ഹൂർലീങ്ങളും മുക്രിമാരും അവരുടെ നിറവും: ചില ഇസ്‌ലാമിക വിചാരങ്ങൾ -4

//ഹൂർലീങ്ങളും മുക്രിമാരും അവരുടെ നിറവും: ചില ഇസ്‌ലാമിക വിചാരങ്ങൾ -4
//ഹൂർലീങ്ങളും മുക്രിമാരും അവരുടെ നിറവും: ചില ഇസ്‌ലാമിക വിചാരങ്ങൾ -4
ആനുകാലികം

ഹൂർലീങ്ങളും മുക്രിമാരും അവരുടെ നിറവും: ചില ഇസ്‌ലാമിക വിചാരങ്ങൾ -4

വിമർശനം:

അടിമയും ഉടമയും സമന്മാരല്ല എന്ന് പറഞ്ഞ ഖുർആൻ (ഖുർആൻ: 16:75) വർണ – വർഗ വിവേചനത്തിന് ആഹ്വാനം ചെയ്യുകയല്ലേ ?

മറുപടി:

1. ആയത്തിൽ (ഖുർആൻ വചനം) വർണവുമായി ബന്ധപ്പെട്ട യാതൊരു സൂചനയുമില്ല. അടിമകൾ കറുത്ത നിറക്കാരും വെളുത്ത നിറക്കാരും ആകാമല്ലൊ. അതുകൊണ്ട് തന്നെ, ആയത്തിൽ വർണവിവേചനമുണ്ട് എന്ന ആരോപണം അസ്ഥാനത്താണ്.

2. അടിമയും സ്വാതന്ത്ര്യനും ദൈവത്തിനു മുന്നിൽ തുല്ല്യരല്ലെന്നൊ, നിറത്തിന്റെയോ അടിമത്തത്തിന്റെയോ അടിസ്ഥാനത്തിൽ വെളുത്തവന് കറുത്തവന്റെ മേലൊ ഉടമക്ക് അടിമയേക്കാളോ ശ്രേഷ്ടത ഉണ്ടെന്നോ ഖുർആൻ ഈ വചനത്തിൽ ഒരു സൂചന പോലും നൽകുന്നില്ല. വിമർശകർ ഖുർആനിലെ വചനത്തിന് നൽകിയ അർത്ഥം തന്നെ തെറ്റാണ്:

“അല്ലാഹു ഒരു ഉപമ വെളിപ്പെടുത്തുന്നു. അതായത് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള അടിമ. അവനെ ഒരു കാര്യത്തിലും കഴിവില്ല. നമ്മുടെ പക്കൽ നിന്നും നല്ല വിഭവങ്ങൾ നൽകിയ മറ്റൊരു സ്വതന്ത്രൻ. അവൻ അതിൽനിന്നും രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നു. ഇവർ സമന്മാർ ആകുമോ ഇല്ല ഒരിക്കലുമില്ല.”(ഖുർആൻ: 16: 75 ന് വിമർശകർ നൽകിയിരിക്കുന്ന അർത്ഥം)

1. “അതായത് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള അടിമ. അവനെ ഒരു കാര്യത്തിലും കഴിവില്ല. “എന്ന് വചനത്തിന് അർത്ഥം നൽകിയത് തനിച്ച ദുർവ്യാഖ്യാനമാണ്.

عَبۡدࣰا مَّمۡلُوكࣰا لَّا یَقۡدِرُ عَلَىٰ شَیۡءࣲ

“മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള, യാതൊന്നിനും കഴിവില്ലാത്ത ഒരു അടിമയെയും “എന്നാണ് ഖുർആനിലുള്ളത്.
ഇവിടെ അടിമയുടെ വിശേഷണമാണ് ‘യാതൊന്നിനും കഴിവില്ലാത്ത’ എന്നുള്ളത്. വിമർശകരാകട്ടെ അടിമയുടെ ആഖ്യാതമായാണ് ‘ഒരു കാര്യത്തിലും കഴിവില്ല ‘ എന്നതിനെ വാചകത്തിൽ ചേർത്തിരിക്കുന്നത്. ഇത് മൂലം ഏതൊരടിമക്കും ഒരു കഴിവും ഇല്ല എന്നും അടിമയെ ഒന്നിനും കൊള്ളില്ല എന്നും വരുത്തി തീർക്കുകയാണ് വിമർശകരുടെ ലക്ഷ്യം. ഈ ദുർവ്യാഖ്യാനത്തിന്റെ ഫലമാകട്ടെ അതി വിചിത്രമായ ഒരു മലയാള വാചകത്തിന്റെ സൃഷ്ടിയാണ്.

“അവനെ ഒരു കാര്യത്തിലും കഴിവില്ല.” (?!)
അടിമയെ ഒരു കാര്യത്തിനും കൊള്ളില്ല എന്നാണ് ഖുർആൻ പറഞ്ഞത് എന്ന് വരുത്തി തീർക്കാനുള്ള പെടാപാടിൽ അർത്ഥം നൽകുന്നതിൽ കൃത്രിമം നടത്തിയപ്പോൾ സംഭവിച്ചതാണ് ഇത്:
“അവനെ ഒരു കാര്യത്തിലും കഴിവില്ല.” (!!)
എന്താണ് ഈ വാചകത്തിനർത്ഥം? “അവന് ഒരു കാര്യത്തിനും കഴിവില്ല” എന്നായിരിക്കാം വിമർശകർ ഉദ്ദേശിച്ചത്. ഏതായിരുന്നാലും അടിമക്ക് ഒരു കാര്യത്തിനും കഴിവില്ല എന്നോ കഴിയില്ല എന്നോ അവനെ ഒന്നിനും കൊള്ളില്ല എന്നോ ഖുർആൻ വിധി പറഞ്ഞിട്ടില്ല. ഒരു അടിമയുടെ വിശേഷണമായാണ് “യാതൊന്നിനും കഴിവില്ലാത്ത ഒരു അടിമ” എന്ന് ഖുർആൻ പറഞ്ഞത്. അതിനർത്ഥം ലോകത്ത് ഒരടിമക്കും ഒരു കഴിവും ഇല്ല എന്നല്ല. തൊട്ടടുത്ത വചനത്തിൽ ഊമയായ അടിമയെ സംബന്ധിച്ചാണ് പറയുന്നത്. അടിമയുടെ വിശേഷണമായി ഊമയെന്ന് പറഞ്ഞതിൽ നിന്നും എല്ലാ അടിമകളും ഊമയാണെന്ന് വരുമോ? ഏതെങ്കിലും ഊമയായ ഒരു അടിമയേയും ഒന്നിനും കഴിവില്ലാത്ത ഒരു അടിമയേയും ഖുർആൻ ഉപമയായി ഉദ്ധരിച്ചത് കൊണ്ട് ലോകത്ത് എല്ലാ അടിമകൾക്കും ഒന്നിനും കഴിവില്ല എന്നോ എല്ലാ അടിമകളും ഊമകളാണെണോ വരുന്നില്ല. അങ്ങനെ ഖുർആൻ പറഞ്ഞിട്ടുമില്ല.

ഇസ്‌ലാമിനെ വിമർശിക്കാൻ വേണ്ടി എന്തെല്ലാം വിഡ്ഢിത്തങ്ങളിൽ ചെന്നാണ് വിമർശകർ ചാടുന്നത് എന്നോർക്കുമ്പോൾ ആശ്ചര്യം തോനുന്നു.

2. “മറ്റൊരു സ്വതന്ത്രൻ” എന്ന് എവിടെയാണ് ഖുർആനിലെ വചനത്തിൽ ഉള്ളത് ? ഇല്ലാത്ത വാക്ക് ഖുർആനിൽ കൂട്ടി ചേർക്കലാണ് ഇത്.

وَمَن رَّزَقۡنَـٰهُ مِنَّا رِزۡقًا حَسَنࣰا فَهُوَ یُنفِقُ مِنۡهُ سِرࣰّا وَجَهۡرًاۖ هَلۡ یَسۡتَوُۥنَۚ

“നമ്മുടെ വകയായി നാം നല്ല ഉപജീവനം നല്‍കിയിട്ട് അതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ച് കൊണ്ടിരിക്കുന്ന ‘ഒരാളെയും’ അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. ഇവര്‍ തുല്യരാകുമോ?” എന്നാണ് യഥാർത്ഥത്തിൽ ഖുർആനിൽ ഉള്ളത്. ‘ഒരാളെയും’ (مَن) എന്ന വാക്കിൽ ആരും ഉൾപ്പെടാം. നല്ല ഉപജീവനം നല്‍കിയിട്ട് അതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ച് കൊണ്ടിരിക്കുന്ന ഏതൊരാളും ഈ വാക്കിന്റെ ഉദ്ദേശത്തിൽ വരുന്നു. ഒരു അടിമക്ക് ധാരാളം സമ്പാദ്യമുണ്ടാവുകയും അതിൽ നിന്നയാൾ ധാരാളം ചെലവഴിക്കുകയും ചെയ്യുന്നുവെങ്കിൽ ആ അടിമയും ഇതിൽ ഉൾപ്പെടാം. സ്വാതന്ത്ര്യൻ തന്നെയാവണമെന്ന് ആയത്തിൽ പറഞ്ഞിട്ടില്ല.

മാത്രമല്ല, ഖുർആൻ പ്രസ്ഥാവിച്ച ഉപമയുടെ ആശയവും പശ്ചാത്തലവും വിമർശകർ ദുർവ്യാഖ്യാനിക്കുകയും ചെയ്തിരിക്കുന്നു. ഉടമകളേയും അവരുടെ അടിമകളേയും സംബന്ധിച്ച ചർച്ചയല്ല ഈ വചനങ്ങളുടെ പശ്ചാത്തലം.
നിറത്തിന്റെയോ അടിമത്തത്തിന്റെയോ അടിസ്ഥാനത്തിൽ വെളുത്തവന് കറുത്തവന്റെ മേലൊ ഉടമക്ക് അടിമയേക്കാളോ ശ്രേഷ്ടത ഉണ്ടോ എന്നതുമല്ല ആയത്തിലെ ചർച്ച. മറിച്ച് ഏക ദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവുമാണ്. വിമർശകർ ഉദ്ധരിച്ച ഖുർആൻ വചനത്തിന്റെ തൊട്ടു മുകളിലെ രണ്ട് വചനങ്ങൾ വായിച്ചാൽ തന്നെ ഈ ദുർവ്യാഖ്യാനം സ്പഷ്ടമാകുന്നതാണ്.

“ആകാശങ്ങളില്‍ നിന്നോ ഭൂമിയില്‍ നിന്നോ അവര്‍ക്ക് വേണ്ടി യാതൊരു ഭക്ഷണവും അധീനപ്പെടുത്തികൊടുക്കാത്തവരും, (യാതൊന്നിനും) കഴിയാത്തവരുമായിട്ടുള്ളവരെയാണ് അല്ലാഹുവിന് പുറമെ അവര്‍ ആരാധിക്കുന്നത്‌. ആകയാല്‍ അല്ലാഹുവിനു നിങ്ങള്‍ ഉപമകള്‍ പറയരുത്‌. തീര്‍ച്ചയായും അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.” (ഖുർആൻ: 16:72,73)

വിമർശകർ ഉദ്ധരിച്ച ആയത്തുകളുടെ (ഖുർആൻ വചനം) തൊട്ടു മുകളിലെ ആയത്തുകളാണിവ. യാതൊരുവിതത്തിലും ഉപകാരമോ ഉപദ്രവമോ സ്വന്തമായി ഉടമപ്പെടുത്താത്ത, ആകാശങ്ങളില്‍ നിന്നോ ഭൂമിയില്‍ നിന്നോ മനുഷ്യർക്ക് യാതൊരു ഭക്ഷണവും അധീനപ്പെടുത്തികൊടുക്കാത്ത ഒരുപാട് ദൈവ സൃഷ്ടികളെ മനുഷ്യർ ആരാധിക്കുന്നുണ്ട്. സ്രഷ്ടാവായ ദൈവം നൽകുന്നവ മാത്രം കൈവശമുള്ള, ദൈവം നൽകാത്ത ഒന്നും സ്വന്തമായി ഉടമപ്പെടുത്താനോ മറ്റുള്ളവർക്ക് നൽകാനോ കഴിവില്ലാത്ത സർവ്വ ശക്തനായ ദൈവത്തിന്റെ ദാസന്മാരും ആശ്രിതരുമായ സൃഷ്ടികളെ ആരാധിക്കുന്നതും സ്വയം പര്യാപ്‌തനും സർവ്വരുടേയും ആശ്രയവും പരിപാലകനും അന്ന ദാതാവുമായ ദൈവത്തെ ആരാധിക്കുന്നതും സമമാണോ ? തീർച്ചയായും ഈ രണ്ട് തരം ആരാധ്യരും സമമല്ല. ഒരു വിഭാഗം ആരാധ്യർക്ക് സ്വന്തമായി സ്വേച്ഛക്കനുസരിച്ച് ഭൗതീകാനുഗ്രഹങ്ങൾ സംഭരിക്കാനും ഇഷ്ടം പോലെ ചെലവഴിക്കാനും കഴിയില്ല. സർവ്വരുടേയും പരിപാലകനും അന്ന ദാതാവുമായ ദൈവത്തിനാകട്ടെ സ്വന്തമായി എല്ലാം ഉടമപ്പെടുത്താനും സ്വേച്ഛപ്രകാരം ആർക്കും എന്തും താൻ ഉടമപ്പെടുത്തുന്നതിൽ നിന്ന് നൽകാനും കഴിവുണ്ട്. ഈ രണ്ട് തരം ആരാധകരും -കഴിവിന്റേയും ഉടമസ്ഥതയുടേയും കാര്യത്തിൽ – സമന്മാരല്ല. ഒരു വിഭാഗത്തിന് സ്വന്തമായും സ്വാതന്ത്ര്യമായും സൃഷ്ടികൾക്ക് ഉപകാരോപദ്രവങ്ങൾ ചെയ്യാൻ കഴിയില്ല. എന്നാൽ സർവ്വലോക സ്രഷ്ടാവായ ദൈവത്തിന് സ്വന്തമായും സ്വാതന്ത്ര്യമായും സൃഷ്ടികൾക്ക് ഉപകാരോപദ്രവങ്ങൾ ചെയ്യാൻ കഴിയും. ഏക ദൈവവിശ്വാസവുമായി ബന്ധപ്പെട്ട ഈ പാഠം രണ്ട് ഉപമയിലൂടെ പഠിപ്പിക്കുകയാണ് ഖുർആൻ ഇവിടെ ചെയ്യുന്നത്:

“മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള, യാതൊന്നിനും കഴിവില്ലാത്ത ഒരു അടിമയെയും, നമ്മുടെ വകയായി നാം നല്ല ഉപജീവനം നല്‍കിയിട്ട് അതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ച് കൊണ്ടിരിക്കുന്ന ഒരാളെയും അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. ഇവര്‍ തുല്യരാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.

(ഇനിയും) രണ്ട് പുരുഷന്‍മാരെ അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. അവരില്‍ ഒരാള്‍ യാതൊന്നിനും കഴിവില്ലാത്ത ഊമയാകുന്നു. അവന്‍ തന്‍റെ യജമാനന് ഒരു ഭാരവുമാണ്‌. അവനെ എവിടേക്ക് തിരിച്ചുവിട്ടാലും അവന്‍ യാതൊരു നന്മയും കൊണ്ട് വരില്ല. അവനും, നേരായ പാതയില്‍ നിലയുറപ്പിച്ചുകൊണ്ട് നീതി കാണിക്കാന്‍ കല്‍പിക്കുന്നവനും തുല്യരാകുമോ?”
(ഖുർആൻ: 16:74, 75)

വിഗ്രഹാരാധനയുടെ നിരര്‍ത്ഥകതയും, വിഗ്രഹാരാധകന്‍മാരുടെ ബുദ്ധിശൂന്യതയും വ്യക്തമാക്കുന്ന രണ്ടു ഉപമകളാണു അല്ലാഹു ഈ വചനങ്ങളില്‍ വിവരിക്കുന്നത്: മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളവനും ഇഷ്ടംപോലെ പ്രവര്‍ത്തിക്കുവാനുള്ള കഴിവോ സ്വാതന്ത്ര്യമോ ഇല്ലാത്തവനുമായ ഒരടിമ. ഉദാരമായി ചെലവഴിക്കാൻ കഴിവുള്ള ഒരു ധനികൻ. ഈ രണ്ടുപേരും മനുഷ്യന്‍മാര്‍ തന്നെ. ഈ രണ്ടു പേർക്കുമിടയിൽ വർണ വർഗ വംശ വിവേചനങ്ങളില്ല. മാനുഷികതയിൽ ഇവർ സമർ തന്നെ എന്ന് ഇസ്‌ലാം ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിച്ചിട്ടുമുണ്ട്. പക്ഷേ, കഴിവിന്റേയും ഉടമസ്ഥതയുടേയും കാര്യത്തിൽ രണ്ടുപേരും തമ്മില്‍ വ്യത്യാസമുണ്ടല്ലോ. ഒന്നും ഉടമപ്പെടുത്താത്ത ഒരു അടിമയും ധനികനായ ഒരാളും കഴിവിന്റേയും ധനത്തിന്റേയും കാര്യത്തിൽ സമന്മാരല്ലല്ലൊ.

അന്നദാതാവും, അനുഗ്രഹദാതാവും, സര്‍വ്വജ്ഞനും, സര്‍വ്വശക്തനുമായ അല്ലാഹുവിനോടും യാതൊരു ഗുണദോഷവും ചെയ്‌വാനോ, സ്വന്തം കാര്യങ്ങളെങ്കിലും സ്വതന്ത്ര്യമായി നിയന്ത്രിക്കുവാനോ കഴിയാത്ത ബിംബങ്ങളോടും പ്രാർത്ഥിക്കുന്നതും ആരാധനകൾ അർപിക്കുന്നതും സമമാണോ?! യാതൊന്നും സംസാരിക്കുവാന്‍ കഴിയാത്തവനും അതിന് കഴിയുന്നവനും കഴിവുകളുടേയും ശേഷിയുടേയും കാര്യത്തിൽ സമന്മാരല്ലല്ലോ?! എന്നിരിക്കെ, നിര്‍ജ്ജീവികളും, നിശ്ചേഷ്ടങ്ങളുമായ ബിംബങ്ങളെ ലോകരക്ഷിതാവും നിയന്താവുമായ അല്ലാഹുവിനോടു സമപ്പെടുത്തി ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതും സമമല്ല.

സാമ്പത്തികമായി കഴിവില്ലാത്ത ഒരു അടിമയും ഇഷ്ടാനുസാരം എല്ലാവർക്കും വേണ്ടി ചെലവു വഹിക്കാൻ കഴിയുന്ന ഒരു ധനികനും കഴിവുകളുടേയും ശേഷിയുടേയും കാര്യത്തിൽ സമരല്ല. അതുകൊണ്ട് തന്നെ സമ്പത്തിനായി നാം സഹായം ആവശ്യപ്പെടുക ധനികനോടാണല്ലൊ. ഇതു പോലെയാണ് അല്ലാഹുവും അവന്റെ സൃഷ്ടികളായ മറ്റു ദൈവങ്ങളും. സർവ്വ ധന്യതക്കും ഉടമയായ അല്ലാഹുവോട് തേടുന്നതിലും പ്രാർത്ഥിക്കുന്നതിലും ആരാധിക്കുന്നതിലും മാത്രമേ ആത്യന്തികമായി ഫലമുണ്ടാകൂ. കാരണം സർവ്വധന്യതയും ഉടമപ്പെടുത്തുന്നവനും ഇഷ്ടാനുസാരം എല്ലാവർക്കും ചെലവഴിക്കാൻ സാധിക്കുന്നവനും അല്ലാഹു മാത്രമാണല്ലൊ. ഇവിടെ എവിടെയാണ് വർണ – വർഗ വിവേചനം ?

“ആകയാല്‍ അല്ലാഹുവിനു നിങ്ങള്‍ ഉപമകള്‍ പറയരുത്‌. തീര്‍ച്ചയായും അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.” (ഖുർആൻ: 16:72,73)

ആയത്തുകൾക്കിടയൽ ഇപ്രകാരം പറഞ്ഞതിന്റെ വിവക്ഷ ഇതാണ്:
അല്ലാഹുവിന്, സൃഷ്ടികൾക്ക് വ്യക്തമായി മനസ്സിലാക്കാൻ വേണ്ടി, പഠനാവശ്യാർത്ഥം സ്വന്തത്തെ ഉപമിക്കാൻ സാധിക്കുമെങ്കിലും സൃഷ്ടികൾക്ക് അല്ലാഹുവിനെ മറ്റെന്തെങ്കിലുമായും ഉപമിക്കാൻ സാധിക്കില്ല. കാരണം ദൈവത്തെ സംബന്ധിച്ച സൃഷ്ടികളുടെ അറിവ് പരിമിതമാണ്. അതിനാൽ അല്ലാഹു സ്വന്തത്തെ സംബന്ധിച്ച് ഉപമിച്ച ഉപമകളിൽ നിന്ന് പാഠമുൾക്കൊള്ളുന്നതിനപ്പുറം സ്വന്തമായി ഉപമകൾ അല്ലാഹുവെ സംബന്ധിച്ച് സൃഷ്ടികൾ ഉണ്ടാക്കുന്നത് അഭികാമ്യമല്ല.

(അവസാനിച്ചു)

print

No comments yet.

Leave a comment

Your email address will not be published.