ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -2

//ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -2
//ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -2
ആനുകാലികം

ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -2

1. “നിരപരാധികളായ മനുഷ്യരുടെ രാജ്യങ്ങൾ യുദ്ധം ചെയ്ത് പിടിച്ചടക്കുകയും ആ നാടുകളിലെ സ്ത്രീകളെ ബന്ദികളാക്കുകയും ചെയ്യലായിരുന്നു മുഹമ്മദ് നബിയുടേയും അനുചരന്മാരുടേയും പരിപാടിയെന്ന”ത് തെറ്റിദ്ധരിപ്പിക്കലാണ് എന്ന് അവ്ത്വാസ് യുദ്ധചരിത്രത്തിന്റെ ഹ്രസ്വമായ വിവരണത്തിൽ നിന്നും വായനക്കാരന് മനസ്സിലായി കാണുമല്ലൊ. സൈന്യത്തിന്റെ മൂന്നാം നിരയിൽ സ്ത്രീകളേയും അണിനിരത്തിയായിരുന്നു മുസ്‌ലിംകളോട് യുദ്ധം ചെയ്യാൻ ശത്രു സൈന്യം ഒരുങ്ങി പുറപ്പെട്ടത്. മറ്റുള്ളവരുടെ നാടുകളിൽ ചെന്ന് വീടു വീടാന്തരം കയറിയിറങ്ങി സ്ത്രീകളെ കൊണ്ട് പോയി ബന്ദികളാക്കുകയായിരുന്നു എന്ന ധ്വനിയിലൊന്നും യാതൊരു കഴമ്പുമില്ല.

2. “in the presence of their husbands” എന്ന വാചകത്തിന് “അവരുടെ ഭർത്താക്കന്മാരുടെ സാന്നിധ്യത്തിൽ/മുന്നിൽ” എന്നൊക്കെ ദ്വയാർത്ഥം വരാമെങ്കിലും പരിഭാഷകൻ അതൊന്നുമല്ല ഉദ്ദേശിച്ചത് എന്നതിൽ സംശയമില്ല. ‘അവരുടെ ഭർത്താക്കന്മാർ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടില്ല, ശത്രു രാഷ്ട്രത്തിൽ ജീവനോടെ ഉണ്ടായിരിക്കെ’ എന്നേ in the presence of എന്ന വാചകം കൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളു. അറബി ടെക്സ്റ്റ് ശ്രദ്ധിച്ചാൽ ഇത് വ്യക്തമാണ്:
مِنْ أَجْلِ أَزْوَاجِهِنَّ
“അവര്‍ക്ക് ഭര്‍ത്താക്കളുണ്ടായത് കാരണത്താൽ/ഉണ്ടായത്കൊണ്ട്” എന്നേ വാചകത്തിന് അർത്ഥമുള്ളു.

ഫാദർ ലൂയിസ് മഅലൂഫ് (മുസ്‌ലിമല്ല, ഒരു ക്രിസ്ത്യൻ പാതിരിയും അറബി ഭാഷാ പണ്ഡിതനുമാണ്) തന്റെ വിശ്രുത നിഘണ്ടുവായ ‘അൽ മുൻജിദ് ഫിൽ ലുഗത്തി വൽ അഅ്ലാമി’ൽ പോലും مِنْ أَجْلِ എന്ന വാചകത്തിന് കൊടുത്ത അർത്ഥം “കാരണത്താൽ/കൊണ്ട്” എന്നാണ്:

أطلق على سبب كل عمل. يقال ” من أجلك ولأجلك فعلت هذا”

അപ്പോൾ “അവരുടെ ഭർത്താക്കന്മാരുടെ മുമ്പിൽ വെച്ച് തന്നെ അവരെ ബലാൽസംഗം ചെയ്തു” എന്ന വ്യാഖ്യാനമൊക്കെ തനി തോന്നിയവാസമാണ്. യുദ്ധത്തിൽ ബന്ദികളായി പിടിച്ചെടുക്കപ്പെടുന്ന, വിവാഹിതരായ സ്ത്രീകൾ -താഴെ സൂചിപ്പിക്കുന്ന – മൂന്ന് അവസ്ഥക്കാരായിരിക്കും എന്ന് ഇമാം ഇബ്നു ഖുദാമ തന്റെ ‘അൽ മുഗ്‌നി’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നുണ്ട്:

ഒന്ന്, ഭർത്താക്കന്മാരോടൊപ്പം ബന്ദികളാക്കപ്പെട്ട സ്ത്രീകൾ.

രണ്ട്, ഭർത്താക്കന്മാരില്ലാതെ സ്ത്രീകൾ മാത്രം ബന്ദികളാക്കപ്പെടുക. ഭർത്താക്കന്മാർ ശത്രു രാഷ്ട്രത്തിൽ ആകയാൽ ഇരുകൂട്ടരും തമ്മില്‍ പിന്നീട് വിവാഹ ബന്ധം തുടരുവാൻ സാധ്യമാകാത്ത അവസ്ഥ.

മൂന്ന്, ഭർത്താക്കന്മാർ മാത്രം യുദ്ധാനന്തരം ബന്ദികളാക്കപ്പെട്ട അവസ്ഥ. ഇവിടെ വിവാഹബന്ധം അസാധുവാകുന്നില്ല.
(അൽ മുഗ്‌നി: 9/216)

ഭർത്താക്കന്മാരോടൊപ്പം ബന്ദികളാക്കപ്പെട്ട സ്ത്രീകളാണ് ഒന്നാമത്തെ വിഭാഗം. ഇവരുടെ വിവാഹ ബന്ധം അസാധുവാകുന്നില്ല. അതുകൊണ്ട് തന്നെ അത്തരം സ്ത്രീകളെ വിവാഹം ചെയ്യാനോ ബന്ധം സ്ഥാപിക്കാനോ മുസ്‌ലിംകൾക്ക് അനുവാദമില്ല. ഭർത്താക്കന്മാരില്ലാതെ ബന്ദികളാക്കപ്പെട്ട സ്ത്രീകളാണ് രണ്ടാം വിഭാഗം. ഭർത്താക്കന്മാർ ശത്രു രാഷ്ട്രത്തിൽ ആകയാൽ ഇരുകൂട്ടരും തമ്മില്‍ പിന്നീട് വിവാഹ ബന്ധം തുടരുവാൻ സാധ്യമല്ലാത്തത് കൊണ്ട് തന്നെ അവർ തമ്മിലുള്ള വിവാഹ ബന്ധം ദുർബലപ്പെടുത്തപ്പെടും. അത് കൊണ്ടാണ് فَهُنَّ لَهُمْ حَلاَلٌ إِذَا انْقَضَتْ عِدَّتُهُنَّ “ആ സ്ത്രീകളുടെ ‘ഇദ്ദാ’ കാലഘട്ടം കഴിഞ്ഞാൽ അവർ (വിവാഹം വഴിയോ ഉടമസ്ഥത കൊണ്ടോ ലൈംഗിക ബന്ധം) അനുവദനീയമാണ്” എന്ന് ചർച്ച ചെയ്യപ്പെടുന്ന ഹദീസിൽ തന്നെ കാണുന്നത്. മറ്റൊരു പുരുഷനുമായുള്ള വിവാഹബന്ധത്തിൽ നിന്നും – മരണം കൊണ്ടോ വിവാഹ മോചനം കൊണ്ടോ – വേർപ്പെട്ട സ്ത്രീകൾ ആചരിക്കുന്ന കാത്തിരുപ്പു കാലത്തെയാണ് ഇസ്‌ലാമിൽ ‘ഇദ്ദ’ എന്ന് പറയുന്നത് എന്ന് വിമർശകർക്ക് പോലുമറിയാം. പ്രവാചക ശിഷ്യൻ ഇബ്നു അബ്ബാസ് (റ) അർത്ഥശങ്കക്കിടയില്ലാതെ ഈ സ്ത്രീകളുടെ അവസ്ഥ വ്യക്തമാക്കുന്നുണ്ട്:
“ഭർത്താക്കന്മാരുള്ള സ്ത്രീകൾ നിനക്ക് നിഷിദ്ധമാണ്. (യുദ്ധാനന്തരം) നീ ഉടമപ്പെടുത്തിയ (ബന്ദിയായ) അടിമ സ്ത്രീ ഒഴികെ; അവരുടെ ഭർത്താവ് ശത്രു രാഷ്ട്രത്തിലാണ്.” (തഫ്സീറു ത്വബ്‌രി: 8/151, അദ്ദുർറുൽ മൻസൂർ: 2/ 138, തുഹ്ഫത്തുൽ അഹ്‌വദി)

അഥവാ ഔത്വാസിൽ ബന്ദികളാക്കപ്പെട്ട സ്ത്രീകൾ തനിച്ചാണ് ബന്ദികളാക്കപ്പെട്ടത്. അവരുടെ ഭർത്താക്കന്മാർ ശത്രു രാഷ്ട്രത്തിലുമായിരുന്നുവെന്ന് യുദ്ധചരിത്രത്തിന്റെ വിശാലമായ ചിത്രത്തിൽ നിന്നും പ്രവാചക ശിഷ്യന്മാരുടെ വിവരണത്തിൽ നിന്നും വ്യക്തമാകുന്നു. എന്നിട്ടും ഭർത്താക്കന്മാരുടെ മുമ്പിലിട്ട് സ്ത്രീകളെ ബലാൽസംഗം ചെയ്തുവെന്നൊക്കെ പറയുമ്പോൾ തങ്ങളുടെ മനസ്സിലുള്ള പ്രവാചകാനുചരന്മാരെ സമ്പന്ധിച്ച ദുസ്സങ്കൽപ്പവും ഭാവനാ ചിത്രവും -തെളിവൊന്നുമില്ലാതെ – അവതരിപ്പിക്കുക മാത്രമാണ് വിമർശകർ ചെയ്യുന്നത്.

അവരുടെ ഭർത്താക്കന്മാർ ശത്രു രാഷ്ട്രത്തിൽ ജീവനോടെ ഉണ്ടോ ഇല്ലേ എന്ന് പോലും അറിയില്ല. അവരെ സംബന്ധിച്ച വിവരങ്ങൾ പൂർണമായും അജ്ഞാതമായത് കൊണ്ട് തന്നെ അവർ ഇല്ലാത്തതായെ പരിഗണിക്കാൻ നിർവാഹമുള്ളു. അതുകൊണ്ടാണ് അവരുടെ വിവാഹബന്ധം ദുർബലപ്പെടുത്തപ്പെടുന്നതെന്നും ഇമാം അഹ്‌മദിബ്നു ഹമ്പലിന്റെ ശിഷ്യന്മാരും മദ്ഹബുകാരുമായ പണ്ഡിതർ വിശദീകരിക്കുന്നു.

3. ഇദ്ദക്ക് ശേഷം അവരെ വിവാഹം ചെയ്യാനോ ഉടമസ്ഥതയിലുള്ള (ബന്ദികളായി പിടിക്കപ്പെടുകയും) അടിമയുമായി അവളുടെ അനുവാദത്തോടെ ബന്ധപ്പെടുവാനോ ആണ് ഖുർആൻ അനുവാദം നൽകിയത്. പ്രവാചകനടക്കം പലരും ബന്ദികളായ സ്ത്രീകളെ വിവാഹം ചെയ്യുകയാണുണ്ടായത് എന്നോർക്കണം.

ഇനി ഉടമക്ക് അടിമ സ്ത്രീയുമായി ലൈംഗിക ബന്ധം സ്ഥാപിക്കണമെങ്കിൽ – വിമർശകർ സൗകര്യപൂർവ്വം വിവരിക്കാൻ വിട്ടു പോയ – ചില നിബന്ധനകളുണ്ട്:

ഒന്ന്, യുദ്ധത്തിൽ ബന്ദികളാക്കപ്പെട്ട സ്ത്രീകൾ/അടിമ സ്ത്രീകളുമായി എല്ലാ പുരുഷന്മാർക്കും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല. തന്റെ ഉടമസ്ഥതയിലും ഉത്തരവാദിത്വത്തിലുമുള്ള അടിമ സ്ത്രീയുമായി മാത്രമെ ഒരു പുരുഷന് ലൈംഗിക ബന്ധം അനുവദിക്കപ്പെട്ടിട്ടുള്ളു. തന്റേതല്ലാത്ത ഒരു അടിമസ്ത്രീയുമായി ബലാല്‍ക്കാരത്തിലൂടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഒരു യുവാവിന് ഖലീഫ ഉമർ വ്യഭിചാരത്തിനുള്ള ഇസ്‌ലാമിക ശിക്ഷ നല്‍കുകയും അടിമസ്ത്രീക്ക് ശിക്ഷയൊന്നും നല്‍കാതെ വെറുതെ വിടുകയും ചെയ്തിട്ടുണ്ട്.
(മുസ്വന്നഫ്: ഇബ്നു അബീ ശൈയ്ബ: 29012)

അടിമ സ്ത്രീകളെ വേശ്യാവൃത്തിക്കു വേണ്ടി ഉപയോഗിക്കുകയോ നിർബന്ധിക്കുകയോ ചെയ്യുന്നത് ഖുർആൻ കർശനമായി നിരോധിക്കുകയും ചെയ്തു:

“നിങ്ങളുടെ അടിമസ്ത്രീകള്‍ ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ അഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐഹികജീവിതത്തിന്‍റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്‌…”
(ഖുർആൻ: 24:33)

അപ്പോൾ ബന്ദികളായ സ്ത്രീകളെ കൂട്ട ബലാൽസംഗം ചെയ്തു എന്നൊക്കെ പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്നും സുവ്യക്തമായി മനസ്സിലാക്കാം. മുമ്പ് സൂചിപ്പിച്ചത് പോലെ ഇത്തരം കൂട്ട ബലാൽസംഗ കഥകൾ ഇസ്‌ലാമോഫോബിയക്കാരുടെ മനസ്സുകളിലെ ലൈംഗികാഭിലാഷങ്ങളുടെ പ്രതിബിംബം മാത്രമാണ്.

രണ്ട്, അടിമ സ്ത്രീയുമായി ഒരാൾ – അവളുടെ സമ്മതപ്രകാരം – ലൈംഗിക ബന്ധം സ്ഥാപിക്കുന്നതോട് കൂടി ആ സ്ത്രീയുടെ പൂർണ ഉത്തരവാദിത്വം ഉടമ ഏറ്റെടുക്കുകയാണ്. ഭക്ഷണം, വസ്ത്രം, താമസം തുടങ്ങി പ്രസവം വരെയുള്ള ജീവിതത്തിലെ എല്ലാ ചെലവുകളും ഉടമ വഹിക്കണം. ഉടമയുടെ കുഞ്ഞിനെ പ്രസവിക്കുന്നതോടുകൂടി അവള്‍ സ്വതന്ത്രയാവുകയും കുട്ടിയുടെ മാതാവ് (ഉമ്മുല്‍ വലദ്) എന്ന പദവിയ്ക്ക് അര്‍ഹയാവുകയും ചെയ്യുന്നു. ഉടമയുടെ മരണത്തോടെ അവൾ പൂർണമായും സ്വതന്ത്രയാകുന്നു. അവളുടെ സന്തതി ഉടമയിലേക്ക് പിതൃത്വം ചേർത്ത്, അയാളുടെ മകനോ/മകളോ ആയി സമൂഹത്തിൽ അറിയപ്പെടുന്നു.

ചുരുക്കത്തിൽ വിവാഹമെന്ന ചടങ്ങ് മാത്രമാണ് ഉടമ – അടിമ ബന്ധത്തിൽ ഒഴിവാക്കപ്പെടുന്നത്. അവകാശങ്ങൾ, ബാധ്യതകൾ, ഉത്തരവാദിത്വങ്ങൾ തുടങ്ങി മറ്റു കാര്യങ്ങളിലെല്ലാം അവർ കുടുംബ വ്യവസ്ഥയുടെ വൃത്തത്തിൽ തന്നെയാണ് ജീവിക്കുന്നത്.

മൂന്ന്, ഒരു അടിമക്ക് തന്റെ ഉടമയുമായി ലൈംഗിക ബന്ധത്തിന് താൽപര്യമില്ലെങ്കിൽ ‘മുകാതബ’ വഴി മോചനം നേടാൻ ഇസ്‌ലാം വഴി തുറന്നിട്ടു. ഉടമക്ക് പണം നല്‍കി അടിമത്തത്തിൽ നിന്ന് മോചനം നേടാനുള്ള കരാര്‍പത്രമാണ് മുകാതബ:
“നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരില്‍ (അടിമകളില്‍) നിന്ന് മോചനക്കരാറില്‍ ഏര്‍പെടാന്‍ ആഗ്രഹിക്കുന്നവരാരോ അവരുമായി നിങ്ങള്‍ മോചനക്കരാറില്‍ ഏര്‍പെടുക; അവരില്‍ നന്‍മയുള്ളതായി നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമ്പത്തില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്യുക.”
(ഖുർആൻ: 24:33)

ബനൂ മുസ്ത്വലിക്വ് ഗോത്രവുമായി നടന്ന യുദ്ധത്തില്‍ (ഹിജ്‌റാബ്ദം 6) മുസ്‌ലിംകൾ വിജയിച്ചപ്പോൾ ഗോത്രത്തലവനായ ഹാരിസിബ്‌നു അബീ ദിറാറിന്റെ പുത്രി ജുവയ്‌രിയ, സാബിത് ഇബ്‌നു ക്വയ്‌സിന്റെ ഉടമസ്ഥയിലായി. സാബിതിന്റെ അടിമസ്ത്രീയാകാന്‍ ആഗ്രഹമില്ലാതിരുന്ന ജുവയ്‌രിയ ‘മുകാതബ’ എഴുതി. ഗോത്രത്തലവന്റെ മകളായ തനിക്ക് സാബിതിന്റെ ഉടമസ്ഥതയിൽ ജീവിക്കുന്നത് താൽപര്യമില്ലെന്ന് പ്രവാചനെ(സ) ചെന്നുകണ്ട് ജുവയ്‌രിയ പരാതി ബോധിപ്പിച്ചു, ‘മുകാതബ’ ക്കുള്ള ധനം സാബിതിന് നല്‍കാന്‍ തന്നെ സാമ്പത്തികമായി സഹായിക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. പ്രവാചകൻ (സ) അവരെ സാമ്പത്തികമായി സഹായിക്കാൻ തയ്യാറാണെന്ന് അറിയിക്കുന്നതോടൊപ്പം മറ്റൊരു ആശയം മുന്നോട്ടുവച്ചു. ജുവയ്‌രിയയെ വിവാഹം കഴിക്കാൻ താന്‍ സന്നദ്ധനാണെന്നും അതിന് സമ്മതമാണോ എന്നതുമായിരുന്നു അത്. ജുവയ്‌രിയ വിവാഹാന്വേഷണം സന്തോഷപൂര്‍വം സ്വീകരിച്ചു.
(മുസ്നദ് അഹ്‌മദ്: 26365)

പ്രവാചകന്റെ(സ) കാലഘട്ടത്തിലെ ഇസ്‌ലാമിക സമൂഹത്തിൽ അടിമ സ്ത്രീകൾ ലൈംഗീക ബന്ധത്തിന് നിർബന്ധിക്കപ്പെട്ടിട്ടില്ലെന്നതും ജുവൈരിയയുടെ ചരിത്രം ഖണ്ഡിതമായി തെളിയിക്കുന്നു.

4. “ബഹുദൈവവിശ്വാസിനികളെ – അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌.”
(ഖുർആൻ: 2:221 )

സൂചിപ്പിച്ച ഖുർആനിക വചനപ്രകാരം ബഹുദൈവിശ്വാസിനികളെ വിവാഹം ചെയ്യലും അവരുമായി ലൈംഗിക ബന്ധം സ്ഥാപിക്കലും മുസ്‌ലിംകൾക്ക് നിഷിദ്ധമാണ്. അവ്ത്വാസുകാരാകട്ടെ ബഹുദൈവ വിശ്വാസികളായിരുന്നു. അപ്പോൾ അവരുമായി ബന്ധം സ്ഥാപിക്കുന്നതിന്/വിവാഹം ചെയ്യുന്നതിന് മുമ്പ് അവർ ഇസ്‌ലാം സ്വീകരിച്ചുവെന്ന് മനസ്സിലാക്കണം. അത് ഹദീസിൽ പ്രത്യേകം പറഞ്ഞില്ലെങ്കിലും മതത്തിന്റെ പൊതുവായ നിയമമാണല്ലൊ. ഇത് ഇമാം ശാഫിഈ, ഇമാം നവവി(ശർഹു മുസ്‌ലിം: 10/36), ഇമാം ഇബ്നു ഹസം (മുഹല്ലാ: 1/132), ഇബ്നു ഖുദാമ (അൽ മുഗ്‌നി: 7/134) ഹംദാനി, സുഹ്‌രി, സഈദിബ്നു ജുബൈർ, ഔസാഈ, സൗരി, അബൂഹനീഫ, മാലിക്, ഇബ്നു അബ്ദുൽ ബിർറ് തുടങ്ങി ഒട്ടുമിക്ക പണ്ഡിതന്മാരും വ്യക്തമാക്കുന്നുണ്ട്.
മുസ്‌ലിംകളല്ലാത്ത സമൂഹങ്ങളിൽ ജൂത ക്രിസ്ത്യൻ സ്ത്രീകളെ വിവാഹം കഴിക്കുന്നതും അവരിൽ നിന്നുള്ള അടിമ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതും മാത്രമേ ഇസ്‌ലാം അനുവദിക്കുന്നുള്ളു എന്നർത്ഥം. ബൈബിളാകട്ടെ തോറയാകട്ടെ ഇത്തരമൊരു ബന്ധത്തെ അംഗീകരിച്ചിട്ടുണ്ടായിരിക്കെ ഉഭയകക്ഷി ധാരണയോടെ ഉള്ള ഈ ബന്ധത്തിൽ എന്താണ് അനീതി. അതുമല്ലെങ്കിൽ ഇസ്‌ലാം സ്വീകരിക്കുകയും മുസ്‌ലിം സമൂഹത്തിന്റെ ഭാഗമാവുകയും ചെയ്ത ഒരു അടിമ സ്ത്രീയുമായി ബന്ധം സ്ഥാപിക്കുന്നതിലും “ബന്ധം അടിച്ചേൽപ്പിക്കൽ” ഉണ്ടോ?!

5. പ്രവാചകന്റെ(സ) ഹദീസുകളിലോ ഇസ്‌ലാമിക ചരിത്രത്തിലോ ബന്ദികളായ സ്ത്രീകളെ ബലാൽസംഗം നടത്തുന്നതിനെ അനുകൂലിച്ച് ഒരു പരാമർശം പോലും കാണാൻ സാധ്യമല്ല. അടിമ സ്ത്രീകളെ അല്ലെങ്കിൽ ബന്ദികളായി പിടിക്കപ്പെട്ട സ്ത്രീകളെ ബലാൽസംഗം ചെയ്യാനോ അവരുടെ സമ്മതമില്ലാതെ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധം സ്ഥാപിക്കുവാനോ അനുവാദം നൽകുന്ന ഒരു വാചകമെങ്കിലും ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ തെളിവ് കൊണ്ടുവരാൻ ലോകാവസാനം വരെ ഇസ്‌ലാം വിരോധികൾക്കാർക്കും സാധിക്കില്ല. മാത്രമല്ല സ്ത്രീകൾക്കെതിരെയുള്ള അക്രമത്തെ ശക്തമായി നിരോധിച്ചു കൊണ്ടുള്ളവ എണ്ണമറ്റതുമാണ്. ചില ഉദാഹരണങ്ങൾ കാണുക:

ﻋَﻦْ ﻋِﻜْﺮِﻣَﺔَ، ﺃَﻧَّﻪُ ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: ﻻَ ﺗَﺤْﻤِﻠُﻮا اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣَﺎ ﻳَﻜْﺮَﻫْﻦَ
مصنف عبد الرزاق
ഇഖ്‌രിമയിൽ(റ) നിന്ന്: അല്ലാഹുവിന്റെ തിരുദൂതൻ (സ) പറഞ്ഞു: “സ്ത്രീകളെ അവർ വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.
(മുസ്വന്നഫ് അബ്ദുർ റസാഖ്: 10320)

وعَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( اللَّهُمَّ إِنِّي أُحَرِّجُ حَقَّ الضَّعِيفَيْنِ الْيَتِيمِ وَالْمَرْأَةِ )

അബൂഹുറൈയ്റയിൽ -رضي الله عنه- നിന്ന്: പ്രവാചകൻ ﷺ പറഞ്ഞു:
“അല്ലാഹുവാണെ സാക്ഷി, അനാഥ, സ്ത്രീ എന്നീ രണ്ട് ദുർബല വിഭാഗങ്ങളുടെ അവകാശങ്ങളെ (നിറവേറ്റുന്നതിൽ പരാജയപ്പെടുന്നതിലുള്ള പാപത്തെ) സംബന്ധിച്ച് ഞാൻ നിങ്ങൾക്ക് ശക്തമായ താക്കീത് നൽകുന്നു.”
(മുസ്നദു അഹ്‌മദ്‌: 2/439, റിയാളുസ്സ്വാലിഹീൻ: 146)

ﻋَﻦْ ﺳَﻠَﻤَﺔَ ﺑْﻦِ اﻟْﻤُﺤَﺒَّﻖِ ﻗَﺎﻝَ: «ﻗَﻀَﻰ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻓِﻲ ﺭَﺟُﻞٍ ﻭَﻃِﺊَ ﺟَﺎﺭِﻳَﺔَ اﻣْﺮَﺃَﺗِﻪِ، ﺇِﻥْ ﻛَﺎﻥَ اﺳْﺘَﻜْﺮَﻫَﻬَﺎ ﻓَﻬِﻲَ ﺣُﺮَّﺓٌ، ﻭَﻋَﻠَﻴْﻪِ ﻣِﺜْﻠَﻬَﺎ، ﻭَﺇِﻥْ ﻛَﺎﻧَﺖْ ﻃَﺎﻭَﻋَﺘْﻪُ ﻓَﻬِﻲَ ﻟَﻪُ ﻭَﻋَﻠَﻴْﻪِ ﻟِﺴَﻴِّﺪَﺗِﻬَﺎ ﻣِﺜْﻠَﻬَﺎ»
തന്റെ ഭാര്യയുടെ അടിമസ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഒരു വ്യക്തിയുടെ കാര്യത്തിൽ വിധി പറയവെ അടിമസ്ത്രീ ബന്ധത്തിന് നിർബന്ധിക്കപ്പെടുകയാണ് ഉണ്ടായതെങ്കിൽ അവൾ സ്വതന്ത്രയാണെന്ന് പ്രവാചകൻ (സ) പ്രസ്ഥാവിച്ചിട്ടുണ്ട്. (മുസ്വന്നഫ് അബ്ദുർ റസാഖ്: 13417)

പ്രവാചകന്റെ(സ) കാലഘട്ടത്തിലെ ഇസ്‌ലാമിക സമൂഹത്തിൽ അടിമ സ്ത്രീകൾ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കപ്പെട്ടിട്ടില്ല എന്നതിന് ജുവൈരിയയുടെയും സ്വഫിയ്യയുടെയും ചരിത്രം വ്യക്തമായ സാക്ഷ്യമാണ്.

പ്രവാചകപത്നി സ്വഫിയ്യയുടെ അടിമത്ത മോചനവുമായി ബന്ധപ്പെട്ട അനുഭവം തന്നെ പരിശോധിക്കുക. ഖൈബർ യുദ്ധത്തിൽ ബന്ദികളാക്കപ്പെട്ടവരുടെ കൂട്ടത്തിൽ സ്വഫിയ്യയും ഉണ്ടായിരുന്നു. പ്രവാചകൻ (സ) അവരെ സ്വന്തത്തിനായി തിരഞ്ഞെടുക്കുകയും അവർക്ക് മുമ്പിൽ രണ്ട് വഴികളിലൊന്ന് തിരഞ്ഞെടുക്കാനായി അവസരം നൽകുകയും ചെയ്തു. ഒന്നുകിൽ മോചിതയാവുകയും തന്റെ ഭാര്യയാവുകയും ചെയ്യുക. അല്ലെങ്കിൽ മോചിതയാവുകയും കുടുംബത്തിലേക്ക് ചെന്നുചേരുകയും ചെയ്യാം. മോചിതയാവുകയും പ്രവാചകന്റെ പത്നിയാവുകയും ചെയ്യുക എന്നതാണ് സ്വഫിയ്യ സ്വമനസ്സാൽ തിരഞ്ഞെടുത്തത്.
(സ്വഹീഹു ഇബ്നുഹിബ്ബാൻ: 4613)

ശത്രു സൈന്യത്തിലെ പുരുഷന്മാർ തങ്ങളുമായി ലൈംഗിക ബന്ധം സ്ഥാപിക്കുന്നത് സ്വമനസ്സാ, ബന്ദികളായി പിടിക്കപ്പെട്ട സ്ത്രീകൾ അംഗീകരിക്കുമോ എന്ന സംശയം ഉദിക്കുന്നതു തന്നെ കാലഘട്ടത്തിന്റെയും സാമൂഹിക വ്യവസ്ഥയുടേയും വിശാലമായ അന്തരം സങ്കൽപ്പിക്കാൻ കഴിയാത്തത് കൊണ്ടോ ഒരുക്കമല്ലാത്തത് കൊണ്ടോ ആണ്.

ഇസ്‌ലാമിക യുഗപ്പിറവിക്ക് മുമ്പ് ഇസ്രാഈല്യരിൽ നിലനിന്നിരുന്ന യുദ്ധധർമ്മ വ്യവസ്ഥക്ക് കീഴിൽ ജീവിച്ചിരുന്ന സ്ത്രീകളുടെ മനശാസ്ത്രത്തെ സംബന്ധിച്ച് പാശ്ചാത്യ ദൈവശാസ്‌ത്രപണ്‌ഡിതർ വ്യക്തത തരുന്നുണ്ട്.

അമേരിക്കൻ മെത്തോഡിസ്റ്റ് ഇപ്പിസ്കപ്ൽ തിയോളജിയനും എജ്യൂക്കേഷനിലിസ്റ്റും ആയിരുന്ന ജോൺ മക്ലിന്റോക്ക് (John McClintock ) എഴുതുന്നു:

യുദ്ധത്തിൽ പിതാവിനെയും ഭർത്താവിനെയും അനുഗമിക്കുന്ന സ്ത്രീകൾ, എൻഗേജ്മെന്റിന് മുൻപ് സാധാരണ ധരിക്കുന്ന ഏറ്റവും മുന്തിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചിരുന്നു; അഥവാ തോൽവി സംഭവിക്കുകയാണെങ്കിൽ ബന്ദികളാക്കിയവരുടെ ദൃഷ്ടിയിൽ പ്രീതി ലഭിക്കുക എന്ന പ്രതീക്ഷയിലാണ് ഇത് ചെയ്തിരുന്നത്.

(John McClintock, James Strong, “Cyclopedia of Biblical, Theological, and Ecclesiastical Literature” [Harper & Brothers, 1894], p. 782)

വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഡിപ്പാർട്മെന്റ് ഓഫ് ഹിസ്റ്ററി വിഭാഗത്തിലെ മാത്യു ബി. ഷ്വാർട്സ് (Matthew B. Schwartz) എഴുതുന്നു:
ബൈബിളിലെ ഇസ്രാഈല്യർ ദൈവ ദൂതനുമായാണ് യുദ്ധത്തിനു പോയിരുന്നത് എന്നിരുന്നാലും രക്തത്തിൻറെയും അക്രമത്തിൻറെയും വേലിയേറ്റത്തിൽ‌ അവർ അകപ്പെട്ടേക്കും. സൈനികമോ കായികമോ ആയ വീരസാഹസികത്വത്തെ പാശ്ചാത്യരുടെ മനസ്സ്, ലൈംഗിക വിജയവുമായി ബന്ധപ്പെടുത്തുന്നു. സുന്ദരികളായ പെൺകുട്ടികൾ, വിജയിയായ നായകന്റെ ചുറ്റുമാണ് കൂടുക. തോറ്റ സൈനികകർക്ക് ഒപ്പമല്ല. വിജയിയായ നായകനിലേക്ക് സ്ത്രീകൾ ആകർഷിക്കപ്പെടുക എന്നത് അന്ന് യുദ്ധവുമായി ബന്ധപ്പെട്ട ഒരു വസ്തുതയും പ്രതിഭാസവുമായിരുന്നു.
(Matthew B. Schwartz, Kalman J. Kaplan, “The Fruit of Her Hands: The Psychology of Biblical Women” [Wm. B. Eerdmans Publishing, 2007] , pp. 146-147)

(ഉത്സരണം: bassam zawadi: https://www.call-to monotheism.com/does _islam_permit_muslim_ men_to_rape_ their_ slave_girls_)

ഇസ്‌ലാമിന് മുമ്പ് നിലനിന്നിരുന്ന കുത്തഴിഞ്ഞ ബന്ധന-അടിമത്ത വ്യവസ്ഥയിലെ സ്ത്രീസമൂഹത്തിന്റെ മനസ്സ് ഇപ്രകാരമായിരുന്നെങ്കിൽ ഇസ്‌ലാം -കാലഘട്ടത്തിന്റെ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട്- ആവിഷ്കരിച്ച ഏറ്റവും മാനവികവും നീതിയുക്തവുമായ വ്യവഹാരവും സമീപനവും അന്നത്തെ സ്ത്രീകൾക്ക് എത്രയോ സ്വാഭാവികവും ദയാപരവുമായി അനുഭവപ്പെട്ടിട്ടുണ്ടാവും എന്ന് മനസ്സിലാക്കാവുന്നതേയുള്ളു. ആയിരത്തി നാന്നൂറ് വർഷങ്ങൾക്ക് മുമ്പ് ഗോത്ര വ്യവസ്ഥയിൽ അധിഷ്ടിതമായ സാമൂഹിക സ്ഥിതിക്കുള്ളിൽ നിന്നാകണം അന്നത്തെ സ്ത്രീകളുടെ മനസ്ഥിതിയെ വിലയിരുത്താൻ. ഇടതടവില്ലാതെ യുദ്ധങ്ങളും വിയോഗങ്ങളും കൊലയും കൊള്ളയും നടന്നിരുന്ന ഒരു കാലഘട്ടം… ഒട്ടക പന്തയത്തിന്റെ പേരിൽ ആരംഭിച്ച യുദ്ധം പതിറ്റാണ്ടുകൾ നീണ്ടു നിന്ന ഡാർക്ക് എയ്ജ്… സ്ത്രീകളെ ഇഷ്ടാനുസരണം കൊല്ലുകയും ബലാൽസംഗത്തിനിരയാക്കുകയും അടിമസ്ത്രീകളുമായുള്ള ലൈംഗികത വേശ്യാവൃത്തിക്കായി മാത്രം ചുരുങ്ങി പോവുകയും ചെയ്ത ദുരവസ്ഥയെ നിർമാർജനം ചെയ്ത് അവരുടെ ലൈംഗിക പരിശുദ്ധിയും ആത്മാഭിമാനവും ഉറപ്പുവരുത്തുന്ന വിധത്തില്‍ ഒന്നുകില്‍ അവരെ വിവാഹം കഴിക്കുകയോ അല്ലെങ്കിൽ വിവാഹത്തിനവസരമുണ്ടാക്കി കൊടുക്കുകയോ, അതുമല്ലെങ്കില്‍ അവളുടെ സംരക്ഷണവും ഉത്തരവാദിത്തവും ഏറ്റെടുത്തിട്ടുള്ള ഉടമ മാത്രം അവളുടെ സമ്മതത്തോടെ ലൈംഗിക ബന്ധം സ്ഥാപിക്കുകയോ ചെയ്യുക എന്ന തികച്ചും മാന്യവും മനുഷ്യപ്പറ്റുള്ളതും വിപ്ലവാത്മകവുമായ വ്യവസ്ഥയാണ് ഇസ്‌ലാം ആവിഷ്കരിച്ചത്. ഉടമയുടെ കുഞ്ഞിന് ജന്മം നൽകുന്ന അടിമ സ്ത്രീകൾക്ക് ഭാഗികമായും ഉടമയുടെ മരണത്തോടെ പൂർണമായും സ്വാതന്ത്ര്യം ലഭിക്കുന്നുവെന്ന ഉദാരമായ നിയമം കൊണ്ടുവന്നു. ഉടമയിൽ ജനിക്കുന്ന കുഞ്ഞിന് സ്വാതന്ത്ര്യവും പിതൃത്വവും ഇസ്‌ലാം ഉറപ്പു നൽകി. അതിലൂടെ ഒരു തലമുറയോടെ അടിമത്തം അലിഞ്ഞില്ലാതാകുന്ന പ്രത്യാശാജനകമായ ജീവിതം അവർക്ക് സമ്മാനിച്ചു. ഇത്തരമൊരു ബന്ധത്തിലൂടെ ശത്രുനിരയിൽ നിന്ന് എത്തി ചേർന്ന അവർ യാതൊരു പ്രകോപനങ്ങളുമില്ലാതെ സമൂഹ ധാരയിൽ ഇഴുകി ചേരുന്നു. ഭർത്താക്കന്മാരുടെ വിയോഗമോ വേർപാടോ കാരണം ലൈംഗികത, ദാമ്പത്യം, കുടുംബ ജീവിതം എന്നിവയെല്ലാം അവർക്ക് എന്നെന്നേക്കുമായി നിഷേധിക്കപ്പെടുകയെന്ന അവസ്ഥ ഇസ്‌ലാം ആവിഷ്കരിച്ച അക്രമരഹിതവും മാനവികവുമായ പുതിയ, അടിമ ഉടമ ബന്ധത്തിലൂടെ ഇല്ലാതെയാകുന്നു. ഇത്തരമൊരു വ്യവസ്ഥ ഇല്ലായിരുന്നെങ്കിൽ അവൾ എന്നെന്നും അടിമയായി ജീവിക്കുകയും അടിമകൾക്ക് ജന്മം നൽകുകയും ചെയ്യുമായിരുന്നു. ലൈംഗികതയും കുടുംബ ജീവിതവും അവൾക്ക് എന്നന്നേക്കുമായി നിഷേധിക്കപ്പെടുമായിരുന്നു. അടിമ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഇത്തരമൊരു വ്യവസ്ഥ ഉടമയെ പോലെ, അല്ലെങ്കിൽ അവരേക്കാൾ ഏറെ അടിമസ്ത്രീക്കാണ് ഗുണകരം. സ്വാഭാവികമായും ഇസ്‌ലാം ആവിഷ്ക്കരിച്ച ഈ വിപ്ലവകരമായ വ്യവസ്ഥ അന്നത്തെ സ്ത്രീകൾ കാരുണ്യമായാണ് മനസ്സിലാക്കിയത്.

അന്നത്തെ സ്ത്രീകളുടെ മനോവികാരങ്ങളും ജീവിത ശൈലിയും സാമൂഹിക പശ്ചാത്തലവും എത്ര മാത്രം വ്യത്യസ്ഥമായിരുന്നു എന്ന് ചിന്തിക്കാനും ഉൾകൊള്ളാനും കഴിയുമ്പോളെ ഈ വസ്തുത തിരിച്ചറിയാൻ സാധിക്കൂ. ഈ കാര്യങ്ങളൊന്നും തന്നെ ഉൾക്കൊള്ളാൻ പലർക്കും കഴിയാത്തത് കൊണ്ടാണ് -അടിമത്ത വ്യവസ്ഥ നിരോധിക്കപ്പെടുകയും തടവുശിക്ഷയും ജയിലുകളുമെല്ലാം തൽസ്ഥാനത്ത് പുനർ നിർമ്മിക്കപ്പെടുകയും ചെയ്ത ആധുനിക ലോകത്ത് ജീവിക്കുന്ന- ഇസ്‌ലാം വിമർശകർക്ക് അടിമ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധങ്ങളെല്ലാം ബലാൽസംഗമായി തെറ്റിദ്ധരിപ്പിക്കാൻ സാധിക്കുന്നത്.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.