ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -3

//ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -3
//ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -3
ആനുകാലികം

ഇസ്‌ലാം വിരോധികളോട് ചിലത് പറയാനുണ്ട് -3

പീഡനങ്ങളുടെ പെരുമഴയിലും ആത്മവിശ്വാസത്തോടെ …

മുഹമ്മദും(സ) അനുചരന്‍മാരും മക്കയില്‍ അനുഭവിച്ചതെന്താണ്. തലോടലായിരുന്നുവോ, അതോ തല്ലോ?

ചരിത്രമറിയാവുന്ന ആര്‍ക്കും അതിൽ തെല്ലും ശങ്കയുണ്ടാവുകയില്ല. തല്ലോട് തല്ല്, പീഡനത്തിന്റെ പെരുമഴ തന്നെ. പിതൃവ്യന്‍ അബൂലഹബിന്റെ വക സദാ ശകാരം, പരിഹാസം, ഭ്രാന്തന്‍ എന്ന ഭര്‍ത്സനം, അയാളും ഭാര്യയും കൂടി ചെയ്തുകൂട്ടുന്ന യാതൊരയല്‍പ്പക്ക മര്യാദയുമില്ലാത്ത ദ്രോഹങ്ങള്‍. വഴിയില്‍ മുള്ളുവലിച്ചിടുക, വീട്ടുമുറ്റത്ത് വൃത്തികേടുകള്‍ കൊണ്ടിടുക, പാകം ചെയ്യുന്ന ഭക്ഷണത്തില്‍പോലും മാലിന്യങ്ങള്‍ എടുത്തിടുക. കഅ്ബയുടെ ചാരത്തെവിടെയെങ്കിലും നമസ്‌കരിക്കാന്‍ നിന്നാല്‍ അങ്ങാടിപ്പിള്ളരെപ്പോലും ലജ്ജിപ്പിക്കുംവിധമുള്ള നേതാക്കളുടെ പരിഹാസവും കൂവിയാര്‍ക്കലും, ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല പോലെ താങ്ങാനാവാത്തതും വൃത്തികെട്ടതുമായ വസ്തുക്കള്‍ കഴുത്തില്‍ വലിച്ചിടുക…

അനുയായികളുടെ കാര്യവും ഒട്ടും സുരക്ഷിതമായിരുന്നില്ല. വിശേഷിച്ചും അവരിലെ പാഴ്‌ച്ചേറിലമര്‍ന്ന പതിത വിഭാഗത്തിന്റെ. മുഹമ്മദ് (സ) അവരെ മോചിപ്പിച്ചത് ഉദാത്ത ദര്‍ശനത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായാണ്. എന്നിട്ടെന്ത്, ആ ദുഷ്ടനായകന്‍മാരുണ്ടോ അവരെ വിടുന്നു. മുഹമ്മദിനെ(സ) പിന്തുടര്‍ന്നു എന്നതായിരുന്നു അവരെ മര്‍ദിച്ചൊതുക്കാനുള്ള ആ ‘മാന്യന്‍മാരു’ടെ ന്യായീകരണം. അവര്‍ സുമയ്യയെ(റ) ജനനേന്ദ്രിയത്തില്‍ ഇരുമ്പ് കുത്തിക്കയറ്റിയാണ് കൊന്നുതള്ളിയത്. അവരുടെ ഭര്‍ത്താവ് യാസിറിനെയും മകന്‍ അമ്മാറിനെയും(റ) അവര്‍ പീഡിപ്പിച്ചുകൊണ്ടേയിരുന്നു. ആ കുടുംബത്തെ ഇപ്രകാരം പറഞ്ഞ് ആശ്വസിപ്പിക്കാനേ മുഹമ്മദിന് കഴിഞ്ഞുള്ളൂ. “യാസിര്‍ കുടുംബമേ ക്ഷമിക്കുക, നിങ്ങള്‍ക്ക് നല്‍കാനുള്ള വാഗ്ദാനം സ്വര്‍ഗം മാത്രമാണ്!”

ബിലാലിനെ(റ) ചുട്ടുപൊള്ളുന്ന മണലില്‍ മലര്‍ത്തിക്കിടത്തി നെഞ്ചില്‍ പാറക്കല്ലെടുത്തുവെച്ചും ഒട്ടകത്തിന്റെ കാലില്‍കെട്ടിയിട്ട് അതിനെക്കൊണ്ട് വലിപ്പിച്ചും അവര്‍ മര്‍ദിച്ചു. ഖബ്ബാബിന്റെ പുറം ഇരുമ്പ് പഴുപ്പിച്ചു വെച്ച് പൊള്ളിച്ചു. തുടര്‍ന്നാണല്ലോ സഹികെട്ട് കഅ്ബയുടെ ചാരത്ത് ഒരൊഴിഞ്ഞ മൂലയില്‍ തല ചായ്ക്കുകയായിരുന്ന പ്രവാചകനെ കണ്ട് അദ്ദേഹം സങ്കടപ്പെട്ടത്. “അല്ലാഹുവിന്റെ ദൂതരേ, അങ്ങ് ഇതൊന്നും കാണുന്നില്ലേ, ഞങ്ങളനുഭവിക്കുന്ന പീഡനതാടനങ്ങള്‍, അങ്ങ് ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലേ!”

മുഹമ്മദ്(സ) അവരോട് തിരിച്ചടിക്കാന്‍ പറഞ്ഞുവോ? ആയുധമെടുക്കാനാജ്ഞാപിച്ചുവോ? അവര്‍ക്ക് ആയുധം കിട്ടാത്തതായിരുന്നുവോ പ്രശ്‌നം? എന്താണ് അദ്ദേഹം പറഞ്ഞത്? ആശ്വസിപ്പിച്ചു; അത്രതന്നെ. അദ്ദേഹം എഴുന്നേറ്റിരുന്നു. അദ്ദേഹം പറഞ്ഞു: “ഖബ്ബാബ്, ഒരു കാര്യം. നിങ്ങള്‍ക്കുമുമ്പും ഈ മര്‍ഗം അവലംബിച്ചതിന്റെ പേരില്‍ ആളുകള്‍ മര്‍ദിക്കപ്പെട്ടിട്ടുണ്ട്. അവരില്‍ ചിലരെ ശത്രുക്കള്‍ കൈകാര്യം ചെയ്തത് ഈര്‍ച്ചവാള്‌ കൊണ്ട് കീറിമുറിച്ചാണ്. മറ്റുചിലരെ ഇരുമ്പിന്റെ ചീര്‍പ്പുകൊണ്ട് എല്ലില്‍നിന്ന് മാംസം വാര്‍ന്നെടുത്താണ്. എന്നിട്ടും അവരാരും പിന്നോക്കം പോയിട്ടില്ല. ശ്രദ്ധിക്കുക, ഈ കാര്യം വിജയിക്കുക തന്നെ ചെയ്യും. അന്ന് സൻആ മുതല്‍ ഹദര്‍ മൗത് വരെ ഒരു യാത്രക്കാരന് ഒറ്റയ്ക്ക് യാത്ര ചെയ്യാവുന്ന സാഹചര്യം വരും. ആരെയും ഭയക്കേണ്ടി വരികയില്ല. കൂടെ ആട്ടിന്‍പറ്റമുണ്ടെങ്കില്‍ ചെന്നായയെ മാത്രം പേടിക്കണം. പക്ഷേ നിങ്ങള്‍ ദൃതിപ്പെടുകയാണ്!” (ബുഖാരി 3852)

അതായത് അപ്പോഴും ക്ഷമിക്കുക എന്നതായിരുന്നു അദ്ദേഹത്തിന് നല്‍കാനുണ്ടായിരുന്ന നിര്‍ദേശം.

അവസാനം അവര്‍ ഊരിപ്പിടിച്ച വാളുമായി മുഹമ്മദിന്റെ(സ) വീടുവളഞ്ഞു. ആള്‍ ഉറക്കമുണര്‍ന്ന് പുറത്തിറങ്ങുമ്പോള്‍ ഒറ്റവെട്ടിനു രണ്ടു കഷ്ണമാക്കാനുറച്ച്. അവിടെനിന്ന് തന്ത്രപൂര്‍വം രക്ഷപെട്ട അദ്ദേഹം അഭയം തേടി നാടുവിട്ടു.

എന്നാല്‍ ഈ ഘട്ടത്തിലെങ്കിലും അവര്‍ അദ്ദേഹത്തെ വെറുതെ വിട്ടുവോ! അവര്‍ അദ്ദേഹത്തെ തേടി സമതലങ്ങളിലും മലമുകളിലുമൊക്കെ ചുറ്റിക്കറങ്ങി. അദ്ദേഹത്തിന്റെ തലയെടുക്കുന്നവര്‍ക്ക് നൂറൊട്ടകം പാരിതോഷികം പ്രഖ്യാപിച്ചു. അതിനുമൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മൂന്നു വര്‍ഷക്കാലം ശിഅ്ബ് അബീതാലിബില്‍ അവര്‍ അദ്ദേഹത്തെ ഉപരോധിച്ച് പട്ടിണിക്കട്ടത്.

എന്തിനായിരുന്നു അവര്‍ ഇത്രയൊക്കെ അദ്ദേഹത്തെയും അനുചരന്‍മാരെയും ദ്രോഹിച്ചത്? എന്തായിരുന്നു അവരോട് അദ്ദേഹവും അനുചരന്‍മാരും ചെയ്ത തെറ്റ്? ഇതു സംബന്ധിച്ചൊന്നും ഈ യുക്തിക്കാര്‍ എന്തേ മിണ്ടാത്തത്? അതെല്ലാം വിട്ട് അവര്‍ ആമാടയ്ക്ക് പുഴുക്കുത്തു തിരയുകയാണ്. ഒരു ഉറുമ്പിനെപ്പോലും അവരാരും നോവിച്ചിട്ടില്ലല്ലോ.

ഈ കാലമത്രയും അദ്ദേഹം എന്താണ് ചെയ്തത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വെടിയാന്‍ നാട്ടുകാരെ ഉപദേശിച്ചു. അവരുടെ ഇഹപരവിജയത്തിനുപകയുക്തം എന്ന് അദ്ദേഹത്തിന് പൂര്‍ണബോധ്യമുള്ള ഒരു പുതു വഴിയിലേക്ക് അവരെ ക്ഷണിച്ചു. മാതാപിതാക്കളെ ആദരിക്കാനും കുടുംബബന്ധം പുലര്‍ത്താനും നിര്‍ദേശിച്ചു. അയല്‍പക്ക ബന്ധം നന്നാക്കിയെടുക്കാന്‍ ഉപദേശിച്ചു. അധഃസ്ഥിതരും അരികു വല്‍ക്കരിക്കപ്പെട്ടവരുമായ ആളുകള്‍ക്കുവേണ്ടി ശബ്ദിച്ചു. പാവങ്ങളെ സഹായിച്ചു. അനാഥരെ സംരക്ഷിക്കാനുപദേശിച്ചു. അക്രമമര്‍ദനങ്ങള്‍ക്കെതിരെ ശബ്ദിച്ചു. വൃദ്ധജനത്തെ ആദരിക്കാനും കുട്ടികളെ സ്‌നേഹിക്കാനും പഠിപ്പിച്ചു. സ്ത്രീജനത്തോട് മാന്യമായി വര്‍ത്തിക്കാനാവശ്യപ്പെട്ടു.

അവര്‍ ചെയ്ത മറ്റൊരു ക്രൂരവൃത്തിയായിരുന്നുവല്ലോ മക്കയിലെ ശിഅ്ബ് അബീതാലിബില്‍ അദ്ദേഹത്തെയും അനുചരന്‍മാരെയും മൂന്നുവര്‍ഷക്കാലം പട്ടിണിക്കിട്ടത്. ഒരുനേരം പോലും വിശപ്പടക്കാന്‍ യാതൊന്നും കിട്ടാത്ത പരിതസ്ഥിതിയില്‍ പച്ചിലകള്‍ പറിച്ചുതിന്നാന്‍ നിര്‍ബന്ധിതരായ അവര്‍ ആട് കാഷ്ടിക്കുംപോലെയാണ് കാഷ്ടിച്ചിരുന്നത് എന്നുപറയുന്നുണ്ട് ചരിത്രം. അവസാനം തദ്ദേശിയരില്‍ മനുഷ്യപ്പറ്റുള്ള ചിലര്‍ അതിനെതിരെ തന്ത്രപൂര്‍വം നിലപാട് സ്വീകരിച്ചതുവഴിയാണ് ഒരു ദുരിതപര്‍വ്വത്തില്‍നിന്ന് അദ്ദേഹത്തിനും സംഘത്തിനും രക്ഷപെടാനായത്.

സഹധര്‍മിണിയും പിതൃവ്യനും ചരമഗതിയെ പ്രാപിച്ച ഘട്ടത്തിലാണ് അനുകൂല സാഹചര്യം ഉണ്ടാക്കിയെടുക്കാനുദ്ദേശിച്ച് താഇഫിലെ മലമ്പ്രദേശത്തേക്ക് അദ്ദേഹം ഒരു അന്വേഷണയാത്ര തിരിച്ചത്. അവിടെ അദ്ദേഹം നേരിട്ടത് എന്തൊരു സ്വീകരണമായിരുന്നു. ആ സമൂഹം അദ്ദേഹത്തെ പട്ടും വളയും നല്‍കി സ്വീകരിച്ചുവോ?

അങ്ങനെയായിരുന്നില്ലല്ലോ അദ്ദേഹത്തിനു കിട്ടിയ സ്വീകരണം. പകരം അങ്ങാടിപ്പിള്ളരെക്കൊണ്ട് കല്ലെറിയിച്ചും കൂകി വിളിച്ചും ഒക്കെയായിരുന്നു. ഈ ഘട്ടത്തിലാണ് ശത്രുക്കള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും മാലാഖമാര്‍ വന്ന് അദ്ദേഹത്തോട് പറഞ്ഞത്. താങ്കള്‍ക്ക് സമ്മതമാണെങ്കില്‍ ഈ കാണുന്ന മാമലകള്‍ മറിച്ചിട്ട് ഇവരെ നശിപ്പിക്കാന്‍ അല്ലാഹു നിയോഗിച്ചതാണ് ഞങ്ങളെ. താങ്ങള്‍ക്ക് സമ്മതമാണോ?

എന്തായിരുന്നു അദ്ദേഹത്തിന്റെ മറുപടി? അവരെ നശിപ്പിക്കാന്‍ സമ്മതം മൂളിയോ? ഇല്ലെന്നാണ് ചരിത്രം. പകരം അദ്ദേഹം പറഞ്ഞതെന്താണ്, “അല്ലാഹുവേ ഇവരോട് ക്ഷമിച്ചാലും. വിവരമില്ലാത്ത ജനതയാണത്.”

ഈ ദയാവായ്പ്, ഈ കാരുണ്യരസം, അദ്ദേഹത്തിന്റെ പ്രകൃതിയായിരുന്നു. അതുകൊണ്ടാണല്ലോ ആദ്യവെളിപാട് കിട്ടി ഭയചകിതനായി സമീപിച്ച അദ്ദേഹത്തെ സഹധര്‍മിണി ഖദീജ (റ) ഇപ്രകാരം ആശ്വസിപ്പിച്ചത്:

“ഇല്ല, അല്ലാഹുവില്‍ സത്യം, അല്ലാഹു ഒരിക്കലും താങ്കളെ കൈവെടിയില്ല. താങ്കള്‍ ചാർച്ച ചേര്‍ക്കുന്നു. ഭാരം പേറുന്നു. സത്യത്തിന്റെ/അവകാശ സമ്പാദന മാര്‍ഗത്തില്‍ സഹായമേകുന്നു. ജീവിതമാര്‍ഗം മുട്ടിയവന് നേട്ടമുണ്ടാക്കി കൊടുക്കുന്നു….”

അദ്ദേഹം ആരുടെ നേരെയും കല്ലെറിഞ്ഞില്ല, തെറി വിളിച്ചില്ല, ആരെയും ഭർത്സിച്ചില്ല, ആരോടും ഒരനീതിയും ചെയ്തില്ല; ഒരിക്കലുമൊരിക്കലും; പ്രവാചകലബ്ധിക്കു മുമ്പും ശേഷവും. ഇത്രയൊക്കെ മര്‍ദന പീഡനങ്ങളേല്‍ക്കേണ്ടി വന്നിട്ടും മറ്റുള്ളവര്‍ തന്നെ വിശ്വസിച്ചേല്‍പ്പിച്ച സമ്പത്തത്രയും ഒരു ചില്ലിക്കാശ് പോലും കുറവുവരുത്താതെ മക്ക വിട്ടു പരദേശത്തേക്ക് അഭയാര്‍ത്ഥിയായി പോവുമ്പോള്‍ യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരിച്ചുനല്‍കാന്‍ ഏര്‍പ്പാടാക്കിയാണ് അദ്ദേഹം പോയത്.

ഈ സത്യസന്ധതയും വിശ്വാസ്യതയും സ്വഭാവശുദ്ധിയും അദ്ദേഹത്തിലുണ്ടായിരുന്നതുകൊണ്ടാണല്ലോ തദ്ദേശീയര്‍ ആബാലവൃദ്ധം സ്ത്രീപുരുഷ ഭേദമന്യേ അദ്ദേഹത്തെ വിശ്വസ്തന്‍, സത്യസന്ധന്‍ എന്നൊക്കെ അര്‍ത്ഥം വരുന്ന വാക്കുകളുപയോഗിച്ച് സംബോധന ചെയ്തത്. അസ്സാദിഖ്, അല്‍ അമീന്‍ എന്നിങ്ങനെ.

പരമദരിദ്രനും അനാഥനുമായി വളര്‍ന്ന, ഒരുകാലത്ത് മക്കയിലെ പ്രമാണിമാരുടെ ആട്ടിന്‍പറ്റത്തെ മേയ്ച്ചുനടന്ന മുഹമ്മദ് (സ) ആ കാലത്തെങ്കിലും ആരെയെങ്കിലും വഞ്ചിച്ചുവോ, ആരുടെയെങ്കിലും ചില്ലിക്കാശെങ്കിലും മോഷ്ടിച്ചുവോ? ഉടമയുടെ അനുവാദമില്ലാതെ ആട്ടിന്‍പാല്‍ കറന്നുകുടിക്കുകയെങ്കിലും ചെയ്തുവോ?

ഒരു വ്യക്തി സര്‍വരാലും അംഗീകാരം നേടി വളരുക. ഈ ഒരവസ്ഥയെ പ്രാപിച്ച ഒരു നേതാവിനെ മുഹമ്മദിനെ(സ) മാറ്റിനിര്‍ത്തി തൊട്ടുകാണിക്കാന്‍ ആര്‍ക്കാണാവുക? ചരിത്രത്തില്‍ ഒരാളെയെങ്കിലും കാണിച്ചുതരാമോ?

അതുകൊണ്ടാണല്ലോ ഖുര്‍ആന്‍ അദ്ദേഹത്തോട് ഇപ്രകാരം പറയാന്‍ വിളംബരം ചെയ്തത്:

“ഇതിനുമുമ്പും വര്‍ഷങ്ങളോളം നിങ്ങള്‍ക്കിടയില്‍ ജീവിച്ചവനാണല്ലോ ഞാന്‍. നിങ്ങളെന്തേ ചിന്തിക്കാത്തത്!” (10:16)

ഇതു ശ്രവിച്ച തദ്ദേശീയനായ ഏതെങ്കിലുമൊരു ബദ്ധവൈരിയെങ്കിലും മുഹമ്മദിനോട്(സ) പറഞ്ഞുവോ “ങാ! ങാ! കുവ്വേ, നമുക്കറിയില്ലേ, പണ്ടു നീ ഇന്ന ഇന്നതൊക്കെ ചെയ്തില്ലേ, പറഞ്ഞില്ലേ.”

ഇത്രയ്ക്ക് ആത്മവിശ്വാസത്തോടെ ആര്‍ജവത്തോടെ ഭൂതകാലജീവിതത്തെ എടുത്തുപറയാന്‍ ധൈര്യപ്പെടുന്ന ഏതു നേതാവാണുളളത്?

എന്തൊരു ഉദാത്ത മാതൃക! ഇത്രമേല്‍ അനുകരണീയവും ഉത്തമവുമായ മാതൃക കാണിച്ച ഒരു മനുഷ്യന്‍! അതാണ് മുഹമ്മദ് (സ). മാന്യതയുടെ അവസാന കണികയും നഷ്ടപ്പെട്ട ദുഷ്ടബുദ്ധിജീവിക്കല്ലാതെ അദ്ദേഹത്തെ തെറി പറയാനാവുമോ?

ഇവിടെ മക്കാ ജീവിതത്തില്‍ അദ്ദേഹം ഒരു പ്രബോധകനും ശിക്ഷകനുമായ ഒരു ദൂതന്‍ മാത്രമാണ്. അതിനും അതിന്റെ രാഷ്ട്രീയമുണ്ടെന്നത് ശരി. അവിടെ അദ്ദേഹത്തിന്റെ സാധ്യത അനുചരന്‍മാരുടെ ആത്മവീര്യം നഷ്ടപ്പെടാതെ, എന്നാല്‍ ശത്രുവിനു വടികൊടുക്കാതെ അനുചരന്‍മാരെ വളര്‍ത്തിയെടുക്കലും അവരുടെ ആദര്‍ശാനുഷ്ഠാനങ്ങള്‍ വിവരിച്ചും വിശദീകരിച്ചും അവരുടെ മതവും അതിലുപരി അവരുടെ പരലോകവും രക്ഷിച്ചെടുക്കലുമാണ്. അതാണ് അദ്ദേഹം ചെയ്തത്. മറ്റുള്ളവരെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിക്കലും.

print

No comments yet.

Leave a comment

Your email address will not be published.