ഇത് വേട്ടയാണ്; ഇരകളുടെ കൂട്ടായ്മയാണ് വേണ്ടത്

//ഇത് വേട്ടയാണ്; ഇരകളുടെ കൂട്ടായ്മയാണ് വേണ്ടത്
//ഇത് വേട്ടയാണ്; ഇരകളുടെ കൂട്ടായ്മയാണ് വേണ്ടത്
ആനുകാലികം

ഇത് വേട്ടയാണ്; ഇരകളുടെ കൂട്ടായ്മയാണ് വേണ്ടത്

 

 

രച്ചിലടക്കാൻ കഴിയാതെ പലപ്രാവശ്യം വായന നിർത്തിവെക്കേണ്ടിവന്ന പുസ്തകമാണ് മുഹമ്മദ് ആമിർ ഖാന്റെ ‘ഫ്രെയിംഡ് ആസ് എ ടെററിസ്റ്റ്’. ഓൾഡ് ഡൽഹിയിലെ തന്റെ ഇടുങ്ങിയ വീട്ടിൽ നിന്നും എന്തിനെന്നറിയാതെ പോലീസ് പിടികൂടി പീഡനമുറിയിൽ തള്ളുമ്പോൾ പ്രായം ഇരുപത്. തുടർന്നുള്ള ക്രൂരവും നീതിരാഹിത്യത്തിന്റേതുമായ നീണ്ട പതിനാലു തടവറ വർഷങ്ങൾ ആ പുസ്തകം എന്‍റെ മുന്നിൽ നിവർത്തിവെച്ചുതന്നു. ഇന്ത്യൻ മുസ്‌ലിം സംഘടനകളുടെ മഹാസേവനങ്ങളെ കുറിച്ച് അദ്ദേഹം എഴുതുന്നതിങ്ങനെയാണ്: “എന്റെ കേസിനു മാധ്യമ പബ്ലിസിറ്റി കിട്ടിയതിനു ശേഷം മാത്രമാണ് (ഈ) മത സംഘടനകൾ എന്നെ സഹായിക്കുവാൻ വന്നത്. ഞാൻ കോപാകുലനായിരുന്നു ഈ വർഷങ്ങളിലെല്ലാം അവർ എന്നെ സഹായിക്കാൻ വരാത്തതിൽ. പ്രത്യേകിച്ചും എന്‍റെ മാതാപിതാക്കളുടെ വിഷയത്തിൽ. അവരെന്‍റെ കുടുംബത്തെ സഹായിച്ചിരുന്നെങ്കിൽ ചിലപ്പോൾ എന്‍റെ ഉപ്പ ജീവനോടെയിരുന്നേനെ.. ഉമ്മക്ക് സ്‍ട്രോക്ക് വരില്ലായിരുന്നു.” മകന്റെ മോചനത്തിനായി അധ്വാനിച്ച നിരക്ഷരനും ദരിദ്രനും അവശനുമായ ആ വൃദ്ധ പിതാവ് മകൻ പ്രതിയായ 19 കേസിൽ 11 ലും നിരപരാധിയാണ് എന്ന് തെളിഞ്ഞു കണ്ടിട്ടാണ് 2001 ല്‍ മരിക്കുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ 2012 ജനുവരിയിൽ ജയിൽ മോചിതനാണെന്നു പ്രഖ്യാപിക്കുമ്പോൾ പതിനാലുകൊല്ലങ്ങൾ കൊണ്ടുള്ള ലോകത്തിന്റെ മാറ്റം അദ്ദേഹം കണ്ടെത്തുന്നത് ഏറ്റവും ഹൃദയഭേദകമായ താളുകളാണ്.

ഇതൊരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. ഭീകരന്മാർ എന്ന് ലേബൽ ചെയ്യപ്പെട്ട ജയിലിൽ തള്ളപ്പെട്ട നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെല്ലാം പുസ്‌തകമെഴുതിയാൽ ഗ്രന്ഥശാലകളിൽ പുതിയ ഒരു വിഭാഗം തന്നെ ജനിച്ചേനെ. ഭീകരവാദം ആരോപിച്ചു ജയിലറകളില്‍ തള്ളുകയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധികളെന്നു കണ്ടത്തി വെറുതെ വിടുകയും ചെയ്തവരുടെ മുഴുവന്‍ ലിസ്റ്റ് ലഭ്യമല്ല. 2014 ൽ ഹോം മിനിസ്റ്റർ കിരൺ റിജു രാജ്യ സഭയിൽ പറഞ്ഞത് സർക്കാർ കൈവശം അത്തരമൊരു ഡാറ്റ ഇല്ല എന്നാണ്. (Business Standard (2014) “Many Terror Accused Acquitted due to Lack of Evidence” http://www.business-standard.com/article/pti-stories/many-terror-accused-acquitted-due-to-lack-of-evidence-114071600682_1.html) എന്നാൽ രാജ്യത്തെ വ്യത്യസ്ത മനുഷ്യാവകാശ കൂട്ടായ്മകൾ സ്റ്റേറ്റ് സ്‌പോൺസേർഡ് ആയ അപമാനകരമായ ഈ നീചകൃത്യത്തിന്റെ കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. 16 കേസുകളിലായി 40 മുസ്‌ലിം യുവാക്കളെ നീണ്ട ജയിൽ വർഷങ്ങൾക്കു ശേഷം നിരപരാധികളായി കണ്ടെത്തി പുറത്തുവിട്ടത് ജാമിയ ടീച്ചേർസ് സോളിഡാരിറ്റി അസോസിയേഷന്‍റെ പ്രവര്‍ത്തനഫലമായാണ്. (JTSA Report Framed, Damned, Acquitted: Dossiers of a ‘Very’ Special Cell) 2016 ൽ ജസ്റ്റിസ് എ. പി. ഷാ അധ്യക്ഷനായി ഈ വിഷയത്തില്‍ രാജ്യത്തെ ആദ്യ ജനകീയ ന്യായസഭ നടന്നു. ജൂറിയുടെ കണ്ടെത്തൽ “പൊലീസ് കസ്റ്റഡിയിലെ നിയമ-ന്യായ വിരുദ്ധമായ തടവിൽവെക്കലും, പീഡനങ്ങളും നിർബന്ധിത കുറ്റസമ്മതങ്ങളുമാണ്. നീണ്ട ജയിൽ വാസവും തുടർച്ചയായ ജാമ്യനിഷേധങ്ങളും കഴിഞ്ഞു നിരപരാധിയെന്ന് കണ്ടെത്തി പുറത്തുവിടുന്നു.”

ഗോധ്ര ട്രെയിൻ കത്തിക്കലുമായി ബന്ധപ്പെട്ടു അറസ്റ്റിലായ ഷമീർ, സുൽത്താൻ, സാദിഖ് സഹോദരങ്ങളുടെ മേല്‍ ആരോപിക്കപ്പെട്ടത് അന്താരാഷ്ര ഭീകരവാദബന്ധമായിരുന്നു. ഒൻപതു വർഷങ്ങൾക്കു ശേഷം അവരെ നിരപരാധികളെന്നു ‘കണ്ടത്തി’ കുറ്റവിമുക്തരാക്കുമ്പോൾ പിതാവ് കാൻസർ വന്നു മരണപ്പെട്ടിരുന്നു. അവരുടെ ഉമ്മ ബീബി ഖാത്തൂൺ മരുമക്കളെയും പേരകുട്ടികളെയും പോറ്റാൻ തെരുവിൽ തെണ്ടേണ്ടിവന്നു.

37 പേർ മരിക്കുകയും നൂറിൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മാലെഗൺ ബോംബ് സ്ഫോടനം. കൊല്ലപ്പെട്ടവരും പരുക്കേറ്റവരും പൂർണമായും മുസ്‌ലിംകളാണ്. കുറ്റാരോപിതരായ ഒൻപതിൽ എട്ട് പേരെയും നിരപരാധികളായി കണ്ടെത്തി വെറുതെ വിടുമ്പോഴേക്കും അവർ ജയിലിൽ കഴിച്ചുകൂട്ടിയത് നീണ്ട പത്തുവർഷങ്ങളാണ്. ഒൻപതിൽ ഒരാൾ കുറ്റവിമോചനത്തിനു കാത്തുനിൽക്കാതെ മരണമടഞ്ഞു. കേസിലെ യഥാർത്ഥ പ്രതികളായി പിന്നീട് പിടിക്കപ്പെട്ടത് ബിജെപിയുടെ വിദ്യാർത്ഥി ഘടകം മുൻ നേതാവ് സാധ്വി പ്രാഗ്യ സിംഗ് താക്കൂറും, ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ Lt കേണൽ ശ്രീകാന്ത് പുരോഹിതും റിട്ടയേർഡ് മേജർ രമേശ് ഉപാധ്യായയും. പക്ഷേ ഇരട്ട നീതി അവിടേയും തീർന്നില്ല, കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രോഹിണി സാലിൻ 2015 ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ ഇന്റർവ്യൂവിൽ വെളിപ്പെടുത്തുന്നത്; ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം NIA ഉദ്യോഗസ്ഥർ കേസിലെ മെല്ലെ പോക്കിനായ് സമ്മർദ്ദം ചെലുത്തുന്നു എന്നാണ്. കൂടാതെ സാക്ഷികളെല്ലാം ഒന്നൊന്നായി കൂറുമാറി. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ഈ സംഘപരിവാര്‍ നേതാക്കള്‍ എല്ലാം കുറ്റവിമുക്തരായി കഴിഞ്ഞ ആഴ്ച പുറത്തിറങ്ങുകയും ചെയ്തു.

ഷാഹിദ് അസ്‌മി എന്ന ഇന്ത്യൻ നീതിന്യായവ്യവസ്ഥയിലെ സുവര്‍ണ്ണനക്ഷത്രം 32ആം വയസിൽ വെടിയേറ്റ് മരിക്കും മുമ്പ് ഒറ്റയ്ക്ക് ചെയ്തതെങ്കിലും മുസ്‌ലിം സാമുദായിക സംഘടനകൾ ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. പതിനഞ്ച് വയസ്സിൽ ബോംബെ കലാപത്തിന് ദൃക്‌സാക്ഷിയായതിൽ നിന്നും റാഡിക്കലൈസ്ട് ആയി രാജ്യം വിട്ട ആ പയ്യന്‍ തെറ്റ് മനസ്സിലാക്കി തിരിച്ചുവരാൻ മാസങ്ങൾ മാത്രമേ എടുത്തുള്ളൂ. പക്ഷെ അവനെ കാത്തിരുന്നത് 7 വർഷം നീണ്ടു നിന്ന കാരാഗ്രഹവും ! രാജ്യത്തെ പരമോന്നത നീതിപീഠം വരെ പോകേണ്ടി വന്നു കുറ്റവിമുക്തനാകാൻ. പിന്നീട് നിയമം പഠിക്കുകയും വക്കീലാകുകയും ചെയ്ത അദ്ദേഹം നീതിയെന്ന ആശയത്തോടുതന്നെ പ്രണയത്തിലായിരുന്നു. ആ യുവശരീരത്തില്‍ വെടിയുണ്ടകള്‍ തുളച്ചു കയറുമ്പോഴേക്കും നിരപരാധികളായ അനേകം മുസ്‌ലിം യുവാക്കളുടെ മോചനം അവന്‍ വഴി നടന്നുകഴിഞ്ഞിരുന്നു. ഇരുപത്തിയഞ്ച് വയസ്സുകാരനായ മെഡിക്കൽ വിദ്യാർത്ഥി ഇബ്രാഹിം ജുനൈദ് മുതൽ ഒരുപാടു പേർ നമ്മുടെ മുന്നിലുണ്ട്. ദിവസപണിക്കാരായ അവരിൽ പലരും കേസുനടത്താൻപോകുമ്പോഴും, ജയിലിൽ കിടക്കുമ്പോഴും, ചോദ്യംചെയ്യലെന്നപേരിൽ അപമാനിക്കപ്പെടുമ്പോഴും, പത്രങ്ങൾ അവരുടെ കിട്ടാവുന്നതിൽ ഏറ്റവും മോശം ചിത്രം ഭീതിജനിപ്പിക്കുംവിധം പ്രിന്റ്ചെയ്യുമ്പോഴും, ചാനലുകൾ അവരുടെ അന്താരാഷ്ര ബന്ധങ്ങളുടെ തിരക്കഥ രചിക്കുമ്പോഴും ഞാനടക്കം നമ്മളെല്ലാവരും ഉറക്കം നടിക്കുകയാണ്.

ഇത് കേവലം ഒരു മുസ്‌ലിം പ്രശ്‌നമല്ല, മുസ്‌ലിം ദളിത് ആദിവാസി പ്രശ്നമാണ്. മുസ്‌ലിമിന്റെ വിഷയത്തിൽ ഭീകരവാദമാണ് ആയുധമെങ്കിൽ ദളിതനോ ആദിവാസിയോ ആകുമ്പോൾ അത് നക്സൽ ആകുന്നു എന്ന് മാത്രം. അനീതിയെ എതിർക്കുന്നതിൽ മതമോ ജാതിയോ ദേശമോ മാനദണ്ഡമോ വരരുതെന്ന് മതപരമായി പഠിപ്പിക്കപ്പെട്ട മുസ്‌ലിം സമൂഹത്തോട് പുച്ഛം തോന്നിപോകുന്നത് മുസ്‌ലിംകളുടെ ദളിത് ആദിവാസി പ്രശ്നങ്ങളോടുള്ള സമീപനം കാണുമ്പോളാണ്. ഇന്ത്യൻ മുസ്‌ലിംകളിൽ നല്ലൊരു പങ്കും ചരിത്രപരമായി സവർണനോട് ഓരം ചേരാൻ ശീലിച്ചവരാണ്.

ഹിൽഫുൽ ഫുളൂലെന്ന് പ്രവാചക ചരിത്രത്തിൽ അറിയപ്പെടുന്ന ഉടമ്പടി അറിയാത്തവർക്കായ്‌ സമർപ്പിക്കുന്നു.”പങ്കെടുക്കാത്തതിന് പ്രതിഫലമായി ചുവന്ന ഒട്ടകങ്ങൾ (അറബികളുടെ മോഹസമ്മാനം) വാഗ്ദാനം ചെയ്താൽ പോലും അതില്‍ പങ്കുകൊള്ളാതിരിക്കാന്‍ ഞാൻ ചിന്തിക്കുകപോലുമില്ല.” എന്ന് പ്രവാചകൻ മുഹമ്മദ് നബി (സ) പ്രഖ്യാപിച്ച ഹിൽഫുൽ ഫുളൂൽ ഉടമ്പടി. മുഹമ്മദ് നബി(സ)ക്ക് ഉടമ്പടി നടക്കുമ്പോൾ പ്രായം ഇരുപത്. യെമനിൽ നിന്നും വന്ന മുസ്‌ലിമല്ലാത്ത കച്ചവടക്കാരന് മക്കയിലെ ഉന്നത ഗോത്ര നേതാവ് കൊടുക്കുവാനുള്ള പണം നൽകാതെ മുഷ്ടിശക്തികാണിച്ചതാണ് ഈ ഉടമ്പടിക്ക് വഴിവെച്ചത്. നീതിലഭിക്കാതെ അലഞ്ഞ ആ മനുഷ്യന് വേണ്ടി മക്കയിലെ ഒരു കൂട്ടം ആളുകൾ ചേർന്നു.” സമുദ്രത്തിൽ വെള്ളമുള്ളടത്തോളം താബിർ ഹിറാ മലകൾ നിലനിൽക്കുവോളം ഞങ്ങൾ ഒരു ശരീരമായി നിലകൊണ്ടു അടിച്ചമർത്തപ്പെടുന്നവനെ സഹായിക്കുമെന്നും അക്രമിയിൽ നിന്നും അക്രമിക്കപ്പെട്ടവൻറെ നീതി നേടിയെടുക്കുമെന്നും അന്യോന്യം ഉപജീവനമാര്‍ഗ്ഗത്തിൽ സഹായിക്കുമെന്നും പ്രതിജ്ഞയെടുക്കുന്നു. “ഈ ഉടമ്പയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞയാൾ മുഹമ്മദ് (സ) ആണ് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.

പിന്നീട് പലപ്പോഴും ഈ ഉടമ്പടിയെ പ്രകീർത്തിക്കുന്ന പ്രവാചകൻ അവിടെ അക്രമിക്കപ്പെട്ടയാളുടെ മതമോ, ഗോത്രമോ, ദേശമോ തിരക്കുന്നത് കാണാൻ കഴില്ല. പക്ഷേ മുസ്‌ലിം സാമുദായിക സംഘടനകൾ പ്രസംഗത്തിനപ്പുറം ആദിവാസിക്കോ ദളിതനോ നീതി നിഷേധിക്കപ്പെട്ട മുസ്‌ലിംകള്‍ക്ക് വേണ്ടി പോലുമോ കേവലം പ്രസംഗത്തിനപ്പുറം എന്തു ചെയ്തുവെന്ന് നാമൊന്ന് ചിന്തിച്ചുനോക്കുക.

“Justice is expensive. That is why there is so little of it, and it is reserved for those few with enough money and influence to afford it.” “നീതി വളരെ വിലപിടിപ്പുള്ളതാണ്. അതുകൊണ്ടാണ് അത് വളരെ കുറച്ചുമാത്രമുള്ളത്, സമ്പത്തും പിടിപാടുമുള്ള വളരെ കുറച്ചാളുകൾക്കായി അത് സംവരണം ചെയ്യപ്പെട്ടത്.” നവമി നോവിക് എഴുതിയതു ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ നേര്‍ക്കാഴ്ചയാണ്.

ഇന്ത്യൻ മുസ്‌ലിം സംഘടനകൾ ഉണരേണ്ടുന്നതും ഈ വാക്കുകളിലാണ്. സ്റ്റേറ്റ് ആരോപിച്ച സ്റ്റേറ്റിന്റെ മിഷനറിയായ പൊലീസ് ഉൾപ്പെടുന്ന ഘടകങ്ങൾ ആരോപിച്ചതുകൊണ്ട് ഒരാളും ഇന്ത്യയിൽ കുറ്റവാളിയാകുന്നില്ല; കുറ്റാരോപിതൻ മാത്രമേ ആകുന്നുള്ളൂ. ഈ ആരോപണത്തെ ചോദ്യം ചെയ്യാൻ അവകാശമുണ്ടായിരിക്കെ എന്തുകൊണ്ടാണ് മുസ്‌ലിം സംഘടനകൾ ഇത്തരം വാദങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങുന്നത്?. ചിലപ്പോൾ തങ്ങളുടെ നിസ്സംഗതക്ക് ഒരു ന്യായീകരണം കണ്ടെത്തുന്നതും ആയിരിക്കാം. അല്ലെങ്കിൽ പിന്നെ പ്രാർത്ഥനയിൽ ഒതുങ്ങുവാനുള്ള ഒരു ഉപദേശമുണ്ട്. പ്രാർത്ഥനയാണ് ഒരു മുസ്‌ലിമിന്റെ ഏറ്റവും വലിയ ആയുധം; എന്നാൽ അതിനർത്ഥം പ്രവൃത്തിക്കേണ്ട എന്നല്ല. അത്ഭുതം പ്രവർത്തിക്കാൻ പോലും പ്രവാചകന്മാർക്ക് പ്രവർത്തിക്കണമായിരുന്നു എന്നിരിക്കെ പ്രാർത്ഥനമാത്രം മതിയെന്നു പറയുന്നതിൽ എന്തർത്ഥമാണ്. മൂസാ(അ)യോട് പാറക്കല്ലിൽ അടിക്കാൻ പറഞ്ഞിട്ടാണ് സ്വർഗത്തിൽ നിന്നും മന്നയും സൽവയും ഇറക്കി നൽകിയത് എന്ന് നാം ഓർക്കണം.

Muslim Legal Fund Of America എന്ന NGO ൽ ഇന്ത്യൻ മുസ്‌ലിംകൾക്ക് നല്ലൊരു മാതൃകയുണ്ട്. പൊലീസ് സ്റ്റേഷൻ മുതൽ കോടതിമുറി വരെ നീതി നിഷേധിക്കപെട്ട മുസ്‌ലിമിന് അമേരിക്കൻ സാഹചര്യത്തിൽ നിയമ സഹായത്തോടെ നീതി നേടിക്കൊടുക്കുക എന്നതാണവരുടെ പ്രഖ്യാപിത ലക്ഷ്യം.

അന്തമില്ലാതെ ജയിലറക്കുള്ളിൽ തള്ളിയ മനുഷ്യർക്കും വേണം ഈ നീതി. ഫാഷിസം രാജ്യത്തിന്റെ എല്ലാ ഏജൻസികളെയും ഉപയോഗിച്ചു അന്നത്തിനു വകയില്ലാത്ത ആ പിതാവിനു നേരെ പോരാടുമ്പോൾ അയാൾ ചിലപ്പോൾ പരാജയപ്പെട്ടുപോയേക്കാം. അവിടെയാണ് മുസ്‌ലിംസംഘടനകളേ, നിങ്ങളുടെ സഹായം അയാൾക്കു വേണ്ടുന്നത്. അയാൾ അർഹിക്കുന്നുണ്ട്.. അഞ്ചും ആറും അക്ക ഫീസ് വാങ്ങുന്ന വക്കീലന്മാരേ.. കാരണം അയാൾ അക്രമിക്കപ്പെട്ടവനാണ്. ഹിൽഫുൽ ഫുളൂൽ ഓർമപ്പെടുത്തുന്ന ഈ നീതി കേവലം മുസ്‌ലിമിന്റെ മാത്രം അവകാശമല്ല മതത്തിനും ജാതിക്കും വർണത്തിനും ദേശത്തിനുമപ്പുറം അടിച്ചമർത്തപ്പെടുന്നവന്‍റെ അവകാശമാണ്. ഇസ്‌ലാമിനെ പ്രതിനിദാനം ചെയ്യുന്ന ഏവരുടെയും കടമയാണ് അതിനുവേണ്ടി നിലകൊള്ളുന്നതും പ്രവർത്തിക്കുന്നതും.

print

3 Comments

  • തീർച്ചയായും, ഐക്യമില്ലാത്തതാണ് ഇന്ന് മുസ്ലിം സമുദായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
    വളരെ ഹൃദയസ്പർശിയായ വരികൾ.

    Ibrahim cm 09.05.2019
  • Book evdenn kittum.Any link

    Muhammed swalih 10.05.2019
  • ماشاءالله

    abduljaleel Eriyadan 12.05.2019

Leave a comment

Your email address will not be published.