ആർത്തവം ആഘോഷമാക്കുന്നതിനെപ്പറ്റി…

//ആർത്തവം ആഘോഷമാക്കുന്നതിനെപ്പറ്റി…
//ആർത്തവം ആഘോഷമാക്കുന്നതിനെപ്പറ്റി…
ആനുകാലികം

ആർത്തവം ആഘോഷമാക്കുന്നതിനെപ്പറ്റി…

     ഭാരതീയ വര്‍ണാശ്രമധര്‍മത്തിന്റെ കൊടിയടയാളങ്ങളിലൊന്നാണ് അയിത്തം. മനുഷ്യരെ ജന്മത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നതരും അധമരുമായി വേര്‍തിരിക്കുന്ന പൈശാചികമായ ജാതിവ്യവസ്ഥ, ‘ശുദ്ധ’ സവര്‍ണ ശരീരങ്ങളെയും ‘അശുദ്ധ’ അവര്‍ണ ശരീരങ്ങളെയും സങ്കല്‍പിക്കുകയും ‘വിശുദ്ധ’ ശരീരങ്ങളെയും ഇടങ്ങളെയും ‘മ്ലേഛ’ ശരീരങ്ങള്‍ ‘മലിന’മാക്കാതിരിക്കാന്‍ തൊടലും തീണ്ടലും വിലക്കുന്ന അയിത്ത നിയമങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും അടിസ്ഥാന മാനവിക തത്ത്വങ്ങളെ സംസ്‌കൃത ശ്ലോകങ്ങള്‍ കൊണ്ട് ഗളഛേദം ചെയ്ത് ഉപഭൂഖണ്ഡത്തെ അടക്കിഭരിച്ച ബ്രഹ്മണ്യത്തിന്റെ ‘ശുദ്ധാശുദ്ധ’ വിചാരങ്ങളെ നിരാകരിച്ചാലല്ലാതെ ഇന്‍ഡ്യന്‍ ജനാധിപത്യത്തിന് സാക്ഷാല്‍കാരമുണ്ടാവുകയില്ലെന്ന കാര്യം വളരെ വ്യക്തമാണ്. തൊട്ടുകൂടായ്മയെ നിരോധിക്കുകയും നിയമപരമായി ശിക്ഷാര്‍ഹമായ കുറ്റമായി നിര്‍വചിക്കുകയും ചെയ്യാനുള്ള ശ്രദ്ധ ഭരണഘടനയുടെ പതിനേഴാം വകുപ്പില്‍ രാഷ്ട്രശില്‍പികൾ കാണിച്ചു എന്നതാണ് ‘ആര്യാവര്‍ത്ത’ത്തില്‍ ഒരു റിപ്പബ്ലിക്കിന്റെ സ്ഥാപനം എന്ന ലക്ഷ്യത്തെ കുറച്ചെങ്കിലും സഫലമാക്കിയത്. ചണ്ഡാളനോടൊപ്പം പെണ്ണിനെക്കൂടി അധമ/അശുദ്ധ ശരീരത്തിന്റെ ഉടമയായി കാണുന്ന ഹിന്ദു ‘ധര്‍മശാസ്ത്ര’ത്തിന്റെ ചട്ടക്കൂടിനുള്ളില്‍ വെച്ചല്ലാതെ ശബരിമലയിലെ യുവതീപ്രവേശന നിരോധനത്തെ വായിക്കാനാവില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. യുവതീ പ്രവേശന വിലക്ക് ആര്‍ത്തവായിത്തവും അതുകൊണ്ടുതന്നെ ഭരണഘടനാ വിരുദ്ധവുമാണെന്ന ജസ്റ്റിസ് ചന്ദ്രചൂഢിന്റെ നിരീക്ഷണത്തെ, ചാതുര്‍വര്‍ണ്യത്തില്‍നിന്ന് പൂര്‍ണമായും സ്വതന്ത്രമായ ഒരു പ്രവേശനവിലക്കും സവര്‍ണ നിയമഘടനയിലുണ്ടാവുകയില്ലെന്ന അടിസ്ഥാന വസ്തുതയുടെ വെളിച്ചത്തില്‍ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ.

     ആര്‍ത്തവം എന്ന ജൈവപ്രക്രിയയുടെ പേരില്‍ നമ്മുടെ നാട്ടില്‍ നിലനിന്നുപോന്ന സവര്‍ണ-ഫ്യൂഡല്‍ പെണ്ണയിത്തങ്ങളുടെ മനുഷ്യവിരുദ്ധതക്കെതിരില്‍ പോരാട്ടങ്ങളനിവാര്യമാണെന്ന കാര്യത്തില്‍ സന്ദേഹത്തിനവകാശമുണ്ടെന്നു തോന്നുന്നില്ല. ഇന്‍ഡ്യയിലെ പ്രഖ്യാതമായ സര്‍വകലാശാല-കോളജ് ഇടങ്ങളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിൽ രൂപപ്പെട്ടുവന്ന ‘ഹാപ്പി റ്റു ബ്ലീഡ്’ കാമ്പയിനുകളും ‘റെഡ് സൈക്ക്ള്‍’ പോലുള്ള പ്രസ്ഥാനങ്ങളും ഉന്നയിക്കാന്‍ ശ്രമിച്ച നൈതിക പ്രശ്‌നങ്ങൾ പലതും ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ‘ആധുനികത’യുടെ ‘വസന്ത’ത്തിനുശേഷവും സ്ത്രീ ആര്‍ത്തവരക്തം കാരണം പീഡിപ്പിക്കപ്പെടുന്ന സാമൂഹ്യസാഹചര്യത്തെ സംവാദവിഷയമാക്കുകയും അവള്‍ക്ക് സന്തോഷകരമായ ആര്‍ത്തവകാലം ഉറപ്പുവരുത്താന്‍ പ്രയത്‌നിക്കുകയും ബ്രാഹ്മണിക ആണ്‍കോയ്മയെ രാഷ്ട്രീയമായി ചെറുക്കാനുള്ള നിലമായി ആര്‍ത്തവ വിവേചനങ്ങളെ ഉപയോഗിക്കുകയും ചെയ്യാനുള്ള ഉദ്യമങ്ങളുടെ പ്രസക്തി വളരെ വ്യക്തമാണ്. ആയര്‍ത്ഥത്തിൽ എറണാകുളത്ത് ഈയിടെ നടന്ന ‘ആര്‍പ്പോ ആര്‍ത്തവം’ കൂട്ടായ്മ ആര്‍ത്തവായിത്തങ്ങളെ മറികടന്ന് ‘തൊട്ടുകൂടാന്‍’ നടത്തിയ ആഹ്വാനം ഏറ്റെടുക്കപ്പെടേണ്ട ഒന്നാണ്. ആര്‍ത്തവമുള്ള പെണ്‍കുട്ടിയെ വീട്ടില്‍നിന്നു മാറ്റി താമസിപ്പിക്കാനുള്ള കുപ്രസിദ്ധമായ ആര്‍ത്തവ അയിത്തപ്പുരകളും അത്തരം കുടിലുകളില്‍ പാര്‍ക്കുന്നതിനിടയിൽ അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്ന യുവതികളും ചിലരെ ങ്കിലും വിചാരിക്കുന്നതുപോലെ നേപ്പാളി ഹിന്ദു സമൂഹത്തിന്റെ മാത്രം അനുഭവമല്ല, പ്രത്യുത കൃത്യമായ ഒരു ഇന്‍ഡ്യൻ ഹിന്ദു പാരമ്പര്യം തന്നെയാണ്. ആര്‍ത്തവാരംഭം വഴി പെണ്‍കുട്ടി ‘തീണ്ടാരി’യെന്ന് വിളിക്കപ്പെടുന്നതിന്റെ ഭാഷാശാസ്ത്രം തന്നെ ഇവിടെ നിലനിന്ന/നില്‍ക്കുന്ന ഭീകരമായ ആര്‍ത്തവാന്ധവിശ്വാസങ്ങളെ വെളിവാക്കുന്നുണ്ട്. ആര്‍ത്തവം കാരണം പെണ്ണ് അശുദ്ധയാകുമെന്നും അവള്‍ കയറുന്ന സ്ഥലങ്ങളിലേക്കും തൊടുന്ന മനുഷ്യരിലേക്കും പ്രസ്തുത അശുദ്ധി പകരുമെന്നും ഉള്ള ‘അയിത്തശാസ്ത്രം’ കാരണം കേരളത്തിലെ യടക്കം യുവതികള്‍ ‘മാറ്റക്കുടിലുകളില്‍’ ഒറ്റക്ക് ആര്‍ത്തവദിനങ്ങൾ തള്ളിനീക്കിയത് അത്ര വിദൂരമായ ഇന്നലെകളിലൊന്നുമല്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ‘പുരോഗമനം’ താരതമ്യേന ശക്തമായതുകൊണ്ട് മാറ്റപ്പുരകള്‍ ഇവിടെ കുറഞ്ഞിട്ടുണ്ടാകാം. എന്നാല്‍      വീടിനുള്ളില്‍ അവള്‍ക്കൊരു മുറി നിശ്ചയിച്ചുകൊടുക്കുകയും കട്ടിലും കിടക്കയും അശുദ്ധമാകാതിരിക്കാന്‍ വെറും തറയോ പായയോ വിധിക്കുകയും മറ്റുള്ളവരെ തൊടാനും തീണ്ടാനും സമ്മതിക്കാതിരിക്കുകയും അടുക്കളയില്‍ പ്രവേശിച്ചാലും ഭക്ഷണം പാകം ചെയ്താലും ഒരുമിച്ച് ഭക്ഷണം കഴിച്ചാലും കിണറ്റില്‍നിന്ന് വെള്ളം കോരിയാലും തുളസിച്ചെടി തൊട്ടാലും ‘അപകടങ്ങള്‍’ സംഭവിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ‘അഭ്യസ്തവിദ്യരായ യാഥാസ്ഥിതികരെ’ക്കൊണ്ട് ‘സമൃദ്ധ’മാണ് ഇന്നും കേരളം എന്ന വസ്തുതയെ ആര്‍ക്കാണ് നിഷേധിക്കാനാവുക?

     ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടികളിലും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആര്‍ത്തവ പഠനക്ലാസുകളിലുമെല്ലാം, ഹിന്ദുമതത്തിന്റെ ആര്‍ത്തവ പരികല്‍പനകളെ വിമര്‍ശനവിധേയമാക്കിയതിനുശേഷം ഇസ്‌ലാമിന്റെ പേരുകൂടി പരാമര്‍ശിക്കുകയും ‘അതും അങ്ങനെത്തന്നെ’ എന്ന ധ്വനി തീര്‍ത്തും ഉപരിപ്ലവമായി പകരുകയും ചെയ്യുന്ന അവസ്ഥയാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ആര്‍പ്പോ ആര്‍ത്തവത്തിൽ വി.പി സുഹ്‌റ നടത്തിയ പ്രസംഗം, പ്രശ്‌നത്തിൽ ഇസ്‌ലാമിനെ കൂട്ടുപ്രതിയാക്കാന്‍ ഉത്സാഹിക്കുന്നതായിരുന്നു. വാസ്തവത്തില്‍ അയിത്തം എന്ന ഹിന്ദു പരികല്‍പന ‘ഒരേയൊരു ദൈവം, ഒരൊറ്റ ജനത’ എന്ന കേന്ദ്രപ്രമേയമുള്ള ഇസ്‌ലാമിക ദര്‍ശനത്തിന് തീര്‍ത്തും അന്യമായതിനാല്‍ ഇസ്‌ലാമിക ആര്‍ത്തവ നിയമങ്ങള്‍ അത്തരം ഒരു പ്രതലത്തില്‍ നിന്ന് ഉയിര്‍കൊള്ളുക അസാധ്യമാണ് എന്ന സുവ്യക്തമായ സത്യത്തെ പോലും കാണാന്‍ കൂട്ടാക്കാതെയാണ് ഈ സമീകരണങ്ങള്‍ നടക്കുന്നത്. ഹിന്ദുത്വത്തിന്റെ അയിത്ത പ്രമത്തതയെ തുറന്നു കാണിക്കുവാനുള്ള സംഘാടകരുടെ ആഗ്രഹം തന്നെ ഇത്തരം ചേര്‍ത്തുവെക്കലുകൾ വഴി സ്വയം തകര്‍ന്നുപോകുന്നുണ്ട്. കാരണം, നമ്മുടെ സമൂഹത്തില്‍ ആര്‍ത്തവ വിഷയത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധമായ അധികാരബന്ധങ്ങളുടെ ശരിയായ പ്രത്യയശാസ്ത്രത്തെ കൃത് മായി തൊട്ടുകാണിക്കുന്നതിനുപകരം അതുമായി യാതൊരു സാദൃശ്യവുമില്ലാത്ത, തീര്‍ത്തും വ്യതിരേകവും മൗലികവുമായ ഇസ്‌ലാമിക ആര്‍ത്തവ യുക്തിയെ തൊലിപ്പുറ വായന വഴി ആക്രമിക്കുന്നത് ഹിന്ദുത്വത്തെ നോര്‍മലൈസ് ചെയ്യുകയും സമരത്തിന്റെ രാഷ്ട്രീയത്തെ റദ്ദ് ചെയ്യുകയുമാണെന്ന് തിരിച്ചറിയാന്‍ സാമാന്യബോധം മാത്രമേ ആവശ്യമുള്ളൂ.

     ഹിന്ദു ധര്‍മത്തിന്റേത് എന്നല്ല, സെമിറ്റിക് പാരമ്പര്യത്തിന്റെ പോലും ആര്‍ത്തവദര്‍ശനം അല്ല ഇസ്‌ലാമിന്റേത്. ലേവ്യാപുസ്തകത്തിലെ പതിനഞ്ചാം അധ്യായം വായിക്കുന്നവർക്ക് ഹിബ്രു ബൈബിളിന്റെ ഇവ്വിഷയകമായ നിര്‍ദേശങ്ങൾ കണ്ടെത്താന്‍ കഴിയും. 19 മുതല്‍ 24 വരെയുള്ള വാചകങ്ങള്‍ ഇങ്ങനെയാണ്: ‘സ്ത്രീയ്ക്ക് മാസമുറയനുസരിച്ച് രക്തസ്രാവമുണ്ടായാല്‍ ഏഴു ദിവസത്തേക്ക് അവള്‍ അശുദ്ധയായിരിക്കും. അവളെ സ്പര്‍ശിക്കുന്നവരെല്ലാം വൈകുന്നേരം വരെ അശുദ്ധരായിരിക്കും. അശുദ്ധിയുടെ ദിനങ്ങളിൽ കിടക്കാനോ ഇരിക്കാനോ അവള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളെല്ലാം അശുദ്ധമായിരിക്കും. ആരെങ്കിലും അവളുടെ കിടക്കയെ സ്പര്‍ശിച്ചാൽ അവന്‍ തന്റെ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം. വൈകുന്നേരം വരെ അവന്‍ അശുദ്ധനായിരിക്കും. അവള്‍ ഇരുന്ന എന്തിലെങ്കിലും സ്പര്‍ശിക്കുന്നവന്‍ തന്റെ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം. അവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും. അവളുടെ കിടക്കയിലോ ഇരിപ്പിടങ്ങളിലോ തൊടുന്നവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും. ആരെങ്കിലും അവളുടെ കൂടെ ശയിച്ചാല്‍ അവളുടെ അശുദ്ധി അവനിലും ഉണ്ടാവുകയും അവന്‍ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കുകയും ചെയ്യും. അവന്‍ കിടക്കുന്ന ഏതു കിടക്കയും അശുദ്ധമാകും. ‘ആര്‍ത്തവാശുദ്ധിയെക്കുറിച്ചുള്ള യഹൂദ സങ്കല്‍പം ഹിന്ദു അയിത്ത വിചാരത്തില്‍നിന്ന് പ്രത്യയശാസ്ത്രപരമായി വ്യത്യസ്തമാണെങ്കിലും ആര്‍ത്തവമുള്ള പെണ്ണിനെ തൊടുന്ന മനുഷ്യരിലേക്കും അവള്‍ തൊട്ട വസ്തുക്കളിലേക്കും മുതല്‍ ആ വസ്തുക്കളെ തൊടുന്നവരിലേക്കു വരെ അശുദ്ധി (ritual impurity) പകരുന്നുവെന്ന സിദ്ധാന്തം അത് മുന്നോട്ടുവെക്കുന്നുണ്ട്. ആര്‍ത്തവകാരികളെ ചെടികളില്‍നിന്നും ജീവികളില്‍നിന്നും വിറകില്‍നിന്നും അകറ്റി ഉണങ്ങിയ പൊടിമണ്ണില്‍ നിര്‍ത്തണമെന്ന നിര്‍ദേശം പേര്‍ഷ്യന്‍ സതുരാഷ്ട്ര സാഹിത്യങ്ങളിലും കാണാം. (See Shai Secuada,  The Fractious Eye: On the Evil Eye of Menstruants in Zoroastrian Tradition,  Numen, Vol. 61, No. 1 (2014), p. 85). ആര്‍ത്തവത്തെ അപകടകരമായ എന്തോ ആയി കാണുന്ന അന്ധവിശ്വാസങ്ങളില്‍ നിന്നാകണം ഇത്തരം കര്‍മശാസ്ത്രങ്ങളുടെ ജനനം. ആര്‍ത്തവ സമയത്തെ സ്ത്രീയെ ദിവ്യശക്തിയുള്ളവളായി കാണുകയും ആര്‍ത്തവരക്തം നിവേദ്യമായി ഉപയോഗിക്കുകയും ചെയ്യുന്ന, മുഖ്യധാരാ വര്‍ണാശ്രമ പൈതൃകത്തിനു പുറത്തുള്ള ചില ഭാരതീയ സന്യാസി പാരമ്പര്യങ്ങളും ചെയ്യുന്നത്, ആര്‍ത്തവത്തെ സംബന്ധിച്ച് പരിഹാസ്യമായ അന്ധവി ശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുകയാണ്.

     ആര്‍ത്തവത്തെ ഒരു സ്വാഭാവിക ശാരീരിക പ്രതിഭാസമായി മാത്രം കാണുകയും പ്രകൃതിപരമായ അതിന്റെ അസ്വസ്ഥതകളെ സമചിത്തതയോടെ കണക്കിലെടുക്കാന്‍ വിശ്വാസികളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാം ഇവിടെ തീര്‍ത്തും വേറിട്ടാണ് നില്‍ക്കുന്നത്. ആര്‍ത്തവ സമയത്ത് പാഡ് ഉപയോഗിക്കാനും രക്തസാന്നിധ്യം മാലിന്യങ്ങള്‍ക്കും അണുബാധക്കും നിമിത്തമാകാതെ നോക്കാനും സ്ത്രീകളെ ബോധവല്‍ക്കരിക്കുകയും ആര്‍ത്തവസമയത്തെ വേദനയെ കണക്കിലെടുത്ത് പെണ്ണിന് ശാരീരികവും മാനസികവുമായ പിന്തുണ നല്‍കാന്‍ കുടുംബാംഗങ്ങളോടും സഹപാഠികളോടും അധ്യാപകരോടും തൊഴിലുടമകളോടും സഹപ്രവര്‍ത്തകരോടും ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ നവസാമൂഹിക പ്രസ്ഥാനങ്ങള്‍ ഏതൊരു വീക്ഷണകോണിലൂടെയാണോ ആര്‍ത്തവത്തെ വൃത്തിയുമായും പ്രയാസവുമായും ബന്ധിപ്പിക്കുന്നത്, അതേ തലത്തിൽ മാത്രമാണ് ഇസ്‌ലാമിക കര്‍മശാസ്ത്രവും ആര്‍ത്തവത്തെ സമീപിക്കുന്നത്. നമസ്‌കാരവും നോമ്പും കഅ്ബക്ക് ചുറ്റുമുള്ള ത്വവാഫും ലൈംഗിക ബന്ധവും മാത്രമാണ് ഇസ്‌ലാം ആര്‍ത്തവസമയത്ത് ചെയ്യരുതെന്നു പറയുന്നത്. ശാരീരിക വൃത്തി മുന്നുപാധിയായതുകൊണ്ടാണ് ഈ നിയമം എന്ന കാര്യം ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന് വളരെ വ്യക്തമാണ്. അതിനപ്പുറത്ത് പെണ്ണ് ആര്‍ത്തവംകൊണ്ട് അധമയായിത്തീരുകയോ അവളുടെ പ്രവേശനം മൂലം ആരാധനാലയങ്ങള്‍ക്ക് ‘ശുദ്ധിക്രിയ’ വേണ്ടിവരികയോ അവളെ മാറ്റിപ്പാര്‍പ്പിക്കുകയോ അവളോട് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടാവുകയോ അവള്‍ തൊട്ടാല്‍ വസ്തുക്കള്‍ അശുദ്ധമാവുകയോ അടുക്കള മലിനമാവുകയോ ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പാടില്ലാതാവുകയോ ഇരിപ്പിടവും കിടപ്പാടവും അശുദ്ധി ഭീഷണി നേരിടുകയോ അശുദ്ധി പകരുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ഇസ്‌ലാമില്‍ ഇല്ല. മലവും മൂത്രവും രക്തവും ഒക്കെയുള്ള ശരീരമോ വസ്ത്രമോ വൃത്തിയാക്കിയിട്ടുവേണം നമസ്‌കരിക്കാന്‍ എന്നു പറയുന്ന അര്‍ത്ഥത്തില്‍ തന്നെയാണ് ആര്‍ത്തവരക്തം ഉള്ള അവസ്ഥയില്‍ നമസ്‌കരിക്കരുത് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നത്. ലൈംഗിക ബന്ധത്തിന്റെ കാര്യത്തില്‍ വിലക്കപ്പെട്ടിട്ടുള്ളത് ലിംഗ-യോനീ പ്രവേശം മാത്രമാണ്. ആലിംഗനത്തിനും ചുംബനത്തിനും തലോടലുകള്‍ക്കും സഹശയനത്തിനും പ്രണയവര്‍ത്തമാനങ്ങള്‍ക്കുമൊന്നും യാതൊരു നിരോധനവും ഇല്ല. ശുചിത്വവും ആരോഗ്യവും മുന്‍നിര്‍ത്തിയുള്ള ശക്തമായ വിലക്കാണ് പൂര്‍ണ ലൈംഗിക ബന്ധത്തിനുള്ളത്.

     പ്രവാചകന്റെ കൂടെ ഹജ്ജ് ചെയ്യാനായി മദീനയില്‍നിന്ന് മക്കയിലെത്തിയ സമയത്ത് നബിപത്‌നി ആഇശ(റ)ക്ക് ആര്‍ത്തവമുണ്ടായി. ചകിതയായി അവര്‍ കരഞ്ഞപ്പോള്‍ നബി(സ)പറഞ്ഞതിപ്രകാരമാണ്: ”ഇത് അല്ലാഹു എല്ലാ മനുഷ്യസ്ത്രീകള്‍ക്കും നിശ്ചയിച്ചിട്ടുള്ളതാണ്. തീര്‍ത്ഥാടകര്‍ ചെയ്യുന്നതൊക്കെ നിനക്കും ചെയ്യാം. ആര്‍ത്തവം കഴിഞ്ഞു കഴുകി വൃത്തിയായിട്ടല്ലാതെ കഅ്ബ ത്വവാഫ് ചെയ്യരുതെന്നേ ഉള്ളൂ.” (ബുഖാരി/സ്വഹീഹ്/കിതാബുല്‍ ഹജ്ജ്). ആത്മീയതയുടെ ലോകത്ത് എത്ര വിപ്ലവകരമായ പ്രഖ്യാപനമാണിത്! ‘ഇത് അല്ലാഹു എല്ലാ മനുഷ്യസ്ത്രീകള്‍ക്കും നിശ്ചയിച്ചിട്ടുള്ളതാണ്’ എന്ന തിരുനബിയുടെ പ്രസ്താവത്തിലുണ്ട് ഇസ്‌ലാമിക നിലപാടിന്റെ സൗരഭ്യം മുഴുവനും. പ്രവാചകന്‍(സ)ആഇശ(റ)യോടു പറഞ്ഞ ആശ്വാസവാക്കുകളിലുണ്ട്, കര്‍മശാസ്ത്രപരമായി ആര്‍ത്തവം എന്തല്ലെന്നും എന്താണെന്നുമുള്ള ദര്‍ശനം. ഇസ്‌ലാമിക ഫിഖ്ഹിന്റെ സാങ്കേതിക ഭാഷയില്‍ ആര്‍ത്തവത്തിനുള്ള ഒരു പ്രയോഗം തന്നെ അദ്ദിമാഉ ത്ത്വബീഇയ്യ (പ്രകൃതിപരമായ രക്തം) എന്നാണ്. (മുഹമ്മദ് ഇബ്‌നു സ്വാലിഹ് അല്‍ ഉഥയ്മീന്റെ ആര്‍ത്തവസംബന്ധമായ വിധിവിലക്കുകള്‍ വിശദീകരിക്കുന്ന വിഖ്യാതമായ പുസ്തകത്തിന്റെ പേര് ഇപ്രകാരമാണ് – അദ്ദിമാഉത്ത്വബീഇയ്യതി ലിന്നിസാഅ് -സ്ത്രീകള്‍ക്ക് പ്രകൃതിപരമായുണ്ടാകുന്ന രക്തം). തങ്ങളുടെ ആര്‍ത്തവവേളകളെ സംബന്ധിച്ചും ആര്‍ത്തവസംബന്ധമായ വിധിവിലക്കുകളെ സംബന്ധിച്ചും പ്രവാചകന്റെ ശിക്ഷ്യഗണത്തിൽപെട്ട സ്ത്രീകൾ തുറന്നുസംസാരിച്ചതും സംശയനിവൃത്തി  വരുത്തിയതും ഹദീഥുകളില്‍ എത്ര വേണമെങ്കിലും കാണാം. (ഉദാഹരണത്തിന്, ബുഖാരി/സ്വഹീഹ്/കിതാബുല്‍ ഹയ്ദ് നോക്കുക). ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കുവാനുള്ള വിമുഖത സ്ത്രീകളെ ആരോഗ്യപ്രശ്‌നങ്ങളിലേക്കും മാനസിക സമ്മര്‍ദങ്ങളിലേക്കും നയിക്കുന്നുവെന്ന പരിദേവനങ്ങള്‍ ‘ആര്‍ത്തവ ആര്‍പ്പോകള്‍’ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പങ്കുവെക്കുന്നുവെന്ന് ഓര്‍ത്തുകൊണ്ടുവേണം ഒന്നര സഹസ്രാബ്ദം മുമ്പുള്ള ഇസ്‌ലാമിക സംസ്‌കാരത്തിലെ ഈ ആര്‍ജവമുള്ള പെണ്‍ശബ്ദങ്ങളെ നാം കേള്‍ക്കാന്‍.

     ആര്‍ത്തവം ഒരു ശാരീരിക പ്രയാസവും ശുചിത്വ വെല്ലുവിളിയും എന്നതിനപ്പുറത്ത് പെണ്‍ശരീരത്തെ ആകമാനം കുറച്ചുദിവസത്തേക്ക് അധമമാക്കിത്തീര്‍ക്കുന്ന എന്തോ നീചദ്രവമാണെന്ന് കരുതി അവളില്‍നിന്ന് ഓടിയകലാന്‍ ‘മത’ത്തെ കൂട്ടുപിടിക്കുന്നവര്‍ കണ്ണുതുറന്നു വായിക്കേണ്ട പാഠപുസ്തകമാണ് അന്തിമപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതം. എത്ര സഹജവും സ്വാഭാവികവുമായ മനുഷ്യാവസ്ഥയായാണ് തിരുനബി തന്റെ പ്രിയപത്‌നിമാരുടെ ആര്‍ത്തവകാലങ്ങളെ ആശ്ലേഷിച്ചത്! ആര്‍ത്തവസമയത്ത് ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ ഇസ്‌ലാമില്‍ ഭര്‍ത്താവിനവകാശമില്ല. എന്നെന്നേക്കുമായി വേര്‍പിരിയാന്‍ ഒരുങ്ങിയ പുരുഷന്‍ പോലും ആര്‍ത്തവവേളയിലെ വേദനയില്‍ അവളെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കാന്‍ ബാധ്യസ്ഥനാണെന്നു പഠിപ്പിച്ചു പ്രവാചകന്റെ മതം! ”യഹൂദര്‍ ആര്‍ത്തവകാരികള്‍ക്കൊപ്പം ഇരിക്കുകയോ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യില്ല” എന്ന് സ്വഹാബിമാര്‍ പ്രവാചകനെ അറിയിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: ”ലൈംഗികബന്ധമൊഴിച്ച് മറ്റെല്ലാം അവളോടൊത്ത് നിങ്ങള്‍ക്കാകാം.” (ഇബ്‌നു മാജ/സുനന്‍/കിതാബുത്ത്വഹാറതി വ സുന്നതിഹാ). ആര്‍ത്തവകാരിയായിരിക്കെ മദീനാ പള്ളിയിലെ പായ കൈകൊണ്ട് തൊടാന്‍ മടിച്ച ഭാര്യ ആഇശ(റ)യോട് പരിശുദ്ധ നബി(സ)പറഞ്ഞു: ”ആര്‍ത്തവം നിന്റെ കയ്യിലല്ലോ ഉള്ളത്” (ബുഖാരി/സ്വഹീഹ്/കിതാബുല്‍ ഹയ്ദ്). ആര്‍ത്തവകാരിയായ ആഇശ(റ)യുടെ മടിയില്‍ അവിടുന്ന് തലവെച്ച് വിശ്രമിക്കുമായിരുന്നു. ആഇശയാകട്ടെ, ആര്‍ത്തവം നേര്‍പിക്കാത്ത പ്രണയത്തോടെ പ്രിയപുരുഷന്റെ തല കോതിക്കൊടുക്കുകയും ചെയ്യുമായിരുന്നു. ആര്‍ത്തവമുള്ള ആഇശ(റ)യുടെ മടിയില്‍ കിടന്ന് ഖുർആൻ ഓതാന്‍ പോലും പ്രവാചകന്‍(സ)വിമുഖത കാണിച്ചില്ല. (ബുഖാരി/സ്വഹീഹ്/കിതാബുല്‍ ഹയ്ദ്). ആര്‍ത്തവാവസ്ഥയിലുള്ള ആഇശയെ തിരു നബി സ്‌നേഹപൂര്‍വം കെട്ടിപ്പിടിക്കുമായിരുന്നു, പള്ളിയില്‍ താമസിച്ച് ദിവസങ്ങളോളം പുറത്തുപോകാതെ പ്രവാചകന്‍(സ)ആരാധനകളില്‍ മുഴുകുന്ന കാലങ്ങളില്‍ (ഇഅ്തികാഫ്) അവിടുത്തെ തല കഴുകിക്കൊടുക്കാന്‍ ആര്‍ത്തവാവസ്ഥകളിലും ആഇശക്ക് അനുവാദം ലഭിച്ചു. (ബുഖാരി/സ്വഹീഹ്/കിതാബുല്‍ ഇഅ്തികാഫ്). ആര്‍ത്തവ രക്തം വരുന്ന ഭാഗം ഒരു തുണികൊണ്ട് മറച്ച് പ്രവാചകന്റെ ആശ്ലേഷത്തിലും പരിലാളനയിലും അമരുകയാണ് ആര്‍ത്തവരാത്രികളില്‍ പ്രവാചകപത്‌നിമാര്‍ ചെയ്തത്. (ബുഖാരി/സ്വഹീഹ്/കിതാബുല്‍ ഹയ്ദ്). പ്രവാചകന്റെ കൂടെ പുതപ്പിനടിയിലായിരിക്കെ ആര്‍ത്തവ വാരത്തിലേക്ക് പ്രവേശിച്ചതിന്റെ അനുഭവം പ്രവാചകന്റെ ഭാര്യയായിരുന്ന ഉമ്മു സലമ(റ)പങ്കുവെച്ചിട്ടുണ്ട്. ആര്‍ത്തവം തുടങ്ങിയതറിയിച്ച് അവര്‍ എഴുന്നേറ്റപ്പോള്‍ പ്രവാചകന്‍ (സ)അവരെ വിരിപ്പിലേക്ക് തിരിച്ചുവിളിച്ചു. സ്‌നേഹം പങ്കിട്ട് രണ്ടുപേരും പഴയ പുതുപ്പിനടിയില്‍ തന്നെ ചേര്‍ന്നുകിടക്കുകയും ചെയ്തു. (ബുഖാരി/സ്വഹീഹ്/കിതാബുല്‍ ഹയ്ദ്).

     ഹൈന്ദവ ദര്‍ശനത്തിന്റെ ആര്‍ത്തവായിത്തമോ യഹൂദ ബൈബിളിന്റെ ആര്‍ത്തവഭീതിയോ ഇസ്‌ലാമിന് പരിചയമില്ലെന്നും ഏറ്റവും മാനവികമായ സമീപനമാണ് അത് പെണ്ണിന്റെ പ്രത്യുല്‍പാദന ചക്രത്തിന്റെ സ്വാഭാവികഘട്ടങ്ങളോട് സ്വീകരിക്കുന്നതെന്നും ആണ് പറഞ്ഞുവന്നത്. ആര്‍പ്പോ ആര്‍ത്തവക്കാര്‍ ‘മതങ്ങള്‍’ എന്നൊരു ഒറ്റപ്രയോഗമുണ്ടാക്കി ഇസ്‌ലാമിനെ അതിന് തികച്ചും അന്യമായ അയിത്തപ്പലകയില്‍ കൊണ്ടുപോയി തറക്കുന്നത് ശുദ്ധ അസംബന്ധമാണെന്നു ചുരുക്കം. ആര്‍ത്തവ വിമോചനത്തിന് മതത്തിനുള്ളില്‍ വഴിയുണ്ടെന്ന് വരുന്നത് തങ്ങളുടെ പദ്ധതി പരാജയപ്പെടാന്‍ കാരണമാകുമെന്ന് പുതിയ വിപ്ലവക്കാര്‍ക്കറിയാം. കാരണം, ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഇന്‍ഡ്യന്‍ സാമൂഹ്യഘടനയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ വസ്തുനിഷ്ഠമായ അവതരണം വഴി അവരുദ്ദേശിക്കുന്നത് ആ പ്രശ്‌നങ്ങ ളുടെ പരിഹാരമല്ല, മറിച്ച് ഒരു ഫെമിനിസ്റ്റ് നവതരംഗത്തിന് ഇവിടെ മണ്ണൊരുക്കലാണ്. ചുംബനസമര-യുക്തിവാദി-മാര്‍ക്‌സിസ്റ്റ്-ഫെമി നിസ്റ്റ് കൂട്ടുകെട്ട് ആര്‍ത്തവത്തെ ചര്‍ച്ചക്കെടുക്കുന്നത് ആര്‍ത്തവായിത്തത്തിനെതിരെയുള്ള സമരമെന്ന നിലയ്ക്കു മാത്രമല്ലെന്നും ഭൗതികവാദ പരിപ്രേക്ഷ്യത്തിൽ മലയാളി പെണ്‍സത്വം സമ്പൂര്‍ണമായി ഉടച്ചുവാര്‍ക്കപ്പെടുന്ന ഒരു ബൗദ്ധിക പരിസരത്തിലേക്കാണ് ആ പടു കൂറ്റന്‍ യോനീകവാടത്തിലൂടെ അവര്‍ നയിച്ചുകൊണ്ടുപോകുന്നതെന്നും മനസ്സിലാക്കുമ്പോഴാണ് മുസ്‌ലിംകള്‍ക്ക് പുതിയ ആര്‍ത്തവാരവ ങ്ങളോട് വിയോജിക്കേണ്ടി വരുന്നത്. ഫെമിനിസം വാഗ്ദാനം ചെയ്യുന്ന പെണ്‍വിമോചനം പൊള്ളയാണെന്ന അടിയുറച്ച ബോധ്യത്തില്‍ നിന്നാണ് ആ വിയോജിപ്പ് രൂപപ്പെടുന്നത്.

   മാര്‍ക്‌സിസത്തിന്റേയും മുതലാളിത്തത്തിന്റേയും തന്ത്രപരമായ ഒരു സമന്വയമെന്നതില്‍ കവിഞ്ഞ് മറ്റൊന്നുമല്ല ഫെമിനിസം. ഒരേസമയം പീഡിതര്‍ക്കുവേണ്ടി തൊണ്ട കീറുകയും ഒളിവില്‍ പീഡകരെ തലോടുകയും ചെയ്യുന്ന വൈചിത്ര്യങ്ങളുടെ ഒരു മിശ്രിതമാണത്. ഈ രണ്ട് പ്രത്യയശാസ്ത്രങ്ങളും ഉള്‍ക്കൊള്ളുന്ന ആശയാബദ്ധങ്ങളെല്ലാം പെണ്ണിന്റെ പേരില്‍ പുനരവതരിപ്പിക്കുന്നുവെന്നല്ലാതെ സ്ത്രീ സ്വത്വത്തിന്റെ അകക്കാമ്പിനെ പ്രതിനിധീകരിക്കുകയോ ആത്യന്തികമായി അവളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയോ ചെയ്യുന്നില്ല ഫെമിനിസം. ഭൗതികനിര്‍വചനങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് മനുഷ്യകുലത്തിന്റെ അധോഗതിയും പുരോഗതിയും അളക്കുന്ന മാര്‍ക്‌സിസവും മുതലാളിത്തവും മനസ്സിലാക്കാത്തതൊന്നും ഫെമിനിസവും മനസ്സിലാക്കുന്നില്ല;  ഈ ആശയങ്ങള്‍ക്കു നിരക്കാത്തതൊന്നും പെണ്ണിന്റെ ആവശ്യമായി ഫെമിനിസ്റ്റുകള്‍ അംഗീകരിക്കുന്നുമില്ല.സ്വകാര്യസ്വത്തിന്റെ സംരക്ഷണത്തിനുവേണ്ടി പുരുഷന്‍ രൂപം നല്‍കിയചൂഷണവ്യവസ്ഥയാണ്  കുടുംബം എന്ന് ‘കണ്ടുപിടിച്ച’ മാര്‍ക്‌സിന്റെ ചിന്തകളാണ് ഫെമിനിസത്തിന്റെ ആശയാടിത്തറ. അടിമത്തത്തിന്റെ മറ്റൊരു രൂപമാണ് വിവാഹമെന്ന് പറഞ്ഞുവെച്ച മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ ഫ്രെഡറിക് ഏംഗല്‍സിന്റെ രചനകളില്‍ നിന്നാണ്  ഫെമിനിസത്തിന്റെ സ്ത്രീപക്ഷ(!!)ചിന്തകള്‍ പ്രാരംഭദശയില്‍ വിശദമായി നിര്‍ധരിക്കപ്പെട്ടത്. ചൂഷണമെന്ന പേരില്‍ മാത്രം മനുഷ്യബന്ധങ്ങളെ നിര്‍വചിച്ചു പരിചയിച്ച മാര്‍ക്‌സിസ്റ്റ്-കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ക്ക് സ്ത്രീയും പുരുഷനും സ്‌നേഹവും കാരുണ്യവും പങ്കുവെച്ചുകൊണ്ട് ആജീവനാന്തം ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ കഴിയുന്ന കുടുംബമെന്ന ആശയം ദഹനക്കേടുണ്ടാക്കുക സ്വാഭാവികമാണല്ലോ.

     ഒരു പാരസ്പര്യവുമില്ലാത്ത രണ്ടു വിപരീതധ്രുവങ്ങളായി ആണിനയെും പെണ്ണിനെയുംഅടയാളപ്പെടുത്തിയവര്‍ക്ക്  കുടുംബത്തെ അംഗീകരിക്കാന്‍ കഴിഞ്ഞാലാണല്ലോ, നാം അത്ഭുതപ്പെടേണ്ടത്! സ്വകാര്യസ്വത്ത് പിടിച്ചെടുത്ത് പൊതുമുതല്‍ ആക്കുകവഴി എല്ലാവരും തുല്യ പങ്ക് പറ്റുന്നൊരു സാമ്പത്തിക വ്യവസ്ഥ രൂപീകരിക്കാമെന്നു സ്വപ്‌നം കണ്ടവര്‍, പുരുഷന്‍ കയ്യാളിവെച്ച സ്വകാര്യസ്വത്താണ് സ്ത്രീയെന്ന് പറയാതെ പറയുക വഴി എല്ലാവര്‍ക്കും ആസ്വദിക്കാവുന്നൊരു പൊതുസ്വത്താക്കി അവളെ മാറ്റണമെന്നല്ലാതെ മറ്റെന്താണ് സൂചിപ്പി ക്കുന്നത്? രണ്ടു പുരുഷന്‍മാരുടെ ബുദ്ധിയില്‍ ഉദയംകൊണ്ടൊരു പ്രത്യയശാസ്ത്രം, ധാര്‍മികതയെ ഉച്ചത്തില്‍ തെറി വിളിച്ചുകൊണ്ടിരിക്കെതന്നെ, പെണ്ണിനുവേണ്ടി കൊടിപിടിക്കുന്നതാര്‍ക്കുവേണ്ടിയാണെന്ന് നാം മനസ്സിലാക്കണം. കണ്ണില്‍ കാണുന്ന പെണ്ണുങ്ങളെയെല്ലാം ആസ്വദിക്കാനുള്ള പുരുഷമോഹത്തിന് വിഘ്‌നം നില്‍ക്കുന്നതുകൊണ്ടുതന്നെയാണ് വിവാഹത്തെയും കുടുംബത്തെയും അട്ടിമറിക്കാന്‍ അണിയറയില്‍ പദ്ധതി ഒരുങ്ങുന്നതെന്ന് നാം തിരിച്ചറിയണം. മാര്‍ക്‌സിസത്തേയും കമ്മ്യൂണിസത്തേയും അംഗീകരിച്ചാലും ഇല്ലെങ്കിലും അതിന്റെ ‘ചൂഷണ വീക്ഷണ കോണിലൂടെ’ ലോകത്തെ നോക്കിത്തന്നെയാണ് സ്ത്രീ വിമോചന പ്രസ്ഥാനങ്ങളെല്ലാം ഇന്നും പ്രവര്‍ത്തിക്കുന്നത്. സ്ത്രീക്കുവേണ്ടി ഇങ്ങനെ സമരം ചെയ്യുന്ന സ്ത്രീവാദികള്‍ പക്ഷേ, മുതലാളിത്തത്തിനു വേണ്ടിയാണ് തങ്ങള്‍ തൊണ്ട കീറെ മുദ്രാവാക്യം വിളിക്കുന്നതെന്ന് അറിയാതെ പോവുന്നു. ‘അടിമച്ചങ്ങല’ പൊട്ടിച്ചെറിഞ്ഞ് കുടുംബത്തിന് പുറത്തേക്കു പോവുന്ന സ്ത്രീ കമ്മ്യൂണിസ്റ്റ് സ്വര്‍ഗത്തിലാണെന്നു കരുതി പ്രവേശിക്കുന്നത് ചോരയും നീരുമൂറ്റുന്ന, ബുദ്ധിയും വിവേകവും പണയം വെപ്പിക്കുന്ന മുത ലാളിത്ത തന്ത്രങ്ങള്‍ക്കുള്ളിലേക്കാണ്. വര്‍ധിച്ച ഉത്പ്പാദനവും വിപണനവും മാത്രം ലക്ഷ്യം വെക്കുന്ന മുതലാളിത്തം സാമ്പത്തിക സ്വാതന്ത്ര്യമെന്നും വ്യക്തിത്വ വകിസനമെന്നുമെല്ലാമുള്ള പേരുകളില്‍ സ്ത്രീയെ കുടുംബത്തിന് പുറത്തെത്തിക്കുന്നത്, അവളുടെ രക്ഷകനായി സ്വയം അവരോധിക്കുന്നത്, വിശപ്പടക്കാന്‍ ജോലി ചെയ്യുകയെന്നതല്ലാത്ത മറ്റു വഴികളവള്‍ക്കില്ലാതാക്കാനാണ്; ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന പേരില്‍ ശരീരത്തെ ലോകത്തിനുമുന്നില്‍ തുറന്നിടേണ്ടതെങ്ങനെയാണെന്ന് അവളെ പഠിപ്പിക്കാനാണ്; ആസ്വാദനത്തിനു പുതിയ എളുപ്പവഴികള്‍ സൃഷ്ടിച്ച് പുരുഷന്റെ ആസക്തികള്‍ക്കവളെ വിറ്റ് പണം വാരാനാണ്!!

     മുതലാളിത്തം കുടുംബം നശിപ്പിക്കുന്നത് അത് സ്ത്രീക്കേകുന്ന സംരക്ഷണം ഇല്ലാതാക്കാനാണ്. പുരുഷന്റെ അധ്വാനത്തിന്റെ ഫലങ്ങളാസ്വദിച്ചു ജീവിക്കുന്ന ബഹുഭൂരിപക്ഷം സ്ത്രീകളേയും കുടുംബത്തിനു പുറത്തുകൊണ്ടുവന്ന്, ആശ്രയമില്ലാത്തവരാക്കി പണിയെടുപ്പിക്കുകയെന്നതു തന്നെയാണ് മുതലാളിത്തത്തിന്റെ ലക്ഷ്യം. ആണിനൊപ്പം പെണ്ണും ജോലി ചെയ്യുമ്പോള്‍ ഉത്പ്പാദനം വര്‍ദ്ധിക്കുന്നു; സ്ത്രീയും പുരുഷനും സമ്പാദിക്കുമ്പോള്‍ കമ്പോളത്തില്‍ സാധനങ്ങള്‍ക്കാവശ്യമേറുന്നു, മുതലാളിത്തത്തിന്റെ ആര്‍ത്തി തീരാത്ത കീശ ത്വരിതഗതിയില്‍ വീര്‍ക്കുന്നു. സമൂഹത്തിന്റെ ‘നല്ലപാതി’ വീട്ടില്‍ കുഞ്ഞുങ്ങളെ പരിചരിച്ചിരുന്നാല്‍ അപ്രാപ്യമായേക്കുന്ന ഈ വകനേട്ടങ്ങളിൽ കണ്ണുവെച്ചു തന്നെയാണ് മുതലാളിത്തം ജോലി ചെയ്യാൻ സ്ത്രീയെ നിര്‍ബന്ധിക്കുന്നത്; പുറത്തിറങ്ങി ജോലി ചെയ്യാത്ത പെണ്ണിനെ ഒരു വിലയുമില്ലാത്തവളാക്കി ഇടിച്ചുതാഴ്ത്തുന്നത്. ഉദാരലൈംഗികതയ്ക്കു മുതലാളിത്തം നല്‍കുന്ന അളവറ്റ പ്രോത്സാഹനത്തിന്റെ പിന്നിലെ ലക്ഷ്യവും മറ്റൊന്നല്ല. ഉദാരലൈംഗികത ആണിനെ ഒരു ഭര്‍ത്താവിന്റെ കടമകള്‍ വഹിപ്പിക്കുന്നില്ല. പെണ്ണിനെയോ മക്കളെയോ കരുതലോടെ പോറ്റണമെന്ന് പുരുഷനോട് ആവശ്യപ്പെടുന്നില്ല. നിയമപരമോ സാമ്പത്തികമോ ശാരീരികമോ വൈകാരികമോ ആയ ഒരു സംരക്ഷണവും ലൈംഗികാസ്വാദനപ്രധാനമായ ഈ ‘അത്യുദാരബന്ധം’ പ്രദാനം ചെയ്യില്ല എന്നതുകൊണ്ടുതന്നെ മുതലാളിത്തത്തിന്റെ കൂലി ത്തൊഴിലാളിയോ വില്‍പനച്ചരക്കോ ആവാതെ സ്ത്രീക്ക് ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനാവില്ല. പെണ്ണിനെ പണിയെടുപ്പിക്കുകയും ആണിനെ പരമാവധി ആസ്വദിപ്പിക്കുകയും ചെയ്യുന്ന മുതലാളിത്തത്തിന്റെ സൃഗാലബുദ്ധിയുടെ ഫലം തന്നെയല്ലേ സ്ത്രീകളെ കമ്പോളത്തിലേക്ക് ‘വിമോചിപ്പിച്ചെടുക്കുന്ന’ ഫെമിനിസ്റ്റ് പ്രസ്ഥാനവും? സ്വന്തം ഇണയ്ക്കുമുമ്പില്‍ ശരീരം സമര്‍പ്പിക്കുന്നത് അടിമത്തവും നാട്ടിലെ മുഴുവന്‍ ആണുങ്ങള്‍ക്കുമുമ്പിലും തുണിയുരിഞ്ഞാടുന്നത് സ്വാതന്ത്ര്യവുമെന്ന് പാടുന്ന മുതലാളിത്തത്തിനൊപ്പമല്ലേ താളം പിഴയ്ക്കാതെ ഫെമിനിസ്റ്റുകളും ഏറ്റുപാടുന്നത്?

     മുതലാളിത്തത്തിനു ഭീഷണിയില്ലാത്തിടത്തോളം കാലം സ്ത്രീകളുടെ ‘വഴിവിട്ട’ ജീവിതത്തിനെതിരെ തങ്ങളുടെ ചെറുവിരലെങ്കിലും അനക്കാന്‍ ഫെമിനിസ്റ്റുകള്‍ക്കു ‘നിര്‍ദേശം’ ലഭിക്കുമെന്നു തോന്നുന്നില്ല. ‘വഴിയില്‍ തെളിക്കപ്പെടുന്ന’ ജീവിതമല്ല, ‘വഴിവിട്ട’ ജീവിതമാണ് വിമോചനത്തിലേക്കും വികസനത്തിലേക്കുമുള്ള വഴിയെന്ന് നാടുനീളെ പ്രഘോഷിക്കാന്‍ തന്നെയാണ് മുതലാളിത്തം ഫെമിനിസത്തെ പടച്ചുവിട്ടിരിക്കുന്നത്. പരിശുദ്ധിയും പാതിവ്രത്യവും കാത്തുസൂക്ഷിക്കുന്നത് ‘അപരിഷ്‌കൃത’മാണെന്ന് മുതലാളിത്ത മസ്തിഷ്‌കപ്രക്ഷാളനത്തിന്റെ ഫലമായി തെറ്റുധരിച്ചിട്ടുള്ള ഫെമിനിസ്റ്റുകള്‍,  ചൂണ്ടയില്‍ കിടന്നുകൊണ്ട് ചൂഷണങ്ങള്‍ക്കെതിരെ വൃഥാ അലറിവിളിക്കുന്ന ഗതികേടിലാണ് കാലം കഴിക്കുന്നത്! സ്ത്രീ സ്വാതന്ത്ര്യവര്‍ത്തമാനങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന ഒളിയമ്പിനെ സ്ത്രീകള്‍ പോലും തിരിച്ചറിയാത്ത ഭീതിതമായൊരു സാഹചര്യത്തില്‍ തന്നെയാണ് തങ്ങളും പുലരുന്നതെന്ന് ഫെമിനിസ്റ്റുകള്‍ മനസ്സിലാക്കണം. സ്ത്രീ ആരെന്നും യഥാര്‍ത്ഥ സ്ത്രീവിമോചനമെന്തെന്നും അതു നേടേണ്ടതെങ്ങനെയെന്നും മനസ്സിലാക്കാതെ പോയതാണ് സ്ത്രീവാദികളുടെ അടിസ്ഥാന പിഴവ്. മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങളെ അളവറ്റ് ആശ്രയിക്കുകയും കണ്ണടച്ച് പിന്തുടരുകയും ചെയ്യുന്നതുകൊണ്ടാണ് അത്യന്തം സ്ത്രീവിരുദ്ധമായ ആശയങ്ങളെ സ്ത്രീപക്ഷമെന്ന് തെറ്റിദ്ധരിച്ച് അവര്‍ക്ക് പിന്തുടരേണ്ടി വരുന്നത്. പരിപൂര്‍ണമായും വേറിട്ടുനിന്നുകൊണ്ടൊരസ്തിത്വ രൂപീകരണം സ്ത്രീക്കോ പുരുഷനോ സാധ്യമല്ലെന്നും പാരസ്പര്യത്തില്‍ മാത്രം പൂര്‍ണത കൈവരിക്കാനാവുന്ന, ദൈവത്തിന്റെ സവിശേഷ സൃഷ്ടികളാണ് അവരെന്നും അറിഞ്ഞ് അംഗീകരിക്കാത്തതിനാലാണ് അവകാശങ്ങളെയും കടമകളെയും ചൊല്ലിയുള്ള അങ്ങാടിപ്പോരിന് നീതിയുക്തമായൊരു പരിഹാരം കാണാന്‍ ഫെമിനിസ്റ്റുകള്‍ക്ക്സാധിക്കാത്തത്. ആണിനേയും പെണ്ണിനേയും ഒരേ ആത്മാവില്‍ നിന്നു സൃഷ്ടിക്കുകയും അവരുടെ കഴിവുകളും കഴിവുകേടുകളും കടമകളും അവകാശങ്ങളുമെല്ലാം മറ്റാര്‍ക്കും കഴിയാത്ത ആഴത്തില്‍ അറിയുകയും ചെയ്യുന്ന ലോക രക്ഷിതാവായ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നും വ്യതിചലിക്കുന്നവര്‍ക്കെല്ലാം ഉത്തരം കിട്ടാത്തൊരു സമസ്യയായി മാത്രമേ ജീവിതത്തെ ദര്‍ശിക്കാനാവുകയുള്ളു.

     വളച്ചുകെട്ടലുകളില്ലാതെ, വൈരുദ്ധ്യങ്ങളുടെ കൂട്ടിക്കലര്‍ത്തലുകളില്ലാതെ, ആണാരാണെന്നും പെണ്ണാരാണെന്നും തുറന്നുപറയുകയും അവര്‍ എന്തു ചെയ്യണമെന്നും എന്തു ചെയ്യരുതെന്നും വ്യക്തമാക്കുകയും ചെയ്തുകൊണ്ടാണ് ഇസ്‌ലാം എല്ലാവിധത്തിലുമുള്ള ചൂഷണങ്ങള്‍ക്കും തടയിടുന്നത്. അര്‍ഹിക്കുന്ന അവകാശങ്ങള്‍ ആണിനും പെണ്ണിനും അനുവദിച്ചുകൊടുത്തുകൊണ്ട് രണ്ടു സ്വതന്ത്ര വ്യക്തികളായി അവരെ അംഗീകരിക്കുന്നതോടൊപ്പം  പരസ്പരമുള്ള കടമകള്‍ കൊണ്ട് അവരിരുവരെയും കൂട്ടിയിണക്കുക കൂടിയാണ് ദൈവിക മതം ചെയ്യുന്നത്. സ്ത്രീ ഇരയാക്കപ്പെടാനുള്ള, പുരുഷനാല്‍ വേട്ടയാടപ്പെടാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക വഴിയാണ് സ്ത്രീ സ്വാതന്ത്ര്യവും മാന്യതയുമെല്ലാം ഇസ്‌ലാം സംരക്ഷിക്കുന്നത്. പൗരാണികവും ആധുനികവുമായ മതങ്ങളും ദര്‍ശനങ്ങളുമെല്ലാം പെണ്ണിനെ വെറുമൊരു ഭോഗ വസ്തുവും പുരുഷാസ്വാദനത്തിനുള്ള കേവലോപാധിയുമായി ചുരുക്കാന്‍ മത്സരിക്കുന്നിടത്തുനിന്നാണ് സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി ഇസ്‌ലാം വാചാലമാകുന്നത്. സ്ത്രീയുടെ അവകാശ ധ്വംസനത്തിന് നേതൃത്വം കൊടുക്കാന്‍ എല്ലാ കാലത്തും പുരുഷാധിപത്യ ശക്തികള്‍ ശ്രമിക്കുമെന്നുള്ളതുകൊണ്ടാണ് ഏറിയ ജാഗ്രതയില്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ പെണ്ണവകാശങ്ങളെക്കുറിച്ച് ആവര്‍ത്തിച്ചുണര്‍ത്തുന്നത്. സ്ത്രീ വിമോചനത്തിന്റെ നേര്‍വഴിയാതെ നട്ടം തിരിയുന്ന ഫെമിനിസ്റ്റുകള്‍ വഴി തിരിയേണ്ടത് മാനവര്‍ക്കു മുഴുവന്‍ മാര്‍ഗദര്‍ശനമായി അവതരിച്ച പരിശുദ്ധ ഖുർആനിലേക്കാണ്, വനിതകളുടെ വിമോചകനായ മുഹമ്മദ് നബി (സ)യുടെ അധ്യാപനങ്ങ ളിലേക്കാണ്. ജീവിക്കാന്‍ പോലും അവകാശമില്ലാതിരുന്ന അറേബ്യയിലെ സ്ത്രീകളെ ലോകര്‍ക്കുമുഴുവന്‍ മാതൃകയായ സ്വഹാബീ വനിതകളായി ഉയര്‍ത്തിയെടുത്ത പ്രവാചകന്റെ (സ) ജീവിതത്തില്‍ തന്നെയാണ് സ്ത്രീവിമോചനത്തിന്റെ ഉത്തമ മാതൃക നാം അന്വേഷിക്കേണ്ടത്. സ്ത്രീക്ക് യാതൊരു വിധ സ്വാതന്ത്ര്യവും അനുവദിക്കേണ്ടതില്ലെന്ന മനുസ്മൃതിയിലെ പ്രഖ്യാപനവും ആദിപാപത്തിനു പ്രേരണ ചെലുത്തുക വഴി മനുഷ്യകുലത്തിന്റെ മുഴുവന്‍ കളങ്കങ്ങള്‍ക്കും കാരണക്കാരി സ്ത്രീയാണെന്ന ക്രിസ്തുമത ദര്‍ശനവും ശരീരത്തിന്റെ നിമ്‌നോന്നതികളുടെ അളവെടുത്ത് മാത്രം സ്ത്രീയുടെ മൂല്യം കണക്കാക്കുന്ന മുതലാളിത്ത രീതിശാസ്ത്രവും പരിഗണിക്കാന്‍ മടിക്കുന്ന സ്ത്രീയുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്ന മതമാണ് ഇസ്‌ലാം. പെണ്ണിനെ ഉപയോഗിച്ച് ആണിനെ ‘മയക്കുന്ന കറുപ്പല്ല’, അവളെ സംരക്ഷിക്കുമെന്ന പരിപൂര്‍ണ ഉറപ്പാണ് ഇസ്‌ലാം. പഠിക്കാനും ചിന്തിക്കാനും വിമര്‍ശിക്കുവാനും സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കുവാനും സ്വത്തു സമ്പാദിക്കാനും അനന്തര സ്വത്തിന് അവകാശിയായിത്തീരാനും ഇണയെ തെരഞ്ഞെടുക്കുവാനുമെല്ലാമുള്ള അവകാശങ്ങള്‍ ഇസ്‌ലാം സ്ത്രീക്കേകുന്നു.

     വിമര്‍ശനങ്ങള്‍ക്കവസരമില്ലാത്തവിധം സ്ത്രീക്കുവേണ്ടി ഇസ്‌ലാം നിലകൊണ്ടിട്ടും മുസ്‌ലിം സ്ത്രീകള്‍ക്കുവേണ്ടി ചിലര്‍ ഇപ്പോഴും പൊഴിക്കുന്ന കണ്ണീരിന് ഫലിക്കാതെ പോയ സാമ്രാജ്യത്തോപായങ്ങളുടെ നിറമാണ്. പുരുഷന്റെ കാമക്കണ്ണുകള്‍ക്ക് തടസ്സമില്ലാതെ ആസ്വദിക്കാനാവുംവിധം കൊഞ്ചിക്കുഴയാനും വസ്ത്രത്തിന്റെ നീളവും വീതിയും വെട്ടിക്കുറക്കാനും പെണ്ണിനെ പരിശീലിപ്പിക്കുന്നവരുടെ തന്ത്രങ്ങളെ തോണ്ടിയെറിയുന്ന ഇസ്‌ലാമിക വസ്ത്രധാരണം അടിമത്തമാണെന്നു കരയുന്നവരോട് ഞങ്ങളെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഏകനായ അല്ലാഹുവിന്റെ നന്ദിയുള്ള അടിമകള്‍ ആവാന്‍ തന്നെയാണ് ഞങ്ങള്‍ മുസ്‌ലിം സ്ത്രീകളുടെ തീരുമാനമെന്നാണ് ഉണര്‍ത്താനുള്ളത്. വെള്ളിത്തിരയുടെ നെറുകയിലിരുന്ന് കോപ്രായം കാട്ടുന്ന ഉടുതുണിക്ക് മറുതുണിയില്ലാത്ത പുതിയ കാലത്തിന്റെ ‘മാതൃകാ മഹിളാരത്‌നങ്ങളോട്’ പൊലീസും കാവല്‍ക്കാരുമില്ലാതെ തെരുവിലിറങ്ങി നടക്കുമ്പോഴേ സ്‌ക്രീനില്‍ ചെയ്തുകൂട്ടിയ അശ്ലീലങ്ങളുടെ ‘സോഷ്യല്‍ ഇംപാക്ട്’ അനുഭവിച്ചറിയാനാവൂ എന്നു തന്നെയാണ് പറയാനുള്ളത്. ഒന്നുമറിയാത്ത പിഞ്ചുപൈതങ്ങളെപ്പോലും കടിച്ചു കുടയുന്ന കാമാസക്ത പുരുഷവര്‍ഗം നിങ്ങളുടെ നഗ്നശരീരത്തിനുവേണ്ടിയുള്ള തേട്ടമാണിങ്ങനെ നിരപരാധികളുടെ ശരീരത്തില്‍ അവസാനിപ്പിക്കുന്നതെന്നാണ് ഇപ്പോഴും നിഷ്‌കളങ്കതയഭിനയിക്കുന്നവരെ രോഷത്തോടെ അറിയിക്കാനുള്ളത്. സ്ത്രീക്കുവേണ്ടി സ്ത്രീയും പുരുഷനുവേണ്ടി പുരുഷനും സ്വതന്ത്ര ജീവിത,കര്‍മ പദ്ധതികളാസൂത്രണം ചെയ്യുന്നതിന്റെ ഫലം നീതിയല്ല നീചവൃത്തികളാണെന്നാണ് നിത്യേനയുള്ള സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. സ്ത്രീപുരുഷന്‍മാരുടെ പ്രകൃതിയെക്കുറിച്ച് കൃത്യവും വ്യക്തവുമായിട്ടറിയുന്ന, അവരെ സൃഷ്ടിച്ച ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ്

     ആത്യന്തികമായി അവര്‍ ഇരുവര്‍ക്കും നന്മയേകുന്ന നിയമങ്ങളാവിഷ്‌ക്കരിക്കാനാവുക? സ്ത്രീസുരക്ഷയ്‌ക്കെന്നും പറഞ്ഞ് മനുഷ്യമസ്തിഷ്‌കത്തിന്റെ പരിമിതികള്‍ പടച്ച നിയമങ്ങള്‍ ഒടുക്കമില്ലാത്ത ചൂഷണങ്ങള്‍ക്കവളെ വിധേയയാക്കുകയോ താന്‍പോരിമയുടെ ഉത്തുംഗതയിലവളെ പ്രതിഷ്ഠിക്കുകയോ ചെയ്യാന്‍ മാത്രം  ഉതകുന്നവയാണെന്നല്ലേ നമ്മുടെ അനുഭവങ്ങള്‍ തെളിയിക്കുന്നത്? പക്ഷം ചേര്‍ന്നുള്ള നിയമങ്ങളും വൈകാരികമായ കണക്കെടുപ്പുകളും പക്ഷം ചേരാതെ നീതി വിധിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ തന്നെയല്ലേ വിഡ്ഢികള്‍?! സ്ത്രീകളെ പീഡിപ്പിക്കുന്ന പുരുഷന്‍മാരും പുരുഷന്‍മാരെ പീഡിപ്പിക്കുന്ന സ്ത്രീകളും ഇരകളുടെയും വേട്ടക്കാരുടെയും റോളുകള്‍ മാറി മാറി അണിയുന്നതും നോക്കിയിരിപ്പല്ലേ മുതലാളിത്തത്തിന്റെ ആട്ടിന്‍തോലിട്ട ചെന്നായ നിയമങ്ങള്‍!! ചൂഷണ പ്രത്യശാസ്ത്രങ്ങള്‍ സ്ത്രീക്കായി തുന്നുന്ന ഇറുകിയ കുപ്പായങ്ങള്‍ക്കകത്തു മാത്രം സ്വാതന്ത്ര്യവും വിമോചനവും തിരയാനും സ്ത്രീകള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളെ അവഗണിച്ചു പ്രോത്സാഹിപ്പിക്കാനും തന്നെയാണ് ഇനിയും ഫെമിനിസ്റ്റുകളുടെ തീരുമാനമെങ്കില്‍, കാരുണ്യത്തിന്റേയും നീതിയുടെയും ഇസ്‌ലാമേകുന്ന കാപട്യമില്ലാത്ത അവകാശങ്ങളും മാന്യതയുടെ ഈ അയഞ്ഞ വസ്ത്രവും ഞങ്ങള്‍ക്കേകുന്ന സ്വാതന്ത്ര്യം ആശ്ലേഷിക്കാന്‍ മാത്രം വിവേകം നിങ്ങള്‍ക്കില്ലാതെ പോയല്ലോ എന്നോര്‍ത്ത് ഞങ്ങളിത്തിരി നേരം സഹതപിക്കട്ടെ….

print

2 Comments

  • Very good message

    Salil 05.03.2019
  • Lots to read, but very good article..

    Nouf 08.03.2019

Leave a comment

Your email address will not be published.