അനുഗ്രഹങ്ങൾ തിന്മകൾക്കുള്ള അംഗീകാരമല്ല

//അനുഗ്രഹങ്ങൾ തിന്മകൾക്കുള്ള അംഗീകാരമല്ല
//അനുഗ്രഹങ്ങൾ തിന്മകൾക്കുള്ള അംഗീകാരമല്ല
തിരുമൊഴി

അനുഗ്രഹങ്ങൾ തിന്മകൾക്കുള്ള അംഗീകാരമല്ല

ഉഖ്ബത്തിബ്‌നു ആമിര്‍ (റ) നിവേദനം, പ്രവാചകന്‍ (സ) പറഞ്ഞു: ”അടിമ തന്നെ ധിക്കരിക്കുന്നതില്‍ (പാപങ്ങളില്‍) നിലനില്‍ക്കേതന്നെ ഇഹലോകത്ത് (സുഖസൗകര്യങ്ങളില്‍നിന്നും) അവനിഷ്ടപ്പെടുന്നത് അല്ലാഹു അവന് നല്‍കുന്നതായി നീ കണ്ടാല്‍ അത് ‘ഇസ്തിദ്‌റാജ്’ മാത്രമാണെന്ന് നീ മനസ്സിലാക്കണം.” ശേഷം അദ്ദേഹം വിശുദ്ധ ക്വുര്‍ആനില്‍നിന്നും ഒരു വചനമോതുകയും ചെയ്തു. ”അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ അവര്‍ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു.” (6:44) (അഹ്മദ്; സില്‍സിലത്തുസ്വഹീഹ: 423)

‘അറിയാത്ത വിധത്തിലൂടെ പടിപടിയായി പിടികൂടുക, ശിക്ഷ നല്‍കുക’ എന്നൊക്കെയാണ് ‘ഇസ്തിദ്‌റാജ്’ എന്ന പദത്തിന്റെ ആശയം. പെട്ടെന്ന് പിടികൂടാതെ, ശിക്ഷയാല്‍ ദൃതിപ്പെടാതെ ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കുകയും ദുഷ്പ്രവര്‍ത്തനങ്ങളിലും തിന്മകളിലും ആസ്വാദനവും ഉപകാരവും ലഭിക്കാനുള്ള സമയവും സാവകാശവും നല്‍കി പടിപടിയായി ശിക്ഷയിലെത്തി ചേരുകയാണ് ഇതുവഴി സംഭവിക്കുക. ദൈവകല്‍പനകള്‍ കാറ്റില്‍പറത്തി ധിക്കാരിയായി ജീവിക്കുന്ന അടിമയെ ഉടനെ ശിക്ഷിക്കുവാന്‍ അല്ലാഹുവിനു കഴിയും. പക്ഷേ ഇഹലോക ജീവിതത്തിന്റെ ലക്ഷ്യം തന്നെ പരീക്ഷണമാണല്ലോ. മരണാനന്തര ജീവിതത്തിലെ സ്വര്‍ഗനരകങ്ങളാണ് പ്രതിഫലം. അതുകൊണ്ട് തന്നെ നന്മ ചെയ്യാന്‍ അവസരം നല്‍കപ്പെടുന്നതുപോലെ തന്നെ തിന്മകള്‍ ചെയ്തുകൂട്ടാനും അവസരം നല്‍കപ്പെടേ ണ്ടതുണ്ട്. അപ്പോഴാണ് ഇഹലോകം ഒരു യഥാര്‍ത്ഥ പരീക്ഷണ കളരിയായി മാറുക. ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരത്തിനെന്നപോലെ തെറ്റായ ഉത്തരങ്ങളെഴുതാനുമുള്ള സാഹചര്യമൊരുക്കപ്പെടുമ്പോഴാണല്ലോ അതിനെ പരീക്ഷ എന്ന് നാം വിളിക്കുക. അപ്പോള്‍ അക്രമിക ള്‍ക്ക് ഉടനെ അല്ലാഹു പ്രവര്‍ത്തനഫലം നല്‍കില്ല. ഇഹലോക ജീവിതത്തിലെ സുഖസൗകര്യങ്ങളുടെയും ആസ്വാദനങ്ങളുടെയും വാതിലുകള്‍ അവര്‍ക്കായി തുറന്നിടപ്പെടും.

തിന്മ നല്‍കിക്കൊണ്ട് പരീക്ഷിക്കുന്നതുപോലെ ജീവിതത്തില്‍ നന്മയും സൗഖ്യവും നല്‍കിക്കൊണ്ടും അല്ലാഹു നമ്മെ പരീക്ഷിക്കുമെന്ന് ക്വുര്‍ആന്‍ പറയുന്നുണ്ട് (21:35). തനിക്ക് നല്‍കപ്പെടുന്ന സമ്പല്‍സമൃദ്ധിയും ക്ലേശങ്ങളില്ലാത്ത ജീവിതവും അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണമാണെന്ന് തിരിച്ചറിയാനുള്ള സ്വബോധം ഇഹലോകത്തോടുള്ള അനുരാഗലഹരിയില്‍ അവര്‍ക്ക് നഷ്ടപ്പെടുന്നു. തങ്ങള്‍ക്ക് ലഭിച്ചതെല്ലാം തങ്ങളെക്കുറിച്ചുള്ള സ്രഷ്ടാവിന്റെ തൃപ്തിയുടെയും വാത്സല്യത്തിന്റെയും അടയാളമായി അവര്‍ തെറ്റിദ്ധരിക്കുന്നു. ”അവര്‍ വിചാരിക്കുന്നുണ്ടോ; സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത്  നാം അവര്‍ക്ക് നന്‍മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണെന്ന്?” (23:55,56) എന്ന് അല്ലാഹു ചോദിക്കുന്നുണ്ട്. തങ്ങള്‍ ഇപ്പോള്‍ നിലകൊള്ളുന്ന ജീവിതശൈലിയും യാത്രാമാര്‍ഗവും ശരിയാണെന്ന് ധരിക്കുവാന്‍ ഈ മൗഢ്യം അവരെ പ്രേരിപ്പിക്കുന്നു. ഫലമോ? തിന്മകളില്‍ നിന്നും തിന്മകളിലേക്കും വഴികേടുകളില്‍നിന്ന് കൂടുതല്‍ വഴികേടുകളിലേക്കും അവര്‍ ചെന്നെത്തപ്പെടുന്നു. ആത്മവിചിന്തനത്തിനോ വിമര്‍ശനത്തിനോ തെല്ലിടപോലും അവര്‍ പിന്തിരിഞ്ഞു നോക്കുകയില്ല. കാരണം പോകുന്ന വഴി മുഴുവന്‍ ആസ്വാദനങ്ങളാണ്. ഇഹലോകത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗകുമാര്യതയും സസ്യശാമളതയും തങ്ങളുടെ പ്രവര്‍ത്തനഫലമായ ദൈവാനുഗ്രഹങ്ങളായി അവര്‍ വിശ്വസിച്ചുകഴിഞ്ഞു.

ഇക്കൂട്ടര്‍ തിന്മകളുടെ വാതിലുകള്‍ മുട്ടുമ്പോള്‍ അല്ലാഹു അത് തുറന്നുകൊടുക്കും. ഏതു ദിശയിലേക്കാണോ തിരിഞ്ഞത് അവര്‍ക്കായി അവന്‍ അങ്ങോട്ടേക്ക് വഴിവെട്ടി കൊടുക്കും. അതാണ് ‘ഇസ്തിദ്‌റാജ്’. ”ആകയാല്‍ എന്നെയും ഈ വര്‍ത്തമാനം നിഷേധിച്ചു കളയുന്നവരുടെ കാര്യം എനിക്ക് വിട്ടുതരിക. അവര്‍ അറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടും.” (68:44)

അതുകൊണ്ട് തന്നെ, ഇഹലോകത്ത് ഗുണമാണോ ദോഷമാണോ ചെയ്യുന്നത് എന്ന് നോക്കിയല്ല ഒരു കാര്യം ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത്. തെറ്റായ ഒരു കാര്യത്തിലൂടെ, മാര്‍ഗത്തിലൂടെ ചിലപ്പോള്‍ ഇഹലോകത്ത് ഗുണം കൈവരിച്ചേക്കാം; ശരിയായ ഒരു കാര്യത്തിലൂടെ, മാര്‍ഗത്തിലൂടെ തിരിച്ച് ദോഷവും ഇഹലോകത്ത് സംഭവിക്കാവുന്നതാണ് എന്നതുപോലെ. ഈ പരീക്ഷണരീതിയാണ് ‘ഇസ്തിദ്‌റാജ്’.

ദൈവേതര ശക്തികള്‍ക്കോ വ്യക്തികള്‍ക്കോ വസ്തുക്കള്‍ക്കോ ആരാധനകള്‍, പൂജകള്‍, നേര്‍ച്ചകള്‍, വഴിപാടുകള്‍, പ്രാര്‍ത്ഥനകള്‍, പ്രകീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുന്നവര്‍ക്ക് ലഭ്യമായെന്നു പറയപ്പെടുന്ന ഭൗതികമായ ഗുണങ്ങളും ലബ്ദികളുമെല്ലാം ഈ വിഭാഗത്തി ല്‍പ്പെടുന്നു. ജ്യോത്സ്യന്‍മാര്‍ക്കും പുരോഹിതന്‍മാര്‍ക്കും അവരിലൂടെ ലഭ്യമാകുന്ന ഉറുക്ക്, ഏലസ്സ്, ഐക്കല്ല് തുടങ്ങിയ വസ്തുക്കള്‍ക്കും മറ്റും അഭൗതീകമായ ശക്തിയും ഭക്തിയും വകവെച്ചു കൊടുത്ത് നല്‍കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഭൗതികഗുണദോഷങ്ങളും നമുക്ക് അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണങ്ങളാണ്. മാരണക്കാരിലൂടെയും മന്ത്രവാദികളിലൂടെയും, ജിന്ന്-ചാത്തന്‍-പിശാച് സേവകളിലൂ ടെയുമെല്ലാം വ്യുല്‍പന്നമാകുന്നതെന്ന് നാം ധരിച്ച അദൃശ്യാത്ഭുതങ്ങളും മാസ്മരികതകളുമൊക്കെ പരീക്ഷണങ്ങള്‍ തന്നെ. ജോലി, സന്താനലബ്ദി, രോഗശമനം, മംഗല്യസൗഭാഗ്യം തുടങ്ങി ഒരുപാട് ഭൗതികാവശ്യങ്ങള്‍ക്കായി ദിവ്യന്‍മാരുടെയും പുണ്യവാളന്‍മാരുടെയും വിശുദ്ധരുടെയും ആള്‍ദൈവങ്ങളുടെയും മഠങ്ങളും സന്നിധാനങ്ങളും ശ്മശാനങ്ങളും കയറിയിറങ്ങുന്നവര്‍ ഈ പരീക്ഷണവലയത്തില്‍ അകപ്പെടുന്നു. തങ്ങള്‍ക്ക് ആവശ്യങ്ങള്‍ നിര്‍വഹിച്ചുകിട്ടിയ സ്രോതസ്സായി അവയെ തെറ്റിദ്ധരിക്കുകയും ബഹുദൈവത്വത്തിന്റെ ചൂഷണവലയില്‍ വീണമരുകയും ചെയ്യുകയാണ് ഫലം. ദൈവകല്‍പനകളും പ്രമാണങ്ങളും ഉപേക്ഷിച്ച് ഭൗതികസുഖസൗഖ്യങ്ങളെ മുന്തിക്കുന്നവര്‍ക്ക് സംഭവിക്കുന്ന മഹാവിപത്താണിത്. ”തീര്‍ച്ചയായും അല്ലാഹു ഇഹലോകം (അതിലെ സൗഭാഗ്യങ്ങള്‍) അവന്‍ ഇഷ്ടപ്പെടുന്നവനും ഇഷ്ടപ്പെടാത്തവനും നല്‍കിയേക്കും. (എന്നാല്‍) സത്യവിശ്വാസം അവന്‍ ഇഷ്ടപ്പെടുന്നവനു മാത്രമേ നല്‍കുകയുള്ളൂ” എന്ന് പ്രവാചകന്‍ (സ) അരുളിയിട്ടുണ്ട്. (അഹ്മദ്:3490, ഹാകിം).

കളവ്, വഞ്ചന, കൊള്ള, കൊല, സ്വേച്ഛാധിപത്യം, അക്രമം തുടങ്ങി വിരോധിക്കപ്പെട്ട മാര്‍ഗങ്ങളിലൂടെ ഇഹലോകം വാരിക്കൂട്ടാന്‍ നമുക്ക് സാധിച്ചേക്കും. നിഷിദ്ധമാര്‍ഗങ്ങളിലൂടെ അല്ലലും അലട്ടലുമില്ലാതെ ജീവിതം നയിക്കാന്‍ സാധിച്ചേക്കാം. പക്ഷേ ഭൗതിക ഗുണദോഷങ്ങള്‍ നാം തെരഞ്ഞെടുത്ത ആദര്‍ശങ്ങളും ജീവിതസരണിയും ശരിയോ തെറ്റോ എന്ന് വേര്‍തിരിക്കാനുള്ള അളവുപാത്രങ്ങളല്ല. സത്യാ-അസത്യങ്ങള്‍ വേര്‍തിരിക്കേണ്ടത് ദൈവിക കല്‍പനകളും പ്രമാണങ്ങളുമാണ്; ഭൗതിക ഗുണദോഷങ്ങളല്ല എന്നുചുരുക്കം. നന്മതിന്മകള്‍ക്ക് സ്ഥായിയായ രുചിഭേദങ്ങളില്ല. അതുകൊണ്ട് തന്നെ ഭൗതികതയുടെ നാവുകൊണ്ട് നുണഞ്ഞുനോക്കി അവയെ തിരിച്ചറിയാനും സാധ്യമല്ല.

print

No comments yet.

Leave a comment

Your email address will not be published.