ഹദീഥുകളില്ലാത്ത ഇസ്‌ലാം !! / ഹദീസ് പഠനം -3

//ഹദീഥുകളില്ലാത്ത ഇസ്‌ലാം !! / ഹദീസ് പഠനം -3
//ഹദീഥുകളില്ലാത്ത ഇസ്‌ലാം !! / ഹദീസ് പഠനം -3
ആനുകാലികം

ഹദീഥുകളില്ലാത്ത ഇസ്‌ലാം !! / ഹദീസ് പഠനം -3

“അദ്ദേഹത്തെ(ചേകനൂർ മൗലവി)പ്പോലെയൊരു പണ്ഡിതന്റെ ചിന്തയോട് സിദ്ധാന്തതലത്തിൽ വിയോജിക്കാൻ എനിക്ക് യാതൊരു ശേഷിയുമില്ല. പക്ഷെ, ഞാൻ ഹദീഥുകളെ പിന്തുണക്കുന്നത് അവയിലൂടെയാണ് മുഹമ്മദ് എന്ന മഹാനായ പ്രവാചകനെ മാത്രമല്ല, മുഹമ്മദ് എന്ന മഹാനും അസാധാരണനുമായ മനുഷ്യനെ ഞാൻ കണ്ടെത്തിയത് എന്നതിനാലാണ്. ഖുർആൻ മാത്രം വായിച്ച് എനിക്ക് ഇസ്‌ലാമുമായോ മുഹമ്മദ് പ്രവാചകനുമായോ മാനുഷികമായ അടുപ്പവും ചായ്‌വും സ്നേഹവും ആദരവും ഉണ്ടാകുമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല. എം.എൻ. കാരശ്ശേരി മലയാളത്തിലാക്കിയ ഹദീഥുകളാണ് ഞാൻ ആദ്യം വായിച്ചത്. പിന്നെ ഞാൻ മൂലഗ്രൻഥങ്ങൾ പലതും വായിച്ചുതീർത്തു. അപ്പോഴാണ് നമ്മെപ്പോലെ വെയിൽകൊണ്ടും തണുത്തും വിയർത്തും വിശന്നുവലഞ്ഞും സങ്കടപ്പെട്ടും ദേഷ്യപ്പെട്ടും സ്നേഹിച്ചും ജീവിച്ച ഒരു മനുഷ്യന്റെ അതേ സമയം നമ്മെപ്പോലെയല്ലാതെ പ്രപഞ്ചത്തിലേക്ക് ഹൃദയം പറത്തി വിട്ട ഒരു മനുഷ്യൻ; ഒരു ജീവിക്കുന്ന പ്രവാചകൻ, അങ്ങനെയൊരാളെ ഞാൻ തിരിച്ചറിഞ്ഞത്. മുണ്ടെടുക്കുന്നതിന്റെ നീളം മുതൽ മൂത്രമൊഴിക്കുന്ന രീതി വരെയും പ്രാർത്ഥനയുടെ ആവശ്യം മുതൽ ഈശ്വരന്റെ സ്വഭാവം വരെയും ഒരു പ്രാകൃത ജനതയെ പറഞ്ഞുപഠിപ്പിച്ച് അവരെ സംസ്കാരപാതയിലേക്ക് നയിച്ച ഒരു അതിമാനുഷനെ ഞാൻ ഹദീഥുകളിൽ കണ്ടുപഠിച്ചു. പിന്നീട് ഖുർആൻ വായിച്ചപ്പോൾ എനിക്കതിനോട് കൂടുതൽ അടുക്കാൻ കഴിഞ്ഞു.” (സക്കറിയ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2000 ആഗസ്റ്റ് 27)

മലയാളത്തിന്റെ ശ്രദ്ധേയനായ കഥാകാരന്റെ വാക്കുകളാണിവ. ഹദീഥുകളില്ലാത്ത ഇസ്‌ലാം എന്തുമാത്രം ഊഷരമായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് സക്കറിയയുടെ ഈ സാക്ഷ്യം. തനിക്ക് ഖുർആൻ മനസ്സിലായത് ഹദീഥുകൾ കൂടി മനസ്സിലാക്കിയപ്പോഴാണ് എന്ന അദ്ദേഹത്തിന്റെ വർത്തമാനം സക്കറിയയുടെ മാത്രം അനുഭവമല്ല. ഇസ്‌ലാമിനെ മനസ്സിലാക്കണമെന്നാഗ്രഹിച്ചുകൊണ്ട് വേദഗ്രൻഥമെന്ന നിലയിൽ ഖുർആനിനെ സമീപിച്ചവർക്കെല്ലാം അതിന്റെ ആഴത്തെയും ആശയത്തെയും കുറിച്ച കൃത്യമായ വിവരം നൽകിയത് ഹദീഥുകളാണ്; ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കാനായി ആത്മാർത്ഥമായി പരിശ്രമിച്ച പാശ്ചാത്യരും പൗരസ്ത്യരുമായ പലരും തുറന്നു പറഞ്ഞിട്ടുള്ള യാഥാർഥ്യമാണിത്. ഹദീഥുകളില്ലാതെ ഖുർആൻ കൊണ്ട് മാത്രമായി ഒരു സത്യാന്വേഷിക്ക് ഇസ്‌ലാമിനെ ശരിയായി മനസ്സിലാക്കാനാവുകയില്ലെങ്കിൽ ഇസ്‌ലാമാണ് സത്യമെന്ന് മനസ്സിലാക്കുന്ന ഒരാൾക്കെങ്ങനെയയാണ് ഖുർആൻ കൊണ്ട് മാത്രമായി മുസ്‌ലിമായി ജീവിക്കുവാൻ കഴിയുക?! ഖുർആനിൽ നിന്ന് മാത്രമായി ആർക്കും ഇസ്‌ലാമിനെ അറിയാനാവുകയില്ല; ഹദീഥുകളില്ലാതെ ആർക്കും പ്രവാചകനെ മനസ്സിലാവുകയില്ല; ഖുർആനിൽ നിന്നും ഹദീഥുകളിൽ നിന്നുമായി ഉരുത്തിരിഞ്ഞിരിക്കുന്ന ഇസ്‌ലാമികനിയമങ്ങൾ പാലിക്കാതെ ആർക്കും മുസ്‌ലിമായി ജീവിക്കുവാൻ കഴിയുകയില്ല. ഇസ്‌ലാംപഠനത്തിനും മുസ്‌ലിമായുള്ള ജീവിതത്തിനും ഖുർആൻ എത്രത്തോളം പ്രധാനമാണോ അത്രത്തോളം തന്നെ പ്രധാനമാണ് ഹദീഥുകളുമെന്ന വസ്തുത മനസ്സിലാക്കുന്നതുകൊണ്ടാണ് ഇസ്‌ലാമിനെ സ്നേഹിക്കുന്നവർ ഹദീഥുകൾക്കെതിരെയുള്ള ആരവങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നത്. ഹദീഥുകൾ അസ്വീകാര്യമാണെന്ന ധ്വനിയുണ്ടാക്കുന്ന വാദങ്ങളോടൊന്നും അവർക്ക് രാജിയാകാൻ കഴിയാതിരിക്കുന്നതും മറ്റൊന്നും കൊണ്ടല്ല.

സർവ്വശക്തനായ സ്രഷ്ടാവിനെ അറിയേണ്ടതുപോലെ അറിയുമ്പോഴാണ് ഒരാൾ മുസ്‌ലിമാകുന്നത്. തന്നെ പടച്ചു പരിപാലിക്കുന്നവനോടുള്ള ഇഷ്ടവും സ്നേഹവും ഭക്തിയും വണക്കവുമെല്ലാം അയാളെ സ്വന്തത്തെ അവന്ന് സമർപ്പിക്കുന്നവനാക്കിത്തീർക്കുന്നു. പടച്ചവന്നുള്ള സ്വന്തത്തിന്റെ സമർപ്പണമാണല്ലോ ഇസ്‌ലാം. മുസ്‌ലിമായിക്കഴിഞ്ഞാൽ പിന്നെ അയാൾക്കാവശ്യം താൻ ആർക്കുവേണ്ടിയാണോ തന്നെയും തനിക്കുള്ളതിനേയുമെല്ലാം സമർപ്പിച്ചിരിക്കുന്നത്, അവന്റെ ഇഷ്ടവും സ്നേഹവുമാണ്. ആ സ്നേഹം കിട്ടുവാൻ എന്താണ് മാർഗ്ഗം? അതിന്നുള്ള മാർഗ്ഗം സർവ്വശക്തൻ തന്നെ അവന്റെ വചനങ്ങളിലൂടെ പറഞ്ഞു തന്നിട്ടുണ്ട്. അന്തിമപ്രവാചകനോടുള്ള അല്ലാഹുവിന്റെ കല്പന ഇങ്ങനെയാണ്: “പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ പിൻപറ്റുക; എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കും; നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരികയും ചെയ്യും; ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് അല്ലാഹു.” (ഖുർആൻ 3: 31) അല്ലാഹുവിനെ സ്നേഹിക്കുകയും അവന്റെ സ്നേഹം നേടിയെടുക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന മുഴുവൻ മനുഷ്യരോടുമുള്ള നിർദേശമാണിത്. അല്ലാഹുവിന്റേതാണ് ഈ കല്പന; മുഹമ്മദ് നബിയോടാണ് ദൈവസ്നേഹമാഗ്രഹിക്കുന്നവർ തന്നെ പിൻപറ്റണമെന്ന് പറയാൻ അവൻ കല്പിച്ചിരിക്കുന്നത്. മുഹമ്മദ് നബിക്ക് ശേഷം മറ്റൊരു ദൈവദൂതനും വരികയില്ലെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് (ഖുർആൻ 33: 40); അന്തിമപ്രവാചകന്റെ നിയോഗമുണ്ടായിരിക്കുന്നത് മുഴുവൻ മനുഷ്യരിലേക്കുമായാണെന്ന് അല്ലാഹു പ്രഖ്യാപിക്കുകയും (34: 28) അങ്ങനെ പ്രഖ്യാപിക്കുവാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് (7: 158). പടച്ചവന്റെ ഇഷ്ടം നേടിയെടുക്കണമെന്നാഗ്രഹിക്കുന്ന അവസാനനാളുവരെയുള്ള മുഴുവൻ മനുഷ്യർക്കും മുന്നിലുള്ള മാർഗ്ഗം അന്തിമപ്രവാചകനെ അനുധാവനം ചെയ്യുകയാണെന്ന തത്ത്വം അല്ലാഹു തന്നെ പഠിപ്പിച്ചതാണെന്നാണ് ഇവ മനസ്സിലാക്കിത്തരുന്നത്.

മുഹമ്മദ് നബിയെ പിൻപറ്റണമെന്നത് അല്ലാഹുവിനെ സ്നേഹിക്കുകയും അവന്റെ സ്നേഹം ലഭിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരോടുള്ള കല്പനയാണ്; അങ്ങനെ ആഗ്രഹിക്കാത്തവർക്ക് ആ കല്പന ബാധകമല്ല. ദൈവസ്നേഹം ആഗ്രഹിക്കുന്നവർ കൊതിക്കുന്നത് ഇഹത്തിലും പരത്തിലുമുള്ള അല്ലാഹുവിന്റെ സാമീപ്യമാണ്; മരണാനന്തരം ലഭിക്കുന്ന ദൈവസാക്ഷാൽക്കാരമാണ്; അവൻ സമ്മാനമായി നൽകുന്ന പരലോകത്തെ അനശ്വരജീവിതമാണ്. അല്ലാഹുവിന്റെ സാമീപ്യവും അവന്റെ സമ്മാനവും കൊതിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവന്റെ ദൂതനും ലോകങ്ങൾക്കെല്ലാം കാരുണ്യവുമായി നിയോഗിക്കപ്പെട്ടവനുമായ അന്തിമപ്രവാചകൻ മുഹമ്മദ് നബിയുടെ മാതൃക അത്യുത്തമവും അത്യുജ്ജ്വലവുമാണെന്ന കാര്യത്തിൽ പക്ഷാന്തരമുണ്ടാവില്ല. ആ മാതൃകയെ ചൂണ്ടി അത് വിശ്വാസികളെല്ലാം പിന്തുടരേണ്ട ഉത്തമമായ മാതൃകയാണെന്ന് അല്ലാഹുകൂടി സാക്ഷ്യപ്പെടുത്തുന്നതോടെ എക്കാലത്തുമുള്ള വിശ്വാസികൾക്ക് അനുധാവനം ചെയ്യനുള്ള മാതൃകയാണതെന്ന് വ്യക്തമാവുകയാണ്. ഖുർആനിൽ നാം വായിക്കുന്ന അല്ലാഹുവിന്റെ ഈ സാക്ഷ്യം ഇങ്ങനെയാണ്: “അല്ലാഹുവെയും അന്ത്യനാളിനെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവിന്റെ ധാരാളമായി സ്മരിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതരിൽ ഉത്തമമായ മാതൃകയുണ്ട്, തീർച്ച.” (33: 21)

അല്ലാഹുവിനെ സ്നേഹിച്ച് ഇസ്‌ലാമിലെത്തിച്ചേരുന്നയാൾ ആദ്യം ചോദിക്കുന്നത് ഞാൻ എങ്ങനെയാണ് മുസ്‌ലിമാവുകയെന്നായിരിക്കും. ഒരാൾ ക്രിസ്ത്യാനിയാകുന്നത് മാമോദീസയോട് (baptism) കൂടിയാണ്. സെദ്‌റെ പുഷിയെന്ന് പാർസിയിലും നവ് ജ്യോതിയെന്ന് ഹിന്ദിയിലും വിളിക്കുന്ന കർമ്മങ്ങളിലൂടെയാണ് ഒരാൾ സരതുഷ്ട്രമതത്തിന്റെ അനുയായിയായിത്തീരുന്നത്. കബ്ബാല, മില, തെവില എന്നീ കർമ്മങ്ങളിലൂടെയാണ് ഒരാൾ ജൂതനായിത്തീരുന്നത്. ഒരാൾ മുസ്‌ലിമാകുമ്പോൾ എന്താണ് ചെയ്യേണ്ടത്? ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം തേടി ഖുർആൻ മുഴുവൻ പരതിയാലും നാം നിരാശനാവുക മാത്രമേയുള്ളൂ. ‘അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു; മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു’ (أَشْهَدُ أَنْ لَا إِلَٰهَ إِلَّا ٱللَّٰهُ وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ ٱللَّٰهِ) വെന്ന സാക്ഷ്യവചനം ഇസ്‌ലാമിന്റെ അടിസ്ഥാനമായ പഞ്ചസ്തംഭങ്ങളിൽ ഒന്നാമത്തേതാണെന്ന് അറിയണമെങ്കിൽ അയാൾ ഹദീഥുകളെത്തന്നെ ആശ്രയിക്കണം. ഖുർആനിൽ രണ്ട് തവണ لَا إِلَٰهَ إِلَّا ٱللَّٰهُ എന്ന് പറയുന്നുണ്ടെങ്കിലും (37: 35, 47: 19) അവിടെയൊന്നും അതോടൊപ്പം مُحَمَّدًا رَسُولُ ٱللَّٰهِ എന്ന പരാമർശമില്ല. മുഹമ്മദൻ റസൂലുല്ലാഹ് എന്ന് പരാമർശിക്കുന്ന ഒരേയൊരു വചനം മാത്രമാണ് (48: 29) ഖുർആനിലുള്ളത്; അതിൽ ‘ലാഇലാഹ ഇല്ലല്ലാ’ എന്ന പരാമർശമില്ല. اللَّهُ لَا إِلَٰهَ إِلَّا هُوَ എന്നും അതിന്റെ ചുരുക്കമായ لَا إِلَٰهَ إِلَّا هُوَ എന്നുമായി മുപ്പതിലധികം തവണ ഖുർആനിലുണ്ടെങ്കിലും അവയോടൊപ്പവും മുഹമ്മദ് നബിയെക്കുറിച്ച പരാമർശങ്ങളൊന്നുമില്ല. അന്തിമപ്രവാചകന്റെ മുഹമ്മദ് എന്ന പേര് പരാമർശിക്കുന്ന നാല് വചനങ്ങളിലോ (3: 144, 33: 40, 47: 2, 48: 29) അഹ്‌മദ്‌ എന്ന പേര് പരാമർശിക്കുന്ന വചനത്തിലോ (61: 6) ദൈവദൂതനെന്നും പ്രവാചകനെന്നും വിളിക്കുന്ന നിരവധി മറ്റു വചനങ്ങളിലോ (2: 101, 2: 143, 2: 151, 3: 32, 3: 81, 3: 144, 3: 164, 4: 79–80, 5: 15, 5: 41, 7: 157, 8: 1, 9: 3, 33: 40, 48: 29, 66: 9) പ്രവാചകന്മാരിൽ അവസാനത്തെയാളായി പരിചയപ്പെടുത്തുന്ന വചനത്തിലോ (33: 40) ഒന്നും തന്നെ അതോടൊപ്പം لَا إِلَٰهَ إِلَّا ٱللَّٰهُ എന്ന പരാമർശമില്ല. പിന്നെയെങ്ങനെയാണ് ഇസ്‌ലാമിലെത്തണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ താൻ ആദ്യമായി ചെയ്യേണ്ടത് അല്ലാഹുവിന്റെ ഏകത്വത്തിലും മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിലും വിശ്വസിക്കുകയും അതിനനുസൃതമായി ജീവിതത്തെ ചിട്ടപ്പെടുത്തുകയുമാണെന്ന് മനസ്സിലാക്കുക? അതിന്ന് ഇസ്‌ലാം സ്ഥാപിക്കപ്പെട്ടത് അഞ്ചു സ്തംഭങ്ങളിലാണെന്നും അതിൽ ഒന്നാമത്തേത് അല്ലാഹുവല്ലാതെ ആരാധ്യരൊന്നുമില്ല എന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുകയാണെന്നും നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയാണ് മറ്റുള്ളവയെന്നും പഠിപ്പിക്കുന്ന നബിയിൽ നിന്ന് അബ്ദുല്ലാഹിബ്നു ഉമർ നിവേദനം ചെയ്തതായി ബുഖാരിയും മുസ്‌ലിമുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്ന ഹദീഥിനെ ആശ്രയിക്കുകയല്ലാതെ നിർവ്വാഹമില്ല.

ഇസ്‌ലാമിന്റെ മറ്റ് സ്തംഭങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മേലെ പ്രസ്താവിച്ച ഹദീഥ് പ്രകാരം ഇസ്‌ലാമിന്റെ രണ്ടാമത്തെ സ്തംഭം നമസ്‌കാരമാണ്. നമസ്കാരം എന്ന് പരിഭാഷപ്പെടുത്തുന്ന സ്വലാത്ത് (صَّلَاةَ) എന്ന പദം നാല് വ്യത്യസ്ത രൂപങ്ങളിലായി 99 തവണ ഖുർആനിൽ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ക്രിയാരൂപമായി (صَلَّىٰ) പന്ത്രണ്ട് തവണയും രണ്ട് തരം നാമരൂപങ്ങളായി 83 ((صلاة) ഒന്ന്‌ (مُصَلًّى)തവണകളും അംഗക്രിയയായി (مُصَلِّين) മൂന്ന് തവണയുമാണ് ഈ പദം ഖുർആനിലുള്ളത്. സ്വലാത്തിനെക്കുറിച്ച് പ്രതിപാദിക്കുന്ന വചനങ്ങൾ പരിശോധിച്ചാൽ നമസ്കാരം നിലനിർത്തേണ്ടത് വിശ്വാസികളുടെയെല്ലാം ബാധ്യതയാണെന്ന് ആർക്കും മനസ്സിലാകും. വിശ്വാസികളുടെ സവിശേഷതകൾ വിവരിക്കുന്നയിടങ്ങളിൽ നമസ്കാരം നിലനിർത്തുന്നവരായും (2: 3, 8: 3) അത് കൃത്യമായി അനുഷ്ഠിക്കുന്നവരായും (23: 9) ഭയഭക്തിയോടുകൂടി അത് നിർവ്വഹിക്കുന്നവുമായാണ് (23: 2) ഖുർആൻ അവരെ പരിചയപ്പെടുത്തുന്നത്. ബന്ധം അല്ലെങ്കിൽ സമ്പർക്കം എന്ന് അർത്ഥമുള്ള ‘സ്വിലത്ത്’ (صلة) എന്ന പദത്തിൽ നിന്നാണ് സ്വലാത്തിന്റെ നിഷ്പത്തി. ദാസനും നാഥനും തമ്മിലുള്ള സമ്പർക്കവേദിയാണ് സ്വലാത്ത്. തന്നെ കാണുകയും തന്നെക്കുറിച്ച് കൃത്യമായി അറിയുകയും ചെയ്യുന്ന തന്റെ നാഥനോട് ഏത് സമയത്തും എവിടെവെച്ചും ദാസന് എന്തും ചോദിക്കാം. ആ പ്രാർഥനകളെ ദുആ(دعاء) എന്നാണ് ഖുർആൻ വിളിച്ചിരിക്കുന്നത്. കേവലമായ ദുആ അല്ല സ്വലാത്ത്. നാഥൻ നിശ്ചയിച്ച സമയത്ത് അവൻ നിഷ്കർഷിച്ച രീതിയിൽ അവൻ പഠിപ്പിച്ച രൂപത്തിൽ അവനുമായി നടത്തുന്ന സംഭാഷണമാണ് നമസ്കാരം എന്ന് ഖുർആനിൽ നിന്ന് മനസ്സിലാവും. പക്ഷെ, ആ രീതിയും രൂപവും സമയവുമെല്ലാം അറിയണമെങ്കിൽ ഹദീഥുകളെ ആശ്രയിക്കേണ്ടി വരും.

മുറപ്രകാരം നമസ്കാരം നിർവ്വഹിക്കണമെന്ന് വിശ്വാസികളോട് കല്പിച്ച ശേഷം ഖുർആൻ പറയുന്നത് ‘സത്യവിശ്വാസികൾക്ക് സമയം നിർണ്ണയിക്കപ്പെട്ട നിർബന്ധബാധ്യതയാണ് നമസ്കാരം, തീർച്ച’(4: 103)യെന്നാണ്. ഏതൊക്കെ സമയം ? ഖുർആനിന് മാത്രമായി കൃത്യമായ ഉത്തരങ്ങളൊന്നുമില്ല. പ്രഭാത നമസ്കാരത്തെയും (صَلَاةِ الْفَجْرِ) രാത്രി നമസ്കാരത്തെയും (صَلَاةِ الْعِشَاءِ) കുറിച്ച പ്രതിപാദനങ്ങളുള്ള ഖുർആൻ വചനത്തിൽ (24: 58) ആ സമയങ്ങളിൽ നമസ്കരിക്കണമെന്ന കല്പനയല്ല ഉൾക്കൊള്ളുന്നത്; പ്രത്യുത, ഒരാളുടെ സ്വകാര്യഇടങ്ങളിൽ അയാളുടെ സമ്മതത്തോടെ മാത്രം ഭൃത്യന്മാർക്കും കുട്ടികൾക്കും പ്രവേശിക്കുവാൻ അനുവാദമുള്ള മൂന്ന് സന്ദർഭങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ പരാമർശിച്ച് പോകുന്ന രണ്ട് സമയങ്ങൾ മാത്രമാണിവ. നമസ്കാരങ്ങളെല്ലാം സൂക്ഷമതയോടെ നിർവ്വഹിക്കണമെന്ന് നിഷ്കർഷിക്കുന്ന സൂക്തത്തിൽ (2: 238) ‘വിശേഷിച്ചും മധ്യമനമസ്കാരം (الصَّلَاةِ الْوُسْطَىٰ) എന്ന പരാമർശമാണ് നമസ്കാരസമയത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ഖുർആനിലെ ഒരു പ്രതിപാദ്യം. ‘സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റിയത് മുതൽ രാത്രി ഇരുട്ടുന്നത് വരെ നീ നമസ്കാരം നിലനിർത്തുക; ഖുർആൻ പാരായണം ചെയ്തുകൊണ്ട് പ്രഭാതത്തിലും” (أَقِمِ الصَّلَاةَ لِدُلُوكِ الشَّمْسِ إِلَىٰ غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ) എന്ന വചനമാണ് (17: 28)മറ്റൊന്ന്. ഈ രണ്ട് വചനങ്ങളിലും പ്രഭാത നമസ്കാരമൊഴിച്ച് മറ്റൊന്നിന്റെയും കൃത്യമായ സമയം പറയുന്നില്ല. എന്താണ് മധ്യമ നമസ്കാരം? സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റിയത് മുതൽ രാത്രി ഇരുട്ടുന്നത് വരെയുള്ള ദീർഘമായ സമയത്തിനിടയിൽ എപ്പോഴൊക്കെയാണ് നമസ്കരിക്കേണ്ടത്? ഈ ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരങ്ങൾക്ക് ഹദീഥുകളെ ആശ്രയിക്കുക മാത്രമാണ് മാർഗ്ഗം.

നമസ്കാരവുമായി ബന്ധപ്പെട്ട കർമ്മങ്ങളിൽ അതിന്ന് മുമ്പുള്ള ശുദ്ധീകരണം അഥവാ വുദുവിനെക്കുറിച്ച് മാത്രമാണ് ഖുർആൻ ഏകദേശമെങ്കിലും കൃത്യമായി വിവരിക്കുന്നത് (5: 6). ‘പ്രദക്ഷിണം ചെയ്യുന്നവർക്കും നിൽക്കുന്നവർക്കും കുനിയുന്നവർക്കും സാഷ്ടംഗം നമിക്കുന്നവർക്കുമായി എന്റെ ഭവനത്തെ ശുദ്ധീകരിക്കണം’ (22: 26) എന്ന കഅ്ബാലയവുമായി ബന്ധപ്പെട്ട ഇബ്‌റാഹീം നബിയോടുള്ള ദൈവകല്പനയിലും ‘അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് കുനിയുകയും സാഷ്ടംഗം നമിക്കുകയും ചെയ്യുന്നവരായി നിനക്ക് അവരെക്കാണാം; അവരുടെ മുഖങ്ങളിൽ സാഷ്ടംഗത്തിന്റെ അടയാളമുണ്ട്’ (48: 29) എന്ന മുഹമ്മദ് നബിയുടെ അനുയായികളെക്കുറിച്ച വിവരണത്തിലും നിൽക്കുക (قيام), കുനിയുക (رُكوع), സാഷ്ടംഗം നമിക്കുക (سجود) എന്നീ നമസ്കാരത്തിലെ വ്യത്യസ്ത സ്ഥാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും അവ നമസ്കാരത്തിലെ കർമ്മങ്ങളാണെന്നോ അവ എങ്ങനെ നിർവ്വഹിക്കണമെന്നോ ഉള്ള വിവരങ്ങളൊന്നും ഖുർആനിലില്ല. യുദ്ധരംഗത്തെ നമസ്കാരത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോഴും സുജൂദിനെക്കുറിച്ച് പറയുന്നുവെന്നല്ലാതെ (4: 102) അതേക്കുറിച്ച വിശദീകരണങ്ങളൊന്നും അവിടെയുമില്ല. ഖിയാമും റുകൂഉം സുജൂദുമെല്ലാം നമസ്കാരത്തിലുള്ളതാണെന്നും അവ എങ്ങനെ നിർവ്വഹിക്കണമെന്നും മനസ്സിലാക്കണമെങ്കിൽ ഹദീഥുകൾ തന്നെ പരതേണ്ടി വരും. ശുദ്ധീകരണം മുതൽ നമസ്കാരത്തിലെ കർമ്മങ്ങൾ വരെയും നമസ്കാരസമയങ്ങൾ മുതൽ നമസ്കാരം അസാധുവാകുന്ന കാര്യങ്ങൾ വരെ വിവരിക്കുന്ന ഹദീഥുകൾ വ്യത്യസ്ത അദ്ധ്യായങ്ങളിലായി ബുഖാരിയും മുസ്‌ലിമുമടക്കമുള്ള പ്രസിദ്ധരായ ഹദീഥ് സമാഹർത്താക്കളെല്ലാം തങ്ങളുടെ ഗ്രന്ഥങ്ങളിൽ സമാഹരിച്ചിട്ടുണ്ട്.

മൂന്നാമത്തെ സ്തംഭമായ സകാത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്കരണം, പരിശുദ്ധി എന്നീ അർത്ഥങ്ങളുള്ള സകാത്ത് (زَّكَاةَ) എന്ന പദം 32 തവണയാണ് ഖുർആനിൽ പ്രയോഗിച്ചിരിക്കുന്നത്; അതിൽ 30 തവണയും സമ്പത്തിന്റെ സംസ്കരണമായ നിർബന്ധദാനത്തെക്കുറിച്ചാണ്. 25 തവണ നമസ്കാരത്തോടൊപ്പമാണ് സകാത്ത് പരാമർശിക്കപ്പെട്ടിരിക്കുന്നത് എന്നതിൽ നിന്ന് തന്നെ അതിന്റെ പ്രധാന്യം വ്യക്തമാണ്. സകാത്തിന്റെ എട്ട് അവകാശികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഖുർആൻ സൂക്തത്തിൽ (9: 60) ദാനധർമ്മങ്ങൾ എന്നർത്ഥം വരുന്ന സ്വദഖാത്ത് (الصَّدَقَاتُ) എന്നാണ്. അത് സകാത്തിന്റെ അവകാശികളെക്കുറിച്ചാണെന്ന് മനസ്സിലാകണമെങ്കിൽ പോലും ഹദീഥുകൾ പരിശോധിക്കണം. സകാത്ത് കൊടുക്കണം എന്നല്ലാതെ എത്ര, എങ്ങനെ, എന്തിനെല്ലാം നൽകണമെന്ന് ഖുർആനിൽ ഒരിടത്തും വ്യക്തമാക്കുന്നില്ല. അതറിയണമെങ്കിൽ ഹദീഥുകളെ അവലംബിക്കണം. പ്രധാനപ്പെട്ട ഹദീഥ് സമാഹർത്താക്കളെല്ലാം ഇവ്വിഷയകമായ ഹദീഥുകളെ പ്രത്യേകമായ അധ്യായത്തിലായി സമാഹരിച്ചിട്ടുണ്ട്. ബുഖാരിയിലെ ഇരുപത്തിനാലാമത്തെയും മുസ്‌ലിമിലെ പന്ത്രണ്ടാമത്തെയും അധ്യായങ്ങൾ സകാതിനെക്കുറിച്ച അധ്യായങ്ങളാണ് (كتاب الزكاة); അബൂദാവൂദിലെ ഒൻപതാമത്തെയും നസാഇയിലെ ഇരുപത്തിമൂന്നാമത്തെയും ഇബ്നു മാജയിലെ എട്ടാമത്തെയും തിർമിദിയിലെ ഏഴാമത്തെയും അധ്യായങ്ങളിലും സമാഹരിച്ചിരിക്കുന്നത് സകാത്തിനെക്കുറിച്ച ഹദീഥുകൾ തന്നെ. ഈ ഹദീഥുകളിൽ നിന്നാണ് എത്ര, എങ്ങനെ, എന്തിന്, എപ്പോഴാണ് സകാത്ത് നൽകേണ്ടതെന്ന് മനസ്സിലാകുന്നത്.

നാലാമത്തെ സ്തംഭമായ നോമ്പിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. നോമ്പ് എന്ന് പരിഭാഷപ്പെടുത്തുന്ന സൗമ് (صَوْم) അതിന്റെ വ്യത്യസ്ത രൂപങ്ങളിലായി പതിനാല് തവണ ഖുർആൻ ഉപയോഗിച്ചിട്ടുണ്ട്. ഖുർആനിന്റെ അവതരണമാസത്തിൽ എല്ലാ വിശ്വാസികളും നിർബന്ധമായും നോമ്പനുഷ്ഠിക്കണമെന്ന് ഖുർആൻ പറയുന്നുണ്ട് (2: 183-185). വ്രതാനുഷ്ടാനത്തിന്റെ ദിവസങ്ങളിൽ പകൽ സമയം ഭക്ഷണവും പാനീയവും ലൈംഗികതയും പാടില്ലെന്നും ഖുർആനിലുണ്ട് (2: 187). എന്നാൽ പകലിന്റെയും രാത്രിയുടെയും തുടക്കം തീരുമാനിക്കുന്നതെങ്ങനെയെന്ന് ഖുർആൻ മാത്രമുപയോഗിച്ച് തീരുമാനിക്കാനാവില്ല. പുലരിയുടെ വെളുത്ത നൂലിഴകൾ കറുത്ത നൂലിഴകളിൽ നിന്ന് തെളിഞ്ഞ് കാണാനാവുന്ന (حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ) സമയം മുതൽ രാത്രിയാകുന്നത് വരെ (إِلَى اللَّيْلِ) നോമ്പനുഷ്ഠിക്കാനാണ് ഖുർആനിന്റെ കല്പന. ഇതിന്നർത്ഥം പുലരിയുടെ ആരംഭത്തിലെ പ്രഭാതോദയം മുതൽ രാത്രിയുടെ തുടക്കത്തിലേ സൂര്യാസ്തമയം വരെയാണെന്ന് മനസ്സിലാവുക ഹദീഥുകളിൽ നിന്നാണ്. ഖുർആനിന്റെ മാത്രം അടിസ്ഥാനത്തിൽ നോമ്പിനെ നിർവ്വചിക്കാൻ ശ്രമിച്ചാൽ വ്രതകാലത്ത് തീരെ സംസാരിക്കാൻ പാടില്ലെന്നാണ് പറയേണ്ടി വരിക. യേശുമാതാവായ മറിയമിനോട് കല്പിച്ച നോമ്പിനെക്കുറിച്ച ഖുർആൻ സൂക്തത്തിൽ (19:26) നിന്ന് മനസ്സിലാവുക അങ്ങനെയാണ്. അന്തിമപ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ട നോമ്പിലെ വിധിവിലക്കുകൾ എന്തൊക്കെയാണെന്ന് കൃത്യമായി മനസ്സിലാകണമെങ്കിൽ ബുഖാരിയെയും മുസ്‌ലിമിനെയും പോലെയുള്ള സമാഹർത്താക്കൾ ക്രോഡീകരിച്ച ഗ്രന്ഥങ്ങളിലെ ഹദീഥുകൾ തന്നെ പരതേണ്ടി വരും.

അഞ്ചാമത്തെ സ്തംഭമായ ഹജ്ജിന്റെ കാര്യവും അങ്ങനെതന്നെ. തീർത്ഥാടനം എന്ന അർത്ഥത്തിൽ ഖുർആൻ ഹജ്ജ് (حَجِّ) എന്ന് പ്രയോഗിച്ചിരിക്കുന്നത് പന്ത്രണ്ട് തവണയാണ്. ‘ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു’വെന്ന് ഖുർആനിലുണ്ട് (2:197. ഏതൊക്കെയാണ് അറിയപ്പെട്ട മാസങ്ങളെന്ന് മനസ്സിലാകണമെങ്കിൽ ഹദീഥുകളെ ആശ്രയിക്കണം. അല്ലാഹുവിന്നായി ഹജ്ജും ഉംറയും പൂർണ്ണമായി നിർവ്വഹിക്കണമെന്ന് ഖുർആൻ നിർദേശിക്കുന്നുണ്ട് (2: 196). അവയുടെ പൂർണ്ണതയെങ്ങനെയാണെന്ന് അറിയണമെങ്കിൽ ഹദീഥുകൾ പരതണം. അറഫയിൽ നിന്ന് പുറപ്പെടണമെന്നും മശ്‌ഹറുൽ ഹറമിൽ വെച്ച് അല്ലാഹുവിനെ സ്തുതിക്കണമെന്നും ഖുർആനിലുണ്ട് (2: 198) . ഇതെല്ലാം എപ്പോൾ എങ്ങനെ ചെയ്യണമെന്ന് പഠിക്കണമെങ്കിൽ ഹദീഥുകൾ വായിക്കണം. രണ്ടോ മൂന്നോ ദിവസങ്ങൾ ദൈവസ്മരണയിൽ തന്നെ കഴിഞ്ഞുകൂടണമെന്ന് ഖുർആനിലുണ്ട് (2: 203). എവിടെ എങ്ങനെ കഴിയണമെന്ന് മനസ്സിലാക്കുവാൻ ഹദീഥുകൾ തന്നെ ശരണം. ഹദീഥ് ഗ്രന്ഥങ്ങളിലെ ഹജ്ജിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഹദീഥുകളിലൂടെയല്ലാതെ എങ്ങനെ എപ്പോൾ എവിടെയെല്ലാം വെച്ചാണ് ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കേണ്ടതെന്ന് മനസ്സിലാക്കാൻ കഴിയില്ല, തീർച്ച.

കർമ്മങ്ങളുടെ മാത്രം കാര്യത്തിലല്ല, വൈയക്തികവും കൗടുംബികവും സാമൂഹികവുമായ മുഴുവൻ നിയമങ്ങളുടെ കാര്യത്തിലും അവയെക്കുറിച്ച് പൂർണ്ണമായി അറിയാൻ കഴിയണമെങ്കിൽ ഖുർആനിനോടൊപ്പം ഹദീഥുകളെയും നാം പരിശോധിക്കേണ്ടി വരും. അത്യുത്തമമായ സ്വഭാവഗുണങ്ങളുടെ ഉടമയാണ് മുഹമ്മദ് നബിയെന്നും (68: 4) വിശ്വാസികൾക്കെല്ലാം മുഹമ്മദ് നബിയിൽ ഉത്തമമായ മാതൃകയുണ്ടെന്നും (33: 21) ഖുർആൻ സാക്ഷീകരിക്കുന്നുണ്ട്. എന്തൊക്കെയായിരുന്നു മാതൃകയാക്കേണ്ട നബിസ്വഭാവങ്ങളെന്ന് മനസ്സിലാക്കണമെങ്കിൽ ഹദീഥുകളുടെ സഞ്ചരിക്കേണ്ടി വരും. സ്ത്രീകൾക്ക് ബാധ്യതകളും അവകാശങ്ങളുമുണ്ടെന്നും (2: 228) പുരുഷന്മാർക്ക് അവർക്ക് മേൽ ഉത്തരവാദിത്തമുണ്ടെന്നും (4: 34) ഖുർആനിൽ പറയുന്നുണ്ട്. എന്തെല്ലാമാണ് പുരുഷന്റെയും സ്ത്രീയുടെയും ഉത്തരവാദിത്തങ്ങളും അവകാശങ്ങളുമെന്ന് അറിയണമെങ്കിൽ ഹദീഥകളെ ആശ്രയിക്കേണ്ടി വരും. ഇച്ചിക്കുന്ന വിധം സ്ത്രീ-പുരുഷ സംസർഗ്ഗത്തിലേർപ്പെടാൻ ഖുർആൻ അനുവദിക്കുന്നുണ്ട് (2: 223). കിടപ്പറയിലെ മര്യാദകളെയും വിധിവിലക്കുകളെയും കുറിച്ച് പഠിക്കണമെങ്കിൽ ഹദീഥുകൾ നോക്കണം. പക്ഷപാതിത്വങ്ങളൊന്നുമില്ലാതെ നീതിയോടോപ്പമാണ് വിശ്വാസികൾ നിലനിൽക്കേണ്ടതെന്ന് ഖുർആനിലുണ്ട് (4: 135, 5: 8). ജീവിതവ്യവഹാരങ്ങളിൽ ഓരോ സന്ദർഭത്തിലും പാലിക്കേണ്ട നീതിയെന്തെന്നും നിയമങ്ങളെന്തൊക്കെയാണെന്നും മനസ്സിലാക്കണമെങ്കിൽ ഹദീഥുകളെത്തന്നെ ആശ്രയിക്കേണ്ടി വരും. യുദ്ധസാഹചര്യങ്ങളെയും സമാധാനസന്ദർഭങ്ങളേയും കുറിച്ച നിരവധി വചനങ്ങൾ ഖുർആനിലുണ്ട്. അവ എപ്പോൾ എവിടെയൊക്കെയാണ് പ്രായോഗികമെന്ന് അറിയുവാൻ ഹദീഥുകൾ നോക്കണം. കൊന്നവനെ കൊല്ലണമെന്നും അല്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്നും (2: 178, 179) വ്യഭിചാരികൾക്ക് നൂറ് അടികൾ വീതം ശിക്ഷ നൽകണമെന്നും (4: 2) കൊള്ളക്കാരുടെ കൈകൾ ഛേദിക്കണമെന്നും (5: 38) പതിവ്രതകൾക്ക് മേൽ വ്യഭിചാരാരോപണം ഉന്നയിക്കുന്നവരെ എൺപത് അടികൾ നൽകി ശിക്ഷിക്കണമെന്നും (24: 4) ഖുർആനിലുണ്ട്. ഇവയല്ലാത്ത കുറ്റകൃത്യങ്ങൾക്ക് എന്ത് എങ്ങനെ ശിക്ഷകൾ നൽകണമെന്ന് അറിയുവാനും ഈശിക്ഷകൾ തന്നെ നടപ്പാക്കേണ്ട രീതികളും സന്ദർഭങ്ങളുമെന്തൊക്കെയാണെന്ന് മനസ്സിലാക്കുവാനും ഹദീഥുകളെ ശരണം പ്രാപിക്കണം.

ഇരുപത്തി മൂന്ന് വർഷങ്ങൾക്കിടയിലെ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിൽ അവതരിപ്പിക്കപ്പെട്ട ദൈവവചനങ്ങളുടെ സമാഹാരമാണ് ഖുർആൻ; സ്രഷ്ടാവ് ഖുർആനിലൂടെ മനുഷ്യരോട് സംസാരിക്കുകയാണ് ചെയ്യുന്നത്. സംസ്കാരത്തിന്റെ പൂജ്യം ഡിഗ്രിയിൽ നിന്ന് നൂറ് ഡിഗ്രിയിലേക്ക് ഒരു സമൂഹത്തെ പരിവർത്തിപ്പിച്ച ഗ്രന്ഥമാണത്. അവതരിപ്പിക്കപ്പെട്ട സമൂഹത്തിന്റെ വളർച്ചക്കൊപ്പമാണ് ഖുർആൻ വികസിച്ച് വന്നത്. ഖുർആൻ വചനങ്ങളുടെ അവതരണത്തോടൊപ്പം അതനുസരിച്ച് ജീവിക്കേണ്ടതെങ്ങനെയെന്ന് അവർക്കിടയിൽ ജീവിക്കുന്ന ഒരു പ്രവാചകനിൽ നിന്ന് കണ്ട് പഠിച്ചുകൊണ്ടാണ് ആ സമൂഹം വളർന്നത്. ആ സമൂഹത്തെ ചൂണ്ടിക്കൊണ്ടാണ് അല്ലാഹു ലോകത്തിന് വഴികാട്ടിയായ ഉത്തമസമുദായമാണ് നിങ്ങളെന്ന് സാക്ഷ്യപ്പെടുത്തിയത് (3: 110); ജനങ്ങൾക്ക് സാക്ഷികളായ നിങ്ങൾക്ക് സാക്ഷിയായുള്ളത് ദൈവവദൂതനാണെന്നും ആ സമൂഹത്തോട് ഖുർആൻ പറഞ്ഞു (2: 143). അന്തിമപ്രവാചകനാണ് തിരുമേനിയിലൂടെ പൂർത്തീകരിക്കപ്പെട്ട ഇന്നത്തെ ഇസ്‌ലാമിന്റെ കാതൽ. കഥാകാരൻ സക്കറിയ പറഞ്ഞത് പോലെ ‘നമ്മെപ്പോലെ വെയിൽകൊണ്ടും തണുത്തും വിയർത്തും വിശന്നുവലഞ്ഞും സങ്കടപ്പെട്ടും ദേഷ്യപ്പെട്ടും സ്നേഹിച്ചും ജീവിച്ച ഒരു മനുഷ്യൻ; അതേ സമയം നമ്മെപ്പോലെയല്ലാതെ പ്രപഞ്ചത്തിലേക്ക് ഹൃദയം പറത്തി വിട്ട ഒരു മനുഷ്യൻ; ഒരു ജീവിക്കുന്ന പ്രവാചകൻ’. ആ പ്രവാചകനെ ലോകത്തിന് മുമ്പിൽ വരച്ചു കാണിക്കുന്ന സ്രോതസ്സുകളാണ് ഹദീഥുകൾ. അതാണ് ഹദീഥുകളുടെ പ്രസക്തി. നബിജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ അവതരിക്കപ്പെട്ട ദൈവവചനങ്ങളുടെ സമാഹാരമാണ് ഖുർആനെങ്കിൽ ആ സാഹചര്യങ്ങളെ വ്യക്തമാക്കുകയും വചനങ്ങളെ എങ്ങനെ പ്രയോഗവൽക്കരിക്കാമെന്ന് കാണിച്ചുകൊടുത്ത ദൈവദൂതന്റെ ജീവിതത്തെ രേഖപ്പെടുത്തുകയും ചെയ്യുന്ന സ്രോതസ്സുകളാണ് ഹദീഥുകൾ എന്ന് പറയാം.

അന്തിമപ്രവാചകനെ പ്രായോഗികമായി എന്നെന്നും ജീവിക്കുന്നവനാക്കിത്തീർക്കുന്ന സ്രോതസ്സുകളാണ് ഹദീഥുകൾ; വ്യത്യസ്തങ്ങളായ ജീവിതസന്ദർഭങ്ങളിൽ മുഹമ്മദ് നബി പറഞ്ഞതെന്തെല്ലാമെന്നും ചെയ്തതെന്തെല്ലാമെന്നും മനസ്സിലാക്കാൻ അവസാനനാളുവരെയുള്ള മുഴുവനാളുകളെയും സഹായിക്കുന്ന സ്രോതസ്സുകൾ. നബിയെക്കുറിച്ചുള്ള യേശുക്രിസ്തുവിന്റെ ഒരു പ്രവചനത്തിൽ (യോഹന്നാൻ 14: 16) ‘എന്നന്നേക്കും നിങ്ങളോട് കൂടെയിരിക്കുന്നവൻ’ എന്നാണ് അന്തിമപ്രവാചകനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഹദീഥുകളാണ് മുഹമ്മദ് നബിയെ എന്നെന്നേക്കും ലോകത്തോട് കൂടെയിരിക്കുന്നവനാക്കിത്തീർക്കുന്നത്; ലോകത്തോടൊപ്പം ജീവിക്കുന്ന ദൈവദൂതൻ. ഖുർആനും ഹദീഥുകളും ചേർന്നാണ് അന്തിമപ്രവാചകനിലൂടെ പൂർത്തീകരിക്കപ്പെട്ട ഇസ്‌ലാമിനെ അവസാനനാളുവരെയുള്ള മനുഷ്യർക്ക് പ്രാപ്യമാക്കിത്തീർക്കുന്നത്.

ഇസ്‌ലാമിന്റെ അസ്ഥിവാരമാണ് ഖുർആൻ; മനുഷ്യർക്കൊന്നും അനുകരിക്കാനാവാത്ത വേദഗ്രന്ഥം; അതിലെ ആശയങ്ങളും ഭാഷയും പദങ്ങളും പ്രയോഗങ്ങളുമെല്ലാം പടച്ചവൻ തീരുമാനിച്ചതാണ്; മാനുഷികമായ കരവിരുതുകൾക്കൊന്നും വിധേയമായിട്ടില്ലാത്ത ഗ്രന്ഥമാണത്; അമാനുഷികമായ വേദഗ്രന്ഥം. ഹദീഥുകൾ അങ്ങനെയല്ല; ഖുർആൻ പ്രകാരം ജീവിച്ച് എങ്ങനെ മാനവികതയുടെ ഉജ്ജ്വലഭവങ്ങളിലെത്താമെന്ന് സ്വന്തം ജീവിതം വഴി ലോകത്തെ പഠിപ്പിച്ച മനുഷ്യനായ പ്രവാചകന്റെ വാക്കുകളുടെയും പ്രവർത്തനങ്ങളുടെയും അനുവാദങ്ങളുടെയും ആവിഷ്കാരങ്ങളാണവ. മനുഷ്യരുടേതാണ് ആ ആവിഷ്കാരം. ദൈവികബോധനത്തിന്റെ അടിത്തറയിൽ മാത്രമാണ് മുഹമ്മദ് നബി സംസാരിച്ചിട്ടുള്ളതെന്ന് ഖുർആൻ സാക്ഷീകരിച്ചിട്ടുള്ളതാണ് (53: 3-4). അതുകൊണ്ട് തന്നെ സ്വീകാര്യമായ നബിവചനങ്ങളിലെ ആശയങ്ങൾ ദൈവികമാണെന്ന് പറയാം. എന്നാൽ പടച്ചവൻ പറഞ്ഞതായി പ്രവാചകൻ പഠിപ്പിച്ച ഖുദ്‌സിയായവ ഒഴിച്ചുള്ള ഹദീഥുകളുടെ ഭാഷയും പദങ്ങളും പ്രയോഗങ്ങളുമെല്ലാം മനുഷ്യരുടേതാണ്. മനുഷ്യനായ പ്രവാചകൻ എങ്ങനെയായിരുന്നുവെന്നും എന്ത് പറഞ്ഞുവെന്നും മനുഷ്യരായ അനുയായികൾ പറഞ്ഞുകൊടുക്കുകയും മനുഷ്യരായ വിശ്വാസികളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്താണ് ഹദീഥുകൾ നമുക്കടുത്ത് എത്തിയിരിക്കുന്നത്. ഇങ്ങനെ എത്തിയ ഹദീഥുകളില്ലാതെ വ്യസ്ത്യസ്ത സന്ദർഭങ്ങളിൽ അന്തിമപ്രവാചകൻ എങ്ങനെ പെരുമാറിയെന്നോ എന്ത് പറഞ്ഞുവെന്നോ എന്തെല്ലാം ചെയ്തുവെന്നോ മനസ്സിലാക്കാൻ നമുക്ക് കഴിയില്ല; എങ്ങനെ ഇസ്‌ലാംമിലെത്തണമെന്നോ എങ്ങനെ മുസ്‌ലിമായി ജീവിക്കണമെന്നോ അറിയാനാവില്ല; മുസ്‌ലിം എങ്ങനെയാണ് കുടുംബത്തിന്റെ നായകത്വം വഹിക്കേണ്ടതെന്നോ രാഷ്ട്രത്തിന്റെ നേതൃത്വത്തിലിരിക്കേണ്ടതെന്നോ പഠിക്കാൻ സാധിക്കില്ല. ഹദീഥുകളില്ലാത്ത ഇസ്‌ലാം പ്രവാചകനെന്ന വഴികാട്ടിയില്ലാത്ത ഇസ്‌ലാമായിരിക്കും; പ്രവാചകജീവിതത്തിന്റെ സുഗന്ധമോ സൗരഭ്യമോ ഇല്ലാത്ത ഇസ്‌ലാം.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.