ആർത്തവകാരിയുടെ റമദാൻ: പുണ്യം കൊയ്യാനുള്ളതാണ്..

//ആർത്തവകാരിയുടെ റമദാൻ: പുണ്യം കൊയ്യാനുള്ളതാണ്..
//ആർത്തവകാരിയുടെ റമദാൻ: പുണ്യം കൊയ്യാനുള്ളതാണ്..
ആനുകാലികം

ആർത്തവകാരിയുടെ റമദാൻ: പുണ്യം കൊയ്യാനുള്ളതാണ്..

പുണ്യങ്ങളുടെ പൂക്കാലമായ റമദാനിന്റെ പകലിരവുകളിൽ ഏറെ പ്രതീക്ഷയോടും പ്രതിഫലേച്ഛയോടും നോമ്പെടുത്തും ഖുർആൻ പാരായണത്തിൽ മുഴുകിയും രാത്രിയിൽ ദീർഘനേരം നിന്നു നമസ്ക്കരിച്ചും ആരാധനകൾക്ക് ആവേശച്ചൂട് പിടിച്ചു വരുമ്പോഴാണ് പലപ്പോഴും ആർത്തവം ‘ആശാ ഭംഗ ‘മായി കടന്നുവരാറുള്ളത്. അതോടു കൂടി പല സഹോദരിമാരും നിരാശരാവുകയും മാനസിക പിരിമുറുക്കം അനുഭവിക്കുകയും ചെയ്യുന്നത് കാണാം. മറ്റുള്ളവരെല്ലാം ആരാധനാ കർമ്മങ്ങളിൽ വ്യാപൃതരായി പുണ്യങ്ങൾ വാരിക്കൂട്ടുമ്പോൾ ഇതികർത്തവ്യതാമൂഢരായി ഇരിക്കേണ്ടി വരുമെന്ന ദുഃഖമാണ് ഈ ‘മൂഡ് ഓഫി’ന് പിന്നിൽ. എന്നാൽ, സഹോദരിമാർ ഇനി നിരാശരാവേണ്ട.

റമളാനിലെ ആർത്തവനാളുകളിൽ പ്രതിഫലം ഒട്ടും ചോരാതെ പുണ്യങ്ങൾ നേടാനും ലോക്ക്ഡൗൺ കാലത്തെ ഈ റമദാൻ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല റമദാനാക്കി മാറ്റാനും ഇതാ ആറു മാർഗങ്ങൾ.

നോമ്പിന്റെ സമയത്തിനിടയിൽ ഋതു രക്തമോ പ്രസവ രക്തമോ ഉണ്ടാവുകയാണെങ്കിൽ നോമ്പ് ദുർബലമാകുമെന്നതിൽ ഭിന്നാഭിപ്രായമില്ല(1). പ്രകൃതി താത്പര്യമെന്നോണം സ്ത്രീകളിൽ കാണപ്പെടുന്ന സ്വാഭാവിക രക്ത സാന്നിധ്യമായ ആർത്തവം സംഭവിക്കാതിരിക്കാൻ നോമ്പുകാലത്ത് മരുന്നുകൾ കഴിക്കുന്നത് കഴിവതും ഒഴിവാക്കുന്നതാണ് ഉത്തമം. അല്ലാഹു നിശ്ചയിച്ച പരിധികളും ഇളവുകളും നാം സന്തോഷപൂർവ്വം സ്വാഗതം ചെയ്യുകയാണ് വേണ്ടത്. റമദാനിലെ ആർത്തവ ദിനങ്ങളിൽ ചിലപ്പോഴെങ്കിലും തങ്ങളുടെ പൂർവ ജീവിത സാഹചര്യങ്ങളിലേക്കും തെറ്റായ ശൈലികളിലേക്കും വഴുതി വീഴാൻ വലിയ സാധ്യതകളാണുണ്ടാവാറുള്ളത്. അങ്ങനെ ഒരവസ്ഥ വരാതിരിക്കാനും ആർത്തവ വേളയിൽ പൂർവ്വാധികം ഉത്സുകരായിക്കൊണ്ട് പടച്ചവനിലേക്ക് അടുക്കാനും ഈ മാർഗങ്ങൾ ഉപകരിക്കും. ഇൻ ശാ അല്ലാഹ്

1. വിശുദ്ധ ഖുർആൻ കൂടുതലായി ശ്രവിക്കാം, മന:പാഠത്തിൽ നിന്ന് ഉരുവിടാം

മനുഷ്യകുലത്തിനാകെ മാർഗദീപമായ വിശുദ്ധ ഖുർആൻ അവതരണം ആരംഭിച്ച പരിശുദ്ധ മാസമാണല്ലോ റമദാൻ. അല്ലാഹു പറയുന്നു: “ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍”. (2:185).

ഇബ്നു ഉമര്‍ (റ) വിവരിക്കുന്നു. പ്രവാചകൻ (സ) അരുളി: നോമ്പും ഖുര്‍ആനും ഖിയാമത്ത് ദിനം ദാസന്മാര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുന്നതാണ്. ഖുര്‍ആന്‍ പറയും: നാഥാ, ഉറങ്ങുന്നതില്‍ നിന്നും ഇവനെ ഞാന്‍ തടഞ്ഞുവെച്ചു. ഇവന്‍റെ വിഷയത്തില്‍ എന്‍റെ ശുപാര്‍ശ നീ സ്വീകരിക്കേണമേ.(അഹ്‌മദ്). റമദാനിൽ നമ്മുടെ സച്ചരിതരായ പൂർവ്വസൂരികളെല്ലാം വമ്പിച്ച പ്രാധാന്യവും പ്രതിഫലവും കണക്കിലെടുത്ത് അഹോരാത്രം ഖുർആൻ പാരായണ പഠനമനനങ്ങളിൽ മുഴുകുമായിരുന്നു. പ്രിയ സഹോദരിമാരേ. അതിനാൽ, ആർത്തവ ദിനങ്ങളിൽ വിശുദ്ധ ഖുർആനെ തീണ്ടാപ്പാടകലെ മാറ്റി നിർത്താതെ, നേരിട്ടല്ലെങ്കിലും ഖുർആൻ പാരായണം ചെയ്യാനും കേൾക്കാനും പരിഭാഷകളും വ്യാഖ്യാന ഗ്രന്ഥങ്ങളും വായിച്ചു പഠിക്കാനും നാം ശ്രദ്ധിക്കണം.

“ആർത്തവകാരികൾക്ക് ഖുർആൻ പാരായണം ചെയ്യാമോ” എന്ന വിഷയത്തിൽ പ്രമുഖരായ കർമശാസ്ത്ര പണ്ഡിതർക്കിടയിൽ ഭിന്നാഭിപ്രായമാണുള്ളത്.
ആരാധന എന്ന രീതിയിൽ പുണ്യം പ്രതീക്ഷിച്ചു കൊണ്ടുള്ള ഖുർആൻ പാരായണം നിഷിദ്ധമാണെന്നും അവൾക്ക് മന:പാഠത്തിൽ നിന്ന് ഓതാൻ സാധിക്കുമെന്നും ചില ക്ലാസിക്കൽ സ്കോളേഴ്സ് വിധിക്കുമ്പോൾ ആധുനികരായ പല പണ്ഡിതരും സമന്വയിക്കുന്നതും ഈ വിഷയത്തിലെ ഏറ്റവും ആധികാരികമായതുമായ വിധി രജസ്വലകൾക്ക് “മുസ്ഹഫ്” നേരിട്ട് സ്പർശിക്കാതെ വരികളിലേക്ക് നോക്കി മൗനമായിരുന്ന് പാരായണം ചെയ്യാവുന്നതാണ് എന്നാണ്. ഖുർആനിക പഠനം, അദ്ധ്യാപനം തുടങ്ങിയ അനിവാര്യമായ സാഹചര്യങ്ങളിൽ ഗ്ലൗസ്, പെൻ, ഗാർമെന്റ്സ് തുടങ്ങിയ ‘ഫിസിക്കൽ ബാരിയേഴ്സ്’ മുഖേന ഖുർആൻ പാരായണം ചെയ്യാം. അല്ലെങ്കിൽ മൊബൈൽ ഫോൺ, ഐ പാഡ്, കംപ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ മുഖാന്തിരം ഖുർആൻ പാരായണം ചെയ്യുന്നതിലും യാതൊരു തടസ്സവുമില്ല എന്നും ചില ആധുനിക കർമശാസ്ത്ര പണ്ഡിതർ വിധിച്ചിട്ടുണ്ട്. “ഒരു സത്യവിശ്വാസി ആത്മീയമായി ഒരിക്കലും അശുദ്ധി പ്രാപിക്കുന്നില്ല” എന്ന പ്രവാചകാധ്യാപനത്തെ ഉദ്ധരിച്ചു കൊണ്ടാണ് ഈ വിധി വന്നിരിക്കുന്നത്.

സൗദി അറേബ്യമുൻ ഗ്രാന്റ് മുഫ്തിയും പണ്ഡിത വര്യനുമായ ഷെയ്ഖ് ഇബ്നു ബാസ് (റ) നൽകിയ ഫത്‌വയും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്(2) “ജനാബത്തുകാർ (Major Impurity) കുളിച്ചു ശുദ്ധിയാകുന്നത് വരെ മുസ്ഹഫ് സ്പർശിക്കാനോ മന:പാഠത്തിൽ നിന്ന് പാരായണം ചെയ്യാനോ പാടില്ലാത്തതാകുന്നു. എന്നാൽ, ആർത്തവകാരികൾക്ക് (Minor Impurity) മുസ്ഹഫ് നേരിട്ട് സ്പർശിക്കാതെ ഓർമ്മയിൽ നിന്നെടുത്ത് ഓതുന്നതിന് വിരോധമില്ല” (ഫത്‌വ – അൽ ശൈഖ് ഇബ്നു ബാസ് റഹിമഹുള്ള 10/150)

ആരാധന എന്ന നിലക്ക് കൂടുതൽ കരണീയവും സൂക്ഷ്മതക്ക് നല്ലതുമായ മാർഗം മുസ്ഹഫ് നേരിട്ട് സ്പർശിക്കാതെ മന:പാഠത്തിൽ നിന്ന് ഓതുന്നതാണെന്ന് നമുക്ക് മനസ്സിലാക്കാം. പ്രിയ സഹോദരിമാരേ, വിശുദ്ധ ഖുർആനിൽ നിന്ന് അകലാനല്ല കൂടുതൽ അടുക്കാനുള്ള അവസരങ്ങളാക്കാം ഓരോ ആർത്തവ ദിനരാത്രങ്ങളും.

2. ആർത്തവനാളുകൾ ദിക്റുകളാൽ മുഖരിതമാകട്ടെ

പരിശുദ്ധ റമദാനിൽ ഒരു സത്യവിശ്വാസിയുടെ ഏറ്റവും വലിയ തേട്ടം അല്ലാഹുവുമായുള്ള അവന്റെ ബന്ധം ശക്തമാക്കാനായിരിക്കും. അതിനുപകരിക്കുന്ന ശ്രേഷ്ഠകർമ്മമാണ് ദിക്റുകൾ. പിരീഡ്സിലൂടെ കടന്നുപോകുന്ന സഹോദരിമാർ മറ്റുള്ളവർ നമസ്ക്കരിമ്പോഴും ശാരീരികമായ ആരാധനാ കർമ്മങ്ങളിൽ നിരതരാവുകയും ചെയ്യുമ്പോൾ സങ്കടപ്പെടേണ്ട. ആർത്തവ ഘട്ടത്തിൽ, നമസ്ക്കാര വേളകളിലും അടുക്കളയിൽ നോമ്പുതുറ – അത്താഴ വിഭവങ്ങൾ പാചകം ചെയ്യുമ്പോഴുമെല്ലാം നിർവ്വഹിക്കാൻ കഴിയുന്ന, ശരീരം കൊണ്ട് ചെയ്യാവുന്ന ഇബാദത്തുകൾക്ക് പകരം വെക്കാവുന്നതുമായ മഹത്തായ കർമ്മമാണ് ദിക്റുകൾ. ഋതുമതിയാകുമ്പോൾ സാധാരണ ഗതിയിൽ മിക്ക സഹോദരിമാരും അനുഭവിക്കുന്ന ടെൻഷനും പിരിമുറുക്കത്തിനും വലിയ ഒരളവോളം മുക്തി ലഭിക്കാൻ ദിക്റുകൾ ചൊല്ലുന്നതിലൂടെ സാധിക്കും. (അറിയുക: അല്ലാഹുവിനെ കുറിച്ചുള്ള സ്മരണകളാലത്രേ ഹൃദയങ്ങൾ ശാന്തമായിത്തീരുന്നത്). മാത്രമല്ല, സ്ഥിരമായി ദിക്റുകൾ ചൊല്ലുന്നതിലൂടെ അന്തിമ വിജയം ലഭിക്കാനും പാപമോചനവും പ്രതിഫലവും സിദ്ധിക്കാനും സഹോദരികൾക്ക് സാധിക്കുന്നതാണ്. പ്രത്യേകിച്ചും റമദാൻ മാസങ്ങളിൽ കൂടുതൽ സമയങ്ങളും അടുക്കളയിലെ പാത്രങ്ങൾക്കിടയിൽ ചെലവഴിക്കേണ്ടി വരുന്ന സഹോദരിമാർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കർമ്മമാണ് തസ്ബീഹും തഹ്ലീലും തക്ബീറും തഹ്മീദുമടങ്ങുന്ന ദിക്റുകൾ. ഭക്ഷണം പാകം ചെയ്യുമ്പോൾ ദിക്റുകൾ ചൊല്ലുമ്പോൾ നാമുണ്ടാക്കുന്ന ഭക്ഷണത്തിനും ബറകത്ത് ലഭിക്കും. ദിക്റുകളുടെ പ്രാധാന്യത്തെ സംബന്ധിച്ച് ഒരുപാട് ആയത്തുകൾ ഖുർആനിൽ പ്രതിപാദിക്കുന്നുണ്ട്. “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവേ ധാരാളമായി അനുസ്മരിക്കുകയും രാവിലേയും വൈകുന്നേരവും അവനെ പ്രകീർത്തിക്കുകയും ചെയ്യുവിൻ.(33:41-42)
നബി (സ) പറഞ്ഞു: അല്ലാഹുവിനെ സ്മരിക്കുന്നവന്റെയും സ്മരിക്കാത്തവന്റെയും ഉപമ ജീവിച്ചിരിക്കുന്നവന്റെയും മരിച്ചവന്റെയും പോലെയാണ്” (ബുഖാരി, മുസ്‌ലിം).
നാവിന് എളുപ്പമുള്ളതും വമ്പിച്ച പ്രതിഫലമുള്ളതുമായ ധാരാളം ദിക്റുകൾ ആർത്തവ വേളയിൽ സഹോദരികൾക്ക് ചൊല്ലാവുന്നതാണ്. അത്തരം ധാരാളം ദിക്റുകൾ പഠിപ്പിക്കപ്പെട്ടിട്ടുമുണ്ട്.

സമുറതുബ്‌നു ജുന്‍ദുബില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍ അരുളി: അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വാക്കുകള്‍ നാലെണ്ണമാണ്. ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ, സുബ്ഹാനല്ലാ, അൽഹംദുലില്ലാ എന്നിവയാണവ. ഇവയില്‍ ഏത് കൊണ്ട് തുടങ്ങിയാലും നിനക്ക് ദോഷമില്ല. (മുസ്‌ലിം)
പ്രവാചകന്‍ (സ) പറഞ്ഞു: ഞാന്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു എന്ന് ദിവസം നൂറ് പ്രാവശ്യം വല്ലവനും പറഞ്ഞാല്‍, അവന്റെ പാപങ്ങള്‍ ഇളവുചെയ്യപ്പെടും. അത് (പാപം) സമുദ്രത്തിലെ നുരകള്‍ക്ക് സമാനം ഉണ്ടായിരുന്നാല്‍ പോലും.

അഖിലലോകനാഥന്റെ മുന്നിൽ അതീവ നിസ്സാരനായ ഒരടിമ അനുസ്മരിക്കപ്പെടുന്നതിനേക്കാൾ വലിയ മഹാഭാഗ്യം വേറെന്തുണ്ട് !?
ആർത്തവനാളുകളിൽ അല്ലാഹുവിനോടടുക്കാൻ ദിക്റുകളാൽ മുഖരിതമാവട്ടെ പുണ്യമാസത്തിൻ പകലിരവുകൾ.

3. നാഥനിലേക്ക് ഇരു കരങ്ങളുയർത്താം, സുജൂദിൽ വീണ് പ്രാർഥിക്കാം

ലോക്ഡൗൺ കാലത്തെ സോഷ്യൽ ഡിസ്റ്റൻസിംഗ് പോലെ വളരെ പ്രധാനമാണ് റമദാനിലെ അതിപ്രധാനമായ ദിനരാത്രങ്ങളിലെ ദീർഘമായ ഫോൺ സംഭാഷണങ്ങളിൽ നിന്നും ചാറ്റിംഗിൽ നിന്നുമുള്ള ‘സോഷ്യൽ ഡിസ്റ്റൻസിംഗ്”. ആർത്തവ സമയങ്ങളിൽ പ്രത്യേകിച്ചും ഉണ്ടാവാറുള്ള ഇത്തരം ചെയ്തികൾ പലപ്പോഴും പരദൂഷണം, ഏഷണി, ഊഹങ്ങൾ തുടങ്ങിയ തിന്മകളിലേക്ക് വഴിവെക്കുന്ന സാഹചര്യങ്ങളുണ്ടാവാറുണ്ട്.
അത്തരമൊരവസ്ഥ ഉണ്ടാവാതിരിക്കാൻ നാം അതീവ ജാഗ്രത പുലർത്തണം. കുടുംബ ബന്ധങ്ങൾ പുലർത്താൻ അനിവാര്യമായി വരുന്ന സംഭാഷണങ്ങൾ ഒഴികെ ബാക്കിയെല്ലാ ആശയ വിനിമയ വ്യവഹാരങ്ങളിൽ നിന്നും നാം അകലം പാലിക്കണം. ‘പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ’ എന്ന് കരുതി സോഷ്യൽ മീഡിയകളിൽ സ്ക്രോൾ ചെയ്ത് റമദാനിലെ അമൂല്യങ്ങളായ നിമിഷങ്ങൾ നാം പാഴാക്കുന്നത് എത്ര അപകടകരമാണ്.!
ആർത്തവ വേളകളിൽ നമസ്ക്കാരത്തിനും നോമ്പിനും ത്വവാഫിനും മാത്രമേ വിലക്കുള്ളൂ. രാത്രിയുടെ അന്ത്യയാമങ്ങളിൽ പ്രപഞ്ച സ്രഷ്ടാവിന്റെ മുന്നിലേക്ക് ഇരുകരങ്ങളും നീട്ടി പാപമോചനത്തിന് വേണ്ടി കരഞ്ഞു പ്രാർഥിക്കാൻ സഹോദരിമാർക്ക് സാധിക്കും. അവന് മുമ്പിൽ സാഷ്ടാംഗം വീണ് നമ്മുടെ നല്ലതായ എല്ലാ നിയ്യത്തുകളും മുറാദുകളും അവനോട് കരഞ്ഞു പറയാം. സ്വർഗപ്രവേശം സിദ്ധിക്കാനും നരകത്തിൽ നിന്നുള്ള മോചനത്തിനും വേണ്ടി അവനോട് താഴ്മയായി പ്രാർത്ഥിക്കാം. പ്രത്യേകിച്ച്, ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കാവുന്ന അവസാന പത്തുകളിൽ ഋതുമതികളാവേണ്ടി വരുമ്പോൾ ഒരിക്കലും നിരാശ വേണ്ടാ. നാഥന് മുന്നിൽ വീണു പ്രാർഥിക്കാം.

4. നോമ്പുകാരന്റെ നോമ്പുതുറപ്പിക്കാം, തുല്യ പ്രതിഫലം നേടാം

“ആരെങ്കിലും ഒരു നോമ്പുകാരന്റെ നോമ്പ് തുറപ്പിച്ചാൽ നോമ്പുകാരന് ലഭിക്കുന്ന അതേ പ്രതിഫലം ഒട്ടും കുറയാതെ അവന് ലഭിക്കുന്നതാണ്” (തിർമിദി, സ്വഹീഹ്)

സഹോദരിമാരേ, ഇത് നമ്മുടെ അവസരമാണ്. ആർത്തവ വേളയിൽ നഷ്ടപ്പെടുന്ന ഓരോ നോമ്പിന്റെയും പുണ്യങ്ങൾ തിരിച്ചുപിടിക്കാനുള്ള വമ്പിച്ച അവസരം. ലോക്ക്ഡൗൺ കാലത്ത് ഇഫ്താറുകൾ ഒരുക്കാൻ സാധ്യമല്ലെങ്കിലും വീട്ടുകാരുടെ നോമ്പ് നമുക്ക് ഏറ്റവും നന്നായി തുറപ്പിക്കാൻ സാധിക്കും. മാത്രമല്ല ഓൺലൈൻ ഇഫ്താർ സേവന പദ്ധതികളിൽ ഭക്ഷണം നൽകി പ്രതിഫലം കൊയ്യാനും സാധിക്കും. ആർത്തവ വേളകൾ ആത്മസംതൃപ്തിയുടേയും ആനന്ദത്തിന്റെയും വേളകളാക്കി മാറ്റി ഇഫ്താറുകൾ ഒരുക്കാം. പുണ്യങ്ങൾ കരസ്ഥമാക്കാം.

5. ദാനധർമ്മങ്ങളിലൂടെ നരകമോചനം

പ്രവാചകൻ (സ) അരുളി: “ഓ..സ്ത്രീ സമൂഹമേ.. നിങ്ങള്‍ സ്വദഖ ചെയ്യണേ.. പാപ മോചനത്തിനു വേണ്ടി പൊറുക്കലിനെ തേടലിനെ നിങ്ങള്‍ അധികരിപ്പിക്കണേ.. നരകക്കാരില്‍ കൂടുതലായി ഞാന്‍ കണ്ടത് നിങ്ങള്‍ സ്ത്രീകളെയാണ്.” (മുസ്‌ലിം)

റമദാൻ ദാനധർമ്മങ്ങളുടെ മാസമാണ്. റമദാൻ സമാഗതമായിക്കഴിഞ്ഞാൽ നബി തിരുമേനി “വീശിയടിക്കുന്ന കാറ്റിനേക്കാൾ” ഉദാരമതിയാകുമായിരുന്നു. പ്രവാചകൻ (സ) സ്ത്രീകളെ അഭിസംബോധന ചെയ്ത് അരുളിയത്: “ഓ സ്ത്രീ സമൂഹമേ, നിങ്ങളുടെ ആഭരണങ്ങളിൽ നിന്നു പോലും നിങ്ങൾ ദാനധർമ്മങ്ങൾ ചെയ്യുക” (മുസ്‌ലിം)
ആർത്തവ വേളകളിൽ നോമ്പും നമസ്ക്കാരവും നിർവഹിക്കാതിരിക്കുമ്പോഴും കഴിവിനനുസരിച്ച് ചെറുതും വലുതുമായ ദാനധർമ്മങ്ങൾ ചെയ്യാൻ സഹോദരിമാർക്ക് സാധിക്കും. പല കാരണങ്ങളാൽ നരകത്തിൽ കൂടുതലുള്ളവർ സ്ത്രീകളാണല്ലോ, ആയതിനാൽ ദാനധർമ്മങ്ങളിലൂടെ നരക മോചനം സാധ്യമാക്കാൻ നാം ശ്രമിക്കണം.

ദാനധർമ്മമെന്നാൽ ധനം മാത്രമല്ല. പ്രവാചകന്റെ(സ) ദാനധർമ്മങ്ങളിൽ നമുക്ക് വ്യക്തമായ മാതൃകയുണ്ട്. അറിവില്ലാത്തവന് അറിവ് പകർന്നു നൽകലും, വിശക്കുന്നവന്റെ പശിയടക്കലും, ഇസ്‌ലാമെന്ന സത്യപാതയിലേക്ക് പ്രബോധനം ചെയ്യലും, അവശർക്ക് അത്താണിയാകലും നബി തിരുമേനിയുടെ ദാനധർമ്മങ്ങളിൽ പെട്ടതായിരുന്നു.

സഹോദരിമാരേ, ഇപ്രകാരം തങ്ങൾക്ക് സാധിക്കും വിധം ദാനധർമ്മങ്ങളിൽ മുഴുകി നരക മോചനം നേടാം, പ്രത്യേകിച്ച് ആർത്തവനാളുകളിൽ..

6. ഷെഡ്യൂൾ തയ്യാറാക്കാം. സത്പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്താം

സഹോദരിമാരേ,
ഈ റമദാൻ നമ്മുടെ ഏറ്റവും നല്ല റമദാനാക്കി മാറ്റാൻ ഉപകരിക്കുന്ന ഒരു മാർഗ്ഗമാണ് നമ്മുടെ റമദാൻ ദിനങ്ങളെ ഷെഡ്യൂൾ ചെയ്യൽ. പ്രത്യേകിച്ച്, ഒരാഴ്ചയോ അതിലേറെയോ നീണ്ടു നിൽക്കുന്ന ആർത്തവ ദിനങ്ങളിൽ. ഋജുമനസ്കരായി നാം ചെയ്യുന്ന ഒരു ചെറുപുഞ്ചിരിക്കും പാരായണം ചെയ്യുന്ന ഒരു അക്ഷരത്തിന്നും വലിയ പ്രതിഫലം ലഭിക്കുന്ന റമദാനിൽ സത്കർമ്മങ്ങൾക്കായി പ്രത്യേകം പ്രത്യേകം സമയങ്ങൾ നിശ്ചയിക്കുകയും അതനുസരിച്ച് ജീവിതം ക്രമീകരിക്കുകയും ചെയ്താൽ ഈ വിലപ്പെട്ട നിമിഷങ്ങളെ നമുക്ക് പരലോകത്തേക്കുള്ള നീക്കിവെപ്പാക്കാം.

ഖുർആൻ പാരായണം ശ്രവിക്കാനും ദിക്റുളിൽ മുഴുകാനും സുജൂദിൽ വീണ് പ്രാർത്ഥിക്കാനും പശ്ചാത്താപ – പാപമോചനങ്ങൾ തേടാനും ഭക്ഷണം പാചകം ചെയ്യാനും കൃത്യമായ സമയം മാറ്റിവെക്കുന്നതിലൂടെ നമ്മുടെ റമദാനെ സത്കർമ്മനിരതമാക്കാൻ നമുക്ക് സാധിക്കും. ആർത്തവ ദിനങ്ങളിൽ, ഹ്രസ്വകാല ഇസ്‌ലാമിക കോഴ്സുകൾ ചെയ്യാനും ഇസ്‌ലാമിക വിജ്ഞാനീയങ്ങൾ പഠിക്കാനുതകുന്ന ഗ്രന്ഥങ്ങൾ വായിക്കാനും സമയം മാറ്റിവെക്കാം. പ്രഭാഷണങ്ങൾ കേൾക്കാനും പ്രബോധന പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും പ്രത്യേക സമയങ്ങൾ നീക്കി വെക്കാം.

അടുക്കളയിൽ കരിച്ചതും പൊരിച്ചതുമായ പലഹാരങ്ങളും വിഭവങ്ങളും തയ്യാറാക്കുന്നതിന് വിലപ്പെട്ട സമയം പാഴാക്കാതെ, പരലോകത്തേക്കുള്ള പാഥേയം തയ്യാറാക്കുവാനുള്ള സജ്ജീകരണങ്ങൾ ചെയ്യുക. ‘ലോക്ക്ഡൗൺ’കാലത്തെ ഈ റമദാൻ നമ്മുടെ ഏറ്റവും നല്ല റമദാനാകട്ടെ, ആമീൻ.

സഹോദരിമാരേ, ആർത്തവത്താൽ നോമ്പ് നഷ്ടമാകുന്ന സന്ദർഭത്തിൽ, “മറ്റുള്ളവർ എന്ത് വിചാരിക്കും” എന്ന പേടിയാൽ ഭക്ഷണം കഴിക്കാതെ ക്ഷീണിച്ച്, അടുക്കളയിൽ ‘മരിച്ച് ‘പണിയെടുക്കുന്നവർ നമ്മുടെ കൂട്ടത്തിലുണ്ട്. അത്തരമൊരു പേടിയുടെ യാതൊരാവശ്യവുമില്ല. ആർത്തവകാലത്ത് നോമ്പെടുക്കരുത് എന്ന സ്രഷ്ടാവ് നൽകിയ ഇളവിന്റെ പിന്നിൽ ഒരു യുക്തിയുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങളിലൂടെ പോഷണം ചെയ്യേണ്ട നാളുകളാണത്. ആർത്തവമെന്നത് പ്രകൃതിജന്യമുണ്ട്. അത് കൊട്ടിഘോഷിക്കേണ്ടതോ ഒളിച്ചും പാർത്തും അതീവ രഹസ്യമാക്കേണ്ടതോ ആയ ഒന്നല്ല. വലിയ പാതകം ചെയ്ത പോലെ, പേടിച്ച് ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല. കാരുണ്യവാനായ അല്ലാഹു നമുക്കൊരുക്കിയ രിസ്ക്കിൽ നിന്ന് പേടിക്കാതെ ഭക്ഷിക്കുക. ചോദ്യങ്ങൾ നേരിടേണ്ടി വരുമ്പോൾ സാഹചര്യമനുസരിച്ച് യുക്തമായ ഉത്തരങ്ങൾ നൽകുക.

കൊറോണ എന്ന വലിയ പരീക്ഷണത്തിനിടയിലും നാഥൻ കനിഞ്ഞേകിയ ഈ അപാരമായ അനുഗ്രഹത്തെ ഫലപ്രദമായി വിനിയോഗിക്കുക. ആർത്തവനാളുകളിലും പുണ്യം നേടാൻ നാം പരമാവധി ശ്രദ്ധിക്കുക. നമ്മുടെ എല്ലാ നല്ല പ്രവർത്തനങ്ങളും അല്ലാഹു സ്വീകരിച്ച് അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ

കുറിപ്പുകൾ

1. Islam, Volume 2, Page No:729
2. https://islamqa.info/en/answers/
10672/ruling-on-a-person-touching-the-quraan-without-wudoo-and-the-meaning-of-the-hadeeth-the-believer-is-never-impure

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

4 Comments

  • വളരെ നന്നായിട്ടുണ്ട് ഏറെ ഉപകാരപ്രദം ഒട്ടേറെ സംശയങ്ങൾക്കും ആശങ്കകൾക്കും ഉത്തമമായ ഉത്തരം…

    Nihal 28.04.2020
  • Good article. Informative and practical advice indeed. Jazakkallah khairan

    Faisal Rasak 28.04.2020
  • Very good messaj

    Khalid Attoor 29.04.2020
  • Ma Sha Allah..
    Very useful writing for Muslim sisters .. Jazakallah khairan kaseeran

    Risala Binth Aysha PT 29.04.2020

Leave a comment

Your email address will not be published.