ഇസ്ലാമിന്റെ വഴിയിലുള്ളവർക്ക് കലാലയങ്ങളിലേക്ക് കൊലക്കത്തി കൊണ്ടുവരാൻ കഴിയില്ല

//ഇസ്ലാമിന്റെ വഴിയിലുള്ളവർക്ക് കലാലയങ്ങളിലേക്ക് കൊലക്കത്തി കൊണ്ടുവരാൻ കഴിയില്ല
//ഇസ്ലാമിന്റെ വഴിയിലുള്ളവർക്ക് കലാലയങ്ങളിലേക്ക് കൊലക്കത്തി കൊണ്ടുവരാൻ കഴിയില്ല
ആനുകാലികം

ഇസ്ലാമിന്റെ വഴിയിലുള്ളവർക്ക് കലാലയങ്ങളിലേക്ക് കൊലക്കത്തി കൊണ്ടുവരാൻ കഴിയില്ല

കേവലമൊരു ജന്തുവെന്നതിലുപരിയായി സവിശേഷമായ അസ്തിത്വവും വ്യതിരിക്തമായ വ്യക്തിത്വവുമുള്ള സൃഷ്ടിയായാണ് മനുഷ്യനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. തന്റെ ചെയ്തികള്‍ കൊണ്ടുണ്ടാകുന്ന വരുംവരായ്കകളെപ്പറ്റി വിലയിരുത്തി നന്മയുടെ ഫലങ്ങള്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടേണ്ടവരാണവര്‍. വ്യത്യസ്തമായ സൃഷ്ടികള്‍ എന്നതിലുപരിയായി ഒരൊറ്റ അസ്തിത്വ ത്തില്‍ നിന്നുണ്ടായ വ്യതിരിക്തമായ വ്യക്തിത്വമാണ് ഓരോ മനുഷ്യരുടേതും. താനും മറ്റുള്ളവരും തമ്മിലുള്ള പാരസ്പ ര്യത്തെയും ആ രംഗത്ത് പാലിക്കേണ്ട ദൈവിക നിയമങ്ങളെയും അങ്ങനെ പാലിക്കുമ്പോഴുണ്ടാകേണ്ട ദൈവഭക്തിയെയുമെല്ലാം കുറിച്ച ചിന്തകളുടെ മൂലമായി വര്‍ത്തിക്കേണ്ടത് മനുഷ്യരെയെല്ലാം ഒരൊറ്റ അസ്തിത്വത്തില്‍ നിന്നും സൃഷ്ടിച്ച നാഥനെക്കുറിച്ച ബോധമാണെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. ‘മനുഷ്യരേ, നിങ്ങളെയെല്ലാം ഒരൊറ്റ അസ്തിത്വത്തില്‍ നിന്ന് സൃഷ്ടിച്ച നിങ്ങളുടെ നാഥനോട് ഭയഭക്തിയുള്ളവരായിരി ക്കുക'(4:1)യെന്ന ക്വുര്‍ആനിക പാഠം മനുഷ്യാസ്തിത്വത്തിന്റെ ഏകമൂലകത്വത്തെയാണ് പ്രഖ്യാപിക്കുന്നത്. ആദിമനുഷ്യനായി സ്വര്‍ഗത്തില്‍ പ്രത്യക്ഷീഭവിച്ച ഈ ഏകമൂലകത്വത്തില്‍ നിന്ന് അല്ലാഹു അതിന്റെ ഇണയെ സൃഷ്ടിച്ചുവെന്നും അവരില്‍നിന്ന് ആണുങ്ങളെയും പെണ്ണുങ്ങളെയും ഭൂമിയില്‍ വ്യാപിപ്പിച്ചുവെന്നും സൂക്തത്തിന്റെ ബാക്കി ഭാഗത്തുണ്ട്. ആദിമാതാവിന്റെയും പിതാവിന്റെയും മക്കളാണെന്നതിനാല്‍ മനുഷ്യരെല്ലാം സഹോദരങ്ങളാണെന്ന് പറഞ്ഞുപോവുക മാത്രമല്ല ക്വുര്‍ആന്‍ ചെയ്യുന്നത്; പ്രത്യുത പ്രസ്തുത സാഹോദര്യത്തെ ഹനിക്കുന്ന തരത്തിലുള്ള ദേശീയതയും പ്രാദേശികതയും വര്‍ഗീയതയും വംശീയതയും ഭാഷാഭ്രാന്തുമെല്ലാം മിഥ്യകളാണെന്നും മനുഷ്യരുടെ മേല്‍വിലാസത്തിനല്ലാതെ ഒരു ഔദ്ധത്യത്തിനും അവയൊന്നും നിമിത്തമായിക്കൂടാ യെന്നും ക്വുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ‘മനുഷ്യരേ, നിങ്ങളെയെല്ലാം ഒരൊറ്റ ആണില്‍നിന്നും പെണ്ണില്‍ നിന്നുമായാണ് നാം പടച്ചിട്ടുള്ള തെന്നുറപ്പാണ്. വ്യത്യസ്തങ്ങളായ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയിരിക്കുന്നത് നിങ്ങളെ പരസ്പരം തിരിച്ചറിയുന്നതിനു വേണ്ടിയാണ്. അല്ലാഹുവിങ്കല്‍ ആദരണീയന്‍ നിങ്ങളിലെ ധര്‍മനിഷ്ഠ പാലിക്കുന്നവരാണ്, തീര്‍ച്ച'(49:13)യെന്ന ക്വുര്‍ആനികപാഠം എല്ലാത്തരം സങ്കുചിതത്വങ്ങളുടെയും അടിവേരറുക്കുന്നതാണ്.

അല്ലാഹുവിന്റെ പ്രത്യേകമായ ആദരവിന് വിധേയമായവരാണ് മനുഷ്യവര്‍ഗമെന്നാണ് ക്വുര്‍ആന്‍ വ്യക്തമാക്കുന്നത്. ‘നാം
ആദം സന്തതികളെ ആദരിച്ചിരിക്കുന്നു, തീര്‍ച്ച’യെന്ന പ്രഖ്യാപനം കൊണ്ട് തുടങ്ങുന്ന സൂറത്തുല്‍ ഇസ്‌റാഇലെ എഴുപതാം വചനം അവസാനിക്കുന്നത് ‘നാം സൃഷ്ടിച്ചവയില്‍ മിക്കതിനെക്കാളും അവര്‍ക്ക് നാംസവിശേഷത നല്‍കുകയും ചെയ്തിട്ടുണ്ട്’ എന്ന പ്രസ്താവന കൊണ്ടാണെന്ന കാര്യം ശ്രദ്ധേയമാണ് (17:70). ഈ ആദരവ് വിശ്വാസത്തിന്റെയോ കര്‍മങ്ങളുടെയോ അടിസ്ഥാനത്തിലല്ല, പ്രത്യുത മനുഷ്യവര്‍ഗത്തിന് മൊത്തത്തിലുള്ളതാണെന്ന് ‘ആദം സന്തതികളേ’യെന്ന പരാമര്‍ശത്തില്‍നിന്ന് വ്യക്തമാണ്. കൊലക്കുറ്റമെന്ന മഹാപാതകത്തെക്കുറിച്ച് ‘അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്’ എന്നാണ് ക്വുര്‍ആന്‍ പ്രസ്താവിക്കുന്നത്. ‘പരിപാവനമാക്കിയ ജീവന്‍’ എന്ന പ്രയോഗത്തില്‍ മുഴുവന്‍ മനുഷ്യരുടെയും ജീവനുള്‍ക്കൊള്ളുന്നു. അല്ലാഹുവിനാല്‍ പ്രത്യേകമായി ആദരിക്കപ്പെട്ട മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ പരിപാവനമാണെന്നു തന്നെയാണ് ക്വുര്‍ആനിന്റെ അധ്യാപനം. ന്യായപ്രകാരമുള്ള ഹത്യയെ ക്വുര്‍ആന്‍ അനുവദിക്കുകയും നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നുണ്ടെന്നത് ശരിയാണ്. കുറ്റകൃത്യങ്ങളിലൂടെ സാമൂഹികജീവിതത്തിന് ഭീഷണിയായിത്തീരുന്നവരെ നിഷ്‌കാസനം ചെയ്തുകൊണ്ട് സുരക്ഷയും സമാധാനവും ഉണ്ടാക്കുന്നതിന് ഭരണാധികാരികള്‍ക്കുള്ള നിഷ്‌കര്‍ഷയുടെ ഭാഗമാണ് ന്യായപ്രകാരമുള്ള കൊലപാതകം. യുദ്ധത്തിലായാലും അല്ലാത്ത സന്ദര്‍ഭങ്ങളിലായാലും ന്യായപ്രകാരമുള്ള കൊലക്ക് അവകാശമുള്ളത് ഭരണാധികാരിക്ക് മാത്രമാണ് എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. ഭരണാധികാരിയോ അയാള്‍ നിശ്ചയിച്ചവരോ ന്യായമായ ആവശ്യത്തിനുവേണ്ടി നടത്തുന്നതല്ലാതെയുള്ള കൊലപാതകങ്ങ ളെല്ലാം അന്യായവും അല്ലാഹു പവിത്രമാക്കിയ ജീവനെ ഹനിക്കുകയെന്ന മഹാപാതകവുമാണ്. സ്വന്തത്തിന്റെയോ കുടുംബത്തി ന്റെയോ സ്വത്തിന്റെയോ സംരക്ഷണത്തിനുവേണ്ടി നടക്കുന്ന പോരാട്ടത്തില്‍ പ്രതിരോധത്തിനായി വ്യക്തികള്‍ നടത്തുന്ന കൊലപാതകം മാത്രമാണ് ഇതിനുള്ള അപവാദം. അക്രമികളെ പ്രതിരോധിക്കുന്നതിനിടയില്‍ നടക്കുന്ന കൊലപാതകത്തെ ഇസ്‌ലാം അനുവദിക്കുന്നുണ്ട്; ആധുനിക നിയമസംഹിതകളും ജനാധിപത്യ ഭരണഘടനകളുമെല്ലാം അംഗീകരിക്കുന്നതാണ് അത്തരത്തിലുള്ള കൊലപാതകം.

മനുഷ്യജീവന് ഏറെ പവിത്രതയുണ്ടെന്ന് പഠിപ്പിക്കുന്ന ആദര്‍ശമാണ് ഇസ്‌ലാം. ജീവിക്കുവാനുള്ള മനുഷ്യരുടെ അവകാശെത്ത അന്യായമാ യി ഹനിക്കുവാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് അത് പഠിപ്പിക്കുന്നത്. ആദ്യത്തെ കൊലപാതകത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ക്വുര്‍ആന്‍ പറഞ്ഞു:

”അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്രായീല്യരുടെ) അടുത്ത് ചെന്നിട്ടുണ്ട്. എന്നിട്ട് അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.” (5:32)

ഒരാളും അന്യായമായി വധിക്കപ്പെട്ടുകൂടാ എന്ന് ഇസ്രാഈല്യര്‍ക്ക് നല്‍കിയ ദൈവിക ബോധനം അവര്‍ക്ക് നല്‍കപ്പെട്ട പത്ത് കല്‍പനക ളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബൈബിള്‍ പഴയനിയമത്തിലെ പുറപ്പാട് പുസ്തകത്തിലും ആവര്‍ത്തന പുസ്തകത്തിലും ഉദ്ധരിച്ചിരിക്കുന്ന പത്ത് കല്‍പനകളില്‍ ആറാമത്തേത് നീ കൊല്ലരുത്’ എന്നാണ്. ആദമിന് ശേഷം വന്ന പ്രവാചകന്മാരിലൂടെയെല്ലാം അന്യായമായ കൊലക്കെ തിരെയുള്ള ബോധവല്‍ക്കരണമുണ്ടായിട്ടുണ്ടെന്ന് നടേ ഉദ്ധരിച്ച ക്വുര്‍ആന്‍ സൂക്തം സൂചിപ്പിക്കുന്നുണ്ട്. മറ്റൊരാളെ മാത്രമല്ല, സ്വന്തത്തെ വധിക്കാന്‍ പോലും ആര്‍ക്കും അവകാശമില്ലെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. ക്വുര്‍ആന്‍ പറയുന്നു:

”നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു. ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്ന പക്ഷം നാമവനെ നരകാഗ്‌നിയിലിട്ട് കരിക്കുന്നതാണ്. അത് അല്ലാഹുവിന് എളുപ്പമു ള്ള കാര്യമാകുന്നു.” (4:29,30)

ആത്മഹത്യ ചെയ്യുന്നവര്‍ക്ക് സ്വര്‍ഗം നിഷിദ്ധമാണെന്ന് മുഹമ്മദ് നബി (സ) പഠിപ്പിച്ചു: സാബിതുബ്‌നു ദഹ്ഹാകില്‍നിന്ന്: നബി പറഞ്ഞു: ”ഇരുമ്പായുധമുപയോഗിച്ച് സ്വയം ഹത്യ നടത്തിയ ഏതൊരാളും അതേ ആയുധം കൊണ്ട് നരകാഗ്നിയില്‍ ശിക്ഷിക്കപ്പെടുന്ന താണ്.”(സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ ജനാഇസ്)

ജുന്‍ദുബില്‍നിന്ന്: നബി പറഞ്ഞു: മുറിവേറ്റിരുന്ന ഒരാള്‍ അക്കാരണത്താല്‍ ആത്മഹത്യ ചെയ്തു. അപ്പോള്‍ അല്ലാഹു പറഞ്ഞു: അവന്റെ ജീവന്റെ കാര്യത്തില്‍ എന്നെ മുന്‍കടന്ന് പ്രവര്‍ത്തിച്ചിരിക്കുന്നു. അതിനാല്‍ ഞാനവന്ന് സ്വര്‍ഗം നിഷിദ്ധമാക്കി. (സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ ജനാഇസ്)

അബൂഹുറയ്‌റയില്‍നിന്ന്: നബി പറഞ്ഞു: ആരെങ്കിലും ശ്വാസം മുട്ടിച്ച് ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ വെച്ച് അവന്‍ സ്വയം ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കും. ആരെങ്കിലും സ്വദേഹത്തില്‍ കുത്തി ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ വെച്ചവന്‍ സ്വയം മുറിവേല്‍പിച്ചു കൊണ്ടേയിരിക്കും. (സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ ജനാഇസ്)

അബൂഹുറയ്‌റയില്‍ നിന്ന്: നബി പറഞ്ഞു: ഒരാള്‍ മലമുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്താല്‍, അവന്‍ നരകത്തില്‍ വെച്ചും അപ്രകാരം നിത്യവും വീണുകൊണ്ടേയിരിക്കും. വിഷം കഴിച്ച് ആത്മഹത്യ ചെയ്തവന്‍ നരകത്തില്‍ എന്നെന്നും വിഷം കഴിച്ചുകൊ ണ്ടേയിരിക്കും. അവന്റെ കയ്യില്‍ വിഷം എപ്പോഴും ഉണ്ടായിരിക്കും. ഒരാള്‍ ആയുധം ഉപയോഗിച്ച് സ്വശരീരത്തെ വധിച്ചാല്‍ അവന്‍ കാലാകാലവും നരകത്തില്‍ വെച്ച് ആയുധംകൊണ്ട് തന്റെ വയറ് കുത്തിക്കീറികൊണ്ടേയിരിക്കും. ആ ആയുധം അവന്റെ കയ്യില്‍ എപ്പോഴും ഉണ്ടായിരിക്കും. (സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ തിബ്ബ്)

ജുന്‍ദബ്‌നു അബ്ദില്ലയില്‍ നിന്ന്: നബി (സ) പറഞ്ഞു: നിങ്ങളുടെ ഒരു മുന്‍ഗാമിക്ക് മുറിവ് പറ്റി. അക്ഷമനായ അദ്ദേഹം കത്തിയെടുത്ത് തന്റെ കൈമുറിച്ചു. മരിക്കുംവരെ അയാളുടെ രക്തം നിലച്ചില്ല. അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ മരണത്തിലേക്ക് ധൃതി കാണിച്ചു. അവന്ന് ഞാന്‍ സ്വര്‍ഗം നിഷിദ്ധമാക്കി.(സ്വഹീഹുല്‍ ബുഖാരി,കിത്താബുല്‍ മനാഖിബ്)

അന്യായമായി ഒരാളുടെ രക്തം ചിന്തുവാന്‍ വഴികളന്വേഷിച്ച് നടക്കുന്നവന്‍ അല്ലാഹുവിന്റെ കോപത്തിന് ഇരയാകുന്നയാളുകളില്‍ മുന്‍പന്തിയിലായിരിക്കും ഉണ്ടാവുകയെന്നാണ് മുഹമ്മദ് നബി(സ) പഠിപ്പിച്ചത്: ഇബ്‌നുഅബ്ബാസില്‍ നിന്ന്: നബി (സ) പറഞ്ഞു: ജനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും കോപമുണ്ടാവുക മൂന്ന് വിഭാഗം ആളുകളാണ്: മസ്ജിദുല്‍ ഹറാമില്‍ വെച്ച്  അക്രമം പ്രവര്‍ത്തിക്കുന്നവന്‍, ജാഹിലീ കാലഘട്ടത്തിലെ നടപടികള്‍ പാലിക്കാന്‍ ആഗ്രഹിക്കുന്നവന്‍, അന്യായമായി ഒരാളുടെ രക്തം ചിന്താന്‍ വഴി അനേഷിക്കുന്നവന്‍. (സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ ദിയാത്ത്)

അന്ത്യനാളില്‍ ആദ്യമായി വിധി തീര്‍പുകല്‍പിക്കപ്പെടുക കൊലക്കുറ്റത്തിന്റെ കാര്യത്തിലായിരിക്കുമെന്നും നബി (സ) പഠിപ്പിച്ചു: അബ്ദുല്ലയില്‍ നിന്ന്: നബി പറഞ്ഞു: പരലോകത്ത് ആദ്യമായി വിധി തീര്‍പ്പുണ്ടാക്കുക കൊലക്കുറ്റങ്ങള്‍ക്കാണ്. (സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ റിഖാഖ്)

ഇസ്‌ലാമിക സമൂഹത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക് മതം നല്‍കുന്ന വിശാലത അനുഭവിക്കാനാവുക നിരപരാധികളുടെ രക്തം ചിന്താത്ത കാലത്തോളം മാത്രമായിരിക്കുമെന്ന് നബി (സ) വ്യക്തമാക്കി: ഇബ്‌നുഉമറില്‍നിന്ന്: റസൂല്‍ (സ) പറഞ്ഞു: ആദരണീയ ന്റെ (നിരപരാധിയുടെ) രക്തം ചിന്താതിരിക്കുന്നിടത്തോളം സത്യവിശ്വാസിക്ക് ദീനിന്റെ വിശാലത ലഭിച്ചുകൊണ്ടിരിക്കും.(ബുഖാരി)

സത്യവിശ്വാസിയുടെ കരങ്ങളില്‍ നിന്ന് നിരപരാധികള്‍ എപ്പോഴും സുരക്ഷിതരായിരിക്കുമെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. സത്യവിശ്വാസികളുടെ സ്വഭാവ വിശേഷങ്ങളെക്കുറിച്ച് പരാമര്‍ശിക്കവെ ക്വുര്‍ആന്‍ പറഞ്ഞു: ”അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും
ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.” (25:68)

നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളെക്കുറിച്ച് എണ്ണിപ്പറഞ്ഞപ്പോഴും കൊലപാതകത്തെ പ്രത്യേകമായി ക്വുര്‍ആന്‍ എടുത്തുപറഞ്ഞതായി കാണാന്‍ കഴിയും: ”(നബിയേ) പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ് കേള്‍പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച് പോകരുത്. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാെത നിങ്ങള്‍ ഹനിച്ചുകളയ രുത്. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് നല്‍കിയ ഉപേദശമാണത്.” (6:151)

മാതാവിന്റെ ഗര്‍ഭാശയത്തില്‍ ഉരുവം പ്രാപിച്ചു കഴിഞ്ഞാല്‍ എല്ലാവര്‍ക്കും ജനിക്കുവാനും ജീവിക്കുവാനും അവകാശമുണ്ടെന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. പട്ടിണി ഭയന്ന് മക്കളെ കൊല്ലുവാന്‍ ധൃഷ്ടരായിരുന്ന ജാഹിലിയ്യാ അറബികളുടെ സമ്പ്രദായെത്ത വിമര്‍ശിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ ഇന്നു യോജിക്കുക ജനസംഖ്യാ വര്‍ധനവിനെക്കുറിച്ച ഭീതിപരത്തി ഭ്രൂണഹത്യക്ക് പ്രേരിപ്പിക്കുന്നവരുടെ ചെയ്തികള്‍ക്കാണ്. ക്വുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നത് കാണുക: ”ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.” (17:31)

അബ്ദുല്ലായില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: ഏറ്റവും വലിയ പാപം ഏതെന്ന് നബിയോട് ഞാന്‍ അന്വേഷിച്ചു. നബി പറഞ്ഞു: നിന്നെ സൃഷടി ച്ച അല്ലാഹുവിന് നീ സമന്മാരെ കല്‍പിക്കല്‍. അപ്പോള്‍ ഞാന്‍ പറഞ്ഞു: അതു വലിയ പാപം തന്നെ. ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ ‘നിന്റെ കൂടെ ഭക്ഷണം കഴിക്കുമെന്ന് ഭയന്ന് നിന്റെ കുട്ടിയെ കൊല്ലല്‍’പിന്നെ ഏതെന്ന്’ ഞാന്‍ ചോദിച്ചു. നബി പറഞ്ഞു: ‘നിന്റെ അയല്‍ വാസിയുടെ ഭാര്യയെ വ്യഭിചരിക്കല്‍.’ (സ്വഹീഹുല്‍ ബുഖാരി, കിതാബുത്തഫ്‌സീര്‍)

‘അല്ലാഹു പവിത്രമാക്കിയ ജീവന്‍ ഹനിക്കപ്പെടരുത്’ എന്ന ക്വുര്‍ആനിക നിര്‍ദേശത്തോടൊപ്പം തന്നെ ‘ന്യായമായ കാരണങ്ങളാല ല്ലാതെ’യെന്നുകൂടി പറയുന്നുണ്ടെന്ന വസ്തുത ശ്രദ്ധേയമാണ്. ഒരു കാരണവശാലും ജീവന്‍ ഹനിക്കപ്പെട്ടുകൂടാ എന്ന അപ്രായോഗികമായ അഹിംസാ നിയമമല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്. ന്യായമായ കാരണങ്ങളാല്‍ ചിലപ്പോള്‍ ജീവന്‍ ഹനിക്കേണ്ടിവരുമെന്ന വസ്തുത ഇസ്‌ലാം അംഗീകരിക്കുന്നു. ജീവന്‍ ഹിംസിക്കപ്പെടേണ്ട അനിവാര്യമായ സാഹചര്യങ്ങളെന്തൊക്കെയാണെന്ന് കുര്‍ആന്‍ തന്നെ വ്യക്തമാക്കുകയും ചെയ്യുന്നു. നിരപരാധിയുടെ കൊലപാതകം മനുഷ്യരാശിയെ മുഴുവന്‍ കൊല്ലുന്നതിന് സമാനമാണെന്ന് പ്രഖ്യാപിക്കുന്ന ക്വുര്‍ആന്‍ സൂക്തം തന്നെ ഇക്കാര്യം കൂടി പരാമര്‍ശിക്കുന്നുണ്ട്.”മറ്റൊരാളെകൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു.” (5:32)

ഒരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നതിന് പകരമായോ ആണ് ഒരാള്‍ വധിക്കപ്പെടേണ്ടത് എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. കൊലപാതകം, കുഴപ്പം എന്നിവ കൊലക്കുറ്റം അര്‍ഹിക്കുന്ന തെറ്റുകളാണെന്നര്‍ഥം. ഈ തെറ്റുകള്‍ ചെയ്തയാളുടെ ജീവനെടുക്കുന്നത് ന്യായവും അതല്ലാത്തവ അന്യായവുമായ കൊലപാതകങ്ങളാണെന്ന് ഇതില്‍ നിന്ന് സുതരാം വ്യക്തമാണ്. തെറ്റുകള്‍ക്കു ള്ള ശിക്ഷ വിധിക്കേണ്ടത് ന്യായാധിപനാണ്. കൊലപാതകത്തിനും കുഴപ്പത്തിനുമുള്ള ശിക്ഷയും വിധിക്കേണ്ടത് അയാള്‍ തന്നെ. ഭരണാധികാരിയുടെയോ ന്യായാധിപന്റെയൊ നിര്‍ദേശപ്രകാരമുള്ളതല്ലാതെയുള്ള കൊലപാതകങ്ങളെല്ലാം അന്യായമാണെന്നര്‍ഥം. അബദ്ധത്തില്‍ സംഭവിച്ചുപോകുന്നതാണെങ്കില്‍ പോലും കൊലപാതകം അന്യായമായി തന്നെ മനസ്സിലാക്കുകയും അതിനുള്ള പ്രായശ്ചിത്തം ചെയ്യുകയും വേണമെന്ന ഇസ്‌ലാമിക പാഠത്തില്‍ നിന്ന് ഇത് സുതരാം വ്യക്തമാകുന്നുണ്ട്. ക്വുര്‍ആന്‍ പഠിപ്പിക്കുന്നത് കാണുക: ”യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല; അബദ്ധത്തില്‍ വന്നുപോകുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ (പ്രായശ്ചിത്തമായി) ഒരു വിശ്വാസിയായ അടിമയെ മോചിപ്പി ക്കുകയും, അവന്റെ (കൊല്ലപ്പെട്ടവന്റെ) അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് വേണ്ടത്. അവര്‍ (ആ അവകാശി കള്‍) അത് ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ. ഇനി അവന്‍ (കൊല്ലപ്പെട്ടവന്‍) നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില്‍ പെട്ടവനാണ്; അവനാണെങ്കില്‍ സത്യവിശ്വാസിയുമാണ് എങ്കില്‍ സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക മാത്രമാണ് വേണ്ടത്. ഇനി അവന്‍ (കൊല്ലപ്പെട്ടവന്‍) നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില്‍ പെട്ടവനാണെങ്കില്‍ അവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്. വല്ലവന്നും അത് സാധിച്ച് കിട്ടിയില്ലെ ങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ(മാര്‍ഗ)മാണത്. അല്ലാഹു എല്ലാം അറിയുന്നവനുംയുക്തിമാനുമാകുന്നു.” (4:92)

കൊലപാതകത്തിനും കുഴപ്പത്തിനുമുള്ള ശിക്ഷയായി നല്‍കുന്ന വധശിക്ഷയാകട്ടെ, സമൂഹത്തിന്റെ സുസ്ഥിതിക്കുവേണ്ടി നടപ്പാക്കപ്പെ ടേണ്ട പ്രതിക്രിയാ നടപടിയാണെന്നാണ് ഇസ്‌ലാമിന്റെ പക്ഷം. അത് നടപ്പാക്കപ്പെടാത്തപക്ഷം സമൂഹത്തില്‍ അന്യായമായ കൊലപാത കങ്ങള്‍ പെരുകും. കൊലയാളിയും കുഴപ്പമുണ്ടാക്കി സമൂഹത്തില്‍ കലാപങ്ങള്‍ വിതയ്ക്കുന്നവരും മാതൃകാപരമായി ശിക്ഷിക്ക പ്പെടുമ്പോഴാണ് സ്വന്തം ജീവന്‍ ഹനിക്കപ്പെടുമോയെന്ന ഭയപ്പാടില്ലാതെ സമാധാനത്തോടെ പൗരന്മാര്‍ക്കെല്ലാം ജീവിക്കാന്‍ കഴിയുക. വധശിക്ഷ നിഷ്‌കര്‍ഷിക്കുന്ന ക്വുര്‍ആന്‍ സൂക്തം ഇക്കാര്യം സുതരാം വ്യക്തമാക്കുന്നുണ്ട്. ”സത്യവിശ്വാസികളേ, കൊലചെയ്യ പ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്.) ഇനി അവന്ന് (കൊലയാളിക്ക്) തന്റെ സഹോദരന്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്. ഇനി അതിനുശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും. ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ (ഈ നിയമനിര്‍േദശങ്ങള്‍).” (2:178, 179)

കുറ്റവാളി മാത്രമാണ് ശിക്ഷിക്കപ്പെടേണ്ടതെന്നും ഒരാളുടെ അടിമയെ വധിച്ചാല്‍ തിരിച്ച് കൊലയാളിയുടെ അടിമയെ വധിക്കുന്നത് പോലെയുള്ള പ്രാകൃത സമ്പ്രദായങ്ങള്‍ അനീതിയാണെന്നും അവ വര്‍ജിക്കേണ്ടവയാണെന്നും കൊലയാളിയെ ശിക്ഷിക്കണമോ അതല്ല നഷ്ടപരിഹാരം സ്വീകരിച്ച് വെറുതെ വിടണമോ നഷ്ടപരിഹാരത്തില്‍ ഇളവ് ചെയ്യണമോ എന്നെല്ലാം തീരുമാനിക്കുവാനുള്ള ആത്യന്തി കമായ അധികാരം കൊല്ലപ്പെട്ടവന്റെ അവകാശികള്‍ക്കാണെന്നും വ്യക്തമാക്കുന്ന ഈ ക്വുര്‍ആന്‍ സൂക്തങ്ങളിലെ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കുന്നത് ‘ബുദ്ധിമാന്‍മാരേ, തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്’ എന്ന് പറഞ്ഞു കൊണ്ടാണെന്ന വസ്തുത ശ്രദ്ധേയമാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുകയും സമൂഹത്തില്‍ അവര്‍ക്ക് സൈ്വര്യവിഹാരം നടത്തുവാന്‍ അവസരമുണ്ടാവുകയും ചെയ്താല്‍ സമാധാനപൂര്‍ണമായി ജീവിതം സാധ്യമാകാത്ത സ്ഥിതിയാണ് സംജാതമാവുകയെന്നും അതുകൊണ്ടുതന്നെ പ്രതിക്രിയ െചയ്യേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും വ്യക്തമാക്കുകയാണ് ഈ സൂക്തങ്ങള്‍ ചെയ്യുന്നത്. നാട്ടില്‍ കലാപങ്ങളും കുഴപ്പങ്ങളുമുണ്ടാക്കുകയും സൈ്വര്യ ജീവിതത്തെ താറുമാറാക്കുകയും ചെയ്യുന്നവര്‍ക്കും നിഷ്‌കൃഷ്ടമായ ശിക്ഷകള്‍ തന്നെ നല്‍കണമെന്നാണ് ക്വുര്‍ആനിന്റെ അനുശാസന: ”അല്ലാഹുവോടും അവെന്റ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും. എന്നാല്‍, അവര്‍ക്കെതിരില്‍ നടപടിയെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നതിന്റെ മുമ്പായി പശ്ചാത്തപിച്ച് മടങ്ങിയവര്‍ ഇതില്‍ നിന്നൊഴിവാണ്. അല്ലാഹു ഏറെ പൊ
റുക്കുന്നവനും കരുണാനിധിയുമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക.” (5:33,34)

കൊലപാതകങ്ങളും കുഴപ്പങ്ങളുമില്ലാത്ത ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. കൊലയാളിയെയും
കുഴപ്പക്കാരെയും കലാപകാരികളെയും സൈ്വര്യമായ സാമൂഹ്യജീവിതത്തെ തകര്‍ക്കുന്നവരെയും മാതൃകാപരമായി ശിക്ഷിക്കണമെന്ന് പറയുമ്പോള്‍ അതുവഴി ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ലാത്ത സമാധാനപൂര്‍ണമായ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കണമെന്ന ലക്ഷ്യമാണ് ഇസ്‌ലാമിനുള്ളത്. ഇസ്‌ലാമിനെതിരില്‍ യുദ്ധം ചെയ്യുകയും നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്തവര്‍ പിടിക്കപ്പെടുന്നതിന് മുമ്പ് പശ്ചാത്തപിക്കുകയും തങ്ങളുടെ നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്താല്‍ അവര്‍ ശിക്ഷയില്‍ നിന്ന് ഒഴിവാണെന്ന് പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നത് അതുകൊണ്ടാണ്. ശിക്ഷിക്കുകയല്ല, സമാധാനപൂര്‍ണമായ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇസ്‌ലാമിക നിയമങ്ങളുടെ ലക്ഷ്യം. കുഴപ്പങ്ങളും കലാപങ്ങളും കൊലപാതകങ്ങളും അധാര്‍മികതകളും ഇല്ലാത്ത എല്ലാവര്‍ക്കും ശാന്തിയോടെ ജീവിക്കാനാവുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി.

സഹപാഠിയുടെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കുവാന്‍ പ്രേരിപ്പിക്കുന്ന ദര്‍ശനത്തിന്റെ വേരുകള്‍ തിരയേണ്ടത് ഇസ്‌ലാമിലല്ല; പ്രത്യുത കേവലഭൗതിക വിപ്ലവപ്രത്യയശാസ്ത്രങ്ങളിലാണ്. ആയുധം കയ്യിലെടുക്കുവാനുംഎതിരാളിയെ നിഷ്‌കാസനം ചെയ്യുവാനും
വിപ്ലവ പ്രത്യയശാസ്ത്രങ്ങള്‍ക്ക് ന്യായീകരണങ്ങളുണ്ടാകാം. വൈകാരിക ന്യായീകരണങ്ങളില്‍ നിന്നല്ല ദൈവികബോധന പ്രകാരമുള്ള നീതിബോധത്തില്‍ നിന്നാണ് മുസ്‌ലിമിന്റെ ന്യായങ്ങള്‍ ഉരുത്തിരിയുന്നത്. ക്വുര്‍ആനും പ്രവാചകവചനങ്ങളും പ്രമാണങ്ങളായി സ്വീകരിക്കുന്നവര്‍ക്കൊന്നും തന്നെ രാഷ്ട്രീയ എതിരാളിയെ നിഷ്‌കാസനം ചെയ്യുന്നതിന് ആയുധമെടുക്കുന്നവരെ ന്യായീകരിക്കാനാവില്ല. ‘അവര്‍ അങ്ങനെയാണല്ലോ; പിന്നെയെന്തുകൊണ്ട് നമുക്കിങ്ങനെ ആയിക്കൂടാ’യെന്ന ന്യായീകരണം പൈശാചികതയുടേതാണ്. പരമകാരുണികന്റെ വിധിവിലക്കുകളില്‍ വിശ്വസിക്കുന്നവര്‍ക്ക് പിശാചിന്റെ ന്യായീകരണവും നീതീകരണവും തികച്ചും അന്യമാണ്. ‘അവര്‍ എങ്ങനെയായിരുന്നാലും നമുക്ക് ദൈവികബോധനത്തിന് പുറത്തുകടക്കാനാവില്ല’യെന്നതാണ്, ആയിരിക്കണം പ്രവാചകനില്‍ (സ) നിന്ന് മതം പഠിച്ചവരുടെ നിലപാട്. നടന്ന കൊലപാതകം വര്‍ഗീയമായാലും രാഷ്ട്രീയമായാലും മുസ്‌ലിമിന്റെ കണ്ണില്‍ അത് പൈശാചികമാണ്. പൈശാചികമായ കൊലപാതകത്തിന്റെ ന്യായീകരണത്തിന് ഇസ്‌ലാമിക പ്രമാണങ്ങളിലോ പണ്ഡിതവചനങ്ങളിലോ തിരയുന്നത് മൗഢ്യമാണ്. കൊലപാതകം പൈശാചികമാണെന്ന് അംഗീകരിക്കുകയും ആരു ചെയ്താലും അതിനെ ന്യായീകരിക്കുവാന്‍ നമുക്ക് കഴിയില്ലെന്ന് ഉറക്കെ പറയുകയും ചെയ്യുമ്പോള്‍ മാത്രമാണ് കാരുണ്യത്തിന്റെ ദൂതനി(സ)ലൂടെ പൂര്‍ത്തീകരിക്കപ്പെട്ട മതത്തിന്റെ വക്താക്കളാവാന്‍ നമുക്ക് കഴിയുക. അതിനുകഴിവില്ലാത്തവര്‍ എത്രതന്നെ വലിയ അക്ഷരങ്ങളില്‍ ആവര്‍ത്തിച്ചു ഇസ്‌ലാമിന്റെ പേരില്‍ ആണയിട്ടാലും അവര്‍ വര്‍ഗീയവാദികളാണ്. വര്‍ഗീയതക്കുവേണ്ടി മരിക്കുന്നരുടേത് ജാഹിലിയ്യ മരണമാണെന്നാണ് അന്തിമപ്രവാചകന്‍ (സ) പറഞ്ഞിരിക്കുന്നതെന്ന വസ്തുത അത്തരക്കാരുടെ കണ്ണുകള്‍ തുറപ്പിച്ചിരുന്നെങ്കില്‍!

print

2 Comments

Leave a Reply to main capsa online indonesia Cancel Comment

Your email address will not be published.