അഹങ്കാരത്തിന്റെ പേരല്ല ഇസ്‌ലാമികപ്രബോധനം !!

//അഹങ്കാരത്തിന്റെ പേരല്ല ഇസ്‌ലാമികപ്രബോധനം !!
//അഹങ്കാരത്തിന്റെ പേരല്ല ഇസ്‌ലാമികപ്രബോധനം !!
ആനുകാലികം

അഹങ്കാരത്തിന്റെ പേരല്ല ഇസ്‌ലാമികപ്രബോധനം !!

മുസ്‌ലിം പേരിൽ അഡ്രസ്സില്ലാത്ത ആരോ എഴുതിവിട്ട് യുക്തിവാദികളും പൊകവാദികളും, മുസ്‌ലിം നാമധാരികളും, ഇസ്‌ലാം വിമർശകരും, ചില മുസ്‌ലിം നിഷ്കുകളും, വ്യാപകമായി ഷെയർ ചെയ്ത് കൊണ്ടിരിക്കുന്ന പോസ്റ്റ് തുടങ്ങുന്നതിങ്ങനെ……

നമ്മുട മതമാണ് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠ മതം എന്ന് സ്വയം അഹങ്കരിച്ചപ്പോൾ….

ഏത് മതവും ശരിയാണെന്ന് വിശ്വസിക്കാനും പറയാനും പ്രഖ്യാപിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്.

ആ സ്വാതന്ത്ര്യം മുസ്‌ലിംകളും ഇസ്‌ലാമിക പ്രബോധകരും ഉപയോഗപ്പെടുത്തിയതാണത്രെ ഭൂരിപക്ഷ സമുദായത്തെ ചൊടിപ്പിച്ചതെന്നാണ് പോസ്റ്റുകാരൻ പറയുന്നത്..

അറിയുക, എന്റെ മതമാണ് ശ്രേഷ്ഠം എന്നല്ല ഇസ്‌ലാമിക പ്രബോധകരൊന്നും പറയുന്നത്… സ്രഷ്ടാവിൽ നിന്നുള്ള ജീവിതദർശനമാണ് ശ്രേഷ്ഠം എന്നാണ്… അത് ഏതാണെന്ന് പഠിക്കാൻ എല്ലാവരും സന്നദ്ധമാവണമെന്നാണ്….

ഒരു മതേതര രാജ്യത്ത് നമ്മുടെ ദൈവം മാത്രമാണ് ഏറ്റവും വലിയവൻ എന്നഹങ്കരിച്ച് വിളിച്ച് പറഞ്ഞു കൊണ്ടിരുന്നപ്പോൾ...

നമ്മുടെ ദൈവമല്ലാതെ ലോകത്ത് മറ്റൊരു ദൈവവുമില്ല എന്ന് ഒരു മതേതര രാജ്യത്ത് നിന്ന് പ്രസംഗിച്ചപ്പോൾ….”

വർഗീയതയുണ്ടാവാനുള്ള കാരണങ്ങൾ ഇവയെല്ലാമാണ് കുറിപ്പുകാരന്റെ ഭാവനയിൽ….

ഏതെങ്കിലും ജാതികളുടെ ദൈവമാണ് ഏറ്റവും വലിയവൻ എന്ന് മുസ്‌ലിംകളാരും പറയില്ല. എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്നവനാണ് അത്യുന്നതനെന്ന സത്യമാണ് അവർ വിളിച്ച് പറയുക. ഞങ്ങളുടെ ദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല എന്നല്ല, എല്ലാവരുടെയും സ്രഷ്ടാവും സംരക്ഷകനുമല്ലാതെ മറ്റാരും ആരാധനകൾ അർഹിക്കുന്നില്ല എന്നാണ് മുസ്‌ലിംകൾ പറയുന്നത്. വേദഗ്രൻഥങ്ങളെല്ലാം ഒരേ സ്വരത്തിൽ പറയുന്ന ആ സത്യം പറഞ്ഞത് കൊണ്ട് ഇത് വരെ ആരുടെയും വികാരം വ്രണപ്പെട്ടിട്ടില്ല…..

നമ്മുടെ മതത്തിലേക്ക് ആളെ കൂട്ടാൻ മറ്റ് മതങ്ങളെ സ്റ്റേജ് കെട്ടി സംവാദം നടത്തി ആക്ഷേപിച്ചപ്പോൾ…”

മറ്റേതെങ്കിലും മതങ്ങളെ ഇസ്‌ലാമികപ്രബോധകർ ആക്ഷേപിച്ചതായി അവരുടെ യുട്യൂബിലുള്ള ഏതെങ്കിലും ഒരു ക്ലിപ്പുദ്ധരിച്ച് സമർത്ഥിക്കുവാൻ കുറിപ്പുകാരന് കഴിയുമോ? പ്രബോധകരോടൊപ്പം മതാന്തരസംവാദങ്ങൾ നടത്തിയ മറ്റു മതനേതാക്കളൊന്നും അവരെക്കുറിച്ച് നല്ല വർത്തമാനമല്ലാതെ പറഞ്ഞിട്ടില്ലെന്ന സത്യം വീണു കിട്ടിയ അവസരത്തെ തന്റെ ഇസ്‌ലാം വിരുദ്ധത പ്രകടിപ്പിക്കാൻ മതേതരവേഷം കെട്ടിയ കുറിപ്പുകാരൻ അറിയുമോ?

നമ്മളോർത്തില്ല….ഇതിനൊക്കെ സ്വാതന്ത്ര്യം തന്ന ഒരു മഹത്തായ രാജ്യത്തെ നിഷ്പക്ഷരായ ഭൂരിപക്ഷ സമുദായത്തെ നാം വേദനിപ്പിക്കുകയാണെന്ന്……”

ശരിയാണ്… 1925ൽ രാഷ്ട്രീയ സ്വയം സേവക സംഘം രൂപീകരിക്കാൻ ഡോ.ഹെഡ്ഗെവാറെ പ്രേരിപ്പിച്ചത് ഇസ്‌ലാമികപ്രബോധകരാണ്! മുസ്‌ലിംകളാണ് രാജ്യത്തിന്റെ ഒന്നാമത്തെ ആന്തരികശത്രുവെന്ന് ‘വിചാരധാര’യെഴുതാൻ ഗുരുജി ഗോൾവാൾക്കറെ പ്രചോദിപ്പിച്ചതും ഇസ്‌ലാമികപ്രബോധകർ തന്നെ! ഇസ്‌ലാമികപ്രബോധകരുടെ പ്രഭാഷണങ്ങളും സംവാദങ്ങളുമാണ് ഗുജറാത്ത് കലാപത്തിൽ മുസ്‌ലിംകളെ ചുട്ടു കൊല്ലാൻ അവിടെയുള്ള സംഘികൾക്ക് പ്രചോദനമായത്!! ആൾക്കൂട്ട കൊലപാതകങ്ങളും പശുരക്ഷാകൊലപാതകങ്ങളും നടത്തിയവരെയെല്ലാം പ്രചോദിപ്പിച്ചത് ഇസ്‌ലാമികപ്രബോധകരുടെ പ്രഭാഷണങ്ങൾ തന്നെ!! ഫൈസലിനെയും റിയാസ് മൗലവിയെയുമെല്ലാം കൊന്നവർ ഇസ്‌ലാമിക പ്രബോധകരുടെ പ്രസംഗങ്ങൾ കേട്ടാണ് പ്രകോപിതരായത്…….

എവിടെയാണ് ഈ കുറിപ്പെഴുതിയ സുഹൃത്ത്? ഇന്ത്യയിൽ തന്നെയോ…. മതവിശ്വാസികളെ ഭിന്നിപ്പിച്ച് തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം വളർത്തുകയെന്ന പരിവാരതന്ത്രത്തെക്കുറിച്ച് ഒന്നുമറിയാത്തവനായിപ്പോയല്ലോ ഈ നിഷ്കുവെന്ന് നാം പരിതപിക്കുക….മുസ്‌ലിംകളെയും ഹിന്ദുക്കളെയും അവർ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് ഇസ്‌ലാമിനെക്കുറിച്ച തെറ്റിധാരണകൾ വളർത്തിക്കൊണ്ടാണ്. ക്വുർആനും മുഹമ്മദ് നബിയുമെല്ലാം അപകടകാരികളെന്ന് സമർത്ഥിച്ചുകൊണ്ടാണ്. ഈ തെറ്റിധാരണയുടെ വ്രണങ്ങളിലാണ് വർഗീയത വളരുന്നത്. തെറ്റിധാരണകൾക്ക് തുറന്ന വേദികളിൽ വെച്ച് മറുപടി നൽകുന്ന ഇസ്‌ലാമികപ്രബോധകരാണ് ഒരു പരിധി വരെയെങ്കിലും ഈ വ്രണങ്ങളെ ഉണക്കുന്നത്. അത് കൊണ്ടാണ് ഫാഷിസത്തിന് വിടുപണി ചെയ്യുന്ന മതനിഷേധികൾക്ക് ഇസ്‌ലാമികപ്രബോധകരോടുള്ള കലിപ്പ്. ആ കലിപ്പ് മതനിരപേക്ഷക്കുപ്പായമിട്ട കുറിപ്പുകാരന്റെ വരികൾക്കിടയിലെല്ലാം വായിക്കാൻ കഴിയുന്നുണ്ട്.

മതങ്ങളെല്ലാം തട്ടിപ്പാണെന്ന് യുക്തിവാദി പറഞ്ഞാൽ അത് വർഗീയതയുണ്ടാക്കില്ല….

ദൈവങ്ങളെല്ലാം വ്യാജമാണെന്ന് മതനിഷേധി പ്രസംഗിച്ചാൽ അതുകൊണ്ട് കലാപമുണ്ടാവില്ല…

യേശു മാത്രമാണ് രക്ഷകനെന്ന് മിഷനറിമാർ പ്രചരിപ്പിച്ചാൽ അത്കൊണ്ട് കുഴപ്പമൊന്നുമുണ്ടാവില്ല…

സായിബാബയെയും അമൃതാനന്ദമയിയെയും ദൈവമായി എഴുന്നള്ളിച്ചാൽ അത് ആരുടെയും വികാരങ്ങൾ വൃണപ്പെടുത്തില്ല…

ക്വുർആൻ തന്നെ തിരുത്തിയെഴുതണമെന്ന് ഹിന്ദുരക്ഷാസമിതിക്കാരൻ പ്രഖ്യാപിച്ചാൽ അതും പ്രശ്നങ്ങളൊന്നുമുണ്ടാക്കാൻ പോന്നതല്ല…

സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സർവശക്തൻ മാത്രമാണ് ആരാധനകൾ അർഹിക്കുന്നതെന്ന് ഇസ്‌ലാമികപ്രബോധകൻ പറയുമ്പോൾ മാത്രം നമ്മുടെ മതനിരപേക്ഷത തകരും….

ഇതാണ് കുറിപ്പുകാരന്റെ യുക്തി… ഇതെന്തൊരു യുക്തിയാണ് സുഹൃത്തെ…….

താൻ വിശ്വസിക്കുന്നതാണ് ശരിയെന്ന് കരുതിയാൽ വർഗീയതയുണ്ടാവില്ലെന്ന് മനസ്സിലാക്കുവാനുള്ള യുക്തിയാണ് കുറിപ്പുകാരന് ഒന്നാമതായി വേണ്ടത്. തനിക്ക് സ്വന്തം വിശ്വാസം ശരിയാണെന്ന് കരുതാനുള്ള സ്വാതന്ത്ര്യമുള്ളതുപോലെ മറ്റുള്ളവർക്കും അവരുടേത് ശരിയാണെന്ന് കരുതാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അംഗീകരിക്കുകയാണ് വേണ്ടത്. അതാണ് സഹിഷ്ണുത. സഹിഷ്ണുതയുള്ളവന് വർഗീയവാദിയാവാൻ കഴിയില്ല. ക്വുർആനിൽ നിന്നും നബിചര്യയിൽ നിന്നും മതം പഠിച്ചവർക്ക് സഹിഷ്ണുതയോട് കൂടി മാത്രമേ മറ്റുള്ളവരോട് പെരുമാറാൻ കഴിയൂ.

താൻ ശരിയെന്ന് കരുതുന്നത് മാത്രമേ നില നിൽക്കാവൂ എന്ന ചിന്തയിൽ നിന്നാണ് വർഗീയതയുണ്ടാവുന്നത്. അതാണ് ഭീകരതയ്ക്കും മറ്റും കാരണമാകുന്നത്. ഇസ്‌ലാമികപ്രബോധകരൊന്നും തന്നെ ഈ ചിന്തയുള്ളവരല്ല… ആയിക്കൂടാ…

തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാൽ ഇസ്‌ലാമാണെന്നും (3/19)(3/83)

അല്ലാഹു തൃപ്തിപ്പെട്ട മതവും (5/3) വക്രതയില്ലാത്ത മതവും (98/5) ശുദ്ധപ്രകൃതിയുടെ മതവും(3/83) ഇസ്‌ലാമാണെന്നും, ഇസ്‌ലാം (ദൈവത്തിനുള്ള ആത്മാര്‍പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കുകയില്ലെന്നും പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കുമെന്നും, (3/85), (3/102) ക്വുർആൻ പഠിപ്പിക്കുന്നുണ്ട്.

ഇസ്‌ലാമെന്നാൽ കേവലം ജാതിപേരല്ല സ്രഷ്ടാവിനുള്ള സമ്പൂർണ്ണ സമർപ്പണമാണെന്നാണ് (2/111,112), (16/97),(4/124) ക്വുർആൻ പഠിപ്പിക്കുന്നത്.

യേശു ക്രിസ്തുവടക്കം ലോകത്തിലേക്ക് വന്ന എല്ലാ പ്രവാചകൻമാരും നിലകൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്ത മതമാണെന്ന് ഇസ്‌ലാം. (22/78), (10/72), (3/67), (2/132), (2/133), (7/126), (12/101), (5/111), (3/52)

മനുഷ്യസമത്വവും ശുദ്ധഏക ദൈവത്വവും വിളംബരം ചെയ്യുന്ന (2/21), (49/13), (98/7), (21/92),ദർശനമാണ് ഇസ്‌ലാം.

നന്മകൾക്ക് വേണ്ടിയും തിന്മകൾക്കെതിരെയും നിലകൊള്ളുകയും (3/110), (16/90), (7/33), പുണ്യവും സൽകർമ്മങ്ങളും ചെയ്യാൻ മനുഷ്യരെ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. (4/34), (2/177)

ഹൃദയവിശാലതയുടെയും മന:ശാന്തിയും (6/125),(39/22)

വിട്ടുവീഴ്ചയും സമാധാനവും പ്രധാനം ചെയ്യുന്ന( 41/33-35)

മറ്റുള്ളവരുടെ മേൽ ബലപ്രയോഗമോ അടിച്ചേൽപ്പിക്കലോ ഇല്ലാത്ത

(2/256), (39/41) ഏറ്റവും നല്ല രീതിയിൽ പ്രബോധനം ചെയ്യാൻ പഠിപ്പിക്കുന്ന (16/125) ദൈവീക ദർശനമാണ് ഇസ്‌ലാം.

മനുഷ്യ ജീവന് പവിത്രത കൽപ്പിക്കുകയും ഭീകരതക്കെതിരെ നിലകൊള്ളുകയും (5/32) നീതിയുടെയും (5/8),(4/135), (60/8) കാരുണ്യത്തിന്റെയും (90/11-17), (17/23-24) മതമായ ഇസ്‌ലാമിന്റെ അനുയായിയായതിൽ അഭിമാനം കൊള്ളുന്നതിൽ എന്താണ് തെറ്റ്?

ഈ സത്യ സന്ദേശം എന്റെ കുടുംബത്തിലും നാട്ടിലുള്ളവരും ലഭിക്കണമെന്ന് ആഗ്രഹിച്ചാൽ അയാളെ കുറ്റം പറയണോ?

അതിന് വേണ്ടി ഭരണഘടന അനുവദിക്കുന്ന മാർഗങ്ങൾ ഉപയോഗിക്കുക മാത്രമാണ് അവർ ചെയ്യുന്നത് .

ഇതിന്റെ പേരിൽ ഭൂരിപക്ഷം മുസ്‌ലിംകൾക്കെതിരായി എന്ന പരാമർശം കാര്യങ്ങളൊന്നും പഠിക്കാതെയുള്ളതാണ്…,

ഫാഷിസം വളരാനുള്ള കാരണങ്ങൾ മറ്റു പലതുമാണ്. അതേക്കുറിച്ച് പഠിച്ചവർ അക്കാര്യം വിശദമാക്കിയിട്ടുണ്ട്….

രാജ്യത്തെ അനേകം ആളുകൾക്ക് ലഭിക്കാത്തതും ലഭിച്ചവരിൽ നിന്ന് നഷ്ടപ്പെട്ടതുമായ ഇസ്‌ലാമെന്ന മഹത്തായ അനുഗ്രഹം ലഭിച്ചതിൽ മുസ്‌ലിംകൾ അഹങ്കരിക്കുകയല്ല, വിനീതരാവുകയാണ് ചെയ്യുക. അനുഗ്രഹം നീങ്ങി പോകാതിരിക്കാനും തന്റെ സഹജീവികൾക്കും അത് ലഭിക്കാനും പ്രാർത്ഥിക്കുകയുമാണ് ചെയ്യുക.

പിൻകുറി: നമ്മുടെ ദൈവം എന്റെ ദൈവം, എന്റെ മതം എന്നിങ്ങനെ എഴുതിയ സുഹൃത്തിനോടും വായിക്കുന്ന മറ്റു സഹോദരങ്ങളോടും….

അല്ലാഹു ഏതെങ്കിലും മതക്കാരുടെ ദൈവമല്ല.

നമ്മെ സൃഷ്ടിച്ച് നമുക്ക് വായുവും വെള്ളവും വെളിച്ചവും ആഹാരവും ഉപജീവനവും നൽകുകയും,

സംരക്ഷിച്ച് പോറ്റി വളർത്തുകയും

നമ്മുടെ ആയുസ്സ് നിർണ്ണയിക്കുകയും ചെയ്യുന്ന,

പരമകാരുണികനും, കരുണാനിധിയും, അളവറ്റദയാപരനും പരമദയാലുവും,

അലിവും കനിവും അനുകമ്പയും വാത്സല്യവും കൃപയും സ്നേഹവും ഏറെയുള്ളവനും, അനുഗ്രഹപൂർണ്ണനും

ഏറെ പൊറുക്കുന്നവനും,

സഹനശീലനും, സൗമ്യനും, മാപ്പരുളുന്നവനും, കുറ്റവാളികളെ അതികഠിനമായി ശിക്ഷിക്കുന്നവനും,

ഏകനും പങ്കുകാരില്ലാത്തവനും

അതുല്യനും അന്യൂനനും, അത്യുന്നതനും മഹാനും, പരമപരിശുദ്ധനും മഹത്വപൂർണ്ണനും,

എന്നെന്നും ജീവിച്ചിരിക്കുന്നവനും

എല്ലാം നിയന്ത്രിക്കുന്നവനും

മഹത്തായ സിംഹാസനത്തിന്റെ നാഥനും രാജാധിരാജനും, പ്രതാപിയും

അജയ്യനും

സർവ്വലോക പരിപാലകനും,

സർവ്വശക്തനും സർവ്വജ്ഞനുമാണ് അല്ലാഹു.

നമ്മളെ പരീക്ഷിക്കുവാനായി ജീവിതവും മരണവും സൃഷ്ടിച്ച,

സത്യവിശ്വാസവും സൽകർമ്മങ്ങളും കൊണ്ട് ജീവിതം വിശുദ്ധമാക്കിയ പുണ്യവാൻമാർക്ക് സമാധാന ഭവനമായ സ്വർഗവും,

സത്യനിഷേധത്തിലും പാപങ്ങളിലും ഐഹിക സുഖാഡംബരങ്ങളിലും മുഴുകി ജീവിതം മലീമസമാക്കിയ അഹങ്കാരികൾക്ക് കത്തിയെരിയുന്ന നരകവും ഒരുക്കി വെച്ച യുക്തിമാനും നീതിമാനും പ്രതിഫലദിനത്തിന്റെ അധിപനുമാണ് അല്ലാഹു.

ലോകവസാനം വരെയുള്ള മനുഷ്യർക്ക്

നന്മതിന്മകളും, ശരിതെറ്റുകളും, പുണ്യവും പാപവും, സന്മാർഗവും ദുർമാർഗവും

വേർതിരിച്ച് വ്യക്തമാക്കി കൊടുക്കാനും

ദൈവീക കൽപനകളനുസരിച്ച് ജീവിച്ച് കാണിക്കുവാനും മുഹമ്മദ് നബി(ﷺ)യെ അയക്കുകയും

മുഹമ്മദ് നബി(ﷺ)യിലൂടെ മാർഗദർശക ഗ്രന്ഥമായ വിശുദ്ധ ക്വുർആനിനെ ഇറക്കുകയും ചെയ്ത മഹാകാരുണ്യവാണ് അല്ലാഹു.

print

4 Comments

  • Masha. Allah…!!

    ziyad mattathil 24.05.2019
  • Great reply

    Dr sajida 24.05.2019
  • Nice. clear. currect

    Assain P 26.05.2019
  • Great reply

    Shabeeb 26.05.2019

Leave a comment

Your email address will not be published.