ഹിജ്റയിലെ നേതൃപാഠങ്ങൾ

//ഹിജ്റയിലെ നേതൃപാഠങ്ങൾ
//ഹിജ്റയിലെ നേതൃപാഠങ്ങൾ
ലീഡർഷിപ്പ്‌

ഹിജ്റയിലെ നേതൃപാഠങ്ങൾ

ഹിജ്‌റ എന്ന അറബി പദം ഒരു പ്രദേശത്തുനിന്നും മറ്റൊരു പ്രദേശത്തേക്ക് യാത്രയാവുന്നതിനെ സൂചിപ്പിക്കുന്നതാണ്. തന്റെ വിശ്വാസങ്ങള്‍ക്കനുസൃതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഒരിടത്ത് നിഷേധിക്കപ്പെടുകയും അതിന്റെ പേരില്‍ അവര്‍ ഉപദ്രവിക്കപ്പെടുകയും ചെയ്യുമ്പോള്‍ പ്രസ്തുത സ്വാതന്ത്ര്യം ലഭിക്കുന്നിടത്തേക്കുള്ള പലായനാണ് സാങ്കേതികമായി ഹിജ്‌റ കൊണ്ട് വിവക്ഷിക്കുന്നത്. ആദര്‍ശപരമായി ജീവിക്കുവാന്‍ ഒരിക്കലും കഴിയാത്ത പ്രദേശങ്ങളില്‍ നിന്നും വിശ്വാസികള്‍ ഹിജ്‌റ പോകണമെന്നും അതിനായി അല്ലാഹു അവര്‍ക്ക് പ്രതിഫലം നല്‍കുമെന്നും പരിശുദ്ധ ക്വുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്.”തീര്‍ച്ചയായും വിശ്വസിക്കുകയും, സ്വദേശം വെടിഞ്ഞ് പോകുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും അന്യോന്യം ഉറ്റമിത്രങ്ങളാകുന്നു. വിശ്വസിക്കുകയും എന്നാല്‍ സ്വദേശം വെടിഞ്ഞ് പോകാതിരിക്കുകയും ചെയ്തവരോട് അവര്‍ സ്വദേശം വെടിഞ്ഞ് പോരുന്നത് വരെ നിങ്ങള്‍ക്ക് യാതൊരു സംരക്ഷണ ബാധ്യതയുമില്ല. ഇനി മതകാര്യത്തില്‍ അവര്‍ നിങ്ങളുടെ സഹായം തേടുകയാണെങ്കില്‍ സഹായിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ നിങ്ങളുമായി കരാറില്‍ ഏര്‍പെട്ടുകഴിയുന്ന ജനതയ്‌ക്കെതിരെ (നിങ്ങളവരെ സഹായിക്കാന്‍) പാടില്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു”. (8:72)

”(അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം! എന്നാല്‍ യാതൊരു ഉപായവും സ്വീകരിക്കാന്‍ കഴിവില്ലാതെ, ഒരു രക്ഷാമാര്‍ഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാകുന്നു”. (4:97,98)

”വിശ്വസിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മഹത്തായ പദവിയുള്ളവരാണ്. അവര്‍ തന്നെയാണ് വിജയം പ്രാപിച്ചവര്‍. അവര്‍ക്ക് അവരുടെ രക്ഷിതാവ് അവന്റെ പക്കല്‍ നിന്നുള്ള കാരുണ്യത്തെയും പ്രീതിയെയും സ്വര്‍ഗത്തോപ്പുകളെയും പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവര്‍ക്ക് അവിടെ ശാശ്വതമായ സുഖാനുഭവമാണുള്ളത്. അവരതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കലാണ് മഹത്തായ പ്രതിഫലമുള്ളത്”. (9:20-22)

ഈ സാഹചര്യമായിരുന്നു മക്കയില്‍ പ്രവാചകന്റെ (സ) പ്രബോധന പ്രവര്‍ത്തനങ്ങളുടെ പ്രാരംഭകാലഘട്ടങ്ങളില്‍ ഉണ്ടായിരുന്നത്. മുസ്‌ലിംകള്‍ക്ക് അവരുടെ മതത്തില്‍ വിശ്വസിക്കാനോ ആ വിശ്വാസം പ്രകടിപ്പിക്കുവാനോ കഴിയാത്ത കാലഘട്ടം. തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ക്രൂരമായി ഉപദ്രവിച്ചിരുന്ന കാലം. ആരാധനകളും അനുഷ്ഠാനങ്ങളും വളരെ രഹസ്യമായി മാത്രം നിര്‍വഹിക്കുവാന്‍ കഴിഞ്ഞിരുന്ന സാഹചര്യം. ഈ അവസ്ഥയിലാണ് ദൈവിക വെളിപാടുകളുടെ അടിസ്ഥാനത്തില്‍ ജീവിക്കുവാന്‍ സംരക്ഷണം ലഭിക്കുമെന്ന് വിശ്വസിച്ച് പ്രവാചകന്‍ (സ) ഉഥ്മാനുബ്‌നു മദ്വ്ഊന്റെ (റ) നേതൃത്വത്തില്‍ ഒരു സംഘത്തെ നജ്ജാശി രാജാവിനു കീഴിലുള്ള അബ്‌സീനിയയിലേക്കയക്കുന്നത്. നബി(സ)യുടെ മകളായ റുഖിയ്യ(റ)യും അവരുടെ ഭര്‍ത്താവായിരുന്ന ഉഥ്മാനുബ്‌നു അഫ്ഫാനും (റ) ആ സംഘത്തിലുണ്ടായിരുന്നു. തുടര്‍ന്നങ്ങോട്ട് പ്രവാചകന്റെ (സ) മദീന (യഥ്‌രിബ്) പലായനം വരെ തീര്‍ത്തും പരീക്ഷണ വിധേയമായ രംഗങ്ങളായിരുന്നു മുസ്‌ലിംകള്‍ക്കുണ്ടായിരുന്നത്. അത്തരം ഘട്ടങ്ങളില്‍ ഒരു സമര്‍ഥനായ നേതാവ് എന്ന നിലയില്‍ മുഹമ്മദ് നബി(സ)യുടെ ഇടപെടലുകളാണ് ഇവിടെ വിശദീകരിക്കുന്നത്.

ലീഡര്‍ഷിപ്പ് സയന്‍സിലെ ആധുനിക പഠനങ്ങളില്‍ വിശദീകരിക്കുന്ന ഒരു നല്ല നേതാവിന്റെ ഗുണനിലവാരങ്ങളെക്കാള്‍ മികച്ചുനില്‍ക്കുന്ന ജീവിതമായിരുന്നു മുഹമ്മദ് നബി(സ)യുടേതെന്ന് അദ്ദേഹത്തിന്റെ ജീവിതത്തെ അപഗ്രഥിച്ചവര്‍ക്കെല്ലാം ബോധ്യപ്പെട്ട വസ്തുതയാണ്. ചരിത്രത്തില്‍ കൂടുതല്‍ സ്വാധീനിക്കപ്പെട്ട നൂറുപേരില്‍ ഒന്നാമനായി മുഹമ്മദ് നബി(സ)യെ തെരഞ്ഞെടുക്കുവാന്‍ മൈക്കിള്‍ എച്ച്.ഹാര്‍ട്ടിന് കാരണമായതും നേതൃപാടവത്തിലെ മുഹമ്മദ് നബി(സ)യുടെ ഗുണങ്ങളാണ്.

ജീവിതത്തിന്റെ നിഖില മേഖലകളെയും അനാവരണം ചെയ്യുന്ന നേതൃഗുണങ്ങള്‍ പ്രവാചകനി(സ)ല്‍ സമ്മേളിച്ചതുകൊണ്ടാണ് അദ്ദേഹത്തില്‍ ഉത്തമമായ മാതൃകയുണ്ടെന്ന് വിശുദ്ധ ക്വുര്‍ആന്‍ ഉണര്‍ത്തിയത്. ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.” (33:21)

ഒരു പ്രത്യേകലക്ഷ്യത്തിലേക്കായി വ്യക്തമായ കാഴ്ചപ്പാടോടെ തന്റെ ആശയങ്ങള്‍ കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും മറ്റുള്ളവരെ പ്രചോദിപ്പിക്കുവാനും (Motivation) സ്വാധീനിക്കുന്നവാനും (Influence) കഴിയുന്നവരാണോ അവരെയാണ് നേതൃശാസ്ത്രത്തില്‍ ഒരു നല്ല നേതാവായി പരിഗണിക്കുന്നത്. പ്രസ്തുത നേതൃപാടവത്തെ വളരെ സമര്‍ഥമായി ഹിജ്‌റയുടെ ഓരോ സന്ദര്‍ഭങ്ങളിലും പ്രവാചകന്‍ (സ) ഉപയോഗിച്ചിരുന്നതായി നമുക്ക് കാണാന്‍ സാധിക്കും. അത്തരം നേതൃഗുണങ്ങളെ എങ്ങനെയാണ് മുഹമ്മദ് നബി (സ) ഫലപ്രദമായി ഉപയോഗിച്ചതെന്ന് നമുക്ക് പരിശോധിക്കാം.

സമഗ്രമായ വ്യക്തിത്വം

നേതൃപാടവമുള്ള ഒരാളുടെ ഏറ്റവും വലിയ ഗുണം അയാള്‍ തന്റെ വ്യക്തിത്വത്തില്‍ സമഗ്രത (Integrity) യുള്ളവനാവുക എന്നതാണ്. ഘലമറലൃവെശു ടരശലിരലമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുസ്തകങ്ങളെല്ലാം തന്നെ അത് വിശദീകരിക്കുന്നുണ്ട്. ഒരാളുടെ ജീവിതത്തിന്റെ അകവും പുറവും ഒന്നാവുക അല്ലെങ്കില്‍ വാക്കുകളും പ്രവര്‍ത്തനങ്ങളും ഒന്നാവു എന്നതാണ് സമഗ്രത (Integrity) കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.

ഇരട്ടസ്വഭാവം എന്നത് വ്യക്തിജീവിതത്തിലും നേതൃജീവിതത്തില്‍ വിശേഷിച്ചും ഉണ്ടാവാന്‍ പാടില്ലാത്ത ഒന്നാണ്. വാക്കുകളിലും പ്രവര്‍ത്തനങ്ങളിലുമുള്ള പൊരുത്തമില്ലായ്മ വന്‍പരാജയങ്ങളാണ് നമുക്ക് സമ്മാനിക്കുക. ആ ഒരു ബോധം മനുഷ്യഹൃദയങ്ങളില്‍ നട്ടുവളര്‍ത്തിയ മതമാണ് ഇസ്‌ലാം. ഒരാളുടെ രഹസ്യജീവിതവും പരസ്യജീവിതവും ദൈവികസന്നിധാനത്തില്‍ വിചാരണക്ക് വിധേയമാക്കുമെന്നും ഇരുജീവിതവും തമ്മിലുള്ള പ്രവര്‍ത്തനങ്ങളിലെ വൈരുധ്യങ്ങള്‍ മരണാനന്ത ജീവിതത്തില്‍ ശിക്ഷകള്‍ക്ക് കാരണമാകുമെന്നും ഇസ്‌ലാം ഉണര്‍ത്തുന്നു. വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തക്കേടിന്റെ അപകടത്തെ സൂചിപ്പിച്ചുകൊണ്ട് വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക.

”സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു”. (61:2,3)

ജീവിതത്തിന്റെ അവസാനശ്വാസം വരെ സമഗ്രമായ വ്യക്തിത്വം കാഴ്ചവെച്ച വ്യക്തിയായിരുന്നു മുഹമ്മദ് നബി (സ). നാല്‍പത് വയസ്സിനുശേഷമാണ് അദ്ദേഹത്തെക്കുറിച്ച് ചില അഭിപ്രായവ്യത്യാസങ്ങള്‍ പ്രദേശവാസികള്‍ക്കുണ്ടാകുന്നത്. നാല്‍പത് വയസ്സുവരെ അവര്‍ക്കിടയിലെ പ്രശ്‌നപരിഹാരത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. അവരുടെ സമ്പാദ്യങ്ങള്‍ അവര്‍ സൂക്ഷിക്കാനേല്‍ പ്പിച്ചത് അദ്ദേഹത്തെയായിരുന്നു. ദൈവികമായ സന്ദേശങ്ങളെ അദ്ദേഹത്തിനു ലഭിച്ച വെളിപാടുകളുടെ അടിസ്ഥാനത്തില്‍ അവരുമായി സംസാരിച്ചപ്പോള്‍ അത്തരം കാര്യങ്ങളെയാണവര്‍ നിഷേധിക്കാന്‍ ശ്രമിച്ചത്.

മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം അവര്‍ നിഷേധിച്ചപ്പോള്‍തന്നെ അദ്ദേഹത്തിന്റെ നിഷ്‌കളങ്കമാര്‍ന്ന വ്യക്തിത്വത്തില്‍ സംശയിക്കുവാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് പ്രവാചകനെ (സ) ആദര്‍ശപരമായി എതിര്‍ത്തിരുന്ന സന്ദര്‍ഭങ്ങളിലും വ്യക്തിപരമായി അവര്‍ സ്വരൂപിച്ചിരുന്ന സമ്പാദ്യങ്ങള്‍ സൂക്ഷിക്കുവാന്‍ അവര്‍ അദ്ദേഹത്തെ സമീപിച്ചത്.

മക്കയിലെ പീഡനങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമെത്തിയപ്പോഴാണ് പ്രവാചകന്‍ (സ)   ഒരു സംഘത്തെ അബ്‌സീനിയയിലേക്ക് പറഞ്ഞയക്കുന്നത്. അബ്‌സീനിയയില്‍ നജ്ജാശി രാജാവിനു കീഴില്‍ അവര്‍ക്ക് സംരക്ഷണം ലഭിക്കും എന്ന് വിശ്വാസമുള്ളതുകൊണ്ടാണ് പ്രവാചകന്‍ (സ) അവരെ അവിടേക്കുതന്നെ അയച്ചത്. കാരണം ശത്രുക്കളില്‍ നിന്നും ഉപദ്രവങ്ങളേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ സ്വന്തം ശരീരത്തിന് സംരക്ഷണം നല്‍കുന്നതിനുപകരം തന്റെ അനുയായികളെ സംരക്ഷിക്കുന്നതിനുവേണ്ടി സുരക്ഷിതമായ സ്ഥലത്തേക്ക് പറഞ്ഞയക്കുക വഴി പ്രവാചകന്‍ (സ) തന്റെ വ്യക്തിത്വത്തിന്റെ സമഗ്രത ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. അതോടൊപ്പം തന്നെ ആദര്‍ശജീവിതം നയിക്കുന്നതിനായി എല്ലാം ത്യജിച്ച് പലായനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചതില്‍ തന്റെ മകളായ റുഖിയ്യ(റ)യെയും അവരുടെ ഭര്‍ത്താവായിരുന്ന ഉഥ്മാനുബ്‌നു അഫ്ഫാനെ(റ)യും ഉള്‍പ്പെടുത്തിയത് അതിന്റെ ഉദ്ദേശശുദ്ധി ഒന്നുകൂടി വ്യക്തമാക്കുകയാണ് ചെയ്തത്.

പ്രവാചകന്റെ വ്യക്തിത്വത്തിന്റെ സമഗ്രത വ്യക്തമാക്കുന്ന രണ്ടാമത്തെ സംഭവം അദ്ദേഹത്തിന്റെ മദീന പലായനവുമായി ബന്ധപ്പെട്ടതാണ്. തങ്ങള്‍ യാതൊരു തെറ്റും ചെയ്യാതെയാണ് സ്വന്തം നാടും വീടും കുടുംബവുമെല്ലാം അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നത്. അങ്ങനെ വന്നപ്പോള്‍ പോലും അവര്‍ ചെയ്ത തെറ്റുകള്‍ പരിഗണിക്കാതെ അവരോടുള്ള കടമകള്‍ നിറവേറ്റുകയായിരുന്നു പ്രവാചകന്‍ (സ) ചെയ്തത്. യാത്ര പോകുന്നതിന്റെ തൊട്ടുമുമ്പ് അലി(റ)യെ തന്റെ വിരിപ്പില്‍ കിടത്തിയത് പ്രവാചകന്‍ (സ) അവിടെയുണ്ടെന്ന് തോന്നിപ്പിക്കുന്നതിലപ്പുറം പ്രധാനപ്പെട്ട ചില ഉത്തരവാദിത്തങ്ങള്‍ അദ്ദേഹത്തെ ഏല്‍പിക്കുവാന്‍ വേണ്ടിയായിരുന്നു. അതായത്, നേരത്തെ സൂചിപ്പിച്ചതുപോലെ ഹിജ്‌റ പോകുന്ന വിവരമറിഞ്ഞ് അദ്ദേഹത്തെ പിടികൂടുന്നതിനായി പ്രവാചകന്റെ (സ) വീടിനുചുറ്റും കൂടിയിരുന്ന പലരുടെയും സമ്പാദ്യം സൂക്ഷിക്കുവാന്‍ അവര്‍ പ്രവാചകനെ (സ) ഏല്‍പ്പിച്ചിരുന്നു. അതെല്ലാം നബി (സ) ഓരോ കിഴികളിലാക്കി സൂക്ഷിക്കുകയായിരുന്നു ചെയ്തിരുന്നത്. അത് അതേപോലെ അതിന്റെ ഉടമസ്ഥരെ തന്നെ തിരിച്ചേല്‍പ്പിച്ചിട്ടില്ലെങ്കില്‍ പ്രവാചകന്‍ (സ) കൊണ്ടുവന്ന ആശയങ്ങള്‍ക്ക് അദ്ദേഹത്തിന്റെ തന്നെ പ്രവര്‍ത്തനങ്ങള്‍ എതിരാവുന്നതാണ്. അതുകൊണ്ടുതന്നെ പ്രവാചകനെ (സ) പിടികൂടാന്‍ വേണ്ടി വ്യത്യസ്ത ഗോത്രത്തില്‍പ്പെട്ടവര്‍ വീടിനുചുറ്റും പ്രതീക്ഷയോടെ നില്‍ക്കുമ്പോള്‍ അവരുടെ പ്രതീക്ഷകളേക്കാളപ്പുറം താന്‍ കൊണ്ടുവന്ന മൂല്യങ്ങളെ അന്വര്‍ത്ഥമാക്കുംവിധം അലി(റ)യെ ചില കാര്യങ്ങള്‍ പഠിപ്പിക്കുകയായിരുന്നു ചെയ്തത്. ഓരോ കിഴികളും ആരുടെതാണെന്നും ഓരോന്നിലും എന്തെല്ലാമാണ് ഉള്ളതെന്നും അലി(റ)യെ ബോധ്യപ്പെടുത്തുകയും അത് അതിന്റെ ഉടമസ്ഥനെ തന്നെ തിരിച്ചേല്‍പിക്കണമെന്ന് യാതൊരു വൈമനസ്യവും കൂടാതെ അറിയിക്കുകയും ചെയ്തു.

ആസൂത്രണവൈഭവം

നേതൃപാടവത്തെ പ്രയോഗവല്‍ക്കരിക്കുന്നതില്‍ ഏറ്റവും ഊന്നല്‍ കൊടുക്കേണ്ടത് കാര്യങ്ങള്‍ ആസൂത്രണം (Planning) ചെയ്യുന്നതിലും അവക്ക് പ്രാധാന്യമനുസരിച്ച് ക്രമം നിശ്ചയിക്കലി (Prioritiz-e) ലു മാണ്. ഭാവിസംഭവവികാസങ്ങളെ കണക്കുകൂട്ടുകയും അതിലേക്ക് തടസ്സങ്ങളില്ലാതെ എത്തിച്ചേരുവാനുള്ള ദീര്‍ഘ-ഹ്രസ്വകാല പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടുള്ള Strategic Plan-കളാണ് ഇന്ന് ഏതു കാര്യങ്ങളുടെയും വിജയത്തിനായി തെരഞ്ഞെടുക്കാറുള്ളത്. 5ണകഒ എന്ന സിദ്ധാന്തമാണ് കൂടുതല്‍ വ്യക്തതക്കുവേണ്ടി ഇതില്‍ ഉപയോഗിക്കാറുള്ളത്.5W എന്നത് What, Why,Who,Where,When എന്നതും IH എന്നത് ഒീം  എന്നുമാണ്. അതായത് ഒരു Plan നാം നടപ്പിലാക്കുവാന്‍ ശ്രമിക്കുമ്പോള്‍ അത് എന്താണ് എന്നും അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നും അത് നിര്‍വഹിക്കാനാവശ്യമായ വിഭവങ്ങള്‍ എന്തെല്ലാമാണെന്നും അത് ആരാണ് നിര്‍വഹിക്കേണ്ടതെന്നും അതിന്റെ സമയമെപ്പോഴാണെന്നും കൃത്യമായി വിശദീകരിക്കുന്ന ഒരു പ്ലാന്‍.

ഇങ്ങനെ പ്ലാന്‍ ചെയ്യുന്നതോടൊപ്പം തന്നെ അവയെ പ്രാധാന്യമനുസരിച്ച് ക്രമം നിശ്ചയിക്കുക കൂടി ചെയ്യുമ്പോള്‍ ഓരോ പ്രവര്‍ത്തന ങ്ങളെയും ശാസ്ത്രീയമായി തന്നെ നടപ്പില്‍ വരുത്താന്‍ നമുക്ക് സാധിക്കുന്നു. ലീഡര്‍ഷിപ്പ് സയന്‍സില്‍ മാതൃകകളില്ലാത്ത സംഭാവനക ളര്‍പ്പിച്ച, ഏറ്റവും കൂടുതല്‍ സ്വാധീനശക്തിയുള്ള ഇരുപത്തിയഞ്ച് അമേരിക്കക്കാരില്‍ ഒരുവനായി ‘ടൈം മാഗസിന്‍’ തെരഞ്ഞെടുത്ത സ്റ്റീഫന്‍ ആര്‍.കോവെ ജനങ്ങളില്‍ എറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ള എല്ലാകാലത്തെയും മികച്ച പത്ത് മാനേജ്‌മെന്റ് പുസ്തകങ്ങളിലൊന്നായ ദി 7 ഹാബിറ്റ്‌സ് ഓഫ് ഹൈലി ഇഫക്ടീവ് പീപ്പിള്‍ (The 7 Habits of Highly Effective People) എന്ന പുസ്‌കത്തില്‍ ഏഴ് ശീലങ്ങളില്‍ മൂന്നാമത്തെ ശീലമായി അദ്ദേഹം പരിചയപ്പെടുത്തുന്നത് ‘ആദ്യം വേണ്ടതിന് മുന്‍ഗണന നല്‍കുക’   (Put first things first)   എന്നതാണ്.

അതില്‍ അദ്ദേഹം പ്രവര്‍ത്തനങ്ങളെ വിഭജിക്കുന്നത് അടിയന്തിരവും (Urgent) പ്രാധാന്യവു (Important)മുള്ളത്, അടിയന്തിരമില്ലാത്തതും(Not Urgent)പ്രാധാന്യവു (Important) മുള്ളത്, അടിയന്തിരവും (Urgent) ആപ്രാധാന്യവു (Not Important) മുള്ളത്, അടിയന്തിരമില്ലാത്തതും(Not Urgent)  അപ്രാധാന്യവു (Not Important) മായത് എന്നിങ്ങനെ നാല് വിഭാഗങ്ങളായിട്ടാണ്. നാം ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെ ഈ രൂപത്തില്‍ വിഭജിച്ചുകൊണ്ട് ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ ജീവിതത്തില്‍ തീര്‍ച്ചയായും വിജയങ്ങ ളായിരിക്കും നമുക്ക് ലഭിച്ചുകൊണ്ടിരിക്കുക.

മുഹമ്മദ് നബി(സ)യുടെ ഹിജ്‌റയുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങള്‍      കേവലം യാദൃശ്ചികമായി സംഭവിച്ചത ല്ലെന്നും കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായിരുന്നുവെന്നും പ്രസ്തുത സംഭവങ്ങളെ അപഗ്രഥിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന താണ്. ഒരു നേതാവ് എന്ന നിലയില്‍ ഹിജ്‌റക്കായി അനുയായികളോട് ആഹ്വാനം ചെയ്യുന്നതിനു പകരം ഹിജ്‌റ എന്ന വലിയ പാഠം അവരെ പഠിപ്പിക്കുകയായിരുന്നു ആദ്യമായി പ്രവാചകന്‍ (സ) ചെയ്തത്. ആധുനിക കാലഘട്ടത്തിലും സ്വയം താല്‍പര്യ സംരക്ഷണത്തിനായി ഹിജ്‌റയുടെ ലക്ഷ്യങ്ങളെ (Objectives) തെറ്റായി അവതരിപ്പിക്കുന്നവര്‍ക്ക്, പ്രവാചകാനുചരന്‍മാരുടെ അബ്‌സീനിയ പലായനത്തില്‍ നജ്ജാശി രാജാവുമായി തങ്ങളുടെ ആശയം വിശദീകരിക്കുന്ന ജഅ്ഫറ്ബ്‌നു അബീത്വാലിബി(അ)ന്റെ വാക്കുകളില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.

നജ്ജാശി രാജാവിന്റെ സംരക്ഷണത്തില്‍ നിന്നും മുസ്‌ലിംകളെ പുറത്തേക്കുകൊണ്ടുവന്ന് തങ്ങളുടെ അധീനതയിലാക്കുന്നതിനായി ഖുറൈശി പ്രതിനിധികളായി എത്തിയ അംറുബ്‌നുല്‍ ആസ്വിനെയും അബ്ദുല്ലാഹിബ്‌നു അബീ റബീഅയെയും സാക്ഷികളാക്കി ജഅ്‌റഫറുബ്‌നു അബീത്വാലിബ് (റ) നജ്ജാശി രാജാവിനോട് പറഞ്ഞതിപ്രകാരമാണ്. ”രാജാവേ… ഞങ്ങള്‍ വിവരമില്ലാത്തവരായിരുന്നു. വിഗ്രഹങ്ങളെ പൂജിക്കുകയും ശവങ്ങള്‍ തിന്നുകയും നീചവൃത്തികള്‍ ചെയ്യുകയും ദുര്‍വൃത്തികളിലേര്‍പ്പെടുത്തുകയും കുടുംബബന്ധ ങ്ങള്‍ മുറിക്കുകയും അയല്‍ക്കാരോട് മോശമായി പെരുമാറുകയും ചെയ്യുന്നവര്‍! ഞങ്ങളിലെ ശക്തര്‍ ദുര്‍ബലരെ ചൂഷണം ചെയ്തായി രുന്നു ജീവിച്ചിരുന്നത്. അങ്ങനെയിരിക്കെയാണ് അല്ലാഹു ഞങ്ങളിലേക്ക് ഒരു ദൂതനെ നിയോഗിച്ചത്. അദ്ദേഹത്തിന്റെ കുടുംബപാരമ്പ ര്യവും സത്യസന്ധതയും വിശ്വസ്തതയും വിശുദ്ധിയുമെല്ലാം ഞങ്ങള്‍ക്ക് അറിയാവുന്നതാണ്. അദ്ദേഹം ഞങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. അവന്റെ ഏകത്വത്തില്‍ വിശ്വസിക്കണമെന്നും അവനെ മാത്രം ആരാധിക്കണമെന്നും ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങളും ഞങ്ങളുടെ പിതാക്കളും ആരാധിച്ചിരുന്ന പ്രതിമകളെയും കല്ലുകളെയും ഉപേക്ഷിക്കുവാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. സത്യസന്ധരാകുവാനും വിശ്വസ്തത പാലിക്കുവാനും കുടുംബബന്ധം ചേര്‍ക്കുവാനും അയല്‍ക്കാരോട് നന്മയോടെ വര്‍ത്തിക്കുവാനും നിഷിദ്ധ കര്‍മങ്ങളില്‍നിന്ന് അകന്നു നില്‍ക്കുവാനും രക്തം ചിന്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുവാനും അദ്ദേഹം ഞങ്ങളോട് കല്‍പിച്ചു. നീചവൃത്തികളും വ്യജവര്‍ത്തമാനങ്ങളും അനാഥയുടെ സ്വത്ത് അനര്‍ഹമായി തിന്നലും സദ്‌വൃത്തകളുടെ പേരിലുള്ള അപവാദ പ്രചരണങ്ങളുമെല്ലാം അദ്ദേഹം നിരോധിച്ചു. അല്ലാഹുവെ മാത്രം ആരാധിക്കണമെന്നും അവനോട് യാതൊന്നിനെയും പങ്കു ചേര്‍ക്കരുതെന്നും അദ്ദേഹം  നിഷ്‌കര്‍ഷിച്ചു. നമസ്‌കാരം, നോമ്പ്, സകാത്ത് എന്നിവ കൊണ്ടും അദ്ദേഹം കല്‍പിച്ചു.

…..ഞങ്ങള്‍ അദ്ദേഹത്തെ സത്യപ്പെടുത്തുകയും വിശ്വസിക്കുകയും അദ്ദേഹം കൊണ്ടുവന്നത് പിന്തുടരുകയും ചെയ്തിരിക്കുന്നു. ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു. അവനില്‍ ആരെയും പങ്കുചേര്‍ക്കുന്നില്ല. അവന്‍ അനുവദിച്ചതെല്ലാം അനുവദിക്കുന്നു. വിലക്കിയതെല്ലാം വിലക്കുന്നു. അതോടൊപ്പം ഞങ്ങളുടെ ജനത ഞങ്ങളെ എതിര്‍ക്കുവാനും പീഡിപ്പിക്കുവാനും തുടങ്ങി. മതത്തിന്റെ പേരിലായിരുന്നു പീഡനങ്ങള്‍. ഞങ്ങളുടെ മതം ഉപേക്ഷിക്കുന്നതിനും അല്ലാഹുവിനെ ആരാധിക്കുന്നതില്‍നിന്ന് വിഗ്രഹാരാധനയിലേക്ക് മടക്കുന്നതിനും മ്ലേഛതകള്‍ ചെയ്യിപ്പിക്കുന്നതിനും വേണ്ടി അവര്‍ ഞങ്ങളെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ മതപ്രകാരം ഞങ്ങളെ ജീവിക്കാനനുവദിക്കാതെ ജീവിതം ദുസ്സഹമായപ്പോഴാണ് ഞങ്ങള്‍ അങ്ങയുടെ നാട്ടിലേക്ക് പുറപ്പെട്ടത്. മറ്റുള്ളവരെക്കാള്‍ താങ്കളെ ഞങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നു. താങ്ങളോടൊപ്പം ജീവിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. താങ്കളുടെയടുക്കല്‍ ഞങ്ങള്‍ അക്രമിക്കപ്പെടില്ലെന്നാണ് പ്രതീക്ഷ” (അസ്സ്വീറത്തുന്നബവിയ്യ; ഇബ്‌നുഹിശാം, വാള്യം 1, പേജ് 359, 360)

മുഹമ്മദ് നബി(സ)യുടെ വാക്കുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ഹിജ്‌റയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ അവര്‍ കൃത്യമായി മനസ്സിലാക്കിയിരുന്നെന്നാണ് ജഅ്ഫറുബ്‌നു അബീത്വാലിബിന്റെ വാക്കുകളില്‍ നിന്നും നമുക്ക് അറിയാന്‍ കഴിയുന്നത്. അതോടൊപ്പം തന്നെ ആസൂത്രണവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും വളരെ കൃത്യമായിരുന്നുവെന്ന് മദീനയിലേക്കുള്ള ഹിജ്‌റ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.

ഹിജ്‌റ പോകാന്‍ നബി (സ) ഉദ്ദേശിച്ചപ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും ആരെല്ലാമാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം കൃത്യമായി നിര്‍വചിച്ചിരുന്നു. അദ്ദേഹത്തിനുമുമ്പ് പലായനം ചെയ്യേണ്ടവരെ നേരത്തെ പറഞ്ഞയച്ചു. അദ്ദേഹത്തിന്റെ കൂടെ പോരേ ണ്ടത് അബൂബക്കര്‍ (റ) ആണെന്ന് നിശ്ചയിച്ചു. യാത്രാവാഹനമായി ഒട്ടകത്തെ തെരഞ്ഞെടുത്തു. രാത്രി തന്നെ പുറപ്പെടണമെന്നും മൂന്നു ദിവസം ഥൗര്‍ ഗുഹയില്‍ താമസിക്കണമെന്നും പോകുന്ന സമയത്ത് അലി(റ)വിനെ തന്റെ വിരിപ്പില്‍ കിടത്തണമെന്നും തന്നെ ഏല്‍പിച്ചിട്ടുള്ള സൂക്ഷിപ്പുമുതലെല്ലാം അലി (റ) വിതരണം ചെയ്യണമെന്നും സന്ധ്യാസമയത്ത് ഭക്ഷണവുമായി ഥൗര്‍ ഗുഹയിലെത്തേണ്ടത് അസ്മാഅ് (റ) ആണെന്നും പകല്‍ സമയങ്ങളില്‍ ഖുറൈശികളിലെ ചര്‍ച്ചകളുടെ ഗതിവിഗതികള്‍ മനസ്സിലാക്കി രാത്രിസമയങ്ങളില്‍ തങ്ങള്‍ക്ക് കൈമാറേണ്ടത് അബ്ദുല്ല(റ)യാണെന്നും അദ്ദേഹത്തിന്റെ കാല്‍പാടുകള്‍ മായ്ക്കുന്ന രൂപത്തില്‍ ആ വഴി ആടുകളുമായി കടന്നുപോകേണ്ടത് ആമിറുബ്‌നു ഫുഹൈറയാണെന്നും മൂന്നു ദിവസത്തിനുശേഷം അവിടേക്ക് വാഹനവുമായി എത്തേണ്ടത് മരുഭൂമിയിലെ കുറുക്കുവഴികളെക്കുറിച്ച് നല്ല പരിജ്ഞാനമുള്ള അബ്ദുല്ലാഹിബ്‌നു ഉറൈഖിത്വ് ആണെന്നും നബി (സ) തീരുമാനിക്കു കവഴി കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുവാന്‍ അദ്ദേഹത്തിന് സാധിക്കുകയുണ്ടായി. ഇവയിലേതെങ്കിലുമൊന്ന് നീട്ടിവെ ക്കുകയോ അല്ലെങ്കില്‍ വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ഈ കാര്യങ്ങളില്‍ ഇടപെടുകയോ ചെയ്തിരുന്നെങ്കില്‍ അത് എത്രമാത്രം പ്രയാസകരമാകുമായിരുന്നെന്ന് ഹിജ്‌റയുടെ ചരിത്രം വ്യക്തമാക്കുന്നുണ്ട്.

ആത്മവിശ്വാസം (Confidence)

ഒരു നല്ല നേതാവിനുണ്ടാകേണ്ട പ്രധാനപ്പെട്ട ഗുണങ്ങളിലൊന്നാണ് ആത്മവിശ്വാസം (Confidence) എന്നത്. ഏതു പ്രതിസന്ധിയുണ്ടാകു മ്പോഴും അതില്‍ അല്‍പം പോലും പതറിപ്പോകാതെ തന്നെയും തന്റെ അനുയായികളെയും പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്തവര്‍ക്ക് എങ്ങനെയാണ് ഒരു നല്ല നേതാവാകന്‍ കഴിയുന്നത്?

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതം മുഴുവന്‍ ആത്മവിശ്വാസത്താല്‍ പുഷ്‌ക്കലമായിരിക്കും. അവന്റെ ജീവിതത്തെ അവന്‍ അല്ലാഹുവില്‍ സമര്‍പ്പിക്കുകയും അവന്റെ പ്രവര്‍ത്തനങ്ങളെ മുഴുവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്യുമ്പോള്‍ അയാള്‍ക്ക് ലഭിക്കുന്നത് അനിര്‍വചനീയമായ ആത്മവിശ്വാസമാണ്. അതോടൊപ്പം തന്നെ അവന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെല്ലാം അല്ലാഹു രേഖപ്പെടുത്തിയ കാര്യങ്ങള്‍ മാത്രമാണെന്നു കൂടി വിശ്വസിക്കുമ്പോള്‍ പിന്നീട് ആത്മവിശ്വാസം നഷ്ടപ്പെടാനുള്ള മാര്‍ഗങ്ങളൊന്നും കാണുന്നില്ല. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക. ”പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തി യതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ‘ഭരമേല്‍പിക്കേണ്ടത്”. (9:51)

ത്യാഗനിര്‍ഭരമായ ജീവിതമായിരുന്നു മുഹമ്മദ് നബി(സ)യുടേത് എന്നതുകൊണ്ടുതന്നെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ആത്മവി ശ്വാസം അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഹിജ്‌റ പോകുന്നതിനായി തയ്യാറെടുത്തപ്പോള്‍ തന്നെ തന്റെ വീടിനുചുറ്റും തടവുതീര്‍ത്ത ശത്രുക്കള്‍ക്ക് നടുവില്‍ നിന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു. അത് പകര്‍ന്ന് കൊടുത്തപ്പോഴാണ് അലി(റ)യ്ക്ക് അദ്ദേഹ ത്തിന്റെ കൂടെ നില്‍ക്കാനായത്.

ഹിജ്‌റയുടെ വേളയില്‍ നബി(സ)യുടെ ആത്മവിശ്വാസത്തെ ബോധ്യപ്പെടുത്തുന്ന ഒരു സംഭവം അബൂബക്കര്‍ സിദ്ദീഖ് (റ) വിവരിക്കുന്നത് കാണുക. ”ഞാന്‍ നബിയോടൊപ്പം (ഥൗര്‍) ഗുഹയിലായിരുന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍ ശത്രുജനത്തിന്റെ പാദഭാഗങ്ങള്‍ എനിക്ക് ദൃശ്യമായി. ഞാന്‍ നബിയോടു പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ അവരില്‍ വല്ലവരും താഴേക്ക് നോക്കിയാല്‍ നമ്മെ കണ്ടതുതന്നെ. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു; മിണ്ടാതിരിക്കൂ അബൂബക്കര്‍! നമ്മള്‍ രണ്ടുപേരാണെങ്കിലും മൂന്നാമനായി അല്ലാഹുവുണ്ട്.” (സ്വഹീഹുല്‍ ബുഖാരി)

ഈ സംഭവത്തെ സൂചിപ്പിച്ചുകൊണ്ട് വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക. ”നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനി ഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.

അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാ ണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു”. (9:40)

പ്രചോദനം (Motivation)നല്‍കല്‍

നേതൃഗുണങ്ങളില്‍പ്പെട്ട മറ്റൊരുകാര്യം തന്റെ കൂടെയുള്ളവര്‍ക്ക് പ്രചോദനം (Motivation) നല്‍കുക എന്നതാണ്. ശകാരത്തിലൂടെയും അടക്കി ഭരിക്കലിലൂടെയും ആളുകളെ നിയന്ത്രിക്കുന്നതിനുപകരം മോട്ടിവേഷനാണ് ഒരു ലീഡര്‍ തന്റെ ടീം അംഗങ്ങളെ അയാളുദ്ദേശി ക്കുന്ന ലക്ഷ്യത്തിലേക്കെത്തിക്കുവാന്‍ ഉപയോഗിക്കാറുള്ളത്.

ഭൗതികമായി ഒരാള്‍ക്ക് ലഭിക്കാനുള്ള നേട്ടങ്ങളെയാണ് സാധാരണയായി ആളുകളെ പ്രചോദിപ്പിക്കുന്നതിനായി ടീം ലീഡേഴ്‌സ് മുന്നില്‍ നിര്‍ത്താറുള്ളത്. ചിലപ്പോള്‍ സ്ഥാനക്കയറ്റമോ ശമ്പള വര്‍ധനവോ അതുമല്ലെങ്കില്‍ മറ്റുവല്ല പാരിതോഷികങ്ങളോ ആയിരിക്കാം. എന്നാല്‍ പ്രവാചകന്‍ (സ) തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതുതന്നെ വരാനിരിക്കുന്ന അനശ്വരമായ സുഖസൗകര്യങ്ങളെ വിശദീകരിച്ചായിരുന്നു. കേവലം ഭൗതിക സുഖാസ്വാദനങ്ങള്‍ക്കുവേണ്ടി ശാശ്വതമായ തുല്യതയില്ലാത്ത സൗകര്യങ്ങളെ നഷ്ടപ്പെടുത്ത രുതെന്ന സന്ദേശം അദ്ദേഹം കൈമാറി. വിശ്വാസികള്‍ക്ക് ലഭിക്കാനിരിക്കുന്ന അത്തരം സൗകര്യങ്ങളെക്കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക. ”തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അത്തരം സല്‍പ്രവര്‍ ത്തനം നടത്തുന്ന യാതൊരാളുടെയും പ്രതിഫലം നാം തീര്‍ച്ചയായും പാഴാക്കുന്നതല്ല. അക്കൂട്ടര്‍ക്കാകുന്നു സ്ഥിരവാസത്തിനുള്ള സ്വര്‍ഗ ത്തോപ്പുകള്‍. അവരുടെ താഴ്ഭാഗത്ത്കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. അവര്‍ക്കവിടെ സ്വര്‍ണം കൊണ്ടുള്ള വളകള്‍ അണിയിക്കപ്പെടുന്നതാണ്. നേരിയതും കട്ടിയുള്ളതുമായ പച്ചപ്പട്ടു വസ്ത്രങ്ങള്‍ അവര്‍ ധരിക്കുകയും ചെയ്യും. അവിടെ അവര്‍ അലങ്കരിച്ച കട്ടിലുകളില്‍ ചാരിയിരുന്ന് വിശ്രമിക്കുന്നവരായിരിക്കും. എത്ര വിശിഷ്ടമായ പ്രതിഫലം, എത്ര ഉത്തമമായ വിശ്രമസ്ഥലം!”. (18:30,31)

ഹിജ്‌റയെ സംബന്ധിച്ച് പ്രവാചകന്‍ (സ) തന്റെ അനുയായികളെ പ്രചോദിപ്പിച്ചതും അനശ്വരമായ ലോകത്തില്‍ ലഭിക്കാനിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയായിരുന്നു. ഐഹികലോകത്ത് സ്വത്തും ശരീരം തന്നെയും നഷ്ടപ്പെട്ടാലും എണ്ണിക്കണ ക്കാക്കുവാന്‍ കഴിയാത്ത രൂപത്തില്‍ മരണാനന്തര ജീവിതത്തില്‍ അല്ലാഹു നല്‍കുമെന്ന വിശ്വാസം. അതുകൊണ്ടാണ് സുഹൈബ് അര്‍റൂമി (റ) പലായനത്തിനൊരുങ്ങിയപ്പോള്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തിയ ഖുറൈശികളോട് ആത്മവിശ്വാസത്തോടെ സംസാരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. ഖുറൈശികള്‍ പറഞ്ഞു.”ഞങ്ങളുടെയടുക്കല്‍ ദരിദ്രനും നിസ്സാരനുമായി വന്ന നീ ഈ കാണുന്ന ധനമെല്ലാം സമ്പാദിച്ചത് ഇവിടെ നിന്നാണ്. ഇപ്പോള്‍ ആ ധനവുമായി കടന്നുകളയാനാണോ നിന്റെ ഭാവം? അല്ലാഹുവാണെ, അതിനൊരിക്കലും ഞങ്ങള്‍ അനുവദിക്കില്ല”. സുഹൈബ് (റ) ചോദിച്ചു. ”എന്റെ സമ്പത്തെല്ലാം നിങ്ങള്‍ക്ക് തന്നാല്‍ എന്നെ പോകാന്‍ അനുവദിക്കുമോ? അവര്‍ പറഞ്ഞു, ‘അതെ’. അദ്ദേഹം സമ്പത്തെല്ലാം ഉപേക്ഷിച്ചുകൊണ്ട് മദീനയിലേക്കു തിരിക്കുകയും ഈ വിവരമറിഞ്ഞ നബി (സ) ‘നല്ലൊരു കച്ചവടമാണ് സുഹൈബ് ചെയ്തതെന്നു പ്രതികരിക്കുകയും ചെയ്തു’. (ഇബ്‌നു ഇസ്ഹാഖ്).

പലായനം ചെയ്തവര്‍ക്കുള്ള പ്രതിഫലം ഓര്‍മിപ്പിച്ചുകൊണ്ട് വിശുദ്ധ ക്വുര്‍ആനിലൂടെ മുഹമ്മദ് നബി (സ) തന്റെ അനുയായികളെ പ്രചോദിപ്പിച്ചതിപ്രകാരമായിരുന്നു.

”അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളു ടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു. ആകയാല്‍ സ്വന്തം നാട് വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്റെ മാര്‍ഗത്തില്‍ മര്‍ദ്ദിക്കപ്പെടുകയും, യുദ്ധത്തില്‍ ഏര്‍പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക് ഞാന്‍ അവരുടെ തിന്മകള്‍ മായ്ച്ചുകൊടുക്കുന്നതും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമത്രെ അത്. അല്ലാഹുവിന്റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്”. (3:195)

”അക്രമത്തിന് വിധേയരായതിന് ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞ് പോയവരാരോ അവര്‍ക്ക് ഇഹലോകത്ത് നാം നല്ല താമസസൗകര്യം ഏര്‍പ്പെടുത്തി കൊടുക്കുകതന്നെ ചെയ്യും. എന്നാല്‍, പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്. അവര്‍ (അത്) അറിഞ്ഞിരുന്നുവെങ്കില്‍!” (16:41)

”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞതിന് ശേഷം കൊല്ലപ്പെടുകയോ, മരിക്കുകയോ ചെയ്തവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു ഉത്തമമായ ഉപജീവനം നല്‍കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമന്‍. അവര്‍ക്ക് തൃപ്തികരമായ ഒരു സ്ഥലത്ത് തീര്‍ച്ചയായും അല്ലാഹു അവരെ പ്രവേശിപ്പിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും ക്ഷമാശീലനുമാകുന്നു”. (22:58,59)

ലീഡര്‍ഷിപ്പ് സയന്‍സിന്റെ വ്യത്യസ്തമാനദണ്ഡങ്ങളുപയോഗിച്ച് പ്രവാചകഹിജ്‌റയെ അപഗ്രഥിക്കുമ്പോള്‍ അതുല്യവ്യക്തിത്വത്തിന്റെ ഉടമയാണ് മുഹമ്മദ് നബി(സ)യെന്ന് ഈ സംഭവങ്ങള്‍ നമുക്ക് വിശദീകരണം നല്‍കുന്നു.

print

No comments yet.

Leave a comment

Your email address will not be published.