ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -6

//ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -6
//ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -6
ആനുകാലികം

ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -6

ന്‍ഡ്യാ ഉപഭൂഖണ്ഡത്തിന്റെ മുഹമ്മദ് ബ്‌നു കാസിം കീഴടക്കിയ പ്രവിശ്യകളില്‍, അദ്ദേഹത്തിന്റെ കൂടെ വന്ന പല അറബ് മുസ്‌ലിം സൈനികരും കുടുംബസമേതം തലമുറകളോളം താമസിച്ചിട്ടുണ്ട്. തങ്ങളുടെ പ്രപിതാമഹന്‍മാരുടെ പടയോട്ട ഓര്‍മകള്‍ കോര്‍ത്തുകെട്ടി അവരില്‍ ചിലര്‍ പില്‍ക്കാലത്ത് അറബിയില്‍ തയ്യാറാക്കിയ ഒരു പുസ്തകം, പതിമൂന്നാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് ചാച് നാമ എന്ന പേരില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടത് ഇന്ന് ഉപലബ്ധമാണ്. ആദ്യകാല ഇസ്‌ലാമിക വിജയങ്ങളിലെ പ്രധാനപ്പെട്ട ഒരു അധ്യായമായി ഇന്‍ഡ്യയെ വായിക്കുന്ന, ഇന്‍ഡ്യയില്‍ തന്നെ രചിക്കപ്പെട്ട ഒരു ഗ്രന്ഥം എന്ന നിലയില്‍ ചാച് നാമക്ക്‌ സവിശേഷമായ പ്രസക്തിയുണ്ട്.

ചില മധ്യകാല ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍ മുഹമ്മദ് ബ്‌നു ക്വാസിമിന്റെ മുന്നേറ്റങ്ങള്‍ക്കൊപ്പം, അതിനുശേഷം മൂന്നു നൂറ്റാണ്ടോളം കഴിഞ്ഞ് അഫ്ഗാനിലെ ഗസ്‌നി ഭരിച്ചിരുന്ന മഹ്‌മൂദ്‌ രാജാവ് 1025ല്‍ ഗുജറാത്തിലേക്ക് നടത്തിയ പ്രസിദ്ധമായ പടയോട്ടത്തെയും ഇന്‍ഡ്യയില്‍ ഇസ്‌ലാമിക ജീവിതത്തിന് വഴിതുറന്ന നിര്‍ണായക യുദ്ധമായി പരിഗണിച്ചിട്ടുണ്ട്. മഹ്‌മൂദിന്റെ പടയോട്ടത്തെ സംബന്ധിച്ച വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമകാലീനമായ പേര്‍ഷ്യന്‍, ടര്‍ക്കിഷ് ഇസ്‌ലാമിക സ്രോതസ്സുകളില്‍ ഈ പ്രവണത വളരെ വ്യക്തമാണ്. പിന്നീട് ഇന്‍ഡ്യയില്‍ വികസിച്ചുവന്ന ഇസ്‌ലാമിക ഭരണകൂടങ്ങളുടെയെല്ലാം ഔദ്യോഗിക ചരിത്ര രചനകളിലും മഹ്‌മൂദിന് ഇത്തരത്തിലുള്ള ഒരു ദൃശ്യതയുണ്ട്.(33) ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്തുനിന്ന് അറബിയില്‍ എഴുതപ്പെട്ട ചില ചരിത്രഗ്രന്ഥങ്ങളിലും മഹ്‌മൂദ് സാമാന്യം പ്രാധാന്യത്തോടെ പരാമര്‍ശിക്കപ്പെടുന്നതു കാണാം. ഹാഫിദ് ഇബ്‌നു കഥീറിന്റെ വിഖ്യാതമായ അല്‍ ബിദായതുവന്നിഹായ ഒരുദാഹരണം ആണ്. അല്‍ ഇഖ്ബാറു അന്‍ ഗസ്‌വതില്‍ ഹിന്ദ് (ഹിന്ദ് യുദ്ധത്തെ സംബന്ധിച്ച വൃത്താന്തങ്ങള്‍) എന്ന തലക്കെട്ടിനുകീഴില്‍, ഇന്‍ഡ്യാ യുദ്ധത്തെ സംബന്ധിക്കുന്ന ഹദീഥുകള്‍ ഉദ്ധരിച്ച ശേഷം, അവയ്‌ക്കൊരു വിശദീകരണം എന്ന നിലയില്‍, ഇന്‍ഡ്യയില്‍ മുസ്‌ലിംകള്‍ യുദ്ധങ്ങള്‍ നടത്തിയിട്ടുള്ള കാര്യം ഇബ്‌നു കഥീര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുആവിയുടെ കാലത്താരംഭിച്ച മുന്നേറ്റങ്ങളുടെ കാര്യം പറഞ്ഞശേഷം, മഹ്‌മൂദിന്റെ യുദ്ധത്തെയും അദ്ദേഹം എടുത്തുപറയുന്നു.(34)

മുഹമ്മദ് ബ്‌നു ക്വാസിമിലൂടെ സിന്ധിലും പഞ്ചാബിലുമുണ്ടായ അറബ്-മുസ്‌ലിം രാഷ്ട്രീയാധികാരം അതേപടി നിലനില്‍ക്കുകയോ ഒരു വന്‍ ഇസ്‌ലാമിക സാമ്രാജ്യത്തിന് ജന്മം നല്‍കുകയോ ചെയ്തില്ല എന്നതാകാം മഹ്‌മൂദ് ഇങ്ങനെ പരാമര്‍ശിക്കപ്പെടാനുള്ള കാരണം. സിന്ധില്‍ ഉരുത്തിരിഞ്ഞുവന്ന ഹബ്ബാരിദ് സാമ്രാജ്യം പില്‍കാലത്ത് ഒരു ശീഈ സ്ഥാപനമായി മാറുകയും ആ പ്രദേശങ്ങളില്‍ മുസ്‌ലിംകള്‍ വന്‍തോതില്‍ ശീഈ ഇസ്‌മാഈലീ കക്ഷിക്കാരായി തീരുകയും ചെയ്തുവെന്ന വസ്തുത പരിഗണിച്ച്, സുന്നി ഇസ്‌ലാമിന് ഉത്തരേന്ത്യയില്‍ ഒരു നവജീവന്‍ നല്‍കിയത് മഹ്‌മൂദ് ആണ് എന്ന അഭിപ്രായവും ആകാം ഇങ്ങനെയൊരു ആഖ്യാനത്തിനു പിന്നില്‍. അതെന്തായിരുന്നാലും, മഹ്‌മൂദും ഇന്‍ഡ്യയില്‍ നേര്‍ക്കുനേരെ സ്ഥായിയായ ഒരു ഇസ്‌ലാമിക സാമ്രാജ്യത്തിന് ജന്മം നല്‍കിയിട്ടൊന്നുമില്ല. ഗസ്‌നിയില്‍ നിന്നുതന്നെയുള്ള മുഇസ്സുദ്ദീന്‍ മുഹമ്മദ് ഗൂറി 1192ല്‍ താനേശ്വറിനടുത്തുള്ള തറാഇനില്‍ വെച്ച് പൃഥ്വിരാജ് ചൗഹാനെ തോല്‍പിച്ചതോടെ പ്രതാപമുള്ള ഒരു ഇസ്‌ലാമിക സാമ്രാജ്യത്തിന് ഇന്‍ഡ്യയില്‍ തുടക്കമായി. അതിനുശേഷം നിരവധി യുദ്ധങ്ങള്‍ വിവിധ മുസ്‌ലിം രാജാക്കന്‍മാരുടെ നേതൃത്വത്തില്‍ മധ്യകാലഘട്ടത്തില്‍ അല്‍ ഹിന്ദിലെ വിവിധ പ്രവിശ്യകളില്‍ നടന്നിട്ടുണ്ട്. അവയില്‍ പലതും ജിഹാദാണെന്ന് അവ നയിച്ച രാജാക്കന്‍മാരും സൈന്യാധിപന്‍മാരും അവകാശപ്പെട്ടിട്ടുണ്ട്. പ്രസ്തുത അവകാശവാദങ്ങളിലെ ശരിതെറ്റുകള്‍ പരിശോധിക്കുക ഈ ലേഖനത്തിന്റെ ലക്ഷ്യമല്ല.

ഇന്‍ഡ്യയില്‍ മുസ്‌ലിംകള്‍ യുദ്ധം ചെയ്യും എന്ന പ്രവാചക പ്രവചനം, മധ്യകാല ലോകത്ത് തീര്‍ത്തും സ്വാഭാവികമായ സാമ്രാജ്യവികാസത്തെക്കുറിച്ചാണ് സംസാരിച്ചതെന്നും ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തില്‍ നിരവധി ഇസ്‌ലാമിക യുദ്ധങ്ങള്‍ അതുപ്രകാരം നടന്നു കഴിഞ്ഞിട്ടുണ്ടെന്നുമാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. റോമിനെയും പേര്‍ഷ്യയെയുമെല്ലാം പോലെ, ഇങ്ങനെയുള്ള സൈനികമുന്നേറ്റങ്ങള്‍ വഴി ഇസ്‌ലാമിക സമൂഹത്തിന്റെ സിരാകേന്ദ്രമായി മാറിക്കഴിഞ്ഞിട്ടുള്ള പ്രദേശങ്ങലൊന്നാണ് ഇന്‍ഡ്യയും. തീര്‍ച്ചയായും, ആ സൈനിക മുന്നേറ്റങ്ങളില്‍, മുഹമ്മദ് ബ്‌നു ക്വാസിമിന്റേത് സവിശേഷമായി വേറിട്ടുനില്‍ക്കുന്നുവെന്നാണ് ഈ ലേഖകന്റെ വീക്ഷണം. കാരണം, അതാണ് ഏറ്റവും ആദ്യത്തെതും ഇസ്‌ലാമിക സാമ്രാജ്യം ഛിന്നഭിന്നമായി പല കഷ്‌ണങ്ങളായി ചിതറുന്നതിനുമുമ്പ് സംഭവിച്ചതും. സ്വഹാബിയായ മുആവിയ(റ)യുടെ സൈനിക പദ്ധതികളുടെ തുടര്‍ച്ചയായി ഉണ്ടായ ആ പടനീക്കത്തെയാണ് നബി(സ)യുടെ ഹദീഥിലെ പ്രവചനത്തിന്റെ പുലര്‍ച്ചയായി ഇന്‍ഡ്യയിലെ ഹദീഥ് പണ്ഡിത പാരമ്പര്യം മുമ്പുമുതല്‍ക്കുതന്നെ മനസ്സിലാക്കിപ്പോരുന്നത്. എന്നാലും പല യുദ്ധങ്ങളും പല മുസ്‌ലിം സംഘങ്ങളും നടത്തിയിട്ടുള്ള ‘ഹിന്ദ്’ എന്ന വിശാലമായ ഭൂപ്രദേശത്ത് നബി (സ) പറഞ്ഞ പ്രത്യേക അനുഗ്രഹങ്ങള്‍ക്കര്‍ഹമായ സൈനികസംഘം ഏതാണെന്ന് തറപ്പിച്ചു പറയാതിരിക്കുന്നതായിരിക്കും സൂക്ഷ്മത. അത് അല്ലാഹുവിനറിയാം, പരലോകത്ത് ആ സംഘത്തെ നമുക്ക് തിരിച്ചറിയാനാകുമായിരിക്കും, ഇന്‍ശാ അല്ലാഹ്.

ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിന്റെ പ്രവിശ്യകളൊന്നൊന്നായി ദസ്യുക്കളെ തുരത്തി ഇന്ദ്രപൂജകരായ ആര്യന്‍മാര്‍ യുദ്ധം ചെയ്തു കീഴടക്കിയതാണ് ഋഗ്വേദത്തിന്റെ ഇതിവൃത്തം. ‘ഇന്‍ഡ്യ’ കീഴടക്കാനുള്ള ആഹ്വാനവും കീഴടക്കിയതിന്റെ ആഘോഷവും ‘ഇന്‍ഡ്യക്കാരെ’ വധിച്ചതിന്റെ ആനന്ദവുമൊക്കെ സമൃദ്ധമായി കാണാന്‍ സംഘ്പരിവാറിനാഗ്രഹമുണ്ടെങ്കില്‍ ഋഗ്വേദം വായിച്ചാല്‍ മതി.(35) ഋഗ്വേദത്തിന്റെ പാഠവും ക്രിസ്തുവിന് രണ്ടര സഹസ്രാബ്ദത്തോളം മുമ്പാരംഭിച്ച ആര്യാധിപത്യത്തിന്റെ വ്യാപനചരിത്രവും വെച്ച് ഹിന്ദുക്കളുടെ ‘ഇന്‍ഡ്യാ വിരുദ്ധത’ തെളിയിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ലാത്തതെന്താണ്? ആര്യയുദ്ധങ്ങളുടെ ചാലകശക്തിയായിരുന്ന സങ്കുചിത ജാതി, വംശ മേധാവിത്വ ചിന്തകള്‍ ഇസ്‌ലാമിക യുദ്ധങ്ങള്‍ക്ക് അന്യമായിരുന്നുവെന്ന വസ്തുത കൂടി നമുക്ക് മറക്കാതിരിക്കുക. നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കും മുമ്പ് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏതെങ്കിലും പ്രദേശങ്ങളിലേക്ക് ഏതെങ്കിലും സൈന്യങ്ങള്‍ പടനീക്കം നടത്തിയ സംഭവങ്ങളെയും അനുബന്ധ സാഹിത്യങ്ങളെയും ഇന്ന് ആരുടെയെങ്കിലും രാഷ്ട്രീയ മനോഭാവം അളക്കാനുള്ള കാല, സ്ഥല നിരപേക്ഷ സൂചകങ്ങളായി എടുക്കുന്നതിന്റെ യുക്തിരാഹിത്യം ഹിന്ദു പൊതുമണ്ഡലത്തിന് എളുപ്പത്തില്‍ മനസ്സിലാകുന്നതിനുവേണ്ടിയാണ് ഋഗ്വേദത്തിന്റെ കാര്യം ഇവിടെ ചൂണ്ടിക്കാണിച്ചത്.

മഹാഭാരതത്തിന്റെ അവസ്ഥയെന്താണ്? പാണ്ഡവര്‍ കൗരവര്‍ക്കെതിരില്‍ യുദ്ധം ചെയ്തത് ഇന്നത്തെ ഡല്‍ഹി/ഹരിയാന പ്രവിശ്യകളുള്‍ക്കൊള്ളുന്ന ഹസ്തിനപുരി/ഇന്ദ്രപ്രസ്ഥം പിടിച്ചെടുക്കാനാണല്ലോ.(36) കൃഷ്ണന്‍ അര്‍ജുനന് നല്‍കിയ യുദ്ധാഹ്വാനങ്ങളിലെ വാക്കുകള്‍ മാത്രമെടുത്തു കൊണ്ടുവന്നാല്‍, ഇന്ദ്രപ്രസ്ഥം കീഴടക്കാനുള്ള കേവല പ്രേരണയായി അതിനെ തെറ്റിദ്ധരിപ്പിക്കുവാനും ഇന്ന് ഒരു ഡല്‍ഹി-ഹരിയാന വിരുദ്ധ ഭീകരപ്രസ്ഥാനമുണ്ടാക്കി രാജ്യത്തിന്റെ തലസ്ഥാന നഗരിക്കെതിരില്‍ യുദ്ധം പ്രഖ്യാപിക്കാനുള്ള ന്യായമാക്കി കാണിക്കാനും കഴിയില്ലേ? ”[ഇന്ദ്രപ്രസ്ഥത്തിനെതിരായ] യുദ്ധത്തിനുവേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ എഴുന്നേറ്റു നില്‍ക്കുക. കാരണം [യുദ്ധത്തില്‍] നീ മരിച്ചാല്‍ നിനക്ക്‌ സ്വര്‍ഗം ലഭിക്കും; നീ ജയിച്ചാലോ, നിനക്ക് യശസ്സും പ്രതാപവുമുണ്ടാകും” എന്ന ഭഗവദ്‌ ഗീതയിലെ പ്രസിദ്ധമായ കൃഷ്ണവാക്യത്തിന്(37) സന്ദര്‍ഭവും സാഹചര്യവുമുണ്ടെന്ന് നിശ്ചയമുള്ളവര്‍ക്ക് എങ്ങനെയാണ് ഇന്‍ഡ്യാ യുദ്ധ ഹദീഥുകള്‍ക്കും സന്ദര്‍ഭവും സാഹചര്യവുമുണ്ടെന്ന ഓര്‍മ നഷ്ടപ്പെട്ടുപോകുന്നത്?

രാമായണത്തിലെ യുദ്ധകാണ്ഡം വായിക്കുന്ന ഒരാള്‍ മനസ്സിലാക്കേണ്ടതെന്താണ്? ശ്രീലങ്കക്കെതിരില്‍ ഇപ്പോള്‍ യുദ്ധം ചെയ്യണമെന്നും പ്രസ്തുത യുദ്ധത്തില്‍ ശ്രീരാമന്റെ അനുഗ്രഹാശിസ്സുകളും ഹനുമാന്റെ അത്ഭുതപ്രകടനങ്ങളും ഉണ്ടാകും എന്നുമാണോ? രാവണന്റെ ലങ്കയെ ഇന്നത്തെ ശ്രീലങ്കയായിത്തന്നെയാണ് മധ്യകാല രാമായണ വ്യാഖ്യാതാക്കളൊക്കെ മനസ്സിലാക്കിയത്.(38) രാമായണത്തിലെ സവര്‍ണ വംശീയതക്ക് അത് രചിക്കപ്പെട്ട സ്ഥലകാലത്തില്‍പോലും ന്യായീകരണമുണ്ടെന്ന അഭിപ്രായം ഇതെഴുതുന്നയാള്‍ക്കില്ല. എങ്കിലും, ഋഗ്വേദത്തിന്റെ കാര്യത്തിലെന്നപോലെ രാമായണത്തിലെയും യുദ്ധവിവരണങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് കേവലമായി കണ്ടാല്‍ അത് യാഥാര്‍ത്ഥ്യത്തില്‍ നിന്നെത്ര വിദൂരമായിരിക്കുമെന്ന കാര്യം സുവ്യക്തമാണ്. ഹദീഥുകളെ അവയുടെ ജീവല്‍പരിസരത്തുനിന്ന് പറിച്ചെടുത്ത് ഫെയ്‌സ്ബുക്കില്‍ സ്വതന്ത്ര പോസ്റ്റുകളാക്കുമ്പോള്‍ സംഭവിക്കുന്നതും ഇതുതന്നെയാണ്.

ഇസ്‌ലാമില്‍ ‘ഇന്‍ഡ്യാ വിരുദ്ധത’ കാണാന്‍ ഹദീഥുകള്‍ വായിക്കുന്ന ഹിന്ദുത്വ തീവ്രവാദികളുടെ വംശീയ ഉന്മാദത്തിന് കയ്യടിക്കുന്ന മിഷനറി പ്രവര്‍ത്തകര്‍, ബൈബിളിലെ യുദ്ധാഹ്വാനങ്ങളും യുദ്ധവിവരണങ്ങളുമൊന്നും വായിച്ചിട്ടില്ലേ? ഈജിപ്തില്‍നിന്ന് കാനാനിലെത്തിയശേഷം, ആദ്യം ന്യായാധിപന്‍മാര്‍ക്കു കീഴിലും പിന്നീട് ദാവീദ് രാജാവിനു കീഴിലും ഇസ്രാഈല്യര്‍ അയല്‍ ഗോത്രങ്ങളുമായും പ്രദേശങ്ങളുമായും നിരന്തരം യുദ്ധം ചെയ്തതിന്റെ വിവരണങ്ങളും അവയിലുണ്ടായ ദൈവസഹായങ്ങളുടെ വര്‍ത്തമാനവുമെല്ലാം ഉള്‍ക്കൊള്ളുന്ന പഴയ നിയമം ഇന്ന് ആ പ്രദേശങ്ങള്‍ക്കും ഗോത്രങ്ങള്‍ക്കുമെതിരില്‍ യുദ്ധം ചെയ്യാനുള്ള കല്‍പനയവശേഷിപ്പിക്കുന്നു എന്ന് അവര്‍ക്കഭിപ്രായമുണ്ടോ?

(തുടരും)

കുറിപ്പുകള്‍

33. See Romila Thapar, op.cit.
34. ഹാഫിദ് ഇസ്‌മാഈല്‍ ഇബ്നു ഉമര്‍ ഇബ്‌നു കഥീര്‍, അല്‍ ബിദായതു വന്നിഹായ (ബയ്‌റൂത്: മക്‌തബ്തുൽ മആരിഫ്, 1990).
35. for a scholarly glean, see, for instance, Uma Chakravarti, ‘India’s proteges in the Rigveda’, Annals of the Bhandarkar Oriental Research Institute, Vol. 75, No. 1/4 (1994), pp. 51-64.
36. See Romila Thapar, ‘War in the Mahabharata’, PMLA Vol. 124, No. 5, Oct., 2009. Special Topic: War (Oct. 2009), pp. 1830-3.
37. ഭഗവത് ഗീത, 2:7. Swami Adgadanand, Yatharth Geeta English: Srimad Bhagavad Gita. (Mumbai Swami Adgadanandji Trust, 1998), pp. 62-3.
38. Robert P. Goldman. ‘Historicising the Ramakatha: Valmikis Ramayana and its medieval commentators’, India International Centre Quarterly, Vol. 31, No. 4 (SPRING 2005), pp. 83-97.

print

No comments yet.

Leave a comment

Your email address will not be published.