ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -1

//ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -1
//ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -1
ആനുകാലികം

ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ? -1

പ്രവാചകന്റെ(സ) ജീവിത കാലഘട്ടത്തിൽ ഹവാസിൻ ഗോത്രക്കാരുടെ താഴ്‌വരയായിരുന്നു ‘അവ്ത്വാസ്’ എന്ന് അറബ് ഭൂമിശാസ്‌ത്രഗ്രന്ഥകാരനായ ‘യാകൂത്തുൽ ഹമവി’ പറയുന്നു. (മുഅ്ജ മുൽ ബുൽദാൻ: 1/224)
ഹുനൈനിനും ത്വാഇഫിനും ഇടയിലുള്ള ഒരു പ്രദേശം. മക്ക, മദീന, ത്വാഇഫ് എന്നീ നാടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഭൂമിയാണ് ഹുനൈൻ. അവിടെ വെച്ച് ഹവാസിൻ ഗോത്രക്കാർ മുസ്‌ലിംകളുമായി നടത്തിയ യുദ്ധത്തെ സ്ഥലത്തോട് ചേർത്ത് ഹുനൈൻ യുദ്ധം എന്ന് പറയപ്പെട്ടു. ഹിജ്റ എട്ടാം വർഷം ശവ്വാൽ മാസത്തിലായിരുന്നു അത്. ഹുനൈൻ യുദ്ധം രണ്ട് ഘട്ടമായാണ് നടന്നത്. ആദ്യ ഘട്ടം ഹുനൈൻ താഴ്‌വരയിലും രണ്ടാം ഘട്ടം അവ്ത്വാസ് താഴ്‌വരയിലും. അപ്പോൾ ഹുനൈൻ യുദ്ധത്തെ തന്നെ അവ്ത്വാസ് യുദ്ധം എന്നും ഹവാസിൻ യുദ്ധമെന്നും പറയപ്പെടുന്നു. (ഫത്ഹുൽ ബാരി: 8/3, ശർഹുൽ മവാഹിബ്: 3/497).
ഹുനൈൻ യുദ്ധത്തിനായി ഹവാസിൻ, സകീഫ് ഗോത്രക്കാർ സൈന്യത്തെ ഒരുമിച്ചു കൂട്ടിയതും സംഘടിച്ചതും അവ്ത്വാസിൽ ആയിരുന്നു. (ഫത്ഹുൽ ബാരി) യുദ്ധത്തിന്റെ തുടക്കവും ഒടുക്കവും ആ താഴ്‌വരയിൽ തന്നെ.

യുദ്ധകാരണം:

മക്കാ ജീവിത കാലഘട്ടത്തിൽ മുസ്‌ലിംകൾക്കുമേലുള്ള അക്രമങ്ങൾ അനുദിനം വർദ്ധിച്ചു വന്നു. സ്വന്തം നാടും വീടും കുടുംബവുമെല്ലാം വിട്ടെറിഞ്ഞ് മദീനയിലേക്ക് മതസ്വാതന്ത്ര്യത്തിനായി പാലായനം ചെയ്ത മുസ്‌ലിംകളെ മക്കയിലെ പ്രമാണിമാർ വെറുതെ വിടാൻ ഒരുക്കമായിരുന്നില്ല. ബദർ, ഉഹ്ദ്, ഖന്ദക്ക് തുടങ്ങിയ യുദ്ധങ്ങളിലൂടെ മക്കയിൽ നിന്നുള്ള ശത്രു സംഘം മുസ്‌ലിംകളുമായി നിരന്തരം സായുധ സമരങ്ങൾ നടത്തി കൊണ്ടിരുന്നു. ഹുദൈബിയാ സമാധാന സന്ധി കൂടി ശത്രുക്കൾ കാറ്റിൽ പറത്തിയതോടെ തങ്ങളുടെ നാടായ മക്കയിലേക്ക് തിരിച്ചു പോകാൻ തന്നെ മുസ്‌ലിംകൾ തീരുമാനിച്ചു. പ്രവാചകനോടും ശിഷ്യരായ സഹസ്രങ്ങളോടും ഏറ്റുമുട്ടാൻ കെൽപ്പില്ലെന്ന് മനസ്സിലാക്കിയ മക്കക്കാർ അദ്ദേഹത്തിനു മുമ്പിൽ നമ്രശിരസ്കരായി കീഴടങ്ങി. “ഇന്ന് പ്രതികാരത്തിന്റേയും രക്ത ചൊരിച്ചിലിന്റേയും ദിവസമായിരിക്കും” എന്ന് കരുതിയ ശത്രുക്കൾക്കാസകലം പ്രവാചക ശ്രേഷ്ടൻ മാപ്പു നൽകി, ഖുർആനിലെ ഒരു വാചകം ഉരുവിട്ടു:
“ഇന്ന് നിങ്ങളുടെ മേല്‍ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. അവന്‍ കരുണയുള്ളവരില്‍ വെച്ച് ഏറ്റവും കാരുണികനാകുന്നു.” (ഖുർആൻ : 12:92)
(ത്വബകാത്തുൽ ഖുബ്റാ: ഇബ്നു സഅ്ദ്: ഹദീസ് നമ്പർ: 1754)

മക്ക വിജയത്തിന്റെ വിവരമറിഞ്ഞ ത്വാഇഫുകാരും പരിസര പ്രദേശക്കാരും യുദ്ധത്തിനൊരുങ്ങി. ത്വാഇഫിലെ പ്രമുഖ ഗോത്രമായ സകീഫ് ഗോത്രം ഹവാസിൻ ഗോത്രക്കാരുമായി സഖ്യമുണ്ടാക്കി. മുസ്‌ലിംകൾ അടുത്തതായി തങ്ങളോട് യുദ്ധം ചെയ്യുമെന്ന് അവർ കണക്കുകൂട്ടി. മക്കയിലെ കൊടിയ പീഢനങ്ങൾക്ക് നടുവിൽ അഭയാർത്ഥിയായി മുഹമ്മദ് നബിയും(സ) അനുചരരും ത്വാഇഫിലേക്ക് ചെന്നപ്പോൾ ത്വാഇഫുകാർ കല്ലെറിഞ്ഞ് ഓടിച്ച ഭൂതകാലം സകീഫ് ഗോത്രക്കാർ ഓർത്തിരിക്കാം. പ്രവാചകന്റേയും അനുചരന്മാരുടേയും ശരീരത്തിൽ നിന്നും കല്ലെറിഞ്ഞ് രക്തമൊഴുക്കുകയും ഭ്രാന്തനെന്ന് പരിഹസിച്ച് ഓടിക്കുകയും ചെയ്തവരായിരുന്നു അവർ.
(അൽ ഇസ്തീആബ്: ഇബ്നു അബ്ദുൽ ബിർറ് : 2/124, ഉസ്ദുൽ ഗായ: ഇബ്നുൽ അസീർ: 2/140)

മുസ്‌ലിംകൾ സകീഫ് – ഹവാസിൻ ഗോത്രക്കാരോട് അവരുടെ നാട്ടിൽ പോയി യുദ്ധം ചെയ്തിട്ടില്ല. മുസ്‌ലിംകൾക്കെതിരിൽ കൊലവിളിയുമായി അവ്ത്വാസ് താഴ്‌വരയിൽ സംഘടിച്ചതും യുദ്ധത്തിന് തുടക്കം കുറിച്ചതും സകീഫ് ഹവാസിൽ ഗോത്രങ്ങളുടെ നേതാക്കളാണ്.
(ഫത്ഹുൽ ബാരി: 8/27, സീറത്തു ഇബ്നു ഹിശാം: 4/87, ത്വബകാത്തുൽ ഖുബ്റാ: ഇബ്നു സഅ്ദ്: 2/324)

മക്കക്കാർ എണ്ണത്തിൽ കുറവായതു കൊണ്ടാണ് അവർ പരാജയപ്പെട്ടതെന്നും തങ്ങളുടെ എണ്ണപ്പെരുപ്പത്തിനു മുന്നിൽ മുസ്‌ലിംകൾ ഒന്നുമല്ലെന്നും അവർ നിനച്ചു. സകീഫ്, ഹവാസിൻ ഗോത്രക്കാരോടൊപ്പം പ്രാദേശികരായ നസ്ർ, ഹിലാൽ, ബനൂ ജുശം തുടങ്ങിയ ഗോത്രങ്ങളും സഖ്യം ചേരുകയുണ്ടായി. സൈന്യത്തിന്റെ മൊത്തം നേതൃത്വം മാലിക് ഇബ്നു ഔഫ് അന്നസ്വ്രിക്കായിരുന്നു. യുദ്ധത്തിനായി പുറപ്പെടുന്ന സൈനികരോട് തങ്ങളുടെ ഭാര്യമാരേയും സ്ത്രീകളേയും കുട്ടികളേയും വിവിധ തരം സ്വത്തും സമ്പത്തുമെല്ലാം ഔത്വാസിലേക്ക് കൂടെ കൊണ്ടുവരാൻ അദ്ദേഹം കൽപ്പന പുറപ്പെടുവിച്ചു ! (സാദുൽ മആദ്: 3/408, സീറത്തു ഇബ്നു ഹിശാം: 4/87)
“സൈന്യത്തിനിടയിൽ ഒട്ടകങ്ങളും കഴുതകളും മുക്രയിടുന്നതും കുട്ടികൾ കരയുന്നതുമൊക്കെ കേൾക്കുന്നല്ലോ ?!” എന്ന് ചോദിച്ച ബനൂ ജുശം ഗോത്രത്തിന്റെ അന്ധനും വയോവൃദ്ധനുമായ യുദ്ധ തന്ത്രജ്ഞൻ ദുറൈദ് ഇബ്നു സ്വിമയോട് മാലിക് പറഞ്ഞ ന്യായം ഇതായിരുന്നു:
“ഓരോ പുരുഷന്റേയും തൊട്ടു പിന്നിൽ തന്നെ അയാളുടെ സ്ത്രീകളേയും കുട്ടികളേയും സമ്പത്തിനേയും വെച്ചാൽ അയാൾ ആത്മാർത്ഥമായി യുദ്ധം ചെയ്യുമല്ലോ. ആരും രണഭൂമിയിൽ നിന്ന് പിന്തിരിഞ്ഞോടില്ല.”
(സ്വഹീഹു മുസ്‌ലിം: ഹദീസ് നമ്പർ: 1059, മുസ്നദു അഹ്മദ്: 12977, മുസ്നദു ത്വയാലിസി : 2192, ശർഹു മുശ്കിലുൽ ആസാർ: ത്വഹാവി: 4786)
എന്നിട്ടും അവരിൽ ഒരുപാട് പേർ രണഭൂമിയിൽ നിന്ന് പിന്തിരിഞ്ഞോടി എന്നതാണ് ചരിത്രം എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ.

അങ്ങനെ, സൈന്യത്തിന്റെ മുൻ നിരയിൽ അശ്വഭടന്മാരേയും മധ്യനിരയിൽ കാലാൾ പടയേയും മൂന്നാം നിരയിൽ സ്ത്രീകളേയും സേനാനായകനായ മാലിക് ഇബ്നു ഔഫ് അണിനിരത്തി. (IBID)

ഹവാസിൻ ഗോത്രക്കാരുടെ ഔത്വാസിലെ ഒരുമിച്ചു കൂടലിനെ സംബന്ധിച്ച വിവരമറിഞ്ഞ പ്രവാചകൻ (സ) അബ്ദുല്ലാഹിബ്നു അബീ ഹദ്റദിൽ അസ്‌ലമിയെ വിശദാംശങ്ങൾ അറിയാനായി അവരുടെ ഇടയിലേക്ക് നിയോഗിച്ചു. അദ്ദേഹം അവർക്കിടയിൽ താമസിക്കുകയും യുദ്ധത്തിനുള്ള തയ്യാറെടുപ്പിനെ സംബന്ധിച്ച് വിവരമറിയിക്കുകയും ചെയ്തു.
(സീറത്തു ഇബ്നു ഹിശാം: 4/89)

അബ്ദുല്ലാഹിബ്നു അബീ ഹദ്റദി മടങ്ങി ചെന്ന് പ്രവാചകനെ വിവരമറിയിച്ചു. ഇതറിഞ്ഞ പ്രവാചകൻ (സ) യുദ്ധത്തിനായി മുസ്‌ലിംകളെ സജ്ജരാക്കി മക്കയിൽ നിന്നും പുറപ്പെട്ടു. ശവ്വാൽ മാസം പതിനൊന്നിന് ചൊവ്വാഴ്ച്ച മുസ്‌ലിം സൈന്യം ഹുനൈൻ താഴ്‌വരയിലെത്തി. ആദ്യ ഘട്ടത്തിൽ മുസ്‌ലിം സൈന്യത്തിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായെങ്കിലും മുസ്‌ലിം സൈന്യത്തിന്റെ വിജയത്തോടെയായിരുന്നു യുദ്ധത്തിന്റെ പര്യവസാനം എന്ന് ചുരുക്കി പറയാം. മുമ്പ് സൂചിപ്പിച്ചതു പോലെ ശത്രു സൈന്യത്തിൽ നിന്ന് ഒരുപാട് പേർ ത്വാഇഫിലേക്ക് ഓടി പോകുകയും ധാരാളം സ്ത്രീകളും കുട്ടികളും രണഭൂമിയിൽ ശേഷിക്കുകയും ചെയ്തു.

ഹുനൈൻ/ഔത്വാസ് യുദ്ധത്തിന്റെ ചരിത്ര പശ്ചാത്തലത്തെ സംബന്ധിച്ച ഈ ഹ്രസ്വ വിവരണം ആമുഖമായി വായിച്ചതിന് ശേഷമായിരിക്കണം ഇസ്‌ലാമോഫോബിയാ പ്രചാരകർ സാധാരണഗതിയിൽ ദുർവ്യാഖ്യാനിച്ചും വികൃതമാക്കിയും അവതരിപ്പിക്കാറുള്ള, താഴെ സൂചിപ്പിക്കുന്ന ഹദീസ് പഠന വിധേയമാക്കാൻ. (യുദ്ധ പശ്ചാത്തലത്തേയോ അനുബന്ധമായ വിശദാംശങ്ങളേയോ സംബന്ധിച്ച് യാതൊരുവിധ ധാരണയുമില്ലാത്തവർക്ക് മുമ്പിൽ ഒരു വലിയ ചരിത്ര സംഭവത്തിലെ നുറുങ്ങ്, തലയും വാലുമില്ലാതെ, അശ്ലീല ചുവയോടെ അവതരിപ്പിക്കുകയെന്ന പതിവു രീതി ഈ ഹദീസിന്റെ കാര്യത്തിലും അവർ തെറ്റിച്ചിട്ടില്ല) ഹദീസ് ഇപ്രകാരമാണ്:

عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم بَعَثَ يَوْمَ حُنَيْنٍ بَعْثًا إِلَى أَوْطَاسٍ فَلَقُوا عَدُوَّهُمْ فَقَاتَلُوهُمْ فَظَهَرُوا عَلَيْهِمْ وَأَصَابُوا لَهُمْ سَبَايَا فَكَأَنَّ أُنَاسًا مِنْ أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم تَحَرَّجُوا مِنْ غِشْيَانِهِنَّ مِنْ أَجْلِ أَزْوَاجِهِنَّ مِنَ الْمُشْرِكِينَ فَأَنْزَلَ اللَّهُ تَعَالَى فِي ذَلِكَ ‏{‏ وَالْمُحْصَنَاتُ مِنَ النِّسَاءِ إِلاَّ مَا مَلَكَتْ أَيْمَانُكُمْ ‏}‏ أَىْ فَهُنَّ لَهُمْ حَلاَلٌ إِذَا انْقَضَتْ عِدَّتُهُنَّ.‏

അബൂ സഈദിൽ ഖുദ്‌രി (റ) നിവേദനം: അല്ലാഹുവിന്റെ തിരുദൂതൻ (സ) ഹുനൈൻ യുദ്ധ ദിവസം
ഔത്വാസിലേക്ക് ഒരു (യുദ്ധ) സംഘത്തെ നിയോഗിക്കുകയുണ്ടായി. അവിടെ അവർ ശത്രുക്കളുമായി കണ്ടുമുട്ടുകയും അങ്ങനെ അവരോട് യുദ്ധം ചെയ്യുകയും അവരുടെ മേൽ വിജയം കൈവരിക്കുകയും ചെയ്തു. അവരിൽ ചിലരെ (യുദ്ധാനന്തര) ബന്ദികളായി ലഭിച്ചു. ബന്ധനസ്ഥരായ സ്ത്രീകളില്‍ (വിവാഹിതരായിരുന്നവരോട്) – അവര്‍ക്ക് ഭര്‍ത്താക്കളുണ്ടായത് കൊണ്ട് – ബന്ധത്തിലേര്‍പ്പെടുവാന്‍ പ്രവാചകാനുചരന്മാർക്ക് വൈമനസ്യം ഉണ്ടായി. ആ സന്ദര്‍ഭത്തില്‍ ഈ വചനം അവതരിച്ചു:

“(മറ്റുള്ളവരുടെ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയവര്‍ (യുദ്ധത്തിൽ ബന്ദികളാക്കപ്പെട്ട അടിമസ്ത്രീകള്‍) ഒഴികെ.”
(വിശുദ്ധ ഖുർആൻ: 4:24)

അതായത് ആ സ്ത്രീകളുടെ ‘ഇദ്ദാ’ കാലഘട്ടം കഴിഞ്ഞാൽ അവർ (വിവാഹം വഴിയോ ഉടമസ്ഥത കൊണ്ടോ, ലൈംഗിക ബന്ധം) അനുവദനീയമാണ്.
(സുനനു അബൂ ദാവൂദ്: 2155)

ഹദീസിന്റെ ഇംഗ്ലീഷ് പരിഭാഷയിൽ ഇപ്രകാരം വന്നിട്ടുണ്ട്.
Some of the Companions of Apostle of Allaahﷺ were reluctant to have intercourse with the female captives in the presence of their husbands who were unbelievers.

ഇവിടെ “in the presence of their husbands” എന്ന വാചകത്തിന് “അവരുടെ ഭർത്താക്കന്മാരുടെ മുന്നിൽ വെച്ച് ബന്ധത്തിലേര്‍പ്പെടുവാന്‍” എന്ന് അർത്ഥം നൽകുകയും തുടർന്ന് തങ്ങളുടെ തോന്നിയവാസങ്ങൾ കൊണ്ട് ഹദീസിനെ വ്യാഖ്യാനിക്കുകയും ചെയ്യുകയാണ് പ്രവാചക വിരോധികൾ. “നിരപരാധികളായ മനുഷ്യരുടെ രാജ്യങ്ങൾ യുദ്ധം ചെയ്ത് പിടിച്ചടക്കുകയും ആ നാടുകളിലെ സ്ത്രീകളെ ബന്ദികളാക്കുകയും, കൂട്ടമായി ലൈംഗിക പീഢനത്തിന് ഇരയാക്കുകയും, അവരുടെ ഭർത്താക്കന്മാരുടെ മുമ്പിൽ വെച്ച് തന്നെ അവരെ ബലാൽസംഗം ചെയ്യുകയുമാണ് പ്രവാചകാനുചരന്മാരുടെ രീതി. അതിന് ഖുർആൻ അനുമതി നൽകുന്നു”… എന്നിങ്ങനെ പോകുന്നു വ്യാഖ്യാന തോന്നിയവാസങ്ങൾ ! ഈ ദുർവ്യാഖ്യാനങ്ങൾക്ക് അക്കമിട്ട് മറുപടി നൽകാം…

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.