ഇന്ത്യയോട് യുദ്ധം ചെയ്യാൻ മുഹമ്മദ് നബിയുടെ(സ) കൽപനയോ?! -3

//ഇന്ത്യയോട് യുദ്ധം ചെയ്യാൻ മുഹമ്മദ് നബിയുടെ(സ) കൽപനയോ?! -3
//ഇന്ത്യയോട് യുദ്ധം ചെയ്യാൻ മുഹമ്മദ് നബിയുടെ(സ) കൽപനയോ?! -3
ആനുകാലികം

ഇന്ത്യയോട് യുദ്ധം ചെയ്യാൻ മുഹമ്മദ് നബിയുടെ(സ) കൽപനയോ?! -3

‘ഹിന്ദി’നോടുള്ള യുദ്ധത്തെ സംബന്ധിച്ച പ്രവാചക പ്രവചനം കഴിഞ്ഞ കാലഘട്ടത്തിൽ പുലർന്നിട്ടില്ല എന്നും അത് ഭാവിയിൽ നടക്കാനിരിക്കുന്നതാണ് എന്നും ചില മുസ്‌ലിം പണ്ഡിതന്മാർ വ്യാഖ്യാനിക്കാറുണ്ട്. ഈ പണ്ഡിതാഭിപ്രായം അംഗീകരിച്ചാലും, സ്വതന്ത്രാനന്തര അതിർത്തിരേഖ ഉൾകൊള്ളുന്ന ആധുനിക മതേതര ജനാധിപത്യ ഇന്ത്യയോടുള്ള യുദ്ധമല്ല ഇതു കൊണ്ടും ഉദ്ദേശിക്കപ്പെടുന്നത്. ഈ പണ്ഡിത വ്യഖ്യാനം സ്വീകരിച്ചാലും ഇന്ത്യക്കെതിരെയുള്ള ഭീകരാക്രമണങ്ങൾ ഒരു സാഹചര്യത്തിലും ഈ ഹദീഥിൽ പ്രദിപാദിക്കുന്നില്ല.

അന്ത്യനാളിനോടനുബന്ധിച്ച് തീർത്തും വ്യത്യസ്ഥമായ ഒരു ലോക ഘടനയിൽ, ലോകം മുഴുവൻ ബലപ്രയോഗത്തിലൂടെ അധിനിവേശം നടത്തുന്ന, മസീഹുദ്ദജ്ജാൽ എന്ന ഒരു ഏകശസനാധിപന്റെ കാലത്താണ് സംഭവം നടക്കുക. ഈ ഏകശാസകനിൽ നിന്നും ഹിന്ദിനെ മോചിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്കും, നീതിയിലേക്കും തിരിച്ച് കൊണ്ടുപോകാനാണ് ഹിന്ദ് യുദ്ധം.

യുദ്ധം നടക്കുന്ന ലോകം നമ്മൾ ഇന്ന് ജീവിക്കുന്ന ലോകമല്ല. യുദ്ധം ചെയ്യപ്പെടുന്ന ‘ഹിന്ദ്’ ഇന്നത്തെ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുമല്ല. ദജ്ജാലെന്ന ഏകാധിപതിയുടെ കീഴിൽ ഞെരിഞ്ഞമരുന്ന ഒരു ഹിന്ദിനോട് അന്ത്യദിനത്തോട് അടുത്തായി നടക്കുന്ന ഒരു യുദ്ധത്തിനെ (ഒരു സ്വാതന്ത്ര്യ സമരത്തിനെ) സ്വതന്ത്രാനന്തര അതിർത്തിരേഖ ഉൾകൊള്ളുന്ന ആധുനിക മതനിരപേക്ഷ ഇന്ത്യയോടുള്ള യുദ്ധമായി ദുർവ്യാഖ്യാനിക്കുകയാണ് ഇസ്‌ലാമോഫോബിക്കുകൾ ചെയ്തു കൊണ്ടിരിക്കുന്നത്. എന്നാൽ സമാധാന ചിത്തരായി ജീവിക്കുന്ന സാധാരണ അമുസ്‌ലിംകളോട് എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമവും പ്രവാചക പാഠവും മറ്റു ഹദീസുകളിൽ വ്യക്തമായി വായിക്കാൻ സാധിക്കും, അതിനോട് എതിരായി അന്യായമായി ഒരു നാടിനേയും ആക്രമിക്കാൻ പ്രവാചക ശ്രേഷ്ഠൻ (സ) ഒരിക്കലും കൽപ്പിക്കുകയില്ല.

അല്ലാഹു പറഞ്ഞു:
“മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചു മാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത്- അല്ലാഹു നിരോധിക്കുന്നത്‌. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍.”
(കുർആൻ: 60:8,9)

പ്രവാചകൻ മുഹമ്മദ് (സ) പറഞ്ഞു:
مَنْ قَتَلَ مُعَاهَدًا لَمْ يَرَحْ رَائِحَةَ الْجَنَّةِ، وَإِنَّ رِيحَهَا لَيُوجَد مِنْ مَسِيرَةِ أَرْبَعِينَ عَامًا.
“സമാധാന സന്ധിയിലുള്ള ഒരു അമുസ്‌ലിമിനെ ആരെങ്കിലും കൊന്നാൽ അവന് സ്വർഗത്തിന്റെ സുഗന്ധം പോലും ലഭിക്കില്ല.”
(സ്വഹീഹുൽ ബുഖാരി: ഹദീസ് നമ്പർ: 3166)

عَنْ صَفْوَانَ بْنَ سُلَيْمٍ عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ‏ “‏ أَلاَ مَنْ ظَلَمَ مُعَاهِدًا أَوِ انْتَقَصَهُ أَوْ كَلَّفَهُ فَوْقَ طَاقَتِهِ أَوْ أَخَذَ مِنْهُ شَيْئًا بِغَيْرِ طِيبِ نَفْسٍ فَأَنَا حَجِيجُهُ يَوْمَ الْقِيَامَةِ

സ്വഫ്‌വാനു ബ്‌നു സുലൈമില്‍(റ) നിന്ന് നിവേദനം: പ്രവാചകൻ (സ) പറഞ്ഞു: ‘അറിയണം, ആരെങ്കിലും സമാധാന സന്ധിയിലുള്ള അമുസ്‌ലിമിനെ ഉപദ്രവിക്കുകയോ, അവന് കിട്ടേണ്ട അവകാശങ്ങളില്‍ കുറവ് വരുത്തുകയോ, സാധ്യമാകുന്നതിലുപരി വഹിക്കാന്‍ അവനെ നിര്‍ബന്ധിക്കുകയോ, മനപ്പൊരുത്തമില്ലാതെ അവനില്‍ നിന്നും വല്ലതും കവര്‍ന്നെടുക്കുകയോ ചെയ്താൽ ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ഞാന്‍ അവനുമായി (ആ അമുസ്‌ലിമിന്റെ അവകാശങ്ങളുടെ കാര്യത്തിൽ) തര്‍ക്കത്തിലേര്‍പെടും.
(അബൂദാവൂദ്: 3052).

ഇതാണ് സമാധാന ചിത്തരായി ജീവിക്കുന്ന സാധാരണ അമുസ്‌ലിംകളോട് സ്വീകരിക്കേണ്ട നിലപാടായി ഇസ്‌ലാം പഠിപ്പിച്ച നിയമവും ശാസനയും. എത്ര തവണ വ്യക്തമാക്കിയാലും ഈ ആയത്തുകളും ഹദീസുകളും വിമർശകർ കാണാത്ത മട്ടാണ് !!

ദജ്ജാലിനോടും ദജ്ജാലിന്റെ അധിനിവേശത്തോടുമുള്ള യുദ്ധം അന്ത്യദിനത്തോടനുബന്ധിച്ചാണ്, ഈസാ നബിയുടെ(അ) (യേശു) നേതൃത്വത്തിലാണ് നടക്കുക.
(ഫത്ഹുൽ ബാരി: 6: 610, അത്തൗദീഹു ലി ശർഹിൽ ജാമിഅ്: 17:663)

അന്ത്യനാളിനോടടുത്ത് പ്രത്യക്ഷനാകുമെന്ന് പല മത ഗ്രന്ഥങ്ങളും പ്രവചിച്ച, അന്തിക്രിസ്‌തു (antichrist) എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഭാവി വ്യക്തിത്വമാണ് ‘മസീഹു ദ്ദജ്ജാൽ’. ലോകത്ത് ജീവിച്ചിരുന്നതും ജീവിച്ചിരിക്കുന്നവരുമായ ഏകാധിപതികളേക്കാൾ ഏറ്റവും കിരാതനും ക്രൂരനുമായ ഏകാധിപതിയായിരിക്കും (dictator) മസീഹു ദ്ദജ്ജാൽ എന്നാണ് ഹദീസുകൾ പഠിപ്പിക്കുന്നത്. മനുഷ്യരെ ഭൗതീകവും ആത്മീയവുമായ പാരതന്ത്ര്യത്തിലേക്ക് വലിച്ചിഴക്കുന്ന ഈ ദജ്ജാലിന്റെ ഉപദ്രവങ്ങളിൽ നിന്ന് രക്ഷ തേടാൻ പ്രവാചകൻ (സ) തന്റെ അനുചരന്മാരോട് പ്രത്യേകം ഉപദേശിക്കുക കൂടി ചെയ്തതായി കാണാം.
(സ്വഹീഹു മുസ്‌ലിം: 924)

ദജ്ജാലിനാൽ ഭാവിയിൽ, ലോകത്ത് വിതക്കപ്പെടാനിരിക്കുന്ന കുഴപ്പങ്ങളും ഛിദ്രതകളും സമാനതകൾ ഇല്ലാത്തതായിരിക്കും.

مَا بَيْنَ خَلْقِ آدَمَ إِلَى أَنْ تَقُومَ السَّاعَةُ فِتْنَةٌ أَكْبَرُ مِنْ فِتْنَةِ الدَّجَّالِ .
പ്രവാചകൻ (സ) പറഞ്ഞു:
“(ആദ്യ മനുഷ്യൻ) ആദമിനെ സൃഷ്ടിച്ചതു മുതൽ അന്ത്യദിനം സംഭവിക്കുന്നതു വരെ ദജ്ജാലിന്റെ കുഴപ്പത്തേക്കാൾ വലിയ ഒരു ആപത്തും ഇല്ലതന്നെ.”
(മുസ്നദു അഹ്മദ്: 15831)

ലോക രാജ്യങ്ങൾ മുഴുവൻ വെട്ടിപ്പിടിച്ച് തന്റെ അധികാരത്തിനും ആജ്ഞാപനത്തിനും കീഴിലാക്കുന്ന ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയായിരിക്കും ‘മസീഹു ദ്ദജ്ജാൽ’.

ليس من بلد إلا سيطؤه الدجال إلا مكة والمدينة ليس له من نقابها نقب إلا عليه الملائكة صافين يحرسونها

ദജ്ജാൽ കാലു കുത്താത്ത ഒരു നാടും അവശേഷിക്കില്ല; മക്കയും മദീനയും ഒഴികെ. ആ രണ്ട് നാടുകളെയും സംരക്ഷിച്ചു കൊണ്ട് മലക്കുകൾ വലയം ചെയ്യുന്നുണ്ടാകും.
(സ്വഹീഹുൽ ബുഖാരി: 1881, സ്വഹീഹു മുസ്‌ലിം: 2943)

നാടുകളിൽ കാലുകുത്തുക എന്നതുകൊണ്ടുദ്ദേശം പടയോട്ടത്തിലൂടെ അധികാരത്തിന് കീഴിലാക്കുക എന്നാണ്.
فلا يبقى له موضع إلا ويأخذه غير مكة والمدينة
“മക്കയും മദീനയും തുടങ്ങിയ സ്ഥലങ്ങളല്ലാതെ ഒരു സ്ഥലവും അവൻ പിടിച്ചടക്കാത്തതായി അവശേഷിക്കില്ല” എന്ന് ചില നിവേദനങ്ങളിൽ കാണാം.
(ഉംദത്തുൽ കാരി: 10:244)

“എല്ലാ ജല തടത്തിലും അവന്റെ അധികാരമെത്തും” (يبلغ سلطانه كل منهل) എന്ന് മറ്റു ചില നിവേദനങ്ങളിലും വന്നിരിക്കുന്നു. (മുസ്നദു അഹ്മദ്: 23139)

(സ്വാഭാവികമായും ദജ്ജാലിന്റെ ഈ അധിനിവേശം ഇന്ത്യയിലുമെത്തുമല്ലൊ. ആദർശ സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും ദജ്ജാലിനാൽ തിരോധാനം ചെയ്യപ്പെടുന്ന കാലത്ത് അവ തിരിച്ചു പിടിക്കാൻ രക്ഷകരായി കൊണ്ടാണ് ഈ പണ്ഡിതാഭിപ്രായപ്രകാരം മുസ്‌ലിംകൾ ഇന്ത്യയിലേക്ക് കടന്നുവരിക എന്നർത്ഥം)

ദജ്ജാലിന്റെ സാമ്രാജ്യത്വ അധിനിവേശത്തിനു കീഴിൽ മനുഷ്യ ജീവിതങ്ങൾ ഞെരിഞ്ഞമരും. അങ്ങനെ
ലോകം മുഴുവൻ അക്രമവും അനീതിയും അടിച്ചമർത്തലുകളും നിറയുന്ന ഘട്ടത്തിൽ മഹ്ദി എന്ന സ്ഥാനപേരിലുള്ള ഒരു ഭരണാധികാരിയുടേയും പ്രവാചകനായ ഈസാ(അ)യുടേയും നേതൃത്വത്തിൽ അന്ത്യദിനത്തോടടുത്ത് നടക്കുന്ന സ്വാതന്ത്ര്യ സമരങ്ങൾ ഒരുപാട് ഹദീസുകളുടെ ഇതിവൃത്തമായിട്ടുണ്ട്. (ഇക്കൂട്ടത്തിൽ തന്നെയാണ് ‘ഗസ്‌വത്തുൽ ഹിന്ദും’ എന്നാണ് ഈ വിഭാഗം പണിതന്മാരുടെ അഭിപ്രായം)

أبشركم بالمهدي يبعث على اختلاف من الناس وزلازل فيملأ الأرض قسطاً وعدلاً كما ملئت جوراً وظلماً
“ലോകം മുഴുവൻ അക്രമങ്ങളും സ്വേച്ഛാധിപത്യവും കൊണ്ട് നിറഞ്ഞ സന്ദർഭത്തിൽ ലോകത്തെ നീതിയും ന്യായവും കൊണ്ട് മഹ്ദി നിറക്കുമെന്ന്” ഹദീസിൽ പ്രസ്ഥാവിക്കുന്നുണ്ട്.
(മുസ്നദു അഹ്മദ്: 11344, അൽ അഹ്കാമുശറഇയ്യ അൽ കുബ്റാ: അബ്ദുൽ ഹക്ക് അൽ ഇശ്ബീലി: 4/532, മജ്മഉസ്സവാഇദ്: 7/316)

അത്ഭുത സിദ്ധികൾ പലതും പ്രദർശിപ്പിച്ച് ജനങ്ങളെ വശീകരിക്കുന്നതിന് പുറമെ, ദജ്ജാലെന്ന ഏകശസനാധികാരി ആളുകളെ ചതിയിലൂടെ അവരെ അഗ്നിയിലേക്ക് നയിക്കുമെന്ന സൂചനകൾ ഹദീസുകളിൽ കാണാം.

‘അയാളുടെ കൂടെ രണ്ട് ജല തടങ്ങളുണ്ടാകും. ഒന്ന് പ്രത്യക്ഷ ദൃഷ്ട്യാ വെള്ളമായിരിക്കും. മറ്റൊന്ന് ദൃഷ്ട്യാൽ അഗ്നിയായിരിക്കും. എന്നാൽ വെള്ളമെന്ന് തോന്നിപ്പിക്കപ്പെടുന്ന തടങ്ങൾ യഥാർത്ഥത്തിൽ അഗ്നിയായിരിക്കും എന്നും’ ഹദീസുകൾ സൂചിപ്പിക്കുന്നുണ്ട്.
(സ്വഹീഹു മുസ്‌ലിം: 5223)

അത്ഭുത പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ച് ദിവ്യത്വം വാദിക്കുക കൂടി ചെയ്യും. അധികാരത്തിലൂടെ തന്റെ ദിവ്യത്വം ജനങ്ങളിൽ അടിച്ചേൽപ്പിക്കുക എന്നത് ദജ്ജാലിന്റെ പദ്ധതികളിൽ ഒന്നായിരിക്കും.

“ദജ്ജാൽ ജനങ്ങളോട്‌ പറയും: ഈ വ്യക്തിയെ (ഒരു മുസ്‌ലിം) ഞാൻ കൊല്ലുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്താൽ (ഞാൻ നിങ്ങളുടെ ദൈവമാണെന്നതിൽ) നിങ്ങൾ സംശയിക്കുമോ? ജനങ്ങൾ പറയും: ഇല്ല. അപ്പോൾ ദജ്ജാൽ അയാളെ കൊല്ലുകയും ജീവിപ്പിക്കുകയും ചെയ്യും. അപ്പോൾ ജീവൻ തിരിച്ചു കിട്ടിയ വ്യക്തി പറയും: “അല്ലാഹുവാണേ, മുമ്പൊരിക്കലും നിന്നെക്കുറിച്ച്‌ എനിക്കില്ലാതിരുന്ന വ്യക്തമായ തിരിച്ചറിവ് ഇന്നെനിക്ക് ലഭിച്ചു.” (അഥവാ നബി പറഞ്ഞ ദജ്ജാൽ നീ തന്നെയാണു എന്ന് എനിക്കിപ്പോൾ ഉറപ്പായി എന്നയാൾ ആണയിടും. കാരണം ഇപ്രകാരം ഒരു സംഭവമുണ്ടാകുമെന്ന പ്രവാചകന്റെ ഹദീസിന് ജീവിക്കുന്ന തെളിവായി അയാൾ മാറുമല്ലൊ)
അപ്പോൾ ദജ്ജാൽ അയാളെ വീണ്ടും കൊല്ലാൻ ശ്രമിക്കും. പക്ഷെ അതിന് ദജ്ജാലിനെ അല്ലാഹു അനുവദിക്കില്ല.”
(സ്വഹീഹുൽ ബുഖാരി: 6599)

തന്റെ ദിവ്യത്വത്തിൽ ജനങ്ങളെ നിർബന്ധിച്ച് വിശ്വസിപ്പിക്കാനായി അധികാരവും മായാജാലവുമൊക്കെ ദജ്ജാൽ ഉപയോഗിക്കും. എന്നിട്ടും വിശ്വസിക്കാത്തവർക്ക് വധശിക്ഷയാണ് ദജ്ജാലിന്റെ ഭരണകൂടം വിധിക്കുക. വിശ്വാസ സ്വാതന്ത്ര്യം നിശ്ശേഷം നിഷേധിക്കപ്പെടുന്ന ഈ സാമ്രാജ്യത്വ സ്വേച്ഛാധിപത്യത്തോടാണ് മുസ്‌ലിംകൾ പടക്കിറങ്ങുന്നത് എന്നർത്ഥം.

ഈ സ്വേച്ഛാധിപതിയുടെ രാജാധികാരത്തോടും അയാളുടെ കിങ്കരന്മാരോടുമാണ് അന്ത്യ നാളിനോടടുത്ത് സ്വാതന്ത്ര്യ സമരങ്ങൾ നടക്കുക. അല്ലാതെ സമാധാനത്തോടെ ജീവിക്കുന്ന അമുസ്‌ലീംകളോടോ അവരുടെ നാടുകളോടോ അല്ല. ചുരുക്കത്തിൽ, ഗസ്വത്തുൽ ഹിന്ദ് പരാമർശിക്കുന്ന ഹദീഥുകളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ഇന്ത്യൻ മുസ്‌ലിംകൾ ഇന്ത്യയോട് യുദ്ധം ചെയ്യാൻ തക്കം പാർത്തിരിക്കുന്നവരാണെന്ന പ്രചാരണം അബദ്ധജടിലവും അടിസ്ഥാനരഹിതവുമാണ്. അകാരണമായും അന്യായമായും ഒരു നാടിനോടും യുദ്ധം ചെയ്യാനും അക്രമിക്കുവാനും ഈ ഹദീസിൽ എന്നല്ല ഇസ്‌ലാമിക പ്രമാണങ്ങളിൽ എവിടെയും പഠിപ്പിക്കുന്നില്ല.

(അവസാനിച്ചു)

print

No comments yet.

Leave a comment

Your email address will not be published.