സൽസ്വഭാവം നട്ടുവളർത്താം

//സൽസ്വഭാവം നട്ടുവളർത്താം
//സൽസ്വഭാവം നട്ടുവളർത്താം
പാരന്റിംഗ്‌

സൽസ്വഭാവം നട്ടുവളർത്താം

ലോകചരിത്രത്തിലെ തലയെടുപ്പുള്ള ഇരുപത്തൊന്ന് നാഗരിഗതകളിൽ കുറഞ്ഞപക്ഷം പതിനാറെണ്ണമെങ്കിലും നശിപ്പിക്കപ്പെട്ടത്‌ പുറത്ത്‌ നിന്നുള്ള ആക്രമണം കൊണ്ടായിരുന്നില്ല, പ്രത്യുത അവരുടെ തന്നെ പ്രവർത്തിമൂലമായിരുന്നു(1). ഒരു രാജ്യത്തിന്റെ തകർച്ച വളർന്നുവരുന്ന ഓരോ കുട്ടിയുടെയും സ്വഭാവഗുണങ്ങളിൽ അന്തർലീനമാണെന്ന് ഉറപ്പിക്കുന്നതാണ്‌ പ്രശസ്ത ബ്രിട്ടീഷ്‌ ചരിത്രകാരനായ അർനോൾഡ്‌ ടോണിബീയുടെ മേൽപ്രസ്താവിച്ച നിരീക്ഷണം. ഏതൊരു കുട്ടിയുടെയും സ്വഭാവരൂപീകരണം സാധ്യമാകുന്നത്‌ അവന്റെ ചുറ്റുപാടുകളിൽനിന്നാണ്‌. അവന്റെ ചുറ്റുപാടുകളിലെ പ്രധാനപ്പെട്ട രണ്ടു വിഭാഗമാണ്‌ രക്ഷിതാക്കളും അധ്യാപകരും. മക്കളിൽ സൽസ്വഭാവം നട്ടുവളർത്തുന്നതിൽ അശ്രദ്ധ കാണിക്കുന്ന രക്ഷിതാക്കളും, വിദ്യാർത്ഥികളിൽ പാഠപുസ്തകങ്ങളേക്കാളേറെ നല്ല സ്വഭാവ ഗുണങ്ങൾ ശീലിപ്പിക്കുന്നതിന്‌ പ്രാധാന്യം നൽകാത്ത അധ്യാപകരും രാജ്യത്തിന്റെ പതനത്തിൽ പങ്കുപറ്റുന്നുവരാണ്‌.

ഒരു സമൂഹത്തിൽ പ്രഗൽഭരായ അനേകം വക്കീലും, ഡോക്ടറും, പോലീസും ഉണ്ടെന്നുള്ളത്‌ ആ ദേശത്തിന്റെ പുരോഗതിയായി കാണരുത്‌, എന്നാൽ അവിടെ അനീതിയും, അനാരോഗ്യവും അക്രമവും വ്യാപകമായതിന്റെ പരിണിതഫലമായിട്ടുവേണം മനസ്സിലാക്കാൻ എന്ന് ഗ്രീക്ക്‌ തത്ത്വചിന്തകനായ പ്ലാറ്റോ പറയുന്നുണ്ട്‌. അങ്ങനെയുള്ള ഒരു സ്ഥിതിവിശേഷം ഉണ്ടാകുന്നത്‌ ഒരു രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ കൊള്ളരുതായ്മയാണ്‌ കാണിക്കുന്നത്‌ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.(2) രാഷ്ട്രത്തിലെ ഉന്നതർക്കിടയിലെ ദുരാഗ്രഹവും, അഴിമതിയും സമൂഹത്തിലെ എല്ലാനിലയിലുള്ള ആളുകളെയും സ്വാധീനിക്കും. അവർ സ്വാഭാവികമായും ചിന്തിക്കുക സമ്പത്തും അധികാരവുമുള്ള അവർക്ക്‌ നിയമങ്ങൾ കാറ്റിൽ പറത്തി‌ ആവശ്യമുള്ളതെല്ലാം നേടിയെടുക്കാമെങ്കിൽ, ഒന്നും ചെയ്യാതിരിക്കുന്ന ഞാൻ വെറുമൊരു വിഡ്ഡി മാത്രമായിത്തീരും എന്നായിരിക്കും.(3) ഏകാധിപത്യ ഭരണം ഭയത്തെ ആശ്രയിച്ചാണ്‌ നിലനിൽക്കുന്നത്‌, ഭയമില്ലാതാകുന്നതോടെ അത്‌ തകരും. രാജാധിപത്യ ഭരണം ജനങ്ങളുടെ കൂറിനെ ആശ്രയിച്ചാണ്‌ മുന്നോട്ട്‌ പോകുന്നത്‌, ജനാധിപത്യ ഭരണമാകട്ടെ അതിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന തത്ത്വം പൗരൻമാരുടെ സദ്ഗുണങ്ങളാണ്‌, അവ ക്ഷയിക്കുന്നതോടെ ഭരണത്തിന്‌ ഉലച്ചിലുണ്ടാകും.(4) അത്കൊണ്ട്‌ തന്നെ ജനാധിപത്യരാജ്യങ്ങളുടെ തകർച്ചക്ക്‌ കാരണക്കാർ അവിടുത്തെ ഓരോ രക്ഷിതാവും അധ്യാപകനുമാണെന്ന് നിസ്സംശയം കൂട്ടിവായിക്കാം.

എത്ര വലിയ ആൾബലത്തെയും തോൽപ്പിക്കാൻ ബുദ്ധിശക്തികൊണ്ട്‌ സാധിക്കുമെന്നത്‌ നമുക്കെല്ലാം ബോധ്യമുള്ള സംഗതിയാണ്‌, എന്നാൽ എത്ര വലിയ ബുദ്ധിശക്തിയെയും സൽസ്വഭാവം കൊണ്ട്‌ തോൽപ്പിക്കാമെന്ന് നമ്മിൽ എത്രപേർക്ക്‌ ബോധ്യമുണ്ട്‌. “ഒരു റാത്തൽ ബുദ്ധിക്ക്‌ ഒരു ഔൺസ്‌ സ്വഭാവം” എന്നൊരു പഴഞ്ചൊല്ല് തന്നെയുണ്ട്‌. (An ounce of character is worth a pound of intelligence). അന്ത്യനാളിൽ കർമ്മങ്ങൾ തൂക്കിനോക്കുമ്പോൾ മറ്റെന്തിനേക്കാളും കൂടുതൽ ത്രാസിൽ കനം തൂങ്ങുന്നത്‌ കായികബലമോ, ബുദ്ധിശക്തിയോ ആയിരിക്കില്ല സൽസ്വഭാവം മാത്രമായിരിക്കുമെന്ന പ്രകാചക വചനം ഓർമ്മിക്കുക(5). വിശ്വാസികളിൽ ഏറ്റവും ഉത്തമർ സൽസ്വഭാവികളാണെന്നും പ്രവാചകൻ ﷺ നമ്മെ പഠിപ്പിക്കുന്നു(6). നിന്നെ ഏറ്റവും മഹത്തായ സ്വഭാവത്തിന്‌ ഉടമയാക്കിയിരിക്കുന്നുവെന്ന് ഖുർആൻ പ്രവാചകനെﷺ കുറിച്ച്‌ പറയുകയും(7) എന്നിട്ട്‌ ആ പ്രവാചകനെﷺ മാതൃകയാക്കാൻ ഖുർആൻ നിരന്തരം നമ്മോട്‌ കൽപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ സൽസ്വഭാവം മാതൃകയാക്കുന്നവരെയാകട്ടെ പ്രവാചകൻ ﷺ തുലനം ചെയ്യുന്നത്‌ പകൽ മുഴുവൻ നോമ്പെടുക്കുകയും രാത്രി മുഴുവൻ നമസകരിക്കുകയും ചെയ്യുന്നവരോടാണ്‌(8), മാത്രമല്ല സൽസ്വഭാവികൾക്ക്‌ സ്വർഗത്തിന്റെ ഉന്നതങ്ങളിൽ ഒരു ഭവനവും അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട്‌(9).

ഏതൊരു കുട്ടിയെ സംബന്ധിച്ചും അവന്റെ വ്യക്തി ജീവിതത്തിലും, സാമൂഹ്യ ജീവിതത്തിലും അത്‌ വഴി രാഷ്ട്രത്തിനും, അവന്റെ പരലോകലോക ജീവിതത്തിലും വിജയം നേടികൊടുക്കുന്ന ഒന്നാണ്‌ അവൻ സ്വായത്തമാക്കുന്ന സൽസ്വഭാവങ്ങൾ. രക്ഷിതാക്കളും അധ്യാപകരും മറ്റെന്തിനേക്കാളും പ്രാധാന്യത്തോടെ സമയം കണ്ടെത്തി ബോധപൂർവ്വം നിർവ്വഹിക്കേണ്ട ഒന്നാണ്‌ സ്വഭാവരൂപീകരണം. എന്തെല്ലാമാണ്‌ കുട്ടികളുടെ ഒരോ വളർച്ചാഘട്ടത്തിലും അതിനായി ചെയ്യേണ്ടത്‌ എന്നതിന്‌ മുൻപ്‌ എന്താണ്‌ സ്വഭാവം (character) എന്ന് നോക്കാം.

വളർന്നുവരുന്ന ചുറ്റുപാടുകളെ പഠിച്ചും നിരീക്ഷിച്ചും പ്രതികരിച്ചും സംവദിച്ചും ഒരാൾ സ്വായത്തമാക്കുന്ന സ്വന്തം ഭാവങ്ങളാണ്‌ സ്വഭാവമെന്ന് ലളിതമായി വ്യാഖ്യാനിക്കാം. ഈ ഭാവങ്ങൾ തന്റെ ശീലങ്ങളായി മാറുകയും, അനുയോജ്യമായ സാഹചര്യങ്ങളിലെല്ലാം ബോധപൂർവമോ അല്ലാതെയോ പ്രതിഫലിച്ചുകൊണ്ടിരിക്കുകയും ചെയ്യും. പ്രസ്തുത പ്രതിഫലനത്തെ അളന്നുകൊണ്ടാണ്‌ ഒരാൾ നല്ലതാണോ ചീത്തയാണോ എന്ന് മറ്റുള്ളവർ വിലയിരുത്തുന്നത്‌. ഇംഗ്ലീഷിൽ ക്യാരക്ടർ (character) എന്ന വാക്ക്‌ കൊത്തിവെയ്ക്കുക (engrave) എന്നർത്ഥം വരുന്ന ക്യാരാസ്സീൻ(charassein) എന്ന ഗ്രീക്ക്‌ പഥത്തിൽ നിന്ന് ഉത്ഭവിച്ചതാണ്.‌(10) തന്റെ സ്വത്വത്തിൽ കൊത്തിവെയ്ക്കപ്പെട്ട ഭാവങ്ങളാണ്‌ സ്വഭാവമെന്ന് സാരം. സ്കൂളുകളിൽ എന്തും പഠിക്കാൻ സ്വീകരിക്കുന്ന മൂന്ന് ആർ (3 R) കളായ വായന (Read), എഴുത്ത് (write)‌, കണക്ക്‌ കൂട്ടൽ (arithamatic) എന്നിവയിലൂടെയല്ല സ്വഭാവം വളർത്തിയെടുക്കേണ്ടത്‌‌. അതിന്‌ മൂന്ന് എച്ച്‌ (3 H) കളായ ശിരസ്സ്‌ (Head), ഹൃദയം (Heart), കരം (Hand) എന്നിവയാണ്‌‌ ഉപയോഗിക്കേണ്ടത്.‌(11) അഥവാ സൽസ്വഭാവം സ്വയാത്തമാക്കേണ്ടത്‌ നന്മയെ‌ അറിഞ്ഞും, നന്മയെ സ്നേഹിച്ചും, നന്മ ചെയ്‌തുകൊണ്ടുമാണ്‌.(‌12)

സൽസ്വഭാവത്തിന്റെ ഉള്ളടക്കം നല്ല ഗുണങ്ങളാണ്‌ (virtues). സത്യസന്ധത, നീതിബോധം, സ്ഥൈര്യം, അനുകമ്പ, ബഹുമാനം, സഹാനുഭൂതി, സഹിഷ്ണുത, ദയ, വിവേചനശക്തി, ആത്മസംയമനം തുടങ്ങി നൂറുകണക്കിന്‌ ഗുണങ്ങൾ അടങ്ങിയതാണ്‌ സൽസ്വഭാവം. വ്യക്തിയെ ജീവിതത്തിലെ ഏത്‌ സന്ദർഭത്തിലും ധാർമ്മികമായി നന്മയിലേക്ക്‌ നയിക്കാനും, മറ്റുള്ളവർക്ക്‌ നന്മ പ്രദാനം ചെയ്യാനും പ്രേരിപ്പിക്കുന്ന സവിശേഷ ഗുണങ്ങളാണ്‌ നല്ല സ്വഭാവത്തിലൂടെ ലക്ഷ്യമാക്കുന്നത്‌. ഈ ഗുണങ്ങൾ ഒരു കുട്ടിയിൽ പരിശീലിപ്പിച്ച്‌ വളർത്തിയെടുക്കുന്നതിലൂടെ അവരിൽ ഒരു സദാചാരനൈതികത (ethics) രൂപം കൊള്ളണം. എന്ന് വെച്ചാൽ നന്മയും തിന്മയും മുന്നിൽ വന്ന് ഒരു ചോദ്യചിഹ്നമായി നിൽക്കുമ്പോൾ, നന്മയെ തിരിച്ചറിയാനുള്ള വ്യക്തിഗത കഴിവ്‌. ഇവിടെയാണ്‌ മതങ്ങളുടെ പ്രസക്തി. ഇസ്‌ലാമിനെ സംബന്ധിച്ച്‌ ജീവിതത്തിന്റെ നിഖില മേഖലകളിലും നന്മയേത്‌ തിന്മയേത്‌ എന്ന് വ്യവഛേദിച്ച്‌ മനസ്സിലാക്കിതരുന്ന രണ്ട്‌ സ്രോതസ്സുകളാണ്‌ വിശുദ്ധ ഗ്രന്ഥമായ‌ ഖുർആനും, പ്രവാചകന്റെﷺ ജീവിതവും. എന്നാൽ ഇസ്‌ലാമിനെപ്പോലെ കണിശമായി ധർമ്മാ-അധർമ്മങ്ങളെ വേർത്തിരിക്കാത്ത മതവിശ്വാസികളും, നിരീശ്വര-ഭൗതികവാദികളും പിന്തുടരുന്നത്‌ മനസ്സാക്ഷിയെയാണ്‌ (conscience). ഇവിടെ ധാർമ്മികതയെ ആത്മനിഷ്ഠമായിട്ടാണ്‌ (subjective) പരിഗണിക്കുന്നത്‌. ആപേക്ഷിക ധാർമ്മികത (moral relativism) എന്ന പേരിലാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. അഥവാ ധാർമ്മികതയെന്നത്‌ സമ്പൂർണമോ (moral absolutism) നിയതമോ അല്ലയെന്നും ഒരോ വ്യക്തിയും പ്രത്യേക സാഹചര്യത്തിൽ സ്വന്തം താത്പര്യപ്രകാരമെടുക്കുന്ന തീരുമാനങ്ങളാണ്‌ ധാർമ്മികതയെന്ന സിദ്ധാന്തം. യൂറോപ്യൻ നവോത്ഥാന കാലഘട്ടത്തിന്‌ മുമ്പ്‌ ലോകത്ത്‌ ധാർമ്മികത സാംസ്കാരികമായി ആപേക്ഷികമായിരുന്നു (cultural relativism), അഥവാ ഓരോ ദേശത്തിനും വർഗത്തിനും മതത്തിനും ഓരോ ധാർമ്മിക ചട്ടക്കൂട്‌ നിലനിന്നിരുന്നു. എന്നാൽ നവോത്ഥാനത്തിനും ഫ്രഞ്ച്‌ വിപ്ലവത്തിനും ശേഷം അത്‌ വ്യക്തിഗത ആപേക്ഷികതയായി (personal relativism) മാറി.(‌13) യാതൊരു നിയതമായ അച്ചടക്കങ്ങളുമില്ലാതെ തന്നിഷ്ടപ്രകാരം നിശ്ചയിക്കാവുന്ന ഒന്നായി ധർമ്മികത മാറി. വ്യഭിചാരം, മദ്യപാനം, ലഹരി, ചൂതാട്ടം, കളവ്‌ പറയൽ, സ്വവർഗരതി, പോൺ ആസ്വാദനം, ഭ്രൂണഹത്യ, ആത്മഹത്യ എന്നിങ്ങനെ ഒട്ടനവധി തിന്മകൾ ഇത്‌ മുഖേന സമൂഹത്തിൽ വ്യാപകമായി പ്രചരിച്ചു തുടങ്ങി. ലോകത്ത്‌ എക്കാലത്തും മതധർമ്മിക പഠനം സ്കൂൾ പാഠ്യപദ്ധയിൽ ഒരു നിലയ്ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു, എന്നാൽ ഫ്രഞ്ച്‌ വിപ്ലവത്തിന്‌ ശേഷം ആദ്യമായി 1882ൽ ഫ്രാൻസിലെ പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രിയായിരുന്ന ജൂൾസ്‌ ഫെറി പൊതുവിദ്യാഭ്യാസത്തിൽ നിന്ന് മതത്തെ ഒഴിവാക്കികൊണ്ട്‌ വിജ്ഞാപനം പുറത്തിറക്കുകയുണ്ടായി.(14) ഇത്‌ മറ്റു രാജ്യങ്ങളിലേക്കും പടരുന്ന സന്ദർഭത്തിൽ ബ്രിട്ടീഷ്‌ എഴുത്തുകാരനും വൈദികനുമായ സി.എസ്‌ ലെവിസ്‌ ലോകത്തോട്‌ ഒരു കഥ പറയുന്നുണ്ട്‌, അതിങ്ങനെയായിരുന്നു;

ഒരിക്കൽ ഒരു രാജ്യത്തെ വിദ്യാഭ്യാസ വകുപ്പും, വിദ്യാഭ്യാസ വിചക്ഷണന്മാരും എല്ലാം ചേർന്ന് ഒരു തീരുമാനെടുത്തു. കണക്ക്‌ എന്ന വിഷയത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കുക. കണക്ക്‌ അധ്യാപകർ ഒഴികെയുള്ള ആ രാജ്യത്തെ വലിയൊരു വിഭാഗവും തീരുമാനത്തെ സ്വാഗതം ചെയ്തു. വിദ്യാർത്ഥികൾ ഹർഷാരവങ്ങൾ മുഴക്കിആഘോഷിച്ചു. എന്തിന്‌ വേണ്ടി പഠിക്കുന്നു എന്ന് പോലും അറിയാതെ ഉറക്കത്തിൽ പോലും ഉരുവിട്ടിരുന്ന സമവാക്യങ്ങളുടെ വേദനിക്കുന്ന ഓർമ്മകൾ അയവിറക്കിക്കൊണ്ട്‌ പൊതുജനം തീരുമാനത്തോട്‌ സമരസപ്പെട്ടു. ഒരു വ്യാഴവട്ടക്കാലം രാജ്യം സന്തോഷത്തിൽ മുന്നോട്ട്‌ നീങ്ങി. എന്നാൽ പിന്നീടാണ്‌ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്‌. ടിക്കറ്റ്‌ കൗണ്ടറുകളിൽ ഒന്നും ശരിയായ തുകയല്ല കൈമാറ്റം ചെയ്യപ്പെടുന്നത്‌. കച്ചവടക്കാരും ഉപഭോക്താക്കളും തമ്മിൽ തെറ്റായ സംഖ്യയുടെ പേരിൽ വാക്കേറ്റം പതിവായി. എല്ലാവരിലും പ്രത്യേകിച്ച്‌ യുവതലമുറയിൽ പണം കൈകാര്യം ചെയ്യുന്നിടത്ത്‌ വല്ലാത്ത അമ്പരപ്പും സമ്മർദ്ദവും ഏറിവന്നു. പൊതുഖജനാവിലേക്ക്‌‌ അടക്കേണ്ട നികുതിയിനത്തിലും വല്ലാത്ത താളപ്പിഴകൾ കണ്ടുതുടങ്ങി. ജനങ്ങൾ ഇവ്വിധം അബദ്ധങ്ങളുമായി മുന്നോട്ട്‌ നീങ്ങിയത് മൂലം‌ നികുതി സമ്പ്രദായം ഒന്നടങ്കം നിലയ്ക്കാനിടയായി. ഉടനെ രാജ്യത്തെ ഭരണാധികാരികൾ യോഗം ചേർന്ന് കണക്ക്‌ വിഷയത്തെ വിദ്യാഭ്യാസത്തിൽ നിന്ന് ഒഴിവാക്കിയ തീരുമാനം ഗൗരവതരമായി പുനപരിശോധിക്കുകയും, കണക്കിനെ യുദ്ധകാലടിസ്ഥാനത്തിൽ തിരികെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.(15)

ഈ കഥ ഒരു വലിയ മുന്നറിയിപ്പായിരുന്നു. ഇന്ന് നാം അനുഭവിക്കുന്നതും ഇത്‌ തന്നെയാണ്‌. മതങ്ങൾ പറയുന്നതും ഇസ്‌ലാം കൃത്യമായി വരച്ചുകാട്ടുന്നതും വസ്തുനിഷ്ഠമായ (objective) ധാർമികതയെയാണ്‌. എന്താണ്‌ നന്മയെന്നും എന്താണ്‌ തിന്മയെന്നും പ്രവാചകന്മാർ മുഖേന നേരത്തെ അല്ലാഹു നമ്മെ അറിയിച്ചിട്ടുള്ളതിനാൽ നന്മ എന്താണ്‌ എന്നവിഷയത്തിൽ ആരും തന്നെ മനസാക്ഷിയോട്‌ ചോദിക്കേണ്ട ആവശ്യമുദിക്കുന്നില്ല. നമുക്ക്‌‌ വേണമെങ്കിൽ നന്മ തിരഞ്ഞെടുത്തുകൊണ്ട്‌ ഒരു ധർമ്മം ചെയ്യാം അല്ലെങ്കിൽ തിന്മ തിരഞ്ഞെടുത്തുകൊണ്ട്‌ അധർമ്മം ചെയ്യാം. ആപേക്ഷിക ധാർമ്മികതയിൽ വിശ്വസിക്കുന്നവരാകട്ടെ, അവർ നന്മയാണെന്ന് സ്വയം ധരിച്ചും മറ്റുള്ളവരെ ധരിപ്പിച്ചു കൊണ്ടുമാണ് ‌തിന്മ തിരഞ്ഞെടുത്ത്‌ അത്‌ സമൂഹത്തിന്‌ മുന്നിൽ ആസ്വദിച്ച്‌ ചെയ്യുന്നത്‌. ഇത്തരം സന്ദർഭങ്ങളിൽ രണ്ടു കാര്യങ്ങൾ ഒരാളിൽ ഉണ്ടായിരുന്നാൽ മാത്രമേ നന്മയുടെ മാർഗ്ഗത്തിൽ നിലകൊള്ളാൻ സാധിക്കൂ. ഒന്ന്, നന്മ-തിന്മകളെ കുറിച്ച്‌ പ്രവാചകന്മാർ പഠിപ്പിച്ച അറിവ്‌ (knowledge). രണ്ട്, എളുപ്പമുള്ള തിന്മ വെടിഞ്ഞ്‌ പ്രയാസമുള്ള നന്മ ചെയ്യുവാനുള്ള മനക്കരുത്ത്‌ (fortitude). ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയിൽ ജിഹാദ്‌ എന്നാണ് ഇതിന്‌‌ പറയുക. ഈ അറിവും മനക്കരുത്തും മക്കളിൽ വളർത്തിയെടുക്കാനായാൽ മാത്രമേ മറ്റു സൽഗുണങ്ങൾ പൂർണ്ണാർത്ഥത്തിൽ ജീവിതത്തിൽ പ്രയോജനപ്പെടുകയുള്ളൂ.

കുറിപ്പുകൾ

1. Arnold J Tonybee, A study of history, volume iv, Oxford University Press London (1951): 115
2. പ്ലാറ്റോ, പൗരവിദ്യാഭ്യാസം, വിദ്യാഭ്യാസ ചിന്തകൾ edited by ഡോ. അസീസ്‌, Olive books, Calicut (2013): 29
3. Alexis de Tocqueville, Democracy in America, Translated by Henry Reeve, New York (1841)
4. Baron De Montesquieu, The Spirit of Laws, Revised Edition, Vol I, The Colonial Press (1899)
5. അബൂദാവൂദ്‌
6. തുർമുദി
7. ഖുർആൻ 68:4
8. അബൂദാവൂദ്
9.ബുഖാരി
10. Kevin Ryan & Karen E Bohlin, Building Character in Schools, Jossey-Bass (1999):5
11. ibid 70
12. ibid 7
13. ibid 36
14. www.gouvernement.fr/en/secularism-and-religious-freedom
15. Kevin & Karen, Building Character in Schools, 89

print

1 Comment

  • 👍👍👍👍

    Ashik 11.11.2022

Leave a comment

Your email address will not be published.