ഇളവുകൾ സ്വീകരിക്കാനുള്ള വിനയമുണ്ടാകട്ടെ !

//ഇളവുകൾ സ്വീകരിക്കാനുള്ള വിനയമുണ്ടാകട്ടെ !
//ഇളവുകൾ സ്വീകരിക്കാനുള്ള വിനയമുണ്ടാകട്ടെ !
തിരുമൊഴി

ഇളവുകൾ സ്വീകരിക്കാനുള്ള വിനയമുണ്ടാകട്ടെ !

പ്രവാചകന്‍ (സ) പറഞ്ഞു: ”തീര്‍ച്ചയായും അല്ലാഹു അവന്റെ (മനുഷ്യര്‍ക്കായി കനിഞ്ഞരുളിയ) ഇളവുകള്‍ സ്വീകരിക്കപ്പെടുന്നതിനെ ഇഷ്ടപ്പെടുന്നു; അവന്റെ വിലക്കുകളെ സമീപിക്കപ്പെടുന്നത് അവന്‍ വെറുക്കുന്നതുപോലെ.” (അഹ്മദ്: 5832)

നമസ്‌കാരം നാലു റക്അത്തുകളായി നിര്‍വഹിക്കുക എന്ന അടിസ്ഥാനനിയമത്തെ അസീമത്ത് എന്നാണ് ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ വിളിക്കുക. ഈ നമസ്‌കാരങ്ങള്‍ ചുരുക്കി നമസ്‌കരിക്കാന്‍ ഉള്ള സാഹചര്യങ്ങള്‍ ഉണ്ടാകാം. ഉദാഹരണത്തിന് യാത്രക്കാരനാവുക; യാത്രക്കാര്‍ക്ക് ദീര്‍ഘമായി നമസ്‌കരിക്കല്‍ പ്രയാസകരമാണല്ലോ. അതിനാല്‍ കാരുണ്യവാനായ അല്ലാഹു ആ സാഹചര്യത്തെ പരിഗ ണിച്ച് ചുരുക്കി നമസ്‌കരിക്കാന്‍ വിശ്വാസികള്‍ക്ക് അനുവാദം നല്‍കി. ഈ അനുമതിയെ ‘റുഖ്‌സഃ’ അഥവാ ‘ഇളവ്’ എന്നും വിളിക്കപ്പെ ടുന്നു. ഇളവ് നല്‍കപ്പെടാനുള്ള സാഹചര്യത്തെ ‘ഉദ്ര്‍’ എന്നും. ‘ഉദ്ര്‍’ എന്നാല്‍ ‘ഒഴികഴിവ്’ അല്ലെങ്കില്‍ ‘കാരണം’. ഇളവുകള്‍ അല്ലാഹു വിന്റെ കാരുണ്യത്തിന്റെ ഭാഗമാണ്. തനിക്കുനല്‍കപ്പെട്ട ഇളവുകള്‍ സ്വീകരിക്കാത്തവര്‍ കാരുണ്യത്തിന്റെ കണികകള്‍ തനിക്കാവ ശ്യമില്ലെന്ന് പറയാതെ പറയുകയാണ്. ഇമാം ശൗഖാനി പറഞ്ഞു: ”മതപരമായ ഇളവുകള്‍ സ്വീകരിക്കുന്നതിനെ അല്ലാഹു ഇഷ്ടപ്പെടുന്നു വെന്നാണ് ഹദീഥിന്റെ സാരം. പാപങ്ങള്‍ ചെയ്യുന്നതിനോടുള്ള അവന്റെ വെറുപ്പിനോട് അതിനെ താരതമ്യം ചെയ്തതില്‍ നിന്നും മനസ്സിലാക്കാവുന്നത് ഇളവുകള്‍ ഉപേക്ഷിക്കുന്നത് പുണ്യകര്‍മങ്ങള്‍ ഉപേക്ഷിക്കുന്നത് പോലെയാണ് എന്നാകുന്നു” (നൈലുല്‍ ഔത്വാര്‍: 3/244). അഥവാ ഇളവുകള്‍ സ്വീകരിക്കുന്നത് സല്‍കര്‍മവും പുണ്യം ലഭിക്കുന്ന കാര്യവുമായിട്ടാണ് ഇസ്‌ലാം കാണുന്നത്. ”പൊങ്ങച്ചത്തില്‍ നിന്നും അഹങ്കാരത്തില്‍ നിന്നുമുള്ള മോചനവും  പ്രതിരോധവുമാണ് ഇളവുകള്‍ സ്വീകരിക്കല്‍. മതം അനുവദിച്ചതിനെ അനുവദനീയ മായി സ്വീകരിക്കല്‍ വിനയമാണ്. മതം അനുവദിച്ചത് ചെയ്യില്ലെന്ന് ശഠിക്കുകയും തനിക്ക് ഇളവുകളുടെ ആവശ്യമില്ലെന്ന് പൊങ്ങച്ചം നടിക്കുകയും ചെയ്തവന്റെ മതം കുഴപ്പിലാകുന്നു. അതിനാല്‍ ഇളവുകള്‍ സ്വീകരിക്കാന്‍ വിശ്വാസി കല്‍പിക്കപ്പെട്ടിരിക്കുന്നു; അതുമൂലം അഹന്തയേയും, ഇളവുകള്‍ സ്വീകരിച്ചാല്‍ താന്‍ ചെറുതായി പോകുമെന്ന പെരുമനടിക്കലിനെയും അവര്‍ ഇല്ലാതായിരിക്കുന്നു; മനസ്സിനെ മതത്തോട് വിധേയമാക്കുകയും ചെയ്യുന്നു” എന്ന് ഇമാം മുനാവി ഹദീഥിനെ വ്യാഖ്യാനിക്കുന്നു. (ഫൈളുല്‍ ഖദീര്‍: 2/296).

ഇളവുകള്‍ മടിയന്‍മാര്‍ക്കും അലസ്സന്‍മാര്‍ക്കുമുള്ളതാണ്, ദൃഢനും ശക്തനുമായ ഒരു വിശ്വാസി ഇളവുകളെ അവലംബിക്കുന്നത് ശരിയല്ല എന്നെല്ലാം ചിന്തിക്കുന്നവരാണ് നമ്മില്‍ പലരും. എന്നാല്‍ മനുഷ്യരാശിയിലെ ഏറ്റവും വലിയ ഭക്തനും ആരാധനാനിമഗ്നനുമായിരുന്ന പ്രവാചകശ്രേഷ്ഠന്‍ ഇളവുകളെ അല്ലാഹുവിന്റെ ദാനമായി കാണുകയും ആവശ്യാനുസാരം അവ സ്വീകരിക്കുകയും ചെയ്യുമായി രുന്നുവെന്നോര്‍ക്കണം. ”നിങ്ങള്‍ ഭൂമിയില്‍ യാത്ര ചെയ്യുകയാണെങ്കില്‍ സത്യനിഷേധികള്‍ നിങ്ങള്‍ക്ക് നാശം വരുത്തുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നപക്ഷം നമസ്‌കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുഴപ്പമില്ല.” (വി. ക്വുര്‍ആന്‍ 4:101)

നമസ്‌കാരം ചുരുക്കി നിര്‍വഹിക്കാനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള ക്വുര്‍ആന്‍ വചനമാണിത്. വചനത്തില്‍ പ്രസ്താവിക്കപ്പെട്ട ‘ഭയപ്പാടിന്റെ അവസ്ഥ’ ഇപ്പോള്‍ ഇല്ലാത്തതിനാല്‍ നിര്‍ഭയാവസ്ഥയിലും ചുരുക്കിയുള്ള നമസ്‌കാരം അഥവാ ‘ക്വസ്‌റി’ന് നിലനില്‍ പുണ്ടോ എന്ന് ചോദിച്ച അനുചരന്‍ ഉമറിനോട് (റ) പ്രവാചകന്‍ (സ) പറഞ്ഞതിങ്ങനെയാണ്: ”(അത് ഒരു) ദാനമാണ്; നിങ്ങള്‍ക്ക് അല്ലാഹു (കനിഞ്ഞു) നല്‍കിയ ദാനം. അതിനാല്‍ ദാനം നിങ്ങള്‍ സ്വീകരിക്കുക.” (മുസ്‌ലിം: 686)

മനുഷ്യപ്രകൃതിയിലെ ദൗര്‍ബല്യങ്ങളും ന്യൂനതകളും അശക്തതയുമെല്ലാമറിയുന്ന പരമകാരുണികന്റെ ദാനം സ്വീകരിക്കുന്ന ഒരു വിശ്വാസി തന്റെ കുറവും ദുര്‍ബലതയും അംഗീകരിച്ച് സര്‍വശക്തനു മുമ്പില്‍ പൂര്‍ണമായും  തന്റെ താഴ്മയും വിനയവും വിധേയ ത്വവും അംഗീകരിക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവോടുള്ള ‘ഉബുദിയ്യത്തി’ന്റെ അഥവാ ‘അടിമത്വ’ത്തിന്റെ സാക്ഷാല്‍കാരമാണ് ഈ വിനയം. ഇളവുകള്‍ സ്വീകരിക്കുന്നവന്‍ താന്‍ ദുര്‍ബലനും ആവശ്യക്കാരനുമായ എളിയ ദാസനാണെന്നും കാരുണ്യവും ദയാദാക്ഷി ണ്യവും തനിക്കാവശ്യമാണെന്നും അല്ലാഹുവിനു മുമ്പില്‍ സമ്മതിക്കുന്നു. ബോധപൂര്‍വം ഇളവുകളെ നിഷേധിക്കുന്നവന്‍ അറിയാതെ അഹങ്കാരത്തില്‍ ചെന്ന് ആപതിക്കുന്നു. താന്‍ പൂര്‍ണനാണെന്നും തന്റെ കര്‍മങ്ങള്‍ പൂര്‍ണങ്ങളാണെന്നും അവന്‍ കരുതുമ്പോഴും അവന്റെ കര്‍മങ്ങളില്‍ ‘ഉബൂദിയ്യത്തി’ന്റെ അപൂര്‍ണത പ്രതിബന്ധമായി നിലനില്‍ക്കുന്നു. അതുകൊണ്ടാണ് യാത്രയില്‍ നാലു റക്അത്തുകളും പൂര്‍ണമായി നമസ്‌കരിച്ചവനോട് ‘നീ ചുരുക്കി’യെന്നും, ചുരുക്കി നമസ്‌കരിച്ചവനോട് ‘നീ പൂര്‍ണമായി നമസ്‌കരിച്ചു’വെന്നും, പ്രവാചകാനുചരന്‍ ഇബ്‌നു അബ്ബാസ് (റ) പറഞ്ഞത്. ‘ജുമുഅഃയുടെ രണ്ട് റക്അത്ത് നമസ്‌കരിക്കല്‍ പൂര്‍ണമായ നമസ്‌കാരമായതുപോലെ യാത്രക്കാരന് രണ്ടു റക്അത്ത് നമസ്‌കരിക്കല്‍ പൂര്‍ണമായ രൂപമാണ്’ എന്ന് ഉമറും (റ) പറഞ്ഞു.

മക്കാവിജയദിനങ്ങളില്‍ കൊടുംചൂടും ദാഹവുംമൂലം പരാതിപ്പെട്ട അനുചരന്‍മാരുടെ പ്രയാസം മനസ്സിലാക്കിയ പ്രവാചകന്‍ (സ) ജനങ്ങള്‍ കാണേ നോമ്പ് മുറിക്കുകയുണ്ടായി. അതുകണ്ട് ജനങ്ങളും നോമ്പ് മുറിച്ചു. എന്നാല്‍ നോമ്പ് മുറിക്കാതെ ശഠിച്ചുനിന്ന ചിലരുമുണ്ടായിരുന്നു. അവരെപ്പറ്റിയുള്ള വിവരം ലഭിച്ചപ്പോള്‍ പ്രചാവകന്‍ (സ) മൊഴിഞ്ഞു: ‘അവര്‍ അനുസരണശീലമില്ലാത്തവരാണ്, അവര്‍ അനുസരണശീലമില്ലാത്തവരാണ്’ (മുസ്‌ലിം). മക്കയില്‍ എത്രനാള്‍ താമസിക്കുമെന്ന് തീര്‍ച്ചയില്ലാതെ തങ്ങിയതിനാല്‍ യാത്രക്കാരന്‍ എന്ന് സ്വയം പരിഗണിച്ച് പത്തൊമ്പത് ദിവസം അദ്ദേഹം നമസ്‌കാരം ചുരുക്കി നിര്‍വഹിക്കുകയുണ്ടായി;  ജനങ്ങള്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയതും നമസ്‌കാരം ചുരുക്കി നിര്‍വഹിച്ചുകൊണ്ടായിരുന്നു. (ബുഖാരി).

അതിനാല്‍ തന്നെ അലസതയുടെയും മടിയുടെയും മാര്‍ഗമായി ഇളവുകളെ തെറ്റിദ്ധരിച്ചവരായിരുന്നില്ല പ്രവാചകാനുചരന്‍മാര്‍. ‘മിനാ’യില്‍വെച്ച്, യാത്രക്കാരനായിരിക്കെ പൂര്‍ത്തീകരിച്ച് നമസ്‌കരിച്ച ഉസ്മാനോട് (റ) പ്രവാചകാനുചരന്‍മാര്‍ വിയോജിച്ച് പ്രകടിപ്പിക്കുകയുണ്ടായി! ”താന്‍ വിവാഹം ചെയ്തത് മക്കയില്‍ നിന്നാണെന്നും, ഒരാള്‍ ഏതു സമൂഹത്തില്‍നിന്നും വിവാഹം ചെയ്തുവോ അവരില്‍പ്പെട്ടവനാണവന്‍’ എന്ന പ്രവാചകപാഠമനുസരിച്ച് താന്‍ മക്കക്കാരനാണെന്നുമായിരുന്നു” അദ്ദേഹത്തിന്റെ ന്യായം. (ബദാഇഉസ്വനാഇഅ് ഫീ തര്‍ത്തീബിശ്ശറാഇഅ്: ഇമാം കാസാനി) ഇളവുകള്‍ ഉപേക്ഷിച്ചതിനാണ് അവര്‍ ന്യായമന്വേഷിച്ചിരുന്നത്; ഇളവുകള്‍ സ്വീകരിച്ചതിനായിരുന്നില്ലെന്ന് ഓര്‍ക്കണം. ‘എന്തുകൊണ്ട് നാല് പൂര്‍ണമായും നമസ്‌കരികരിച്ചു?’ എന്നാണ് അവര്‍ ചോദിച്ചത്.

നാം ചെയ്യുന്ന കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരത്തിന്റെ വിഷയത്തില്‍പോലും ഇളവുകള്‍ സ്വീകരിക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുവെങ്കില്‍ മതപരവും ഭൗതികവുമായ മറ്റ് ഇളവുകളെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ. ”നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല….” (വി. ക്വുര്‍ആന്‍ 2:185) ‘സാഹചര്യങ്ങള്‍ കുടുസ്സായാല്‍ മതനിയമങ്ങള്‍ വിശാലമാകും’ എന്നത് മതത്തിന്റെ ഒരു അടിസ്ഥാനതത്വമായി പണ്ഡിതന്‍മാര്‍ പഠിപ്പിച്ചുതരുന്നുണ്ട്. കണിശതയിലും കാര്‍ക്കശ്യത്തിലും നിര്‍മിതമായ പുരോഹിത മതമല്ല ഇസ്‌ലാം എന്നര്‍ത്ഥം. ശവവും രക്തവും നിര്‍ബന്ധിതാവസ്ഥയില്‍ ഭക്ഷിക്കല്‍, റമള്വാന്‍ മാസത്തില്‍ യാത്രക്കാര്‍, രോഗികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍ തുടങ്ങിയവര്‍ നോമ്പുപേക്ഷിക്കല്‍, ആവശ്യാവസരങ്ങളില്‍ രണ്ട് സമയങ്ങളിലെ നമസ്‌കാരങ്ങള്‍ ചേര്‍ത്തു നിര്‍വഹിക്കല്‍, വെള്ളമില്ലാത്തപ്പോള്‍ മണ്ണുപയോഗിച്ച് ‘തയ്യമും’ നിര്‍വഹിക്കല്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം. ഇസ്‌ലാമിനെ സാര്‍വകാലികവും സാര്‍വജനികവുമാക്കു ന്നതും പൂര്‍ണതയോടെന്ന പോലെ മനുഷ്യപ്രകൃതിയുടെ അപൂര്‍ണതകളോടും അവ്യവസ്ഥകളോടുമുള്ള അതിന്റെ വഴക്കവും അനുരൂപീകരണവുമാണ്.

print

No comments yet.

Leave a comment

Your email address will not be published.