ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -4

//ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -4
//ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -4
ആനുകാലികം

ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -4

പലായനത്തിന്റെ കെടുതികൾക്കിടയിലും ആദർശത്തിനു വേണ്ടി…

യഥ്‌രിബ്, അതാണ് ഇന്നത്തെ മദീനയുടെ പഴയപേര്‍. മുഹമ്മദ് (സ) അവിടെ വരുമ്പോള്‍ അദ്ദേഹം ഒരു കേവല പ്രവാചകനോ പ്രബോധകനോ ആയിരുന്നില്ല. ഒരു രാഷ്ട്രനായകന്‍ കൂടിയായിരുന്നു. മദീന ജീവിതത്തിലെ അദ്ദേഹത്തിന്റെ ഏതൊരു സമീപനത്തെയും ഈ ഒരു കാഴ്ചപ്പാടോടുകൂടിവേണം കാണാന്‍. ഇല്ലെങ്കില്‍ അത് വസ്തുതയെ തമസ്‌കരിക്കലാവും.

മുഹമ്മദ് (സ) എങ്ങനെയാണ് മദീനയിലെത്തിപ്പെട്ടത്? ആദ്യം പരിശോധിക്കേണ്ടത് അതാണ്.

ജന്മനാടിനോടുണ്ടാകുന്ന ഗൃഹാതുരത്വം മുഹമ്മദിന്റെ(സ) കാര്യത്തിലും സ്വാഭാവികം മാത്രമാണ്. അദ്ദേഹവും ഒരു മനുഷ്യനായിരുന്നുവല്ലോ. സാധാരണ മനുഷ്യരുടെ സഹജഭാവങ്ങളൊക്കെയുള്ള ഒരു മനുഷ്യന്‍. ജന്മനാടിനോടുള്ള അഭവ്യമായ അഭിനിവേശവും അതിനെ വിട്ടുപിരിയുവാനുള്ള വിമ്മിട്ടവും അദ്ദേഹത്തിനും കലശലായുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ അദ്ദേഹം ജന്മനാടിനെ ഇങ്ങനെ സംബോധന ചെയ്തത്:
“ഒരു നാടെന്ന നിലയ്ക്ക് നീ എത്രമേല്‍ ഹൃദയഹാരിയും എനിക്ക് എന്തുമാത്രം ഇഷ്ടപ്പെട്ടവളാണെന്നുമറിയുമോ! എന്റെ ജനത എന്നെ പുറത്താക്കിയതുകൊണ്ടാണ്, ഇല്ലെങ്കില്‍ ഞാന്‍ നിന്നെ പിരിഞ്ഞുപോവുമായിരുന്നില്ല. മറ്റൊരിടത്തും ചേക്കേറുകയും ചെയ്യുമായിരുന്നില്ല.” (ഇമാം തിര്‍മുദി സുനനിലും, ഫാഖിഹാനി അഖ്‌സിറു മക്കയിലും അബീ ശൈബ മുസ്‌നദിലുമൊക്കെ ഉദ്ധരിച്ചിട്ടതാണ് ഇത്).

അദ്ദേഹം എങ്ങനെയാണ് മദീനയിലെത്തിപ്പെട്ടത്. ഒരു നാള്‍ തദ്ദേശീയര്‍ വന്ന് അദ്ദേഹത്തെ പൊക്കിയെടുത്തു കൊണ്ടുപോയതാണോ? അതല്ലെങ്കില്‍ ഒരു മുന്നൊരുക്കവുമില്ലാതെ അവിടെ ചേക്കേറിയതാണോ? മക്കയിലും മദീനയിലും അന്ന് വ്യവസ്ഥാപിത ഭരണകൂടം ഇല്ലായിരുന്നു എന്ന് ചരിത്രം പറയുന്നുണ്ട്.

മക്കയില്‍ അഭംഗുരം നടന്നുകൊണ്ടിരുന്ന മര്‍ദനപീഡനങ്ങള്‍ സഹിക്കവയ്യാതെയാണ് അദ്ദേഹം അനുയായികളെ എത്യോപ്യയിലേക്കയച്ചത്. അവിടെ അവരെ സമാധാനമായി പൊറുക്കാന്‍ വിടാന്‍ ശത്രുക്കള്‍ തയ്യാറല്ലായിരുന്നു. അവര്‍ നേഗസ് രാജാവിനെ വശീകരിക്കാന്‍ ആവതും ശ്രമിച്ചതാണ്. ഒരു നല്ലമനസ്സിന്റെ ഉടമയായതുകൊണ്ടുമാത്രം അദ്ദേഹം അവരുടെ കെണിയില്‍ വീണില്ലെന്നുമാത്രം.

തനിക്കുതന്നെയും വല്ലേടത്തും അഭയവും പിന്‍ബലവും ലഭിക്കുമോ എന്ന് മുഹമ്മദ് (സ) ഈ ഘട്ടത്തിലും ശ്രമിക്കായ്കയല്ല. അതാണ് അദ്ദേഹത്തെ ഒരു ഘട്ടത്തില്‍ താഇഫിലെത്തിച്ചത്. മക്കയില്‍ തദ്ദേശീയരില്‍ പ്രബോധനം നടത്തുമ്പോള്‍ തന്നെ അദ്ദേഹം ഹജ്ജ് വേളയിലും അല്ലാതെയും അവിടെ എത്തിപ്പെടുന്ന പരദേശികളെയും ചെന്നു കാണാറുണ്ട്. അവരെ അഭിസംബോധന ചെയ്യുകയും ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യാറുണ്ട്. അതിന്റെ തന്നെ ഭാഗമായാണ് യഥ്‌രിബില്‍ നിന്ന് ഹജ്ജിനു വന്ന ഒരാറംഗ സംഘത്തെ അദ്ദേഹം സമീപിക്കുന്നത്. മറ്റു സംഘങ്ങള്‍ക്ക് മുമ്പിലെന്നപോലെ അവര്‍ക്കു മുമ്പിലും അദ്ദേഹം ഇസ്‌ലാമിനെ അവതരിപ്പിച്ചു. മക്കയില്‍ നിന്ന് മിനായിലേക്കു പോവുന്ന വഴിയിലുള്ള ഒരിടുങ്ങിയ പാത -അഖബ-യില്‍വെച്ചാണ് ഈ കൂടിക്കാഴ്ച നടന്നത്. അവരുടെ തമ്പില്‍വെച്ച്, അല്ലാഹുവിനാല്‍ നിയുക്തനായ ദൂതനാണെന്നും അല്ലാഹുവിലേക്കും അവന്റെ തന്നെ ജീവിത വ്യവസ്ഥയാകുന്ന ഇസ്‌ലാമിലേക്കുമാണ് താന്‍ ക്ഷണിക്കുന്നതെന്നുമാണ് അദ്ദേഹം അവരോട് പറഞ്ഞത്. ഈ ആറംഗ സംഘം തല്‍ക്ഷണം ആ ക്ഷണം സ്വീകരിക്കുകയായിരുന്നു.

മുഹമ്മദ് (സ) പറഞ്ഞത് കേട്ട് മുന്‍ പിന്‍ ആലോചിക്കാതെ അപ്പടി അംഗീകരിക്കുകയായിരുന്നുവോ ഈ സംഘം?

അല്ലെന്നാണ് ചരിത്രം പറയുന്നത്. യഥ്‌രിബിലെ യഹൂദര്‍ നിരന്തരം നടത്തിവന്ന ഒരു പ്രവചനത്തിന്റെ
പ്രതിഫലനമായിരുന്നു അവരുടെ ഇസ്‌ലാമാശ്ലേഷം.

യഥ്‌രിബിലെ അറബികള്‍ ഔസ്-ഖസ്‌റജ് എന്നിങ്ങനെ രണ്ടു ഗോത്രങ്ങളാണ്. അവര്‍ക്കായിരുന്നു അവിടെ ഭൂരിപക്ഷം. അവരെ വശത്താക്കി മേല്‍ക്കോയ്മ നടത്താന്‍ യഹൂദര്‍ ശ്രമിക്കായ്കയല്ല. ആ രംഗത്ത് പരാജയപ്പെടുമ്പോഴെല്ലാം അവര്‍ പറയുന്ന ഒരു കാര്യം അതാണ്.

“ഒരു പ്രവാചകന്‍ വരാനുണ്ട്. അദ്ദേഹം ആഗതനായാല്‍ ഞങ്ങള്‍ അദ്ദേഹത്തെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിങ്ങളെ തോല്‍പിക്കുകയും ചെയ്യും.” ഇതായിരുന്നു ആ പ്രവചനം.

ഇത് നന്നായി മനസ്സിലാക്കിയ ഖസ്‌റജ് ഗോത്രക്കാരായ ആറംഗ സംഘത്തിന് പിന്നെ മറിച്ചൊന്ന് ആലോചിക്കേണ്ടതുണ്ടായിരുന്നില്ല. അവര്‍ പരസ്പരം ആലോചിച്ചത് ഇങ്ങനെ:

“കൂട്ടരേ, യഹൂദര്‍ നിങ്ങളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗപ്പെടുത്താറുള്ള ആ പ്രവാചകനാണ് ഇത്. അതിനാല്‍ നിങ്ങള്‍ക്കുമുമ്പേ അവര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഇടവരരുത്.” അങ്ങനെയാണ് അവരുടെ ഇസ്‌ലാമാശ്ലേഷം നടന്നത്.

ഇസ്‌ലാം സ്വീകരിച്ചശേഷം അവര്‍ പ്രവാചകനോട്(സ) പറഞ്ഞു: ഒരു സമൂഹത്തെ പിന്നില്‍ വിട്ടാണ് ഞങ്ങള്‍ വന്നിട്ടുള്ളത്. പരസ്പരം പകയും വൈരവും വെച്ചുപുലര്‍ത്തുന്ന ദുഷിച്ച ഒരു ജനത അവരെപ്പോലെ വേറെയില്ല. ഒരുപക്ഷേ, താങ്കള്‍ വഴി അല്ലാഹു അവരെ യോജിപ്പിച്ചേക്കാം. ഞങ്ങള്‍ തിരിച്ചുചെല്ലും. അവരെ താങ്കളുടെ ഈ കാര്യത്തിലേക്ക് ക്ഷണിക്കും. ഞങ്ങള്‍ താങ്കള്‍ക്ക് ഉത്തരം നല്‍കിയ ഈ പ്രസ്ഥാനത്തെ അവര്‍ക്കുമുമ്പില്‍ അവതരിപ്പിക്കും. താങ്കള്‍ക്കനുകൂലമായി അല്ലാഹു അവരെ യോജിപ്പിച്ചാല്‍ പിന്നെ താങ്കളെക്കാള്‍ പ്രതാപിയായി ആരുമുണ്ടാവുകയില്ല.”

യഥ്‌രിബില്‍ തിരിച്ചെത്തിയ ആറംഗ സംഘത്തിന്റെ ശ്രമഫലമായി ഒരു നല്ല സംഘം ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചു. തുടര്‍ന്ന് തദ്ദേശീയരുടെ തന്നെ അപേക്ഷ മാനിച്ചാണ് പ്രവാചകന്‍ (സ) മുസ്അബുബ്‌നു ഉമൈറിനെ പ്രബോധകനായി യഥ്‌രിബിലേക്ക് അയക്കുന്നത്. അദ്ദേഹത്തിന്റെ കൂടി സമര്‍ത്ഥമായ പ്രചാരണം നല്ല ഫലം കാഴ്ചവെച്ചു.

അടുത്ത കൊല്ലം പന്ത്രണ്ടുപേരാണ് അഖബയില്‍ വെച്ചുതന്നെ പ്രവാചകനുമായി സന്ധിച്ചത്. ആദ്യവര്‍ഷം തന്നെ അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ഒരു ആദര്‍ശ പ്രതിജ്ഞയെടുത്തിരുന്നു. ഇതായിരുന്നു ആ പ്രതിജ്ഞ:

“അല്ലാഹുവില്‍ ഞങ്ങള്‍ യാതൊന്നിനെയും പങ്കുചേര്‍ക്കുകയില്ല, മോഷണം നടത്തുകയില്ല, വ്യഭിചരിക്കുകയില്ല, കുട്ടികളെ കൊല്ലുകയില്ല, കെട്ടിച്ചമക്കാവുന്ന ഒരു വ്യാജവും ഞങ്ങള്‍ക്കുമുമ്പില്‍ പുലര്‍ത്തുകയില്ല, ഒരു നല്ല കാര്യത്തിലും ഞങ്ങള്‍ അദ്ദേഹത്തെ ധിക്കരിക്കുകയില്ല.”

പ്രവാചകന്‍ (സ) അവരോട് പറഞ്ഞു: “ഇത് പാലിച്ചാല്‍ നിങ്ങള്‍ക്ക് സ്വര്‍ഗം ലഭിക്കും. ഇതില്‍ നിങ്ങള്‍ വഞ്ചന കാണിച്ചാല്‍ നിങ്ങളുടെ കാര്യം അല്ലാഹുവിന്റെ കയ്യിലാണ്. അവന്‍ ശിക്ഷിക്കാം. അല്ലെങ്കില്‍ മാപ്പാക്കാം.”

മദീനയില്‍ ഇസ്‌ലാം പ്രചുരപ്രചാരം നേടുകയായിരുന്നു. ഔസ്, ഖസ്‌റജ് ഗോത്രങ്ങളില്‍ ഒരാളെങ്കിലും ഇസ്‌ലാം ആശ്ലേഷിക്കാത്ത ഒരു വീടും അവശേഷിച്ചില്ല. തുടര്‍ന്നാണ് പ്രവര്‍ത്തനരംഗം യഥ്‌രിബിലേക്ക് മാറ്റുന്നത് സംബന്ധിച്ച് പ്രവാചകനുമായി സംസാരിക്കുന്നത് സംബന്ധിച്ച് അവര്‍ കൂടിയാലോചിക്കുന്നത്. അവര്‍ ചര്‍ച്ച ചെയ്തത് ഇങ്ങനെയാണ്:

“മക്കയിലെ മലകള്‍ക്കിടയില്‍ ആട്ടിയോടിക്കപ്പെട്ടും ഭയന്നും ജീവിക്കാന്‍ എത്രകാലമാണ് നാം അല്ലാഹുവിന്റെ ദൂതരെ വിടുക!”

ഈ ചര്‍ച്ച നടന്നു കൊണ്ടിരിക്കെയാണ് മൂന്നാമാണ്ടില്‍ ഒരു എഴുപത്തഞ്ചംഗ സംഘം ഹജ്ജിനു പോകുന്നത്. അവര്‍ മക്കയിലെത്തി. പഴയ ഇടത്ത് അഖബയില്‍ തന്നെയാണ് തമ്പ്. അവിടെവെച്ച് കാണാമെന്നായിരുന്നു പ്രവാചകരും അവരും തമ്മിലുണ്ടായിരുന്ന ധാരണ. ജാബിര്‍ (റ) പറയുന്നു:

“ഞങ്ങള്‍ അഖബയില്‍ സമ്മേളിച്ചു. ഒന്നും രണ്ടും പേരായി ഞങ്ങള്‍ അദ്ദേഹത്തെ കണ്ടു. ഞങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്തൊക്കെ കാര്യങ്ങളിലാണ് ഞങ്ങള്‍ താങ്കളുമായി പ്രതിജ്ഞ ചെയ്യേണ്ടത്? അവിടുന്ന് പറഞ്ഞു: ഉന്മേഷത്തിലും ആലസ്യത്തിലും അനുസരിക്കും, ക്ഷേമത്തിലും ക്ഷാമത്തിലും സമ്പത്ത് ചെലവഴിക്കും, നന്മ കല്‍പിക്കും, തിന്മ തടയും, അല്ലാഹുവിനെക്കുറിച്ച് സംസാരിക്കും. ഒരാക്ഷേപകന്റെയും ആക്ഷേപത്തെ ഭയക്കുകയില്ല. എന്നെ സഹായിക്കും. ഞാന്‍ നിങ്ങളുടെ അടുത്തു വന്നാല്‍ സ്വന്തത്തെയും ഭാര്യാസന്താനങ്ങളെയും സംരക്ഷിക്കുംപോലെ എന്നെയും സംരക്ഷിക്കും. ഇതിലാണ് പ്രതിജ്ഞ. ഈ പ്രതിജ്ഞ പാലിക്കുമെങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗം ലഭിക്കും.”

അവര്‍ പ്രവാചകന്റെ(സ) കൈപിടിച്ച് പ്രതിജ്ഞ ചെയ്തു. വരുംവരായ്കകളെക്കുറിച്ച് ഓര്‍ക്കാതെ അബദ്ധവശാല്‍ ചെയ്ത ഒരു പ്രതിജ്ഞയായിരുന്നു ഇതെന്ന തെറ്റിദ്ധാരണ ആര്‍ക്കും വേണ്ടതില്ല. സംഘത്തിലെ ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരനായിരുന്ന അസ്അദുബ്‌നു സുറാറ ഈ സമയത്ത് സംഘത്തോട് ഇപ്രകാരം പറയുന്നുണ്ട്:

“യഥ്‌രിബുകാരേ, അല്‍പം സാവകാശം. ഇദ്ദേഹം അല്ലാഹുവിന്റെ ദൂതനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് നാം ഒട്ടകങ്ങളെ അദ്ദേഹത്തിന്റെ ചാരത്തേക്ക് ആട്ടിത്തെളിച്ചെത്തിയത്. അദ്ദേഹത്തെ ഇവിടെനിന്ന് കൊണ്ടുപോവുക എന്നത് മൊത്തം അറബികളോടുള്ള വെല്ലുവിളിയാണെന്നും നമുക്കറിയാം. പ്രധാനികളെ കൊലക്കത്തിക്ക് വിടലാവുമത്. വാളുകളാവും നിങ്ങളെ ചവച്ചരക്കുന്നത്. ഇതിന്റെ പേരില്‍ നന്നായി സഹിക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടി വരും. അങ്ങനെയെങ്കില്‍ മാത്രം അദ്ദേഹത്തെ കൂടെ ക്കൂട്ടാം. അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും. അല്ലെങ്കില്‍ സ്വന്തത്തെക്കുറിച്ച് ആശങ്കപ്പെട്ട് കഴിയേണ്ടി വരും. അങ്ങനെയെങ്കില്‍ അദ്ദേഹത്തെ ഒഴിവാക്കിയേക്കുക. അതാവും അല്ലാഹുവിങ്കള്‍ ഒഴികഴിവിന് ഏറ്റവും നല്ലത്.”

അസ്അദിന്റെ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടുള്ള ഈ സംസാരത്തിനുള്ള അവരുടെ പ്രതികരണം ഇപ്രകാരമായിരുന്നു: “അസ്അദ് മാറിനില്‍ക്ക്. ഈ പ്രതിജ്ഞ വേണ്ടെന്നുവെക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഒരിക്കലും ഞങ്ങളത് നിഷേധിക്കുകയുമില്ല.”

തുടര്‍ന്നാണ് പ്രവാചകനുമായി അവര്‍ പ്രതിജ്ഞയെടുക്കുന്നതും യഥ്‌രിബിലേക്കുള്ള വഴിയൊരുങ്ങുന്നതും.
യഥ്‌രിബില്‍ ഈ ഘട്ടത്തില്‍ മറ്റൊരു രംഗം അരങ്ങേറുന്നുണ്ടായിരുന്നു. അവിടെ നിലനിന്നിരുന്ന രണ്ട് അറബി ഗോത്രങ്ങളില്‍ ഒന്നാണ് ഖസ്‌റജ്. ഖസ്‌റജ് ഗോത്രക്കാരനാണ് അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സുലൂല്‍. അയാളെ യഥ്‌രിബിലെ രാജാവായി വാഴിക്കാനുള്ള ശ്രമം. തദാവശ്യാര്‍ത്ഥം കിരീടം വരെ തയ്യാറാക്കിയതാണ്. കിരീടധാരണ ചടങ്ങ് നടക്കും മുമ്പാണ് പ്രവാചകന്‍ (സ) അവിടെ എത്തിപ്പെടുന്നത്. അതോടെ അബ്ദുല്ലാഹിബ്‌നു സുലൂലിന്റെ സ്വപ്നം തകര്‍ന്നടിഞ്ഞു. കാരണം, പ്രവാചകന്‍ (സ) അവിടെ ഒരു പ്രബോധകനും ശിക്ഷകനുമായ പ്രവാചകന്‍ മാത്രമായല്ല പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹം ഒരു രാഷ്ട്രനായകന്‍ കൂടിയാണ്. യഥ്‌രിബിലെ വ്യത്യസ്ത വിഭാഗങ്ങളെ സംഘടിപ്പിച്ചുകൊണ്ട് എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു കരാര്‍ പത്രം എഴുതിയുണ്ടാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഈ പുതിയ സാഹചര്യമാണ്. ആ കരാര്‍ ഇപ്രകാരം വായിക്കാം:

“കാരുണ്യവാനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍, പ്രവാചകനായ മുഹമ്മദ് (സ) ഖുറൈശികളില്‍ നിന്നും യഥ്‌രിബില്‍ നിന്നും വിശ്വസിക്കുകയും ഇസ്‌ലാം അംഗീകരിക്കുകയും ചെയ്തവര്‍ക്കും തുടര്‍ന്ന് അവരോടൊപ്പം ചേരുകയും അവരോടൊപ്പം സമരം നടത്തുകയും ചെയ്തവര്‍ കൂടിയുണ്ടാക്കിയ ഒരു രേഖയാണിത്. മറ്റു മനുഷ്യരെ അപേക്ഷിച്ച് അവര്‍ ഒരൊറ്റ സമൂഹമാണ്. ഖുറൈശികളിലെ മുഹാജിറുകള്‍ അവരുടെ സമാനരോടൊപ്പമാവും. അവര്‍ പരസ്പരം നഷ്ടപരിഹാരം കയ്യേല്‍ക്കും. തങ്ങളിലെ ബന്ധിതരെ മാന്യമായും നീതിപൂര്‍വവും അവര്‍ മോചിപ്പിക്കും. ബനൂ ഔഫ് ഗോത്രം അവരുടെ സമാനര്‍ക്കൊപ്പമാവവും. തങ്ങളുടെ പൂര്‍വകാല നഷ്ടങ്ങള്‍ നികത്താന്‍ അവര്‍ പരസ്പരം സഹായിക്കേണ്ടതാണ്. വിശ്വാസികള്‍ക്കിടയില്‍ പ്രയാസമനുഭവിക്കുന്നവരെ മാന്യമായും നീതിപൂര്‍വമായും അവരിലെ ഓരോ വിഭാഗവും മോചിപ്പിക്കേണ്ടതാണ്. തുടര്‍ന്ന് അന്‍സാറുകളിലെ ഓരോ കുടുംബത്തെയും വീട്ടുകാരെയും ബനീസാഇദ, ബനൂജുശം, ബനൂന്നജ്ജാര്‍, ബനൂ അംറുബ്‌നു ഔഫ്, ബനിന്നബീത് എന്നിങ്ങനെ എടുത്തുപറയുന്നുണ്ട്. മോചനദ്രവ്യമോ നഷ്ടപരിഹാരമോ നല്‍കാതെ വിശ്വാസികള്‍ തങ്ങള്‍ക്കിടയിലെ ദരിദ്രരെ കൈവെടിയാവതല്ല. ഒരു വിശ്വാസിയും മറ്റൊരു വിശ്വാസിയുടെ വിമോചിത അടിമയെ അയാളുടെ അനുവാദമില്ലാതെ സഖ്യകക്ഷിയാക്കാവതുമല്ല.

വിശ്വാസികള്‍ തങ്ങളുടെ കൂട്ടത്തില്‍ അക്രമം പ്രവര്‍ത്തിക്കുകയോ അനീതിയോ കുറ്റമോ ശത്രുതയോ വിശ്വാസികള്‍ക്കിടയില്‍ കുഴപ്പമോ ഉണ്ടാക്കാവുന്നവരോ വിരോധം വെച്ചുപുലര്‍ത്തുകയോ ചെയ്യുന്നവര്‍ക്കെതിരില്‍ നിലകൊള്ളേണ്ടതാണ്. അങ്ങനെയുള്ളവര്‍ തങ്ങളുടെ തന്നെ ആരുടെയെങ്കിലും മക്കളാണെങ്കില്‍ പോലും അവര്‍ക്കെതിരില്‍ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതാണ്. ഒരു വിശ്വാസിയും ശത്രുവിന്റെ പേരില്‍ വിശ്വാസിയെ വധിക്കാവതല്ല. ഒരു നിഷേധിയും വിശ്വാസിക്കെതിരില്‍ സഹായിക്കപ്പെടുകയും അരുത്. അല്ലാഹുവിന്റെ സംരക്ഷണം ഒരുപോലെയാണ്. തങ്ങളിലെ താഴെത്തട്ടിലുള്ളവരുടെ പോലും സംരക്ഷണ വാഗ്ദാനം പരിഗണിക്കപ്പെടുന്നതായിരിക്കും. മറ്റുള്ളവരെ അപേക്ഷിച്ച് വിശ്വാസികള്‍ പരസ്പരം സഹകാരികളായിരിക്കും. യഹൂദരില്‍ ആരുതന്നെ നമ്മെ പിന്തുണച്ചാലും അവര്‍ക്ക് സഹായവും സംരക്ഷണവുമുണ്ടായിരിക്കും. അവര്‍ അക്രമിക്കപ്പെടുകയില്ല. അവര്‍ക്കെതിരില്‍ ആരെയും സഹായിക്കുകയുമില്ല. വിശ്വാസികളുമായുള്ള സന്ധിയും ഒരുപോലെയാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമരരംഗത്ത് വിശ്വാസിയെ വിട്ട് വിശ്വാസി മറ്റുള്ളവരുമായി സന്ധി ചെയ്യാവതല്ല. തങ്ങള്‍ക്കിടയിലുള്ള തുല്യ പരിഗണനയും നീതിയും പരിഗണിച്ചുകൊണ്ടു വേണം അവരത് ചെയ്യാന്‍. നമ്മോടൊപ്പം സമരത്തിലേര്‍പ്പെടുന്നവര്‍ ആരും അവര്‍ പരസ്പരം അവകാശികളായിരിക്കും. വിശ്വാസികള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പരസ്പരം രക്തം ചിന്തിപ്പോയെങ്കില്‍ അവര്‍ പരസ്പരം സംരക്ഷണം കയ്യേല്‍ക്കേണ്ടവരാണ്. സൂക്ഷ്മത പുലര്‍ത്തുന്ന വിശ്വാസികള്‍ നല്ലതും ഉത്തമവുമായ മാതൃക കാഴ്ചവെക്കേണ്ടതാണ്. ഖുറൈശികളിലെ ശത്രുവിന് ബഹുദൈവ വിശ്വാസികളാരും സഹായം നല്‍കാവതല്ല. അത്തരക്കാരെ പിടികൂടുന്നതിന് അവര്‍ വിശ്വാസിക്ക് മുമ്പില്‍ തടസ്സം സൃഷ്ടിക്കാവതല്ല. ഒരു വിശ്വാസിയെ നിയമ വിധേയമായി വധിക്കാന്‍ കൊതിക്കുന്നവര്‍, വധിക്കപ്പെട്ടവന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ മാപ്പ് ചെയ്തില്ലെങ്കില്‍ മാത്രം അവര്‍ക്ക് അവനോട് പ്രതിക്രിയ ചെയ്യാവുന്നതാണ്. അതിനെതിരില്‍ വിശ്വാസികള്‍ എല്ലാവരും തന്നെ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതാണ്. അതിനെതിരില്‍ നിലകൊള്ളുക മാത്രമേ അവര്‍ക്ക് സംഗതമാവുകയുള്ളൂ.

ഈ പത്രത്തിലുള്ളത് അംഗീകരിക്കുകയും അല്ലാഹുവിലും ഒടുവുനാളിലും വിശ്വസിക്കുകയും ചെയ്യുന്ന ഒരാള്‍ക്കും പുത്തന്‍ രീതി ആവിഷ്‌കരിക്കുന്നതുവരെ സഹായിക്കുന്നതും അവര്‍ക്ക് അഭയം നല്‍കുന്നതും സംഗമാവുകയില്ല. അത്തരക്കാരെ സഹായിക്കുകയോ അവര്‍ക്ക് അഭയം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് ഒടുവുനാളില്‍ അല്ലാഹുവിന്റെ ശാപവും കോപവുമാകും ഫലം. അവരില്‍ നിന്ന് യാതൊരു പ്രതിവിധിയും പരിഹാരവും സ്വീകരിക്കുകയില്ല. നിങ്ങള്‍ ഏതു കാര്യത്തില്‍ ഭിന്നിച്ചുവോ അതിന്റെ അവസാന തീര്‍പ്പ് അല്ലാഹുവിന്റെയും മുഹമ്മദിന്റെയും കയ്യിലാവും. വിശ്വാസികള്‍ യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ യഹൂദര്‍ അവര്‍ക്കൊപ്പം സമ്പത്ത് വിനിയോഗിക്കേണ്ടതാണ്. ബനൂ ഔഫിലെ യഹൂദര്‍ വിശ്വാസികള്‍ക്കൊപ്പം ഒറ്റ സമൂഹമാണ്. യഹൂദര്‍ക്ക് അവരുടെ മതം, മുസ്‌ലിംകള്‍ക്ക് അവരുടെ മതവും, അവരുടെ ആശ്രിതര്‍ക്കും അവര്‍ക്കു തന്നെയും. അക്രമം പ്രവര്‍ത്തിക്കുകയും കുറ്റം ചെയ്യുകയും ചെയ്തവര്‍ക്കല്ല. അത്തരക്കാര്‍ സ്വയം അപകടം വരുത്തിവെക്കുകയാവും ചെയ്യുന്നത്. സ്വന്തം കുടുംബത്തിനു പോലും. ബനു ന്നജ്ജാര്‍, ബനുല്‍ഹാരിഥ്, ബനൂ സാഇദ, ബനൂ ജുശം, ബനുല്‍ ഔസ്, ബനൂ ഥന്‍ലബ, ജഫ്‌ന, ബനുശ്ശുതൈബ എന്നീ ഗോത്രങ്ങളിലെ യഹൂദര്‍ക്ക് ബനൂ ഔഫ് ഗോത്രത്തിലെ യഹൂദര്‍ക്കുള്ള മുഴുവന്‍ അവകാശങ്ങളും ലഭിക്കുന്നതായിരിക്കും. യഹൂദരുമായി ചേര്‍ന്നു നില്‍ക്കുന്നവരും അവരെപ്പോലെ തന്നെയാവും. മുഹമ്മദിന്റെ അനുവാദമില്ലാതെ അവരില്‍ ആരും പുറത്തുപോകാവതല്ല. മുറിവേല്‍പ്പിച്ചതിനുള്ള പ്രതികാരത്തിന്റെ പേരില്‍ ആരും തടഞ്ഞു വെക്കപ്പെടാവതല്ല. ധാര്‍ഷ്ട്യം കാണിക്കുന്നവന്‍ തനിക്കും കുടുംബത്തിനും ദോഷം വരുത്തിവെക്കുംവിധമാവും ധാര്‍ഷ്ട്യം കാണിക്കുന്നത്. മര്‍ദിതന്‍, അവനോട് നീതി പുലര്‍ത്താന്‍ പോന്നവനത്രെ. യഹൂദരാണ് അവരുടെ ചെലവ് വഹിക്കേണ്ടത്. മുസ്‌ലിംകളുടേത് അവരും. ഈ രേഖാപത്രം അംഗീകരിച്ചവരോട് യുദ്ധം ചെയ്യുന്നവര്‍ക്കെതിരില്‍ പരസ്പരം സഹായിക്കേണ്ടത് അവരുടെ ബാധ്യതയത്രെ. പരസ്പര ഗുണകാംക്ഷയും സദുപദേശവും അവരുടെയൊക്കെ ബാധ്യതയാണ്. കുറ്റം അരുത്, നന്മ മാത്രം. ഒരു മനുഷ്യനും ഒരിക്കലും തന്റെ സഖ്യകക്ഷിയോട് കുറ്റകരമായി വര്‍ത്തിക്കുകയില്ല. മര്‍ദിതനെയാണ് സഹായിക്കേണ്ടത്. ഈ പത്രിക അംഗീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം യഥ്‌രിബിന്റെ ഉള്‍ഭാഗം പവിത്രമാണ്. അയല്‍വാസി സ്വന്തത്തെപ്പോലെയാണ്. അയാള്‍ ദ്രോഹിക്കപ്പെടാവതല്ല. അയാള്‍ കുറ്റവാളിയുമാവരുത്. ഒരു പവിത്രതയും അതിന്റെ ആളുകളുടെ അംഗീകാരത്തോടുകൂടിയല്ലാതെ കൈകാര്യം ചെയ്യപ്പെടാവതല്ല. കലഹമോ മറ്റു സംഭവങ്ങളോ ആയി കുഴപ്പം ഭയപ്പെടാവുന്ന എന്തുതന്നെ ഈ പത്രിക അംഗീകരിച്ചവര്‍ തമ്മില്‍ ഉടലെടുത്താലും അതിന്റെ അന്തിമവിധി അല്ലാഹുവിലും മുഹമ്മദില്‍ നിന്നുമാണുണ്ടാവേണ്ടത്. ഈ പത്രിക ഉള്‍ക്കൊള്ളുന്ന സുതാര്യവും ഗുണപൂര്‍വവുമായ കാര്യങ്ങളില്‍ അല്ലാഹുവിന്റെ സഹായം ഉറപ്പാണ്. ഖുറൈശികള്‍ക്കോ അവരെ സഹായിക്കുന്നവര്‍ക്കോ സംരക്ഷണം നല്‍കാവതല്ല. യഥ്‌രിബിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അവര്‍ പരസ്പരം സഹായിക്കണം. അവര്‍ക്ക് രൂപപ്പെടുത്താനും പങ്കാളിത്തം വഹിക്കാനും പറ്റുന്ന വല്ല സന്ധിയിലേക്കും അവര്‍ ക്ഷണിക്കുകയോ സമാനമായതിലേക്ക് ക്ഷണിക്കപ്പെടുകയോ ചെയ്താല്‍ വിശ്വാസികള്‍ക്കൊപ്പം അവര്‍ക്കും അതാകാവുന്നതാണ്. ഈ വ്യവസ്ഥയോട് യുദ്ധം പ്രഖ്യാപിച്ചവരുടെ കാര്യത്തില്‍ പക്ഷേ, അതുണ്ടാകാവതല്ല. ഏതൊരു വിഭാഗവും അവരുടെ ഭാഗത്തുനിന്നുള്ള പങ്ക് നിര്‍വഹിച്ചിരിക്കണം. ഈ രേഖ, അക്രമിയെയോ കുറ്റവാളിയെയോ രക്ഷിക്കുകയില്ല. പുറത്തിറങ്ങിയവന്‍ സുരക്ഷിതനായിരിക്കും. അടച്ചിട്ടിരിക്കുന്നവനും ഈ നഗരത്തില്‍ സുരക്ഷിതനായിരിക്കും. അക്രമിയും കുറ്റവാളിയുമൊഴികെ. പുണ്യം ചെയ്ത സൂക്ഷ്മത പുലര്‍ത്തിയവരുടെ രക്ഷകനായി അല്ലാഹു ഉണ്ടാകും.” (അല്‍ബിദായ വന്നിഹായ 2:303, 304 ബാബു അഖ്ദിഹില്‍ ഇന്‍ഫത…)

യഥ്‌രിബി-മദീനയിലെ- മൊത്തം ജനങ്ങളുമായി, അവിടെയുണ്ടായിരുന്ന യഹൂദരും അല്ലാത്തവരുമായി മുഹമ്മദ് (സ) ഒപ്പുവെച്ച കരാര്‍ പത്രമാണിത്. അതില്‍ മുസ്‌ലിംകളുണ്ട്, ബഹുദൈവ വിശ്വാസികളുണ്ട്, യഹൂദരുണ്ട്. അവര്‍ക്കവിടെ ഒരു വ്യവസ്ഥാപിത ഭരണമുണ്ടായിരുന്നില്ല. യഹൂദര്‍, തൗറാത്താണ് അവരുടെ നിയമഗ്രന്ഥമെങ്കിലും പുരോഹിതന്‍മാര്‍ അപ്പപ്പോള്‍ നല്‍കുന്ന, സ്വാര്‍ത്ഥതയിലും സ്വജനപക്ഷപാതിത്വത്തിലും അധിഷ്ഠിതമായ വ്യാഖ്യാനമാണ് അവര്‍ നടപ്പില്‍ വരുത്തിയിരുന്നത്. പ്രബലന് ആനുകൂല്യവും ദുര്‍ബലന് അവഗണനയുമാണ് അവിടെ ലഭിച്ചിരുന്നത്. പിന്നെയുള്ളത് യഹൂദരല്ലാത്ത അറബി ഗോത്രങ്ങളാണ്. ഗോത്രത്തലവന്‍മാര്‍ നിശ്ചയിക്കുന്നതായിരുന്നു അവരുടെ നിയമം. സദാ കലഹവും കലാപവുമാണ് അവിടെ നടമാടിയിരുന്നത്. അഖബ സംഗമത്തില്‍ അവര്‍ മുഹമ്മദിന്റെ(സ) മുമ്പില്‍ വെളിപ്പെടുത്തിയത് ഈ ഒരു അവ്യവസ്ഥിതാവസ്ഥയെയാണ്. അവര്‍ അദ്ദേഹത്തോട് പറഞ്ഞു:

“സ്വന്തം ജനതയെ വിട്ടുംവെച്ചാണ് ഞങ്ങള്‍ വന്നിട്ടുള്ളത്. അവരെപ്പോലെ പരസ്പരം കുഴപ്പവും നാശവും വരുത്തിവെക്കുന്ന മറ്റൊരു ജനതയുമില്ല. താങ്കള്‍ വഴി അല്ലാഹു അവരെ ഏകീകരിച്ചെന്നു വരാം. ഞങ്ങള്‍ അവരുടെ അടുത്തുചെല്ലും. താങ്കളുടെ ഈ പ്രസ്താവനയിലേക്ക് അവരെ ക്ഷണിക്കും. ഞങ്ങള്‍ താങ്കള്‍ക്ക് ഉത്തരം നല്‍കിയ ഈ വ്യവസ്ഥ ഞങ്ങള്‍ അവര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും. താങ്കള്‍ക്കൊപ്പം അല്ലാഹു അവരെ ഒന്നിപ്പിക്കുമെങ്കില്‍ താങ്കളെക്കാള്‍ അജയ്യന്‍ മറ്റാരുമുണ്ടാവില്ല.” (അല്‍ബിദായ വന്നിഹായ 2:237, ബാബു ബദ്ഇ ഇസ്‌ലാമില്‍ അന്‍സാര്‍).

മദീനയില്‍ മുഹമ്മദ് (സ) വന്നത് അഭയാര്‍ത്ഥിയായല്ല. പലായകനുമായല്ല. ആ നാട്ടുകാര്‍ അദ്ദേഹത്തെ ക്ഷണിച്ചുവരുത്തുകയായിരുന്നു. അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ചും അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിച്ചും. അതുകൊണ്ട് തന്നെ പലായകന്റെ അല്ലെങ്കില്‍ അഭയാര്‍ത്ഥിയുടെ ഭാവത്തിലായിരുന്നില്ല അദ്ദേഹം അവിടെ വന്നത്. ആ സമൂഹം അദ്ദേഹത്തെ വരവേറ്റതും ആ ഒരു കാഴ്ചപ്പാടോടെയായിരുന്നില്ല. സമാദരണീയനും സര്‍വസ്വീകാര്യനുമായ ഒരു നായകനു നല്‍കുന്ന വരവേല്‍പ്പാണ് അവിടെ അവര്‍ അദ്ദേഹത്തിനു നല്‍കിയത്.

ഇപ്പോള്‍ മദീനയില്‍ അദ്ദേഹം നായകനാണ്. ഒരു പുതിയ സാമൂഹിക ക്രമത്തിന്റെ വിധാതാവ്, ഒരു നഗര രാഷ്ട്രത്തിന്റെ പിതാവ്, അതായത് ഒരേസമയം അദ്ദേഹം പ്രവാചകനാണ്, ദൂതനാണ്, പ്രബോധകനാണ്, ശിക്ഷകനാണ്, സൈന്യാധിപനാണ്, ന്യായാധിപനാണ്…

വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകുന്ന ജനനായകനാണ്. എല്ലാവര്‍ക്കും സുസ്ഥിതിയും സുരക്ഷയും വാഗ്ദാനം നല്‍കുന്ന, അത് പുലര്‍ന്നു കാണണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ആത്മാര്‍ത്ഥമായി തന്നെ പണിയെടുക്കുകയും ചെയ്യുന്ന ജനനായകന്‍. അവിടെ ഒരു ഫെഡറല്‍ സംവിധാനത്തിനാണ് അദ്ദേഹം അസ്ഥിവാരമിട്ടത്. സാംസ്‌കാരിക വൈവിധ്യം അംഗീകരിച്ചും എല്ലാവരുടെയും അസ്തിത്വം സ്വീകരിച്ചും എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനും വളരാനും സാഹചര്യമൊരുക്കുന്ന സംവിധാനം. ഈ സംവിധാനത്തെ തുരങ്കം വെക്കുന്നവരെ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ കൈകാര്യം ചെയ്യുമെന്നതും അതേ കരാര്‍ പത്രത്തില്‍ രേഖപ്പെടുത്തിയതാണ്. അതിന്റെ അന്തിമതീര്‍പ്പും തീര്‍പ്പ് നടപ്പാക്കേണ്ട രീതിയും മുഹമ്മദിന്റെ(സ) കയ്യിലാണെന്നും അതില്‍ എടുത്തുപറയുന്നുണ്ട്.

print

No comments yet.

Leave a comment

Your email address will not be published.