ഹിജാബിനെ ആർക്കാണ് പേടി !!?

//ഹിജാബിനെ ആർക്കാണ് പേടി !!?
//ഹിജാബിനെ ആർക്കാണ് പേടി !!?
ആനുകാലികം

ഹിജാബിനെ ആർക്കാണ് പേടി !!?

സ്‌ലാമിലെ സ്ത്രീയും അവളുടെ വേഷവിധാനവും എന്നും വിമർശനത്തിനും ചോദ്യം ചെയ്യലിനും വിധേയമാണ്. കറുത്ത വസ്ത്രത്തിനുള്ളിൽ ഒതുങ്ങുന്നതിലൂടെ, അല്ലെങ്കിൽ ഹിജാബിനുള്ളിൽ ചുറ്റപ്പെടുന്നതിലൂടെ അവൾ തന്റെ സ്വപ്നങ്ങളും അഭിലാഷങ്ങളും എല്ലാം അടക്കിവെച്ച് സ്വയം എരിഞ്ഞു തീരാൻ വിധിക്കപ്പെട്ട ഒരു ജന്മമാണെന്ന നിലക്കാണ് ചില സ്ത്രീപക്ഷ വാദികൾ മുസ്‌ലിം സ്ത്രീയെ അവതരിപ്പിക്കാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ അവൾ മറയിടുന്നത് അവളുടെ ചിന്തകൾക്കോ, സ്വപ്നങ്ങൾക്കോ അല്ല, അവളെ ചൂഴ്ന്നു നോക്കുന്ന കാമകണ്ണുകളെയും അവളെ കച്ചവടവത്കരിക്കുന്ന അവസരങ്ങളേയുമാണ്.

ഹിജാബോ അവൾ ധരിക്കുന്ന പർദയോ ഒരു അസ്വാസ്ത്യവും അവളുടെ സ്വപ്നങ്ങൾക്കോ നിത്യ ജീവിതത്തിനോ വരുത്തുന്നില്ല എന്നതിന് മകുടോദാഹരണമാണ് ഇസ്‌ലാമിക വ്യവസ്ഥകളിൽ നിന്നുകൊണ്ട് തന്നെ തന്റെ സ്വപ്നങ്ങളെ കീഴടക്കിയ സ്ത്രീ രത്നങ്ങളുടെ ചരിത്രം.
              
ഒന്ന് ലോകത്തിലേക്ക് കണ്ണ്തുറന്ന് നോക്കൂ…
ഫെസ്സിൽ തലപൊക്കി നിൽക്കുന്ന അൽ ഖറാവിയ്യീൻ സർവകലാശാലയുടെ പുറത്ത് സ്ഥാപിക്കപ്പെട്ട ചുവരെഴുത്താണ് ക്രിസ്താബ്‌ദം 859 ൽ ഉമ്മുൽ ബനീൻ എന്നറിയപ്പെടുന്ന ഫാത്തിമത്തുൽ ഫിഹിരിയാണ് അത് നിർമിച്ചത് എന്നത്. തനിക്ക് കിട്ടിയ അനന്തരാവകാശം മുഴുവൻ വിദ്യ ഉയർത്തുന്ന സർവകലാശാല നിർമാണത്തിനു വേണ്ടി ചെലവഴിച്ചു. അതായിരുന്നു ലോകത്തിലെ തന്നെ ആദ്യ സർവകലാശാല. ഇസ്‌ലാമിലെ സ്ത്രീയെ രക്ഷിക്കാനായി പാടുപെടുന്ന വർഗീയ കാവികൂട്ടുകെട്ടിന് ഇത് കൃത്യമായ മറുപടി നൽകുന്നുണ്ട്.

‘മുസ്‌ലിം പെണ്ണിനെ അന്ധകാരത്തിലേക്ക് വിടുകയാണ് അവളെ മൂടിക്കെട്ടിയുള്ള വസ്ത്രം എന്ന് ഇന്നലെകളിൽ നാം കണ്ടുവല്ലോ….’

മതഭ്രാന്ത് തലക്കുപിടിച്ച ഒരു കൂട്ടം കാവിപ്പട ഉയർന്നു വരുന്ന ഒരുപറ്റം വിദ്യാർത്ഥിനികൾക്കും അവരുടെ സ്വപ്നങ്ങൾക്കും, അവകാശങ്ങൾക്കും മുന്നിൽ അറിവിന്റെ വാതിലുകൾ കൊട്ടിയടക്കുന്നു. ഇസ്‌ലാം നൽകുന്ന സ്വാതന്ത്ര്യം തന്നെ മതി ഒരു സ്ത്രീക്ക് തന്റെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാൻ. എന്നാൽ ഇന്ന് മത വർഗീയത തലക്കുപിടിച്ചവരാണ് അവളുടെ സ്വപ്നങ്ങളെ തടയിടുന്നത്.
           
ഇസ്‌ലാമിക സ്ത്രീ രത്നങ്ങളുടെ ചരിത്രങ്ങൾ ഏറെയാണ്…
ഖദീജയിൽ(റ) നിന്ന് തുടങ്ങുന്നു അവരുടെ പട്ടിക. ഇസ്‌ലാമിക നിയമ ഗ്രന്ഥങ്ങളെ വരികൾ മുറിയാതെ അടുത്ത തലമുറയിലേക്കെത്തിക്കാൻ പ്രയത്നിച്ച ആയിഷ (റ) ഹിജ്റക്ക് കളമൊരുക്കിയ അഖബ കാരാറിൽ ഒപ്പുവെച്ച നസീബ ബിൻത്ത് കഅബ് (റ) ഇവർക്കൊക്കെ തുല്യമായി ചരിത്രത്തിൽ ആരുടെ ചരിതമാണ് ലിഖിതപ്പെടുത്തിയിട്ടുള്ളത്. ഇവരിൽ നിന്നെല്ലാം നന്മയുടെ തിരിനാളം കരകതമാക്കി മുന്നിടുന്ന ഇന്നത്തെ സ്ത്രീകളെ കണ്ട് മതവികാരം കൊണ്ട് അസഹിഷ്ണുക്കളായിട്ട് ഒരു കാര്യവുമില്ല. ഞങ്ങളുടെ അവകാശങ്ങൾക്ക് മുന്നിൽ നിങ്ങൾ വാതിലുകൾ കൊട്ടിയടക്കുമ്പോളും നാളെ സ്വർഗത്തിലേക്കുള്ള വാതിലുകൾ ഞങ്ങൾക്കുവേണ്ടി തുറക്കപ്പെട്ടിരിക്കുന്നുവെന്ന വിശ്വാസം ഞങ്ങളിലുണ്ട്.

നിങ്ങൾ വെട്ടുന്നത് സെക്യൂലറിസത്തിലേക്കും സ്വതന്ത്രതയിലേക്കും നീതിയിലേക്കും പെൺസ്വാതന്ത്രത്തിന്റെ വിപ്ലവത്തിലേക്കുമ്മുള്ള വഴികളല്ല, ഇത് വിദ്വേഷത്തിന്റെയും, വെറുപ്പിന്റെയും കറപുരണ്ട നിയമങ്ങളാണെന്നാണ് ഞങ്ങളൾക്ക് വ്യക്തമാവുന്നത്. ഒരു ബെഞ്ചിലിരുന്ന് ഒരേ മനമായി ഒരുമയോടെ കഴിഞ്ഞവർക്കിടയിൽ വിള്ളലുണ്ടാക്കുന്ന മദം പൊട്ടിയ മതഭ്രാന്തന്മാരുടെ അഴിഞ്ഞാട്ടമാണിതെന്നാണ് ഞങ്ങൾക്ക് വ്യക്തമാവുന്നത്. സ്വതന്ത്രതയിലേക്കുള്ളതാണ് ഈ നിയമമെങ്കിൽ ഹിജാബ് അണിയുക എന്നതാണ് ഞങ്ങൾ അർഹിക്കുന്ന സ്വാതന്ത്ര്യം. ഞങ്ങളുടെ സൗകര്യങ്ങളെയാണ് നിങ്ങൾ തുറന്ന് തരുന്നതെങ്കിൽ  ഞങ്ങൾക്ക് ഹിജാബണിഞ്ഞ് നടക്കുന്നതാണ് കൂടുതൽ ഉചിതം. ഞങ്ങളുടെ അവകാശങ്ങളാണ് നിങ്ങൾ നേടി തരുന്നതെങ്കിൽ ഹിജാബിനെ ധരിക്കുകയും അതിനെ ധരിപ്പിക്കലുമാണ് ഞങ്ങളുടെ അവകാശം. ഞങ്ങളുടെ ഹിജാബും പർദയും, നിക്കാബും ഞങ്ങളെ അടിച്ചമർത്തുകയല്ല ഞങ്ങളുടെ സ്വപ്നങ്ങൾക്ക് ജീവൻ നൽകുന്ന ചിറകുകളാണവ. മത വർഗീയവാദികളാണ് ഞങ്ങളുടെ അവകാശത്തെയും, സ്വപ്നങ്ങളെയും സ്വാതന്ത്രത്തെയും, അടിച്ചമർത്തുന്നതും തളച്ചിടുന്നതും. നിങ്ങളുടെ വാതിലുകൾ കൊട്ടിയടക്കുന്നത് ഞങ്ങളുടെ വിശ്വാസങ്ങളുടെയോ മത നിയമങ്ങളുടെയോ മുന്നിലല്ല. ഇന്ത്യയുടെ ഭരണഘടനയുടെയും അതിന്റെ തനിമയുടെയും നിയമ വൈവിധ്യത്തിന്റെയും മുന്നിലാണ്..

print

1 Comment

  • ‘ഒരു ബെഞ്ചിലിരുന്ന് ഒരേ മനമായി ഒരുമയോടെ കഴിഞ്ഞവർക്കിടയിൽ വിള്ളലുണ്ടാക്കുന്ന മദം പൊട്ടിയ മതഭ്രാന്തന്മാരുടെ അഴിഞ്ഞാട്ടമാണിതെന്നാണ് ഞങ്ങൾക്ക് വ്യക്തമാവുന്നത്. ‘

    അബൂറസീല്‍ 11.02.2022

Leave a comment

Your email address will not be published.