ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -7

//ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -7
//ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -7
ആനുകാലികം

ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -7

മുഹമ്മദ് നബി (സ) പറഞ്ഞ ‘ഇന്‍ഡ്യാ യുദ്ധം’, ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുള്ള ഒരു സംഭവമല്ലെന്നും അന്ത്യനാളിനോടനുബന്ധിച്ച് സംഭവിക്കാനുള്ളതാണെന്നും അഭിപ്രായമുള്ള ചില മുസ്‌ലിം പണ്ഡിതന്‍മാരുണ്ട്. ഹദീഥില്‍ ഗസ്‌വതുല്‍ ഹിന്ദിനോടൊപ്പം ഈസബ്‌നു മര്‍യത്തിന്റെ (യേശുക്രിസ്തു) സൈന്യത്തിലുണ്ടാകുന്ന മുസ്‌ലിംകളെയും മുഹമ്മദ് നബി (സ) പരാമര്‍ശിച്ചതും രണ്ടു കൂട്ടര്‍ക്കും ഒരേ പ്രതിഫലം സുവിശേഷമറിയിച്ചതുമായിരിക്കാം അവരില്‍ ചിലരെയെങ്കിലും അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈസാ നബി (അ) ഒരിക്കല്‍കൂടി ഭൂമിയിലേക്ക് വരുമെന്ന് മുസ്‌ലിംകളും ക്രൈസ്തവരും വിശ്വസിക്കുന്നതാണ്. ഇത് ലോകാവസാനം അടുക്കുമ്പോഴാണ്‌ എന്ന കാര്യം ഹദീഥുകളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍, രണ്ട് സൈനിക നീക്കങ്ങളെ, രണ്ടിലെയും അംഗങ്ങള്‍ക്ക് ഒരേ പ്രതിഫലമുണ്ടെന്ന് പറയാനായി, ഒരേ പ്രസ്താവനയില്‍ ഒരുമിച്ച് പരാമര്‍ശിച്ചു എന്നത് രണ്ടും ഒരേകാലത്ത് സംഭവിക്കാനുള്ളതാണെന്നതിന് ‌തെളിവാകുന്നില്ല. ”ഇന്‍ഡ്യാ യുദ്ധം കഴിഞ്ഞ് മടങ്ങുന്നവര്‍ ഈസബ്‌നു മർയത്തെയും സംഘത്തെയും കണ്ടുമുട്ടും” എന്ന് നബി (സ) പറഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഗസ്‌വതുല്‍ ഹിന്ദ് അന്ത്യനാളിന് മുന്നോടിയായി ഭാവിയില്‍ സംഭവിക്കാനുള്ളതാണെന്ന് ഉറപ്പിക്കാമായിരുന്നു. എന്നാല്‍ അങ്ങനെ നബി (സ) പറഞ്ഞതായി കാണുന്ന നിവേദനങ്ങള്‍ ദുര്‍ബലവും അസ്വീകാര്യവുമാണെന്ന് മുകളില്‍ നാം സൂചിപ്പിച്ചതാണ്. അതുകൊണ്ടുതന്നെ, ഗസ്‌വതുല്‍ ഹിന്ദ്, റോമന്‍/പേര്‍ഷ്യന്‍ യുദ്ധങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭാവിയില്‍ സംഭവിക്കാനുള്ളതാണെന്ന സൂചന ഹദീഥിന്റെ വാചകത്തിലുണ്ടെന്ന വാദത്തില്‍ കഴമ്പൊന്നുമുണ്ടെന്ന് തോന്നുന്നില്ല.

‘ഗസ്‌വതുല്‍ ഹിന്ദ്’ അന്ത്യനാളിന്റെ അടയാളമാണെന്ന തരത്തില്‍ ചില ആദ്യകാല മുസ്‌ലിം പണ്ഡിതാഖ്യാനങ്ങളില്‍ ഉള്ളതാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന വേറൊരു കാര്യം. ഇവിടെ കണക്കിലെടുക്കേണ്ട ഒരു പ്രധാന വസ്തുതയുണ്ട്. മുഹമ്മദ് നബി(സ)ക്കും ലോകാവസാനത്തിനുമിടയില്‍ എത്ര നൂറ്റാണ്ടുകളുണ്ടെന്ന്, അല്ലാഹു അറിയിക്കാത്തതുകൊണ്ടുതന്നെ, നമുക്കറിയില്ല. പ്രവാചകനുപോലും ഇല്ലാത്ത ഈ അറിവ് മുസ്‌ലിം പണ്ഡിതന്‍മാര്‍ക്കൊന്നും സ്വാഭാവികമായും ഉണ്ടാവുകയില്ലല്ലോ. മുഹമ്മദ് നബി (സ) നിയോഗിക്കപ്പെട്ടതുതന്നെ അന്ത്യനാളിന്റെ ഒരടയാളമായിട്ടാണ് ഇസ്‌ലാമിക പാരമ്പര്യത്തില്‍ എണ്ണപ്പെടുന്നത്.(39) താനും അന്ത്യനാളും ചൂണ്ടുവിരലും നടുവിരലും പോലെ അടുത്താണെന്ന് തിരുനബി സൂചിപ്പിച്ചിട്ടുണ്ട്. പ്രവാചകപരമ്പര അവസാനിച്ചുവെന്നു പറയുന്നതിന്റെ അര്‍ത്ഥം ലോകം അതിന്റെ അന്ത്യത്തോട് കുറെയേറെ അടുത്തുവെന്നാണല്ലോ. എന്നാല്‍ ഈ ‘കുറെയേറെ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏകദേശം എത്രയാണെന്നുപോലും ആര്‍ക്കും അറിയില്ല. നമ്മളിന്ന് മുഹമ്മദ് നബി(സ)യുടെ മരണം കഴിഞ്ഞ് ഒന്നര സഹസ്രാബ്ദത്തോളം പിന്നിട്ടുകഴിഞ്ഞ ഒരു ലോകത്താണ് ജീവിക്കുന്നത്. ഇത്രയും കാലം ലോകം അവസാനിക്കാതെ മുന്നോട്ടുപോകുമെന്ന് ആദ്യകാല മുസ്‌ലിം പണ്ഡിതന്‍മാര്‍ക്ക് സ്വാഭാവികമായും അറിയുമായിരുന്നില്ല; ഇനിയെത്ര കാലം കൂടി ലോകത്തിന് ആയുസ്സുണ്ടെന്ന് ഇപ്പോള്‍ നമുക്ക് അറിയാത്തതുപോലെത്തന്നെ. ലോകാവസാനം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നതുകൊണ്ട്, മുഹമ്മദ് നബി(സ)ക്കുശേഷമുണ്ടായ അദ്ദേഹത്തിന്റെ ഓരോ പ്രവചനപ്പുലര്‍ച്ചയെയും ലോകാവസാനത്തിന്റെ ഒരു അടയാളമായിത്തന്നെയാണ്, ലോകാവസാനത്തിലേക്ക് നാം ഒന്നുകൂടി അടുത്തതിന്റെ സൂചനയായിത്തന്നെയാണ്, പണ്ഡിതന്‍മാര്‍ മനസ്സിലാക്കിപ്പോന്നത്. റോമിലും പേര്‍ഷ്യയിലും മുസ്‌ലിംകള്‍ നേടിയ വിജയങ്ങളടക്കം, സ്വാഭാവികമായും, അന്ത്യനാളിന്റെ അടയാളങ്ങള്‍ തന്നെയായിരുന്നു. ഇതേപോലെ മുഹമ്മദ് ബ്‌നു ക്വാസിം ഇന്‍ഡ്യയിലെത്തിയതിനെയും ലോകാവസാനത്തോടനുബന്ധിച്ച ഒരു സംഭവമായി മനസ്സിലാക്കാവുന്നതേയുള്ളൂ. അന്ത്യനാളിന്റെ അടയാളങ്ങളെല്ലാം നമുക്കുശേഷം ഭാവിയില്‍ മാത്രം സംഭവിക്കാനുള്ളതാണ് എന്ന തെറ്റിദ്ധാരണ മധ്യകാല ഇസ്‌ലാമിക സാഹിത്യങ്ങളുടെ ഭാഷയുമായുള്ള അപരിചിതത്വത്തില്‍ നിന്നുകൂടി ഉണ്ടാകുന്നതാണെന്ന് ചുരുക്കം.

‘ഇന്‍ഡ്യാ യുദ്ധം’ അന്ത്യനാളിനു തൊട്ടുമുമ്പുള്ള കാലങ്ങളില്‍ സംഭവിക്കാനുള്ള, നമ്മെ സംബന്ധിച്ചേടത്തോളം ഭാവിയില്‍ വരാനിരിക്കുന്ന ഒരു കാര്യമാണെന്ന് ഹദീഥോ ഹദീഥിന്റെ വ്യാഖ്യാനങ്ങളോ തെളിയിക്കുന്നില്ലെന്നു മാത്രമാണ് ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്; അല്ലാതെ അങ്ങനെയൊരു അഭിപ്രായം ശരിയാകാന്‍ യാതൊരു സാധ്യതയുമില്ല എന്നല്ല. റോമക്കാരുമായുള്ള മുസ്‌ലിംകളുടെ യുദ്ധം തന്നെ, സ്വഹാബിമാരുടെ കാലത്ത് സംഭവിച്ചതിനു പുറമെ അന്ത്യനാളിനോട് വളരെയടുത്ത്, ഈസാ നബിയുടെ പുനരാഗമനത്തോടനുബന്ധിച്ച് വീണ്ടും സംഭവിക്കുമെന്നും ചില ഹദീഥുകളില്‍ അക്കാര്യമാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളതെന്നും അഭിപ്രായമുള്ള പണ്ഡിതന്‍മാരുണ്ട്. ലോകാവസാനത്തോടടുത്ത് നടക്കുന്ന അത്തരം യുദ്ധങ്ങളുടെ ശ്രേണിയില്‍പെട്ട ഒന്നാണ് ‘ഗസ്‌വതുല്‍ ഹിന്ദ്’ എന്ന വീക്ഷണം, ശരിയോ തെറ്റോ ആകാന്‍ സാധ്യതയുള്ള ഒരു പണ്ഡിതാഭിപ്രായമാണ്; വ്യക്തമായ തെളിവില്ലാത്ത എല്ലാ വിഷയങ്ങളിലെയും പണ്ഡിതാഭിപ്രായങ്ങളെയും പോലെ. ആ പണ്ഡിതാഭിപ്രായം ശരിയാണെന്നു വന്നാല്‍ അതിനര്‍ത്ഥമെന്തായിരിക്കും?

അന്ത്യനാളടുക്കുമ്പോള്‍ ഇപ്പോള്‍ നിലവിലുള്ള ലോകമോ രാഷ്ട്രീയ സാഹചര്യമോ ആയിരിക്കില്ല നിലവിലുണ്ടാവുകയെന്ന് ഹദീഥുകളില്‍നിന്ന് വ്യക്തമാണ്. മുസ്‌ലിം ലോകം ആഭ്യന്തര യുദ്ധങ്ങളില്‍ മുങ്ങുകയും ഒടുവില്‍ അവയ്ക്ക് വിരാമം കുറിച്ച് ഒരു നേതാവിനു കീഴില്‍ മുസ്‌ലിം സമൂഹം മുഴുവന്‍ രാഷ്ട്രീയമായി ഐക്യപ്പെടുകയും ശേഷം ഇമാം മഹ്ദി എന്ന് അറിയപ്പെടാന്‍ പോകുന്ന അദ്ദേഹത്തിന്റെ ഇസ്‌ലാമിക സേന മുസ്‌ലിം ലോകത്തിന്റെ ശത്രുക്കളോട് യുദ്ധം ചെയ്യുകയും ചെയ്യുമെന്നും, യുദ്ധങ്ങള്‍ കൊടിമ്പിരി കൊള്ളവേ ധാരാളം ജൂതന്‍മാരെ കൂടെക്കൂട്ടി അന്തിക്രിസ്തു (മസീഹുദ്ദജ്ജാല്‍) എന്ന വ്യാജവാദി പ്രത്യക്ഷപ്പെട്ട് ലോകത്തുടനീളം സഞ്ചരിച്ച് മുസ്‌ലിംകളെ പീഡിപ്പിക്കുമെന്നും തദവസരത്തില്‍ ഈസബ്‌നു മര്‍യം ആകാശത്തുനിന്ന് ഇറങ്ങിവന്ന് ഇമാം മഹ്ദിയുടെ സംഘത്തില്‍ ചേരുമെന്നും ദജ്ജാലിനെ വധിക്കുമെന്നും പിന്നീട് ഈസബ്‌നു മര്‍യം ഇസ്‌ലാമിക ഭരണാധികാരിയായി നീതനിഷ്ഠമായി ലോകം ഭരിക്കുമെന്നും ലോകത്ത് ക്ഷേമവും സമൃദ്ധിയും നിലവില്‍ വരുമെന്നും ശത്രുക്കളുമായുള്ള ഇസ്‌ലാമിക യുദ്ധങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുമെന്നും ശേഷം അദ്ദേഹം സാധാരണ നിലയില്‍ മരണപ്പെടുമെന്നും തുടര്‍ന്ന് ഒരു കാറ്റില്‍ ലോകത്ത് അന്നുള്ള മുസ്‌ലിംകളെല്ലാം മരിച്ചുപോകുമെന്നും അവിശ്വാസികള്‍ മാത്രം ബാക്കിയാകുന്ന ലോകത്ത് അധര്‍മങ്ങള്‍ വ്യാപകമാവുമെന്നും അപ്പോഴാണ് അതിഭീകരമായ നിലയില്‍ ലോകാവസാനം സംഭവിക്കുകയെന്നും മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.(40)

ലോകക്രമം അടിമുടി മാറിമറിഞ്ഞ ശേഷമാണ് അന്ത്യനാളുണ്ടാവുകയെന്ന് ഈ വിവരണങ്ങളില്‍ നിന്ന് സുതരാം വ്യക്തമാണ്. നബി(സ)യുടെ ജീവിതകാലത്ത് നമ്മളിന്ന് ജീവിക്കുന്ന ഇന്‍ഡ്യ എന്ന ദേശരാഷ്ട്ര രൂപമില്ല എന്നു മനസ്സിലാക്കുന്നതുപോലെത്തന്നെ പ്രധാനമാണ്, 1947 ഓഗസ്റ്റ് 15ന് രൂപീകൃതമായ ഈ ഇന്‍ഡ്യ ലോകാവസാനം വരെ ഇതേപോലെ തുടര്‍ന്നു കൊള്ളണമെന്നില്ല എന്ന് തിരിച്ചറിയുന്നതും. ഇന്‍ഡ്യ മാത്രമല്ല, ദേശരാഷ്ട്രങ്ങള്‍ എന്ന സംവിധാനം തന്നെ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ ഉണ്ടായി വന്ന ഒരു പ്രതിഭാസം മാത്രമാണ്; അത്‌ ചരിത്രത്തിലേക്ക് നിഷ്‌ക്രമിക്കുന്ന അവസ്ഥയും ഭാവിയിലുണ്ടാകാം. നമ്മളിന്ന് ജീവിക്കുന്ന സ്ഥലകാലത്തെ ചരിത്രവല്‍ക്കരിച്ച് അതിന്റെ താല്‍ക്കാലികത മനസ്സിലാക്കാനുള്ള ബൗദ്ധിക ത്രാണിയില്ലാതെ ഇന്‍ഡ്യന്‍ ദേശീയതയെ അനാദിയും അനന്തവുമായി കരുതുന്നവര്‍ക്ക് ഭാവിയെ സംബന്ധിച്ച ഒരു പ്രവചനത്തെയും സമചിത്തതയോടെ സമീപിക്കാനാവില്ല. നമുക്കിപ്പോള്‍ സങ്കല്‍പ്പിക്കാനാവാത്ത ലോക സാഹചര്യങ്ങള്‍ ജന്മം കൊള്ളുകയും അതില്‍ പുതിയ രാഷ്ട്രീയ സംവിധാനങ്ങളും ചേരികളും നിയമങ്ങളും പ്രശ്‌നങ്ങളും രൂപപ്പെടുകയും ആഗോള യുദ്ധങ്ങള്‍ കൊടിമ്പിരി കൊള്ളാന്‍ ആരംഭിക്കുകയും ചെയ്താല്‍, വിശാലമായ അല്‍ ഹിന്ദിന്റെ ഏതെങ്കിലും ഒരു പ്രവിശ്യയുടെ അന്നത്തെ ഭരണകൂടത്തോട് ഏതെങ്കിലും ഒരു ഇസ്‌ലാമിക സേന യുദ്ധം ചെയ്യുന്ന സന്ദര്‍ഭമുണ്ടാവുക എന്നത് അസംഭവ്യമായ കാര്യമൊന്നുമല്ല. ഇമാം മഹ്ദിയുടെയും ഈസബ്‌നു മര്‍യത്തിന്റെയുമൊക്കെ ലോകഭരണം നിലവില്‍ വരുന്ന ഒരു കാലത്ത്, ഇന്നത്തെ ഭൂപടങ്ങള്‍ ചരിത്രത്താളുകള്‍ മാത്രമാകുന്ന ഒരു സമയത്ത്, ഇന്നത്തെ ഇന്‍ഡ്യയുടെയോ പാക്കിസ്ഥാന്റെയോ ബംഗ്ലാദേശിന്റെയോ ഒക്കെ മണ്ണില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഇന്നത്തെ ഇന്‍ഡ്യനവസ്ഥയുമായി എന്ത് ബന്ധമുണ്ടാകുമെന്നാണ് ഹിന്ദുത്വരും മിഷനറിമാരും കരുതുന്നത്? ‘ഗസ്‌വതുല്‍ ഹിന്ദ്’ ഈസാ നബി(അ)യുടെ പുനരാഗമന വേളയിലോ അതിനു തൊട്ടുമുമ്പോ നടക്കാനുള്ള ഒരു ഭാവി സംഭവമാണെന്ന് കരുതുന്ന പണ്ഡിതന്‍മാരുടെ അനുമാനം ശരിയാണെന്നു വന്നാലും, ഇന്നത്തെ ഇന്‍ഡ്യയോട് അതിലെ മുസ്‌ലിംകള്‍ മതപരമായി ശത്രുത പുലര്‍ത്താന്‍ ബാധ്യസ്ഥരാണെന്ന വാദത്തിന് ഒരു തെളിവും ആ ഹദീഥില്‍ നിന്ന് കിട്ടുകയില്ലെന്ന് സാരം.

(തുടരും)

കുറിപ്പുകള്‍

39. മുസ്‌ലിം, സ്വഹീഹ് (കിതാബുല്‍ ജുമുഅ -ബാബു തഖ്ഫീഫിസ്സ്വലാതി വല്‍ ഖുത്വ്ബതി).

40. വിശദവിവരങ്ങള്‍ക്ക് കാണുക -ശൈഖ് മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ അല്‍ബാനി, ക്വിസ്സ്വത്തുല്‍ മസീഹിദ്ദജ്ജാലി വനുസൂലി ഈസാ വ ക്വത്‌ലുഹു ഇയ്യാഹു അലാ സിയാക്വി രിവായതി അബീ ഉമാമ (അൽ മക്‌തബബതുൽ ഇസ്‌ലാമിയ്യ,2000).

print

No comments yet.

Leave a comment

Your email address will not be published.