ഇന്ത്യയോട് യുദ്ധം ചെയ്യാൻ മുഹമ്മദ് നബിയുടെ(സ) കൽപനയോ?! -2

//ഇന്ത്യയോട് യുദ്ധം ചെയ്യാൻ മുഹമ്മദ് നബിയുടെ(സ) കൽപനയോ?! -2
//ഇന്ത്യയോട് യുദ്ധം ചെയ്യാൻ മുഹമ്മദ് നബിയുടെ(സ) കൽപനയോ?! -2
ആനുകാലികം

ഇന്ത്യയോട് യുദ്ധം ചെയ്യാൻ മുഹമ്മദ് നബിയുടെ(സ) കൽപനയോ?! -2

ഹിന്ദ് അഥവാ ബസ്വറയോടുള്ള യുദ്ധം എന്തുകൊണ്ട് പ്രോത്സാഹിപ്പിക്കപ്പെട്ടു?

ഹിന്ദ് അഥവാ ബസ്വറയോട് യുദ്ധം എന്തുകൊണ്ട് പ്രോത്സാഹിപ്പിക്കപ്പെട്ടു? എന്നതാണ് അവശേഷിക്കുന്ന ചോദ്യം.

മതേതരത്വവും ജനാധിപത്യവും രാഷ്ട്രങ്ങളുടെ ചട്ടക്കൂടും രാഷ്ട്രമീമാംസയുടെ അടിസ്ഥാന ശിലയുമായ, ആധുനിക ലോക വ്യവസ്ഥയിലല്ല ഹിന്ദ് അഥവാ ബസ്വറയോട് യുദ്ധം ചെയ്യുന്നത് പ്രവാചകൻ (സ) പ്രോത്സാഹിപ്പിച്ചത്. ഇസ്‌ലാമിന്റെ ആവിർഭാവകാലഘട്ടത്തിൽ പ്രവാചക ശിഷ്യന്മാർ നേതൃത്വം വഹിച്ച പടയോട്ടങ്ങളുടെ ലക്ഷ്യവും പശ്ചാത്തലവും ആദ്യമായി നാം മനസ്സിലാക്കണം. ആദർശ സഹവർത്തിത്വമോ ജനാധിപത്യ മൂല്യങ്ങളോ തൊട്ടു തീണ്ടിയിട്ടില്ലാത്ത തീവ്ര മത വികാരത്തിലും അന്ധമായ മൗലികവാദത്തിലും വേരുറച്ച മതാധിഷ്‌ഠിത ഏകാധിപത്യ ഭരണങ്ങളായിരുന്നു (Theocratic Autocracy) അന്നത്തെ രാഷ്ട്രങ്ങളിൽ നിലനിന്നിരുന്നത്. ചരിത്രത്തിന്റെ അപൂർവം ചില ദശകളിൽ ചില നാടുകളിൽ അപൂർവ്വം ഭരണാധികാരികൾ മാത്രമെ അപര വിശ്വാങ്ങൾക്കും ആദർശങ്ങൾക്കും പ്രത്യയ ശാസ്ത്രങ്ങൾക്കും സഹവർത്തിത്വത്തിന് അവസരം നൽകിയിരുന്നുള്ളു. മതസ്വാതന്ത്ര്യവും സഹസ്ഥിതിയും വിവിധ പ്രത്യയശാസ്‌ത്രങ്ങളോട് സമാധാനപരമായ സഹവർത്തിത്വവുമൊക്കെ തീർത്തും അസംഭവ്യങ്ങളായിരുന്ന പൗരാണിക ലോക വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ നിന്നു കൊണ്ട് വേണം ഹദീസിലെ യുദ്ധാഹ്വാനത്തെ മനസ്സിലാക്കാൻ.

ഇസ്‌ലാം സ്വീകരിക്കുകയോ ആചരിക്കുകയോ അതിന്റെ ചിഹ്നങ്ങൾ പ്രകടിപ്പിക്കുകയോ, ഇസ്‌ലാം പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും അവയുടെ പേരിൽ മർദ്ദനങ്ങളും പീഢനങ്ങളും അനുഭവിക്കുകയും ചെയ്യേണ്ടിവരുന്ന അവസ്ഥ ഇസ്‌ലാമികേതര രാജ്യങ്ങളിൽ ഇല്ലാതാവുകയും ഇസ്‌ലാം മതം പൂർണമായും ഉൾക്കൊണ്ട് ജീവിക്കാൻ കഴിയുന്ന അവസ്ഥ സംജാതമാവുകയും ചെയ്യുന്നതിന് മാത്രമായിരുന്നു ഈ യുദ്ധങ്ങൾ.

“ഫിത്‌ന ഇല്ലാതാകുന്നതുവരെ യുദ്ധം നടത്തി കൊള്ളുക” ( وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ ) എന്ന ഖുർആൻ വചനത്തിന് പ്രവാചക ശിഷ്യൻ ഇബ്നു ഉമർ (റ) നൽകിയ വ്യാഖ്യാനം കാണുക:

ﻓﻌﻠﻨﺎ ﻋﻠﻰ ﻋﻬﺪ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﻛﺎﻥ اﻹﺳﻼﻡ قليلا، ﻓﻜﺎﻥ اﻟﺮﺟﻞ ﻳﻔﺘﻦ ﻓﻲ ﺩﻳﻨﻪ: ﺇﻣﺎ ﻗﺘﻠﻮﻩ، ﻭﺇﻣﺎ ﻳﻌﺬﺑﻮﻧﻪ، ﺣﺘﻰ ﻛﺜﺮ اﻹﺳﻼﻡ ﻓﻠﻢ ﺗﻜﻦ ﻓﺘﻨﺔ

“അല്ലാഹുവിന്റെ തിരുദൂതരുടെ(സ) കാലത്ത് ഞങ്ങള്‍ അങ്ങനെ (ഫിത്‌ന ഇല്ലാതാകുന്നതുവരെ യുദ്ധം നടത്തുക എന്ന പ്രവർത്തനം) ചെയ്തിട്ടുണ്ട്. അന്ന് ഇസ്‌ലാം (മുസ്‌ലിംകള്‍) അല്‍പമായിരുന്നു. അതിനാല്‍, ഒരു മുസ്‌ലിം തന്‍റെ മത കാര്യത്തില്‍ ഫിത്‌നക്ക് (പരീക്ഷണത്തിന്/ കുഴപ്പത്തിന്) വിധേയനാകുമായിരുന്നു. ഒന്നുകില്‍ അവിശ്വാസികൾ അവനെ വധിക്കുമായിരുന്നു, അല്ലെങ്കില്‍ അവിശ്വാസികൾ അവനെ മര്‍ദ്ദനങ്ങൾക്കും പീഢനങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ, ഇസ്‌ലാം (മുസ്‌ലിംകള്‍) വര്‍ദ്ധിച്ചു, അപ്പോള്‍ ഈ ഫിത്‌ന ഇല്ലാതായി….’ (സ്വഹീഹുൽ ബുഖാരി: 4514)

ഇസ്‌ലാം സ്വീകരിക്കുവാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും, വസ്ത്രധാരണ രീതി, ബാങ്ക്, ആരാധനാലയങ്ങൾ, മതപഠനം, ആഘോഷങ്ങൾ തുടങ്ങിയ ഇസ്‌ലാമിക ചിഹ്നങ്ങൾ ആചരിക്കുവാനും, ഇസ്‌ലാമിക പ്രബോധന-പ്രചാരണങ്ങളിൽ ഏർപ്പെടാനും ഒരു വിശ്വാസിക്ക് ദൈവത്തിന്റെ ഭൂമിയിൽ എവിടെയും സാധ്യമാകുന്ന സ്ഥിതി വിശേഷം നിലവിൽ വരണം. അഥവാ മുസ്‌ലിം സമൂഹം ഇസ്‌ലാം വിരുദ്ധ രാഷ്ട്രങ്ങളിൽ നിന്ദ്യരും മർദ്ദിതരുമായി കഴിയുന്ന അവസ്ഥ ഇല്ലാതാവുകയും അല്ലാഹുവിന്റെ മതം ഭൂമിയിലെ ഏത് സാമൂഹിക വ്യവസ്ഥിതിയിലും പ്രൗഢിയോടെ പുലർത്താൻ സാധിക്കണം. (അതിനർത്ഥം മറ്റു മതങ്ങളോ ആദർശങ്ങളോ ഇസ്‌ലാമിന് കീഴ്‌പ്പെടുന്ന അവസ്ഥ സൃഷ്ടിക്കണമെന്നോ ഭൂമിയിൽ മുഴുവൻ ഇസ്‌ലാമിക ഭരണം സ്ഥാപിക്കപ്പെടണം എന്നോ അല്ല. ഇസ്‌ലാമും മുസ്‌ലിംകളും മറ്റു മതങ്ങളാലും ആദർശങ്ങളാലും അടിച്ചമർത്തപ്പെടുകയും നിന്ദ്യരാക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥ ഇല്ലാതാവുകയും ഇസ്‌ലാമിക പ്രബോധനം സാധ്യമാവുകയും ചെയ്യണം എന്നാണ്.) അതിനു തടസ്സമായി നിൽക്കുന്ന ഓട്ടോക്രസികളോടാണ് -ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരി എന്ന നിലയിൽ- ചില ‘സ്വതന്ത്ര്യ സമരങ്ങൾ/ യുദ്ധങ്ങൾ’ നടത്താൻ മുഹമ്മദ് നബി (സ) ആഹ്വാനം ചെയ്തത്. ഇതാണ് ഈ സ്വാതന്ത്ര്യ യുദ്ധങ്ങളുടെ ലക്ഷ്യം.

“മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്‌) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.” (ഖുർആൻ: 2:193)

“എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്‌) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.” എന്ന ഭാഗം ഈ യുദ്ധങ്ങളുടെ പശ്ചാത്തലത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നുണ്ട്. ആധുനിക മതേതര ജനാധിപത്യ രാഷ്ട്രങ്ങളിൽ ഇഷ്ടമുള്ള മതം സ്വീകരിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമനുവദിക്കുന്ന അവസ്ഥ നിലനിൽക്കുമ്പോൾ ഇസ്‌ലാമിലെ സ്വാതന്ത്ര്യ യുദ്ധങ്ങൾക്ക് പ്രസക്തിയില്ല.

മുമ്പ് സൂചിപ്പിച്ചത് പോലെ, സഹവർത്തിത്വവും ജനാധിപത്യവും ഒരു നിലക്കും ഉൾകൊള്ളാത്ത തീവ്ര മത വികാരത്തിലധിഷ്ഠിതമായ തിയോക്രസികളായിരുന്നു ഇസ്‌ലാം ഉദയം കൊണ്ട കാലഘട്ടത്തിൽ ലോകത്തുടനീളം നിലനിന്നിരുന്നത്; പ്രത്യേകിച്ച് അറബ് ഉപഭൂഖണ്ഡത്തിൽ അധികാരം വാണിരുന്നത്. അറബ് ഉപഭൂഖണ്ഡത്തിലെ ഗോത്ര വ്യവസ്ഥ മതസ്വാതന്ത്രത്തെ മുഴുവനായും നിഷേധിച്ചിരുന്നു. പ്രസ്തുത സമൂഹങ്ങളിലെയും ഗോത്രങ്ങളിലേയും രാജാക്കന്മാർക്ക് പോലും സമൂഹ മനസ്സിനെതിരായ ആദർശങ്ങളോ മതമോ സ്വീകരിക്കാനും വിശ്വസിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഇല്ലാതിരിക്കാൻ മാത്രം തീവ്രമായിരുന്നു അന്ന് നിലനിന്നിരുന്ന വർഗീയതയും അസഹിഷ്ണുതയും.

റോമൻ ചക്രവർത്തിക്ക് പ്രവാചകൻ (സ) ഒരു കത്തയക്കുകയുണ്ടായി. ഹാരിസിബ്നു ഉമൈർ അൽ അസ്ദിയായിരുന്നു കത്തുമായി പുറപ്പെട്ട ദൂതൻ. റോമൻ ചക്രവർത്തിയുടെ, ശാമിലെ ഗവർണറായ ശർഹബീലിബ്നു അംറ് അൽ ഗസ്സാനി, പ്രവാചകന്റെ ദൂതനെ ബന്ദിയാക്കുകയും കെട്ടിയിട്ട് കഴുത്തറുക്കുകയും ചെയ്തു. തങ്ങളുടെ ക്രിസ്ത്യൻ സാമ്രാജ്യത്തിന്റെ അതിർത്തിയിൽ കാലു കുത്താൻ പോലും ഒരു മുസ്‌ലിമിനും അനുവാദമില്ലെന്ന്, ദൂതന്മാരെ വധിക്കുക എന്ന, അക്കാലഘട്ടത്തിലെ അസഹിഷ്ണുതയുടെ പാരമ്യരൂപത്തിലൂടെ റോമൻ സാമ്രാജ്യം പ്രഖ്യാപിച്ചു. ഇതാണ് ഹിജ്റ എട്ടാം വർഷം ശാമിലെ ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മിൽ നടന്ന യുദ്ധമായ മുഅ്ത യുദ്ധത്തിലേക്ക് നയിച്ചത് എന്ന് ചില ചരിത്ര ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു.
(മഗാസി: വാക്വിദി: 2:755, ത്വബകാത്തു ഇബ്നു സഅ്ദ്: 4:256)

പ്രേർഷ്യൻ സാമ്രാജ്യത്വത്തിന്റെ ആദർശ അസഹിഷ്ണുത ചരിത്ര പ്രസിദ്ധമാണ്. സ്വാതന്ത്ര്യ നിഷേധത്തിൽ പരസ്പരം മത്സരിച്ചിരുന്ന ക്രിസ്ത്യൻ റോമും പേർഷ്യൻ ജൂതന്മാരും തമ്മിലുള്ള അടിച്ചമർത്തലുകളും വർഗീയ യുദ്ധങ്ങളും കലാപങ്ങളും അക്കാലഘട്ടത്തിന്റെ പ്രധാന ഇതിവൃത്തം ആയിരുന്നു.

ഹദീസിൽ ഉദ്ദേശിക്കപ്പെട്ട ഹിന്ദ് അഥവാ ബസ്വറ ആധുനിക ഇറാഖിന്റെ ഭാഗമാണെന്നും ക്രിസ്താബ്ദം 638 ൽ ഖലീഫ ഉമറിന്റെ കാലഘട്ടത്തിൽ മുസ്‌ലിംകൾ വിജയിച്ചടക്കുന്നതു വരെ ഇറാഖ് പേർഷ്യൻ സാമ്രാജ്യത്വത്തിന്റെ കീഴിലായിരുന്നു എന്നും സൂചിപ്പിച്ചല്ലൊ.

എൻസൈക്ലോപീഡിയ ഇറാനിക (Encyclopedia iranica) പറയുന്നു:

സാസാനിയൻ രാജാക്കൻമാരാണ് പേർഷ്യൻ സാമ്രാജ്യത്തെ നയിച്ച അവസാന രാജവംശം. പേർഷ്യൻ സാമ്രാജ്യത്തിനു മേൽ ഇസ്‌ലാമിന്റെ അധിജയത്തിന് തൊട്ട് മുമ്പ് (224 CE–650 CE) വരെ ഭരണത്തിന് നേതൃത്വം വഹിച്ച വംശപരമ്പരയാണ് സാസാനിയൻ രാജവംശം.
(https://iranicaonline.org/articles/sasanian-dynasty )

അബ്ദുശ്ശാഫി മുഹമ്മദ് അബ്ദുല്ലത്തീഫ് എഴുതി:

“പേർഷ്യൻ രാജാവായ കിസ്റക്ക് -അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ട്- മുഹമ്മദ് നബി (സ) അയച്ച കത്ത് അഹങ്കാരത്തോടെയും ധാർഷ്ട്യത്തോടെയും പിച്ചിച്ചീന്തുകയാണ് ആ ഏകാധിപതി ചെയ്തത്. മാത്രമല്ല യമനിൽ ഭരണം നടത്തിയിരുന്ന തന്റെ പ്രതിനിധിയായ ബാദാനോട് മുഹമ്മദ് നബിയെ പിടികൂടാനും കൊല്ലാനും ആവശ്യപ്പെടുകയും ചെയ്തു. രാജാധിരാജനായ തന്നെ മറ്റൊരു മതത്തിലേക്ക് ക്ഷണിക്കാനുള്ള തന്റേടത്തിനു ശിക്ഷയായി കൊണ്ടാണ് മുഹമ്മദ് നബിയെ വധിക്കാൻ അദ്ദേഹം ഉത്തരവിട്ടത് (താരീഖു ത്വബ്‌രി 2:654).
തുടക്കം മുതലേ അങ്ങേയറ്റം ശത്രുതാ മനോഭാവത്തോടെയാണ് പേർഷ്യൻ സാമ്രാജ്യത്വം ഇസ്‌ലാമിനെ അഭിമുഖീകരിച്ചത്. കാലാന്തരത്തിൽ ഈ അനീതി നിറഞ്ഞ ശത്രുത ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അതിർത്തികളിലുള്ള അറബ് ഗോത്രങ്ങളെ ഭരണകൂടത്തിനെതിരെ ഇളക്കി വിടുകയും സായുധ വിപ്ലവങ്ങൾക്ക് പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്തു. ഇത് യുദ്ധത്തിലാണ് കലാശിച്ചത്. ആഭ്യന്തര ലഹളക്കാരുമായും സഹായികളായ പേർഷ്യക്കാരുമായും മുസ്ന ഇബ്നു ഹാരിസ അശൈബാനിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യം അറബ് ഗൾഫ് തീരത്ത് നിരന്തരം ഏറ്റുമുട്ടി. ഇറാൻ മുഴുവൻ വിജയിച്ചടക്കുകയും ഇസ്‌ലാമിക നേതൃത്വത്തിനു കീഴിൽ സമ്പൂർണ്ണമായി പ്രവേശിക്കുകയും ചെയ്യുന്നത് വരെ പേർഷ്യക്കാരിൽ നിന്നുമുള്ള വൈദേശിക കലാപങ്ങൾ കെട്ടടങ്ങിയില്ല. മുസ്‌ലിംകൾ അല്ല ശത്രുതയ്ക്ക് തുടക്കം കുറിച്ചത് എന്നതിനാൽ തന്നെ നീതിയുള്ള നിഷ്പക്ഷരായ ആർക്കും പേർഷ്യക്കാരോടുള്ള യുദ്ധത്തിൽ മുസ്‌ലിംകളെ പഴിക്കാൻ കഴിയില്ല… പേർഷ്യൻ രാജ്യങ്ങളിലുള്ള വിജയത്തിന്റെ സുവിശേഷങ്ങളും യുദ്ധാർജിത സ്വത്തുക്കളും മദീനയിൽ ഖലീഫാ ഉമറിലേക്ക് മുസ്‌ലിം സൈന്യത്തിന്റെ നേതാക്കളിൽ ഒരാളായ സഅദ്ബ്നു അബീ വഖാസ് അയക്കുകയും പേർഷ്യൻ രാജ്യങ്ങളിൽ യുദ്ധം തുടരാനുള്ള അനുവാദം ആവശ്യപ്പെടുകയും ചെയ്തപ്പോൾ ഉമർ (റ) അത് നിരസിച്ചു കൊണ്ട് പറഞ്ഞു: “അവർക്കും നമുക്കുമിടയിൽ ഒരു വലിയ പർവതമുണ്ടാവുകയും നാം അവരിൽ നിന്നും, അവർ നമ്മിൽ നിന്നും സുരക്ഷിതരായിരിക്കുകയും ചെയ്തിരുന്നെങ്കിൽ എന്നാണ് ഞാൻ ആശിച്ചു പോവുന്നത്… യുദ്ധാർജിത സ്വത്തിനേക്കാൾ മുസ്‌ലിംകളുടെ സുരക്ഷയെയാണ് ഞാൻ മുന്തിക്കുന്നത്” (താരീഖു ത്വബ്‌രി 4:28). ഖലീഫയുടെ ഈ നിലപാട് മുസ്‌ലിംകൾ യുദ്ധക്കൊതിയന്മാർ അല്ലായിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ്. ശക്തിയും വാളും ഉപയോഗിച്ച് ഇസ്‍ലാം പ്രചരിപ്പിക്കൽ ആയിരുന്നില്ല മുസ്‌ലിംകളുടെ ഉദ്ദേശ്യം. (അസ്സീറത്തുന്നബവിയ്യ വത്താരീഖുൽ ഇസ്‌ലാം: 1:259)

എൻസൈക്ലോപീഡിയ ഇറാനിക (Encyclopedia iranica) പറയുന്നു:

സാസാനിയൻ രാജവംശത്തിലെ ഏറ്റവും കൂടുതൽ കാലം (r. 309-79 CE) ഭരിച്ച ചക്രവർത്തി ‘ശാഹ്പോർ രണ്ടാമൻ’ പേർഷ്യൻ സ്വേച്ഛാധിപത്യത്തിന്റെയും അസഹിഷ്ണുതയുടേയും പ്രതീകമായിരുന്നു.

ഇസ്‌ലാമിന് മുമ്പത്തെ അറബ് ഗോത്രങ്ങളെ അടിച്ചമർത്താനും സാമ്രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാക്കാനും അയാൾ ഒരു സൈനിക പ്രചാരണം ആരംഭിച്ചു.
(താരീഖുത്വബ്‌രി, തജാറുബുൽ ഉമം: മസ്കവൈഹി).

ﻓﺄﻓﺸﻲ ﻓﻴﻬﻢ اﻟﻘﺘﻞ، ﻭﺳﻔﻚ ﻓﻴﻬﻢ ﻣﻦ اﻟﺪﻣﺎء ﺳﻔﻜﺎ ﺳﺎﻟﺖ ﻛﺴﻴﻞ اﻟﻤﻄﺮ، ﺣﺘﻰ ﻛﺎﻥ اﻟﻬﺎﺭﺏ ﻣﻨﻬﻢ ﻳﺮﻯ ﺃﻧﻪ ﻟﻦ ﻳﻨﺠﻴﻪ ﻣﻨﻪ ﻏﺎﺭ ﻓﻲ ﺟﺒﻞ، ﻭﻻ ﺟﺰﻳﺮﺓ ﻓﻲ ﺑﺤﺮ….ﻭﺇﻥ ﺳﺎﺑﻮﺭ ﺿﺮﻱ ﺑﻘﺘﻞ اﻟﻌﺮﺏ، ﻭﻧﺰﻉ ﺃﻛﺘﺎﻑ ﺭﺅﺳﺎﺋﻬﻢ ﺇﻟﻰ ﺃﻥ ﻫﻠﻚ.
ﻭﻛﺎﻥ ﺫﻟﻚ ﺳﺒﺐ ﺗﺴﻤﻴﺘﻬﻢ ﺇﻳﺎﻩ ﺫا اﻷﻛﺘﺎﻑ

ത്വബ്‌രി എഴുതുന്നു:
“അറബികളെ അയാൾ പരക്കെ കൊന്നു. മഴ കുത്തിച്ചൊരിയുന്നതു പോലെ അറേബ്യയിൽ രക്തം ചിന്നി ചിതറി. മരണത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചവർ തന്നെ മനസ്സിൽ മന്ത്രിച്ചു; ഒരു പർവ്വതത്തിനു മൂലയിലുള്ള ഗുഹയും ഒരു സമുദ്ര പ്രാന്തത്തിലുള്ള ദ്വീപും തന്നെ ഒരിക്കലും രക്ഷിക്കില്ല എന്ന്. ‘ശാഹ്പോർ’ ചക്രവർത്തി അറബികളെ കൂട്ടക്കുരുതി നടത്തി. അറബികളുടെ നേതാക്കളുടെ തോളെല്ലുകൾ വലിച്ചൂരി അവരെ ക്രൂരമായ രീതിയിൽ കൊലപ്പെടുത്തി. അക്കാരണത്താൽ അയാളെ ‘ദുൽ അക്താഫ്’ (ﺫﻱ اﻻﻛﺘﺎﻑ) ‘തോളെല്ലുകളുടെ ഉടമ’ എന്ന് അറബികൾ വിളിച്ചു.”
(താരീഖു ത്വബ്‌രി: 2:57)

‘ശാഹ് പോർ’ രണ്ടാമൻ ഇറാഖിലെ അയാദുകളെ ആദ്യം ആക്രമിച്ചു. പിന്നീട് പേർഷ്യൻ ഗൾഫ് മുറിച്ച് കടന്ന് ബഹ്റൈൻ, കത്വർ എന്നീ പ്രദേശങ്ങളും, തമീം, ബകർ, വാഇൽ, അബ്ദുൽ കൈസ് തുടങ്ങിയ ഗോത്രക്കാരുടെ വാസസ്ഥലമായ ഹജറും ആക്രമിച്ചു. (താരീഖു ത്വബ്‌രി) ഒട്ടുമിക്ക ഗോത്രവർഗ്ഗക്കാരേയും കശാപ്പു ചെയ്യുന്നതിന് പുറമെ അറബികൾക്ക് വെള്ളം കിട്ടാതിരിക്കാൻ ജലസ്രോതസ്സുകൾ മണ്ണിട്ടു മൂടി.

തുടർന്ന് കിഴക്കൻ അറേബ്യയിലും സിറിയയിലും ആക്രമണം അഴിച്ചു വിടുകയും യമാമ, ബക്കർ, തഗ്‌ലിബ് നഗരങ്ങൾക്കുമെതിരെ ആഞ്ഞടിച്ചു.
(ഗററു അഖ്ബാരി മുലൂകുൽ ഫറസ്: സഗാലിബി, തജാറുബുൽ ഉമം: മസ്കവൈഹി)

ചില അറബ് ഗോത്രങ്ങളെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കുകയും സാസാനിയൻ സാമ്രാജ്യത്തിലേക്ക് നാടുകടത്തുകയും ചെയ്യപ്പെട്ടു.

അറബികളിൽ നിന്ന് തുടർന്ന് ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ, ‘ശാഹ്പോർ’ II, “അറബി മതിൽ” എന്ന പേരിൽ ഒരു പ്രതിരോധ സംവിധാനം നിർമ്മിച്ചു.
(T. Daryaee, “Memory and History: The Construction of the Past in Late Antique Persia,” Nāma-ye Irān-e Bāstan/The International Journal of Ancient Iranian Studies 1/2, 2001-02, pp. 1-14)

‘ശാഹ് പോർ’ II ന്റെ ഭരണകാലത്ത് സാസാനിയൻ സാമ്രാജ്യത്തിലെ ക്രിസ്ത്യാനികൾ നേരിടേണ്ടി വന്ന കൊടും പീഡനങ്ങൾ അർമേനിയൻ സ്രോതസ്സുകൾ പോലും രേഖപ്പെടുത്തുന്നുണ്ട്.

‘ശാഹ് പോർ’ രണ്ടാമന്റെ വേട്ടക്കിരയായ പ്രശസ്ത ക്രിസ്ത്യൻ രക്തസാക്ഷികളുടെ പേരുകളിൽ അയാളുടെ പ്രധാന കരകൗശലത്തൊഴിലാളിയായ പോസി (പുസൈ), അദ്ദേഹത്തിന്റെ മകൾ മാർത്ത, തെക്ല, ദാനക്, ബൗത എന്നിവരും ഉൾപെടുന്നു. സ്ത്രീകൾ ഉൾപ്പെടെ സാൻ, മാമ, മെസഖ്യ, അന്ന, അബ്യത്, സാത്തായ്, മെസഖ്യ എന്നിങ്ങനെ മറ്റ് ഒരുപാട് രക്തസാക്ഷികളും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
(Brock and S. A. Harvey, Holy Women of the Syrian Orient, Berkeley, 1998, pp. 68-77)
(https://iranicaonline.org/articles/shapur-ii )

സൊസോമന്റെ Ecclesiastical History ൽ, ‘ശാഹ്പോർ’ രണ്ടാമന്റെ കീഴിൽ രക്തസാക്ഷികളായ പേർഷ്യൻ ക്രിസ്ത്യാനികളെക്കുറിച്ച് ഗണ്യമായ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു:
“ഈ കാലയളവിൽ രക്തസാക്ഷികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും പേരുകളിൽ -സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം- പതിനാറായിരത്തിലധികമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഈ കാലയളവിൽ പേരറിയാത്ത, രക്തസാക്ഷികളായ സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം പതിനാറായിരത്തിലും എത്രയോ അധികമായതിനാൽ പേർഷ്യക്കാരും, സിറിയക്കാരും, എഡെസ്സ നിവാസികളും, എത്ര ശ്രമിച്ചിട്ടും ആ കണക്ക് നിജപ്പെടുത്താൻ സാധിക്കാതെ പരാജയമടഞ്ഞു.”
( Ecclesiastical History, Book II, Chapter XIV )

ഇസ്‌ലാമിന്റെ ആവിർഭാവത്തിനു മുമ്പ് തന്നെ പേർഷ്യൻ റോമൻ സാമ്രാജ്യങ്ങൾ മത സ്വേച്ഛാധിപത്യത്തിൽ കേളികേട്ടവരായിരുന്നു. ഇരു സാമ്രാജ്യങ്ങളേയും ആദർശപരമായി നയിച്ചിരുന്ന സൊറോസ്ട്രിയർ, ക്രിസ്ത്യാനികൾ, ജൂതന്മാർ തുടങ്ങി വ്യത്യസ്ഥ ആദർശവിശ്വാസികൾ – അവർ ഓരോരുത്തർക്കും ലഭ്യമാകുന്ന രാഷ്ട്രീയ അനുകൂലാവസ്ഥക്ക് അനുസൃതമായി- നടപ്പാക്കിയിരുന്ന അന്യമത ധ്വംസനങ്ങളും ഭരണ വടം വലികളും അന്നത്തെ ലോക വ്യവസ്ഥയിലെ അസഹിഷ്ണുതയുടെ ആഴം വ്യക്തമാക്കിത്തരുന്നുണ്ട്.

ഇസ്‌ലാംഭരണത്തിനു മുമ്പുള്ള പേർഷ്യയിലെ അവസാനസാമ്രജ്യമായിരുന്ന സാസാനിയൻ സാമ്രാജ്യത്തിന്റെ കാലത്ത് സൊറോസ്ട്രിയൻ മതം സാമ്രാജ്യത്തിലെ ഔദ്യോഗികമതമായിരുന്നു. കൂടാതെ ഈ സമയത്ത് സൊറോസ്ട്രിയൻ മതം സംഘടനാരൂപം കൈവരിക്കുകയും ചെയ്തു.

സാസാനിയൻ കാലഘട്ടത്തിലെ സൊറാസ്ട്രിയനിസം (224-651) പേർഷ്യൻ ചക്രവർത്തിയായ ശഹൻ-ശായുടെ (രാജാധി രാജൻ) രക്ഷാകർതൃത്വം ആസ്വദിച്ചു പോന്നു.

ഹഖാമനീഷിയാൻ പേർഷ്യൻ രാജാക്കന്മാരുടെ മഹത്വത്തിന്റെ നേരിട്ടുള്ള അവകാശികളായി സ്വയം കണ്ട സാസാനിയൻ സാമ്രാജ്യത്വ ഭരണകൂടം മസ്ദ-ആരാധനയിൽ അധിഷ്ടിതമായ, സോറോസ്ട്രിയൻ വിശ്വാസത്തിന്റെ സംരക്ഷകരായി സ്വയം അവരോധിച്ചു.
(Zoroastrians and Christians in Sasanian Iran: A.V Williams: Department of Religions and Theology, University of Manchester: Page: 2)

ഈ കാലഘട്ടത്തിൽ അഹ്രിമാനും ദേവുകളും വലിയ പ്രഹരവും ഉപദ്രവവും ഭരണകൂടത്തിൽ നിന്ന് നേരിട്ടു. അവരുടെ വിശ്വാസങ്ങൾ ഭൂമിയിൽ നിന്ന് പുറത്താക്കപ്പെടുകയും വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്തു. യഹൂദരും ബുദ്ധമതക്കാരും ബ്രാഹ്മണരും അരാമിക്, ഗ്രീക്ക് ഭാഷകൾ സംസാരിക്കുന്ന ക്രിസ്ത്യാനികളും സ്നാപനമേറ്റവരും മനിക്കേയന്മാരും പേർഷ്യൻ ഭൂമിയിൽ ആക്രമിക്കപ്പെട്ടു. ചിത്രങ്ങൾ തകർക്കപ്പെട്ടു, ആരാധനാലയങ്ങളും വാസസ്ഥലങ്ങളും നശിപ്പിക്കപ്പെട്ടു, അഗ്നിക്ഷേത്രങ്ങൾ ധാരാളമായി സ്ഥാപിക്കപ്പെട്ടു.
(Mary Boyce, Textual sources for the study of Zoroastrianism (Manchester: Manchester University Press, 1984), 112, translating from M. Back, Die
sassanidischen Staatsinschriften (Acta Iranica, 18, 1978), 384ff.)

ഏറ്റവും കൂടുതൽ കുപ്രസിദ്ധമായ പീഡന പരമ്പരയുടെ കണക്കുകൾ ശാഹ്പോർ രണ്ടാമന്റെ ഭരണകാലഘട്ടത്തിൽ (309-79) നിന്നുള്ള ഇരുപത്തിയൊമ്പത് രക്തസാക്ഷികളാണ്. മുഖ്യ ആത്മീയ നേതാവായ അദുർബാദിന്റെ നേതൃത്വത്തിൽ ക്രിസ്ത്യാനികളെ നാൽപത് വർഷത്തോളം സുസ്ഥിരവും നിഷ്കരുണവും ദംശിച്ചു കൊണ്ടിരുന്നു. കോൺസ്റ്റന്റൈൻ ക്രിസ്തുമതം സ്വീകരിച്ച് ക്രിസ്തുമതത്തെ റോമൻ സാമ്രാജ്യത്തിന്റെ മതമാക്കിയതിന് തൊട്ടുപിന്നാലെയാണ് പീഡനത്തിന്റെ തുടക്കം.

ക്രിസ്ത്യൻ പീഡനത്തിന്റെ രണ്ടാം കാലഘട്ടം യാസ്ദെജർദ് ഒന്നാമന്റെയും (399-421) പിന്നീടുള്ള വർഷങ്ങളിൽ അദ്ദേഹത്തിന്റെ പിൻഗാമിയായ ബഹ്റാം അഞ്ചാമന്റെയും ആദ്യ വർഷങ്ങളിലുമായിരുന്നു (c. 421-39).

മൂന്നാമതായി, യാസ്ദെജർദ് രണ്ടാമന്റെ (439-57) ഭരണകാലത്ത്, ക്രിസ്ത്യൻ വിരുദ്ധ മത വിദ്വേഷം പീഡനവും വർദ്ധിച്ചു. ക്രിസ്ത്യൻ അർമേനിയയെ സൊറോസ്ട്രിയനിസത്തിലേക്ക് നിർബന്ധ മതപരിവർത്തനം ചെയ്യാനുളള ശ്രമം ശക്തിയാർജിച്ചു.

പേർഷ്യൻ ക്രിസ്ത്യാനികളുടെ, സുറിയാനി ക്രിസ്ത്യൻ രക്തസാക്ഷികളുടെ പ്രവർത്തനങ്ങളെ (Acts of the Persian Martyrs) സംബന്ധിച്ച രേഖകളിൽ പീഡനവും താഢനവും രക്തസാക്ഷിത്വവും വികാരഭരിതമായ വാക്കുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
(Zoroastrians and christians in Sasanian Iran: A.V Williams: Department of Religions and Theology, University of Manchester: Page: 4)

സോറാസ്ട്രിയൻ പുരോഹിതന്മാർ സാധാരണക്കാരോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം എന്ന ശക്തമായ കൽപ്പന പുറപ്പെടുവിക്കപ്പെട്ടു.
ഒരു അവിശ്വാസിക്ക് എന്തെങ്കിലും ദാനം നൽകുന്നത് നിരോധിച്ചുകൊണ്ടുള്ള സോറോസ്ട്രിയൻ മതശാസനകൾ ഇറക്കപ്പെട്ടു. മരിക്കുമെന്ന് നിങ്ങൾ കരുതുന്നില്ലെങ്കിൽ അല്ലാതെ, ഒരു അവിശ്വാസിയ്ക്ക് നിങ്ങൾ ഭക്ഷണമുൾപ്പെടെ ഒന്നും നൽകരുത് എന്നായിരുന്നു പുരോഹിത ശാസന.
(Pahlavi Rivayat, ed. Williams, 1990, 14.7, voL 2, 27.)

ശക്തനായ ഒരു പ്രഭു, ഉദാഹരണത്തിന് ഗിർഡർ, രാജാവിന്റെ മേൽ സ്വാധീനം നേടുമ്പോളെല്ലാം, പല കാരണങ്ങളും ആരോപിച്ച് ക്രിസ്ത്യാനികളും മറ്റ് ന്യൂനപക്ഷങ്ങളും രാഷ്ട്രീയവും മതപരവുമായ ബലിയാടുകളാക്കപ്പെടുക എന്നത് ഒരു സ്ഥിരം പ്രതിഭാസമായിരുന്നു.
(Zoroastrians and christians in Sasanian Iran: A.V Williams: Department of Religions and Theology, University of Manchester: Page: 8)

മത പരിത്യാഗം മഹാ കുറ്റകൃത്യമായി നിശ്ചയിക്കപ്പെട്ടു. ഭീഷണികളും പീഡനങ്ങളും ഉപയോഗിച്ച് ക്രിസ്തുമതത്തിൽ നിന്ന് സോറാസ്ട്രിയൻ മതത്തിലേക്ക് നിർബന്ധപൂർവ്വം വലിച്ചിഴക്കപ്പെടുന്ന വർണനകൾ ക്രിസ്ത്യൻ സാധുചരിത്രവർണ്ണന (hagiography) രേഖകൾ മുഴുവൻ നിറഞ്ഞു നിൽക്കുന്നു.

സൂര്യൻ, അഗ്നി, ജലം എന്നിവയെ ആരാധിക്കാൻ പല ക്രിസ്ത്യാനികളേയും സോറാസ്ട്രിയൻ പൗരോഹിത്യം വധഭീഷണിയിലൂടെയും മർദ്ദനങ്ങളിലൂടെയും നിർബന്ധിച്ചു കൊണ്ടിരുന്നു.

ഈസ്റ്റ് ചർച്ച് കത്തോലിക്കരുടെയും ബിഷപ്പുമാരുടെയും തലവനായ ‘മാർ സിമൺ ബാർ സബ്ബാ’യുടെ വധത്തിന് കാരണം, ക്രിസ്ത്യാനികൾക്ക് ഇരട്ട നികുതി ചുമത്താൻ വിസമ്മതിച്ചതാണ്. സിമണേയും അദ്ദേഹത്തിന്റെ എല്ലാ സഹോദരന്മാരെയും വാളാൽ ശിരസ്സു ചേദിച്ച് വധിക്കാൻ രാജ കൽപ്പന നൽകപ്പെട്ടു. ഈ കൂട്ടകൊലക്ക് തൊട്ടു മുമ്പ് സോറാസ്ട്രിയൻ മുഖ്യ പുരോഹിതൻ ഇരകളോട് ഇപ്രകാരം ആവശ്യപ്പെടുകയുണ്ടായി:
“ദൈവമായ സൂര്യനെ ആരാധിക്കുക, രാജാക്കന്മാരുടെ രാജാവും എല്ലാ കർത്താക്കളുടെയും കർത്താവുമായ ‘ശാഹ്പോറി’ന്റെ ഹിതം അനുസരിച്ച് പ്രവർത്തിക്കുക, എങ്കിൽ നിങ്ങൾക്ക് ജീവിക്കാം.”
അപ്പോൾ അവർ എല്ലാവരും ഉറക്കെ മറുപടി നൽകി: “തീർച്ചയായും ഞങ്ങൾ രാജാക്കന്മാരുടെ രാജാവും മുഴുവൻ ഭൂമിയുടെയും അധിപനും, നിത്യതയുടെ ഉടമയുമായ (സാക്ഷാൽ ദൈവത്തിന്റെ) ഹിതം പ്രവർത്തിക്കും.”

സിമണിന്റെ രക്തസാക്ഷിത്വത്തിന് സാക്ഷ്യം വഹിച്ച പുസൈ ക്രിസ്ത്യൻ യുവാവ്, മറ്റൊരു ക്രിസ്ത്യൻ വയോധികനെ വധിക്കുന്ന ചടങ്ങിൽ വെച്ച് പരസ്യമായി പ്രതികരിക്കുകയുണ്ടായി. ഇത് പേർഷ്യൻ രാജാധിരാജനോടുള്ള ധിക്കാരമായി പരിഗണിക്കപ്പെട്ടു. പുസൈയെ ചങ്ങലകളിൽ വലിച്ചിഴക്കുകയും ക്രിസ്തുമതം ഉപേക്ഷിക്കാൻ നിർബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോൾ വധശിക്ഷക്ക് വിധേയമാക്കി. മാർ അബാ, മാർ ഗിവർഗീസ് എന്നിവരും ക്രിസ്തുമത രക്തസാക്ഷികളിൽ എണ്ണപ്പെടുന്നു.
(Zoroastrians and christians in Sasanian Iran: A.V Williams: Department of Religions and Theology, University of Manchester: Page: 12)

പേർഷ്യൻ സാമ്രാജ്യത്വത്തിന്റെ ക്രൂര രാഷ്ട്രീയത്തിന്റെ മറ്റൊരു ഉദാഹരണമാണ് വലേറിയൻ ചക്രവർത്തിയുടെ വധം:
റോമൻ ചക്രവർത്തിയായ (ക്രിസ്ത്യൻ വിരുദ്ധനായിരുന്നു) വലേറിയൻ പണം വാഗ്ദാനം ചെയ്ത് സാസാനിയൻമാരുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. സാസാനിയൻ രാജാവായ ശാഹ്പോർ ഒന്നാമൻ -ചക്രവർത്തി നേരിട്ട് വന്ന് അദ്ദേഹത്തോട് അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു എന്ന സന്ദേശവുമായി- അംബാസഡർമാരെ വലേറിയനിലേക്ക് തിരിച്ചയച്ചു. വലേറിയൻ ഒരു ചെറിയ സംഘത്തോടൊപ്പം ശാഹ്പോറിനടുത്തേക്ക് ചെന്നപ്പോൾ, അദ്ദേഹത്തെ സാസാനിയക്കാർ പിടികൂടി. ബൈസന്റൈൻ ചരിത്രകാരനായ സോസിമസിന്റെ അഭിപ്രായത്തിൽ, പേർഷ്യക്കാർക്കിടയിൽ ഒരു അടിമയെന്ന നിലയിൽ വലേറിയൻ തന്റെ ജീവിതത്തോട് വിട പറഞ്ഞു. പുരാതന ക്രിസ്ത്യൻ എഴുത്തുകാരനും കോൺസ്റ്റന്റൈൻ ഒന്നാമന്റെ ഉപദേശകനുമായ ലാക്റ്റൻഷ്യസ് വാദിക്കുന്നത്, ശാഹ്പോർ ഒന്നാമൻ കുതിരപ്പുറത്ത് കയറാൻ ആഗ്രഹിക്കുമ്പോഴെല്ലാം വലേറിയൻ ചക്രവർത്തിയെ മനുഷ്യ പാദപീഠമായി ഉപയോഗിച്ചിരുന്നു എന്നാണ്.” അദ്ദേഹത്തെ കൊന്നുകളയുകയും, അദ്ദേഹത്തിന്റെ തൊലി മാംസത്തിൽ നിന്ന് ഉരിച്ച് വേർപെടുത്തി, സിന്ദൂരം കൊണ്ട് ചായം പൂശി, ബാർബേറിയൻമാരുടെ ദൈവങ്ങളുടെ ക്ഷേത്രത്തിൽ പ്രതിഷ്ടിക്കുകയും ചെയ്തു” എന്നും ലാക്റ്റൻഷ്യസ് വാദിക്കുന്നു.
(https://www.ancient-origins.net/history/what-really-happened-valerian-was-roman-emperor-humiliated-and-skinned-hands-enemy-008598)

വലേറിയന്റെ തൊണ്ടയിലേക്ക് ഉരുക്കിയ സ്വർണ്ണ ദ്രാവകം ഒഴിച്ചാണ് പേർഷ്യക്കാർ വധിച്ചതെന്നും പറയപ്പെടുന്നു.

പേർഷ്യൻ സാമ്രാജ്യം ജൂതവിരുദ്ധമായിരുന്ന കാലഘട്ടത്തിൽ ആദർശ അസഹിഷ്ണുതയുടെ പേരിൽ ജൂതന്മാർ മത ദ്വംസനങ്ങൾക്കും അക്രമങ്ങൾക്കും പാത്രമായി. പഴയനിയമത്തിന്റെ ഭാഗമായ ഗ്രന്ഥങ്ങളിൽ ഒന്നായ ‘എസ്തേറിന്റെ പുസ്തക’ത്തിൽ ‘പൂരിം’ എന്ന പേരിൽ അറിയപ്പെടുന്ന ജൂതാഘോഷത്തിനു പിന്നിലുള്ള കഥ പ്രതിപാദിക്കുന്നുണ്ട്. പൂരിം തിരുനാളിലെ സായാഹ്നത്തിലും അടുത്ത പ്രഭാതത്തിലും ഈ പുസ്തകത്തിന്റെ സമ്പൂർണ്ണപാഠം ജൂതർ ഉറക്കെ വായിക്കുന്നു. പേർഷ്യൻ രാജാവിന്റെ കൊട്ടാരത്തിൽ, ഹാമാന്റെ നേതൃത്വത്തിൽ ജൂതർക്കെതിരെ നടന്ന ഒരു ഉപജാപത്തിന്റേയും, തൽഫലമായി ഉണ്ടാകാനിരുന്ന വംശഹത്യയിൽ നിന്ന്, ജൂതന്മാർ രക്ഷപെടുന്നതിന്റേയും കഥയാണിത്.
(The Religious Policy of Xerxes and the “Book of Esther” Robert J. Littman)

ഒരു ജൂത ഉദ്യോഗസ്ഥനായ മൊർദ്ദെകായ്, രാജാവിന്റെ ഉന്നത സഹായിയായ ഹാമാന്റെ മുമ്പിൽ തലകുനിച്ച് വണങ്ങാൻ വിസമ്മതിച്ചു എന്ന കാരണത്താലാണ് രാജ്യത്തെ എല്ലാ ജൂതന്മാരെയും ഉന്മൂലനം ചെയ്യാൻ രാജാവ് പദ്ധതിയിട്ടത്. യഹൂദ മതം ഒരു ജൂതനും, ദൈവമല്ലാതെ മറ്റേതെങ്കിലും വ്യക്തിയെയോ വിഗ്രഹത്തെയോ തലകുനിച്ച് വണങ്ങാൻ അനുവദിക്കുന്നില്ല.

ലബ്‌നാനിലെ പ്രസിദ്ധ (ക്രിസ്ത്യൻ) സാഹിത്യകാരനും ചരിത്രകാരനുമായ ജോർജി സൈദാൻ എഴുതി:
പേർഷ്യയും റോമും തമ്മിലുളള ശത്രുത പൗരാണികമാണ്. ഒരു പക്ഷെ ബി.സി അഞ്ചാം നൂറ്റാണ്ടിനുമപ്പുറം അതിന്റെ വേരുകൾ എത്തി നിൽക്കുന്നുണ്ടാകാം. ലോകത്തെ അടക്കി ഭരിക്കാനുള്ള ഇരു സാമ്രാജ്യങ്ങളുടെയും അത്യാഗ്രഹമായിരുന്നു ഈ ശത്രുതയുടെ അടിത്തറ. നൂറ്റാണ്ടുകളോളം നീണ്ടു നിന്ന ഈ അധികാര വടം വലി ഇസ്‌ലാമിന്റെ ആവിർഭാവ കാലഘട്ടത്തിലും തുടർക്കഥയായിരുന്നു. പേർഷ്യൻ സാമ്രാജ്യത്തിന്റെ ആധിപത്യം ഇസ്ര അനൂഷർവാൻ ചക്രവർത്തിയിൽ എത്തിച്ചേർന്നപ്പോൾ റോമൻ സാമ്രാജ്യത്തെ അൽപാൽപ്പമായി പിടിച്ചടക്കാൻ അദ്ദേഹം സൈന്യ വ്യൂഹത്തെ വിന്യസിച്ചു. സിറിയ പിടിച്ചടക്കുകയും അന്താഖിയ ചുട്ടു നശിപ്പിക്കുകയും ഏഷ്യാ മൈനർ കൊള്ളയടിക്കുകയും ചെയ്തു. അന്നത്തെ റോമൻ ചക്രവർത്തിയായിരുന്ന ജസ്റ്റീനിയൻ ചക്രവർത്തിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു. ക്രിസ്താബ്ദം 541 മുതൽ 561 വരെ ഇരുപതു വർഷം ഇരു രാഷ്ട്രങ്ങളും യുദ്ധത്തിൽ മുഴുകി.

പർവേസ് ചക്രവർത്തിയുടെ കാലഘട്ടത്തിൽ തന്റെ സുഹൃത്ത് മോറിസിന്റെ കൊലപാതകത്തിന് പ്രതികാരമെന്ന പേരിൽ റോമൻ സാമ്രാജ്യത്തെ പർവേസ് ചക്രവർത്തി ആക്രമിക്കുകയുണ്ടായി. ക്രിസ്താബ്ദം 614 ൽ സിറിയ പിടിച്ചടക്കി…

(പേർഷ്യയിൽ ജൂതന്മാർക്ക് സ്വാധീനമുണ്ടായിരുന്ന കാലത്ത്) ജൂതന്മാരുടെ അകമഴിഞ്ഞ സഹായത്താൽ ബൈസാന്റിയൻ പടയെ പർവേസ് ചക്രവർത്തി ഒന്നൊന്നായി കീഴടക്കി. ഈജിപ്ത്, അന്താഖിയ, ദമാസ്ക്കസ്, ബൈത്തുൽ മുഖദസ്‌ തുടങ്ങിയവ പിടിച്ചടക്കി. ജറുസലേമിലെ ബൈത്തുൽ മുഖദസ്‌ കൊള്ളയടിക്കാനും ക്രിസ്ത്യൻ പള്ളികളും പുണ്യപുരുഷന്മാരുടെ കല്ലറകൾ തീയിടാനും അവിടെയുള്ള വിലമതിക്കാനാകാത്ത സ്വത്തുക്കൾ പിടിച്ചു പറിക്കാനും തന്റെ സൈന്യത്തിന് പർവേസ് ചക്രവർത്തി അനുവാദം നൽകി. സിറിയ വരെ ഈ കൊലയും കൊള്ളയും തുടർന്നു. 90000 ക്രിസ്ത്യാനികളെ സൈന്യം കൊന്നൊടുക്കി… ഇതെല്ലാം കണ്ടിട്ടും കാണാത്ത മട്ടിൽ ഭീരുവായി (അന്നത്തെ) ഹെറാക്ലിയസ് ചക്രവർത്തി കൊട്ടാരത്തിൽ തന്നെ ഇരുന്നു; ക്രിസ്താബ്ദം 632 ൽ ഏഷ്യാ മൈനറിൽ വെച്ച് കൊല്ലപ്പെടുന്നത് വരെ…
(താരീഖുത്തമദ്ദുനുൽ ഇസ്‌ലാമി:ജോർജി സൈദാൻ: 1: 43-48)

ഹെറാക്ലിയസിന്റെ കാലഘട്ടത്തിൽ ജൂതന്മാർ തങ്ങളുടെ സഹായികളായ പേർഷ്യക്കാരിൽ നിന്നും 80000 ക്രിസ്ത്യൻ ബന്ദികളെ വിലയ്ക്ക് വാങ്ങി അറുത്തു കൊന്നു… (താരീഖുത്തമദ്ദുനുൽ ഇസ്‌ലാമി: ജോർജി സൈദാൻ: 1: 43-48)

ഈ രാഷ്ട്രീയ വ്യവസ്ഥയിലെ, പേർഷ്യൻ അധിനിവേശത്തിനു കീഴിലായിരുന്ന ‘ബസ്വറ’യോടാണ് (ഹിന്ദ്) മുഹമ്മദ് നബി (സ) യുദ്ധത്തിന് ആഹ്വാനം ചെയ്തത്. ഈ യുദ്ധ ആഹ്വാനത്തിന് പശ്ചാത്തലവുമായി ഗാഢമായ ബന്ധമുണ്ട് എന്ന് വ്യക്തമാണല്ലൊ. ഏതെങ്കിലും ഒരു രാഷ്ട്ര നേതാവ് ഒരു രാജ്യത്തോട് ഒരു പ്രത്യേക പശ്ചാത്തലത്തിലും സാഹചര്യത്തിലും യുദ്ധത്തിന് പ്രോത്സാഹനം നൽകിയ ഒരു വാചകം എടുത്തു വെച്ച്, അവ എക്കാലത്തേക്കുമുള്ള കൽപ്പനയായി അവതരിപ്പിക്കുന്നതിലെ ദുരുദ്ദേശം തിരിച്ചറിയപ്പെടണം. ബ്രിട്ടീഷ് സാമ്രാജ്യത്വ അധിനിവേശത്തോട് സമരവും യുദ്ധവും പ്രഖ്യാപിച്ച് കൊണ്ടുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാക്കളുടെ വാചകങ്ങൾ എടുത്തുദ്ദരിച്ച് ഇന്നത്തെ, അല്ലെങ്കിൽ എക്കാലത്തേയും ബ്രിട്ടനോട് ശത്രുത വെച്ചുപുലർത്താനാണ് അവയുടെ ഉൾസാരമെന്ന് ദുർവ്യാഖ്യാനിക്കുന്നതു പോലെ തികച്ചും ബാലിശമാണ് ഈ ഹദീസ് ദുർവ്യാഖ്യാനം.

ഹദീസിൽ ഉദ്ദേശിക്കപ്പെട്ട ഹിന്ദ് അഥവാ ബസ്വറ നൂറ്റാണ്ടുകളായി മുസ്‌ലിംകളുടേതായി കഴിഞ്ഞു. അപ്പോൾ ബസ്വറയോടുള്ള യുദ്ധ കൽപ്പന എക്കാലത്തേയും ബാധിക്കുന്ന, പൊതു കൽപനയാണെന്ന് ദുർവ്യഖ്യാനിച്ചാൽ ‘മുസ്‌ലിം ഇറാഖി’നോട് തന്നെ യുദ്ധം ചെയ്യാനാണ് മുഹമ്മദ് നബി (സ) കൽപ്പിച്ചത് എന്ന് ഹദീസിന് വിരുദ്ധാത്ഥം കൽപ്പിക്കേണ്ടി വരില്ലേ ?! ഇസ്‌ലാം മുഹമ്മദ് നബിയിലൂടെ കടന്നുവന്ന കാലഘട്ടത്തിൽ ലോകത്ത് നിലനിന്നിരുന്ന രാഷ്ട്രീയ വ്യവസ്ഥയെ സംബന്ധിച്ച് ചരിത്രത്തിന്റെ താളുകളിലൂടെ അൽപ്പമെങ്കിലും കണ്ണോടിച്ചാൽ ജനാധിപത്യ മൂല്യങ്ങളും മത സഹവർത്തിത്വത്തിലും ഊന്നി, ഇന്ന് ലോകത്ത് നിലനിൽക്കുന്ന രാഷ്ട്ര ഘടനയായിരുന്നില്ല അന്നത്തേത് എന്ന് മനസ്സിലാക്കാവുന്നതെയുള്ളു.

അന്യ മതങ്ങളേയോ ആദർശങ്ങളേയോ സംസ്കാരങ്ങളേയോ വെച്ചുപൊറുപ്പിക്കാത്ത സ്വേച്ചാധിപത്യ ഭരണകൂടങ്ങളായിരുന്നു ലോകത്ത് ഭൂരിഭാഗവും രാജ്യങ്ങളിലും നിലനിന്നിരുന്നത്. ജനാധിപത്യമോ മത സഹിഷ്ണുതയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത കിരാത വാഴ്ച്ച. ഇതാണ് ഇസ്‌ലാമിന്റെ ആവിർഭാവ ഭൂമിക. ഈ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ ഊന്നി നിന്നു കൊണ്ടേ ഇസ്‌ലാമിലെ യുദ്ധങ്ങളെയും യുദ്ധ ആഹ്വാനങ്ങളേയും വായിച്ചറിയാവൂ. പ്രതിരോധത്തിനും മത സ്വാതന്ത്ര്യത്തിനും വേണ്ടിയായിരുന്നു ഇസ്‌ലാമിക യുദ്ധങ്ങൾ മുഴുവനും. അതല്ലാതെ ഇന്ന് ലോകത്ത് നിലനിൽക്കുന്ന മതേതര സ്വഭാവമോ ആദർശ സഹവർത്തിത്വമോ രാഷ്ട്രീയ പ്രകൃതിയായി സ്വീകരിച്ച സാമൂഹിക പശ്ചാത്തലത്തോടായിരുന്നില്ല പ്രസ്തുത സമരങ്ങൾ. ഈ സമൂഹത്തോട് അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി സായുധ സമരത്തിൽ ഏർപ്പെടുകയല്ലാതെ മറ്റെന്താണ് മുസ്‌ലിംകളുടെ – ആവിർഭാവ ഘട്ടത്തിൽ – മുമ്പിലുണ്ടായിരുന്ന വഴി !!

പ്രതിരോധ യുദ്ധങ്ങളല്ലാത്ത ഇസ്‌ലാമിക യുദ്ധങ്ങൾ തന്നെയും നിർബന്ധിത മതപരിവർത്തനത്തിനോ അന്യ മത ധ്വംസനത്തിനോ വേണ്ടിയല്ല നടന്നത് എന്നർത്ഥം. മറിച്ച്, മത സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടിയാണ്. ഇസ്‌ലാമിക ഭരണത്തിനു കീഴിൽ കൊണ്ടുവന്ന് അന്യ മത സമൂഹങ്ങളെ അടക്കിഭരിക്കുകയല്ല ലക്ഷ്യം. മറിച്ച്, അന്നത്തെ തിയോക്രാറ്റിക്ക് ഓട്ടോക്രസികളിൽ (തീവ്രമതവികാരത്തിൽ അധിഷ്ഠിതമായ സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ) ഇസ്‌ലാമിൽ ആകൃഷ്ടരാകുന്നവർക്ക് ഇസ്‌ലാം സ്വീകരിക്കാനുള്ള വഴിയൊരുക്കാനും ഇസ്‌ലാം അനുസരിച്ചുള്ള ജീവിതം എളുപ്പമാവാനും ഇസ്‌ലാമിക പ്രബോധനം സാധ്യമാകാനും അവരുടെ മേൽ ഭരണം നേടിയെടുക്കുകയല്ലാതെ മറ്റൊരു വഴിയും അന്നത്തെ രാഷ്ട്രീയ ഘടനയിൽ നില നിന്നിരുന്നില്ല. ഇസ്‌ലാമിന്റെ കടന്നുവരവിനെ ആ കാലഘട്ടത്തിലെ ഗോത്ര സമൂഹങ്ങളും നാട്ടുരാജ്യങ്ങളും മത സമുദായങ്ങളും എത്രത്തോളം അസഹിഷ്ണുതയോടെയാണ് സ്വീകരിച്ചത് എന്ന ചരിത്രസാക്ഷ്യങ്ങൾ മുമ്പ് പല ലേഖനങ്ങളിൽ നാം വിശദീകരിച്ചിട്ടുണ്ട്.
(വിശദാശംങ്ങൾക്കായി: www.snehasamvadam.org: ‘ഇസ്‌ലാമിന്റെ യുദ്ധഭൂമിക’ എന്ന ലേഖനം വായിക്കുക: https://bit.ly/3BHqSuX)

ഇത്തരമൊരു ലോക വ്യവസ്ഥയിൽ ഇസ്‌ലാമിന്റെ അതിജീവനവും പ്രചാരണവും മറ്റെന്തു മാർഗത്തിലൂടെയാണ് സാധ്യമാകുമായിരുന്നത്? ഇത്തരമൊരു ഭൂമികയിൽ സമ്പൂർണ അഹിംസ രാഷ്ട്രീയ നയമായി ഇസ്‌ലാം സ്വീകരിച്ചിരുന്നുവെങ്കിൽ ഇതര സമൂഹങ്ങൾ ഇസ്‌ലാമിനെ വിഴുങ്ങുമായിരുന്നു. ഒരു നൂറ്റാണ്ടിനപ്പുറം വെളിച്ചം കാണാതെ അജ്ഞതയുടെ അഗണ്യകോടിയിൽ അലിഞ്ഞില്ലാതെയാവുമായിരുന്നു (;ദൈവത്തിൽ നിന്നുള്ള മതമായിരുന്നില്ല ഇസ്‌ലാം എങ്കിൽ.)

പക്ഷെ ഇസ്‌ലാം ദൈവത്തിൽ നിന്നുള്ള ആദർശമായത് കൊണ്ടും പ്രാവർത്തിക മതമായത് കൊണ്ടും അനിവാര്യ ഘട്ടങ്ങളിലുള്ള സായുധ സമരങ്ങൾക്ക് അനുവാദം നൽകപ്പെട്ടു. ഇസ്‌ലാം ദൈവത്തിൽ നിന്നുള്ള സന്മാർഗ സന്ദേശമാണ്. അത് ലോകം മുഴുവനും – കുടിലും കൊട്ടാരവും വ്യത്യാസമില്ലാതെ – എത്തിക്കുക എന്നത് ദൈവത്തിന്റെ ബാധ്യതയാണല്ലോ. അവൻ സ്വയം ഏറ്റെടുത്ത ബാധ്യത. അതിന് സാമൂഹിക അസഹിഷ്ണുതയും രാഷ്ട്രീയ തടസ്സങ്ങളും വിഘ്നങ്ങളായി കൂടാ. സത്യത്തിന്റെ ശത്രുക്കൾ രാഷ്ട്രങ്ങളുടേയും നാട്ടുരാജ്യങ്ങളുടേയും അതിർത്തികളിൽ വാളേന്തി നിൽക്കുകയും വാതിലുകൾ കൊട്ടിയടക്കുകയും ചെയ്തിരുന്ന കാലഘട്ടത്തിൽ വാളുകൊണ്ടല്ലാതെ ആ തടസ്സത്തെ നീക്കാൻ കഴിയില്ലായിരുന്നു. ഇന്നത്തെ ലോക-രാഷ്ട്ര വ്യവസ്ഥ അന്നത്തേതല്ല. രാഷ്ട്രങ്ങളുടെ വാതിലുകൾ ഏത് ആദർശങ്ങൾക്കും മതങ്ങൾക്കും മുമ്പിൽ – താത്ത്വികമായെങ്കിലും – മലർക്കേ തുറന്നിടപ്പെട്ടിരിക്കുകയാണ്, ഇന്ന്. ഇവിടെ, വാതിലുകളുടെ കാവൽക്കാർ വാളേന്തി നിൽക്കുന്നില്ല. പിന്നെയെന്തിന് മുസ്‌ലിംകൾ വാളെടുക്കണം ?!. വാതിലുകൾ കൊട്ടിയടക്കപ്പെട്ടാലല്ലേ ചവിട്ടി തുറക്കേണ്ടതുള്ളു ?!. തുറന്നു കിടക്കുന്ന വാതിൽ ആരെങ്കിലും ചവിട്ടി തുറക്കാൻ ശ്രമിക്കുമോ?!!

ഇസ്‌ലാമിക ഭരണത്തിനു കീഴിൽ പൂർണ്ണ മത സ്വാതന്ത്ര്യങ്ങളോടെയും അവകാശങ്ങളോടെയും ജീവിക്കാൻ ഒരു അമുസ്‌ലിമിന് വഴിയൊരുക്കണമെന്നാണ് മുഹമ്മദ് നബി (സ) അദ്ദേഹത്തിന്റെ അനുചരന്മാരെ പഠിപ്പിച്ചത് എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഭരണ വ്യവസ്ഥ തീവ്രമതവികാരത്തിൽ അധിഷ്ഠിതമായ സ്വേച്ഛാധിപത്യ ഭരണകൂടമല്ല; ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ ആത്മീയഭരണമാണ്. അവിടെയും ഇസ്‌ലാമിക ഭരണത്തിനു കീഴിൽ പ്രസ്തുത സമൂഹങ്ങളെ അടക്കിഭരിക്കുകയല്ല ലക്ഷ്യം; മുമ്പ് സൂചിപ്പിച്ചതു പോലെ അന്നത്തെ തിയോക്രാറ്റിക്ക് ഓട്ടോക്രസികളിൽ ജീവിക്കുന്ന മനുഷ്യർക്കിടയിൽ ഇസ്‌ലാം പ്രബോധനം ചെയ്യാനും, ഇസ്‌ലാം സ്വീകരിക്കാനും ഉള്ള വഴി വെട്ടുക മാത്രമാണ്.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.