ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -5

//ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -5
//ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -5
ആനുകാലികം

ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -5

മതവും രാഷ്ട്രവും

മതവും രാഷ്ട്രവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മതക്കാരനും മതവിരുദ്ധനും ചെന്നുപെട്ട ഒരബദ്ധമുണ്ട്. രണ്ടിനെയും തമ്മില്‍ വേര്‍പെടുത്തുക എന്നതാണ് ആ അബദ്ധം. മതവിരുദ്ധര്‍ക്ക് തങ്ങളുടെ ലക്ഷ്യം സാധിക്കാന്‍ ഈ വിഭജനം ഒഴിച്ചുകൂടാനാവാത്തതാണ്. അവരുടെ കാഴ്ചപ്പാടില്‍ മതത്തിന് രാഷ്ട്രീയവുമായി ഒരു ബന്ധവും പാടില്ല. മതം രാഷ്ട്രീയത്തില്‍ ഇടപെടാവതല്ല. രാഷ്ട്രീയത്തിനോ മതത്തില്‍ ഇടപെടാം. ഇടപെടാം എന്നു മാത്രമല്ല, ഇടപെടല്‍ അനിവാര്യമാണ്.

മതക്കാരനോ? അവര്‍ ഈ അബദ്ധം പേറി നടക്കുന്നതിന്റെ ന്യായീകരണമാണ് മനസ്സിലാകാത്തത്.
ഈ വിഭജനത്തില്‍ ഇസ്‌ലാമിന്റെ നിലപാട് എന്ത് എന്ന ചോദ്യം പ്രസക്തമാണ്.

ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ഈ വിഭജനം ഒട്ടും സ്വീകാര്യമേ അല്ല. മതമുക്ത രാഷ്ട്രീയമോ രാഷ്ട്രീയരഹിത മതമോ ഇസ്‌ലാം ഒരുകാലത്തും അംഗീകരിച്ചിട്ടില്ല. ഖിലാഫത്തിനെക്കുറിച്ചറിയാത്ത വായനക്കാര്‍ ആരെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇസ്‌ലാമിന്റെ രാഷ്ട്രീയസംവിധാനത്തിനാണ് ഖിലാഫത്ത് എന്നുപറയുന്നത്. അതുകൊണ്ട് തന്നെ ഇസ്‌ലാമില്‍ മതരാഷ്ട്രവിഭജനമില്ല. രണ്ടിനെയും രണ്ടുരീതിയില്‍ മനസ്സിലാക്കാം. ആ വ്യതിരിക്തത ഉള്‍ക്കൊണ്ടും രണ്ടിനെയും സമന്വയിപ്പിച്ചും മാത്രമേ ശത്രുവിനായാലും മിത്രത്തിനായാലും ഇസ്‌ലാമിനോട് നീതി പുലര്‍ത്താനാവൂ.

മതത്തില്‍ പ്രധാനം വ്യക്തിയും അവന്റെ സൃഷ്ടാവും തമ്മിലുള്ള ബന്ധമാണ്. അത് പറയുമ്പോഴും സ്രഷ്ടാവുമായുള്ള ബന്ധം ദൃഢവും പ്രയോജനപ്രദവുമാകണമെങ്കില്‍ അതിനെപ്പോലും സ്രഷ്ടാവിന്റെ കാഴ്ചപ്പാടില്‍ സൃഷ്ടിയുമായുള്ള ബന്ധവും സുതാര്യമാകേണ്ടതുണ്ട്. ഇല്ലെങ്കില്‍ ആ ബന്ധത്തിന് ഉലച്ചില്‍ തട്ടും. മതത്തിന് ചെയ്യാനുള്ളത് വ്യക്തിയുടെ ആദര്‍ശം ശരിപ്പെടുത്തുകയും അവന്റെ പരലോകജീവിതം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ്. മനഃശുദ്ധി, ദേഹശുദ്ധി, വസ്ത്രശുദ്ധി ഇത്യാദി കാര്യങ്ങളൊക്കെ അതില്‍ ഉള്‍പ്പെടുത്താം.

രാഷ്ട്രീയത്തില്‍ ഇപ്പറഞ്ഞതിലപ്പുറം വ്യക്തിയുടെയും കുടുംബത്തിന്റെയും സുസ്ഥിതിയും സമ്പത്തിന്റെ ശേഖരണ-സംരക്ഷണ-വിതരണങ്ങളും തലമുറകളുടെ സംരക്ഷണവുമൊക്കെ പ്രധാനമാണ്. അഭിമാനസംരക്ഷണവുമുണ്ട്. വ്യക്തിയും വ്യക്തിയും തമ്മിലും വ്യക്തിയും കുടുംബവും തമ്മിലും വ്യക്തിയും സമൂഹവും തമ്മിലും സമൂഹവും സമൂഹവും തമ്മിലും സമൂഹവും രാഷ്ട്രവും തമ്മിലും രാഷ്ട്രവും രാഷ്ട്രവും തമ്മിലുമൊക്കെയുളള ബന്ധങ്ങളും അവിടെ കയ്യാളേണ്ടി വരും. ആഭ്യന്തര-വൈദേശിക പ്രശ്‌നങ്ങള്‍ കയ്യാളേണ്ടി വരും. മതങ്ങളെയും മതസ്ഥാപനങ്ങളെയും സംരക്ഷിക്കുകയോ കൈകാര്യം ചെയ്യുകയോ വേണ്ടിവരും. പുതിയ സാഹചര്യങ്ങള്‍ക്കൊത്ത് നിയമനിര്‍മാണം അനിവാര്യമായി വരും. അവിടെ അടവുകളും നയങ്ങളും ആവിഷ്‌കരിക്കേണ്ടിയും വരും. അതും എല്ലാ കാലത്തേക്കും എല്ലാ സാഹചര്യങ്ങള്‍ക്കും ഒരേനിയമം അനുയോജ്യമാകണമെന്നുമില്ല. അതായത് നിയമപരിഷ്‌കാരമോ ഭേദഗതികളോ ഒക്കെ വേണ്ടിവരും.

മതത്തിന്റെ കാര്യം അങ്ങനെയല്ല. അവിടെ പുതിയ ഗവേഷണങ്ങൾക്കും ആവിഷ്‌കാരങ്ങള്‍ക്കും സ്ഥാനമില്ല. പ്രവാചകന്‍ എന്തുപഠിപ്പിച്ചുവോ അത് മാറ്റം വരുത്താതെ എക്കാലത്തും തുടരുക എന്നതാണ് അതിന്റെ രീതി.

ഒപ്പം ഇവിടെ മനസ്സിലാക്കിയിരിക്കേണ്ട മൗലികമായ ഒരു കാര്യമുള്ളത് രാഷ്ട്രസംബന്ധിയായ കാര്യങ്ങളിലേക്ക് മതത്തിന് പ്രവേശനമില്ലെന്ന നിലപാട് ഇസ്‌ലാമിനില്ലെന്നതാണ്. ഇസ്‌ലാം രാഷ്ട്രീയത്തിന്റെ പ്രാധാന്യം കൃത്യമായി മനസ്സിലാക്കുകയും അവിടെ കളങ്കമില്ലാതിരിക്കുന്നതിന് ആവശ്യമായ നിയമങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തിൽ മതത്തിന് കാര്യമൊന്നുമില്ലെന്ന നിലപാടിനെ അത് തിരസ്കരിക്കുന്നു. ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലുമെന്നത് പോലെ ആ രംഗത്തും ദൈവികനിയമങ്ങൾ അനുസരിക്കേണ്ടതുണ്ടെന്ന് നിഷ്‌ക്കർഷിക്കുന്ന മതമാണ് ഇസ്‌ലാം. ഇമാം ഗസ്സലിയുടെ വാക്കുകൾ ശ്രദ്ധിക്കുക.

“അധികാരവും മതവും ഇരട്ട സന്തതികളാണ്. മതമാണ് അടിസ്ഥാനം. അധികാരം കാവല്‍ക്കാരനാണ്. അടിത്തറയില്ലാത്തത് തകര്‍ന്നടിയും. കാവല്‍ക്കാരനില്ലാത്തത് നഷ്ടപ്പെട്ടിരിക്കും.” (ഇഹ്‌യാ ഉലൂമിദ്ദീന്‍ 1/32, സയാനുല്‍ ഇല്‍മ് അല്ലാദീ ഹുവ ഫര്‍ദുകിഫായഃ)

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ അത് മറ്റൊരു ശൈലിയില്‍ പറയുന്നുണ്ട്. അത് ഇങ്ങനെ വായിക്കാം:

“ജനങ്ങളുടെ അധികാരം കയ്യേല്‍ക്കുക എന്നത് സുപ്രധാന ബാധ്യതയാണ്. കാരണം, അതില്ലാതെ മതത്തില്‍ നിലനില്‍പ്പില്ല.” (അല്‍ അഹ്കാമുസ്സിയാസിയ്യഃ)

print

No comments yet.

Leave a comment

Your email address will not be published.