ഇന്ത്യയോട് യുദ്ധം ചെയ്യാൻ മുഹമ്മദ് നബിയുടെ(സ) കൽപനയോ?! -1

//ഇന്ത്യയോട് യുദ്ധം ചെയ്യാൻ മുഹമ്മദ് നബിയുടെ(സ) കൽപനയോ?! -1
//ഇന്ത്യയോട് യുദ്ധം ചെയ്യാൻ മുഹമ്മദ് നബിയുടെ(സ) കൽപനയോ?! -1
ആനുകാലികം

ഇന്ത്യയോട് യുദ്ധം ചെയ്യാൻ മുഹമ്മദ് നബിയുടെ(സ) കൽപനയോ?! -1

ന്ത്യൻ മുസ്‌ലിംകളുടെ ദേശക്കൂറും വിശ്വസ്തതയും ചോദ്യം ചെയ്തു കൊണ്ട് വർഗീയ ദ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാൻ സംഘ് പരിവാറും കൂട്ടാളികളും അശ്രാന്ത പരിശ്രമത്തിലാണ്. ഇസ്‌ലാമിനെതിരെ നുണകളും അർദ്ധ സത്യങ്ങളും പ്രചരിപ്പിക്കുന്നതിനു പുറമെ ഇസ്‌ലാമിക പ്രമാണങ്ങളെ ദുർവ്യാഖ്യാനിച്ചും തെറ്റിദ്ധരിപ്പിച്ചും ജനമനസ്സുകളിൽ ഇസ്‌ലാം ഭീതി പടർത്താൻ നിരന്തരം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന വെറുപ്പിന്റെ അപ്പോസ്തലന്മാർ ഏറ്റവുമൊടുവിൽ പുതിയ കുപ്പിയിലാക്കി ഇറക്കുമതി ചെയ്ത പഴയ വീഞ്ഞാണ് ‘ഗസ്‌വത്തുൽ ഹിന്ദ്’ (ഹിന്ദ് യുദ്ധം). ഇന്ത്യയോട് യുദ്ധം ചെയ്യാൻ പ്രവാചക കൽപ്പനയുണ്ടെന്നും ഏതു നിമിഷവും പൊട്ടാവുന്ന ബോംബാണ് മുസ്‌ലിംകളെന്നുമാണ് ദേശസ്നേഹികളും സമാധാന ചിത്തരുമായ ഇന്ത്യൻ മുസ്‌ലിംകളുടെ തലയിൽ വെച്ചുകെട്ടുന്ന പുതിയ ആരോപണം. ഈ അവസരത്തിൽ വാദപ്രതിവാദങ്ങളുടെ വൈകാരിക തലം ഒട്ടും സ്പർശിക്കാതെ, വിവാദ വിഷയകമായ ഹദീസിനെ സംബന്ധിച്ച ഒരു വൈചാരികമായ ചർച്ചയാണ് ഈ കുറിപ്പ് ലക്ഷ്യം വെക്കുന്നത്.
ﻋﺼﺎﺑﺘﺎﻥ ﻣﻦ ﺃﻣﺘﻲ ﺃﺣﺮﺯﻫﻤﺎ اﻟﻠﻪ ﻣﻦ اﻟﻨﺎﺭ: ﻋﺼﺎﺑﺔ ﺗﻐﺰﻭ اﻟﻬﻨﺪ ﻭﻋﺼﺎﺑﺔ ﺗﻜﻮﻥ ﻣﻊ ﻋﻴﺴﻰ ﺑﻦ ﻣﺮﻳﻢ ﻋﻠﻴﻪ اﻟﺴﻼﻡ.

“എന്റെ സമുദായത്തിലെ രണ്ട് സംഘത്തെ അല്ലാഹു നരകത്തിൽ നിന്നും സംരക്ഷിക്കും. ‘ഹിന്ദി’നോട് (ഇന്ത്യ) യുദ്ധം ചെയ്യുന്ന സംഘവും ഈസബ്നു മർയത്തോടൊപ്പം(അ) ഉണ്ടാകുന്ന സംഘവുമാണത്.”
(നസാഈ: 2/64)

‘ഹിന്ദു’മായുള്ള യുദ്ധത്തെ സംബന്ധിച്ച് ചില ഹദീസ് ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു നിവേദനമാണ് നാം മുകളിൽ ഉദ്ധരിച്ചത്. ഹദീസ് ‘സ്വഹീഹ്’ (സ്വീകാര്യതയുടെ ഹദീസ് നിദാന ശാസ്ത്ര മാനദണ്ഡങ്ങൾ പൂർത്തീകരിക്കപ്പെട്ടത്) ആണ് എന്ന് വന്നാൽ തന്നെ ഹദീസിന്റെ ഉള്ളടക്കത്തിൽ, ഇസ്‌ലാമോഫോബിയ പ്രചാരകർ ഊതി വീർപ്പിച്ച് ഉരുട്ടി കാണിക്കുന്നതു പോലെ ഇന്ത്യക്ക് ഭീഷണിയായ ഒന്നും തന്നെ അടങ്ങിയിട്ടില്ല എന്നതാണ് മറ്റൊരു സത്യം. ഹദീസിലെ ‘ഹിന്ദ്’ (اﻟﻬﻨﺪ) എന്ന പദത്തിനാണ് ‘ഇന്ത്യ’ എന്ന് പരിഭാഷ നൽകപ്പെടാറുള്ളത്.

In ancient times, India was much more extended to the North West and west (consisting of parts of modern Pakistan and Afghanistan).
(https://www.culturalindia.net)

പൗരാണിക ഇന്ത്യയിൽ അധുനിക പാകിസ്ഥാനും അഫ്ഗാനിസ്ഥാന്റെ പല ഭാഗങ്ങളും ഉൾകൊണ്ടിരുന്നു എന്ന് നമുക്കേവർക്കും അറിയാമല്ലൊ. (ആധുനിക പാക്കിസ്ഥാനിൽ ഉൾപ്പെടുന്ന) സിന്ദു നദി തീരപ്രദേശങ്ങളെയാണ് പൗരാണിക കാലത്ത് ‘ഹിന്ദ്’ കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരുന്നത്, നമ്മുടെ ഇന്നത്തെ ഇന്ത്യയെയല്ല എന്നതിനാൽ തന്നെ ‘ഹിന്ദി’നോടുള്ള യുദ്ധം എന്നതുകൊണ്ട് (ആധുനിക) ഇന്ത്യയോടുള്ള യുദ്ധമല്ല എന്ന് തിരിച്ചറിയാൻ വലിയ പ്രയാസമൊന്നുമില്ല.

കൂടാതെ, പ്രവാചക കാലഘട്ടത്തിലാവട്ടെ -പ്രവാചകനും പ്രവാചകാനുചരന്മാരും ഉൾപ്പെടെ- അറബികൾ ‘ഹിന്ദ്’ (ഇന്ത്യ) എന്ന് വിളിച്ചിരുന്നത് ആധുനിക ഇന്ത്യയെയല്ല. ഇന്ത്യയുടെ അന്നത്തെ ഭൂമിശാസ്ത്ര ഘടന പ്രകാരമായാലും ശരി പൗരാണിക അറേബ്യൻ മുസ്‌ലിംകളുടെ സാങ്കേതിക ഭാഷ പ്രകാരമായാലും ശരി, ഹദീസിൽ പറയപ്പെട്ടിട്ടുള്ള ‘ഹിന്ദ്’ അഥവാ ‘ഇന്ത്യ’ നമ്മുടെ രാജ്യമായ ഇന്ത്യ (ഭാരതം) അല്ലേയല്ല.

പൂർവ്വസൂരികളായ മുസ്‌ലിംകൾ ‘ഹിന്ദ്’ (ഇന്ത്യ) എന്ന് വിളിച്ചിരുന്നത് ‘ബസ്വറ’യെയാണ്. ഇന്നത്തെ ഇറാക്കിലെ പ്രസിദ്ധമായ ഒരു പട്ടണമാണ് ‘ബസ്വറ’. ‘ബസ്വറ’ ഉൾപ്പെടെയുള്ള പൗരാണിക ‘ഇറാക്’ -പ്രവാചക കാലഘട്ടത്തിൽ- പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
(https://mawdoo3.com)

അറേബ്യയിൽ നിന്നും ഇന്ത്യയിലേക്കുള്ള കരമാർഗ്ഗത്തിലാണ് ബസ്വറ നിലകൊള്ളുന്നത് എന്നത് കൊണ്ട്, ഇന്ത്യയുടെ ദിക്കിലുള്ള നാട് എന്ന നിലയിൽ ‘ബസ്വറ’യെ പ്രവാചക കാലഘട്ടം ‘ഹിന്ദ്’ (ഇന്ത്യ) എന്ന് വിളിച്ചു.

ﻭﻛﺎﻧﻮا ﻳﺴﻤﻮﻥ اﻟﺒﺼﺮﺓ ﻫِﻨﺪًا، ﻷﻧﻬﺎ ﻣﻦ ﺟﻬﺔ اﻟﻬﻨﺪ، ﻭﻣﻨﻬﺎ ﻳُﺴﻠﻚ ﺇِﻟَﻰ اﻟﻬﻨﺪ، ﻭﻟﻬﺬا ﻗﺎﻝ ﺧﺎﻟﺪ ﻟﻤﺎ ﻋﺰﻟﻪ ﻋﻤﺮ ﻋﻦ اﻟﺸﺎﻡ: ﺇﻥ ﻋﻤﺮ ﺃﻣﺮﻧﻲ ﺃﻥ [ ﺁﺗﻲ] اﻟﻬﻨﺪ. ﻗﺎﻝ اﻟﺮﻭاﻱ: ﻭﻛﺎﻧﺖ اﻟﻬﻨﺪ ﻋﻨﺪﻧﺎ اﻟﺒﺼﺮﺓ.
ഇബ്നു റജബ് എഴുതി:
പൂർവ്വകാല മുസ്‌ലിംകൾ ‘ബസ്വറ’ക്ക് ‘ഹിന്ദ്’ എന്നായിരുന്നു പേര് വെച്ചിരുന്നത്. ‘ബസ്വറ’, ഇന്ത്യയുടെ ദിക്കിലായതു കൊണ്ടും ബസ്വറയിലൂടെയാണ് ഇന്ത്യയിലേക്ക് എത്താനുള്ള കരമാർഗം എന്നതുകൊണ്ടുമായിരുന്നു അത്. ഉമർ, ഖാലിദിനെ ശാമിൽ നിന്നും നീക്കിയപ്പോൾ ഖാലിദ് ഇപ്രകാരം പറഞ്ഞത് അതുകൊണ്ടാണ്: എന്നോട് ഉമർ ‘ഹിന്ദി’ലേക്ക് (ഇന്ത്യ) ചെല്ലാൻ കൽപ്പിച്ചു. നിവേദകൻ പറയുന്നു: ‘ഹിന്ദ്’ (ഇന്ത്യ) എന്നാൽ ഞങ്ങളുടെ അടുക്കൽ ‘ബസ്വറ’യായിരുന്നു.
(മജ്മൂഉ റസാഇലു ഇബ്നു റജബ്: 3:205)

‘ബസ്വറ’ക്കടുത്ത ‘ഉബുല്ല’ എന്ന സ്ഥലത്തെ ‘ഇന്ത്യൻ പുൽത്തകിടി’ (مرج الهند) എന്നാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ഇബ്നു ഖൽദൂൻ തന്റെ ‘താരീഖ്’ (2:507) ൽ പ്രസ്ഥാവിക്കുന്നുണ്ട്.

ഒട്ടനവധി ഹദീസ്-ചരിത്ര ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ട സുപ്രധാനമായ ഒരു നിവേദനം ഇപ്രകാരമാണ്:
“പ്രവാചക ശിഷ്യൻ ഖാലിദിബ്നു വലീദ്(റ) പറഞ്ഞു: ശാം അതിന്റെ സമൃതി ഇട്ടു തന്നതിന് ശേഷം വിശ്വാസികളുടെ നേതാവ്, ഉമർ ബിൻ ഖത്താബ് എനിക്ക് കത്തെഴുതി, ഞാൻ ഹിന്ദിലേക്ക് (ഇന്ത്യ) സഞ്ചരിക്കാൻ കൽപ്പന നൽകി – ഹിന്ദ് (ഇന്ത്യ) എന്നാൽ ഞങ്ങളുടെ മനസ്സിൽ ബസ്വറയാണ് – എനിക്കാകട്ടെ ഹിന്ദിലേക്ക് പോകാൻ വൈമനസ്യമുണ്ടായിരുന്നു…”
(മുസ്നദു അഹ്മദ്: 4:90, ദലാഇലുന്നുബുവ്വ: 6:387, ജാമിഉൽ മസാനിദ്: 2: 389, അൽ ജിഹാദ്: ഇബ്നു അബീ ആസിം: 2: 666, മുഅ്ജമുൽ കബീർ: ത്വബ്റാനി: 4:137, മുഅ്ജമുൽ അവ്സത്വ് : 8:277, അൽ മഅ്’രിഫതു വത്താരീഖ് : ഫസ്വി: 3:115-116, അൽമുത്തഫകു വൽമുഫ്തറകു:3:1743-1744, താരീഖു ദിമശ്ക്: ഇബ്നു അസാകിർ: 40:310. ഒരു ഹദീസ് ആയിട്ടല്ലെങ്കിൽ, ചരിത്രപരമായ ഭൂമിശാസ്ത്ര (Historical geography) സാക്ഷ്യമായെങ്കിലും ഈ നിവേദനം പരിഗണിക്കപ്പെടേണ്ടതുണ്ട്.)

ﺃﻥ اﻟﺴﻠﻒ اﻟﺼﺎﻟﺢ «ﻛﺎﻧﻮا ﻳﺴﻤﻮﻥ (اﻟﺒﺼﺮﺓ) (ﻫﻨﺪاً)…
ﺇﻥ اﻟﻬﻨﺪ ﻛﺎﻧﺖ ﻓﻲ ﻧﻔﻮﺳﻬﻢ اﻟﺒﺼﺮﺓ، ﻭﺑﻪ ﺗﻔﻬﻢ ﺳﺎﺋﺮ اﻷﺣﺎﺩﻳﺚ اﻟﻮاﺭﺩِ ﻓﻴﻬﺎ ﺫﻛﺮُ (اﻟﻬﻨﺪ) .

അബൂ ഉബൈദ മശ്ഹൂറിബ്നു ഹസൻ ഇബ്നു മഹ്മൂദ് ആലു സൽമാൻ വ്യക്തമാക്കുന്നു:

“പൂർവ്വസൂരികളായ സച്ഛരിതർ ‘ബസ്വറ’ക്ക് പേര് നൽകിയിരുന്നത് ‘ഇന്ത്യ’ (ഹിന്ദ്) എന്നായിരുന്നു… തീർച്ചയായും ഇന്ത്യയെന്നാൽ (ഹിന്ദ്) അവരുടെ മനസ്സിൽ ബസ്വറയാണ്. ഇന്ത്യയെ (ഹിന്ദ് ) സംബന്ധിച്ച് സ്മരിക്കുന്ന എല്ലാ ഹദീസുകളും ഇപ്രകാരം തന്നെയാണ് മനസ്സിലാക്കേണ്ടത്.”
(അൽ ഇറാക്ക് ഫിൽ അഹാദീസി വ ആസാറുൽ ഫിതൻ: 1:360-364)

മസ്ഊദി (മരണം:346 ഹിജ്‌റ) പറഞ്ഞു: ബസ്വറയിൽ അതബതുബ്നു ഗസ്‌വാൻ ഹിജ്‌റ 16 അല്ലെങ്കിൽ 17 ന് ഖലീഫയുടെ കല്പന പ്രകാരം കടന്നു വന്നു. അന്ന് ബസ്വറയെ വിളിക്കപ്പെട്ടിരുന്നത് ‘ഇന്ത്യൻ ഭൂമി’ (അർദുൽ ഹിന്ദ് أرض الهند) എന്നായിരുന്നു. അത് വെളുത്ത പാറകളും ചരൽക്കല്ലുകളും നിറഞ്ഞ ഒരു ഭൂമിയായിരുന്നു. അതബതുബ്നു ഗസ്‌വാൻ ആണ് അതിനെ ഒരു പട്ടണമായി വാർത്തെടുക്കുന്നത്. ബസ്വറയും ചുറ്റുപാടുമുള്ള മറ്റു പട്ടണങ്ങളിൽ നിന്നും പേർഷ്യൻ സാമ്രാജ്യത്തേക്ക് ചെല്ലുന്ന യുദ്ധ സന്നാഹങ്ങളും സഹായങ്ങളും തടയുക കൂടി ബസ്വറക്ക് മേൽ ഉള്ള വിജയത്തിന് പിന്നിലെ ലക്ഷ്യത്തിൽ പെട്ടതായിരുന്നു..
(താരീഖുത്വബ്‌രി: 3:596, അത്തംബീഹ് വൽഇഷ്റാഫ് :1:310,)

At the time of the Muhammadan conquest, the county about Basra was called Arz-ul-Hind, the Land of India…

“മുഹമ്മദിയ അധിനിവേശ കാലഘട്ടത്തിൽ, ബസ്രയെ ‘അർസ്-ഉൾ-ഹിന്ദ്’, ഇന്ത്യൻ നാട് എന്നാണ് വിളിക്കപ്പെട്ടിരുന്നത്… ” എന്ന് പല ഇന്ത്യൻ ചരിത്രകാരന്മാരും വ്യക്തമാക്കിയിട്ടുണ്ട്.
(The Indian Encyclopedia: Edited by Subodh Kapoor: Cosmo Publication: New Delhi: 2002, Vol: page: 4718)

ബ്രിട്ടീഷ് ആർമി ഓഫീസറും ഒറിയന്റലിസ്റ്റും പേർഷ്യൻ ഭാഷാ പണ്ഡിതനുമായ സർ എച്ച്. റൗളിൻസണും ഫ്രഞ്ച് ഒറിയന്റലിസ്റ്റും ചരിത്രകാരനുമായ ഹെൻറി കോർഡിയറും ഈ വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. (Cathay and the Way Thinker. Being a Collection of Medieval Notices of China)

പേർഷ്യൻ സാസാനിയ്യ ഭരണകൂടത്തിന്റെ കാലഘട്ടത്തിൽ (226 AD-651 AD) ഇറാഖിന്റെ ദക്ഷിണ ഭാഗത്തും ടൈഗ്രിസ് നദിയുടെ ഇടയിലുമായി ‘മീഷാൻ’ എന്ന പേരിൽ ഒരു ‘അമീർ ഭരണം’ (Emirate) നിലനിന്നിരുന്നു. മീഷാൻ രാജ്യത്തിന്റെ കേന്ദ്രസ്ഥാനം ബസ്വറയുടെ പേർഷ്യൻ ഗൾഫ് തീരത്തായിരുന്നു. ബസ്വറയുൾപ്പെടുന്ന ഇത്തരം എമിറേറ്റുകൾക്ക് ആ കാലഘട്ടത്തിൽ പേർഷ്യൻ സാമ്രാജ്യത്തിൽ തന്ത്രപ്രധാനവും അതി പ്രസക്തവുമായ സ്ഥാനമുണ്ടായിരുന്നു. ഇറാഖിൽ പേർഷ്യൻ സാമ്രാജ്യത്വ ശക്തികളോട് മുസ്‌ലിംകൾ ഏറ്റുമുട്ടുന്ന ആദ്യത്തെ യുദ്ധങ്ങളാണ് ഹഫീർ, ദാത്തു സലാസിൽ യുദ്ധങ്ങൾ. യുദ്ധത്തിനിടയിൽ തങ്ങളുടെ സൈന്യത്തിൽ നിന്നും ആരും ഓടി രക്ഷപ്പെടാതിരിക്കാൻ വലിയ ചങ്ങല വലയങ്ങളുമായാണ് പേർഷ്യക്കാർ യുദ്ധത്തിന് വന്നത് എന്നതിനാൽ ‘ദാത്തു സലാസിൽ’ അഥവാ ‘ചങ്ങല കെട്ടുകളുടെ യുദ്ധം’ എന്നാണ് ആ പോരാട്ടത്തെ മുസ്‌ലിംകൾ വിളിച്ചത്.
(മുഖ്തസറു താരീഖിൽ ബസ്വറ :അലീ ളരീഫ് അൽ അഅ്‌സമി: 7-12)

ബസ്വറയെ ഇന്ത്യ എന്നായിരുന്നു പ്രവാചക കാലഘട്ടത്തിൽ വിളിക്കപ്പെട്ടിരുന്നത് എന്നത് ഒട്ടനവധി ചരിത്രജ്ഞർ തങ്ങളുടെ വിശ്വപ്രസിദ്ധ ചരിത്ര ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്:

* അബൂ യുസുഫ് (മരണം: 182: ഹിജ്റ): ‘അൽഖറാജ്’ (1:73).

* ഇബ്നു സഅ്ദ് (മരണം: 230: ഹിജ്റ): ‘ത്വബകാത്ത്’ (7:3).

* ഖലീഫ ബിൻ ഖയ്യാത്ത് (മരണം: 240: ഹിജ്റ): ‘താരീഖ് ‘ (1:117).

* ത്വബ്‌രി (മരണം: 310: ഹിജ്റ): ‘താരീഖ് ‘ (3:591).

* അദ്ദാരിമി അൽ ബുസ്തി (മരണം :354 ഹിജ്‌റ): ‘അസ്സീറത്തുന്നബവിയ്യ വ അഖ്ബാരിൽ ഖുലഫാ’ (2:476).

* മുത്വഹ്‌ഹിർ ഇബ്നു ത്യാഹിർ അൽമക്ദസി (മരണം: 355 ഹി): ‘അൽബദ്ഉ വത്താരീഖ്’ (5:175).

* ഇബ്നുൽ അസീർ (മരണം: 630 ഹി): ‘അൽ കാമിൽ ഫിത്താരിഖ് ‘ (2:316).

* ദഹബി (മരണം: 748 ഹി): ‘സിയറു അഅ്ലാമിന്നുബലാഅ്’ (2:393).

* ഇബ്നു കസീർ (മരണം: 774 ഹി): ‘അൽ ബിദായ വന്നിഹായ’ (7:57).

ഖലീഫ ഉമറിന്റെ കാലഘട്ടത്തിലാണ് ബസ്വറ മുസ്‌ലിംകൾ വിജയിച്ചടക്കുന്നതും പട്ടണമാക്കുന്നതും എന്നും ഇതിനെ പറ്റി പ്രവാചകൻ (സ) സുവിശേഷമറിയിച്ചിട്ടുണ്ട് എന്നും ഇബ്നുൽ വർദ്ദി (മരണം: 749) തന്റെ ‘താരീഖിൽ’ (1:137) രേഖപെടുത്തുന്നു. ഇന്ത്യയെ സംബന്ധിച്ച, നാം ചർച്ച ചെയ്യുന്ന ഹദീസിനെ സംബന്ധിച്ചാണ് ഇബ്നുൽ വർദ്ദി സൂചിപ്പിക്കുന്നത്.

വെള്ള കലർന്ന മിനുസമുള്ള പാറയെയും കല്ലുകളേയുമാണ് ‘ബസ്റ’ (اﻟﺒَﺼْﺮَﺓُ) എന്ന് അറബിയിൽ വിളിക്കപ്പെടുന്നത്. വളരെ കട്ടിയുള്ള ഭൂമിയെ ‘അൽ ബസ്റു’ എന്ന് പറയുമെന്ന് കസ്സാസ് തന്റെ ‘ജാമിഅ്’ ൽ ഭാഷാ പണ്ഡിതന്മാരിൽ നിന്നും ഉദ്ധരിക്കുന്നു.
ഈ ഭൂമി മുസ്‌ലിംകൾ വിജയിച്ചടക്കിയപ്പോൾ നിറയെ കല്ലുകൾ ഉള്ളതിനാൽ അവർ ആ നാടിന് ‘ബസ്വറ’ എന്ന് പേര് മാറ്റി വിളിക്കാൻ തുടങ്ങി എന്ന് ഒട്ടനവധി ഭാഷാ പണ്ഡിതരും ചരിത്രകാരൻമാരും രേഖപ്പെടുത്തുന്നുണ്ട്.
(താജുൽ ഉറൂസ്: 10:203, ഉംദത്തുൽ ക്വാരി: 6:57)

ശർഖി ഇബ്നുൽ ക്വുത്വാമി പറഞ്ഞു: മുസ്‌ലിംകൾ ബസ്വറയിലേക്ക് വന്നപ്പോൾ ദൂരെ നിന്ന് നിരീക്ഷിച്ച സന്ദർഭത്തിൽ കുറെ കല്ലുകളാണ് അവർ കണ്ടത്. അപ്പോൾ അവർ പറഞ്ഞു: ഇത് കല്ലുകൾ നിറഞ്ഞ ഭൂമി അഥവാ ബസ്വറ ആണ്. അങ്ങനെയാണ് മുസ്‌ലിംകൾക്കിടയിൽ ആ നാടിന് അപ്രകാരം പേര് വന്നത്.
(താരീഖു മദീനത്തുൽ ബസ്വറ: അബ്ദുല്ലാഹിബ്നു ഈസബ്‌നു ഇസ്മാഈൽ അന്നജ്ദി :19)

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.