
അബൂ ദര്‍ദാഅ് (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: ”അന്ത്യനാളില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല.” (അബൂ ദാവൂദ് 4799)
മനുഷ്യന്റെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്ന മാനദണ്ഡമാണ് സ്വഭാവം. മനുഷ്യരെ നല്ലവരെന്നും ചീത്തവരെന്നും സമൂഹം തരംതിരിക്കുന്നത് സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ്. മാനുഷിക ബന്ധങ്ങളെ സുദൃഢമാക്കുന്നതും അതില്‍ വിള്ളലുകള്‍ വീഴ്ത്തുന്നതും സ്വഭാവത്തിലെ നന്മതിന്മകളാണ്. നല്ല സ്വഭാവം പരലോക വിജയത്തിന് നിദാനമാകുന്ന വലിയ നന്മയായാണ് പ്രവാചകന്‍ (സ) പഠിപ്പിക്കുന്നത്. വ്യക്തിജീവിതത്തിലെ പെരുമാറ്റ രീതികള്‍ നല്ലതായിത്തീരുമ്പോള്‍ മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്നതോടൊപ്പം പ്രപഞ്ചനാഥന്റെ പ്രതിഫലത്തിനു കൂടി അര്‍ഹരായി മാറാന്‍ നമുക്ക് സാധിക്കും. പ്രവാചകജീവിതത്തിലെ ഇരുപത്തിമൂന്നു വര്‍ഷം കൊണ്ട് ഒരു ജനതയെ മുഴുവന്‍ തന്റെ സല്‍സ്വഭാവം കൊണ്ട് കീഴടക്കിയവനായിരുന്നു മുഹമ്മദ് നബി (സ). ശിലാഹൃദയരായിരുന്ന അമുസ്‌ലിംകളെപ്പോലും തന്റെ വശ്യമായ പെരുമാറ്റം കൊണ്ട് ഇസ്‌ലാമിലേക്ക് ആകര്‍ഷിപ്പിക്കാന്‍ റസൂലി(സ)നു കഴിഞ്ഞിട്ടുണ്ട്. ജൂതനായിരുന്ന സൈദ്ബ്‌നു സഅ്‌ന ഒരിക്കല്‍ റസൂലി(സ)നോട് വളരെ പരുഷമായി പെരുമാറി. അദ്ദേഹത്തിന് കുറച്ചു പണം ആവശ്യമായിരുന്നു. അദ്ദേഹം നബി(സ)യോട് പറഞ്ഞു: മുഹമ്മദ് നീ എന്റെ അവകാശം എനിക്ക് നൽകുക നിങ്ങള്‍ അബ്ദുല്‍ മുത്തലിബിന്റെ മക്കൾ വലിയ ഔദാര്യവാന്‍മാരാണല്ലോ. നബി (സ) യുടെ വസ്ത്രവും മേല്‍തട്ടവും കൂട്ടിപ്പിടിച്ച് തന്റെ അടുത്തേക്ക് വലിച്ചുകൊണ്ടുള്ള ഈ സംസാരം റസുലി(സ)ന്റെ കൂടെയുണ്ടായിരുന്ന ഉമറി(റ)ന് തീരെ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു: അല്ലാഹുവിന്റെ ശത്രു, അല്ലാഹുവിന്റെ ദൂതനോടാണോ ഇത്തരം വര്‍ത്തമാനങ്ങള്‍ പറയുന്നതും വൃത്തികേടുകള്‍ കാട്ടിക്കൂട്ടുന്നതും. അദ്ദേഹത്തെ സത്യവുമായി നിയോഗിച്ചവനാണ് സത്യം. നബി(സ)യുടെ ആക്ഷേപം ഭയന്നിട്ടില്ലായിരുന്നുവെങ്കില്‍ ഈ വാള്‍ നിന്റെ തല അറുക്കുമായിരുന്നു. ശാന്തമായി ഉമറിനെ നോക്കിക്കൊണ്ട് മുഹമ്മദ് നബി (സ) പറഞ്ഞു: ഉമര്‍, സൈദിനോടൊപ്പം പോയി അയാളുടെ അവകാശം നല്‍കുക. അതോടൊപ്പം ഇരുപത് സാഅ് ഈത്തപ്പഴം കൂടി അദ്ദേഹത്തിനു കൂടുതലായി നല്‍കുക.
താന്‍ പരുഷമായി പെരുമാറിയിട്ടുപോലും തന്നോട് ലോലമായി സംസാരിച്ച നബി(സ)യുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടനായ സൈദ് മനസ്സുമാറി മുസ്‌ലിമായിത്തീർന്നു. നിര്‍മലമായ സ്വഭാവം കൊണ്ടും നിഷ്‌കപടമായ പെരുമാറ്റം കൊണ്ടും ആരുടെയും മനസ്സ് മാറ്റാന്‍ സാധിക്കുമെന്ന് പ്രവാചകജീവിതം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നു. ഒരാളില്‍ ഏതെല്ലാം നന്മകള്‍ കുടികൊള്ളുന്നുവെങ്കിലും സല്‍സ്വഭാവത്തിന്റെ അഭാവത്തില്‍ അവയെല്ലാം അസ്വീകാര്യമായിരിക്കും. മനുഷ്യന്റെ ഔന്നിത്യത്തിന്റെ അളവുകോലായി ഇസ്‌ലാം നിശ്ചയിച്ചത് ഉല്‍കൃഷ്ട സ്വഭാവത്തെയാണ്. അതുകൊണ്ടാണ് റസൂല്‍ (സ) പറഞ്ഞത്, ”നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ഏറ്റവും നല്ല സ്വഭാവമുള്ളവരാകുന്നു.” ഉന്നത സ്വഭാവ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യക്തികളെ വാര്‍ത്തെടുക്കുക വഴി സാമൂഹിക സംസ്‌കരണമാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്.
👍🏻
Good
Alhamdulillah
വളരെ നന്നായിരിക്കുന്നു.
❤👍
👍
👍👍👍
ماشاءالله
alhamdulillah
I lick prophet,s life I will try to follow
👍
The best