്കും വിരുദ്ധമായതൊന്നും അവിടെ സ്വീകാര്യമല്ല. മതത്തെ കുറിച്ച മുകളിൽ പറഞ്ഞ കാഴ്ച്ചപ്പാടിനുള്ള മറ്റൊരു തകരാർ അത് ജീവിതസ്പര്‍ശിയല്ല എന്നതാണ്. വ്യക്തിയും ഈശ്വരനും തമ്മിലുള്ള സ്വകാര്യ ഇടപാട് മാത്രമാണ് ശത്രുക്കളുടെ കാഴ്ചപ്പാടില്‍ മതം. ആ അര്‍ത്ഥത്തില്‍ ഇസ്‌ലാം ഒരു മതമല്ല. മതമെന്നതിന് കൃത്യമായ ഒരു നിര്‍വചനമില്ല എന്നതാണ് വസ്തുത. ശത്രുക്കള്‍ എപ്പോഴും ശ്രമിക്കുന്നത് ഇസ്‌ലാമിനെയും മതത്തെക്കുറിച്ച മുകളിൽ പറഞ്ഞ പരിമിത വൃത്തത്തിനുള്ളില്‍ തളച്ചിടാനാണ്. അതുകൊണ്ട് തന്നെ ഇസ്‌ലാമിനെ സംബന്ധിച്ച് കേവലം ഒരു ആരാധനാസമ്പ്രദായം എന്ന അർത്ഥത്തിലുള്ള മതം എന്ന പരികല്‍പ്പന തള്ളിക്കളയുകയേ നിര്‍വാഹമുള്ളൂ. വസ്തുതയെ വസ്തുതയായി അംഗീകരിക്കാന്‍ കൂട്ടാക്കാതാരിക്കുക എന്നതാണല്ലോ അവരുടെ പ്രധാന ദൗര്‍ബല്യം.

ഇസ്‌ലാം മാത്രമാണ് ശരിയെന്നും സ്രഷ്ടാവ് ഇഷ്ടപ്പെട്ടത് അതുമാത്രമാണെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. മറ്റു മതസ്ഥര്‍ക്ക് ആ വിശ്വാസമില്ല എന്ന വ്യാജ പ്രസ്താവമാണ് രണ്ടാമത്തെ സംഗതി. ഈ പ്രസ്താവത്തെപ്പറ്റി വ്യാജം എന്നു പറയേണ്ടി വരുന്നത് എന്തുകൊണ്ടാണ്?

ലോകത്തുള്ള ഒരു മതവിഭാഗവും അംഗീകരിക്കുന്ന കാര്യമല്ല മറ്റു മതങ്ങളും ശരിയാണെന്ന്. യഹൂദമതത്തെ എടുക്കാം. ഇതര ജനതതികളില്‍ നിന്ന് ഒരാളെപ്പോലും തങ്ങളുടെ കൂടെ ചേർക്കാൻ അവര്‍ സന്നദ്ധരല്ല. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനം തങ്ങളാണ്, തങ്ങള്‍ മാത്രമാണ് എന്നു വിശ്വസിക്കുന്ന ഒരു വംശമാണ് അവരുടേത്. അതിനാല്‍ തന്നെ ഈ വംശീയ വിശുദ്ധിയെ കളങ്കപ്പെടുത്താന്‍ അവര്‍ സന്നദ്ധരല്ല.

ഇതുതന്നെയാണ് ക്രിസ്ത്യാനിയുടെയും അവസ്ഥ. അവര്‍ പക്ഷേ, മറ്റു ജനവിഭാഗങ്ങളെക്കൂടി തങ്ങളുടെ മതത്തിലേക്ക് ആകര്‍ഷിക്കുകയും അവരെ മതം മാറ്റാന്‍ ലോകാടിസ്ഥാനത്തില്‍ തന്നെ ആസൂത്രിതശ്രമം നടത്തുകയും ചെയ്യുന്നവരാണ്. എന്നുമാത്രമല്ല അവരിലെ ഓരോ വിഭാഗവും തരം കിട്ടിയാല്‍ മറ്റു മതങ്ങളെ മാത്രമല്ല, സ്വന്തം മതത്തിലെ ഇതരവിഭാഗങ്ങളെക്കൂടി തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. തങ്ങളിലെ തന്നെ എതിര്‍ശബ്ദം പൊറുപ്പിക്കാന്‍ തയ്യാറല്ലാത്തവര്‍ ക്രിസ്താബ്ദം 325ലെ പണ്ഡിതസഭ മുതല്‍ തുടര്‍ന്നിങ്ങോട്ടുള്ള അവരുടെ ചരിത്രം പരിശോധിച്ചാല്‍ അത് ബോധ്യമാവും. കുരിശുയുദ്ധം തൊട്ട് ഇന്നും മുസ്‌ലിം ലോകത്ത് അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന കയ്യേറ്റങ്ങളും കടന്നുകയറ്റങ്ങളും അതിന്റെ തന്നെ മറ്റൊരു തെളിവാണ്. ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട് ബുഷ് പറഞ്ഞത് ഇത് കുരിശ് യുദ്ധമാണ് എന്നാണ്. ബോംബ് മാത്രമായിരുന്നില്ല അവർ വിതരണം ചെയ്തത്; ബൈബിള്‍ കൂടിയായിരുന്നു. പട്ടാളക്കാര്‍ മാത്രമായിരുന്നില്ല അവിടെ വിമാനം ഇറങ്ങിയത്; പുരോഹിതന്‍മാര്‍ കൂടിയായിരുന്നു. ബോസ്‌നിയയിലെ നരനായാട്ടിന്റെ ഭാഗമായി നടന്ന മുസ്‌ലിം സ്ത്രീകളെ ക്രിസ്ത്യന്‍ പട്ടാളക്കാര്‍ ബലാത്സംഗം ചെയ്തതിനെ സംബന്ധിച്ചുള്ള പള്ളിയുടെ അല്ലെങ്കില്‍ ക്രിസ്തീയ മതമേലധ്യക്ഷന്‍മാരുടെ പ്രസ്താവം ആ ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികളെയൊക്കെ കയ്യേറി ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിപ്പിക്കാനായിരുന്നു. മ്യാന്‍മാറില്‍ ബുദ്ധഭിക്ഷുക്കള്‍ ചെയ്തതും ശ്രീലങ്കയില്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും എന്തൊക്കെയാണെന്ന് എല്ലാവര്‍ക്കുമറിയാം.

എല്ലാ മതങ്ങളും ശരിയാണെന്നാണ് ഇവരൊക്കെ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതെങ്കില്‍ ശത്രുതാപരമായ സമീപനത്തിന്റെ പൊരുളെന്താണ്? ഇസ്‌ലാം ശരിയാണെന്ന് ഇവരൊക്കെ അംഗീകരിക്കുന്നുണ്ടോ? അതോ ഇസ്‌ലാമും ശരിയാണെങ്കിലും ആ ശരി അംഗീകരിക്കാന്‍ സമ്മതിക്കുകയില്ല, ഞങ്ങള്‍ ശരിയെന്ന് കരുതുന്നത് മാത്രം അംഗീകരിക്കാനേ ആരെയും വിടുകയുള്ളൂ എന്നാണോ? അതോ ഇസ്‌ലാം ശരിയല്ല, ഞങ്ങളുടെ മാത്രമാണ് ശരി എന്നോ?

ഹിന്ദു മതത്തില്‍ അതിലേറെ സങ്കീര്‍ണമാണ് പ്രശ്‌നം. ഇവിടെ ഒരു മതത്തിലെ തന്നെ ആളുകള്‍ പല തട്ടിലാണ്. അനുയായികളെ നാലു ജാതിയിലാണ് ആ മതം വേര്‍തിരിച്ചിട്ടുള്ളത്. ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും. ഒരു ജാതിയും ജാതിധര്‍മം വിട്ട് പ്രവര്‍ത്തിക്കാവതല്ല. അങ്ങനെ പരധര്‍മത്തെ സ്വീകരിക്കുന്നവന്‍ പാപിയാണ്. ആ പാപിയ്ക്ക് ലഭിക്കാന്‍ പോകുന്നത് അസിതപത്രമെന്നോ അസിപത്രമെന്നോ പറയുന്ന നരകമാണ്. ഈ നാലു ജാതികളെ ഒഴിച്ചാല്‍ മറ്റുള്ളവര്‍ പഞ്ചമികളാണ്. അവര്‍ മനുഷ്യരേ അല്ല. അവിടെ ആര്യവംശാധിപത്യമാണ് അവര്‍ വെച്ചുപുലര്‍ത്തുന്നത്.

സ്വര്‍ഗ-നരകങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണ്. യഹൂദ, ക്രൈസ്തവ, ഹിന്ദു മതങ്ങള്‍ക്കൊക്കെയുമുണ്ട് ഇസ്‌ലാമിനെപ്പോലെ തന്നെ സ്വര്‍ഗ–നരകങ്ങളെക്കുറിച്ചുള്ള സങ്കല്‍പം. സ്വര്‍ഗം തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്നാണ് യഹൂദര്‍ വാദിക്കുന്നത്. തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണ് അതെന്ന് തന്നെയാണ് ക്രിസ്ത്യാനികളും കരുതുന്നത്. യേശുവിനെ ദൈവവും ദൈവപുത്രനുമായി അംഗീകരിക്കുന്നവരേ അവരുടെ കാഴ്ചപ്പാടനുസരിച്ച് വിശ്വാസികളാവൂ. യേശു സ്ഥാപിക്കാന്‍ പോവുന്ന സ്വര്‍ഗരാജ്യം വിശ്വാസികള്‍ക്കുള്ളതാണ്. ബുദ്ധമതക്കാരന്റെ നിര്‍വ്വാണം ആ തത്വം അംഗീകരിക്കുന്നവര്‍ക്കുള്ളതാണ്. ഹിന്ദു മതത്തിന്റെ മോക്ഷസിദ്ധാന്തവും തഥൈവ. ഈ വസ്തുതകളത്രയും മറച്ചുവെച്ചുകകൊണ്ടാണ് ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും ശത്രുക്കള്‍ വ്യാജപ്രസ്താവം നടത്തിക്കൊണ്ടിരിക്കുന്നത്.

ശത്രുക്കളില്‍ യുക്തിവാദികളുടെ കാര്യമാണ് ഏറെ പരിതാപകരവും പരിഹാസ്യവും. തങ്ങള്‍ക്ക് ഒരു മതത്തോടും പ്രത്യേകിച്ചു വിരോധമോ വിധേയത്വമോ ഇല്ലെന്നാണ് അവര്‍ വാദിക്കാറുള്ളത്. പക്ഷേ, ഇസ്‌ലാമിനെ വിമര്‍ശിക്കുമ്പോള്‍ അവര്‍ക്ക് ആയിരം നാവാണ്! മറ്റുള്ളവര്‍ ചവച്ചരച്ചത് വീണ്ടും ചവച്ചരച്ച് ഛര്‍ദിക്കുന്നതിലാണ് അവര്‍ക്ക് താല്‍പ്പര്യം. അവര്‍ സായൂജ്യമടയുന്നതും അതിലാണ്. അതുകൊണ്ടാണ് അവര്‍ ഇപ്രകാരം വ്യാജപ്രസ്താവം നടത്തുന്നത്.

അല്ലെങ്കിലും ലോകത്ത് നിലവിലുള്ള ഏതൊരു പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും തനതു തത്വങ്ങളും ഘടനാരീതികളുമൊക്കെയുണ്ട്. അത് കണക്കിലെടുത്തും പരിഗണിച്ചും വേണം അതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും വിശകലനങ്ങളും. ഇസ്‌ലാമിന്റെ കാര്യം വരുമ്പോള്‍ ശത്രുക്കള്‍ അതത്രയും അവഗണിക്കുകയാണ് പതിവ്.

print

No comments yet.

Leave a comment

Your email address will not be published.