ഇബ്രാഹിം നബിയുടെ ബലിയും പാലക്കാടൻ പെണ്ണിന്റെ നരബലിയും

//ഇബ്രാഹിം നബിയുടെ ബലിയും പാലക്കാടൻ പെണ്ണിന്റെ നരബലിയും
//ഇബ്രാഹിം നബിയുടെ ബലിയും പാലക്കാടൻ പെണ്ണിന്റെ നരബലിയും
ആനുകാലികം

ഇബ്രാഹിം നബിയുടെ ബലിയും പാലക്കാടൻ പെണ്ണിന്റെ നരബലിയും

ഴിഞ്ഞദിവസം പാലക്കാട്ട് ഒരു സ്ത്രീ സ്വന്തം മകനെ കഴുത്തറുത്ത് കൊന്ന ഖേദകരമായ ഒരു സംഭവം നമ്മൾ കേൾക്കുകയുണ്ടായി. സ്വന്തം മകനെ ദൈവത്തിന് ബലികൊടുത്തതാണ് എന്നാണ് ആ സ്ത്രീ പറഞ്ഞത്.

കേരളത്തിലെ എല്ലാ മുസ്‌ലിം വിഭാഗങ്ങളും ഇതിനെ നിരാകരിക്കുകയും അത് ഇസ്‌ലാമികമല്ല എന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ നാസ്തികരായ ദൈവനിഷേധികൾക്ക് ഈ ഒരു സംഭവത്തെ എങ്ങനെയെങ്കിലും മതങ്ങൾക്കെതിരെയുള്ള ഒരായുധമായി പ്രയോഗിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അത് എങ്ങനെയെങ്കിലും ഇസ്‌ലാമികമാണ് എന്ന് വരുത്തിത്തീർക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് അവരിപ്പോൾ.

അതിന് അവർ കണ്ടെത്തിയ ഒരു ന്യായം ഇബ്രാഹിം നബി ഇസ്മായിൽ നബിയെ അറുക്കാൻ തയ്യാറായിട്ടുണ്ടായിരുന്നല്ലോ, അപ്പോൾ പിന്നെ എന്തിനാണ് ഈ സ്ത്രീയെ വിമർശിക്കുന്നത് എന്നാണ്! യഥാർത്ഥത്തിൽ ആ സ്ത്രീ പോലും ഇബ്രാഹിം നബിയുടെ ബലിയാണ് തന്റെ പ്രചോദനം എന്ന് എവിടെയും പറഞ്ഞിട്ടില്ല. ‘നാസ്തികരാണ് നമ്മുടെ സമൂഹത്തിന് ശാപം’ എന്ന് പറയാറുള്ളത് അതുകൊണ്ട് തന്നെയാണ്. കാരണം മതങ്ങൾ നന്മയും പരസ്പര ഐക്യവും പഠിപ്പിക്കുമ്പോൾ നാസ്തികർ അതിനെയൊക്കെ ദുർവ്യാഖ്യാനിച്ചും വക്രീകരിച്ചും സമൂഹത്തിൽ ഭിന്നതയും സ്പർദ്ധയും ഉണ്ടാക്കുന്നു.

മുൻപ് ഐഎസ് വിഷയം വന്ന സമയത്ത് എല്ലാ മുസ്‌ലിം വിഭാഗങ്ങളും അവരെ തള്ളിപ്പറഞ്ഞപ്പോൾ കേരളത്തിലെ യുക്തിവാദികളുടെ നേതാവായ സി രവിചന്ദ്രൻ പറഞ്ഞത് ISIS ആണ് യഥാർത്ഥ മുസ്‌ലിംകൾ, കേരളത്തിലെ മുസ്‌ലിങ്ങളൊന്നും ഖുർആൻ അനുസരിച്ച് ജീവിക്കുന്നവരല്ല എന്നാണ്!

അപ്പോൾ നിഷേധികളുടെ ഉദ്ദേശ്യം എന്താണെന്ന് ഇതിൽ നിന്നും കൃത്യമായി മനസ്സിലാക്കാം. സമൂഹത്തിൽ ഭിന്നിപ്പും സ്പർദ്ധയും ഉണ്ടാക്കി പരസ്പരം തമ്മിലടിപ്പിച്ച് അതിൽ നിന്ന് മുതലെടുപ്പ് നടത്തി അവരുടെ കച്ചവടം മുന്നോട്ടു കൊണ്ട്പോകണം എന്നുള്ളതാണ് അവരുടെ ഉദ്ദേശ്യം എന്ന് സ്പഷ്ടം.

ഇനി ഇബ്രാഹിം നബി(അ)യുടെ സംഭവം നമുക്കൊന്ന് വിശകലനം ചെയ്യാം. ഇസ്‌ലാമിക വിശ്വാസപ്രകാരം ദൈവം മനുഷ്യരെ പല രീതികളിലും പരീക്ഷിക്കും. പ്രത്യേകിച്ചും പ്രവാചകന്മാർക്കുള്ള പരീക്ഷണങ്ങൾ അല്പം കാഠിന്യമേറിയതായിരിക്കും. കാരണം ഒരു സമൂഹത്തെ നയിക്കേണ്ടവരാണവർ; അതിനവർ പ്രാപ്തരാണോ എന്നുള്ളതാണ് അവിടെ യഥാർത്ഥത്തിൽ ദൈവം പരീക്ഷിക്കുന്നത്.

ഇത്തരം ഒരു പരീക്ഷണമായിരുന്നു ഇബ്രാഹിം നബിയോട് ഇസ്മായിൽ നബിയെ അറുക്കാനുള്ള കൽപ്പന. അത് പൊതുവായുള്ള ഒരു കല്പനയല്ല; ആ കാലഘട്ടത്തിലെ വിശ്വാസികളുടെ പൊതുവായ ഒരു ആചാരവും ആയിരുന്നില്ല; ഏതെങ്കിലും പാപങ്ങൾക്കുള്ള പരിഹാരം എന്നുള്ള നിലക്കുമായിരുന്നില്ല. മറിച്ച്, ഇബ്രാഹിം നബിയെ പരീക്ഷിക്കാൻ വേണ്ടി അദ്ദേഹത്തോട് മാത്രം ദൈവം കൽപ്പിച്ച ഒരു സംഭവമായിരുന്നു അത്.

അതിൻറെ ഒരു സാഹചര്യം കൂടി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഇബ്രാഹിം നബിക്ക് തൻറെ വാർദ്ധക്യം വരെ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല. ഒരു കുഞ്ഞിനെ ലഭിക്കാൻ വേണ്ടി ഇബ്രാഹിം നബി നിരന്തരം ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു. അങ്ങനെയാണ് വാർദ്ധക്യ സമയത്ത് ഒരു കുഞ്ഞ് പിറക്കുന്നത്. അപ്പോൾ ഇബ്രാഹിം നബിക്ക് വല്ലാത്ത ഒരു സന്തോഷം തോന്നി. ആ ഒരു സന്ദർഭത്തിലാണ് ദൈവം ഇബ്രാഹിം നബിയോട് തൻറെ മകനെ അറുക്കണമെന്ന് പറഞ്ഞു കൊണ്ട് പരീക്ഷിക്കുന്നത്.

യഥാർത്ഥത്തിൽ ഇബ്രാഹിം നബിയുടെ ദൈവവിശ്വാസവും സന്നദ്ധതയും എത്രമാത്രമുണ്ട് എന്ന് പരീക്ഷിക്കാനുള്ള ദൈവത്തിൻറെ ഒരു കല്പന മാത്രമായിരുന്നു ഇത്. ഇബ്രാഹിം നബി ഇസ്മായിൽ നബിയെ അറുക്കണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല; അതുകൊണ്ട്തന്നെയാണ് ഇബ്രാഹിം നബി ബലിക്ക് സന്നദ്ധനായപ്പോൾ ദൈവം അവിടെ പെട്ടെന്ന് തന്നെ ഇടപെട്ടതും.

പറഞ്ഞുവരുന്നത്, സ്വന്തം മകനെ അറുക്കുക എന്നുള്ളത് ഒരു പ്രത്യേക സന്ദർഭത്തിൽ ഒരു പ്രത്യേക പ്രവാചകനോടുള്ള കൽപ്പന മാത്രമായിരുന്നു. ഇബ്രാഹിം നബിക്ക് തന്നെ ഇസ്മായിൽ അല്ലാതെ ഇസ്ഹാഖ് എന്ന ഒരു പുത്രൻ കൂടി ഉണ്ടായി; അതിനുശേഷം ഒരുപാട് പ്രവാചകന്മാർ ഈ ലോകത്ത് വന്നു; അവരിൽ പലർക്കും മക്കളുണ്ടായി. എന്നാൽ ആരെങ്കിലും എവിടെയെങ്കിലും ഒരു നരബലി കഴിച്ചതായിട്ട് നമ്മൾ കാണുന്നില്ല. അതിനെ പ്രോത്സാഹിപ്പിച്ചതായും കാണുന്നില്ല. അതിന് എന്തെങ്കിലും പുണ്യമുള്ളതായി ഒരു പ്രവാചകനും – അന്ത്യപ്രവാചകനായ മുഹമ്മദ് നബിയോ – എവിടെയും പറഞ്ഞിട്ടുമില്ല.

ഇബ്രാഹിം നബിയുടെ ബലി പോലെയുള്ള കൽപ്പനകളും പരീക്ഷണങ്ങളും ഇസ്‌ലാമിൽ വേറെയും പലതും കാണുന്നുണ്ട്. ഇബ്രാഹിം നബിയോട് തന്നെ ദൈവം മറ്റൊരിക്കൽ തന്റെ കുടുംബത്തെ ആരാരുമില്ലാത്ത ഒരു മരുഭൂ പ്രദേശത്ത് കൊണ്ടാക്കാൻ പറയുന്നുണ്ട്. അത് ഒരു പൊതുവായ കൽപ്പനയേ അല്ല; അത് നമ്മളാരും ചെയ്യേണ്ടതും അല്ല. ഇബ്രാഹിം നബി ദൈവത്തിൻറെ കല്പനപ്രകാരം ചെയ്തിട്ടുണ്ടല്ലോ എന്ന് കരുതി നമ്മുടെ കുടുംബത്തെയും കൂട്ടി ആളൊഴിഞ്ഞ ഒരു പ്രദേശത്ത് കൊണ്ടുപോയി അവരെ അവിടെ ഉപേക്ഷിച്ച് വന്നാൽ അതിന് യഥാർത്ഥത്തിൽ ദൈവത്തിൽ നിന്ന് പ്രതിഫലമല്ല കിട്ടുക; മറിച്ച് ശിക്ഷയാണ് ലഭിക്കുക എന്നർത്ഥം.

യഥാർത്ഥത്തിൽ ഇസ്‌ലാം മിതത്വത്തിൻറെ ദർശനമാണ്. തീവ്രത ഒരുതലത്തിലും ഇസ്‌ലാം അംഗീകരിക്കുന്നില്ല; അത് വിശ്വാസത്തിൻറെ കാര്യത്തിലാണെങ്കിൽ പോലും. പ്രവാചകൻ (സ) എടുത്തുപറഞ്ഞ ഒരു കാര്യമാണ് ‘ഇസ്‌ലാമിൽ സന്യാസം പാടില്ല’ എന്നത്. ഒരിക്കൽ മൂന്ന് യുവാക്കൾ പ്രവാചകൻറെ അടുത്ത് വന്ന്, അവർ പൂർണമായും ദൈവത്തിന് സമർപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന് പറഞ്ഞു. അതിൽ ഒരാൾ പറഞ്ഞു, താൻ ഇനി എല്ലാദിവസവും ഉറങ്ങാതെ നമസ്കരിച്ചു കൊണ്ടേയിരിക്കും. രണ്ടാമൻ പറഞ്ഞു, താൻ വർഷം മുഴുവൻ എല്ലാ ദിവസവും നോമ്പ് എടുക്കും. മൂന്നാമൻ പറഞ്ഞു, താൻ വിവാഹം കഴിക്കാതെ സദാസമയവും ആചാരാനുഷ്ഠാനങ്ങളിൽ മുഴുകി കൊണ്ടിരിക്കും.

എന്നാൽ പ്രവാചകൻ (സ) അവരെ തിരുത്തുകയാണ് ചെയ്തത്. പ്രവാചകൻ (സ) പറഞ്ഞത് താൻ പലപ്പോഴും ഉറക്കമൊഴിച്ചു നമസ്കരിക്കാറുണ്ടെങ്കിലും ചില ദിവസങ്ങളിൽ ഉറങ്ങാറുണ്ട്; പല ദിവസങ്ങളിലും നോമ്പ് എടുക്കാറുണ്ടെങ്കിലും ചില ദിവസങ്ങളിൽ നോമ്പ് ഉപേക്ഷിക്കാറുമുണ്ട്; പലപ്പോഴും ആചാരാനുഷ്ഠാനങ്ങളിൽ മുഴുകാറുണ്ടെങ്കിലും കുടുംബവുമൊത്ത് സമയം ചെലവഴിക്കാറുമുണ്ട്. മനുഷ്യരിൽ ഏറ്റവും ഉൽകൃഷ്ടർ പ്രവാചകന്മാർ ആണെന്നും, ആ പ്രവാചകന്മാരെയാണ് നമ്മൾ പിൻപറ്റേണ്ടതെന്നും, അതിനപ്പുറത്തേക്ക് വല്ലവരും ചെയ്യുന്നുണ്ടെങ്കിൽ അത് വിശ്വാസത്തിൻറെ അതിരുകവിച്ചിലാണെന്നുമാണ് പ്രവാചകൻ (സ) നമ്മെ പഠിപ്പിച്ചത്.

ഇതേപോലെ ഏതൊരു കാര്യത്തിലും മിതത്വമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സമ്പത്ത് ചെലവഴിക്കുമ്പോൾ പോലും നിങ്ങൾ നിങ്ങളുടെ കയ്യിലുള്ള മുഴുവൻ സമ്പത്തും ചെലവഴിക്കാതെ കുറച്ചൊക്കെ പിൻ തലമുറക്ക് വേണ്ടി ബാക്കി വെക്കുക എന്ന് പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുണ്ട്.

തീവ്രത പലപ്പോഴും പ്രശ്നങ്ങൾക്കും മാനസികനില തെറ്റാനും കാരണമാകും എന്നുള്ളതുകൊണ്ട് തന്നെയാണ് മിതത്വത്തിനു ഇസ്‌ലാം ഇത്രമാത്രം പ്രാധാന്യം കൊടുത്തിട്ടുള്ളത്. നേരത്തെ പറഞ്ഞതുപോലെ ഒരാൾ ആചാരനുഷ്ഠാനങ്ങൾ മാത്രമായി കഴിയുകയാണെങ്കിൽ അവിടെ പലരുടെയും അവകാശങ്ങൾ ഹനിക്കപ്പെടുന്നു. നമ്മുടെ മാതാപിതാക്കൾക്കും മക്കൾക്കും കുടുംബങ്ങൾക്കുമൊക്കെ നമ്മളിൽ ചില അവകാശങ്ങളുണ്ട്.

അതേപോലെ തന്നെ പ്രവാചകൻ (സ) എടുത്തു പറഞ്ഞ മറ്റൊരു സംഗതിയാണ് ‘നിങ്ങൾ സ്വയം നശിപ്പിക്കരുത്’ എന്നുള്ളത്. നമ്മുടെ സമ്പത്തും സമയവും ശരീരവും ഒന്നും തന്നെ വെറുതെ നശിപ്പിച്ചു കളയരുത് എന്നുള്ളതാണ് ഇസ്‌ലാമിൻറെ അധ്യാപനം. അതുകൊണ്ടുതന്നെ ധൂർത്ത് ഇസ്‌ലാം നിഷിദ്ധമാക്കി. ആത്മഹത്യ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞു. നിങ്ങളിൽ ഒരുവൻ അന്യായമായി മറ്റൊരുവനെ കൊല്ലുന്നത് ലോകത്തുള്ള മുഴുവൻ മനുഷ്യരെയും കൊല്ലുന്നതിന് തുല്യമാണ് എന്നും ഖുർആൻ പഠിപ്പിച്ചു. (ഖുർആൻ 5:32)

സ്വന്തം കുട്ടികളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് ഖുർആനിൽ രണ്ടു വചനങ്ങളുണ്ട്. അതിൽ ഒന്നാമത്തേത് പതിനേഴാം അധ്യായത്തിലെ 31-ആമത്തെ വചനമാണ്. അതിൽ പറയുന്നത് ‘ദാരിദ്രം ഭയന്ന് നിങ്ങളുടെ കുട്ടികളെ കൊല്ലരുത്; നിങ്ങൾക്കും അവർക്കും അന്നം നൽകുന്നത് ദൈവമാണ്’ എന്നാണ്. രണ്ടാമത്തേത് ആറാം അദ്ധ്യായത്തിലെ 140-ആം വചനമാണ്. ‘അവിവേകം കാരണം സ്വന്തം മക്കളെ കൊല്ലുന്നതും അതുപോലെ ദൈവം അനുവദിച്ചു തന്നിട്ടുള്ള ആഹാരപദാർത്ഥങ്ങൾ സ്വയം നിഷിദ്ധമാക്കുകയും ചെയ്യുന്നവർ നഷ്ടകാരികളാകുന്നു, വഴികേടിലാകുന്നു’ എന്നാണ് അവിടെ പറയുന്നത്. പാലക്കാട് നടന്ന സംഭവം ഇസ്‌ലാമികമല്ല എന്ന് പറയാൻ യഥാർത്ഥത്തിൽ ഈ ഒരൊറ്റ വചനം മതിയാകും.

എന്നാൽ സ്വന്തം മക്കളെ കൊല്ലുന്ന വിഷയത്തിൽ നാസ്തികരുടെ സമീപനം എന്താണ്? അവരുടെ ഒരു ആചാര്യനായ പീറ്റർ സിംഗർ പറഞ്ഞത് സ്വന്തം മക്കൾക്ക് അംഗവൈകല്യം ഉണ്ടെങ്കിൽ അവരെ നിങ്ങൾ കൊന്നു കളഞ്ഞേക്കുക എന്നാണ്. അതേപോലെ ലക്ഷക്കണക്കിന് ഭ്രൂണഹത്യകൾ ഇവിടെ നടക്കുന്നുണ്ട്. അതിൻറെ കാരണവും യഥാർത്ഥത്തിൽ ഭൗതിക ചിന്തയാണ്; കാരണം ദൈവം നിഷിദ്ധമാക്കിയതുകൊണ്ടുതന്നെ ദൈവവിശ്വാസികൾ ഭ്രൂണഹത്യ നടത്തുകയില്ല. ഇവിടെ അവിഹിത ബന്ധങ്ങളിലൂടെ പിറക്കുന്ന ആയിരക്കണക്കിന് കുട്ടികൾ കൊല ചെയ്യപ്പെടുന്നുണ്ട്. നാസ്തികതയാണ് അതിന്റെയും പ്രചോദനം; കാരണം സ്വതന്ത്ര ലൈംഗികത നാസ്തികരുടെ സംഭാവനയാണ്.

അതേപോലെതന്നെ ദമ്പതികളുടെ സ്വസ്ഥ-സ്വൈര്യ വിഹാരത്തിന് കുട്ടികൾ തടസ്സമാകുന്നു എന്ന് കാണുമ്പോൾ അവരെ എങ്ങനെയെങ്കിലും ഒഴിവാക്കുകയോ കെയർ ഹോമുകളിലാക്കുകയോ കൊന്നുകളയുകയോ ചെയ്യുന്ന പ്രവണതയും ഇന്ന് നമ്മുടെ സമൂഹത്തിൽ കൂടുതലാണ്. ഇതിൻറെ കാരണവും നാസ്തികത തന്നെയാണ്. കാരണം ദൈവിക ദർശനങ്ങൾ പഠിപ്പിക്കുന്നത് കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചും പരസ്പരമുള്ള അവകാശങ്ങളെക്കുറിച്ചും കടമകളെ കുറിച്ചുമാണ്; എന്നാൽ നാസ്തികത പഠിപ്പിക്കുന്നത് അവനവൻറെ സുഖത്തെയും സന്തോഷത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് മാത്രമാണ്.

ചുരുക്കത്തിൽ ഇസ്‌ലാം എന്നത് ഒരു ആവേശ വികാരമല്ല, മറിച്ച് അടിസ്ഥാനപരമായും ആത്യന്തികമായും അതൊരു ജീവിത പദ്ധതിയാണ്. ഒരു മനുഷ്യൻ ഇവിടെ എങ്ങനെ ജീവിക്കണമെന്നും, ഇഹലോകത്തും പരലോകത്തും ശാന്തിയും സമാധാനവും വിജയവും കൈവരിക്കാൻ അവൻ ചെയ്യേണ്ടതെന്തൊക്കെ എന്നും പഠിപ്പിക്കുന്ന ഒരു ജീവിത ദർശനമാണ് ഇസ്‌ലാം. അതെങ്ങനെയെന്ന് മനുഷ്യർക്ക് കാണിച്ചു തരാൻ വേണ്ടി ദൈവം നിയോഗിച്ചവരാണ് പ്രവാചകന്മാർ. ഓരോ വിഷയത്തിലും കൃത്യമായ പരിധികൾ പ്രവാചകന്മാർ നമ്മളെ പഠിപ്പിക്കുകയും അതിർവരമ്പുകൾ ഒരിക്കലും ലംഘിക്കരുതെന്ന് നിഷ്കർഷിക്കുകയും ചെയ്തിട്ടുണ്ട്.

ഇനി നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ; ഈ തരത്തിൽ സന്തുലിതമായ ജീവിത കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്ന ദൈവിക ദർശനങ്ങളാണോ; അതല്ല, സ്വന്തം സുഖത്തിനും സന്തോഷത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി സ്വന്തം കുട്ടികളെ പോലും നിങ്ങൾക്ക് കൊന്നു കളയാം എന്ന് പറയുന്ന നാസ്തികതയാണോ നമ്മുടെ സമൂഹത്തിന് ഗുണകരം എന്നുള്ളത്.

print

1 Comment

  • Masha Allah ..super
    വിഷയം എത്ര ക്ലിയർ … എന്നാലും യുക്തൻസ് കണ്ണടച്ചു ഇരുട്ടാക്കും

    Afreen 11.02.2021

Leave a Reply to Afreen Cancel Comment

Your email address will not be published.