ഹൈന്ദവത; ഒരു വിശകലനം

//ഹൈന്ദവത; ഒരു വിശകലനം
//ഹൈന്ദവത; ഒരു വിശകലനം
മതതാരതമ്യ പഠനം

ഹൈന്ദവത; ഒരു വിശകലനം

Print Now

അബ്രഹാമും മോശയും യേശുവുമെല്ലാം പ്രബോധനം ചെയ്ത ഏകദൈവവിശ്വാസത്തില്‍ നിന്ന് അവരുടെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നവര്‍ വഴിമാറിപ്പോയതിന് ചരിത്രം സാക്ഷിയാണ്. ഈ മഹാന്‍മാരായ പ്രവാചകന്‍മാര്‍ എന്തിനുവേണ്ടി പണിയെടുത്തുവോ അതിന് നേര്‍വിപരീതമായി അവരെത്തന്നെ ആരാധിക്കുന്ന അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. ”യസ്രയിലെ കേള്‍ക്ക്” എന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ച ക്രിസ്തുവിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവര്‍ ഇന്ന് അദ്ദേഹത്തെ ദൈവപുത്രനായി അവതരിപ്പിക്കുവാന്‍ സുവിശേഷം പ്രസംഗിക്കുകയാണ്.  ബഹുദൈവാരാധനക്കെതിരെ ശക്തമായി പൊരുതിയ ഇബ്രാഹിം നബിയുടെ വിഗ്രഹമായിരുന്നു മുഹമ്മദ് നബി (സ) കഅ്ബയില്‍ വെച്ച് ആദ്യമായി നശിപ്പിച്ചത്. ഏകദൈവാരാധനയിലേക്ക് ശക്തവും വ്യക്തമാവുമായി ക്ഷണിച്ച അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) പോലും അനുയായികളെന്ന് അവകാശപ്പെടുന്ന ചിലരിനാല്‍ ഇന്ന് പ്രാര്‍ത്ഥിക്കപ്പെടുന്നു.

ഭാരതീയ ഹൈന്ദവ ദര്‍ശനവും രൂപപ്പെടുന്നത് ഈ ഒരു തലതിരിച്ചിലില്‍ നിന്നാണ്. അല്ലാഹു പറയുന്നു: ”എല്ലാ സമുദായങ്ങളിലേക്കും പ്രവാചകന്‍മാര്‍ കടന്നുവന്നിട്ടുണ്ട്.” (10:47). ഈ അര്‍ത്ഥത്തില്‍ പൗരാണിക ഇന്‍ഡ്യയിലേക്കും സ്രഷ്ടാവിന്റെ സന്ദേശങ്ങളുമായി പ്രവാചകന്‍മാര്‍ കടന്നുവന്നിട്ടുണ്ട്. അവരുടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ കാരണമായി ഏകദൈവാരാധനയിലധിഷ്ഠിതമായ വിശ്വാസങ്ങളും കര്‍മങ്ങളും പൗരാണിക ഭാരതീയരില്‍ നിലനിന്നിരുന്നു. എല്ലാ പ്രവാചക സന്ദേശങ്ങള്‍ക്കും സംഭവിച്ചതുപോലുള്ള വ്യതിയാനങ്ങളും മാറ്റങ്ങളും കാലക്രമത്തില്‍ ഭാരതത്തിലും സംഭവിച്ചു. ഒരൊറ്റ രാത്രികൊണ്ടല്ല, മറിച്ച് നൂറ്റാണ്ടുകളുടെ ചരിത്രത്തിലൂടെയാണ് ഇത്തരമൊരു മാറ്റം കൈവന്നത്. അതിനാല്‍ തന്നെയാണ് ഏകദൈവാരാധനയില്‍ നിന്ന് തീര്‍ത്തും വിചിത്രവും വ്യതിരിക്തവുമായ ഇന്ന് കാണുന്ന രീതിയിലുള്ള വിശ്വാസ ആചാരങ്ങള്‍ രൂപപ്പെട്ടത്.

ആര്യന്‍മാരാണ് ഇന്‍ഡ്യയിലേക്ക് ഹിന്ദുമതം കൊണ്ടുവന്നത്. ”വിദേശികളാല്‍ ഹിന്ദുമതമെന്ന് വിളിക്കപ്പെടുന്നതിനുമുമ്പ് ആര്യന്‍മാരാല്‍ പിന്തുടര്‍ന്ന മതമെന്ന നിലയ്ക്ക് ഹിന്ദുമതം ആര്യമതമെന്ന് വിളിക്കപ്പെട്ടിരുന്നു. പക്ഷേ പിന്നീട് അനാര്യന്‍മാരും ഇതേ മതം തന്നെ സ്വീകരിച്ചതിനാല്‍ ആര്യമതം ഇന്‍ഡ്യയിലെ ഭൂരിപക്ഷത്തിന്റെയും മതമായി മാറി.”(1) ”ബി.സി 1200ലാണ് ആര്യന്‍മാര്‍ ഇന്‍ഡ്യയിലേക്ക് കടന്നുവന്നത്. തുടര്‍ന്നുള്ള വൈദികകാലഘട്ടത്തിലാണ് വേദ-ഉപനിഷത്തുകളുടെ രചന നടക്കുന്നത്. ബി.സി 1200ല്‍ ഇന്‍ഡ്യയിലേക്ക് കടന്നുവന്ന ആര്യന്‍മാരോടു കൂടിയാണ് ഇന്‍ഡ്യാചരിത്രം ആരംഭിക്കുന്നതെന്നായിരുന്നു സിന്ധു നദീതട സംസ്‌കാരത്തെക്കുറിച്ച് അറിവ് ലഭിക്കുന്നതിനുമുമ്പു വരെ വിചാരിക്കപ്പെട്ടിരുന്നത്. 1921ല്‍ സര്‍ ജോബ് മാര്‍ഷ്യന്‍ ആര്‍ക്കിയോളജി മേധാവിയായിരുന്നപ്പോള്‍ നടന്ന ശാസ്ത്രീയ പഠനതത്തിലൂടെ  ആര്യന്‍മാര്‍ക്ക് മുമ്പും ഇന്‍ഡ്യയില്‍ ഏറെ പുരോഗതി പ്രാപിച്ച നാഗരികത നിലവിലുണ്ടായിരുന്നെന്ന് കണ്ടെത്തുകയുണ്ടായി. ബി.സി 2500-ാമാണ്ടിലാണ് ഈ ഹൈന്ദവ സംസ്‌കാരത്തിന്റെ ഉച്ചിയെന്നാണ് ഭൂരിപക്ഷ പണ്ഡിതന്‍മാരുടെയും അഭിപ്രായം.  അയ്യായിരത്തോളം വര്‍ഷം പഴക്കമുള്ള ഈ സംസ്‌കാരം നഗര സംവിധാനം, വാസ്തുവിദ്യ, കരകൗശലം, കെട്ടിടനിര്‍മാണം, ശുചീകരണം, കൃഷി, കച്ചവടം, കന്നുകാലി വളര്‍ത്തല്‍ തുടങ്ങിയ രംഗങ്ങളിലെല്ലാം അസൂയാവഹമായ വളര്‍ച്ച നേടിയിരുന്നു.”(2) എന്നാല്‍ സിന്ധു നദീതട ഉദ്ഖനനത്തിലൊന്നും തന്നെ ബഹുദൈവാരാധനയുടേയോ വിഗ്രഹപൂജയുടെയോ യാതൊരു അടയാളവും ലഭിച്ചിട്ടില്ല. മറിച്ച് അപരിഷ്‌കൃതരായി കടന്നുവന്ന ആര്യന്‍മാരിലൂടെയാണ് വിഗ്രഹാരാധനയും ബഹുദൈവവിശ്വാസവും ഇന്‍ഡ്യയില്‍ പ്രചുരപ്രചാരം നേടുന്നത്. ആര്യാഗമനത്തിനുമുമ്പ് ഇന്‍ഡ്യയില്‍ ശുദ്ധമായ ഏകദൈവ വിശ്വാസമായിരുന്നു നിലനിന്നിരുന്നതെന്ന് പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മൗലാന അബ്ദുല്‍ കലാം ആസാദ് എഴുതുന്നു: ”ഇന്‍ഡ്യയിലെ ആദിവാസികളെ പിന്നീടുവന്ന ആര്യന്‍മാര്‍ ദസ്യൂക്കള്‍ എന്ന ഹാസ്യനാമത്തിലാണ് വിളിച്ചിരുന്നത്. ദസ്യൂക്കളുടെ അടിസ്ഥാന ദൈവസങ്കല്‍പം ഏകത്വത്തിലധി ഷ്ഠിതമായിരുന്നു. അവര്‍ വിഗ്രഹാരാധകരായിരുന്നില്ല. അവരുടെ ഏകദൈവത്തിന്റെ പേര് ഔം എന്നായിരുന്നു. അതിന് തുല്യമായ ഒരു സംസ്‌കൃതപദം ഇന്ദുവാന്‍ എന്നാകുന്നു.  ഏകാസ്തിത്വത്തിന്റെ അധികാരം സകല ചരാചരങ്ങളുടെയും എല്ലാ ദേവന്‍മാരുടെയും മേല്‍ വ്യാപകമാകുന്നു. ആ മഹാശക്തിയുടെ നിയമമനുസരിച്ചാണ് ദേവന്‍മാരൊക്കെ പ്രവര്‍ത്തിക്കുന്നത്. ആ ശക്തിയുടെ ഒരു ഗുണം ‘ദീദിവികണ്‍’ എന്നാകുന്നു. ഒരിക്കലും അശ്രദ്ധ ബാധിക്കാത്ത ദൃഷ്ടിയോടു കൂടിയുള്ളവന്‍ എന്നര്‍ത്ഥം.”(3) പ്രൊഫസര്‍ ലിയോ പോള്‍ഡും പോണ്‍ ചറോഡറും ആന്റി ലിംഗുമെല്ലാം നടത്തിയ പഠനങ്ങളും ആദ്യകാല ഭാരതീയര്‍ ഏകദൈവവിശ്വാസികളാണെന്നാണ് വ്യക്തമാക്കുന്നത്. സിന്ധുനദീതട സംസ്‌കാരത്തിന്റെ നാശത്തിലും അപരിഷ്‌കൃതരായ ആര്യന്‍മാര്‍ക്ക് അനല്‍പമായ പങ്കുണ്ട്.(4) ബാലഗംഗാധര തിലകന്റെ വീക്ഷണത്തില്‍ ആര്യന്‍മാര്‍ ഉത്തരധ്രുവത്തില്‍ നിന്നുവന്നവരാണ്.(5) ഉത്തരധ്രുവത്തില്‍നിന്ന് ആര്യന്‍മാര്‍ ആദ്യമായി കുടിയേറിയത് പേര്‍ഷ്യ(ഇറാന്‍)യിലേക്കായിരുന്നു. പിന്നെയാണ് ഇന്‍ഡ്യയിലേക്ക് നീങ്ങിയത്. അതുകൊണ്ടാണ് പേര്‍ഷ്യക്കാരുടെ സെന്റ് അവസ്ത എന്ന ഗ്രന്ഥത്തിലെ ഭാഷയ്ക്കും ദൈവങ്ങള്‍ക്കും വേദങ്ങളിലെ ഭാഷയും ദൈവങ്ങളുമായി വളരെ സാദൃശ്യമുണ്ടായത്. മിത്രന്‍, ഇന്ദ്രന്‍, വായു എന്നീ ദൈവങ്ങള്‍ രണ്ടിലും കാണാന്‍ സാധിക്കും. ചുരുക്കത്തില്‍ ഇന്‍ഡ്യയിലേക്ക് കുടിയേറിയ ആര്യന്‍മാരുടെ കരങ്ങളിലൂടെയായിരുന്നു ഭാരതത്തിലേക്ക് നിയോഗിതരായ പ്രവാചകന്‍മാരുടെ അധ്യാപനങ്ങള്‍ മാറ്റിമറിക്കപ്പെടാന്‍ ആരംഭിച്ചത്. വേദങ്ങളുടെ രചന നടക്കുന്നത് ആര്യാഗമനത്തിനുശേഷമാണ്. ഭാരതത്തിലെ ആദിമജനവിഭാ ഗങ്ങള്‍ക്കിടയില്‍ ഏകദൈവവിശ്വാസം നിലനിന്നിരുന്നതുകൊണ്ടാണ് അതിന്റെ സ്വാധീനം ആര്യാഗമനത്തിനുശേഷം രചിക്കപ്പെട്ട വേദങ്ങളിലും പ്രതിഫലിക്കുന്നത്.

ബഹുദൈവാരാധന, പുനര്‍ജന്മ വിശ്വാസം, അവതാര സങ്കല്‍പം എന്നീ മൂന്ന് തത്വങ്ങളുടെ മീതെയാണ് ഹൈന്ദവത നിലകൊള്ളുന്നത്. ഏകദൈവവിശ്വാസം ബഹുദൈവാരാധനയായും, പരലോക വിശ്വാസം പുനര്‍ജന്മ വിശ്വാസമായും, പ്രവാചകന്‍മാരിലുള്ള വിശ്വാസം അവതാര സങ്കല്‍പമായും കാലക്രമത്തില്‍ മാറ്റിമറിക്കപ്പെട്ടതാണ്. ദേവന്‍മാരിലുള്ള വിശ്വാസത്തിന് മലക്കുകളിലുള്ള വിശ്വാസവുമായി താത്വികബന്ധമുള്ളതായി കാണാന്‍ സാധിക്കും. ഏകദൈവവിശ്വാസത്തിനും, പരലോക സങ്കല്‍പത്തിനും, പ്രവാചക നിയോഗത്തിനും ഒരുപാട് തെളിവുകള്‍ ഇന്നും വേദങ്ങളില്‍ അടങ്ങിയിരിക്കുന്നുണ്ട്. ഏകനായ ദൈവത്തിന് സമന്‍മാരില്ലെന്ന യാഥാര്‍ത്ഥ്യം വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്നുണ്ട്.

”ഏകനായ അവന്‍ ഏകനായി തന്നെ എന്നെന്നും നിലകൊള്ളുന്നവനാണെന്ന് വിശ്വസിക്കുക. രണ്ടാമതൊരു ദൈവം ഇല്ല തന്നെ.”(6)

”അവന് സമന്‍മാരില്ല. അവന്റെ കീര്‍ത്തി സത്യമായും മഹത്തരമാകുന്നു.”(7)

”ഈ ദൈവത്തെ ഏകനായി അറിയുന്നവന്‍ സത്യം മനസ്സിലാക്കിയിരിക്കുന്നു. അവന്‍ രണ്ടെന്നോ, മൂന്നെന്നോ, നാലെന്നോ, അഞ്ചെന്നോ, ആറെന്നോ, ഏഴെന്നോ, എട്ടെേന്നാ, ഒന്‍പതെന്നോ, പത്തെന്നോ വിളിക്കപ്പെടുന്നില്ല. ശ്വസിക്കുന്നതും ശ്വസിക്കാത്തതുമായ സകലതിനെയും അവന്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. ഉന്നതമായ ശക്തികളുള്‍ക്കൊള്ളുന്ന അവന്‍ ഏകനാണ്. ഏകന്‍ മാത്രമാണ്. എല്ലാവിധ ദൈവികശക്തികളും അവനില്‍ കേന്ദ്രീകരിച്ചുകൊണ്ട് ഐക്യപ്പെട്ടിരിക്കുന്നു.”(8) സ്വാമി ദയാനന്ദ സരസ്വതിയെപ്പോലുള്ള മഹാ വേദപണ്ഡിതന് ബഹുദൈവാരാധന ഹിന്ദുമതത്തിന്റെ പേരില്‍ സാര്‍വത്രികമായിത്തീര്‍ന്ന് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതിനെതിരെയുള്ള പോരാട്ടത്തില്‍ അനേകം വേദ-ഉപനിഷത്ത് വചനങ്ങള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതുതന്നെ ചതുര്‍വേദങ്ങളും ഉപനിഷത്തുകളും എത്രമാത്രം ഏകദൈവവിശ്വാസത്തിന്റെ മഹത്തായ പ്രഘോഷണങ്ങള്‍ കൊണ്ട് സമൃദ്ദമാണെന്നതിന് തെളിവാണ്. എന്നാല്‍ ഖേദകരം എന്നുപറയട്ടെ ഇന്നത്തെ ഹിന്ദുക്കളുടെ വിശ്വാസത്തിലോ ആചാരത്തിലോ ഏകദൈവവിശ്വാസത്തിന്റെ ലാഞ്ചനപോലും നമുക്ക് കാണാന്‍ കഴിയില്ലെന്ന അവസ്ഥയാണുള്ളത്. സമൂഹത്തിലെ പുണ്യപുരുഷന്‍മാരെ അവരുടെ മരണശേഷം ദേവന്‍മാരായി അവരോധിച്ച് ആരാധിക്കുന്നതിലൂടെയാണ് ഈ മാര്‍ഗഭ്രംശത്തിന്റെ തുടക്കം. വേദക്കാലത്ത് തന്നെ ഇത് ആരംഭിച്ചിരുന്നു. അതിലൂടെയാണ് ആര്യന്‍മാരുടെ സര്‍വസൈന്യാധിപനായ ഇന്ദ്രനെ ദേവന്‍മാരുടെ ദേവനായി അവരോധിച്ച് ആരാധിക്കാന്‍ ആരംഭിച്ചത്. പ്രപഞ്ചിക പ്രതിഭാസങ്ങളെയും പിന്നീട് ദേവന്‍മാരായി പ്രതിഷ്ഠിച്ച് ആരാധിക്കാന്‍ തുടങ്ങുകയുണ്ടായി. സൂര്യചന്ദ്രാധി ഗോളങ്ങളെയും വായുവിനെയും ആരാധിക്കുന്ന പ്രവണത ഇങ്ങനെ രൂപപ്പെട്ടതാണ്. ഭയത്തോടെ കാണുന്ന എല്ലാ വസ്തുക്കളെയും പിന്നീട് ആരാധിക്കുന്ന അവസ്ഥ സംജാതമായി. നാഗാരാധന, അഗ്നിപൂജ എന്നിവയെല്ലാം ഇതിന്റെ ബാക്കിപത്രങ്ങളാണ്. കല്ലിലും മുള്ളിലും മുരടിലും ബ്രഹ്മം കുടികൊള്ളുന്നുവെന്ന അദൈ്വതസിദ്ധാന്തത്തിലൂടെ, കാണുന്നതെന്തും ആരാധിക്കാനും, പൂജിക്കാനുമുള്ള ഗുഡ് സര്‍ട്ടിഫിക്കറ്റും  ലഭിച്ചു. അവസാനം മുപ്പത്തുമുക്കോടി ദൈവങ്ങളെ പ്രതിഷ്ഠിച്ച് സായൂജ്യമടയാനും, ബഹുദേവസങ്കല്‍പം ഹൈന്ദവതയുടെ അനുപമമായ സവിശേഷതയായതില്‍ അഭിമാനം കൊള്ളാനും നവഹൈന്ദവര്‍ വിധിക്കപ്പെട്ടു.

മരണാനന്തരമുള്ള ജീവിതത്തെക്കുറിച്ച് ജൂത-ക്രൈസ്തവ-ഇസ്‌ലാം മതങ്ങളെല്ലാം തന്നെ പരലോക വിശ്വാസം എന്നൊരു സങ്കല്‍പം അവതരിപ്പിക്കുമ്പോള്‍, പുനര്‍ജന്മവിശ്വാ സമെന്ന തീര്‍ത്തും വ്യത്യസ്തമായൊരു സങ്കല്‍പമാണ് ഹൈന്ദവദര്‍ശനം മുന്നോട്ടുവെ ക്കുന്നത്. പുനര്‍ജന്മവിശ്വാസത്തെക്കുറിച്ചുള്ള ആദ്യപരാമര്‍ശം കാണുന്നത് ചന്ദോഗ്യപ നിഷത്തിലാണ്. ”ഇവരില്‍ പുണ്യകര്‍മികളായിട്ടുള്ളവര്‍ സ്വകര്‍മാനുസരണം ബ്രാഹ്മണ യോനിയിലോ ക്ഷത്രിയ യോനിയിലോ ജനിക്കുന്നു. അശുഭ കര്‍മികള്‍ ശീഘ്രം തന്നെ നീലയോനികളില്‍ അതായത് നായയുടെയും, പന്നിയുടെയും ചണ്ഡാലന്റെയും യോനിയില്‍ ജനിക്കുന്നു.”(9) ഇതില്‍ നിന്നുതന്നെ പുനര്‍ജന്മ സിദ്ധാന്തത്തിന്റെ ഒരു ഏകദേശചിത്രം നമുക്ക് ലഭിക്കുന്നു.

മനുഷ്യന്റെ ദുഷ്‌ചെയ്തികളുടെ ഫലമായി അടുത്ത ജന്മത്തിലവര്‍ വെറുക്കപ്പെട്ട വനായും, സല്‍കര്‍മങ്ങളുടെ ഫലമായി വേണ്ടപ്പെട്ടവ നായും ജനിക്കുന്നു. പാപക്കറയില്‍ നിന്ന് ശുദ്ധിയായി അടുത്ത ജന്മത്തില്‍ ഉന്നതകുലത്തില്‍ ജനിക്കണമെങ്കില്‍ സ്വധര്‍മം അനുഷ്ഠിക്കണം. ശൂദ്രന്റെയും ചണ്ഡാലന്റെയും സ്വധര്‍മം മേല്‍ജാതിക്കാര്‍ക്ക് അടിമവേല ചെയ്യലാണ്. സമൂഹത്തിലെ താഴ്ന്ന വര്‍ഗക്കാരെ തങ്ങളുടെ അടിമകളാക്കി നിലനിറുത്താനുള്ള വരേണ്യവര്‍ഗത്തിന്റെ കുടിലതന്ത്രമാണ് ഇത്തരമൊരു സിദ്ധാന്തം മെനഞ്ഞെടുക്കുന്നതിനു പിന്നിലുള്ള കാര്യങ്ങളെന്ന് ഏതൊരാള്‍ക്കും മനസ്സിലാകും. യഥാര്‍ത്ഥത്തില്‍ വേദങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ് പുനര്‍ജന്മ സങ്കല്‍പം. കാരണം ഇതിനെക്കുറിച്ച് യാതൊരു സൂചനയും വേദങ്ങളില്‍ പ്രധാനപ്പെട്ട ഋഗ്വേദത്തില്‍ നാം കാണുന്നില്ല. എന്നാല്‍ പരലോക വിശ്വാസത്തിലേക്കും സ്വര്‍ഗ-നരക വിശേഷണങ്ങളിലേക്കും അത് വിരല്‍ ചൂണ്ടുകയും ചെയ്യുന്നു.

”നശ്വരങ്ങളായ ദേവപിതൃമാനവാദികളെ ഉപാസിക്കുന്നവര്‍ അജ്ഞാനമാകുന്ന ഘോരാന്ധകാരത്തില്‍ പതിക്കുന്നു. അവിനാശിയായ പരമമാതാവിനെക്കുറിച്ച് മിഥ്യാഭിമാനത്തോടു കൂടിയിരിക്കുന്നവരും ഘോരാന്ധകാരത്തില്‍ തന്നെ പതിക്കുന്നു.”(10)

”സൂര്യരഹിതങ്ങളായ ഈ ലോകങ്ങള്‍ അതാന്ധകാര സാമാവൃതമാകുന്നു. ആത്മഘാതികള്‍, അതായത് ഈശ്വരനെ സ്മരിക്കാത്തവര്‍, വിഷയാസക്തരായി കഴിയുന്നവര്‍ വീണ്ടും ദുഃഖഭൂയിഷ്ടങ്ങളായ ആ ലോകങ്ങളെ പ്രാപിക്കുന്നു.”(11)

”സ്വര്‍ഗലോകത്ത് അല്‍പംപോലും ഭയമില്ല. അവിടെ തീയുമില്ല. ജരാനരകളാല്‍ ആര്‍ക്കും ഭയമില്ല. അവിടെ വസിക്കുന്നവര്‍ ക്ഷുത്പിപാസാദികള്‍ക്കും, ശോകാദികള്‍ക്കും അതീതന്‍മാരായി സര്‍വവിധമായ ആനന്ദവും അനുഭവിക്കുന്നു.”(12) ഇതില്‍നിന്ന് വേദക്കാലത്തെ ആര്യന്‍മാര്‍ പരലോക വിശ്വാസികളായിരുന്നുവെന്നും പിന്നീടാണ് പുനര്‍ജന്മ സിദ്ധാന്തം ഉടലെടുത്തതെന്നുമുള്ള നിഗമനത്തിലാണ് പണ്ഡിതന്‍മാര്‍ എത്തിയിട്ടുള്ളത്. ശ്രീ. രാഹുല്‍ സംസ്‌കൃതിയാന്‍ എഴുതുന്നു: ”വേദത്തിലെ ഋഷിമാര്‍ ഈ ലോകത്തില്‍നിന്നും വിഭിന്നമായ മറ്റൊരു ലോകമുണ്ടെന്ന് വിശ്വസിച്ചിരുന്നു. അവിടേക്കാണ് മരണാനന്തരം സല്‍കര്‍മികള്‍ പോവുക. അവരവിടെ ആനന്ദപൂര്‍വം ജീവിക്കുന്നതാണ്. താഴെയുള്ള പാതാളം അന്ധകാരമയമായ നരകലോകമാണ്. അവിടേക്കാണ് ദുഷ്‌കര്‍മികള്‍ പോകുന്നത്.”(13) ഇസ്‌ലാമിന്റെ പരലോകവീക്ഷണവുമായി ആദ്യകാല ഭാരതീയരുടെ വിശ്വാസത്തിന് പൊരുത്തമുണ്ടായിരുന്നുവെങ്കില്‍ പിന്നെങ്ങനെയാണ് ഈ വിശ്വാസം ഹിന്ദുക്കളില്‍ നിന്ന് പാടെ വേരറ്റുപോയി തല്‍സ്ഥാനത്ത് ശ്രുതികള്‍ക്ക് തികച്ചും അന്യമായ പുനര്‍ജന്മ സിദ്ധാന്തം സ്ഥാനം പിടിച്ചത്? ശ്രീ. രാഹുല്‍ സംസ്‌കൃതിയന്‍ ഇങ്ങനെയാണ് അഭിപ്രായപ്പെടുന്നത്: ”വൈദിക കര്‍മകാണ്ഡങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞുവന്നു. അപ്പോള്‍ ചന്ദ്വേഗ്വത്തിലെ ഋഷിമാരായ ജൈവലിരാജാവും ബ്രാഹ്മണനായ അരുണിയും കൂടി ഒരു പുതിയ മാര്‍ഗം കണ്ടുപിടിച്ചു. അവര്‍ പുനര്‍ജന്മത്തെ പോലുള്ള വിശ്വാസങ്ങള്‍ വളര്‍ത്തി ദാസന്‍മാര്‍, തൊഴില്‍ക്കാര്‍ തുടങ്ങിയ പീഢീതവര്‍ഗത്തിന്റെ ബന്ധത്തെ കൂടുതല്‍ സുദൃഢമാക്കിത്തീര്‍ത്തു.”(14) പരലോക ശിക്ഷയേക്കാള്‍ ഐഹിക ക്ലേശങ്ങളെ മനുഷ്യര്‍ ഭയപ്പെടുമെന്ന് മനസ്സിലാക്കിയ ചന്ദേഗ്വ ഋഷിമാരുടെ സൃഷ്ടിയായ ഒരു നവീന ആശയം മാത്രമാണിതെന്നാണ് രാഹുല്‍ സംസ്‌കൃതിയാന്റെ അഭിപ്രായം. ഏകൈദവാരാധനയേക്കാള്‍ ബഹുദൈവാരാധനയ്ക്ക് സ്വീകാര്യത ലഭിച്ചതുപോലെ പരലോകവിശ്വാസത്തിനേക്കാള്‍ പുനര്‍ജന്മ വിശ്വാസത്തിന് ഇന്ന് ക്ഷിപ്രപ്രതിഷ്ഠ ഹൈന്ദവരില്‍ ലഭിക്കുകയുണ്ടായി.

ഹൈന്ദവത നിലകൊള്ളുന്ന മൂന്നാമത്തെ സ്തംഭം അവതാര സങ്കല്‍പമാണ്. അധര്‍മത്തിന്റെ നിഷ്‌കാസനവും ധര്‍മത്തിന്റെ സംസ്ഥാപനവും നടത്തുകയെന്ന സെമിറ്റിക് പ്രവാചകന്‍മാരുടെ അതേ പ്രവര്‍ത്തനത്തിനുവേണ്ടി ദൈവം തന്നെ ജഡം സ്വീകരിച്ച് ഭൂമിയില്‍ നിയോഗിതനാവുന്നതാണ് ഹൈന്ദവസങ്കല്‍പപ്രകാരം അവതാരങ്ങള്‍. അവതാരങ്ങളുടെ ആഗമനോദ്ദേശ്യം ഭഗവത്ഗീതയിലെ സുപ്രസിദ്ധമായ കൃഷ്‌ണോപദേശം വിവരിക്കുന്നുണ്ട്: ”ഹേ! ഭാരത, ഏതേതുകാലത്ത് ധര്‍മത്തിന് ഹാനി സംഭവിച്ച് അധര്‍മത്തിന് പ്രബല്യം ലഭിക്കുന്നുവോ അപ്പോള്‍ ഞാന്‍ സ്വയം അവതരിക്കുന്നു. സജ്ജനങ്ങളെ രക്ഷിക്കാനും ദുഷ്ടന്‍മാരെ ശിക്ഷിക്കാനും അതിലൂടെ ധര്‍മം സംസ്ഥാപിക്കാനും ഞാന്‍ യുഗങ്ങള്‍ തോറും അവതരിക്കുന്നു.”(15) ദൈവം ജഡം സ്വീകരിച്ച് ഭൂമിയിലേക്ക് ഇറങ്ങുകയെന്ന ആശയം ഹൈന്ദവ ദര്‍ശനത്തിന്റെ അടിസ്ഥാന ശ്രുതികളായ വേദങ്ങളിലോ ഉപനിഷത്തുകളിലോ ഒന്നും കാണുന്നില്ല. മറിച്ച് അവതാരകഥകള്‍ കൊണ്ട് നിറഞ്ഞുനില്‍ക്കുന്നത് സ്മൃതികളായ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമാണ്. സ്ഖലിതങ്ങളില്ലെന്ന് അവകാശപ്പെടുന്ന ശ്രുതികളില്‍ യാതൊരു പരാമര്‍ശമോ പ്രാധാന്യമോ ലഭിക്കാത്ത പല വിഷയങ്ങളും വിശ്വാസങ്ങളും പുരാണങ്ങള്‍ വഴിയായിട്ടും ഹൈന്ദവരില്‍ നൂറുശതമാനം സ്വീകാര്യതലഭിച്ചുവെന്ന തിന്റെ ഒരു ഉദാഹരണം കൂടിയാണ് അവതാരസങ്കല്‍പം. പദാര്‍ത്ഥാതീതനും പരിശുദ്ധനുമായ ദൈവം ജഡരൂപം സ്വീകരിച്ച് മനുഷ്യരുടെയും മൃഗങ്ങളുടെയും സകലവിധ ചാപല്യങ്ങളോടും കൂടി പ്രത്യക്ഷപ്പെടുമെന്ന വിശ്വാസം അവന്റെ വിശുദ്ധിയെ തന്നെ കളങ്കപ്പെടുത്തുന്നതാണ്. അതിനാല്‍ തന്നെ അവതാര സങ്കല്‍പത്തെ പരസ്യമായി എതിര്‍ത്ത ഹൈന്ദവ നവോത്ഥാന നായകന്‍മാരുണ്ടായിട്ടുണ്ട്. അവരില്‍ പ്രധാനിയാണ് കബീര്‍. വിശ്വാസിയും വൈഷ്ണവ കുടുംബത്തില്‍ ജനിച്ച വ്യക്തിയുമായ നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി പോലും പൂര്‍ണമായ അര്‍ത്ഥത്തില്‍ ദൈവത്തിന്റെ ജഡത്വത്തെ അംഗീകരിച്ചി രുന്നില്ല(16)

എല്ലാ സമുദായങ്ങളിലേക്കും ഒരു ദൂതനെ അയച്ചിട്ടുണ്ട് എന്ന (16:36)  ദൈവികസന്ദേ ശമനുസരിച്ച് ഭാരതത്തിന്റെ മണ്ണില്‍ പ്രവാചകന്‍മാര്‍ നിയുക്തരായിക്കാണുമല്ലോ. അപ്പോള്‍ ഇന്‍ഡ്യയില്‍ നിയുക്തരായ പ്രവാചകന്‍മാരെക്കുറിച്ച വിശ്വാസമായിരിക്കണം അവതാരസങ്കല്‍പത്തിന് നിദാനമായതെന്ന് ന്യായമായും ഊഹിക്കാവുന്നതാണ്. ഹിന്ദുമതത്തിലെ അവതാര സങ്കല്‍പത്തിന് പാശ്ചാത്യമതങ്ങളിലെ പ്രവാചകന്റെ സ്ഥാനമാണുള്ളതെന്ന് സ്വാമി വിവേകാനന്ദന്‍ പോലും പറഞ്ഞിട്ടുണ്ട്.(17) ഏകദൈവമല്ലാതെ മറ്റൊരു ആരാധ്യനുമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച പ്രവാചകന്‍മാരില്‍ പലരും പിന്നീട് ആരാധ്യപദവിയിലും, ദൈവപുത്രപദവിയിലും എത്തിയ അവസ്ഥ ചരിത്രത്തില്‍ കാണാന്‍ സാധിക്കും. അതുപോലെ ഭാരതീയ പ്രവാചകന്‍മാരില്‍ ദിവ്യത്വമാരോപിക്കപ്പെട്ടതാവാം അവതാരസങ്കല്‍പത്തിന് നിദാനം. എന്നുവിചാരിച്ച് എല്ലാ അവതാരങ്ങളും പ്രവാചകന്‍മാരെന്നോ, അവതാരകഥകളായി അറിയപ്പെടുന്നതെല്ലാം പ്രവാചകന്‍മാരുടെ ചരിത്രമാണെന്നോ അല്ല, മറിച്ച് അവതാര സങ്കല്‍പത്തിന് അടിത്തറ പാകിയത് പ്രവാചകവിശ്വാസമാണെന്ന് മാത്രം. കാലക്രമത്തില്‍ പുരാണ ഇതിഹാസങ്ങള്‍ എഴുതിയവര്‍ അതിന് എരിവും പുളിയും നല്‍കുകയുണ്ടായി. അങ്ങനെയാണ് ധര്‍മത്തിന്റെയും സംസ്‌കാരത്തിന്റെയും സകലസീമകളും ലംഘിച്ച് കൃഷ്ണലീലകളും, ശംബുക വധവും, കുരുക്ഷേത്ര യുദ്ധവും അവതാരങ്ങളുടെ പേരില്‍ പ്രചരിച്ചത്. അവതാര സങ്കല്‍പത്തിന് പ്രവാചക വിശ്വാസവുമായുള്ള ബന്ധത്തിന്റെ ഏറ്റവും വലിയ തെളിവാണ്, അവസാന അവതാരമായ കല്‍ക്കിയെക്കുറിച്ചുള്ള വിശേഷണങ്ങള്‍ക്ക് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യോടുള്ള സാമ്യത. എട്ടോളം സാമ്യതകള്‍ പണ്ഡിതന്‍മാര്‍ നിരത്തുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങളടങ്ങിയ ഭവിഷ്യല്‍ പുരാണത്തിലും, അഥര്‍വ വേദം വിംശം (ഇരുപത്) കാണ്ഡം 127-ാം സൂക്തത്തിലെ ശ്ലോകത്തിലും അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യെക്കുറിച്ച് സ്പഷ്ടവും വ്യക്തവും സത്യസന്ധവുമായ പ്രവചനങ്ങള്‍ കാണാന്‍ സാധിക്കും.

ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് ഇന്നുകാണുന്ന രീതിയിലുള്ള ഹൈന്ദവതയുടെ ധര്‍മവും ദര്‍ശനവും രൂപപ്പെട്ടത് ഒരു പ്രഭാതത്തോടെയല്ല, മറിച്ച് ദൈവത്തില്‍ നിന്ന് അവതീര്‍ണമായ ദിവ്യബോധനങ്ങള്‍ കാലക്രമത്തില്‍ കപടപുരോഹിത-സന്യാസി വര്‍ഗത്തിന്റെ കിരാത കരങ്ങള്‍ക്ക് വിധേയമായി മാറ്റിമറിക്കപ്പെട്ടതിലൂടെയാണ്. ഈ ഒരു വ്യതിയാനത്തെ സമൂഹത്തിലെ മുഴുവന്‍ പണ്ഡിതന്‍മാരും നിഷ്പ്രഭരായി നോക്കിനിന്നുവെന്ന് അനുമാനിക്കാവതല്ല. പണ്ഡിതന്‍മാരില്‍ പലരും നവോത്ഥാനത്തിന് മുതിര്‍ന്നിട്ടുണ്ട്. അപ്പോള്‍ പൊതുജനത്തിന്റെ ഹിതമനുസരിച്ച് മതത്തെ മാറ്റിമറിക്കാന്‍ സന്നദ്ധരായ പുരോഹിതന്‍മാര്‍ ഇത്തരം പണ്ഡിതന്‍മാര്‍ക്കെതിരെ രംഗപ്രവേശം ചെയ്തു. ദുഃഖകരമെന്നു പറയട്ടെ, അത്തരം കപട പണ്ഡിതന്‍മാരുടെ ന്യായീകരണങ്ങളും വാദങ്ങളുമാണ് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതും ആലേഖനം ചെയ്യെപ്പട്ടതും. രാജാറാം മോഹന്‍ റോയിയുടെ ബ്രഹ്മസമാജം ഇന്നെവിടെ? റാനെഡെയുടെ പ്രാര്‍ത്ഥനാസമാജം ചിതലരിച്ചില്ലേ? രാമാനന്ദന്റെയും കബീറിന്റെയും ഭക്തിപ്രസ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടിയിലേക്ക് വലിച്ചെറിയപ്പെട്ടില്ലേ? എന്തിനധികം ദയാനന്ദ സരസ്വതിയുടെ ആര്യസമാജം പോലും അതിലെ തീവ്രദേശീയത മാത്രം അവശേഷിപ്പിച്ച് ഭാരതമണ്ണില്‍ ചരമം പ്രാപിച്ചില്ലേ?. എന്നാല്‍ കല്ല് മുതല്‍ കാഞ്ഞിരക്കുറ്റി വരെയുള്ള സകലതിനെയും ആരാധിക്കുന്നതിന് തത്വം മെനഞ്ഞ ശ്രീശങ്കരന്റെ അദൈ്വതദര്‍ശനത്തിനാണ് ചരിത്രത്തില്‍ ക്ഷിപ്രപ്രതിഷ്ഠ ലഭിച്ചത്. (ആ തത്വം വേദങ്ങളോടും ഉപനിഷത്തുകളോടും എത്ര വിരുദ്ധമാണെങ്കിലും ശരി).

വാല്‍കഷ്ണം: ബി.സി 1200ല്‍ ആര്യഗമനത്തോടെ ആരംഭിച്ച ഹൈന്ദവതയുടെ പ്രയാണം വിവിധ നൂറ്റാണ്ടുകളിലാണ് വെള്ളവും വളവും സ്വീകരിച്ചത്. ഹൈന്ദവതയുടെ മൂര്‍ത്തഭാവമെന്ന് പറയപ്പെടാറുള്ള അദൈ്വത സിദ്ധാന്തം പോലും എ.ഡി എട്ടാം നൂറ്റാണ്ടിന്റെ സന്തതിയാണല്ലോ? ഇന്ന് 21-ാം നൂറ്റാണ്ടില്‍ എത്തി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ തീര്‍ത്തും രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന ‘സനാധന ധര്‍മ’ത്തെയാണ് നാം കാണുന്നത്. ഇതിലൂടെ ഒരു കാര്യം വ്യക്തമാണ്. ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ അടുത്ത തലമുറ കാണാനിരിക്കു ന്നത് ഇന്നേവരെ ആരും കണ്ടിട്ടില്ലാത്ത ധര്‍മവും ദര്‍ശനവുമായിരിക്കും.

കുറിപ്പുകള്‍
1. Satyavrata Patel: Hinduism Religion and way of life, Page 1
2. ഭാരതവിജ്ഞാനകോശം
3. അബ്ദുല്‍ കലാം ആസാദ് – ദൈവസങ്കല്‍പം കാലഘട്ടങ്ങളിലൂടെ. പേജ് 27.
4. ഗോള്‍ഡന്‍ ചൈല്‍ഡ്: ചരിത്രത്തില്‍ എന്തുസംഭവിച്ചു, പേജ് 194
5. Balagangadara Tilakan, Arctic home in vedas, Page 19
6. അഥര്‍വവേദം 13-5-20-21
7. യജുര്‍വേദം 32-3
8. അഥര്‍വവേദം 13-5:14-21
9. ചന്ദേഗ്യം 5:10:17
10. ഈശാവസ്യപനിഷത്ത് 12
11. ഈശാവസ്യപനിഷത്ത് 3
12. കഠോപനിഷത്ത് 12
13. രാഹുല്‍ സംസ്‌കൃതയാന്‍, വേദദര്‍ശനങ്ങള്‍:532
14. വിശ്വദര്‍ശനങ്ങള്‍: 579
15. ഭഗവത്ഗീത 4:7,8
16. Harijah – 22-6-1947
17. സാന്‍ ഫ്രാന്‍സിസ്‌കോ പ്രസംഗം 8-4-1990

1 Comment

  • ശ്ലോകങ്ങളും കൂടി നൽകിയാൽ കൊള്ളാമായിരുന്നു.

    Riyas K. Abbas 07.03.2019

Leave a comment

Your email address will not be published.